തര്‍ജ്ജനി

വര്‍ത്തമാനം

ഡി. സരസ്വതി: എഴുത്തും സമരവും

ശക്തമായ കവിതകളിലൂടെയും ആത്മകഥാംശം നിറഞ്ഞ നോവലിലൂടെയും തന്റെ ദളിത് വ്യക്തിത്വം ഉപയോഗിക്കാതെ തന്നെ കന്നട സാഹിത്യലോകത്തെ ഒരു പ്രധാനപ്പെട്ട എഴുത്തുകാരിയായി മാറിയിരിക്കുന്നു ഡി. സരസ്വതി. ബാംഗ്ലൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ‘പൌരകര്‍മ്മികരുടെ’ അവകാശങ്ങള്‍ക്കായി അവരോടൊപ്പം പോരാടുമ്പോഴും നാടകവും സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളും സരസ്വതിയുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. സരസ്വതിയുമായുള്ള അഭിമുഖത്തില്‍ നിന്ന്:

ചോദ്യം: എങ്ങിനെയാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്?

സരസ്വതി: പതിനെട്ടു വയസ്സു മുതല്‍ പലതരത്തില്‍ ഞാന്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ഭാഗമാണ്. എന്റെ ജീവിതം നൃത്തവും നാടകവും സംഗീതവുമായി ബന്ധപ്പെട്ടതായിരുന്നു. ആദ്യമായി ഞാനൊരു ഫെമിനിസ്റ്റ് മീറ്റിംഗില്‍ പോയപ്പോള്‍ അവരൊരു തെരുവുനാടകം പരിശീലിക്കുകയായിരുന്നു എന്നതെന്നെ വളരെ ആകര്‍ഷിച്ചു. പല രാഷ്ട്രീയപ്രവര്‍ത്തനങ്ങളും ജനങ്ങളെ ആകര്‍ഷിച്ചത് സിദ്ധാന്തങ്ങളിലൂടെയോ പുസ്തകങ്ങളിലൂടെയോ ആയിരുന്നില്ല, നാടകങ്ങളിലൂടെയായിരുന്നു.

ആദ്യം ഞാന്‍ ‘വിമോചന’യുടെ പ്രവര്‍ത്തകയായിരുന്നു. വലിയ ഫണ്ടുകള്‍ വാങ്ങുന്ന പ്രവര്‍ത്തനരീതിയോട് മാനസികമായി എനിക്ക് പൊരുത്തപ്പെടാനാവുമായിരുന്നില്ല. പതുക്കെ ഞാന്‍, ‘മാനസ’ എന്ന സ്ത്രീകളുടെ കൂട്ടായ്മയിലേക്കു വന്നു. 1985 മുതല്‍ ‘മാനസ’ അതേ പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. തീര്‍ത്തും സ്വയം ഭരണാവകാശമുള്ള ഒരു പതിനഞ്ചംഗ കമ്മറ്റിയാണ് ‘മാനസ’യുടേത്. ചിലവു കുറഞ്ഞ അച്ചടിയിലൂടെയാണെങ്കിലും ഞങ്ങളീ ഇരുപതു വര്‍ഷവും നിറങ്ങളും പരസ്യങ്ങളും നിറഞ്ഞ വനിതാമാസികകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കുന്നു.

ചോദ്യം: എങ്ങിനെയാണ് ദളിത്-തൊഴിലാളി പ്രസ്ഥാനങ്ങളില്‍ എത്തിപ്പെടുന്നത്?

സരസ്വതി: കര്‍ണ്ണാടകയില്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ ജാതിപ്രശ്നം ഗൌരവമായി കണ്ടിരുന്നു. ദളിത് സംഘടനകള്‍ ലിംഗാധിഷ്ഠിത പ്രശ്നങ്ങളും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സ്ത്രീ സംഘടനകള്‍ ജാതിപ്രശ്നം നേരിട്ടുന്നയിച്ചിരുന്നില്ല. ഞാന്‍ മാഡിഗ എന്ന അധഃകൃത വിഭാഗത്തില്‍പ്പെടുന്നു. ബാംഗ്ലൂര്‍ നഗരത്തിലെ തൂപ്പുതൊഴിലാളികള്‍ ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മാഡിഗ, ഒലയ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഇന്ത്യയിലെവിടെയും ശുചീകരണത്തൊഴിലാളികള്‍ ദളിതര്‍ തന്നെ. അതില്‍ എണ്‍പതു ശതമാനവും സ്ത്രീകളും. ജാതി ഒരു കടുത്ത യാഥാര്‍ത്ഥ്യമാണ്. നഗര ജീവിതവും ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂലം ഞാനത് അനുഭവിച്ചിട്ടില്ലെന്നേയുള്ളൂ. ഏതൊരു സാഹചര്യത്തിലും ജാതിയോ, വര്‍ഗ്ഗമോ, ലിംഗമോ, ലൈംഗികത്വമോ പ്രധാനമാകുന്നത് കാണാം. എനിക്ക് വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്. ഞാനനുഭവിച്ചുകൊണ്ടിരിക്കുന്ന സൌകര്യങ്ങള്‍ പോലും മറ്റാരുടെയൊക്കെയോ പരിശ്രമങ്ങളുടെ ഫലം മാത്രം. എന്റെ സംഭാവനകള്‍ ഞാന്‍ നല്‍കേണ്ടതുണ്ടെന്നു തോന്നി. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാനാഗ്രഹിച്ചു.

