തര്‍ജ്ജനി

യാത്ര

യമുനോത്രി - നാല്

മഹാവീര്‍സിംഗ് റാണാ ആശ്രമത്തിലെ അന്തേവാസിയല്ല. ഗായത്രി പരിവാറിന്റെ പ്രവര്‍ത്തകനും ഗായത്രി സാധകനുമാണ്. നാലു വര്‍ഷമായി അദ്ദേഹം യമുനോത്രിയിലെ ജനങ്ങള്‍ കടന്നു ചെല്ലാത്ത ഒരു മലയുടെ ഉച്ചിയില്‍ കുടില്‍ കെട്ടി ഗായത്രിധ്യാനത്തില്‍ ലീനനായി സാധന തുടരുകയാണ്. രാത്രി ആശ്രമത്തില്‍ താമസിക്കാനുള്ള അനുവാദമുണ്ട്. നാലു ദിവസം മുമ്പ് ധ്യാനത്തിനിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായത്രേ. രണ്ടു പേര്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു എന്നു് ഉള്ളില്‍ നിനും ആരോ പറയുന്ന അനുഭവം. അതിനാല്‍ മൌനവ്രതം അവസാനിപ്പിച്ചു് അജ്ഞാതരായ ആ രണ്ടുപേരെയും കാത്തിരിക്കുകയായിരുന്നു. ഇന്നു ഞങ്ങളെ കണ്ടതോടെ ദാ ആ രണ്ടു പേര്‍ വന്നിരിക്കുന്നു എന്ന് വീണ്ടും ഉള്ളില്‍ നിന്നും ശബ്ദമുണ്ടായി.

സംഭവം വളരെ കൌതുകകരമായി തോന്നി. ഒരു രജപുത്രകുടുംബത്തില്‍ ഭൂവുടവയായ പ്രഭുവിന്റെ മകനായി ജനിച്ചതാണ് റാ‍ണ. ആളെ കണ്ടാല്‍ അതു നുണയല്ല എന്നു മനസ്സിലാകും. കഴിയാവുന്നത്ര തിന്മകളുടെ മാര്‍ഗ്ഗത്തിലൂടെയെല്ലാം സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നതാണത്രെ കൌമാരയൌവനങ്ങളില്‍ ലഭിച്ച ഭാഗ്യം. ലഭിക്കാവുന്ന എല്ലാ സുഖസൌകര്യങ്ങളും ലഭിച്ചിട്ടും ഉള്ളില്‍ സമാധാനം മാത്രം കിട്ടാതായപ്പോള്‍ ഭൌതികതയ്ക്കു് മനുഷ്യമനസ്സിനെ ശാശ്വത സമാധാനത്തില്‍ എത്തിക്കാന്‍ ആവില്ലെന്നറിയുകയും പിന്നീടുള്ള അന്വേഷണം ഗായത്രിപരിവാറിന്റെ ഗുരുവിന്റെ അടുത്തെത്തിക്കുകയും ചെയ്തത്രെ. അദ്ദേഹത്തില്‍ നിന്നും ഗായത്രിമന്ത്രദീക്ഷയെടുത്ത് നേരെ യമുനോത്രിയ്ക്കു വരികയായിരുന്നു. സീസണ്‍ മുഴുവന്‍ ഇവിടെ കഴിഞ്ഞു മഞ്ഞു വീഴാന്‍ തുടങ്ങിയാല്‍ നാട്ടിലെത്തി സാധന തുടരും. ഇപ്പോള്‍ റാണയില്‍ നിന്നും അനേകം പേര്‍ ദീക്ഷിതരായിട്ടുണ്ട്.

ഔപചാരികമായ പരിചയപ്പെടുത്തലിനുശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി. അദ്ധ്യാത്മജീവിതത്തില്‍ ലോകത്തിനു മാതൃകയായിരിക്കേണ്ട ഭാരതം നാണം കെട്ടവിധം ആ വിഷയത്തില്‍ അധഃപതിച്ചു പോയെന്നും അതിനാല്‍ ഭാരതീയരില്‍ പുതിയൊരുണര്‍വ്വുണ്ടാകാന്‍ സംഘടിതമായ ഒരു ശ്രമം നടത്തേണ്ടതുണ്ടെന്നും ഗായത്രിപരിവാറിന്റെ മുഖ്യശ്രേണിയിലേക്കു നിങ്ങള്‍ വരണമെന്നും കേരളത്തിലും സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആദരവോടെ പറഞ്ഞു. യമുനോത്രിയിലെ പാണ്ടകളുടെ പണത്തിനു വേണ്ടിയുള്ള ആര്‍ത്തിയും ക്ഷീണിച്ചവശരായെത്തുന്ന ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതുമൊക്കെ കാണുമ്പോള്‍ ഒറ്റയടിക്ക് എല്ലാറ്റിനെയും കൊന്നു കളയാനാണ് തോന്നുന്നതെന്ന് അദ്ദേഹം രോഷത്തോടെ കൂട്ടിച്ചേര്‍ത്തു. ഏറ്റവും രസകരമായത് പൂര്‍വ്വജന്മങ്ങള്‍ അറിയാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് പറഞ്ഞതാണ്. കഴിഞ്ഞ ജന്മത്തില്‍ ഞങ്ങള്‍ ആരായിരുന്നുവെന്നു് അദ്ദേഹത്തിനറിയാമെന്നും അദ്ദേഹവും ഞങ്ങളും അതുപോലെ അദ്ദേഹത്തിനറിയാവുന്ന അനേകം പേരും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു എന്നും അവരെയെല്ലാം വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ക്ക് അതൊക്കെ കുറച്ചു നാളുകള്‍ക്കുള്ളില്‍ ബോദ്ധ്യമാകുമെന്നും അയാള്‍ ഉറപ്പിച്ചു പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയ അവര്‍ വീണ്ടും ഈ ജന്മത്തില്‍ ഒന്നിച്ചു ചേര്‍ന്നുകൊണ്ടിരിക്കയാണെന്നും ഇനി ദക്ഷിണേന്ത്യയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അതിനുള്ള തുടക്കമായാണ് നിങ്ങളെ കണ്ടുമുട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിനു പറയാനുള്ളതെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ഗായത്രിയോട് പറഞ്ഞു ഇനി ഞാന്‍ പറയുന്നതെല്ലാം ഒന്നു പറഞ്ഞു കൊടുത്തേക്കു്:

