തര്‍ജ്ജനി

രാജു ഇരിങ്ങല്‍

ഫോണ്‍: 00973 36360845.
ഇമെയില്‍: komath.iringal@gmail.com

Visit Home Page ...

ലേഖനം

സുന്ദരിമരത്തിന്റെപാട്ടും എന്റെ ചങ്ങാതിയും

അകാലത്തില്‍ പൊലിഞ്ഞു പോയ ജ്യോനവനെ കുറിച്ചുള്ള ഓര്മ്മ

ഒരു വര്ഷം മുമ്പാണ് കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 27 നായിരുന്നു ജ്യോനവന്റെ കവിത ഞാന്‍ ആദ്യമായി വായിക്കുന്നതും വിമര്ശിക്കുന്നതും. അത് കവിയോടുള്ള ഇഷ്ടം കൊണ്ടുതന്നെ ആയിരുന്നുവെന്ന് അന്നേ വ്യക്തമാക്കിയുമിരുന്നു. മലയാളം ബ്ലോഗെഴുത്തുകള്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന വേളയില്‍ തലങ്ങും വിലങ്ങും കമന്റുകള്‍ പ്രവഹിക്കുന്ന കാലം. ഇഷ്ടങ്ങളുടെ ഏറ്റവും മുന്പുന്തിയില്‍ ബ്ലോഗ് സ്ഥാനം പിടിച്ച സമയം. ഓഫീസ് സമയത്തിനു മുമ്പും പിമ്പും ഒപ്പവും ബ്ലോഗിലെ വിശേഷങ്ങളും വാര്‍ത്തകളുമറിയാന്‍ ഞരമ്പുകള്‍ ത്രസിക്കുകയും ഓരോന്ന് വായിച്ച് നല്ലത് തിരഞ്ഞു പിടിച്ച്, നാളെ വരാന്‍ ഇത്തിരിയെങ്കിലും ശക്തിയുണ്ട് എന്ന് തോന്നുന്ന കഥയായാലും കവിതയായാലും തികഞ്ഞ ആത്മാര്ത്ഥതയോടെ അഭിപ്രായങ്ങളെഴുതുകയും നിര്ദ്ദേശങ്ങള്‍ പറയുകയും ചെയ്തിരുന്ന ആ കാലം ഏതോ ഒരു ദു:സ്സമയത്ത് ജോനവന്‍ എന്ന കവിയുടെ ‘സുന്ദരിമരത്തിന്റെ പാട്ട്’ എന്ന കവിത വായിക്കുകയും, ‘മോശമില്ല ഭാവിയുണ്ട്’ എന്ന് മനസ്സില്‍ പറയുകയും ചെയ്തു. അങ്ങിനെ ‘കൊള്ളാം എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് പോകുന്ന ഒരാളായിരുന്നില്ല ഞാന്‍. ചൂഴ്ന്ന് നോക്കിയപ്പോള്‍ അവിടവിടെയായ് കവിതകളില്‍ ചില ഏച്ചുകെട്ടലോ കൃത്രിമത്വമോ ഒക്കെ അന്ന് തോന്നി. എന്നിട്ടും എന്തു കൊണ്ടാണ് അതിനിശിതമെന്നോണം വിമര്ശിച്ചത് എന്നതിന് ഉത്തരമില്ല. അല്ലെങ്കില്‍ത്തന്നെ ഉത്തരമില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണ് ജീവിതം. ചിലപ്പോഴൊക്കെ അങ്ങിനെയാണ്. ചില തോന്നലുകള്‍, ചില വിചാരങ്ങള്‍. ചിലതിനെ വിമര്ശിക്കാന്‍ തോന്നിപ്പിക്കുന്ന ചില അകാരണമൊ, കാരണമോ ഉളള തോന്നലുകള്‍ ....

ആരായിരുന്നു ജ്യോനവന്‍?

