തര്‍ജ്ജനി

പുസ്തകം

കഥാനിരൂപണം കവിതയാകുമ്പോള്‍

(ഒരു കവിതയുടെ കണ്ണില്‍ കഥ പതിയുന്നു; ഒരേയൊരു കഥയിലൂടെ ഒരു കഥാകാരന്റെ സര്‍ഗ്ഗലോകം നിര്‍ണ്ണയിക്കപ്പെടുന്നു. അത്തരം പത്ത്‌ കാഥികരിലൂടെ അവരുടെ കാലം വിചാരണ നേരിടുന്നു)

സാഹിത്യനിരീക്ഷണത്തിന്റെ നടപ്പുരീതിപ്രകാരം ഈ അപഗ്രഥനക്രമം അശാസ്ത്രീയമാണെന്ന നിഗമനത്തില്‍ അതിവേഗം എത്താവുന്നതേയുള്ളൂ. എന്നാല്‍ കഥാനുഭൂതിയുടെ വിളവെടുപ്പില്‍ ആത്മനിഷ്ഠമായ സ്വാതന്ത്ര്യം ആവിഷ്കാരം പോലെ പ്രധാനമാണെന്ന്‌ വന്നിരിക്കുന്ന പുതിയ കാലത്ത്‌ രീതിശാസ്ത്രങ്ങളെയൊന്നും എഴുതിത്തള്ളാനാവില്ല. സാമൂഹ്യനിരൂപണത്തിന്റെ മാനദണ്ഡങ്ങളാണ്‌ പ്രയോഗിക്കുന്നതെങ്കില്‍, സ്വന്തം കാലത്തോട്‌ കയര്‍ത്തുനില്‍ക്കാന്‍ കഥകളില്‍ ചെന്ന്‌ കരുത്തുനേടുന്ന കവിമനസ്സിനെ പിന്തുണക്കാതെയും വയ്യ. ചുരുക്കത്തില്‍ സാഹിത്യവിമര്‍ശനം ശാസ്ത്രമല്ല, കലയാണെന്ന്‌ വിളിച്ചുപറയാന്‍ ഒരിക്കല്‍ കൂടി ഊര്‍ജ്ജം തരുന്നു ഈ പുസ്തകം.റെയിന്‍ബോ ബുക്ക്സ്‌ പ്രസിദ്ധീകരിച്ച ഈ കഥാനിരൂപണം കവിയും പത്രപ്രവര്‍ത്തകനുമായ എസ്‌. ശ്രീജിത്തിന്റേതാണ്‌. ശീര്‍ഷകം-കഥയിലെ ഹിരണ്മയ കാന്തി. പേര്‌ സൂചിപ്പിക്കുന്നതുപോലെ, ഗീതാഹിരണ്യന്റെ കഥകളെക്കുറിച്ചുള്ള ലേഖനമാണ്‌ പുസ്തകത്തിന്‌ മുഖം നല്‍കിയത്‌. മുഖകാന്തിയും ആന്തര ചൈതന്യവും പ്രദാനം ചെയ്യുന്നതില്‍ പക്ഷെ, പത്ത്‌ പഠനങ്ങളും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു.