“സുഹൃത്തേ, നിങ്ങള്‍ വിചാരിക്കുന്നതു പോലെയുള്ള ആളുകളല്ല ഞങ്ങള്‍. കഴിഞ്ഞ ജന്മം, ഇനി വരാനുള്ള ജന്മം ഇത്യാദി വിഷയങ്ങള്‍ ഞങ്ങളെ അല്പം പോലും അലട്ടുന്നില്ല. ഭാരതീയര്‍ മുഴുവന്‍ ഒന്നായി നിന്നു പ്രവര്‍ത്തിച്ചു നേടേണ്ടതാണ് ആദ്ധ്യാത്മികത എന്നു ഞങ്ങള്‍ കരുതുന്നുമില്ല. അതു് ജാതിമതവര്‍ഗ്ഗവര്‍ണ്ണദേശഭേദമന്യേ ഓരോരുത്തരും സ്വപ്രയത്നത്തിലൂടെ ഉള്ളില്‍ കണ്ടെത്തേണ്ട സന്തോഷമാണ്. ആരോഗ്യത്തെ ഹനിക്കുന്ന വികാരവിചാരങ്ങളില്‍ നിന്നും വിവേകപൂര്‍വ്വം ഒഴിഞ്ഞു നിന്ന് പരമ്പൊരുളിനെക്കുറിച്ചുള്ള അറിവിനാല്‍ മോചിതനാകുന്ന ഒരുവനില്‍ വന്നു നിറയുന്ന ആനുഭൂതികത, ഏകലോകാനുഭവത്തിലേക്കാണ് ഒരുവനെ നയിക്കുക. അതു് രാഷ്ട്രീയം പോലുള്ള പ്രവര്‍ത്തനത്തിലൂടെ നടപ്പിലാക്കേണ്ട കാര്യമല്ല.

“ആദ്ധ്യാത്മികതയ്ക്ക് കാലദേശങ്ങളുമായി ഒരു ബന്ധവുമില്ല. പണ്ഡിതന്മാരും പാമരന്മാരും എല്ലാം ഒരേ സ്വരത്തില്‍ വികാരഭരിതരായി പറയാറുണ്ട് ഭാരതം പുണ്യഭൂമിയാണ്, ഋഷിമാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് എന്നൊക്കെ. നമ്മുടെ ബോധമണ്ഡലത്തിന്റെ വികാസമില്ലായ്മയാണ് നമ്മെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതു്. ഋഷി കാലത്തിന്റെയോ ദേശത്തിന്റെയോ അല്ല. അവന്‍ ഈ പ്രപഞ്ചത്തിലാണു് ജനിച്ചു വീഴുന്നതു്. അവനില്‍നിന്നും ഒഴുകുന്ന അറിവിന്റെ സ്പന്ദനങ്ങള്‍ എവിടെയും തങ്ങിനില്‍ക്കുന്നില്ല. ഇന്ത്യാക്കാരന്റെ കാറ്റ്, അമേരിക്കക്കാരന്റെ ആകാശം, യൂറോപ്യന്റെ സൂര്യന്‍ എന്നൊക്കെ നമുക്കു് വേര്‍തിരിക്കാനാവുമോ? കാറ്റു് എവിടെ വീശിയാലും ആകാശം എവിടെ നിറഞ്ഞാലും സൂര്യന്‍ എവിടെ ഉദിച്ചാലും അതിന്റെയൊക്കെ സ്വഭാവം ഒന്നു തന്നെയാണ്.