മലയാള ബ്ലോഗ്സാഹിത്യത്തില്‍ പിച്ചവച്ച് തുടങ്ങിയതു മുതല്‍ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച വ്യക്തിത്വമായിരുന്നു ശ്രീ. നവീന്‍ ജോര്ജ്ജ് എന്ന ജ്യോനവന്‍. സത്യത്തില്‍ പേരിലെ കൌതുകം എന്നെ കൊണ്ടെത്തിച്ചത് വടക്കന്‍പാട്ടിലെ ഉണ്ണിയാര്ച്ചക്കഥകളിലാണ്. വളരെ കൌതുകം തോന്നാം, ചിലപ്പോഴെങ്കിലും. ബ്ലോഗ് എഴുത്തുകളില്‍ പല പല നാമധേയങ്ങളിലാണല്ലോ എഴുത്തുകാര്‍ അറിയപ്പെടുന്നത്. നിരക്ഷരന്‍ എന്ന ബ്ലോഗര്‍ നല്ല സാക്ഷരതയോടുകൂടിയും, കപടന്‍ എന്ന ബ്ലോഗര്‍ സത്യസന്ധമായും ഒക്കെ അരങ്ങ് തകര്ക്കുമ്പോള്‍ പേരുകളുടെ മനശ്ശാസ്ത്രത്തിലേക്ക് ചിലപ്പോഴെങ്കിലും എന്റെ ശ്രദ്ധ തിരിയാറുണ്ട്. ഒരു പക്ഷെ അതായിരിക്കണം ഓരോ പേരിലും ഓരോ പൂവിരിക്കുന്നുവെന്നെനിക്ക് തോന്നിയത്. ജയില്‍പ്പുള്ളിക്ക് കിട്ടുന്ന ഒരു നമ്പര്‍ പോലെ, ഗുണ്ടകള്ക്ക് ചാര്ത്തിക്കൊടുക്കുന്ന കൊടുവാള്‍, ഇടിവാള്‍ തുടങ്ങി ഏതറ്റം വരെയും ബ്ലോഗ് നാമധേയങ്ങള്‍ നീളുന്നു. അവരവര്ക്ക് ഇഷ്ടമുള്ളതു പോലെ. ചില പേരുകള്‍ വളരെ പെട്ടെന്ന് ക്ലീക്ക് ആവുന്നു എന്നതിന് ഉദാഹരണമാണ് ‘നട്ടപ്പിരാന്തന്‍’ തുടങ്ങിയ പേരുകള്‍. അങ്ങിനെ ജ്യോനവന്‍ എന്ന പേര്‍ ആദ്യമുണ്ടാക്കിയ കൌതുകം ഉണ്ണിയാ‍ര്ച്ചയിലെത്തിക്കുകയും ചെയ്തു. പണ്ടെങ്ങോ കേട്ടു മറന്ന കഥയിലേക്ക് നീളുന്ന എന്റെ ജിജ്ഞാസ.

സര്‍വ്വാഭരണവിഭൂഷിതയായ് ഉണ്ണിയാര്ച്ച, പേടിച്ചുതൂറിയായ കുഞ്ഞിരാമന്റെ കൂടെ ഭര്‍ത്തൃഗൃഹത്തിലേക്ക് പോവുമ്പോള്‍ വഴിയരികില്‍ ജോനകപ്പട കാത്തുനിന്നിരുന്നു. ജോനകപ്പടയെ കണ്ട് മുട്ടുവിറച്ച കുഞ്ഞിരാമനെ വകഞ്ഞു മാറ്റി ‘ചുണയുള്ളവര്‍ വരട്ടേ’ എന്ന് ആ പെണ്‍ശബ്ദം അലറി. കഥയുടെ അവസാനം ജോനകപ്പട തോറ്റമ്പി. പറഞ്ഞു വന്നത് ആ ഒരു കഥയാണ് ഈ ഒരു പേര്‍ അന്ന് എന്നെ ഓര്‍മ്മിപ്പിച്ചത് എന്നു മാത്രം. ഇത് ജ്യോനവനോട് പറയുകയും, “ഏയ് അങ്ങിനെയൊന്നുമല്ലെന്നും Neveen George ; എന്നത് ‘Geo + neven’ എന്ന് ചുരുക്കി സ്റ്റൈലാക്കിയതാണെന്നുമുള്ള മറുപടിയായിരുന്നു കിട്ടിയത്. അവിടം മുതല്‍ ബ്ലോഗില്‍ സ്ഥിരമായ ഒരു ചങ്ങാത്തം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞിരുന്നു. കവിത പോസ്റ്റ് ചെയ്യും മുമ്പ് ഇടയ്ക്കെങ്കിലും പരസ്പരം സംസാരിക്കുക പതിവായിരുന്നു. പക്ഷെ ഞാന്‍ കമന്റ് ഇടുന്നത്, അപ്പോഴേക്കും കുറയ്ക്കുകയോ നിര്ത്തുകയോ ചെയ്തിരുന്നു. പിന്നീടൊരിക്കലും ഞാന്‍ ജോനവന്റെ ബ്ലോഗ് സന്ദര്ശിച്ചില്ല എന്നാല്‍ ഗൂഗിള്‍ റീഡര്‍ വഴി പലപ്പോഴും അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചു.

