തര്‍ജ്ജനി

സിനിമ

മലയാളസിനിമ സ്ത്രീയോടു ചെയ്യുന്നതു്

നമ്മുടെ പ്രശസ്തമായ ഒരു ചലച്ചിത്രോത്സവത്തിന്റെ പ്രതീകം, കയ്യിലും കാലിലും നൂലുകള്‍ കൊരുത്ത്‌, ആരുടെയോവിരല്‍ത്തുമ്പിന്റെ ചലനത്തിനൊത്താടുന്ന ഒരു ഇരുള്‍ രൂപമാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ മലയാളസിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ പ്രതീകം തന്നെയാണത്‌. എന്നുവെച്ചാല്‍, സ്ത്രീയുടെ മനസ്സറിയാനോ പഠിക്കാനോ ബുദ്ധിമുട്ടാതെ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളെ ഏറ്റെടുത്തു, തിരശീലയില്‍ പുനഃസൃഷ്ടിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ നടികള്‍ തന്നെയാണത്‌. കാരണം, കഥ-തിരക്കഥ-സംവിധാന മേഖലകള്‍ പൂര്‍ണമായും പുരുഷകേന്ദ്രീകൃതമാണല്ലോ ഇന്നത്തെ മലയാള സിനിമയില്‍. അതുകൊണ്ടുതന്നെ, സ്ത്രീകഥാപാത്രങ്ങളുടെ ശക്തി-ദൌര്‍ബല്യങ്ങള്‍ വലിയോരളവോളം, പുരുഷപാത്രങ്ങളാണു തീരുമാനിക്കുന്നതു്. അവരുടെ സ്വഭാവ വൈചിത്ര്യങ്ങളിലൂടെ വേണം, സിനിമയിലെ സ്ത്രീജന്മങ്ങളുടെ സ്വഭാവവൈരുദ്ധ്യങ്ങള്‍ അന്വേഷിച്ചറിയാന്‍.

സ്ത്രീയുടെ മനസ്സറിഞ്ഞുള്ള, ഗൌരവമാര്‍ന്ന കഥാപാത്രസൃഷ്ടി, മെഗാ-സൂപ്പര്‍-ജൂനിയര്‍-സൂപ്പര്‍ പുരുഷതാരങ്ങളുടെ ആധിപത്യകാലങ്ങളില്‍ സിനിമാക്കച്ചവടത്തിനു അനാവശ്യമാകുന്നു. സ്ത്രീ എന്താണെന്നു പുരുഷന്‍ വിശ്വസിക്കുന്നുവോ, അല്ലെങ്കില്‍ എന്താകണമെന്നു ആഗ്രഹിക്കുന്നുവോ, ആ നിഴല്‍രൂപങ്ങള്‍ മാത്രമാണ് നമ്മളിന്നു തിരശീലയില്‍ കാണുന്നത്‌. ശരിയായ സ്ത്രീ സ്വത്വത്തിന്റെ വളരെ വികലവും വികൃ‌തവുമാക്കപ്പെട്ട ആവിഷ്ക്കാരങ്ങളാണ് വെള്ളിത്തിരയില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. അതില്‍ ഒരു മുഖം മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. ആത്മാഭിമാനമുള്ളവളും, തന്റേടിയും, ചോദ്യം ചെയ്യുന്നവളുമായ സ്ത്രീ, സിനിമയിലെത്തുമ്പോള്‍ അഹങ്കാരിയും താന്തോന്നിയുമായി മാറുന്നു. എന്തുകൊണ്ട്‌?

