തര്‍ജ്ജനി

അനുഭവം

പത്മഹൃദയം; ഒരു വേനല്‍

പത്മനെ ഇത്രമാത്രം ഉലച്ച ഒരു സംഭവം ഉണ്ടാകാനില്ല. അതിന്റെ വ്രണം ജീവിതത്തിന്റെ ഒരവസ്ഥയിലും ഉണങ്ങുകയുമില്ല. ഞാന്‍ കരുതിയില്ല, അവനില്‍ ഇത്ര വലിയൊരു പ്രശ്നം ഒളിഞ്ഞിരിപ്പുണ്ടെന്ന്. എന്നു കരുതി പത്മന്‍ ദുഃഖിച്ചാണ് ജീവിക്കുന്നതെന്നു പറയാനാവില്ല. കഠിനമായ ഒരു ദുഃഖമുണ്ടെങ്കിലും മാറാപ്പ് പോലെ അതും കെട്ടി എഴുന്നള്ളിച്ചല്ലല്ലോ നാം നടക്കുന്നത്. മാത്രവുമല്ല, ഒരു പാട് വലിയ ദുഃഖം താങ്ങുന്നവര്‍ വളരെ ജോളിയായി ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പത്മനും അങ്ങനെ തന്നെയാണ്.

ഇത്രമാത്രം സുഹൃത്തുകള്‍ ഉള്ള ഒരാളെ കണ്ടു കിട്ടുക അപൂര്‍വമാണ്. എല്ലാവര്‍ക്കും നല്ല കമ്പനിയാണ് പത്മന്‍. പത്മനും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു പറയുന്നവരുടെ ടീം തിരുവനന്തപുരത്ത് ഏറെയാണ്. പത്മന്റെ സാന്നിദ്ധ്യം അത്രമാത്രം ക്രിയാത്മകമാണ്. നല്ല ഒരു മൂഡിനെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു വാചകം പോലും അവന്റെ വായില്‍ നിന്നു വരില്ല. മറ്റാരുടെയെങ്കിലും വായില്‍ നിന്നു വന്നാലോ , അതിനെ മാറ്റി മറിച്ച് തികഞ്ഞ പോസിറ്റീവ് ആയി മാറ്റാനുള്ള മാന്ത്രിക വിദ്യയും പത്മന്റെ വശമുണ്ട്. ഒരു പാര്‍ട്ടിയുടെ ആനന്ദം ഒരു ഘട്ടത്തിലും ചോര്‍ന്നു പോകാതിരിക്കാനുള്ള സംഭാഷണപാടവം അവനുണ്ട്. എന്നാലോ തന്റെ സരസമായ സംഭാഷണം കൊണ്ട് ഏതു സദസ്സിന്റെ മേധാവിത്വം ഏറ്റെടുത്താലും പത്മന്റെ സംഭാഷണം ഒരു ശതമാനം പോലും അരോചകമാണെന്നു ഏതു ബോറനും തോന്നാറില്ല.