“അറിവിന്റെയും അറിവു പ്രദാനം ചെയ്ത ആത്മാക്കളെയും കള്ളികളിലൊതുക്കുന്ന ഒരു പ്രവണതയെയും അംഗീകരിക്കാത്ത ഗുരുക്കന്മാരുടെ തണലില്‍ കഴിയുന്നവരാണ് ഞങ്ങള്‍. ബുദ്ധനായാലും ഋഷികളായാലും ലാവോസുവായാ‍ലും മുഹമ്മദുനബിയായാലും യേശുക്രിസ്തുവായാലും അവരെല്ലാം പിറന്നു വീണത് ഏതു ദേശത്തിലാണ് ഏതു വര്‍ഗ്ഗത്തിലാണ് എന്നതല്ല പ്രധാനം. നമ്മുടെ ഹൃദയത്തെ കാലദേശങ്ങളെ ഉല്ലംഘിക്കുന്ന ആത്മബോധത്തിലേക്കു് ഉണര്‍ത്താന്‍ അവര്‍ മൊഴിഞ്ഞ വാക്കുകള്‍ക്ക് ശക്തിയുണ്ടോ? ഉണ്ടെങ്കില്‍ പൂര്‍ണ്ണഹൃദയത്തോടെ അതു സ്വീകരിക്കുകയും അനുഭവമാക്കാന്‍ ശ്രമിക്കുകയും ചെയ്യാം. അല്ലാതെ ഇത്തരം നിരര്‍ത്ഥകമായ ആശയങ്ങളില്‍ ജീവിതം പാഴാക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല”

ഗായത്രി വളരെ അനായാസമായി ഞാന്‍ പറഞ്ഞതെല്ലാം ഹിന്ദിയില്‍ അയാള്‍ക്കു പറഞ്ഞു കൊടുക്കുന്നതു കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഗായതി മലയാളം പഠിച്ചു വരുന്നതേയുള്ളൂ. വളരെ ശ്രദ്ധയോടെ കേട്ടതിനുശേഷം അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ പറയുന്നതിനോടു് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഗായത്രി പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ഏകലോകവീക്ഷണമാണ്. എന്നാല്‍ ആദ്യം അതു ഭാരതത്തില്‍നിന്നും തുടങ്ങണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ”.

“ഭാരതത്തില്‍ നിന്നല്ല; എന്നില്‍ നിന്നും ഗായത്രിയില്‍ നിന്നും റാണയില്‍ നിന്നുമാണ്‌ അതു തുടങ്ങേണ്ടത്” അല്പം ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.

സംസാരിച്ചിരുന്നു് സമയം പോയതറിഞ്ഞില്ല. രാത്രിയായിരിക്കുന്നു. ഞങ്ങളോട് അദ്ദേഹത്തോടൊപ്പം ആ മുറിയില്‍ താമസിക്കാമെന്നു് റാ‍ണ പറഞ്ഞു. അവിടെ രണ്ടു കട്ടിലും ആവശ്യത്തിനു കമ്പിളിയും ഉണ്ടായിരുന്നു. തണുപ്പു കൂടിക്കൂടി വരുന്നതിനനുസരിച്ച് ഞങ്ങള്‍ ഓരോരോ കമ്പിളികള്‍ കാലില്‍ വലിച്ചിട്ടു് അതില്‍ കൈ രണ്ടും പൂഴ്ത്തിവെച്ചാണ് സംസാരിച്ചുകൊണ്ടിരുന്നതു്. അഞ്ചു കമ്പിളിയോളം ഇപ്പോഴായിട്ടുണ്ട്. രാം‌ലാലിന്റെ കൂടെ താമസിക്കാമെന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് അങ്ങോട്ടു പോകണമെന്ന് ഗായത്രി പറഞ്ഞു.

രാം‌ലാലെന്ന പേരു കേട്ടതോടെ റാണയുടെ മുഖം വാടി. “അവരെയൊന്നും വിശ്വസിക്കരുത്. ചൂഷകന്മാരും പിടിച്ചു പറിക്കാരുമാണ്. സംസ്കാരമില്ലാത്തവര്‍. അവന്‍ പുറത്ത് ആ പാറയിലാണ് കിടക്കുക. അവിടെ കിടന്നാല്‍ കാറ്റടിച്ച് ജലദോഷം വരും. പണം പിടുങ്ങാനാണ് അവന്‍ ഇതൊക്കെ ചെയ്യുന്നത്. സ്നേഹം കൊണ്ടൊന്നുമല്ല.”

എന്തായാലും രാം‌ലാലിനോട് സംസാരിച്ചിട്ട് തീരുമാനിക്കാമെന്നു പറഞ്ഞു് ഞങ്ങള്‍ എഴുന്നേറ്റു. ഒരു ചായ കുടിക്കണം. വിശക്കുന്നുമുണ്ട്. യമുനോത്രിയില്‍ കറണ്ടില്ല. ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നു പറഞ്ഞ് റാണ ഞങ്ങള്‍ക്ക് ഒരു ടോര്‍ച്ച് തന്നു. ഞങ്ങള്‍ പുറത്തിറങ്ങി. ആകാശത്തിലൂടെ പാഞ്ഞൊഴുകുന്ന മേഘശകലങ്ങള്‍. മറഞ്ഞും തെളിഞ്ഞും വെള്ളിച്ചന്ദ്രന്‍. ചന്ദ്രികയിലലിഞ്ഞ്, പാല്‍പ്പത തുപ്പി പതഞ്ഞൊഴുകുന്ന യമുന. പല്ലു കൂട്ടിയിടിക്കുന്ന തണുപ്പ്. കാറ്റേല്‍ക്കുമ്പോള്‍ സൂചികൊണ്ട് കുത്തുന്നതു പോലെ. എങ്കിലും ഇങ്ങനെ ഇതൊക്കെ അനുഭവിച്ച് അങ്ങ് നിലാവിലോട്ടു നോക്കി നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ധന്യത. തണുപ്പു കുറഞ്ഞു വരുന്നതു പോലെ.