‘പൌരകര്‍മ്മി’കരുടെ ജീവിതം ബുദ്ധിമുട്ടും ദാരിദ്ര്യവും മൂടിയതായിരുന്നു. ആരും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ല. അടിസ്ഥാന സൌകര്യങ്ങളോ അവശ്യവേതനമോ ഇല്ലാതെ അവര്‍ ദിവസവും ആറു മണിക്കൂര്‍ മാലിന്യങ്ങള്‍ നീക്കിക്കൊണ്ടിരുന്നു. മുഖാവരണമോ, ഗം ബൂട്ടോ, കയ്യുറയോ, ഇല്ലാതെ. നിരക്ഷരത, അറിവില്ലായ്മ, ദാരിദ്ര്യം, പോഷകാഹാരക്കുറവു് ഇതെല്ലാം തൊഴിലാളികള്‍ക്കു മീതെ അടിച്ചേല്‍പ്പിക്കപ്പെടുന്നു. സിവില്‍ സമൂഹം അവരോട് കാണിക്കുന്ന കൊടും വഞ്ചന ആര്‍ക്കും വിഷയമല്ല. അറുപത് ലക്ഷം ജനങ്ങളുണ്ടാക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് അവരുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളമോ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുന്ന സംവിധാനങ്ങളോ ഇല്ല. അവരുടെ തൊഴിലാളി യൂണിയനെ ശക്തമാക്കാനായി ഞങ്ങള്‍ ഒരു സഹായസമിതിയുണ്ടാക്കി. പരിസ്ഥിതിപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്ത്രീ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ദളിത് പ്രവര്‍ത്തകര്‍ തുടങ്ങി നാനാ തുറകളില്‍ പെട്ടവര്‍ പങ്കാളികളായപ്പോള്‍ തൂപ്പു തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പുറം ലോകം ശ്രദ്ധിച്ചു തുടങ്ങി.

ചോദ്യം: സെക്സ് വര്‍ക്കിന് നിയമപ്രാബല്യം നല്‍കണോ വേണ്ടയോ എന്ന വാദം നടന്നു കൊണ്ടിരിക്കുന്നുണ്ടല്ലോ, പ്രത്യേകിച്ചും സ്ത്രീസമത്വവാദികള്‍ക്കിടയില്‍.

സരസ്വതി: എനിക്കതിനെക്കുറിച്ച് സംസാരിക്കുവാന്‍ കഴിയില്ല. അവരുടെ പ്രതിഷേധങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നുണ്ട്, ഞാന്‍. അതൊരു രീതിമാത്രം. സെക്സ് വര്‍ക്കര്‍മാര്‍ എന്തെങ്കിലും തീരുമാനിച്ചാല്‍ ഞാനവരെ ന്യായമായും പിന്തുണയ്ക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ മുഴുവന്‍ സദാചാര നിലപാടുകള്‍ക്കകത്തു നിന്നും കാണാന്‍ എനിക്കു താല്പര്യമില്ല. ആ തൊഴില്‍ നേരിടുന്ന കുറ്റവാളി സ്വഭാവം തീര്‍ത്തും ഇല്ലാതാക്കണം. സാമ്പത്തികവും സാമൂഹികവുമായ സാധ്യതകള്‍ നല്‍കുമ്പോഴും സെക്സ് വര്‍ക്കറായിരുന്നവരോട് കാണിക്കുന്ന അവജ്ഞ ഇല്ലാതാക്കണം. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തണം. ഇത്രയും കാര്യങ്ങള്‍ ലഭ്യമായാല്‍ പിന്നെന്തു വേണമെന്ന് അവര്‍ സ്വയം തീരുമാനിക്കും.

ചോദ്യം: ഒരു എഴുത്തുകാരിയെന്ന നിലയില്‍ സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്?

സരസ്വതി: എന്റെ എഴുത്തുകളൊന്നും പ്രചരണ സാഹിത്യമില്ല. എഴുത്തും പ്രവൃത്തിയും വ്യത്യസ്തങ്ങളായ ധ്രുവങ്ങളാണെനിക്ക്. സാമൂഹിക പ്രവര്‍ത്തനം എന്റെ എഴുത്തിനെ സമ്പന്നമാക്കുന്നുണ്ട്. എനിക്കത് അന്തര്‍ജ്ഞാനം നല്‍കുന്നു. ഒരു പ്രസ്ഥാനവും നമ്മുടെ വികാരങ്ങള്‍ മുഴുവന്‍ ഒഴുക്കാനുള്ള ഒരു തുറസ്സല്ല. ക്രിയാത്മക രചനകള്‍ എനിക്ക് അത്യന്താപേക്ഷിതമാണ്. അതെന്റെ വികാര-വിചാരങ്ങളെ എരിയ്ക്കാനുള്ള എണ്ണയാണ്. പാബ്ലോ നെരൂദയുടെ കവിതകള്‍ നോക്കൂ. മഹാശ്വേതാദേവിയുടെ കഥകള്‍ കാണൂ. വിലപിടിച്ച അനുഭവങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകയുടെ മുതല്‍ക്കൂട്ടാണ്.

ഏതൊരു എഴുത്തുകാരനും എഴുത്തുകാരിയും തന്റെ ചുറ്റും സംഭവിക്കുന്നവയെക്കുറിച്ച് ജാഗരൂഗരാണ്. ദസ്തയേവ്സ്കി ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രചനകള്‍ ഭാവിവിപ്ലവത്തെ സ്വാധീനിച്ചിരുന്നു.

ഗിരിജ

Subscribe Tharjani |