തര്‍ജ്ജനി

മുഖമൊഴി

വിശുദ്ധപശുക്കളും കന്നുകാലികളും

ശശി തരൂരിനെ നാം അറിയുന്നതു് എഴുത്തുകാരന്‍ എന്ന നിലയിലും യുനൈറ്റഡ് നാഷന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലുമാണു്. യു.എന്‍ സെക്രട്ടറി ജനറല്‍ എന്ന പദവി ഇതിനു മുമ്പ് ഏതെങ്കിലും ഒരു ഇന്ത്യാക്കാരന്റെ ആഗ്രഹങ്ങളില്‍ പോലും വന്നിരിക്കാന്‍ ഇടയില്ലാത്തവിധം അപ്രാപ്യമായിരുന്നു. ആ പദവിയിലേക്കു് തെരഞ്ഞെടുക്കപ്പെടാനുള്ള മത്സരത്തില്‍ പങ്കെടുത്ത ഏകഭാരതീയനാണു് ഈ മലയാളി. ഇപ്പോള്‍ അദ്ദേഹം കേന്ദ്രമന്ത്രിസഭയിലെ ഒരു സഹമന്ത്രിയാണു്. ഇതിനകം അദ്ദേഹം വഹിച്ചിട്ടുള്ള ചുമതലകളുമായുള്ള താരതമ്യത്തില്‍ ഇതു് അത്രത്തോളം വലിയ ഒരു പദവിയാണോ എന്നു് ആലോചിക്കാവുന്നതാണു്. മാത്രമല്ല, കാര്യപ്രാപ്തിയിലും കാഴ്ചപ്പാടിലും ശശി തരൂരിനോളം പോരുന്നവരാണോ മന്ത്രിസഭയില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നതു് എന്ന കാര്യം കൂടി ആലോചിക്കുക. ശശി തരൂര്‍ യു എന്നില്‍ നിന്നും പിരിഞ്ഞു് ഇന്ത്യയിലെത്തുന്നതോടെ അദ്ദേഹത്തിന്റെ സഹയാത്രികനായി വിവാദം ഉണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ ചേരാന്‍ നിശ്ചയിച്ചു. അദ്ദേഹത്തിനു് ലോക് സഭയിലേക്കു് മത്സരിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ടിക്കറ്റു നല്കി. അദ്ദേഹം കേരളനായരല്ല എന്ന അതീവകൗതുകകരമായ ഒരു കണ്ടെത്തലും ഇതിനിടെ ഉണ്ടായി. കോണ്‍ഗ്രസ്സുകാരുടെ പ്രതീക്ഷകളെപ്പോലും പരാജയപ്പെടുത്തി അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ജയിച്ചു് ലോക് സഭയിലെത്തി. മന്ത്രിസഭയില്‍ അംഗമായി. ഇതിനിടെ വന്ന സമസ്തവിവാദങ്ങളെയും പിന്നിലാക്കി പുതിയവിവാദങ്ങള്‍ ഇതോടെ ഉയര്‍ന്നുവന്നു.

വിശുദ്ധപശുക്കളും കന്നുകാലിക്ലാസ്സുമാണു് ഒരു വിവാദം.പഞ്ചനക്ഷത്രഹോട്ടല്‍വാസമാണു് വേറൊരു വിവാദവിഷയം. വാസ്തവത്തില്‍ ഇവ വിവാദങ്ങളാകുന്നതിലെ ഫലിതമാണു് ആലോചനാരമണീയമായിരിക്കുന്നതു്. നിസ്വജനവിഭാഗങ്ങളോടു് അനാദരം കാണിക്കുന്നതാണു് കന്നുകാലിപ്രയോഗം എന്നതിനാലാണു് വിവാദമാകുന്നതെങ്കില്‍ ആര്‍ഭാടജീവിതമാണു് രണ്ടാമത്തേതിന്റെ പ്രമേയം. നമ്മുടെ രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും നിസ്വജനവിഭാഗത്തോടു് ആദരം പ്രകടിപ്പിച്ചുകൊണ്ടു് പ്രവര്‍ത്തിക്കുന്നതിനിടയില്‍, ഇതിനിടയില്‍, അങ്ങനെയല്ലാതെ ഒരാള്‍ കടന്നുപറ്റി ആ മഹനീയസംസ്കാരത്തെ തകിടം മറിക്കുകയാണെങ്കില്‍ കന്നുകാലിപ്രയോഗം അപലപനീയം തന്നെ. ലളിതജീവതത്തിന്റെ മഹനീയമാതൃകയായി നമ്മുടെ രാഷ്ട്രീയമണ്ഡലം വിരാജിക്കുമ്പോള്‍ അതിനെ താറുമാറാക്കാന്‍ ഒരാള്‍ ആര്‍ഭാടജീവിതത്തിന്റെ സംസ്കാരം ഇതിനിടയില്‍ കടത്തിവിടുന്നുവെന്നാണെങ്കില്‍, തീര്‍ച്ചയായും, അതു് വെച്ചുപൊറുപ്പിക്കാവുന്നതല്ല.