കുറെ സമയം അങ്ങനെ പുറത്തു നിന്നു. പിന്നെ റാണയെ ഒരിടത്തു നിര്‍ത്തി ഞങ്ങള്‍ രാം‌ലാലിന്റെ അടുത്തെത്തി. രാം‌ലാല്‍ പായും കമ്പിളിയും ഒക്കെ വിരിച്ച് കിടക്കാ‍ന്‍ തുടങ്ങിയിരിക്കുന്നു. ‘എവിടെയായിരുന്നു ഇത്രനേരം?’ അധികാരം നിറഞ്ഞ സ്വരത്തില്‍ രാം‌ലാല്‍ ചോദിച്ചു.

‘റാണയുമായി സംസാരിച്ച് സമയം പോയതറിഞ്ഞില്ല. ‘ ഗായത്രി പറഞ്ഞു.
‘അയാള്‍ അത്ര ശരിയല്ല കേട്ടോ’ രാം‌ലാല്‍ നീരസത്തോടെ പറഞ്ഞു. പാണ്ടകളും റാണയും തമ്മിലുള്ള പാരസ്പര്യം അതോടെ ഞങ്ങള്‍ക്കു ബോധ്യമായി.
‘നിങ്ങള്‍ എന്റെ കൂടെയല്ലേ വന്നത്. എവിടെയെങ്കിലും പോകുമ്പോള്‍ ഒന്നു പറഞ്ഞിട്ടു പോകണ്ടെ? എത്ര തിരക്കി നടന്നെന്നോ? ഒരാള്‍ പറാഞ്ഞു നിങ്ങള്‍ അയാളുടെ മുറിയിലുണ്ടെന്ന്.’
‘രാം‌ലാലിന് അങ്ങോട്ട് വരാമായിരുന്നില്ലേ?’ ഗായത്രി സ്നേഹത്തോടെ ചോദിച്ചു.
‘അയാളുടെ മുറിയിലേക്കോ? അതിനു വേറെ ആളെ നോക്കണം. ദൈവമാണെന്നാണ് അയാളുടെ വിചാരം. ലോകത്തെ മുഴുവന്‍ ഇപ്പോള്‍ ശരിയാക്കാമെന്നാ ആളുടെ മോഹം. അഹങ്കാരി.’ രാം‌ലാലിനു ദേഷ്യം കൂടുകയാണ്.

ഞങ്ങള്‍ രാം‌ലാലിന്റെ അടുത്തു ചെന്നിരുന്നു. സമയം എട്ടുമണിയോടടുത്തിരുന്നു. ഗായത്രി പറഞ്ഞു. ‘രാം‌ലാല്‍, റാണയുടെ മുറിയില്‍ കട്ടിലും കമ്പിളിയും ഒക്കെയുണ്ട്. അവിടെ കിടന്നോളാന്‍ അയാള്‍ പറയുന്നു. എന്താ ചെയ്യേണ്ടത്? രാം‌ലാല്‍ ഇനി താമസസൌകര്യമുണ്ടാക്കാന്‍ ബുദ്ധിമുട്ടണമെന്നില്ല.’
‘ഹോ അങ്ങനെയോ? ഞാന്‍ എവിടെയെല്ലാം നടന്നാണെന്നോ നിങ്ങള്‍ക്കു വേണ്ടി കിടക്കയും കമ്പിളിയും ഒക്കെ ഒപ്പിച്ചത്. ദാ നിങ്ങള്‍ക്കു കിടക്കാനാണ് ഞാന്‍ ഇതൊക്കെ വിരിച്ചിട്ടിരിക്കുന്നത്. റാണയെ കണ്ടതോടെ ഞാന്‍ നിങ്ങള്‍ക്ക് ചെറിയവനായി അല്ലേ? നിങ്ങളെ കണ്ടപ്പോള്‍ എന്റെ സഹോദരരാണെന്നു തോന്നി. അതുകൊണ്ടാ ഞാന്‍ ഇതൊക്കെ ചെയ്തത്. അല്ലാതെ നിങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല.’ രാം‌ലാലിന്റെ പരിഭവം കൂടിക്കൂടി വരികയാണ്. അത് അപകടകരമായ നിലയിലെത്തുന്നതിനു മുമ്പ് ഗായത്രി പറഞ്ഞു”
‘ഞങ്ങള്‍ ഇവിടെയേ കിടക്കുന്നുള്ളൂ. എന്തെങ്കിലും കഴിച്ചിട്ടു വരാം. നല്ല വിശപ്പുണ്ട്.’
നിങ്ങളുടെ ഇഷ്ടം പോലെ എന്നും പറഞ്ഞ് രാം‌ലാല്‍ പുതപ്പു വലിച്ച് തലയിലിട്ട് കിടപ്പായി.