മലയാളിസ്ത്രീ പൊതുവേ ഗൃഹഭരണവുമായി വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ മലയാളസിനിമയിലുണ്ടായിരുന്ന സ്ത്രീകഥാപാത്രങ്ങളെ തിരിഞ്ഞൊന്നു നോക്കുക. പിന്നീട്‌, കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടനയില്‍, സ്ത്രീക്കുള്ള പങ്കും പ്രസക്തിയും, നിഷേധിക്കാനാകാത്ത വിധം സ്പഷ്ടമായി വരുന്ന വര്‍ത്തമാനകാലത്തു ജനിക്കുന്ന സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുമായി,ആദ്യം പറഞ്ഞവരെ ഒന്നു താരതമ്യം ചെയ്യുക. കൌതുകമുള്ള ഒരു വൈരുദ്ധ്യം ഇവിടെ തെളിഞ്ഞുവരുന്നതു കാണാം. ഒരു ഇരുപതു-ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പു്, ശക്തമായ വ്യക്തിത്വത്തിനുടമകളായ ധാരാളം സ്ത്രീകഥാപാത്രങ്ങള്‍, തലയെടുപ്പോടെ മലയാളസിനിമയില്‍ കേറിയിറങ്ങിയിരുന്നു. ഷീല-ശാരദ-ജയഭാരതിമാരുടെ കാലമെത്തിയപ്പോള്‍, സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി തിരശീലയിലെത്തിയിരുന്നു. സത്യന്‍-നസീര്‍-മധു താര ത്രയം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന കാലംകൂടിയായിരുന്നു അതു്. സൂപ്പര്‍ത്താരസിംഹാസനത്തിന്റെ ആശങ്കകള്‍ അന്നത്തെ നായകവേഷങ്ങളെ അലട്ടാതിരുന്നതിനാലാകാം, അവര്‍ക്കൊപ്പം തോളുരുമ്മിനില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഥാകൃത്തുകള്‍ക്കു യാതൊരു ആത്മവിശ്വാസക്കുറവും അന്നുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പുരുഷനെതിരെ ശക്തമായി പ്രതികരിക്കാനും, പ്രതിഷേധിക്കാനും അന്നത്തെ സ്ത്രീകഥാപാത്രങ്ങളെ അനുവദിച്ചിരുന്നു.(അറുപതുകളുടെ അവസാനമിറങ്ങിയ'മിണ്ടാപ്പെണ്ണി'ലെ ഷീലയുടെ കഥപാത്രം ഒരുദാഹരണം മാത്രം). എന്തിനു്,എണ്‍പതുകളുടെ മദ്ധ്യത്തിലിറങ്ങിയ'അക്ഷരങ്ങളി'ല്‍(സീമയുടെ കഥാപാത്രം)വരെ ഈ കാഴ്ച നാം കണ്ടിരുന്നു. (കാരണം,നായകനന്നു സൂപ്പര്‍താരപദവിയിലേക്കു അടിവെക്കുന്നതേയുള്ളു.) പൌരുഷത്തിനു പുതിയഭാഷ്യം, മോഹന്‍ലാലും, മമ്മുട്ടിയും, സുരേഷ്ഗോപിയും, ജയറാമും മറ്റും രചിക്കുന്നതു പിന്നീടാണ്. നായകന്‍, അപമാനിച്ച്‌, അടിച്ചൊതുക്കി വരുതിയിലാക്കി, തന്റെ പൌരുഷത്തിനു മാറ്റുകൂട്ടാന്‍ (?) പാകത്തിനു അഹങ്കാരികളും, ആരേയും കൂസാത്തവരുമായ, നായികമാരുടെ നീണ്ട ജാഥയാണു പിന്നെ മലയാളസിനിമയില്‍ നാം കണ്ടത്‌. ഈയിടെയിറങ്ങിയ 'സര്‍ക്കാര്‍ദാദ'യിലെ ചില രംഗങ്ങളില്‍പ്പോലും ഇതുകണ്ടു.

സമൂഹമനസ്സില്‍ നിഷേധാത്മക പ്രതീകരണങ്ങളോ,അപക്വമായ അനുകരണപ്രവണതകളോ, ഉളവാക്കിയേക്കാവുന്ന, അപകടകരമായ ഈ പ്രവണത ഇവിടെയൂട്ടി ഉറപ്പിച്ചതു ഇത്തരം സിനിമകളാണ്`‍. സ്ത്രീ അടിച്ചൊതുക്കപ്പെടേണ്ടവളാണെന്ന സന്ദേശം, അധികാരസമവാക്യങ്ങള്‍ സ്ത്രീക്കെതിരായി നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം പ്രത്യാഘാതങ്ങള്‍ ഒട്ടും നിസ്സാരമല്ല

