തര്‍ജ്ജനി

സിനിമ

കാഴ്ചയുടെ കലാപവും സൌന്ദര്യവും

എക്കാലത്തും ഓര്‍ത്തിരിക്കാവുന്ന മികച്ച ചലച്ചിത്രാനുഭവങ്ങള്‍ ബാക്കിവച്ച് പത്താം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു പരിസമാപ്തിയായി. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മികവ്, ലോക സിനിമാവിഭാഗത്തിലെ അവിസ്മരണീയ ചിത്രങ്ങളുടെ ധാരാളിത്തം‍, നിലവാരമുള്ള റിട്രോസ്പെക്ടീവ്, മികച്ച സംഘാടനം..... ഏതു നിലയ്ക്കും പത്താം ചലച്ചിത്രമേള ശ്രദ്ധേയം തന്നെ.

സ്ത്രീപക്ഷപ്രശ്നങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, സ്ത്രീപുരുഷബന്ധം, ശുദ്ധ സൌന്ദര്യം തുടങ്ങിയ എക്കാലത്തെയും സജീവ പ്രശ്നങ്ങളെ വ്യത്യസ്തമായ പ്രാദേശികതനിമകളിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ പല സിനിമകളിലും പ്രകടമായിരുന്നു.

പാരിസ്ഥിതികാവബോധത്തിന്റെ രാഷ്ട്രീയാനുഭവം
ഈ മേളയില്‍ കാണികളാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്, ‘കെക്സിലി: ദി മൌണ്ടന്‍ പെട്രോള്‍’ എന്ന ടിബറ്റന്‍ പശ്ചാത്തലത്തിലുള്ള ചൈനീസ് സിനിമ. ഹിമാലയ താഴ്വരകളുടെ വന്യവും ഹൃദയഹാരിയുമായ കാഴ്ചകള്‍ ഈ സിനിമയുടെ ഫ്രെയിമുകളെ സമ്പന്നമാക്കുന്നു.

അപൂര്‍വ ഇനത്തില്‍പ്പെടുന്ന ടിബറ്റന്‍ മാനുകളെ സംരക്ഷിക്കുന്ന കാവല്‍ സേനയും വേട്ടക്കാരും തമ്മിലുള്ള പ്രശ്നങ്ങളും ആവിഷ്കരിക്കുകയാണ് ഈ സിനിമ. ഇവിടെയെത്തുന്ന ‘ഗായു’ എന്ന ജേര്‍ണലിസ്റ്റ്, റിത്തായിയുടെ നേതൃത്വത്തിലുള്ള കാവല്‍ സേനയോടൊപ്പം ടിബറ്റന്‍ പര്‍വതസാനുക്കളിലൂടെ യാത്ര തിരിക്കുന്നു. വിചിത്രങ്ങളായ അനുഭവങ്ങളാണ് ഈ സംഘത്തെ കാത്തിരിക്കുന്നത്. പ്രതികൂലാവസ്ഥയെ തരണം ചെയ്തു നടത്തുന്ന യാത്രയുടെ അനുഭവങ്ങളാണ് ചിത്രത്തിന്റെ ജീവന്‍. പ്രശ്നങ്ങളിലൂടെ നീങ്ങി അവര്‍ വിചിത്രവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളില്‍ എത്തിച്ചേരുന്നു. പട്ടിണിയും ദുരിതവും പേറി സംഘാംഗങ്ങള്‍ ചിന്നിച്ചിതറുന്നു. ഒടുക്കം സ്വന്തം ജീവിതം അര്‍പ്പിച്ചും അര്‍പ്പിതമായ നിയോഗത്തിനായി നിലകൊള്ളുന്ന റിത്തായി അവിസ്മരണീയനായി തീരുന്നു. ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതികമായ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് സംവിധായകന്‍ ലീ ചുവാന്‍ പറയാന്‍ ശ്രമിക്കുന്നത്. 95 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം സംഗീതം, എഡിറ്റിംഗ്, സിനിമാറ്റോഗ്രാഫി തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും മികവുറ്റതാണ്. നമ്മുടെ കാലഘട്ടത്തിലെ അരാഷ്ട്രീയ സ്വഭാവമുള്ള പരിസ്ഥിതി ചിന്തകള്‍ക്കു മേല്‍ കനത്ത ആഘാതം ഏല്‍പ്പിക്കുക കൂടി ചെയ്യുകയാണ് ഈ സിനിമ. ചലച്ചിത്രോത്സവത്തിന്റെ രജതചകോരവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം എന്ന അംഗീകാരവും ഉള്‍പ്പടെ ഏറെ സ്വീകരിക്കപ്പെട്ട സിനിമയാണിത്.