കുടുംബത്തിനും നല്ല നാഥനാണ്. അല്ലറചില്ലറ കമ്പനിയ്ക്കും ആഘോഷത്തിനും പോകുന്നതൊഴിച്ചാല്‍ വീട്ടിലും നല്ല ആളെന്നു ഭാര്യ പറയും. ഭര്‍ത്താക്കന്മാര്‍ അഹങ്കാരികളാകുമോ എന്ന സംശയത്തില്‍ സാധാരന ഭാര്യമാര്‍ അങ്ങനൊരു ക്രെഡിറ്റ് കൊടുക്കാത്തതാണ്. ഇങ്ങനെയെല്ലാമുള്ള നല്ലവനായ പത്മനാണ് വേദനയുടെ വലിയൊരു തീക്കുണ്ഠവുമായി നടക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അറിയില്ല. പറയാന്‍ പത്മനു താത്പര്യവുമുണ്ടായിട്ടില്ല. ഞാന്‍ തന്നെ അറിഞ്ഞത് യാദൃച്ഛികമായിട്ടാണ്. അത് സ്റ്റാച്യുവിനു താഴെയുള്ള കെ ടി ഡി സിയുടെ ബിയര്‍ പാര്‍ലറില്‍ വച്ചായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം കാണുകയാണ് ഞാന്‍ പത്മനെ. അങ്ങനെ കുറച്ചു നേരം സംസാരിക്കാനായി ഞ്ഞങ്ങള്‍ ഒരു മേശയ്ക്കു ഇരുപുറവും രണ്ടു കുപ്പി ബിയറിനെ സാക്ഷിയാക്കി ഇരിക്കുകയാണ്. എനിക്ക് പരിഭവമുണ്ടായിരുന്നു. പണ്ട് പഠിക്കുന്നകാലത്ത് പത്മന്റെ അടുത്ത സുഹൃത്ത് ഞാനായിരുന്നു. അക്കാര്യം പലപ്പോഴും അവന്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട്. അന്നതു പറയുമ്പോള്‍ ഞാന്‍ വലിയകാര്യമായി കരുതിയില്ല. പക്ഷേ ഇപ്പോള്‍ ... ജീവിതത്തിന്റെ പല അവസ്ഥകളിലൂടെ കടന്നു പോയി, പല അപ്രധാന വ്യക്തിത്വങ്ങളും നമ്മുടെ ജീവിതത്തെ സ്പര്‍ശിച്ചു കടന്നു പോകുമ്പോള്‍ നമുക്കു തോന്നുന്നു : ഇരുമ്പുറപ്പുള്ള ഒരു സൌഹൃദത്തിന്റെ കുറവ്. അപ്പോഴാണ് ഞാന്‍ പത്മനെ ഓര്‍ക്കാറുള്ളത്. എനിക്ക് കുറ്റബോധവുമുണ്ടായിരുന്നു. പണ്ട് എത്രയോ തവണ അവന്‍ എന്നെ വിളിച്ചിട്ടുണ്ട്. ഞാനന്ന് ജോലിയൊക്കെ കിട്ടി. അവന്‍ ജോലിയില്ലാതെ.. വലിയ തിരക്കുള്ള ആളെന്ന് ഒരു തോന്നല്‍ എനിക്കുണ്ടായോ? എന്തായാലും ഞാന്‍ അവനെ സീരിയസായി എടുത്തിരുന്നില്ല. വിളിച്ച് വിളിച്ച് അവനു മടുത്തു കാണും. മെല്ലെ അവന് എന്നെക്കാള്‍ നല്ല ജോലി കിട്ടി. ഇപ്പോഴും അവന്‍ ഒരു പാടു കൂട്ടുകാരെ അവന്‍ ദിനം പ്രതി നേടുന്നു. കാരണം അവന്റെ ആത്മാര്‍ത്ഥതയ്ക്കു തെല്ലും കുറവു വന്നിട്ടില്ല. ഞാനൊക്കെ എത്ര ആത്മാര്‍ഥതയില്ലാത്തവനാണ്. പക്ഷേ എന്നെപ്പോലെയുള്ളവരാണ് കൂടുതലും. അതുകൊണ്ടാണ് വല്ലാത്ത ശൂന്യതയില്‍ പെട്ടുപോകുമ്പോള്‍ എല്ലാവരും നല്ല സുഹൃത്തുക്കളെ തേടുന്നത്. ഞാനും അങ്ങനെ തന്നെ. തിരുവനനന്തപുരവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴും പത്മനെക്കുറിച്ച് പലരും സൂചിപ്പിച്ചിരുന്നു. ആരും അവനെക്കുറിച്ച് മോശമായി സംസാരിച്ചു കേട്ടിട്ടില്ല. മാത്രമല്ല, തന്റെ അടുത്ത സുഹൃത്താണെന്ന് പലരും എന്നോടു തന്നെ അവകാശവാദം ഉന്നയിച്ചപ്പോള്‍ പത്മനെ കരുതി എനിക്ക് നിരാശയും വല്ലാത്ത അസൂയയും തോന്നി. പക്ഷേ എന്നിട്ടും അവനെ വിളിക്കാന്‍ എനിക്കു ലജ്ജയായിരുന്നു.