ചായക്കടയില്‍ നെരിപ്പോടിനു ചുറ്റും ധാരാളം ആളുകള്‍ ഇരുന്നു ചപ്പാത്തിയും കിഴങ്ങുസബ്ജിയും ചായയും കഴിക്കുന്നു. ഞങ്ങളും കൂട്ടത്തില്‍ കൂടി. റാണയെ കണ്ടതോടെ ചായക്കടക്കാരന്‍ കസേരയൊക്കെ എടുത്തുകൊണ്ടുവന്നു നെരിപ്പോടിനടുത്തു തന്നെ ഇട്ടുതന്നു. എന്നോടും ഗായത്രിയോടും വളരെ ആദരവോടെ റാണ പെരുമാറുന്നതു കണ്ടപ്പോള്‍ ഇവര്‍ വലിയ മഹാന്മാരായിരിക്കും എന്നു കരുതി കടക്കാരന്‍ ഭയഭക്തിബഹുമാനത്തോടെ തൊഴുതു. കറിയും ചപ്പാത്തിയും ചായയുമൊക്കെ സ്പെഷലായി ഉണ്ടാക്കിത്തന്നു. വായില്‍ വയ്ക്കാന്‍ കൊള്ളില്ലായിരുന്നു. പക്ഷേ നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ കണ്ണടച്ച് എല്ലാം വിഴുങ്ങി.

യമുനോത്രിയിലെ എല്ലാ കടക്കാര്‍ക്കും അവിടെ താമസിക്കുന്ന ആളുകള്‍ക്കും റാണയോട് ഭക്തിയും ആദരവും ഉണ്ടെന്ന് ആ രാത്രിയോടെ ഞങ്ങള്‍ക്ക് മനസ്സിലായി. ഭക്ഷണം അകത്തുചെന്നതോടെ തണുപ്പിത്തിരി കുറഞ്ഞു. റാണയോട് നാളെ കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ രാം‌ലാലിന്റെ അടുത്തേക്കു നടന്നു.

രാം‌ലാല്‍ മൂടിപ്പുതച്ചു കിടക്കുകയാണ്. ഉറക്കന്‍ നടിച്ചു കിടക്കുകയാണെന്ന് മനസ്സിലായെങ്കിലും വിളിക്കേണ്ടന്നു തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അകം നിറയെ ചുടുനീര്‍ നിറഞ്ഞ പാറയിലാണ് ഞങ്ങള്‍ കിടക്കുന്നത്. അമ്പലത്തിന്റെ ഉമ്മറം. മുകളില്‍ ഷീറ്റിട്ടിട്ടുണ്ട്. നാലു ഭാഗവും ആകാശം. തൊട്ടു മുമ്പിലൂടെ യമുന സീല്‍ക്കാരത്തോടെ ഒഴുകുന്നു. നിലാവു് യമുനയില്‍ വീണ് പൊട്ടിച്ചിരിക്കുന്നു. പാറയ്ക്കു നല്ല ചൂടുണ്ടായിരുന്നതിനാല്‍ അന്തരീക്ഷത്തിലെ തണുപ്പ് അല്പം പോലും ബാധിക്കുന്നില്ലെ. കമ്പിളിയും പുതച്ച് യമുനയെയും നോക്കി ഞങ്ങള്‍ കിടന്നു.

‘ഇനിയും കമ്പിളി വേണോ?’ രാം‌ലാല്‍ സംസാ‍രിക്കാന്‍ തുടങ്ങി.

അല്പം കഴിഞ്ഞാല്‍ ഇവിടെ നല്ല ചൂടാകും. പിന്നെ നിങ്ങള്‍ കമ്പിളിയെല്ലാം മാറ്റിക്കളയും. അതുകൊണ്ടാണ് ഞാന്‍ അധികം കമ്പിളിയൊന്നും വയ്ക്കാത്തതു്.’
‘ഇതു മതി രാം‌‌ലാല്‍. ഇപ്പോള്‍ തന്നെ നല്ല ചൂടുണ്ട്.’ ഗായത്രി പറഞ്ഞു.

രാം‌ലാല്‍ തിരിഞ്ഞു കിടന്ന് റാണയെയും യമുനോത്രിയിലുള്ള സകലമാനജനങ്ങളെയും കുറ്റം പറയാന്‍ തുടങ്ങി. ദൈവമേ ഇവന്റെ വായൊന്ന് അടഞ്ഞു പോയെങ്കില്‍. ഞങ്ങളിപ്പോള്‍ അതിഥികളാണല്ലോ. സംസാരം കഴിയുന്നതുവരെ മൂളിക്കൊടുക്കേണ്ടി വന്നു. പറഞ്ഞു പറഞ്ഞു രാം‌ലാല്‍ ഉറങ്ങിപ്പോയി. ഞങ്ങളുടെ ഉറക്കം അവതാളത്തിലുമായി. ഗായത്രിയാണ് എല്ലാം അനുഭവിച്ചത്. ഭാഷ അറിയില്ലെന്നത് ഒരു അനുഗ്രഹം കൂടിയാണെന്ന് ഇത്തരം സന്ദര്‍ഭങ്ങളിലാണ് മനസ്സിലാകുക.

പാറയില്‍ നിന്നുള്ള ചൂട് കൂടിക്കൂടി വരികയാണ്. ശരീരം വിയര്‍ക്കാന്‍ തുടങ്ങി. ഞങ്ങള്‍ സ്വറ്ററെല്ലാം ഒന്നൊന്നായി അഴിച്ചു മാറ്റി. കമ്പിളി ഒരു ഭാഗത്തേക്കു മാറ്റി വച്ചു. ചൂടു കുറയുന്നില്ല. തണുപ്പു പെയ്യുന്ന യമുനോത്രിയില്‍ ഉഷ്ണം സഹിക്കാനാവാതെ വിയര്‍ത്തു് കഴിയേണ്ടി വരിക!