ജ്യോനവന്റെ കവിതയിലിലെ അപൂര്ണ്ണജീവിതം പോലെ മരണത്തിന്റെ സ്പര്ശം കൊണ്ട് മൌനസഞ്ചാരം നടത്തുന്നത് നമുക്ക് വായിച്ചെടുക്കാം. മരണം ജോനവന്റെ വിഷയമല്ലായിരിക്കാം. വിടവാങ്ങുക എന്നുള്ളത് ഈ എഴുത്തുകാരന്റെ വിശ്വാസമേ അല്ലായിരുന്നു. എന്നാല്‍

“'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!.

ഒരു ഉറപ്പുമില്ല രമിക്കുമെന്ന് എന്ന് എഴുതുമ്പോള്‍ അത് ജീവിതത്തിന്റെ അറം പറ്റിയതായി തീരുന്നു. ഒരു കവിതയിലല്ല പല പല കവിതകളിലും അറിയാതെ ജനിക്കുന്ന മരണസാന്നിദ്ധ്യം ഞെട്ടിപ്പിക്കുകയാണിപ്പോള്‍.

വിജാഗിരിയില്‍
ഒരു മലയുടെ നടുക്കെത്തി
നിന്നുപോകലാണു്

ഒന്നിലധികം കര്മ്മകാണ്ഡങ്ങള്‍ നിര്‍വ്വഹിക്കപ്പെടണമെന്ന് നിന്റെ മതവും ചരിത്രവും നിന്നെ പഠിപ്പിക്കുമ്പോള്‍ ഒരു മലയുടെ നടുക്കെത്തി തിരിച്ച് ഇറങ്ങി വരാനാവാത്തതു പോലെ, അഭിമന്യുവിനെപ്പോലെ നീ നിന്നു പോകുമെന്ന്, പടക്കളത്തില്‍ തളര്ന്നു പോകുമെന്ന് ജോനവന്‍ എഴുതി വച്ചിരിക്കുന്നു.

വാതില്‍ തുറക്കുകയെന്നോ
അടയ്ക്കുകയെന്നോ
തിരിച്ചറിയാതെ
പിടിച്ചു നിര്ത്തിക്കളഞ്ഞു.

ഇറക്കമോ കയറ്റമോ
എന്നറിയാതെ ഒറ്റപ്പെട്ടു.

അടച്ചാലും തുറന്നാലും
ഏകാന്തമാണു്.

എന്തായാലും;
ഒരു ഞരക്കം കേട്ടാണു്
നിന്നുപോയതു്,
നിര്ത്തിക്കളഞ്ഞതു്!

വിജാഗിരി എന്ന അവസാനമെഴുതിയ കവിതയില്‍ “വാതില്‍ തുറക്കുകയെന്നോ അടയ്ക്കുകയെന്നോ തിരിച്ചറിയാതെ പിടിച്ചു നിര്ത്തിക്കളഞ്ഞു“ എന്ന് വ്യക്തമായി എഴുതുന്നു ജ്യോനവന്‍. അപകടത്തിന്റെ ഏഴാമിന്ദ്രിയം വാക്കുകളില്‍ കൂച്ചു വിലങ്ങിടുന്നത് ഇങ്ങനെ:
“ഒരു ഞരക്കം കേട്ടാണു്
നിന്നുപോയതു്,
നിര്ത്തിക്കളഞ്ഞതു്!“

സര്ഗ്ഗാത്മകസാഹിത്യത്തിലും എഴുത്തിലും ഏര്പ്പെടുന്ന എഴുത്തുകാരുടെ വാക്കുകളില്‍, മന്ത്രജപം പോലെ വാക്കുകള്‍ അറം പറ്റുകയോ മരണം മണക്കുകയോ അപകടം പതിയിരിക്കുന്നത് തിരിച്ചറിയുകയോ ചെയ്യാറുണ്ട്. വിഷാദം തളിരിടുന്ന യാത്രകളിലും പ്രസാദമധുരയാത്രകളിലും മരണത്തെ കൂടെ കൊണ്ടു പോകുന്നവരാണ് സര്ഗ്ഗാത്മകസാഹിത്യകാരന്മാരില്‍ ഒട്ടു മിക്കവരും. അര്ദ്ധോക്തിയില്‍ നിര്ത്തി പൂര്ണ്ണവിരാമമിട്ട് ഇരുളിലേക്ക് നടന്നു പറഞ്ഞ നിരവധി പേര്‍ നമുക്കുണ്ട്. അവര്ക്കിടയിലേക്ക് ജ്യോനവനും.

നവീന്‍ ജോര്‍ജ്ജ്, നിന്റെ ഓര്മ്മകള്ക്ക് മുമ്പില്‍ ഒരു അശ്രുകണം കൂടി.

Subscribe Tharjani |
Submitted by Sapna George (not verified) on Sun, 2009-10-11 10:05.

Good one Raju , and my codolence and tribute to a fellow blogger