തര്‍ജ്ജനി

അനുഭവം

കൂട്ടുകൃഷി

നിരപ്പായ മണ്ണില്‍ ഏകദേശം 50 അടി നീളത്തിലും 25 അടി വീതിയിലും ദീര്‍ഘചതുരാകൃതിയില്‍ ഒരു കൃഷിക്കളം. കളത്തിന്റെ എതിര്‍ദ്ദിശകളിലായി തടിയില്‍പ്പണിത ഉയരം കുറഞ്ഞ ലെവലുകള്‍. മധ്യത്തിലും അതുപോലൊന്നു്. ഒരു വാഴത്തൈ. തുളസിത്തറ. മേലെ പന്തലിട്ടതുപോലെ മുപ്പതോളം റേലൈറ്റുകള്‍ തൂക്കിയിട്ടിരിക്കുന്നു. കൃഷിക്കളത്തിന്റെ നാലുപുറവും തറയില്‍ ചമ്രം പടിഞ്ഞ് വീര്‍പ്പടക്കിയിരിക്കുന്ന ഗ്രാമീണര്‍. എന്താണിവിടെ സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷയാണ് അവരുടെ മുഖത്ത്. മങ്ങിയ വെളിച്ചം പതുക്കെ പൂര്‍ണ്ണമായും അണഞ്ഞു. ഇരുട്ട്. നിശ്ശബ്ദത. ആ അന്തരീക്ഷത്തില്‍ ശ്രവണമധുരമായ ഒരവതരണഗാനം (എം. ഗോവിന്ദന്റെ കവിത‌‌) ഒഴുകിയെത്തുകയായി.

“മര്‍ത്ത്യനെ അവന്റേതാം മാര്‍ഗ്ഗത്തില്‍ ചേര്‍ക്കാനായി
പുത്തനാമൊരു പള്ളി തീര്‍ക്കാമോ പൊന്നാനിയില്‍?
പാറമേലല്ല, പൊള്ളുമാ മണല്‍ക്കാട്ടിലല്ല
മാളികപ്പുറത്തല്ല മാനവഹൃദയത്തില്‍.
മതമല്ലല്ലോ മാണ്‍പുണ്മയും; മനുഷ്യന്റെ
ഹിതമേ, വിവേകമേ, നീ വിധികര്‍ത്താവിനി.
പൂജയും കൂദാശയും ഈമാനും പുതുക്കുക
പൂതജീവിതത്തിന്റെ പുത്തരിയങ്കം വെട്ടി...
...........................................................
ആരെനാം ഏല്‍പ്പിക്കുമീ കാര്യങ്ങള്‍? ഇടശ്ശേരി
ഗോവിന്ദന്‍‌ നായരില്ലേ ഈഴുവത്തിരുത്തിയില്‍?
സങ്കടഹര്‍ജിയായ് അല്ലാഹു ഹാജരായി-എന്നാലോ?
‘കൂട്ടായ്ക്കൃഷി ചെയ്തുകൂടേ ദുനിയാവില്‍!‘
എങ്കിലങ്ങനെത്തന്നെ, അത്തീര്‍പ്പിനപ്പീലുണ്ടോ?
ഞങ്ങളേവരും ഏകലോകക്കാര്‍, പൊന്നാനിക്കാര്‍!“

ഗാനം അവസാനിക്കുന്നതോടൊപ്പം കൃഷിക്കളത്തിന്റെ ഒരുഭാഗത്ത് വെളിച്ചം വീഴുന്നു. അത് ശ്രീധരന്‍ നായരുടെ വീടായി മാറിയിരിക്കുന്നു ഇപ്പോള്‍.

1997 മാര്‍ച്ചില്‍ ഇടശ്ശേരിയുടെ നവതിയാഘോഷത്തോടനുബന്ധിച്ച് പൊന്നാനി നാടകവേദി അവതരിപ്പിച്ച കൂട്ടുകൃഷിയുടെ തുടക്കം ഇങ്ങനെയായിരുന്നു. നാടകപാഠത്തിലും രംഗപാഠത്തിലും നടത്തിയ ആ ധീരമായ പൊളിച്ചെഴുത്തിനെ പ്രേക്ഷകസമൂഹം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങള്‍ക്ക് ആ അംഗീകാരം വലിയ ആത്മവിശ്വാസം നല്‍കി. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ആ വിജയത്തിന്റെ ചരിത്രപശ്ചാത്തലം കൂടുതല്‍ വ്യക്തമാകുന്നു.