കരളില്‍ കടന്നു കയറുന്ന ഏതൊരു കാഴ്ച്ചയും കവിതയാണ്‌. മഴയും നിലാവും മയിലും മാരിവില്ലും കാടും കടലും പൂവും പൂമ്പാറ്റയും കവിതയായി വിരിയുന്നതങ്ങനെയാണ്‌. കാമിനിയുടെ കണ്ണിലും ചിത്രകാരന്റെ വര്‍ണ്ണങ്ങളിലും കാഥികന്റെ കലയിലും കത്തിനില്‍ക്കുന്നത്‌ കവിത തന്നെ. ഏതൊരു കലാകാരനും അമരത്വം പ്രഖ്യാപിക്കുന്നത്‌ അയാളുടെ സൃഷ്ടിയുടെ ഏതെങ്കിലുമൊരു അണുവില്‍ കവിതയുടെ കൊടി നാട്ടുമ്പോഴാണ്‌. കവിതയോളം തീവ്രമായ ഏതാനും മുഹൂര്‍ത്തങ്ങളെങ്കിലും തങ്ങളുടെ രചനാജീവിതത്തില്‍ പണിതുവച്ചിട്ടുള്ള പത്ത്‌ കഥാകൃത്തുക്കളെയാണ്‌ ശ്രീജിത്ത്‌ ഇവിടെ ഒരുമിച്ച്‌ കോര്‍ത്തിരിക്കുന്നത്‌. പരാമൃഷ്ടകഥകളെന്നപോലെ, ലേഖകന്റെ ആസ്വാദനവും ഭാഷയിലും ഭാവത്തിലും കവിതയുടെ കാന്തി ആര്‍ജ്ജിച്ചിരിക്കുന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യം. കഥയുടെ കാമ്പുതേടിയുള്ള ധ്യാനയാത്രയില്‍ സകല കലകളുടേയും സത്തയായ കവിതയില്‍ ചെന്ന്‌ നിരൂപണവിദ്യയും വിലയം പ്രാപിക്കുന്ന ഒരു തരം "അദ്വൈത പരിണാമം" ഇവിടെ അനുഭവവേദ്യമാകുന്നു. കലാസ്വാദനം ശാസ്ത്രവും കലയുമല്ല, കവിതതന്നെയാകുന്നു എന്ന്‌ പറയേണ്ടിവരുന്ന സന്ദര്‍ഭം!

Rainbow Book Image

തപം ചെയ്ത്‌ നേടിയ വാക്കുകള്‍ സ്ഫുടം ചെയ്ത്‌ നിവേദിയ്ക്കുന്ന കവിയാണ്‌ മേതില്‍. ലക്ഷ്യത്തിലും ശില്‍പ്പത്തിലും കഥയും കവിതയും തമ്മില്‍ അഭേദം സ്ഥാപിച്ചെടുത്ത എഴുത്തുകാരന്‍! "ശൈലജയും ലാറസ്‌ പക്ഷികളും" എന്ന കഥയാകട്ടെ സ്ത്രീയും ഡമ്മിയും തമ്മില്‍ അഭേദം കല്‍പ്പിക്കുകവഴി സ്ഫോടനാത്മകമായ ഒരു കാവ്യബിംബം സമ്മാനിക്കുകയാണ്‌. "ചിഹ്നങ്ങളില്ലാത്ത സ്ത്രീശരീരം പറയുന്നത്‌" എന്ന ആദ്യലേഖനത്തില്‍ ഈ കഥയെക്കുറിച്ചുള്ള ശ്രീജിത്തിന്റെ പ്രധാന നിരീക്ഷണം ഇങ്ങനെ: "അചേതനത്വത്തോടുള്ള ആസക്തിയെ തീവ്രമാക്കുന്ന നാഗരിക വനിതകള്‍ ഡമ്മികളാകാന്‍ കൊതിയ്ക്കുന്നത്‌ ചരിത്രത്തിന്റെ ദൌര്‍ഭാഗ്യമാണ്‌ എന്ന്‌ ചിന്തിക്കാന്‍ കഥ പ്രേരിപ്പിക്കുന്നു" (പുറം-17) ഏതെങ്കിലും വിധത്തിലുള്ള തിരക്കില്‍പ്പെട്ട്‌ ഒരിക്കലെങ്കിലും കൂട്ടുപിരിഞ്ഞവര്‍ക്ക്‌ സമര്‍പ്പിക്കാവുന്നതാണ്‌ ഈ കഥയെന്നുള്ള ശുപാര്‍ശയും ശ്രദ്ധേയമായി തോന്നി.