മലയാളി സ്ത്രീ തന്റെ സ്വത്വം കുറെശ്ശെ തിരിച്ചറിഞ്ഞ്‌, സമൂഹത്തില്‍ താനര്‍ഹിക്കുന്ന സ്ഥാനം നേടിവരുന്ന കാലമാണിത്‌ . ഈ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ തികച്ചും പ്രതിലോമകരമായ സ്ത്രീ ബിംബകല്‍പ്പനകളില്‍ മുഴുകി ആശ്വാസം കണ്ടെത്തുകയാണോ ഇന്നത്തെ സിനിമാ (അതിലേറെ സീരിയല്‍) നിര്‍മ്മാതാക്കള്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കനമുള്ള കഥാപാത്രങ്ങളേറ്റെടുക്കാനാകുന്ന നായികമാരുടെ കാലം ഇവിടെ മിക്കവാറും അസ്തമിച്ചതും (ഉര്‍വശി വളരെക്കാലം വെറും കണ്ണീര്‍ നായികയായി ജീവിച്ചുകഴിഞ്ഞപ്പോഴാണല്ലോ സത്യന്‍ അന്തിക്കാടു് അവരെ 'കണ്ടെടുത്തതു്'‘) ഒരു സൂപ്പര്‍നായകനിര ഉദിച്ചുയര്‍ന്നതും ഏകദേശമൊരേകാലത്തായിരുന്നു. നായകന്റെ കരുത്തിനു, തിളക്കംകൂട്ടാനുള്ള,അലങ്കാരങ്ങള്‍ മാത്രമായിമാറി പിന്നെ നായികാവേഷങ്ങള്‍.

പക്ഷേ, ഏതാനും വര്‍ഷങ്ങളായി നമ്മള്‍ ശീലിച്ചിരുന്ന നായികാസങ്കല്‍പ്പത്തെ, അടിമുടി മാറ്റിയെഴുതിക്കൊണ്ടായിരുന്നു മലയാളികള്‍ കാത്തിരുന്ന, കാമ്പുള്ള, കരുത്തുള്ള, മറ്റൊരു നായികയുടെ കടന്നുവരവു്. ജന്മസിദ്ധമായ പ്രതിഭാപ്രകാശവും, ഒരു ശരാശരി മലയാളിപ്പെണ്‍കുട്ടിയുടെ ഓമനത്തമുള്ള ഭാവങ്ങളുമായി മഞ്ജൂവാര്യര്‍, എത്ര ചുരുങ്ങിയ കാലം കൊണ്ടാണു്, തനിക്കുവേണ്ടി തിരക്കഥകള്‍ രചിക്കാന്‍ മലയാള സിനിമയെ ഒരുക്കിയെടുത്തതു് !

മലയാളസിനിമ, ഒരിക്കല്‍ നഷ്ടപ്പെട്ട സ്ത്രീ-പുരുഷ സമതുലനാവസ്ഥ മെല്ലെ വീണ്ടെടുത്തു വരുകയായിരുന്നു.. പിന്നെക്കണ്ടതു്, നിന്നനില്‍പ്പില്‍ ഈ കുട്ടി അപ്രത്യക്ഷയാകുന്നതാണ്.

പിന്നെയുമുണ്ടായി നമുക്കൊരു നായിക. കുറച്ചു കാലം മലയാളക്കരയെ ചേലത്തുമ്പിലിട്ടു കറക്കിയ ഷക്കീല. മഞ്ജുവിനെ അണിയറയിലേക്കു മടക്കിയ അതേ അരക്ഷിതത്വ ബോധത്തിന്റെ, മറ്റൊരു തലം തന്നെയാണു ഷക്കീലയേ വേട്ടയാടിയതും. ഇവിടെ ഉദ്ദേശിക്കുന്നതു വ്യക്തികളെയല്ല, മറിച്ചു മലയാളി സമൂഹമനസ്സിന്റെ
അബോധത്തില്‍ കുടികൊളുന്ന ചില അസഹിഷ്ണുതകളെയാണ്.

പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും വേരുറച്ച സ്ത്രീ -പുരുഷ ബന്ധങ്ങള്‍ പഴംകഥയായിക്കൊണ്ടിരിക്കുമ്പോഴാണ്‌‍, മൃദുല കോമള ഭാവങ്ങളുമായി ഒരു പയ്യന്‍ കടന്നുവന്നത് - കുഞ്ചാക്കോ ബോബന്‍. മലയാളസിനിമ കണ്ടെത്തിയ ആ പുതിയ ഭാവുകത്വത്തിനൊപ്പം കാണികളും സഞ്ചരിച്ചു, 'നിറം'വരെയെത്തി. സൌഹൃദത്തിലും സമഭാവനയിലും ഉറച്ചു നിന്ന്‌ പെരുമാറുന്ന കുഞ്ചാക്കൊ കഥാപാത്രങ്ങളുടെ നായികമാര്‍ക്കു, കാര്യമായി ഒന്നും ചെയ്യാനില്ലാത്തപ്പോഴും, പൊതുവേ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട്‌ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. ('കസ്തൂരിമാനി'ല്‍, ഇദ്ദേഹവും നായികയുടെ കരണത്തൊന്നു കൊടുത്ത്‌, തന്റെ 'മേധാവിത്വം' സ്ഥാപിക്കാനൊരുങ്ങിയതു മറക്കുന്നില്ല.) ദിലീപിന്റെ നായികമാര്‍ക്കും, മിക്കവാറും ഈ സമതുലനാവസ്ഥ നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ഇങ്ങേയറ്റതൊരു മഞ്ജുവിനേയോ, അങ്ങേയറ്റതൊരു ഷക്കീലയേയൊ വാഴാന്‍ അനുവദിക്കാതെ മലയാളസിനിമ വളരുകയാണ്‌‍... സിഹാസനങ്ങളൊന്നും കുലുക്കാതെയാണെങ്കില്‍, ഇടക്കൊരു മീരയോ, നവ്യയോ കാവ്യയോ വന്നുപോകുന്നതില്‍ വലിയ വിരോധമില്ലാതെ.

ശരാശരി സമൂഹമനസ്സില്‍ അക്ഷരലോകത്തിനു എത്തിപിടിക്കാനാകാത്ത തലങ്ങളില്‍വരെ, ദ്ദൃശ്യമാദ്ധ്യമങ്ങള്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വസ്തുത അതിന്റെ അണിയറ ശില്‍പ്പികളില്‍ ഒട്ടും ചെറുതല്ലാത്ത ഒരുത്തരവാദിത്തം അര്‍പ്പിക്കുന്നുണ്ട്‌. അവരില്‍ പലര്‍ക്കും അതറിയാനുള്ള ഭാവനാസമ്പന്നത ഉണ്ടാകണമെന്നില്ല. അറിയുന്നവരില്‍ പലരും അതിനര്‍ഹിക്കുന്ന ഗൌരവം കൊടുക്കാനുള്ളത്ര സാമൂഹിക ബോധവും കാണിക്കാറില്ല.

സ്ത്രീ കഥാപാത്ര രചനയില്‍ ഒരു ജോര്‍ജോ പദ്മരാജനോ പ്രകടമാക്കിയ ആര്‍ജ്ജവമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ചുരുങ്ങിയപക്ഷം 'എന്റെ മകള്‍ക്ക്‌ അല്ലെങ്കില്‍ ഭാര്യക്കു് ഈ സമൂഹത്തില്‍ ജീവിതം ദുഷ്ക്കരമാക്കുന്ന ഒന്നിനും ഞാന്‍ കാരണമാകില്ല' എന്നൊരു സ്വാര്‍ത്ഥബുദ്ധിയെങ്കിലും അവര്‍ക്കുണ്ടാകേണ്ടതല്ലേ?

ഒരു സിനിമാ കഥ-തിരക്കഥാകൃത്തിനൊപ്പം തന്നെ അതിന്റെ നിര്‍മ്മതാവിനും, സംവിധായകനും, അഭിനേതാക്കള്‍ക്കും, വരെ താന്‍ ജീവിക്കുന്ന സമൂഹത്തോട്‌ ഈ ബാദ്ധ്യതയുണ്ട്‌. പുകവലിക്കുന്നതോ, മദ്യപിക്കുന്നതോ, പുലഭ്യം പറയുന്നതോ ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുമുന്‍പു, സ്ത്രീയേ പുച്ഛിച്ചു രസിക്കുന്ന, ബഹുമാനിക്കാനറിയാത്ത, ഒരു സമൂഹമായി കേരളം മാറിയതില്‍ മലയാളസിനിമക്കുള്ള പങ്കെത്രയുണ്ടെന്നു അവര്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

ജയശ്രീ

Subscribe Tharjani |
Submitted by രാജ് നായര്‍ (not verified) on Sun, 2006-01-08 10:57.

ന്യൂനപക്ഷ-അസംഘടിത-ദുര്‍ബലവിഭാഗങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ കലയില്‍ കടന്നു കയറുന്നതിന്റെ ജൈവോദാഹരണം. നാളെ “മലയാള സിനിമ ദളിതരോട് ചെയ്തത്” അല്ലെങ്കില്‍ “മുസ്ലീങ്ങളോട് ചെയ്തത്” എന്നൊക്കെ ലേഖനങ്ങള്‍ വന്നേയ്ക്കാം. സമൂഹത്തിന്റെ ജീര്‍ണ്ണിതാവസ്ഥയില്‍ കലയെ കുറ്റം പറയുന്ന പതിവ് കാഴ്ച തന്നെയല്ലേ ഇതും?

