തര്‍ജ്ജനി

കാഴ്ച

കോവിലന്‍ ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍

ഫോട്ടോ : കെ.ആര്‍.വിനയന്‍
കുറിപ്പു് :കെ.വി.സുബ്രഹ്മണ്യന്‍

1958 ല്‍ കോവിലന്‍ എ മൈനസ് ബി പ്രസിദ്ധീകരിക്കുന്ന കാലത്തു് മലയാളനോവലിലെ കഥാഗതി എം.പി. പോളിനു് ആമുഖം, ഉദ്വേഗം, പ്രതീക്ഷ, വിമോചനം, നിര്‍വഹണം എന്നിങ്ങനെ പാദപാര്‍ശ്വശീര്‍ഷങ്ങള്‍ അടയാളപ്പെടുത്തി തന്റെ നോവല്‍സാഹിത്യത്തിനു വേണ്ടി ഗ്രാഫ് പേപ്പറില്‍ വരച്ചെടുക്കാവുന്ന തരത്തില്‍ വളരെ കൃത്യതയുള്ളതായിരുന്നു. 1930ല്‍ പുറത്തുവന്ന നോവല്‍സാഹിത്യം, പിന്നെയും ദശാബ്ദങ്ങള്‍ കഴിഞ്ഞുമാത്രം വളര്‍ച്ചയെത്തിയ നമ്മുടെ നോവല്‍ശാഖയെ അളക്കാന്‍ പറ്റിയ കോലല്ല. എങ്കിലും പോള്‍ പറഞ്ഞ മട്ടില്‍തന്നെ അനുപാതമൊപ്പിച്ച ആരോഹണാവരോഹണങ്ങള്‍ ക്രമപ്പെടുത്തിത്തന്നെയാണു് നോവലുകള്‍ പിറന്നുകൊണ്ടിരുന്നതു്. ആ പരിചിതതാളം തെറ്റിച്ചു എന്നതാണു് കോവിലനെ കേരളസാഹിത്യചരിത്രത്തില്‍ ഒരു പ്രത്യേക അദ്ധ്യായം ആവശ്യമായി വരുന്നതിന്റെ ഒരു കാരണം.

കാര്‍പ്പെന്റര്‍ മുത്തയ്യ, ടെലിമെക്കാനിക്ക് മാധവന്‍, ഫിറ്റര്‍ സേവാസിങ്ങ്, നായക് വിദ്യാധരന്‍, ലാന്‍സ് നായക് വെങ്കിട്ടരാമന്‍ എന്നിങ്ങനെ നിരവധി പേരെ നായകസ്ഥാനത്തുതന്നെ നിര്‍ത്തി വായനക്കാരുടെ ശീലങ്ങളെ എ മൈനസ് ബി കൊണ്ടു് കോവിലന്‍ കലക്കിമറിച്ചു.,

നോവല്‍ എന്നാല്‍ എന്താണെന്ന നിര്‍വചിക്കാന്‍ അദ്ദേഹം നമ്മെ അനുവദിച്ചില്ല. ഇംഗ്ലീഷുകാരന്‍ പറയുന്നതാണു് ഇംഗ്ലീഷ് എന്നു് തന്റെ വ്യാകരണം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ ഒരിന്ത്യന്‍ പ്രൊഫസറോടു് പണ്ട് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞതുപോലെ, കലാകാരനായ നോവലിസ്റ്റു് എഴുതുന്നതാണു് നോവല്‍, വായനക്കാരന്‍ ആഗ്രഹിക്കുന്നതല്ല എന്നാണു് കോവിലന്‍ ഒരുപക്ഷെ കരുതുക.

പിന്നീടു് തോറ്റങ്ങള്‍ വായിച്ചപ്പോഴും ഇതെന്തു്! എന്നു് ആളുകള്‍ അത്ഭുതപ്പെട്ടു. എഴുത്തു് സിദ്ധിയാണെങ്കില്‍ വായന സാധനയാണെന്ന തന്റെ ദര്‍ശനം കോവിലന്‍ ഈ കൃതിയിലൂടെ ഒന്നുകൂടി ഉറക്കെ അവതരിപ്പിക്കുകയായിരുന്നു. മറ്റൊരാള്‍ എഴുതിയതുപോലെ എന്നല്ല താന്‍ തന്നെ മുമ്പൊരിക്കല്‍ എഴുതിയതുപോലെ വീണ്ടും എഴുതുകയില്ല എന്നാണു് കോവിലന്റെ വാശി.

എ മൈനസ് ബി, ഏഴാമെടങ്ങള്‍, ഹിമാലയം, താഴവരകള്‍, എന്നീ നോവലുകളിലൂടെയും പട്ടാളക്കാരും പട്ടാളത്താവളങ്ങളും നിറയുന്ന നിരവധി കഥകളിലൂടെയും പുതിയ മലയാളിയ്ക്കു് ആദ്യമായി ഇന്ത്യയെ കാട്ടിക്കൊടുത്തതും കോവിലനാകുന്നു. എന്നാല്‍ അതു യാത്രാവിവരണം ആയിരുന്നുമില്ല. മനുഷ്യന്‍ എന്ന കാഴ്ചയായിരുന്നു. മനുഷ്യന്‍ എന്ന ദര്‍ശനം ആയിരുന്നു.

കോവിലന്‍ കണ്ടതെന്തു് എന്ന അദ്ദേഹത്തിന്റെ വായനക്കാര്‍ ഇനിയും കുണ്ടുതീര്‍ന്നിട്ടില്ല. നിര്‍ാഗ്യവശാല്‍ അതിനൊന്നും അവര്‍ക്കിപ്പോള്‍ സമയമില്ല. ഇതു് വായനാനന്തരകാലമാണു്. പോസ്റ്റ് റീഡിംഗ് എയ്ജ്. എഴുത്തുകാര്‍ ബാങ്ക് ടെസ്റ്റിനും പബ്ലിക്‍ സര്‍വീസ് കമ്മീഷന്‍ പരീക്ഷകള്‍ക്കും ഒരു മാര്‍ക്കിനുള്ള ചോദ്യം മാത്രമാവുന്ന കാലം.

Subscribe Tharjani |