യാദൃച്ഛികമായാണ് ഞാന്‍ അന്ന് ഒരാവശ്യത്തിന് തിരുവനന്തപുരത്ത് വന്നത്. സ്റ്റാച്യു ജംക്ഷനില്‍ രമേശിന്റെ പുസ്തകകടയില്‍ ചില വാരികകള്‍ നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു ഞാന്‍. ഇടയ്ക്ക് തല ഉയര്‍ത്തിയപ്പോള്‍ എന്റെ വശത്ത് പത്മന്‍.

എന്റെ ഹൃദയം പടപടാ ഇടിച്ചു. ഒന്നാം ക്ലാസുമുതല്‍ പ്രീഡിഗ്രിവരെ ഒരേ ക്ലാസില്‍. പിന്നെ ക്ലാസ്സ് മുറിഞ്ഞ് വേറെവേറെയായെങ്കിലും എം. എ വരെ നീണ്ട സൌഹൃദം. അവനിന്ന് തിരുവനന്തപുരത്ത് ഒരു പ്രസ്ഥാനമാണ്. നന്മകൊണ്ട്, ഹൃദയവിശാലത കൊണ്ടുണ്ടാക്കിയ വീഴാത്ത ഗോപുരം. എന്റെ കോം‌പ്ലെക്സ് പ്രവര്‍ത്തിച്ചു. ഞാന്‍ കാണാത്ത മട്ടില്‍ അവനില്‍ നിന്നു പുറം തിരിഞ്ഞു നിന്നു. എന്തുമാത്രം ഇന്‍ഫീരിയരാണ് അവനുമായി തട്ടിച്ചു നോക്കുമ്പോള്‍ ഞാന്‍! എന്തെല്ലാം പ്രശ്നങ്ങളാണ് എനിക്ക് എന്ന് ഞാന്‍ കരുതി. നല്ല മനുഷ്യരുടെ മുന്നിലാണ് നമ്മുടെ എല്ലാ പരിമിതിയും വെളിവാകുന്നത്. ഇപ്പോള്‍ എനിക്കവന്റെ നന്മയെക്കുറിച്ച് കൂടുതല്‍ വിശ്വാസം വന്നു. സകല കുറ്റബോധത്തോടെ, ഭൂമിയില്‍ ആരുമല്ലാത്ത, വെറുമൊരു തൃണത്തിനു സമാനമായി ഞാന്‍ നിന്നു. പെട്ടെന്നാണ് അവന്‍ വന്ന് എന്റെ തോളില്‍ തട്ടിയത്. പിന്നീട് പരിസരബോധമില്ലാതെ അവനെന്നെ തെറി വിളിച്ചു. വയറിനു കുത്തി. മോന്തയ്ക്കു നുള്ളി. കെട്ടിപ്പിടിച്ചു. അപ്പോഴും എനിക്കു കോം‌പ്ലെക്സു തോന്നി. ഞാന്‍ ചുറ്റും നോക്കി. ആരെങ്കിലും കാണുന്നുണ്ടോ? മെല്ലെ ഞാന്‍ അവന്റെ പഴയ സുഹൃത്തായി. അങ്ങനെ ഞങ്ങളിതാ, ഈ ബിയര്‍ പാര്‍ലറില്‍ ഇരിക്കുന്നു.