ഇവിടെയാണു് ശശി തരൂര്‍ നമ്മുടെ മാതൃകാരാഷ്ട്രീയനേതാക്കളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതു്. മറ്റെല്ലാവരും ലളിതജീവിതക്കാരും നിസ്വജനപ്രേമികളുമാണു് എന്നു് നടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ പിന്നാമ്പുറക്കഥകള്‍ അറിയാനുള്ള ബോധം ഇക്കാലത്തെ പൊതുജനത്തിനുണ്ടു്. നമ്മുടെ രാഷ്ട്രീയക്കാരില്‍ ശശി തരൂരും അദ്ദേഹത്തെപ്പോലെ ചിലരും മാത്രമേ ആഡംബരക്കാരും നിസ്വജനവിരുദ്ധരുമായുള്ളൂ എന്നു് ആരെങ്കിലും പറയുന്നുവെന്നാണെങ്കില്‍ അതു് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ഫലിതമായി അംഗീകരിക്കാന്‍ നാം ബാദ്ധ്യസ്ഥരാവും. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം ഒട്ടും നിര്‍ബ്ബന്ധമില്ലാത്ത നമ്മുടെ രാഷ്ട്രീയനേതൃത്വം വിശുദ്ധപശുക്കളായി വേഷം കെട്ടുന്നു. പണ്ടുകാലം മുതല്‍ ഈ വിശുദ്ധപശുക്കളാല്‍ നയിക്കപ്പെടുന്നവരെ കഴുതകള്‍ എന്നായിരുന്നു വിളിച്ചിരുന്നതു്. പൊതുജനം എന്ന കഴുത! തികഞ്ഞ ആദരവോടെ, വിധേയത്വത്തോടെ ഈ വിശേഷണം നാം തലങ്ങും വിലങ്ങും പ്രയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നുവല്ലോ. കഴുത എന്നു വിളിച്ചിരുന്നവരെ കന്നുകാലി എന്നുവിളിച്ചാല്‍ അവഹേളനമാകുമോ? എന്താണു് ഇവിടെ വിവാദമുണ്ടാകാന്‍ കാരണം ? കഴുത എന്ന വിളിയില്‍ അപമാനം തോന്നാത്തവര്‍ക്കു് കന്നുകാലിയെന്ന വിളികേട്ടാല്‍ അവഹേളിക്കപ്പെട്ടതായി തോന്നുമോ?

അലക്കുകാരന്റെ വിഴുപ്പുചുമടു് പേറിനടക്കുന്നവനാണു് കഴുത. രാജാക്കന്മാര്‍ക്കു് ആനയും കുതിരയും മൃഗങ്ങള്‍. കര്‍ഷകര്‍ക്കു് ഉഴവുകാളകള്‍. കൈനോട്ടക്കാര്‍ക്കു് തത്ത. അലക്കുകാരനു് കഴുത. ഇങ്ങനെ മൃഗങ്ങള്‍ പല സാമൂഹികവിഭാഗങ്ങള്‍ക്കുമായി പകുത്തു കൊടുത്തിരുന്നുവല്ലോ. കുറുക്കനു് കൗശലം, നായയ്ക്കു് വിധേയത്വം, കുരങ്ങനു് ചാപല്യം എന്നിങ്ങനെ ഗുണങ്ങളും മൃഗങ്ങള്‍ക്കു് കല്പിക്കപ്പെട്ടിരുന്നു. കേമപ്പെട്ട ഗുണങ്ങളും ധര്‍മ്മങ്ങളും അദ്ധ്യാരോപം ചെയ്യപ്പെട്ട മൃഗങ്ങള്‍ വീരന്മാര്‍ക്കും രാജാക്കന്മാര്‍ക്കും വിശേഷണങ്ങളായി. വീരകേസരി എന്നതു് എന്തായാലും അവഹേളിക്കാന്‍ ഉദ്ദേശിച്ചു് നല്കുന്ന വിശേഷണമല്ല. കാര്യം എന്തു തന്നെയായാലും ഈ മൃഗങ്ങളല്ല വിശേഷണത്തിന്റെ യോഗ്യതയും അവഹേളനവും നിശ്ചയിച്ചിരുന്നതു്, മൃഗങ്ങളെ ഉപയോഗിച്ച മനുഷ്യരാണു്. ആവശ്യം പോലെ മൃഗങ്ങള്‍ക്കു മേല്‍ മതിപ്പിന്റേയും അവഹേളനത്തിന്റേയും മുദ്രകള്‍ അവര്‍ ചാര്‍ത്തി. അവസരം പോലെ അവര്‍ അതു് ഉപയോഗിച്ചു.

