തര്‍ജ്ജനി

ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്‌

കുടശ്ശനാട്‌ പി.ഒ., പന്തളം (വഴി) - 689 512
ഫോണ്‍: 04734-250099

Visit Home Page ...

കഥ

നോക്കുകുത്തി

യെന്തു പറയാനായെന്റെ രാജപ്പന്‍ മേശരി, മൂക്കോളം കടത്തി മുങ്ങി നിക്കുവാ ഞാന്‍‌. ആപത്തുകാലത്ത്‌ മനസ്സറിയാതെ ആരും ചെന്നു ചാടിപ്പോകുന്ന ചില വാരിക്കുഴികളുണ്ട്‌. പിന്നെ ആവുന്നത്ര ആഞ്ഞു പിടിച്ചാലും ജന്മത്ത്‌ കേറിപ്പോരാന്‍ ഒക്കത്തില്ല. ഈയെന്റെ കാര്യം നോക്ക്‌. കേറിക്കെടക്കാന്‍ നാലാളു കണ്ടാല്‍ ദോഷം പറയാത്ത ചൊവ്വുള്ളോരു വീട്‌. അത്രെയേ ഞാനും ആശിച്ചൊള്ളൂ. പിന്നെയീ വീട്‌ പണിയുവായെന്നൊക്കെ പറഞ്ഞാല്‌ ആയുസ്സിലൊരിക്കലേ പറ്റുവല്ലോ. അതിച്ചിരി മോടിയിലായിക്കോട്ടേയെന്ന് ഞാനങ്ങ്‌ കരുതിപ്പോയി. അതാ കുരിശായത്‌. ഭേതപ്പെട്ട ഈ സ്ഥലം വാങ്ങിയപ്പോഴേ കൈയിലുണ്ടായിരുന്ന്തൊക്കെ തീര്‍ന്നു. തൊടങ്ങിപ്പോയില്ലെ, നാട്ടുകാരുടെ കണ്ണില്‍ മാസാമാസം സര്‍ക്കരിന്റെ കാശ്‌ എണ്ണി വാങ്ങിക്കൊന്നോനായിപ്പോയില്ലെ. യെന്നാപ്പിന്നെ തീര്‍ത്തിട്ടുതന്നെ കാര്യമെന്ന്‌ വിചാരിച്ച്‌ രണ്ടും കല്പിച്ചങ്ങിറങ്ങി. സാലറി സര്‍ട്ടിഫിക്കറ്റും സ്വര്‍ണ്ണപ്പണയവുമൊക്കെയായി ബാങ്കീന്ന്‌ കുറേ തൊകയൊപ്പിച്ചു. അടിത്തറ പണിഞ്ഞപ്പോഴേയത്‌ തീര്‍ന്നൂ. അങ്ങനെ കുറേനാള്‍ പണി എഴഞ്ഞത്‌ മേശരിക്കും അറിയാമെല്ലോ. പിന്നെയും നുള്ളിപ്പെറുക്കിയതും അരിഷ്ടിച്ചും കുറേ കാശ്‌ സംഘടിപ്പിക്കും നാലു ദെവസത്തിനകം അതും ശ്ശൂ... എനിക്കണേങ്കി ഒടുക്കാനെക്കൊണ്ട്‌ ഒരു വാശീം കേറി, കാലക്കേടിന്റെയാ. ഒക്കുന്ന രീതിയിലെല്ലാം വായ്പ, കൂടെ ജോലിചെയ്യുന്നവരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ്‌ കരഞ്ഞും പിഴിഞ്ഞും വാങ്ങിച്ച്‌ ലോണ്‍ ബ്ലേഡ്‌ തമിഴന്റെ വട്ടിപ്പലിശ, അങ്ങനെ കാശ്‌ കിട്ടാവുന്നിടത്തു നിന്നെല്ലാം ഒപ്പിച്ചു. എന്തു കിട്ടിയാലും ഒന്നുരണ്ടാഴ്ചക്കകം തീരും.