തിരിഞ്ഞു മറിഞ്ഞു കിടന്നും എഴുന്നേറ്റിരുന്നും നേരം വെളുപ്പിച്ചു. അല്പം പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. രാം‌ലാല്‍ യാതൊരു പ്രശ്നവും കൂടാതെ കിടന്നുറങ്ങി. സ്വറ്ററിട്ടാല്‍, കമ്പിളി പുതച്ചാല്‍ കൊടും ചൂട്. സ്വറ്ററും കമ്പിളിയും മാറ്റിയാല്‍ പാറയുടെ ചൂട് ശരീരത്തെ പൊള്ളിക്കുന്നു. അങ്ങനെ ആ കാള രാത്രി അവസാനിച്ചു.

ചൂടുനീരുറവയില്‍ കുളിച്ച് ചായ കുടിക്കാനായി കടയില്‍ ചെന്നപ്പോള്‍ റാണ അവിടെയുണ്ട്. രാം‌ലാല്‍ പുലര്‍ച്ചെ എഴുന്നേറ്റ് എങ്ങോട്ടോ പോയിരിക്കുന്നു. റാണയെ കണ്ടതുമുതല്‍ ഞങ്ങളുടെ എല്ലാ ചിലവും അയാളാണ് വഹിക്കുന്നതു്. ചായ കുടിച്ചു കാശുകൊടുക്കാന്‍ ചെന്നപ്പോള്‍ കടക്കാരന്‍ വാങ്ങിയില്ല. കാരണമന്വേഷിച്ചപ്പോള്‍ റാണയെ ചൂണ്ടിക്കാണിക്കുന്നു. റാണ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു.

നല്ല തെളിമയുള്ള പ്രഭാതം. രാത്രി മഴ പെയ്യാതിരുന്നതിനാല്‍ വഴിയില്‍ കെട്ടിക്കിടന്ന വെള്ളമെല്ലാം അല്പം വലിഞ്ഞിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങിയില്ലെങ്കിലും ഒരു കുളി കഴിഞ്ഞപ്പോള്‍ എന്തൊരു ഉണര്‍വ്വാണ്. ഇവിടെയിരുന്ന് സത്യം ശിവം സുന്ദരം എന്നു പറഞ്ഞില്ലെങ്കിലാണ് അത്ഭുതം. പ്രകൃതി മനുഷ്യമനസ്സില്‍ നിറയ്ക്കുന്ന പ്രശാന്തി എത്രയെന്ന് അനുഭവിച്ചറിയണമെങ്കില്‍ ഹിമാലയത്തില്‍ വന്നേ മതിയാകൂ. കാളിദാസനെപ്പോലെയുള്ള കവികളുടെ ഉപമാവിലാസം എങ്ങനെ ഭവിച്ചതാണെന്ന് ഇവിടെ വന്നാല്‍ ബോദ്ധ്യമാകും.

ചായ കുടിച്ചു കഴിഞ്ഞ് ഞങ്ങള്‍ റാണയുടെ ധ്യാനസ്ഥലം കാണാനായി മല കയറാന്‍ തീരുമാനിച്ചു. മഴ പെയ്തു ചളി നിറഞ്ഞ വഴി. കുറ്റിച്ചെടികള്‍ക്കിടയിലൂടെ മുക്കാല്‍ മണിക്കൂര്‍ കയറേണ്ടി വന്നു. യമുനയും അമ്പലവും ജനങ്ങളും എല്ലാം കണ്മറഞ്ഞു. വിശാലമായ ഒരു മൈതാനത്തില്‍ ഞങ്ങളെത്തി. വാഹ്‌! ചുറ്റും ഹരിതവനങ്ങളാല്‍ സമ്പന്നമായ മലനിരകള്‍. അങ്ങകലെ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്നു ഹിമാവൃതമായ പര്‍വ്വതനിരകള്‍.

ഇനി അരമണിക്കൂര്‍ കൂടി മുകളിലോട്ടു കയറണം. ഇവിടെ നിന്നാല്‍ റാണയുടെ കുടില്‍ കാണാം. മലയുടെ ഉച്ചിയില്‍ വൃത്താകൃതിയില്‍ പുല്ലുകൊണ്ട് മേഞ്ഞ മനോഹരമായ തപഃസ്ഥാനം. ചുമരുകളൊന്നുമില്ല. പായ വിരിച്ച് ഞങ്ങള്‍ കുടിലിലിരുന്നു. തൊട്ടുമുമ്പില്‍ ശിവലിംഗരൂപത്തില്‍ ഒരു മല. അതിന്റെ ഇരു വശത്തൂടെയും മാല പോലെ പാലരുവി താഴോട്ടൊഴുകുന്നു.