A Border for Life

അവാര്‍ഡുകളൊന്നും ലഭിച്ചില്ലെങ്കിലും പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ട് ഏറെ ശ്രദ്ധേയമായ സിനിമയായിരുന്നു ‘എ ബോര്‍ഡര്‍ ഫോര്‍ ലൈഫ്’ ഇറാന്‍-ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സിനിമ, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ അവസ്ഥയെ ചിത്രീകരിക്കുന്നു. യുദ്ധത്തില്‍ കാലുകള്‍ തകര്‍ന്ന അഹമ്മദ് എന്ന ഇറാക്കി പട്ടാളക്കാരന്‍, കാഴ്ച നഷ്ടപ്പെട്ട ഒരു ഇറാന്‍ പട്ടാളക്കാരനെ കണ്ടുമുട്ടുന്നു. യുദ്ധത്തിന്റെ ദുരന്തങ്ങള്‍ക്കു നടുവില്‍ നിന്നും പരസ്പരം ആശ്രയം കണ്ടെത്തി അതിജീവനത്തിനു ശ്രമിക്കുന്നു. യുദ്ധം പോലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന ഈ കാലഘട്ടത്തിലും ഒരിക്കലും അവസാനിക്കാത്ത മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. അവതരണത്തില്‍ സംഭവിച്ച ചെറിയ വീഴ്ചകളെ അതിജീവിച്ചിരുന്നെങ്കില്‍ ഇത് എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിലൊന്ന് ആകുമായിരുന്നു. യുദ്ധപശ്ചാത്തലത്തിലുള്ള സിനിമകളുടെ പതിവു പാറ്റേണുകളെ അതിജീവിക്കുന്ന സാ‍ദ്ധ്യതകളെ ഉപയോഗിക്കാന്‍ കഴിയാത്തതാണ് ഈ പരാജയത്തിനു കാരണം.

Dreaming Lhasa

മത്സരവിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളില്‍ ‘ഡ്രീമിംഗ് ലാസാ’ ശ്രദ്ധേയമായി. 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ടിബറ്റന്‍ ജനതയുടെ ‘സ്വത്വ പ്രശ്നങ്ങളെ’ നന്നായി ആവിഷ്കരിക്കാന്‍ ശ്രമിച്ചു. ടിബറ്റന്‍ സാമൂഹിക പ്രശ്നങ്ങളെയും അവരുടെ ഭൂതകാലത്തിന്റെ സങ്കടങ്ങളെയും സെല്ലുലോയിഡിന്റെ സാദ്ധ്യതകളിലേയ്ക്ക് പകര്‍ത്താന്‍ സംവിധായകരായ റിത്തു സരിനും ടെന്‍സിങ് സോനമും ശ്രമിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ അനുവാദമെന്ന പ്രശ്നത്തില്‍ അവസാന നിമിഷം വരെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായിരുന്ന ഈ ചിത്രത്തിനു ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. സ്വന്തം ജനതയുടെ അസ്തിത്വം തേടിയിറങ്ങുന്ന നായകന്‍ സ്വന്തം അസ്തിത്വവും കണ്ടെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Kerala Film Festival

ലോകസിനിമാ വിഭാഗത്തില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മഗ്‌രിബ് വിഭാഗത്തില്‍പ്പെട്ട ‘ദി സൈലന്‍സ് ഓഫ് ദി പാലസ്’ എന്ന സിനിമയാണ് എടുത്തു പറയേണ്ട ഒന്ന്. മൌഫീഡിയാ ത്‌ലാതലി സംവിധാനം ചെയ്ത ഈ സിനിമ സ്ത്രീ പ്രശ്നങ്ങളെ സജീവമായി അന്വേഷിക്കുന്ന ചിത്രമാണ്. 1950 കളിലെ ടുണീഷ്യയാണ് പശ്ചാത്തലം. കൊട്ടാരത്തിനുള്ളിലെ വേലക്കാരായ സ്ത്രീ ജനങ്ങളുടെ ജീവിതമാണിതില്‍. രാജാക്കന്മാര്‍ക്ക് അവരുടെമേല്‍ പൂര്‍ണ്ണ അധികാരമാണുള്ളത്. ഈ സാഹചര്യത്തില്‍ വളരുന്ന ‘ഏലിയ’ എന്ന കൌമാരപ്രായക്കാരി നേരിടുന്ന വിഷമതകളും ദുരന്തങ്ങളും ചിത്രത്തിന്റെ പ്രമേയം. സ്വന്തം ശരീരം രാജകീയാവശ്യങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോഴും മകളെയോര്‍ത്ത് സങ്കടപ്പെടുന്ന അമ്മ അസാധാരണ കഥാപാത്രമാണ്. അമ്മയും മകളും തമ്മിലുള്ള സഹജവും വ്യത്യസ്തവുമായ ബന്ധം ഈ ചിത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്.