Submitted by തുളസിദാസ്‌ (not verified) on Fri, 2006-01-13 11:13.

സമൂഹത്തിന്റെ ജീര്‍ണ്ണിതാവസ്ഥയ്ക്ക്‌ മാറ്റം വരുത്തുക എന്നതും കലയുടെ ധര്‍മ്മമല്ലേ? മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ നായകന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി മാത്രാം രംഗത്തു പ്രത്യക്ഷപ്പെടുന്നവരാകുമ്പോള്‍ ഇത്തരമൊരു അന്വേഷണത്തിന്‌ പ്രസക്തിയില്ലെ?

Submitted by അനസ് (not verified) on Thu, 2006-01-19 17:14.

കല ജനകീയമാകുമ്പോള്‍ അതുയര്‍ത്തുന്ന എല്ലാത്തരം പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നാണു, എന്റെ അഭിപ്രായം. മുന്‍ധാരണകളും അബദ്ധധാരണകളും കൊണ്ടു കല സൃഷ്ടിക്കുമ്പോള്‍,
സംവേദിക്കപ്പെടുന്ന സമൂഹത്തില്‍ അതുണ്ടാക്കുന്ന അനുരണനങ്ങള്‍ തീര്‍ച്ചയായും അന്വേഷണമര്‍ഹിക്കുന്നു.
മലയാള ചിത്രങ്ങളിലെ കലാഭവന്‍ മണിയുടെ കഥാപാത്രങ്ങള്‍
അടിയും തൊഴിയും വാങ്ങുന്നതിനെക്കുറിച്ചും മുസ്ലിം കഥാപാത്രങ്ങള്‍ സ്ഥിരമായി വില്ലന്‍ വേഷങ്ങളാടുന്നതും മറ്റും മുമ്പു പല ആനുകാലികങ്ങളിലും ചർച്ച ചെയ്തു കണ്ടു.

അത്രത്തോളം പോയില്ലെങ്കിലും പൊതുവായി ചില പഠനങ്ങളുണ്ടാവുന്നതു കലയുടെ ജനകീയതക്കു ഒരു താങ്ങായിരിക്കും.

Submitted by സിബു (not verified) on Thu, 2006-01-19 20:56.

തുളസി, സംശുദ്ധകലാരൂപങ്ങള്‍ക്ക്‌ അങ്ങനെ ഒരു ധര്‍മ്മമുണ്ടെന്ന്‌ ഒരു വാദത്തിനു വേണ്ടിയെങ്കിലു സമ്മതിക്കാം. (അവിടെ അത്‌ കലാകാരന്റെ മോറാലിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു.) എന്നാല്‍ വാണിജ്യാ‍ടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന സിനിമയില്‍ അത്‌ സാധ്യമല്ല. എല്ലാം തീരുമാനിക്കുന്നത്‌ മാര്‍ക്കറ്റാണ് അല്ലെങ്കില്‍ സമൂഹമാണ്. അതുകൊണ്ടുതന്നെ വിറ്റഴിയുന്ന ഉത്പന്നങ്ങള്‍ സമൂഹത്തിനു നേരെ തിരിച്ചു വച്ച കണ്ണാടിയുമാണ്. തനിക്ക് വേണ്ടതെന്ത്‌ വേണ്ടാത്തതെന്ത്‌ എന്ന്‌ തീരുമാനിക്കാനുള്ള പക്വത വ്യക്തിക്കുണ്ടായിരിക്കും എന്ന്‌ മാര്‍ക്കറ്റ് അസ്യൂം ചെയ്യുന്നുണ്ട്‌.

Submitted by Anonymous (not verified) on Sun, 2006-01-22 11:33.