റാണ പറഞ്ഞു: ഇതു് കൈലാസ്‌നാഥ് മല. മാല പോലെ ഇരു വശത്തൂടെയും ഒഴുകി വരുന്നത് ഗംഗയും യമുനയുമാണ്. യമുന ഉത്ഭവസ്ഥാനത്ത് കുഞ്ഞുങ്ങളെപ്പോലെയാണ്. കളിച്ചു ചിരിച്ചു തുള്ളിച്ചാടി അവള്‍ ഒഴുകി വരും. പെട്ടെന്നവള്‍ വലുതായി ഗൌരവക്കാരിയാകും. കണ്ടില്ലേ, മന്ദിറിനടുത്തൂടെ അവള്‍ ഒഴുകുന്നത്. ആര്‍ത്തട്ടഹസിച്ചാണ് അവള്‍ പാഞ്ഞു പോകുന്നത്. എന്നാല്‍ ഇവിടെ നോക്കൂ, അവള്‍ എത്ര ശാന്തയാണ്. അതിനാലാണ് ഞാന്‍ ഇവിടം ധ്യാനത്തിനായി തിരഞ്ഞെടുത്തത്. ഗുരുവില്‍ നിന്നും മന്ത്രദീക്ഷവാങ്ങി ഏകാന്തതയിലിരുന്ന് ധ്യാനിക്കാന്‍ തീരുമാനിച്ചപ്പോള്‍ യമുനോത്രിയാണ് മനസ്സില്‍ വന്നതു്. ഇവിടെ വന്നു് മന്ദിറിനു സമീപമുള്ള മല നിരകളെല്ലാം ഒന്നു ചുറ്റി സഞ്ചരിച്ചു. അങ്ങനെ ഇവിടെയുമെത്തി. തൊട്ടു മുന്നില്‍ ശിവലിംഗം പ്രത്യക്ഷപ്പെട്ടതുപോലെ ഈ മല കണ്ടു. പിന്നെ യമുനയുടെയും ഗംഗയുടെയും സൌമ്യമായ നൂലൊഴുക്കും. ഇതു തന്നെയാണ് എനിക്കിരിക്കാനുള്ള ഇടമെന്ന് ഉള്ള് പറഞ്ഞു. ഇവിടെ മനുഷ്യരൊന്നും വരില്ല. കൈലാസ്‌നാഥ് മലയുടെ അപ്പുറത്തുനിന്നും പൊന്തി വരുന്ന സവിതാവിനെയും ദര്‍ശിച്ച് ഗായത്രി മന്ത്രം ധ്യാനിച്ച് കഴിഞ്ഞ നാലു വര്‍ഷവും മഞ്ഞു പെയ്യാത്ത സമയമത്രയും ഇവിടെ വന്നു കഴിയുന്നു.‘

കളിന്ദ പര്‍വ്വതത്തിന്റെ അടിവാരത്തിലൂടെയാണ് യമുനോത്രി ഒഴുകുന്നത്. യമുനയുടെ ഉത്ഭവം കളിന്ദപര്‍വ്വതത്തില്‍ നാലായിരത്തിനാനൂറ്റിയിരുപതു മീറ്റര്‍ ഉയരത്തിലുള്ള സപ്തര്‍ഷിക്കുണ്ഡില്‍ നിന്നാണ്. കശ്യപന്‍, അത്രി, ഭരദ്വജന്‍, വിശ്വാമിത്രന്‍, ഗൌതമന്‍, ജമദഗ്നി, വസിഷ്ഠന്‍ എന്നീ ഏഴു ഋഷിമാര്‍ തപസ്സു ചെയ്തിരുന്ന ഇടമായതിനാലാണത്രേ അതിനെ സപ്തര്‍ഷിക്കുണ്ഡ് എന്നു വിളിക്കുന്നതു്. പതിനാറു മണിക്കൂര്‍ സമയമെടുത്ത് കുത്തനെയുള്ള ആ കയറ്റം താണ്ടി ചിലരെല്ലാം അവിടെ പോയിട്ടുണ്ട് എന്നാണ് പറയുന്നത്.

ഞങ്ങള്‍ കുറെ സമയം അവിടെ ഇരുന്നു. എന്തൊരു പ്രശാന്തത. സമയം യമുനയെപ്പോലെ തന്നെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നെന്ന് റാണ വിളിച്ചപ്പോഴാണ് അറിഞ്ഞത്. ‘നമുക്കു പോകണ്ടേ? ഉച്ചയായി‘ എന്നു പറഞ്ഞ് റാണ എഴുന്നേറ്റു. എഴുന്നേല്‍ക്കാ‍നേ തോന്നുന്നില്ല. നൂലു പോലെ ഒഴുകി വരുന്ന യമുനയെ നോക്കിയിരിക്കുമ്പോള്‍ ഇപ്പോള്‍ പിറന്നു വന്ന ഒരു കുഞ്ഞാണെന്നേ തോന്നൂ. എന്തൊരു ഓമനത്തം. ഓടിച്ചെന്നു ഒരുമ്മ കൊടുക്കാന്‍ തോന്നും. അത്രയ്ക്കു നിഷ്കളങ്കത.

തിരിച്ചു നടക്കുമ്പോള്‍ റാണ പറഞ്ഞു: “സാധനയുടെ ഒരു ഘട്ടം കഴിഞ്ഞ സ്ഥിതിയ്ക്ക് നാട്ടില്‍ തിരിച്ചു ചെന്ന് കുരുക്ഷേത്രയില്‍ ഒരു യജ്ഞം നടത്തണമെന്നുണ്ട്. ഗായത്രിപരിവാറിന്റെ എല്ലാ പ്രധാനികളെയും ക്ഷണിച്ച് പ്രശസ്തരായ പുരോഹിതന്മാരെക്കൊണ്ട് വേണം യജ്ഞം നടത്തിക്കാന്‍. നിങ്ങള്‍ തീര്‍ച്ചയായും അവിടെ ഉണ്ടാകണം. വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു സഹായിക്കുകയും വേണം.”