പിന്നിട്ട ദശകത്തില്‍ മലയാളം ഏറ്റവുമധികം ചര്‍ച്ചക്കെടുത്ത കഥ തീര്‍ച്ചയായും എന്‍.എസ്‌ മാധവന്റെ "തിരുത്ത്‌" തന്നെയാണ്‌. ബൌദ്ധികജീവിതത്തിന്റെ അരമനയിലും ആല്‍ത്തറയിലും മാത്രമല്ല, ജനജീവിതത്തിന്റെ ഇടവഴികളിലും പോരിടങ്ങളിലും ഇടിച്ചുകയറി ഇടം നേടാന്‍ ആ കഥ നെഞ്ചൂക്കു നേടി. "ചരിത്രത്തിലെ ആറാം തിരുമുറിവ്‌ കഥയായപ്പോള്‍ 'തിരുത്ത്‌'ഉണ്ടായി" എന്ന ശ്രീജിത്തിന്റെ പ്രയോഗം ഘടനാപരമായും വസ്തുതാപരമായും മനോഹരമായിരിക്കുന്നു. "ആനന്ദിന്റെ നോവലുകളില്‍ മുഴച്ചുനില്‍ക്കുന്ന ഉപന്യാസപരതയില്‍ നിന്നും ആഖ്യാന തന്ത്രത്തെ മോചിപ്പിച്ച്‌ ഫിക്ഷന്റെ സൌന്ദര്യം നിലനിര്‍ത്തുന്നിടത്താണ്‌ മാധവന്റെ വിജയം" എന്ന വിധിയെഴുത്ത്‌ പക്ഷെ, സൌന്ദര്യാന്വേഷണത്തിന്റെ കാല്‍പനിക വിഭ്രമം മാത്രമാണെന്ന്‌ ആശ്വസിക്കാനേ സാധിക്കൂ. എങ്കിലും ചരിത്രവായനയ്ക്ക്‌ അനിവാര്യമായ അളവില്‍ രാഷ്ട്രീയ ദര്‍ശനം ഈ കഥാപഠനത്തില്‍ ലേഖകന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. മാത്രമല്ല പത്രഭാഷയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന "തിരുത്ത്‌" എന്ന കഥ നമ്മുടെ മാദ്ധ്യമസംസ്കാരത്തിന്റെ നെഞ്ചിലാണ്‌ തറയ്ക്കുന്നതെന്ന ബോധ്യം അങ്ങേയറ്റം സത്യസന്ധവും അത്രമേല്‍ ശക്തവുമാണ്‌.

ടി.വി. കൊച്ചുബാവ എന്ന അനുഗൃഹീത കഥാകൃത്ത്‌ ജീവിച്ചിരുന്ന കാലത്ത്‌ അദ്ദേഹത്തെ തെല്ലെങ്കിലും വിമര്‍ശിക്കാന്‍ പഴുത്‌കണ്ടെത്തിയത്‌ സ്ത്രീപക്ഷ നിരൂപണമായിരുന്നു. "അടുക്കള"പോലുള്ള തന്റെ കഥകള്‍ ഉയര്‍ത്തിക്കട്ടി വിമര്‍ശനങ്ങളെ തടുക്കാന്‍ പലവേദികളിലും ബാവ മുതിരുന്നതും കണ്ടിട്ടുണ്ട്‌. പുതിയ കാലത്ത്‌ നിശിതമായ ഫെമിനിസ്റ്റ്‌ വായനകള്‍ക്ക്‌ വിധേയമാകേണ്ട ഒരു കഥ, ദാര്‍ശനികമായ ഒരു മാനത്തില്‍ വിശകലനം ചെയ്യുകയാണ്‌ "ഒരു ഒറ്റിന്റെ നാനാര്‍ഥങ്ങള്‍" എന്ന ലേഖനം."ഗണന പത്രികയില്‍ പെടാത്തത്‌" എന്ന ബാവക്കഥയില്‍ "പ്രേമത്തിന്റെ ആധുനിക പരിപ്രേക്ഷ്യമാണ്‌ അനാവൃതമാകുന്നത്‌" എന്ന ലേഖകന്റെ നിരീക്ഷണം വിയോജനങ്ങളെ വിളിച്ചുവരുത്താന്‍ ഏറെ സാധ്യതയുണ്ട്‌. പ്രണയത്തെക്കുറിച്ചുള്ള വൈയ്യക്തികമായ വീക്ഷണങ്ങള്‍, നമ്മുടെ കാലം ആവശ്യപ്പെടുന്ന ചരിത്രപരമായ ബാധ്യതകളില്‍ നിന്നോടിപ്പോയിരിക്കാനുള്ള ഒളിയിടങ്ങളായിക്കൂടാ.