കുറച്ചു നേരം അവനുമായി സംസാരിച്ചപ്പോള്‍ തന്നെ അറിയാതെ എനിക്കെന്റെ ആത്മവിശ്വാസം മടക്കി കിട്ടി. ആരെങ്കിലും കാണുന്നുണ്ടോ? പത്മനോട് എനിക്കു കൂടുതല്‍ ആരാധന തോന്നി. നൂറുതവണ വിളിച്ചു നാണം കെട്ടിട്ടും ഞാന്‍ തിരിച്ചു വിളിക്കാത്തതിനെ കുറിച്ച് അവന്‍ പരാതി പറഞ്ഞില്ല ; ഇപ്പോഴും. മനഃപൂര്‍വമാണത്. അവന്റെ വലിയ ശരീരത്തിലെ വലിയ മനസ്സിന്റെ അന്തസ്സിന്റെ ഭാഗമാണതെന്ന് എനിക്കു ബോധ്യം വന്നപ്പോള്‍ ഞാന്‍ കൂടുതല്‍ ഉന്മേഷവാനായി. ഞങ്ങള്‍ പഴയ കഥകള്‍ പലതും പറഞ്ഞു. സന്തോഷത്തിന്റെ പല ബിയറു കുപ്പികള്‍ പൊട്ടി. വീട്ടില്‍ വരാന്‍ എന്നെ അവന്‍ ക്ഷണിച്ചു. പത്തു കിലോമീറ്റര്‍ അപ്പുറം. പിന്നൊരിക്കലാകാമെന്നു ഞാന്‍ പറഞ്ഞു. വന്നിട്ടും കാര്യമില്ല ഭാര്യ പ്രസവിച്ച് നാട്ടിലാണ്. പുതിയതും മകന്‍ തന്നെ. അതുകൊണ്ടു നമുക്കിങ്ങനെ മിണ്ടിയും പറഞ്ഞും കുറേ, കുറേ നേരമിരിക്കാം. ഒരു തിരക്കുമില്ലാതെ... എനിക്കാണ് സത്യത്തില്‍ സന്തോഷമായത്.
മോന് പേരിടുന്ന കാര്യത്തെക്കുറിച്ച് അവന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞു : നീയവന് നിന്റെ പേരു തന്നെയിട്.. പത്മന്‍ എന്നു തന്നെ.
ശെ. അതു കണ്‍ഫ്യൂഷനാകില്ലേ?
എന്തു കണ്‍ഫ്യൂഷന്‍...? വീട്ടില്‍ വിളിക്കാന്‍ വേറൊരു പേരു കണ്ടു പിടിക്കണം. പത്മന്‍ പത്മകുമാര്‍ എന്നവന്‍ അറിയപ്പെടും. എടാ, പേര് ഇട്ടിരിക്കുന്നതിന് നല്ല എഫക്ടാണ്. എന്റെ ഒരു സുഹൃത്തുണ്ട്. അച്ഛന്റെ പേര് അനന്തപത്മനാഭന്‍. മകനും അയാള്‍ അനന്തനെന്നു പേരിട്ടു. അനന്തന്‍ അനന്തപത്മനാഭന്‍ എന്തൊരു എടുപ്പാണ് ആ പേരിന്.

അവന്‍ പെട്ടെന്നു വേറൊരു മൂഡിലായതു ഞാന്‍ ശ്രദ്ധിച്ചില്ല. ഗ്ലാസിലിരുന്ന ബിയര്‍ അവന്‍ എടുത്തങ്ങ് വായിലേയ്ക്കു കമഴ്ത്തി. അവനു മാത്രമായി വേറൊന്നു ഓര്‍ഡര്‍ ചെയ്തു.

ഞാന്‍ തുടര്‍ന്നു : എന്റെ ഭ്രാന്താണെന്നു കൂട്ടിയ്ക്കോ... മൂന്നു ആവര്‍ത്തനം വന്നാലും അടിപൊളിയാണ്. അനന്തനന്തന്‍ അനന്തപത്മനാഭന്‍. മൂന്ന്‍ അനന്തന്മാര്‍. ആ പേരു കേട്ടാല്‍ ദൈവം പോലും അവന്റെ മുന്നില്‍ എഴുന്നേറ്റു പോകും. ഭയങ്കര കോണ്‍ഫിഡന്‍സായിരിക്കും ചെറുക്കന്. കഷ്ടകാലവും ദുര്‍വിധിയും പോലും അവന്റെ പേരിന്റെ ഊറ്റത്തില്‍ അറച്ച് മാറിനില്‍ക്കും. ചെറിയാന്‍ ചെറിയാന്‍ എന്ന കവിയെ കേട്ടിട്ടില്ലേ. ഒരു തവണ ആപേരു കേട്ടാല്‍ മതി മറക്കില്ല.