പഴയ മലബാറില്‍ നാടകം ഒരു ജനകീയ പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭസമരങ്ങളാകട്ടെ, ഒരു നാടകത്തിന്റെ അവതരണപ്പൊലിമയുള്ളതും. ഇപ്രകാരം നാടകത്തെ ഒരു രാഷ്ട്രീയ പ്രയോഗമായും രാഷ്ട്രീയത്തെ ഒരു സര്‍ഗ്ഗാത്മകപ്രവര്‍ത്തനമായും സ്വീകരിച്ചു എന്നതാണ് മലബാറിലെ ജനകീയനാടകപ്രസ്ഥാനത്തിന്റെ അനന്യത. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, നമ്മളൊന്ന്, പാട്ടബാക്കി, കൂട്ടുകൃഷി എന്നിവ ഇതിനു ചരിത്രസാക്ഷ്യങ്ങളാണ്. ഇടക്കാലത്തു മുറിഞ്ഞു പോയ ഈ പാരമ്പര്യത്തെ തിരിച്ചു പിടിക്കാനും പുതുക്കിയെടുക്കാനുമുള്ള ഒരുദ്യമമായിരുന്നു ഞങ്ങളുടെ കൂട്ടുകൃഷി.

കൃഷി എന്ന പ്രാഥമിക ഉത്പാദനമേഖല മുരടിക്കുകയും മതമൌലിക-വര്‍ഗ്ഗീയവാദങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്ന കേരളീയ ചുറ്റുപാടില്‍ കൂട്ടുകൃഷി ഉന്നയിക്കുന്ന പ്രമേയം സ്വമേധയാ പ്രസക്തമാണ്. എങ്കിലും പ്രത്യക്ഷമായ ഈ പ്രസക്തിയെക്കാള്‍ കൂട്ടുകൃഷിയെ സമകാലികമാക്കിയത് അത് അവതരിക്കപ്പെട്ട ചരിത്രസന്ദര്‍ഭത്തിന്റെ രാഷ്ട്രീയധ്വനികളാണെന്നു തോന്നുന്നു.

സ്വന്തം കാല്‍ക്കീഴിലെ മണ്ണില്‍ നിന്ന്, അതിന്റെ ദേശത്തനിമയില്‍ നിന്ന് ഒരു ജനതയെ അന്യവത്കരിക്കുന്ന പുതിയൊരാഗോള ജന്മിത്തത്തിന്റെ സാന്നിദ്ധ്യം. പ്രാദേശികവൈവിധ്യങ്ങളെയെല്ലാം തട്ടിനീക്കുന്ന കമ്പോളവല്‍ക്കരണം. ഒരു പുത്തന്‍ അധിനിവേശത്തെ ചെറുക്കുന്നതിന് പിറന്ന മണ്ണിനെയും അതിന്റെ ഊര്‍വ്വരതയേയും ആധാരമാക്കിയുള്ള ഒരു പ്രതിരോധസംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന ബോധ്യം അത്തരമൊരു പ്രതിരോധ സാംസ്കാരിക പ്രവര്‍ത്തനമായിരുന്നു ആ രംഗാവതരണം.

മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്ന മണ്ണ് എന്ന അടിസ്ഥാനമൂലകം കൊണ്ടാണ് നാടകം സംവിധാനം ചെയ്ത നരിപ്പറ്റ രാജു കൂട്ടുകൃഷിയെ നിര്‍ദ്ധാരണം ചെയ്തത്. മണ്ണ്‌, ദേശവും ചരിത്രവും ഭാഷയും സംസ്കാരവുമാണ്. മണ്ണുമായുള്ള ജൈവബന്ധമാണ് ഒരു പ്രാദേശികജനതയുടെ സംഘസ്വത്വത്തിന് നിദാനം. മണ്ണില്‍നിന്നകലുന്ന മനുഷ്യന്‍ ഒറ്റപ്പെട്ടവനും ദുര്‍ബ്ബലനുമാകുന്നു. (ചെരിപ്പിട്ടു നടക്കാന്‍ തുടങ്ങിയതോടെ തനിക്ക് മണ്ണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇടശ്ശേരി.) ജനതയെ ജാതിമതഭേദാതീതമായി ഒരുമിപ്പിക്കുവാനുള്ള മണ്ണിന്റെ ഉര്‍വ്വരശക്തിയെ തോറ്റിയുണര്‍ത്തലായിരുന്നു, കൂട്ടുകൃഷിയുടെ സാഫല്യം.