ആത്മസഖിയുടെ ഓര്‍മ്മ, ആത്മീയമായ ഒരനുഭൂതിയാക്കി അനുവാചകന്‌ സമര്‍പ്പിച്ച കഥയാണ്‌ മുണ്ടൂരിന്റെ "മൂന്നാമതൊരാള്‍". അറിഞ്ഞതില്‍നിന്ന്‌ അനശ്വരതയിലേക്ക്‌ വളരുന്നതാണ്‌ ആത്മസൌഹൃദങ്ങള്‍. അറിയാത്തതിന്റെ പൊരുള്‍തേടി അനന്തതയിലേക്കുള്ള പ്രയാണമാണ്‌ ഈശ്വരസാക്ഷാത്ക്കാരം. അതിസങ്കീര്‍ണ്ണമയ അടുക്കുകളും ആഴങ്ങളുമുള്ള ഈ വിഭിന്ന വീഥികള്‍ തമ്മിലുള്ള സംഘര്‍ഷാത്മകമായ സമ്മേളനം മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സാധിക്കുന്നത്‌ ദൈവീകമായ കരവിരുതോടെയാണ്‌. "സത്യാന്വേഷിയുടെ ആത്മഭാഷണങ്ങള്‍" എന്ന ലേഖനം ഈ കഥയുടെ ആത്മാവ്‌ കണ്ടെത്തിയ ആസ്വാദനയാത്രയാണ്‌. "ആത്മയാനങ്ങളിലൂടെ ആര്‍ജ്ജിക്കുന്ന അറിവിന്റെ വനസ്ഥലികളില്‍ സമാധി കൊള്ളുന്ന നക്ഷത്രഖചിതമായ ഒരു വ്രണിതാംബരത്തിന്റെ സുകൃതമാണ്‌ കഥ നല്‍കുന്ന ചാരിതാര്‍ഥ്യം" (പുറം-36) എന്ന സത്യപ്രസ്താവനക്ക്‌ ഒരു മന്ത്രധ്വനിയുടെ ഭക്തിയും തീവ്രതയുമുണ്ട്‌.