ക്രിസ്ത്യാനികളില്‍ ചിലര്‍ ഇങ്ങനെ പേര് ആവര്‍ത്തിക്കുന്നത് അപൂര്‍വമല്ല. എങ്കിലും ഈ അനന്തന്‍ ചേര്‍ന്നതിന്റെ ഒരു ഗ്ലാമര്‍ ആ പേരുകള്‍ക്കു കാണില്ല. ഞാന്‍ എന്റെ ബിയര്‍ കണ്ണടച്ച് കുടിച്ചു. ചെറിയ ഫിറ്റായതിനാല്‍ കുടിച്ചിട്ടും തീരുന്നില്ല. കണ്ണടച്ച് കുടിച്ചു തീര്‍ത്തതു രണ്ടു മിനിട്ടു കൊണ്ട്. ശേഷം കണ്ണു തുറന്ന് ഞാന്‍ പത്മനെ നോക്കി. ഞാന്‍ ഞെട്ടിപ്പോയി. ശബ്ദമുണ്ടാക്കാതെ അവന്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. ഇടയ്ക്ക് കരച്ചിലടക്കുന്നു. പിന്നെയും വിങ്ങി വിങ്ങി പൊട്ടുന്നു. ഞാന്‍ സ്തംഭിച്ചു പോയി. പത്മന്‍ കരയുകയോ? ഇത്രയും വലിയ ശരീരവും മനസ്സുമുള്ള പത്മന്‍! ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സങ്കല്‍പ്പിച്ചിട്ടു കൂടിയില്ല. പത്മന്‍ കരയുകയോ!

ഞാന്‍ അത്ഭുതത്തില്‍ കുറേ നേരം പത്മനെയും നോക്കി ഇരുന്നു പോയി. പിന്നെ ചോദിച്ചു : പത്മാ എന്തായിത്? ഇത് നീ തന്നെയോ....

കുറച്ചു നേരം പത്മന്‍ തല കുമ്പിട്ടിരുന്നു. പിന്നെ മെല്ലെ വിങ്ങി. ഞങ്ങള്‍ ബില്ലു കൊടുത്ത് എഴുന്നേറ്റു. സെക്രട്ടറിയേറ്റിനു മുന്നിലുള്ള റോഡരികിലെ കമ്പിമേല്‍ ഇരുന്നു. ആദ്യം വന്നിരുന്നത് പത്മന്‍ തന്നെയായിരുന്നു. അവന്‍ പറഞ്ഞു : ഭാര്യയോടു പോലും പറഞ്ഞിട്ടില്ല, ഞാന്‍ ഇതുവരെ. പറയാന്‍ ആവില്ല. ആര്‍ക്കും സാന്ത്വനിപ്പിക്കാനാവില്ല. പിന്നെ എന്തിന്? നിനക്കറിയാം, ജോര്‍ജ്ജ് അനിയന്‍ ജോര്‍ജ്ജിനെ. നമ്മള്‍ ജോര്‍ജ്ജ് ജോര്‍ജ്ജ് അല്ലെങ്കില്‍ രണ്ടു ജോര്‍ജ്ജ് എന്നു വിളിക്കുമായിരുന്നു. പേരുകളുടെ ഇരട്ടിപ്പിന്റെ ഉശിരിനെക്കുറിച്ചു പറഞ്ഞപ്പോള്‍ നീ അതു മറന്നു. എന്റെ കൂടെ ബി. എ യ്ക്കു പഠിച്ച, എസ് എന്‍ കോളേജിലെ ബിഗ് ബോയ്സ് ഗാംഗിലെ ......
ഞാന്‍ ഓര്‍ക്കാത്തതു പോലെ നിന്നു. അവന്‍ പറഞ്ഞു :
നീയുമായിട്ട് ഒരിക്കല്‍ പ്രശ്നമുണ്ടായപ്പോള്‍ ഞാന്‍ കേറി ഇടപെട്ടത് ഓര്‍മ്മയുണ്ടോ? തല്ല് കൂടി ഞങ്ങള്‍ തമ്മില്‍. പിന്നെ വല്യ കൂട്ടായി. നീ മനഃപൂര്‍വം മറവി അഭിനയിക്കുകയാണ്. ആരും മറക്കില്ല അത്.
ഞാന്‍ കുറ്റബോധത്തോടെ തല കുനിച്ചു നിന്നു.
എന്തൊരു ആണായിരുന്നു അവന്‍. അന്ന് എന്റെ കൈയില്‍ നിന്ന് അടി കൊണ്ട് അവന്‍ ചതഞ്ഞു. അവന്‍ ഒരു അശുവായിരുന്നു. പക്ഷേ നാലുപേര്‍ ചേര്‍ന്നു പിടിച്ചു മാറ്റും വരെ അവന്‍ പച്ചുറുമ്പിനെ പോലെ എന്നെ പ്രതിരോധിച്ചു കൊണ്ടിരുന്നു. പക്ഷേ അവന്‍ അതോടെ എന്നെ സ്നേഹിക്കുകയായിരുന്നു ചെയ്തത്. പകയില്ലാത്ത ഒരുത്തന്‍. പിന്നീട് നമ്മള്‍ തമ്മില്‍ സ്വയം അകന്നപ്പോള്‍ അവനായിരുന്നു എനിക്കു കൂട്ട്. എവിടെയും....... അടിയ്ക്ക് അടി.... പ്രേമത്തിനു പ്രേമം.

