തര്‍ജ്ജനി

വായന

മലയാളത്തിലെ എ.അയ്യപ്പന്‍

'ഗ്രീഷ്മവും കണ്ണീരും' എന്നകവിതാസമാഹാരത്തിലൂടെ കവി എ. അയ്യപ്പനിലേക്ക്‌ ഒരു എത്തിനോട്ടം.

നേര്‍ത്തതും എന്നാല്‍ വളരെ നോവുന്നതുമാണ്‌ അയ്യപ്പന്റെ കവിതകള്‍. ഹൃദയത്തിനേറ്റഒരുമുള്ളുപോലെ അത്‌ നമ്മുടെ ബോധമണ്ഡലങ്ങളില്‍പോലും നീറ്റലുണ്ടാക്കുന്നു.

അയ്യപ്പന്‍ ചോര എന്നെഴുതുമ്പോള്‍ ചിലപ്പോള്‍ സ്കൂള്‍ കുട്ടിയുടെ ബാഗില്‍ കാണുന്ന വെറും ചുവന്ന കളര്‍ക്കട്ടയായും, മറ്റൊരിക്കല്‍ പുസ്തകത്താളില്‍ അബദ്ധത്തില്‍ ഇറ്റിവീണ അല്‍പം ചുവന്ന മഷിയായും, പലപ്പോഴുമത്‌ പോരാളിയുടെ നെഞ്ചില്‍ തറച്ച അമ്പില്‍ നിന്ന് ചീറ്റിത്തെറിക്കുന്ന കട്ടച്ചോരയായും നമ്മള്‍ കാണേണ്ടിവരുന്നു.

മദ്യപനായ അയ്യപ്പനെയല്ല നമ്മള്‍ വായിച്ചെടുക്കുന്നത്‌. കവിതയുടെ കൊടുവാള്‍ കൊണ്ട്‌ അധികാരത്തിലിരിക്കുന്ന ആശാന്മാരുടെ കാല്‍വെണ്ണ വെട്ടിയെടുക്കുന്ന വിപ്ലവകവിയെയാണ്‌. കമ്യൂണിസത്തിന്റെ പതനം തന്നിലേല്‍പിച്ച അവബോധം അയ്യപ്പന്‍ കുറിച്ചു വയ്ക്കുന്നത്‌ ഇങ്ങനെയാണ്‌, ‘മാനിഫെസ്റ്റോ മരിക്കാതിരിക്കട്ടെ‘ എന്ന കവിതയില്‍.

"അഭിശപ്തനായ ശത്രുവിന്റെ ആയുധം
സഖാവിനു നല്‍കുക
സ്വന്തം പുസ്തകത്തിലെ തെറ്റുകള്‍
അവര്‍ വെട്ടിമാറ്റട്ടെ"

അയ്യപ്പനെ കുറിച്ച് വി. ആര്‍. സുധീഷ്‌ പറഞ്ഞതാണ്‌ ശരി. "അലഞ്ഞെഴുതുന്നവന്റെ ജീവിത രചന അയ്യപ്പന്‍ തുടരുകതന്നെയാണ്‌. ഉടഞ്ഞ സ്ലേറ്റിലെ ഭൂപടം പോലെ ജീവിതം ചേര്‍ത്തുവെയ്ക്കുകയാണ്‌. ഏത്‌ ശിലയിലും ശില്‍പമുണ്ടാക്കുന്ന ഉള്ളുണര്‍വ്വോടെ എരിയുന്ന നെഞ്ചിനും വയറിനും വാക്കിന്റെ അന്നമുണ്ടാക്കിക്കൊടുക്കുന്നു. അടിവയര്‍ തുപ്പിയെറിഞ്ഞ അനാഥത്വത്തിന്‌ അയ്യപ്പന്റെ ദാനമാണ്‌ കവിത."

ഉപേക്ഷിതന്റെ, നിസ്വന്റെ ആ വരദാനത്തില്‍ ചിരിയുടെയും കണ്ണീരിന്റെയും കലക്കമുണ്ട്‌. സ്വന്തം കപടതയുടെ മുഖാവരണം വലിച്ചുകീറുന്നതിലൂടെ നമ്മുടെ ചുറ്റുപാടും നിറഞ്ഞ കപടഭക്തിയുടെ പേജ്‌ മറിക്കുകയാണ്‌ അയ്യപ്പന്‍ 'മുറിവ്‌' എന്ന കവിതയില്‍.

'ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍'

പലപ്പോഴും അയ്യപ്പന്‍ വിശപ്പാണ്‌. വിശപ്പിന്റെ വിശ്വരൂപം. വിശപ്പിനു മറക്കാന്‍ കഴിയുന്ന നേരും നന്മയും അയ്യപ്പന്റെ കവിതകളില്‍ നിഴലിക്കുന്നുണ്ട്‌. ഒപ്പം നമ്മുടെ യാന്ത്രികയുഗത്തിലെ നെറികേടും ‘അത്താഴം‘ എന്ന കവിതയില്‍ അയ്യപ്പന്‍ തുറന്നെഴുതുന്നത്‌ ഇങ്ങനെ.

'കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം "

അയ്യപ്പന്‍ വിശപ്പിനെ കുറിച്ച്‌ ഇങ്ങനെ കോറിയിടുന്നു.

"തേച്ചുമിനുക്കിവച്ച വയറിനെ
ദഹനേന്ദ്രിയത്തിന്റെ
പൂച്ചക്കുഞ്ഞ്‌"

വാര്‍ദ്ധക്യത്തിന്റെ ശാപം തൊട്ടറിഞ്ഞ പോലെ ഒരുള്‍ക്കിടലത്തോടെ അയ്യപ്പന്‍ പാടുന്നു.

"പ്രാവും പ്രളയവുമില്ലാത്ത കാലത്തെ
വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം "

കൊള്ളയുടെയും കൊള്ളിവെയ്പ്പുകളുടെയും വൃത്തികെട്ടരാഷ്ട്രീയ പേക്കൂത്തുകളുടെയും നേരെ തിരിച്ചുവച്ച രണ്ടു കണ്ണുകള്‍ അയ്യപ്പനിലുണ്ട്‌. അതുകൊണ്ടാവാം കരുണവറ്റിയ നികൃഷ്ട ജീവിതങ്ങളെക്കുറിച്ച്‌ അയ്യപ്പന്‌ പറയാനാവുന്നത്‌. നമുക്ക്‌ നഷ്ടമായപലതിനെക്കുറിച്ചും ഗൃഹാതുരത്വത്തോടെ അയ്യപ്പന്‍ ഓര്‍ക്കുന്നു.

" ആടും മയിലുമുള്ള ആരണ്യകങ്ങളെ
ആര്‍ക്കും കാണാന്‍ കഴിയാത്തകാലം
മഴമറക്കുന്ന മഴമേഘങ്ങള്‍ മാനത്ത്‌
തുലാത്തിലെ തണുപ്പറിയാത്ത മണ്ണ്‍

പ്രാര്‍ത്ഥന വറ്റുന്ന
വരണ്ട ചുണ്ടുകള്‍
ഫലസിദ്ധിയില്ലാത്ത
പഴ‌മരങ്ങള്‍
ജലയാചനയുടെ നിര്‍ദ്ധരങ്ങള്‍
ക്ഷതമേറ്റ,നിദ്രയില്ലാത്ത വാര്‍ദ്ധക്യം
മജ്ജയില്ലാത്ത രക്ഷാകര്‍തൃത്വം"

അത്തത്തില്‍ പിറന്ന് നാല്‍പത്തിയെട്ടില്‍ അറുപതിന്റെ രൂപവും ആകാരവുമുള്ള അയ്യപ്പന്‌ മരണത്തെ പേടിയാണ്‌. സ്വന്തം നിഴലില്‍ നിഴലിക്കുന്ന വാര്‍ദ്ധക്യത്തെ മടുപ്പോടെ കാണുന്ന അയ്യപ്പന്‍ മരിക്കാന്‍ മനസില്ലെന്ന് തുറന്നുപറയുന്നുണ്ട്‌.

"അത്താഴമുട്ടുമായ്‌ അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ്‌ ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി "

നിസ്വന്‌ ബലിയര്‍പ്പണത്തിന്റെ ഭക്തിയും വിശ്വാസവും പകരുന്ന അയ്യപ്പന്‌ സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും ദൌത്യവും തിരിച്ചറിവുകളിലേശാത്തതെന്ത്‌? അതുകൊണ്ടുതന്നെ അയ്യപ്പന്‌ മരണത്തെപ്പേടിച്ച്‌ മെഡിസിനും ആല്‍ക്കഹോളും ഒന്നിച്ച്‌ അകത്താക്കേണ്ടിവരുന്നു.

ബുഖാരി ധര്‍മ്മഗിരി

Subscribe Tharjani |