തന്നിഷ്ടം പോലെ പെരുമാറാനും മതിയെന്ന്‌ തോന്നുമ്പോള്‍ അവസാനിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ നിന്ന്‌ സ്വയം പതിച്ചെടുത്ത കഥകാരനായിരുന്നു വിക്ടര്‍ ലീനസ്‌. മലയാളത്തില്‍ ഇടപ്പിള്ളിയും രാജലക്ഷിമിയും ഉള്‍പ്പെടെ നന്നേ കുറച്ചുപേരേ ആ കുടുംബത്തിലുള്ളൂ. എന്നിട്ടും വിക്ടര്‍ ലീനസിന്റെ കഥകളെക്കുറിച്ച്‌ അര്‍ഹിക്കുന്ന ഗൌരവത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല എന്നതാണ്‌ വസ്തുത. അവസാന കഥയായ "വിട"യെ മുന്‍നിര്‍ത്തി ശ്രീജിത്ത്‌ നടത്തിയ ആലോചനയാണ്‌ "തൊണ്ടയില്‍ തടഞ്ഞ മുള്ള്‌" എന്ന ലേഖനത്തിലുള്ളത്‌. നളിനി ജമീലയുടെ ആത്മകഥയെക്കുറിച്ച്‌ മലയാളത്തിന്‌ ചിന്തിക്കാന്‍ കഴിയാത്ത കാലത്താണ്‌ വിക്ടര്‍ "വിട"യും സമാനമായ കുറേ കഥകളും എഴുതുന്നത്‌. "അധമ"മുദ്ര ചാര്‍ത്തപ്പെട്ട അരികുജീവിതങ്ങള്‍ക്ക്‌ തൊഴില്‍ പരമായ അവകാശങ്ങളും സംഘബലവുമല്ല വിക്ടര്‍ ആവശ്യപ്പെട്ടത്‌. മാനവീകമായ വിശുദ്ധിയും സാമൂഹ്യമായ ഉദാത്തതയുമാണ്‌, വിക്ടര്‍ ലീനസിന്റെ കഥകളെ പുതിയ ലോകത്തിന്റെ മുന്‍പില്‍ വിസ്മയകരമായ ഒരു വായനാനുഭവമാക്കി മാറ്റാനുള്ളശ്രീജിത്തിന്റെ ശ്രമം സമാനതയില്ലാത്ത സല്‍ക്കര്‍മ്മമാണ്‌.

"ഒരു പെണ്ണെഴുതിയ നല്ല കഥയാണ്‌, പെണ്ണുഴുത്തല്ല", ഒന്നിലേറെ മുനകളുള്ള ഈ പ്രസ്താവന അഷിതയുടെ "ചതുരംഗം" എന്ന കഥയെക്കുറിച്ചാണ്‌. അവരുടെ എല്ലാ കഥകള്‍ക്കും സാമാന്യേന ഈ മുഖക്കുറിപ്പ്‌ ചേരുകയും ചെയ്യും. പെണ്ണെഴുത്തിന്റെ സവിശേഷതകളെക്കുറിച്ചും അനിവാര്യതയെക്കുറിച്ചുമുള്ള ബഹളങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ തന്റേതുമാത്രമായ രചനാലോകത്ത്‌ സൌമ്യസഞ്ചാരം തുടരുകയാണവര്‍. അതുകൊണ്ടുതന്നെ അഷിതയുടെ കഥകളെ "പെണ്‍മയില്‍ നിന്നും ഉണ്‍മയിലേക്ക്‌" എന്ന്‌ ശ്രീജിത്ത്‌ അടയാളപ്പെടുത്തുമ്പോള്‍ എവിടെയൊക്കേയോ കരടുകള്‍ തടയുന്നു. "പെണ്‍മയുടെ ഉണ്‍മ"യിലേക്കല്ലാതെ പെണ്‍മയില്‍നിന്നും പുറത്തുകടക്കാനുള്ള തലയെടുപ്പ്‌ ആ കഥകള്‍ തെളിയിച്ചിട്ടുണ്ടോ?

"ഗന്ധം" ഒരു കഥാപാത്രമാണെന്ന്‌ സ്ഥാപിച്ചെടുത്ത എഴുത്തുകാരന്‍ ബഷീറാണ്‌. ജനനമരണങ്ങള്‍ക്കു മാത്രമല്ല, നന്മ-തിന്മകള്‍ക്കും ബഷീര്‍ കഥകളില്‍ മണമുണ്ട്‌. പുതിയ തലമുറയില്‍ മരണത്തിന്റേയും വിരഹത്തിന്റേയും ഗന്ധം തിരിച്ചറിയുന്ന മൂക്കുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ട കഥാകൃത്താണ്‌ വി.ആര്‍. സുധീഷ്‌. സുധീഷിന്റെ "നക്ഷത്രം കാണാത്തത്‌" എന്ന കഥയെ പരിശോധനാവിധേയമാക്കുന്ന ലേഖനമാണ്‌ "ജീവനില്‍ പരാഗസുഷുപ്തി കൊള്ളുന്ന കഥ". മരണത്തെ നിസ്സാരഭാവത്തില്‍ തള്ളിക്കളയാനിഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ വിഷാദമാണ്‌ ഈ കഥയെന്ന്‌ ലേഖകന്‍ കണ്ടെത്തുന്നു.