ഞാന്‍ പറഞ്ഞു: “പ്രിയപ്പെട്ട റാണാ, യജ്ഞം ഹോമം എന്നൊക്കെ പറയുന്നതില്‍ ഞങ്ങള്‍ക്കു യാതൊരു താല്പര്യവുമില്ല. അതുകൊണ്ട് ലോകത്തു സമാധാനം ഉണ്ടാകും എന്നു ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല.യജ്ഞം നടക്കേണ്ടത് ഹൃദയത്തിലാണ്. അറിവിന്റെ അഗ്നി കൊണ്ട് ഹൃത്തിലെ അജ്ഞാനമെല്ലാം കത്തി നശിച്ച് ഭസ്മമായിത്തീര്‍ന്ന് ചിദാകാശം ഉണര്‍ന്ന് അനേകമെന്നു തോന്നുന്നതിന്റെയെല്ലാം ഉണ്മ ഏകമെന്നു വെളിപ്പെട്ടു വരുമ്പോള്‍ യജ്ഞം വിജയിച്ചുവെന്നു ഞങ്ങള്‍ കരുതും. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ഗുരുക്കന്മാര്‍ പറഞ്ഞു തന്നിട്ടുള്ളതു്. അല്ലാതെ ബാഹ്യമായ ഹോമയജ്ഞാദികള്‍ ചെറിയ ഗുണങ്ങള്‍ ഉണ്ടാക്കുമെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.”

എത്ര എതിര്‍ത്തു സംസാരിച്ചാലും റാണയ്ക്ക് ഞങ്ങളോടു് ദേഷ്യമോ പരിഭവമോ തോന്നുകയില്ല. സ്നേഹവും ആദരവും വര്‍ദ്ധികുന്നതേയുള്ളൂ. എന്നാല്‍ ഞങ്ങള്‍ പറയുന്നത് അല്പം പോലും ഉള്ളില്‍ സ്വീകരിക്കുന്നില്ലെന്ന് ആളുടെ ഭാവം കണ്ടാലറിയാം. റാണ വീണ്ടും യജ്ഞത്തെക്കുറിച്ചു തന്നെ സംസാരിച്ചു നടന്നു. ഞാന്‍ പിന്നെ അതിനെക്കുറിച്ചു് ഒന്നും പറഞ്ഞില്ല. യജ്ഞം അവസാനിപ്പിച്ച് റാണ തുടര്‍ന്നു, “ഇവിടെ ഞാന്‍ നാലു വര്‍ഷമായി തപസ്സു ചെയ്യുന്നു. ഇനി ഈ സ്ഥലത്ത് മാര്‍ബിള്‍ കൊണ്ട് ഒരു ധ്യാനമന്ദിരം പണിതാല്‍ കൊള്ളാമെന്നുണ്ട്. പലരും സഹായിക്കാമെന്നേറ്റിട്ടുണ്ട്.”

അതുകൊള്ളാം. യമുനോത്രി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശവും ലക്ഷ്യവും മനസ്സിലാക്കിക്കൊടുക്കാനും അല്പസമയം ഹിമവാന്റെ മൌനത്തില്‍ ലീനരായിരിക്കാനും സ്വന്തം ആത്മാവിന്റെ സ്വച്ഛത അനുഭവിക്കാനും അതു സഹായിക്കും. അമ്പലത്തെയും പൂജാരിയെയും തെറി പറഞ്ഞതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ ചെയ്യുന്നതിനെ വിമര്‍ശിച്ചിരുന്നു സമയം കളയാതെ ശരിയെന്നു നമുക്ക് തോന്നുന്നതു് ഒത്തുവരുമ്പോള്‍ ചെയ്യുക. സമാധാനം കിട്ടുന്നിടത്തേക്ക് മനുഷ്യര്‍ എത്തിക്കൊള്ളും. റാണ ഒരുപാട് പണം ചെലവഴിച്ച് യജ്ഞം നടത്തുന്നതിനെക്കാള്‍ പ്രയോജനം ഇവിടെയിരുന്നു ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നന്മയുടെ മാര്‍ഗ്ഗം പറാഞ്ഞുകൊടുത്താല്‍ ഉണ്ടാകും. കഷ്ടപ്പെട്ട് തളര്‍ന്ന് ഇവിടെയെത്തുന്ന തീര്‍ത്ഥാടകന്റെ മനസ്സ് അഹങ്കാരം കുറഞ്ഞ് തുറന്നിരിക്കും. അത് നല്ല കാര്യങ്ങള്‍ ഉള്ളില്‍ പ്രവേശിക്കാന്‍ ഇടനല്‍കും.

ഷൌക്കത്ത്
Subscribe Tharjani |
Submitted by Kumar (not verified) on Sat, 2006-01-14 16:35.

Shoukath, Could you please inform us about the time and how to visit Himalayam?

Submitted by Manu Narayanan (not verified) on Tue, 2011-01-11 20:53.

For malayalis, april - june is suitable. also, Chardhams - Badrinath, kedarnath,Yamunotri,Gangotri are open only during March,April,May.... for six months a year.
However, Rishikesh,Haridwar,Joshimath etc. can be visited at any time.