വീടു പണിയാണെങ്കി കോണ്‍ക്രീറ്റിലായതെയുള്ളൂ. ഇനിയുമാ കാശ്‌ നല്ലപോലെ ചെലവാകുന്നത്‌. എത്ര കാലമാ ഇനി. അതിനിടെ സിമിന്റിനും മണലിനും ഇഷ്ടികക്കും പത്തിരട്ടി വെല കേറി. നാളെയെന്തു ചെയ്യുമെന്ന് ആലോചിച്ച്‌ കണ്ണിലിരുട്ടു കേറിയിരിക്കുവാ ഞാന്‍. അപ്പൊഴാ നിങ്ങടെയൊരു നോക്കൂത്തി. അതൊണ്ടാക്കനൊരു അയ്യായിരവും. അല്ല മേശരി, യെനിക്ക്‌ അറിയാന്‍വയ്യാഞ്ഞിട്ട്‌ ചോദിക്കുവാ. ഈ കോലംകെട്ടു കിടക്കുന്ന വീടിനാരാ കണ്ണിടുന്നത്‌. അയ്യായിരം രൂപയുണ്ടായിരുന്നെങ്കീ ഞാനൊരു കടക്കാന്റെയെങ്കിലും പലിശ കൊടുത്തു തീര്‍ത്തേനെ. നാലു ബാങ്കീന്നാ നോട്ടീസ്‌ വന്നിരിക്കുന്നത്‌. അവരുടെ പലിശയെത്രയും പെട്ടന്ന് അടയ്ക്കണമെന്ന്‌. എന്തു ചെയ്യണമെന്ന്‌ ഒരു രൂപവുമില്ല. പ്രാന്തു പിടിക്കുന്നതുപോലെ. ഈ സ്ഥലവും പണിതീരത്ത വീടും കൂടി വിറ്റാലും കടത്തിന്റെ പാതി പോലും തീര്‍ക്കാന്‍ പറ്റില്ല. കടക്കാരെ പേടിച്ച്‌ ഒരാഴ്ച്യായി വീടിന്‌ പുറത്തിറങ്ങിയിട്ട്‌. ഓഫീസീ പോകാന്‍ പോലും വയ്യാ. എല്ലായിറ്റത്തും കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും. അവര്‌ പറയുന്നതിലും കാര്യമുണ്ട്‌. മുന്‍പിന്‍ നോക്കാതെ ഓരോന്നിലും ചെന്നു ചാടിയിട്ട്‌. ഭാര്യേടെ , മക്കടെ മുഖത്തു നോക്കാന്‍ വയ്യ. നെഞ്ചുപൊട്ടി ചത്തു പോകുന്നതുപോലെ, എനിക്കിനി വയ്യ മേശരീ, നാളെ നമുക്കിച്ചിരി പണിയുണ്ട്‌ അതിനു മുമ്പ്‌ ആ നോക്കുകുത്തി, അത് ഞാന്‍ തന്നെ ശരിയാക്കാം. കാലണ ചെലവില്ലാതെ, നല്ല ഒര്‍ജിനലൊരെണ്ണം. നാളെ തന്നെ മിക്കവാറും നിങ്ങ്ക്ക്‌ അത്‌ കാണാം.

ഈ സാറിനെ സമ്മതിക്കണം. നേരുള്ളോനാ, അഞ്ചാറു കൊല്ലമായി വീടുപണിയുമായി ഇവിടെ കൂടിയിട്ട്‌. അങ്ങേര്‌ വാക്കു പാലിക്കുന്നത്‌ ഇതാദ്യമാ. ഇനിയും തെകക്കാന്‍ കിടക്കുന്ന ആ ഒന്നാം നിലയിലേ ആ നോക്കുകുത്തി കണ്ടോ. എന്തൊരു ചന്തം. അത്‌ അവിടെ വെക്കണമെന്നായിരുന്നു എന്റെ മനസ്സിലും. അതാ സാറെങ്ങനെ അറിഞ്ഞോ യെന്തോ. അതിശയം തന്നെ. ഒത്ത ഒരെണ്ണം തന്നെ, നല്ല ഒര്‍ജിനല്‍. നോക്കുകുത്തീന്ന്‌ പറഞ്ഞാ ഇങ്ങനെ വേണം. തിരിഞ്ഞാ കെടക്കുന്നതെന്നേയുള്ളൂ ഇനി കണ്ണേറൊക്കെ അതിന്റെ വഴിക്കു പോകും.

ഹാ, ദൂരെനിന്നു കാണുന്നതുപോലല്ല, അടുത്തു കാണുമ്പം. പക്ഷേ എന്തോയൊരു പന്തികേട്‌. ഇന്നെലെ സാറിട്ടിരുന്ന ഉടുപ്പും പാന്റുമല്ലേ അതും ഇട്ടിരിക്കുന്നത്‌. നേരാ, സാറിനെപ്പോലെയുണ്ട്‌ ഈ നോക്കുകുത്തിയും..

അയ്യോ...

ഓടിവരണേ, നമ്മുടെ സാറ്‌....

Subscribe Tharjani |
Submitted by ചന്ദ്രശേഖരന്‍ പി (not verified) on Sat, 2009-10-10 21:03.

രസമുണ്ട്‌

Submitted by Anonymous (not verified) on Thu, 2009-10-29 21:22.

ഇവിടെ നോക്കുകുത്തി കവിതയാണ്!

Submitted by Anonymous (not verified) on Fri, 2009-10-30 17:58.

ഇഷ്ടപ്പെട്ടു

Submitted by suresh gangadhar (not verified) on Fri, 2009-11-27 23:02.

good story