"ഇതാലോ കാല്‍വിനോ, തൃശ്ശൂര്‍ എക്സ്പ്രസ്സില്‍" എന്ന കഥയിലൂടെയാണ്‌ ഗീതാ ഹിരണ്യന്‍ ഇവിടെ വായിക്കപ്പെടുന്നത്‌. ഇറ്റാലിയന്‍ എഴുത്തുകാരനായ ഇതാലോ കാല്‍വിനോയുടെ "ദി അഡ്വെഞ്ചര്‍ ഓഫ്‌ എ സോള്‍ജ്യര്‍" എന്ന കഥയുടെ വീര്യത്തെ കേരളീയ പരിസരത്തില്‍ പ്രക്ഷേപിക്കുകയാണ്‌ ഗീത ഈ കഥയില്‍. സമീപകാല കഥയില്‍ ഏറെ പ്രശംസിക്കപ്പെട്ട സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ "കൊമാല" പോലുള്ള കഥകള്‍ പൂര്‍വ്വമാതൃകയില്‍ ഗീതയോടാണ്‌ കടപ്പെട്ടിരിക്കുന്നത്‌. തീവണ്ടിയാത്രയില്‍ ഉപദ്രവിക്കുന്ന പുരുഷനെ കനമുള്ള ഒരു നോട്ടം കൊണ്ട്‌ പാതിവഴിയില്‍ ഇറക്കിവിടാന്‍ കഴിയുന്ന സ്ത്രീ ശക്തിയാണ്‌ ഈ കഥയുടെ കാതല്‍. "ഈ കഥ നാം വായിക്കുകയല്ല, ശ്വസിക്കുകയാണ്‌" എന്നാണ്‌ ലേഖകന്റെ ഉത്തമബോധ്യം. നമ്മുടെ ബോധ്യവും മറ്റൊന്നല്ല.ബി.മുരളിയുടെ "പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും", ആഖ്യാനഭാഷയുടെ സംവേദനക്ഷമതയില്‍ മാതൃകയായി സ്വീകരിക്കാവുന്ന ഒരു കഥയാണ്‌. "റാഫേലിനെപ്പോലെ വരയ്ക്കാന്‍ കുട്ടിക്കാലം തൊട്ടേ എനിക്കു കഴിയുമായിരുന്നു. പക്ഷെ കുട്ടിയെപ്പോലെ വരയ്ക്കാനാണ്‌ ഒരു കാലത്തും കഴിയാത്തത്‌" എന്ന പിക്കാസോയുടെ വാക്കുകള്‍, ചിത്ര ഭാഷയ്ക്ക്‌ മാത്രമല്ല, എല്ലാ കലാമാധ്യമങ്ങള്‍ക്കും ബാധകമാണ്‌. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കുവേണ്ടിയും കുട്ടികള്‍ മുതിര്‍ന്നവര്‍ക്കു വേണ്ടിയും എഴുതേണ്ടിവരുമ്പോള്‍ അനുഭവിക്കുന്ന വെല്ലുവിളി ചെറുതല്ല! ഒരു പ്രേമഗാനത്തിന്റെ അനുപല്ലവിപോലെ മധുരമോഹനഭാഷയില്‍ മുരളിയുടെ കഥയുടെ ഗുണമേന്‍മ വര്‍ണ്ണിക്കുന്ന ലേഖനം ഈ പുസ്തകത്തിന്‌ മാറ്റുകൂട്ടുന്നു.