നാടകത്തിലുടനീളം മണ്ണിന്റെ ജൈവസാന്നിദ്ധ്യം അനുഭവപ്പെടുത്തി എന്നതാണ് അന്നത്തെ രംഗാവതരണത്തിന്റെ മുഖ്യസവിശേഷത. സുകുമാരനെ വിണ്ണില്‍ നിന്ന് മണ്ണിലേക്കും ബാപ്പുവിനെ അന്ധതയില്‍ നിന്ന് പ്രകാശത്തിലേക്കും നയിക്കുന്ന ആയിഷ, വാസ്തവത്തില്‍, മാനവികമായ ഒരു പുതിയ വിത്തിനെ ഗര്‍ഭാധാനം ചെയ്യാന്‍ ത്രസിക്കുന്ന കന്നി മണ്ണു തന്നെയാണ്. നവീനാശയങ്ങള്‍ക്കായുള്ള ശ്രീധരന്‍ നായരുടെ മുന്‍‌കൈകളേക്കാള്‍ അതിനു നിലമൊരുക്കുന്ന ആയിഷയുടെ ഉര്‍വ്വരശക്തിക്ക് നാടകത്തില്‍ പ്രാധാന്യം ലഭിച്ചതും അതുകൊണ്ടുതന്നെ. അമ്മ, പെങ്ങള്‍ എന്നീ ഭാവങ്ങളില്‍, ഇടശ്ശേരിക്കവിതകളില്‍ ഉജ്ജ്വലദീപ്തിയോടെ പ്രത്യക്ഷപ്പെടാറുള്ള ദ്രാവിഡമായ സ്ത്രൈണശക്തി ഈ ആയിഷക്കു കൈവന്നതും സ്വാഭാവികം. മണ്ണ് നായികയും നാട്യവേദിയുമാകുമ്പോള്‍ നാടകമെന്ന സര്‍ഗ്ഗവ്യാപാരം കൂട്ടുകൃഷിയായിത്തീരുന്നു.

പഴമയെ ദ്യോതിപ്പിക്കുന്ന ദേശകാലസൂചനകളൊഴിവാക്കിക്കൊണ്ട് നാടകത്തിന്റെ വര്‍ത്തമാനം മാത്രം സ്വീകരിക്കുകയും പാത്രസ്വഭാവങ്ങളില്‍ തൊണ്ണൂറുകളിലെ ജീവിതവ്യവഹാരം കണ്ടെത്തുകയും ചെയ്തുകൊണ്ടാണ് ഞങ്ങള്‍ കൂട്ടുകൃഷിയെ പുനഃസൃഷ്ടിച്ചത്. കൂട്ടുകൃഷിയിലുണ്ടായ സമൃദ്ധിയുടെ മധ്യത്തില്‍ നിന്നുകൊണ്ട്, പ്രേമബദ്ധരായ ആയിഷാസുകുമാരന്മാരെ നോക്കി, വൃദ്ധനായ അബൂബക്കര്‍ ‘പടച്ചോനെ, ഇനി ഇതിനെന്താ വഴി?’ എന്നു പ്രത്യാശാപൂര്‍വ്വം നെടുവീര്‍പ്പിട്ടുകൊണ്ടാണ് ഇടശ്ശേരിയുടെ നാടകം അവസാനിക്കുന്നത്. എന്നാല്‍ ഞങ്ങളെ നശിപ്പിക്കാന്‍ ഇനിയെന്തു വഴി എന്നുരുവിട്ടുകൊണ്ട് - അബൂബക്കറുടെ അതേ ആത്മഗതം വിപരീതാ‍ര്‍ത്ഥത്തില്‍ പ്രതിധ്വനിപ്പിച്ചുകൊണ്ട് - വേദിയുടെ എതിര്‍കോണില്‍ പോക്കരുടെ ക്ഷുദ്രസാന്നിദ്ധ്യം അറിയിച്ചുകൊണ്ടാണ് പുതിയ നാടകം ഒടുങ്ങിയത്.