സിബു പറഞ്ഞതുപോലെ കല സമൂഹത്തിനു നേരെ തിരിച്ചുവച്ചിരിക്കുന്ന കണ്ണാടിമാത്രമാണു്. രൂപഭംഗിയില്ലാത്തെ ഒരു വസ്തുവിനു ഭംഗിയുള്ള പ്രതിബിംബം നല്‍കുവാന്‍ അതിനു തീര്‍ച്ചയായും കഴിയുകയുമില്ല. സമൂഹത്തിനോടുള്ള കടപ്പാടുകള്‍ കലയുടെയും കലാകാരന്മാരുടെയും മേല്‍ കെട്ടി വച്ചിട്ടുള്ള അധികഭാരവുമാണു്. സാമൂഹ്യനന്മ എന്നു പ്രഖ്യാപിത ലക്ഷ്യമുള്ള കലയുണ്ടെങ്കില്‍ അതു അനുഷ്ഠാനകലകള്‍ മാത്രമാണു, അവയെയാകട്ടെ കലയെന്നു വിളിക്കുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നുമില്ല. കല ആത്യന്തികമായി ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രതിബിംബം‍ മാത്രമാണു, മുഖത്തു അഴുക്കുണ്ടെന്നു കാണിച്ചുകൊടുക്കുന്ന കണ്ണാടിപോലെ. എന്നു പറഞ്ഞു കണ്ണാടിയോടു എന്റെ മുഖത്തെ അഴുക്ക് കാട്ടരുതെന്നു പറയാമോ? ശിവന്‍ ഇതേ സൈറ്റിലെ സംവാദം സെക്ഷനില്‍‍ പറഞ്ഞകാര്യം തന്നെയാണു എനിക്കും പറയുവാനുള്ളതു, വീടുകളില്‍ ഈ കലാപരിപാടികള്‍ (അടിയും തൊഴിയും) നടക്കുന്നിടത്തോളം സിനിമയിലും അതു കണ്ടേയ്ക്കും.

സിനിമയിലാണോ ആദ്യം സ്ത്രീ പീഡനം നടന്നതു അതോ വീടുകളിലാണോ? എന്നിങ്ങനെയുള്ള മുട്ട-കോഴി സമസ്യയ്ക്ക് ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല,

രാജ്

Submitted by sunil (not verified) on Sun, 2006-01-22 14:18.

"സമൂഹത്തിനോടുള്ള കടപ്പാടുകള്‍ കലയുടെയും കലാകാരന്മാരുടെയും മേല്‍ കെട്ടി വച്ചിട്ടുള്ള അധികഭാരവുമാണു്. "അങ്ങനെയാണോ രാജ്? ഈ കടപ്പാടുകള്‍ എല്ലാവര്‍ക്കും തൊഴിലാളിക്കും സാധാരണമനുഷ്യര്‍ക്കും തൂണിനും തുരുമ്പിനും ഒക്കെ വേണ്ട ഒന്നല്ലേ? ആണ് എന്നൌതന്നെയാണെന്റെ അഭിപ്രായം. മനുഷ്യസമൂഹം നിലനില്‍ക്കണമെങ്കില്‍ ഈ “അധികഭാരം” പേറാന്‍ ബാക്കിയെല്ലാ മനുഷ്യരും എന്നപോലെ എഴുത്തുകാരന്‍/കലാകാരനും തയ്യാറാകണം. ഇത്‌ സമൂഹത്തില്‍ അവശ്യം വേണ്ട ഒരു ഘടകമാണ്.

-സു-

Submitted by സുദീപ് (not verified) on Sun, 2006-01-22 21:46.

എഴുത്തുകാരെ ആരും ചുമതലയേല്‍പ്പിച്ചു കൊടുത്തതല്ല ഇതൊന്നും. അധികം പണ്ടല്ലാത്തൊരു കാലത്ത്, എഴുത്തുകാര്‍ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ കൂടിയായിരുന്നു. പുരോഗമന സാഹിത്യത്തിന്റെ ലക്ഷ്യം മറ്റെന്തായിരുന്നു? പിന്നെ വന്ന ആധുനികര്‍ പൊതുവില്‍ അലസരും അസന്മാര്‍ഗ്ഗികളും ആയിപ്പോയത് ആരുടെയും തെറ്റല്ല. അവര്‍ മേല്പറഞ്ഞ ചുമതലകളൊക്കെ താങ്ങാ‍നാവാതെ കയ്യൊഴിഞ്ഞു. ചിലരൊക്കെ ഈ അധികബാധ്യത ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കല്ലേ എന്നും പരസ്യമായി പറഞ്ഞു. അവര്‍ക്കതിനൊന്നും സമയമില്ലായിരുന്നു. ഇപ്പോള്‍ ഉത്തരാധുനികരും ഏതാണ്ട് അതേ ലൈനിലാണെന്നു തോന്നുന്നു. അവര്‍ക്കെവിടെ സമയം!!!