കോളേജ് കഴിഞ്ഞപ്പോള്‍ എങ്ങനെയോ ആ ബന്ധവും മുറിഞ്ഞു. പിന്നെ കുറേ വര്‍ഷങ്ങള്‍..... നിനക്കറിയുമോ നമുക്കിപ്പോള്‍ വയസ്സ് 32 ആയി. കിതച്ചു തുടങ്ങുകയാണ് നമ്മളിനി. ഇനി ഓര്‍മ്മ വരും, എല്ലാ സൌഹൃദങ്ങളും വേദനകളുമൊക്കെ. അതു കൊണ്ടാണ് അളിയാ... നീ പഴയ എന്റെ ആത്മാര്‍ത്ഥതയുള്ള സുഹൃത്തായി മടങ്ങി വന്നത്. നിന്റെ സ്നേഹം, നിന്റെ വാക്കുകളില്‍ ഇന്ന് എനിക്ക് അനുഭവിക്കാനായി..... നിന്നില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന ആത്മാര്‍ത്ഥത...അതിന്റെ ഊഷ്മളത... ഇതു പോലെ സൌഹൃദങ്ങളെ കുറിച്ച് ഞാന്‍ ആലോചിച്ചു കൊണ്ടു നടന്ന സമയത്താണ് അത് നടന്നത്. ആ ഭയങ്കര സംഭവം.

ഞാന്‍ ഈ നഗരത്തിലെ വെള്ളയമ്പലം എന്ന സ്ഥലത്തു കൂടി നടക്കുകയായിരുന്നു. എന്നെ കുറിച്ചു ചിന്തിക്കുകയായിരുന്നു ഞാന്‍. എവിടെയോ പൊട്ടിയ വിത്ത്. കുഞ്ഞൊരു ചെടിയായി. പിന്നെയതിനെ വിധി പറിച്ച് ഇതാ ഈ നഗരത്തില്‍ നട്ടിരിക്കുകയാണ്. എല്ലാ മനുഷ്യരുടെയും അവസ്ഥ തന്നെ ഇത്. ഇതിനിടയില്‍ കണ്ട ആളുകള്‍, ഉറച്ച ബന്ധങ്ങള്‍, കാലാകാലങ്ങളിലെ സ്നേഹിതര്‍ ഒക്കെ എവിടെയോ പോയി.
ചിന്ത ഇവിടെ എത്തിയപ്പോള്‍ പെട്ടെന്നാണ് ഒരു വിളി കേട്ടത്.
ടാ ഭീമാ‍......
ശടേന്ന് ഞാന്‍ കോളേജ് കാലത്തെ ആ പഴയ ചെറുപ്പക്കാരനായി. എന്റെ ആ പഴയ ഇരട്ടപ്പേരു വിളിക്കുന്നതാര്? ഞാന്‍ പിന്തിരിഞ്ഞു നോക്കിയതും ഒരു ചെറുപ്പക്കാരന്‍ പിന്നിലൊരു ചെറുപ്പക്കാരിയുമായി വന്ന് ബൈക്ക് ചവിട്ടി നിര്‍ത്തുന്നതു കണ്ടു. ഒരു സെക്കന്റ്. ഒരു കാര്‍ വന്ന് പിന്നില്‍ തട്ടുന്നതാണ് പിന്നെ കണ്ടത്. അത് അവനായിരുന്നു. ജോര്‍ജ്ജ്. നമ്മുടെ ഇരട്ട ജോര്‍ജ്ജ്. എന്നെ കണ്ടതിന്റെ അമിതാവേശത്തില്‍ അത്യധികമായ ആഹ്ലാദത്തോടെ പരിസരം മറന്ന് അവന്‍ നടുറോഡില്‍ ബൈക്ക് ചവുട്ടി നിര്‍ത്തിയതാണ്. ആ അവന്‍ ഇതാ ഒരു വശത്തേയ്ക്ക് മറിഞ്ഞു പോകുന്നു. തലയിടിച്ചു വീഴുന്നു. അവന്റെ ഭാര്യയും വീണെങ്കിലും ഒന്നും പറ്റിയില്ല. അവര്‍ പെട്ടെന്നെഴുന്നേറ്റു. ജോര്‍ജ്ജ് എഴുന്നേല്‍ക്കുന്നില്ല.