മേളയില്‍ പ്രദര്‍ശിക്കപ്പെട്ട രാഷ്ട്രീയ പ്രാധാന്യമുള്ള രണ്ടു ചിത്രങ്ങളാണ് ‘ത്രീ ഡേയ്സ് ഓഫ് അനാര്‍ക്കി’ ‘ത്രീ വേഴ്സസ് ടു‘ എന്നീ ചിത്രങ്ങള്‍. ഫാസിസത്തിനെതിരെ ഒരു ഗ്രാമം നടത്തുന്ന ചെറുത്തു നില്‍പ്പും അതു വ്യക്തി ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുമാണ് ‘ത്രീ ഡേയ്സ് ഓഫ് അനാര്‍ക്കി‘ എന്ന ഇറ്റാലിയന്‍ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. കമ്മ്യൂണിസത്തിന്റെയും ഫാസിസത്തിന്റെയും രാഷ്ട്രീയ വിളികള്‍ ശക്തമാകുന്ന ഒരു കാലഘട്ടത്തില്‍ വ്യക്തി അനുഭവിക്കുന്ന അന്തഃസംഘര്‍ഷം ‘ഗിസെപ്പെ’ എന്ന യുവാവിലൂടെ അവതരിക്കപ്പെടുന്നു. വിപ്ലവത്തിന്റെ തീവ്രതയിലും സമൂഹം എത്തിപ്പെടുന്ന അരാജകത്വവും വ്യക്തി എത്തിപ്പെടുന്ന ലൈംഗികത ഉള്‍പ്പടെയുള്ള പ്രശ്നങ്ങളും ഈ ചിത്രം തുറന്നുകാട്ടുന്നു. അരാഷ്ട്രീയ ചിന്തകള്‍ സ്വാധീനം ചെലുത്തുന്ന കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ ഏറെ പ്രസക്തമാണ് ഈ സിനിമ.

മൂന്ന് ഭാഗങ്ങളായി അവതരിപ്പിക്കപ്പെടുന്ന ‘ത്രീ വേഴ്സസ് ടു’ എന്ന ക്യൂബന്‍ ചിത്രവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. ഫാന്റസി, അസ്തിത്വം, പ്രണയം വ്യക്തി-സമൂഹ സംഘര്‍ഷം എന്ന മൂന്നു തലങ്ങളാണ് ഓരോ ഭാഗവും മുന്നില്‍ വയ്ക്കുന്നത്. പ്രണയഭാവങ്ങളെ സംഗീതത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് തീവ്രാനുഭവം ആക്കുകയാണ് ഈ ചിത്രം. മനുഷ്യാസ്തിത്വം എത്രമേല്‍ ബലഹീനമാണെന്നും സാമൂഹിക ജീവിതത്തിന് വേണ്ടി അവന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്ക എത്ര ഭയാനകമാണെന്നും ഈ ചിത്രം പറഞ്ഞു തരുന്നു. പുത്തന്‍ സംവിധായകരാണ് ഇതു കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ശക്തിയെ ആഴത്തിലറിഞ്ഞ ക്യൂബന്‍ പാരമ്പര്യത്തെ വെടിപ്പായി ഉദാഹരിക്കുന്ന വിധമാണ് സിനിമയുടെ ട്രീറ്റ്മെന്റ്.

ടിക്കറ്റ്സ്, ലുക്കിംഗ് ഫോര്‍ അലസ്സാണ്ടര്‍, സാറ്റിന്‍ റൂഗ്, ദി മര്‍മ്മറിങ്ങ്, അരിസോണ സൂര്‍ തുടങ്ങി വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നെത്തിയ പല സിനിമകളും ചലച്ചിത്രമേളയുടെ സംഗത്യം അര്‍ത്ഥവത്താക്കി. ഏതു ചലച്ചിത്രമേളയെയും സജീവമാക്കുന്ന അവിഭാജ്യ ഘടകം കാണികളാണ്. മികച്ച സംഘാടനത്തോടൊപ്പം സിനിമയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന കാണികളുടെ പങ്കാളിത്തം കൂടിയാണ് തിരുവനന്തപുരം മേളയെ ആകര്‍ഷണീയമാക്കുന്നത്. പല വിദേശികളും ചൂണ്ടിക്കാട്ടിയിട്ടുള്ള ഒരു പ്രത്യേകതയാണിത്. അതു കൊണ്ട് ഈ ഫിലിമോത്സവം എല്ലാ അര്‍ത്ഥത്തിലും ഒരു നേട്ടം തന്നെ.

സന്തോഷ് ജോര്‍ജ്ജ്

Subscribe Tharjani |