പ്രൊസീനിയത്തിന്റെ ഛന്ദസ്സു തകര്‍ത്തുകൊണ്ട് നാടകത്തെ മണ്ണിലേക്ക്, ജനമദ്ധ്യത്തിലേക്ക് ഇറക്കിക്കൊണ്ടു വന്നു എന്നതും അന്നത്തെ അവതരണത്തിന്റെ സവിശേഷതയായിരുന്നു. പ്രേക്ഷകമധ്യത്തിലുള്ള വിസ്തൃതവും ദീര്‍ഘചതുരാകൃതിയിലുമുള്ളതുമായ ഒരു തുറസ്സായിരുന്നല്ലോ അരങ്ങ്. നാടകപാഠത്തിന് സംവിധായകന്‍ നല്‍കുന്ന വ്യാഖ്യാനം, രംഗവേദിയുടെ സാഹസികമായ ആ പൊളിച്ചെഴുത്തിനെ യുക്തിസഹമാക്കി. നാടകം പ്രേക്ഷകരുടെ നടുക്കാകുമ്പോള്‍ ലഭ്യമാകുന്ന വീക്ഷണവൈവിധ്യവും സംവേദനത്തിലെ ത്രിമാനാനുഭവവും കാണികളെക്കൂടി കൂട്ടുകൃഷിയില്‍ പങ്കാളികളാക്കി.

ഭൂതകാലത്തോടുള്ള ഗൃഹാതുരതയായിരുന്നില്ല, സമകാലയാഥാര്‍ത്ഥ്യത്തോടുള്ള സത്യസന്ധതയായിരുന്നു ആ രംഗാവിഷ്കാരത്തിന്റെ പ്രസക്തി. നാലുപതിറ്റാണ്ടു പഴക്കമുള്ള ഇടശ്ശേരിയുടെ ലിഖിതപാഠത്തില്‍ സ്വന്തം ദേശത്തെ വായിച്ചെടുക്കലായിരുന്നു അത്. ധാതുസമ്പുഷ്ടമായ മണ്ണിന്റെ ആഴത്തില്‍നിന്ന്‌ സമകാലത്തിനായുള്ള ഇന്ധനനിക്ഷേപം കണ്ടെത്തല്‍.

pp ramachandran

പി. പി. രാമചന്ദ്രന്‍
പുസ്തകം: കാണെക്കാണെ, രണ്ടായ് മുറിച്ചത്

Subscribe Tharjani |
Submitted by സുനില്‍ (not verified) on Mon, 2006-01-09 15:23.

ഞങളുടെ നാട്ടില്‍ കൊയ്ത്തുകഴിഞ പാടത്തായിരുന്നു കലാസമിതി/വായനശാലക്കലുടെ വാര്‍ഷികങള്‍. അതിന് ശേഷം നാടകവും. അതൊരു കാലം! ചെറുകാടും മറ്റും ജനഹൃദയം അറിഞെഴുതിയ എഴുത്തുകാര്‍! ഇന്ന്‌ ജനങള്‍ക്ക്‌ അല്ല ഹൃദയം വികാരങള്‍. ചതുരപ്പെട്ടികള്‍ വികാരപ്പെട്ടികളായി മാറുന്നു.

Submitted by ബെന്നി (not verified) on Sun, 2006-01-15 15:22.

എല്ലാവരും കൂടി പ്രൊസീനിയത്തിന്റെ ചന്ദസ്സു തകര്‍ത്ത് നാടകത്തെ തെരുവിലേക്കിറക്കിയപ്പോള്‍, സിനിമ മള്‍ട്ടിപ്ലക്സിലേക്ക് കയറിപ്പോയി, അല്ലേ രാമചന്ദ്രാ?

Submitted by Neelakandan (not verified) on Mon, 2006-01-23 00:05.

To add to it.. We the Malayalees had forgot a basic fact which we had studied in high school classes that is..We require soil for our air, water and food (at least). We think now ( as in an old story in which a brahmin boy was saying as Patthayam perum.. Chakki kutthum, Amma vakkum.. Jaanunnum ) that We can buy everything from market including human relations.. So why we go for the dirty job of Agriculture ...