കല സമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടിയെന്നൊക്കെ ഇനി പറയാനാവുമോ? സംശയമുണ്ട്... സമൂഹത്തിനോട് പ്രതിബദ്ധതയില്ലാത്ത എഴുത്തുകാരന്‍ സമൂഹത്തിനു നേരെ കണ്ണാടി പിടിച്ചൊന്നും എഴുതുമെന്നു തോന്നുന്നില്ല. അവനിപ്പോള്‍ പണം പ്രശസ്തി അവര്‍ഡ് തുടങ്ങിയ എളുപ്പവഴികളിലാണ് കണ്ണ്. അതുകൊണ്ടാണ് ഷക്കീലയും കിന്നരത്തുമ്പികളും നളിനിജമീലയുമൊക്കെ ഉണ്ടാകുന്നതും.

Submitted by അനസ് (not verified) on Tue, 2006-01-24 12:04.

സിബുവും രാജും പറയുന്നതു പോലെ സിനിiമസമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണെന്നതിൽ എനിക്ക് അത്ര വിശ്വാസം പോരാ.
(അങ്ങനെയുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്നല്ല. പക്ഷെ 100-ലൊന്നോ രണ്ടോ മാത്രം.) ബാക്കിയുള്ളവ പൊതുവെ മാർക്കറ്റിങ് ലക്ഷ്യമാക്കിയുള്ള പതിവ് ഗിമ്മിക്കുകളാണ്. ശിവൻ പറഞ്ഞതു പോലെയുള്ള ഒരാസൂത്രിത ബുദ്ധി വൈഭവം ഇതിന്റെ പിന്നിലുണ്ട്. മാര്‍ക്കറ്റിൽ ലഭ്യമായ സാധങ്ങളുടെ തിരഞ്ഞെടുപ്പു മാത്രമെ, പ്രേക്ഷകനു ലഭിക്കാറുള്ളു എന്നതാണ് വസ്തുത. ഇത്തരം ഗിമ്മിക്കുകൽ സൃഷ്ടിക്കുമ്പോഴുണ്ടാകുന്ന ഏക പക്ഷീയമായ ചില ചേരിതിരിവുകളും പക്ഷപാത നയങ്ങളും ആണു ഈ ചർച്ചയുടെ കാതൽ

സാമൂഹ്യ പ്രതിബദ്ധത എല്ലാവർക്കുമുണ്ടാകേണ്ട ഒന്നാണെങ്കിലും, കലാകാരൻ സ്വയമേറ്റെടുത്തതാണു സമൂഹത്തിനോടുള്ള കടപ്പാടുകൾ. അതു ചെയ്യാൻ അവനെ നിർബന്ധിക്കാൻ പാടില്ലെങ്കിലും മനസ്സാ:ക്ഷിയോടു കൂറു പുലർത്താനെങ്കിലും കലാകാരന്മാർക്കു അതു നിർവ്വഹിച്ചു കൂടേ?

Submitted by kunhikannan vanimel (not verified) on Fri, 2007-09-14 13:29.

cinema, it's a way to life and culture. kunhikannan vanimel. email: kkvanimel@yahoo.com

Submitted by ചിത്രഭാനു (not verified) on Wed, 2010-03-24 12:33.

ഓരോ സംവിധായകനെയും എടുത്ത് നാം പരിശോധിച്ചാലും ഇതു തന്നെ അവസ്ഥ. മലയാളസിനിമക്ക് കുറച്ചെങ്കിലും വ്യത്യസ്ത കാഴ്ച്ചകള്‍ നല്കുന്ന സംവിധായകനായ ബ്ലസ്സിയെത്തന്നെ നോക്കുക.
ബ്ലസ്സി ഒരു പ്രതിനിധി മാത്രമാണു. ബാക്കിയുള്ളവരുടെ കാര്യം പറയാതിരിക്കയാണു ഭേദം. സ്ത്രീധനം എന്ന ഏര്‍പ്പാടിനെ ന്യായീകരിക്കുന്നതാണു ഭാഗ്യദേവത എന്ന സത്യന്‍ അന്തിക്കാട് സിനിമ. ഷാജി കൈലാസ് പ്രഭൃതികളെപ്പറ്റി പറയാതിരിക്കലാണു ഭേദം.