അയ്യോ എന്നു വിളിച്ച് ഞാന്‍ ഓടി ചെന്നു. അവന്‍ എന്തോ വിളിച്ചു കൊണ്ട് കൈ എടുത്തുയര്‍ത്തി. ഞാനാ കൈ താങ്ങി. അവന്‍ പറഞ്ഞത് വ്യക്തമായില്ല. കണ്ണുകള്‍ കുഴഞ്ഞു കുഴഞ്ഞു പോകുന്നു. പക്ഷേ മുഖത്തെ ആനന്ദം വ്യക്തമാണ്. പിന്നെ അവന്‍ ഒന്നും പറഞ്ഞില്ല. ബോധം പോയി. പെട്ടെന്നു വന്നു. അപ്പോഴും എന്തോ പറയാന്‍ ആഗ്രഹിച്ചു. വീണ്ടും ബോധം പോയി. അങ്ങനെ ബോധാബോധങ്ങള്‍. ബോധത്തില്‍ എപ്പോഴും അവന്‍ ചിരിച്ചു കൊണ്ട് എന്നോട് എന്തോ പറയാനാണ് ആഞ്ഞത്. അന്നു വൈകിട്ട് തലയ്ക്ക് ഒരു ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞു.

പത്മന്‍ സ്വന്തം കൈ മുഖം താങ്ങി പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. ഓപ്പറേഷന് അവന്‍ കാത്തു നിന്നില്ല. പഴയ വിശേഷങ്ങളൊന്നും എനിക്കു പറയാനുമായില്ല. തലയ്ക്കകത്തെ മുറിവ് ഉണങ്ങിയില്ല. മൂക്കില്‍ നിന്നു മെല്ലെ രക്തം വന്നു. ചെവിയില്‍ നിന്നും. അവന്‍ മരിച്ചു. ആശുപത്രിയില്‍ വച്ച് കണ്ണടഞ്ഞതില്‍ പിന്നെ ഞാന്‍ അവനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. അവന്റെ കുടുംബത്തെ പോയി കണ്ടില്ല. തിരുവനന്തപുരത്ത് എവിടെയോ ആണെന്നറിയാം. ഞാന്‍ ചെന്നൊന്നു കാണേണ്ടതായിരുന്നു. ഒന്നുമില്ലെങ്കിലും ആ സ്ത്രീയെ.അവന്റെ ഭാര്യയെ. പക്ഷേ എനിക്കവരെ അഭിമുഖീകരിക്കാന്‍ വയ്യ. ഞാന്‍ പോയില്ല. പക്ഷേ ഞാന്‍ മറക്കുന്നില്ല. ഓരോ നിമിഷവും ഈ നഗരത്തില്‍ ഞാന്‍ ഉരുകി തീരുകയാണ്‌. കാരണം ഏതെങ്കിലും ഒരു മുഹൂര്‍ത്തത്തില്‍ അവന്റെ ഭാര്യ എന്റെ കണ്മുന്നില്‍ വന്നു പെടുമെന്ന് ഓരോ നിമിഷവും ഞാന്‍ ഭയക്കുന്നു. പല സ്ത്രീകളെയും കണ്ട് എനിക്ക് അത് അവരാണെന്നു തോന്നിയിട്ടുണ്ട്. രണ്ടു ദിവസമേ ഞാന്‍ അവരെ കണ്ടിട്ടുള്ളൂ. അതിനാല്‍ നല്ല ഓര്‍മ്മ നില്‍ക്കുന്നില്ല. അങ്ങനെ മറ്റേതോ സ്ത്രീകളെ കണ്ട്, അവരാണെന്നു തോന്നി ഉള്‍ക്കിടിലം കൊണ്ട് ഞാന്‍ ബൈക്ക് വന്ന വഴിയേ തിരിച്ചു വിട്ടിട്ടുണ്ട്. പിന്നിലിരുന്ന എന്റെ ഭാര്യ അന്തം വിട്ടിട്ടുണ്ട്. എന്തെല്ലാമോ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നീ.... നീയൊന്നും ചെയ്തില്ലല്ലോ.. പിന്നെന്തിന്..?