കാലത്തിന്റെ ദുരന്തങ്ങള്‍ ഘടികാരങ്ങളിലൂടെ പ്രതീകവല്‍ക്കരിക്കുന്ന സങ്കേതങ്ങള്‍ കലാചരിത്രത്തില്‍ എമ്പാടുമുണ്ട്‌. സാല്‍വദോര്‍ ദാലിയില്‍ നിന്ന്‌ സുഭാഷ്‌ ചന്ദ്രനിലേയ്ക്കുള്ള ദൂരം തലമുറകളുടേതല്ല. അസ്ഥിത്വ ദുഃഖത്തില്‍ നിന്ന്‌ പ്രകൃതി ദുരന്തത്തിലേയ്ക്കുള്ള ദൂരമാണ്‌. ആത്മാവിന്റെ ഉഷ്ണത്തില്‍ ഉരുകിയൊലിക്കുന്ന ഘടികാരത്തിന്‌ പഴമയുടെ ആധികാരികതയുണ്ട്‌. എന്നാല്‍ ഭൂകമ്പത്തിന്റെ ബാക്കി പത്രമായ ഒരു വാച്ചുകടയിലെ ഛിന്നഭിന്നമായ ഭൌതികാവസ്ഥയാണ്‌ സുഭാഷ്‌ ചന്ദ്രന്റെ "ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം" എന്ന കഥയുടെ ഉഷ്ണം. ഈ കഥയുടെ അനുയോജ്യമായ ആസ്വാദനമാണ്‌ "കാലത്തിന്റെ മൌനത്തിലേക്കുള്ള കൂടൊഴിയല്‍ എന്ന ലേഖനം.

മലയാളത്തിലെ ആധുനികാനന്തര കഥസാഹിത്യത്തിന്റെ വൈവിധ്യമാര്‍ന്ന മുഖങ്ങളുടെ സവിശേഷമായ കാന്തിമൂല്യങ്ങള്‍ തന്റേതുമാത്രമായ കണ്ണുകൊണ്ട്‌ കാണുകയും കാട്ടിത്തരികയുമാണ്‌ ലേഖകന്‍ ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ അവതാരികയില്‍ ഡോ.കെ.എസ്‌. രവികുമാര്‍ നടത്തിയിരിക്കുന്ന വിമര്‍ശനം ഈ പുസ്തകത്തിന്‌ കിട്ടിയ പ്രശംസയായി വേണം തിരിച്ചറിയാന്‍."വിശകലനാപരമായ വസ്തുനിഷ്ഠതയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്‌ ആത്മനിഷ്ഠവും ലാവണ്യാത്മകവുമായ ഭാഷാനുഭവം സൃഷ്ടിക്കാനുള്ള ശ്രമമാണ്‌". ഈ സത്യമാണ്‌ ഈ പുസ്തകത്തിന്റെ സൌന്ദര്യം.


Rainbow Book Image

എ.പി. അഹമ്മദ്‌
വിലാസം: നമൂസ്, കൊണ്ടോട്ടി, മലപ്പുറം 673638
ഫോണ്‍: +4832104230
Subscribe Tharjani |
Submitted by Kumar (not verified) on Sat, 2006-01-14 16:18.

Think, Mr.Ap Ahmed wrote in a hurried way. Rhythem is not the same in starting and ending.

Submitted by സുനില്‍ (not verified) on Thu, 2006-01-19 13:43.

ശ്രീജിത്തിന്റെ എഴുത്തിന് ഒരു സത്യസന്ധതയുണ്ട്‌. ഒരു പടിഞാറന്‍ സാഹിത്യസിദ്ധാന്തങളേയും ആശ്രയിക്കാതെ സ്വന്തം മനസ്സിലുള്ളത്‌ മാത്രമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്‌. അതിനാല്‍ നല്ലൊരു പുസ്തകമായി ഇതിനെ കണക്കാക്കാം.