ഞാന്‍ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.
പത്മന്‍, അവന്‍ എന്റെ കൈയില്‍ പിടിച്ചു. പിന്നെ മെല്ലെ പറഞ്ഞു : നീ ഈ നഗരത്തിലേയ്ക്ക് തിരിച്ചു വരണം. എനിക്കു വേണ്ടി. ഒരു ട്രാന്‍സ്ഫര്‍ തരപ്പെടുത്തുമോ. ഇവിടെ സത്യത്തില്‍ എനിക്കാരുമില്ലെടാ... സത്യമായ ഒരു സൌഹൃദവുമില്ലെടാ... എല്ലാം വെറും.. ഞാന്‍ എന്നെ തന്നെ ഒന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന, മറക്കാന്‍ ശ്രമിക്കുന്ന വെറും നാടകങ്ങള്‍.

ഞാന്‍ ഒന്നും പറഞ്ഞില്ല. എന്താ ജീവിതമിങ്ങനെ വരണ്ടു വരണ്ടു മാത്രം പോകുന്നതെന്നായിരുന്നു ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത്.

Indugopan

ജി ആര്‍ ഇന്ദുഗോപന്‍
പുസ്തകം: മണല്‍ജീവികള്‍, കൊടിയടയാളം, ഭൂമിശ്മശാനം
മുതലലായനി - 100% മുതല, ഐസ്-196°C
വിലാസം: സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, തിരുവനന്തപുരം
ഫോണ്‍: 9447676089

Subscribe Tharjani |
Submitted by Sunil Krishnan (not verified) on Wed, 2006-01-11 14:15.

വായിച്ചുകഴിഞ്ഞ്‌ കഫേയിലെ കസേരയിലേക്ക്‌ ഞാന്‍ മലര്‍ന്നുപുതഞ്ഞിരുന്നു. കൈകളെടുത്ത്‌ വിരലുകള്‍തമ്മില്‍ പിണച്ച്‌ തലയ്ക്ക്‌ താങ്ങായി പിടിച്ചു. ഭാരം... വല്ലാത്ത ഭാരം.... അനങ്ങുവാന്‍ വയ്യ. കണ്ണടച്ചുപിടിച്ചു. ശൂന്യതയില്‍ നിന്ന് ഒരു ബലൂണ്‍ ഉയര്‍ന്നുയര്‍ന്ന് എന്റെ മുഖത്തിനു നേരെ വരുന്നു. എന്നിട്ടും അനങ്ങുവാന്‍ വയ്യ. ഏതോ വലിയ ഒരു കോണ്‍ക്രീറ്റ്‌ തൂണിന്റെ അടിയിലാണ്‌ ഞാന്‍. ഭാരം ..ഭാരം.... അനങ്ങുവാന്‍ വയ്യ..

Submitted by Sunil (not verified) on Sat, 2006-01-14 16:05.

nallathaayiTTunT~