ട്വിറ്ററിലെ ഒരു ചോദ്യത്തിനു് ഉത്തരം പറയുമ്പോള്‍ വിശുദ്ധപശു, കന്നുകാലിക്ലാസ്സ് എന്നീ പദപ്രയോഗങ്ങള്‍ നടത്തിയെന്നതാണു് വിവാദത്തിന്റെ കാരണം. നിയമസഭയിലോ ലോക് സഭയിലോ രാജ്യസഭയിലോ അല്ല ഒരു ജനപ്രതിനിധി ഈ പ്രയോഗം നടത്തിയതു്. അനൗപചാരികമായ സൗഹൃദവേദികളാണു് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍. ട്വിറ്ററില്‍ ഒരാളെ പിന്തുരുന്നവരുടെ ചരിത്രവും സാമൂഹികബന്ധങ്ങളും മുന്‍നിര്‍ത്തി വിധിയെഴുത്തു് നടത്തിയാല്‍ എത്രമാത്രം ശരിയാകും? ശശി തരൂരിനാവട്ടെ ധാരാളം പേര്‍ ട്വിറ്ററില്‍ പിന്തുടരുന്നവരായി ഉണ്ടു്. ഈ കുറിപ്പു് തയ്യാറാക്കുമ്പോള്‍ എണ്ണം 2,82,374 ആണു്. അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ എണ്ണം 1,514 ഉം. വിവാദത്തിനു തിരികൊളുത്തിയവര്‍ ട്വിറ്ററിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഈ ജനപ്രതിനിധിയെ ശരിയായി വിലയിരുത്തിയോ? ഇന്റര്‍ ആക്ടീവ് ആകാശവാണിയാണു് ട്വിറ്റര്‍ എന്നു് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടു്. യാതൊരു മുന്‍വിധിയുമില്ലാതെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എത്ര ജനനേതാക്കള്‍ നമ്മുക്കുണ്ടു്? ആഘോഷപൂര്‍വ്വമാണു് നമ്മുടെ ജനപ്രതിനിധികളുടെ ജനസമ്പര്‍ക്കപരിപാടികള്‍. ഒരു സത്യസന്ധനായ വ്യക്തിയെന്ന നിലയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ സാധൂകരിച്ചുകൊണ്ടാണു് മറയില്ലാതെ ജനങ്ങളോടു് സംസാരിച്ച ഒരു മന്ത്രിയെ വിവാദത്തിലേക്കു് നയിക്കുന്നതു്!

ശശി തരൂരിന്റെ ട്വീറ്റുകള്‍ ഒരു രാഷ്ട്രീയക്കാരന്റെ കുറിപ്പുകളല്ല. പഠിച്ചു വരുന്നു, പരിശോധിക്കട്ടെ എന്നിങ്ങനെ തനിക്കു് വ്യക്തമായി അറിയാവുന്ന കാര്യങ്ങളെക്കുറിച്ചുപോലും മാദ്ധ്യമങ്ങളോടു് സംസാരിക്കുന്നവരാണു് രാഷ്ട്രീയക്കാര്‍. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും അവര്‍ക്കു് ജീവവായു പോലെയാണു്. അതില്ലാതെ അവര്‍ക്കു് നിലനില്ക്കാനാവില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങളും പ്രസ്താവനകളും രാഷ്ട്രീയക്കാരന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണു്. അതില്‍ ഭരണപക്ഷ-പ്രതിപക്ഷഭേദമൊന്നുമില്ല. ഈര്‍ക്കില്‍ പാര്‍ട്ടി മുതല്‍ ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന ബഹുജനപ്രസ്ഥാനങ്ങള്‍ വരെ ഈ രീതി അവരുടെ സംസ്കാരമാക്കി മാറ്റിയിട്ടുണ്ടു്. അവിടെ നേരെ കാര്യങ്ങള്‍ പറയുകയും തോന്നിയ കാര്യങ്ങള്‍ നിഷ്കളങ്കമായി വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരാള്‍ കൂട്ടത്തില്‍ വേറിട്ട ഒരാളാണു്. വേറിട്ട ചാനല്‍ എന്നു് കൂട്ടത്തില്‍ ഒരു ചാനലിനെ വിശേഷിപ്പിക്കുന്നതു് പോലെയല്ല ഇവിടെ വേറിട്ട എന്ന വാക്കു് ഉപയോഗിക്കുന്നതു്. കളിയില്‍ എല്ലാവരും പ്രയോഗിക്കുന്ന കൗശലം പ്രകടിപ്പിക്കാന്‍ അറിയായ്കയാലോ അങ്ങനെ ചെയ്യാന്‍ വിസമ്മതിക്കുകയാലോ ആവാം ശശി തരൂര്‍ തന്റെ സ്വത:സിദ്ധമായ രീതി ഉപേക്ഷിക്കാത്തതു്. ഒരു പക്ഷെ ഇക്കാരണത്താല്‍ അദ്ദേഹം ഒരു മോശം രാഷ്ട്രീയക്കാരന്‍ ആയിത്തീര്‍ന്നേക്കാം. എന്നാല്‍ അതു് ജനങ്ങളോടു് അനാദരം പ്രകടിപ്പിക്കുന്നവന്‍ എന്ന നിലയിലാവില്ല. മറ്റു് ഏതു് രാഷ്ട്രീയക്കാരനും കാണിക്കുന്നതിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ അദ്ദേഹത്തിന്റെ പ്രകൃതം വെച്ചു് അനാദരം കാണിക്കാനാകൂ.

ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാര്‍ സഹജമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടു പോലും കണ്ണൂരിലും വടകരയിലും ഇടതുപക്ഷം ഛിന്നഭിന്നമായപ്പോള്‍, പ്രതീക്ഷയില്ലാതിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കേരളനായരല്ല ഈ സ്ഥാനാര്‍ത്ഥി എന്നും നാം കേട്ടു. എന്നിട്ടും തിരുവനന്തപുരത്തെ സമ്മതിദായകര്‍ ഇദ്ദേഹത്തെ ജയിപ്പിച്ചു് ലോക് സഭയിലേക്കു് പറഞ്ഞയച്ചു. എന്തെങ്കിലും ഒരു കാരണമെങ്കിലും കാണുമല്ലോ, അതിനു്. എന്തായിരിക്കാം അതു്? കൊക്കകോളയുടെ ദല്ലാളാണു് ഇദ്ദേഹം എന്നു് തെളിവുസഹിതം വാദിക്കപ്പെട്ടതാണല്ലോ. കൊക്കകോളക്കാരാവുമോ അദ്ദേഹത്തെ ജയിപ്പിച്ചിരിക്കുക? ജനത്തിന്റെ മൊത്തക്കച്ചവടക്കാരെന്നു് മേനിനടിക്കുന്നവര്‍ക്കു് അറിയാത്ത എന്തോ ഒന്നു തന്നെ ഈ വര്‍ഗ്ഗം. അത് കഴുതയോ കന്നുകാലിയോ മറ്റെന്തോ ആവട്ടെ.

Subscribe Tharjani |
Submitted by പ്രേംചന്ദ്. സി. എച്ഛ്. (not verified) on Sat, 2009-10-10 10:25.

അന്ന് ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഒരിന്ത്യക്കാരന്‍റെ രണ്ട് ഉളിപ്പല്ലുകള്‍ ഏതോ സായിപ്പ് അടിച്ച് തെറിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് നമുക്ക് ആഗോളീകരണത്തിനെതിരെ പ്ലക്കാര്‍ഡ് പിടിക്കേണ്ടി വരില്ലായിരുന്നു, ആസ്യാന്‍ കരാറിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കേണ്ടി വരില്ലായിരുന്നു.

എങ്കില്‍ നമുക്ക് സൂര്യനസ്തമിക്കാത്ത മഹാരാജ്യത്തിലെ പ്രജകളായിരുന്ന്, സൂര്യനസ്തമിക്കുന്ന രാജ്യങ്ങളിലെ പ്രജകളെ ചൂഷണം ചെയ്ത് ജീവിക്കാമായിരുന്നു.

കൊളമ്പിലും റംഗൂണിലും ജോഹാനസ് ബര്‍ഗിലും മലയായിലും ലണ്ടനിലും മൌറീഷ്യസിലും ഒക്കെ അന്നത്തെപ്പോലെ ഇന്നും യഥേഷ്ടം സഞ്ചരിച്ച് ജോലി ചെയ്യുകയോ ജോലി ചെയ്യാതിരിക്കുകയോ ചെയ്യാമായിരുന്നു.

എങ്കില്‍ നമ്മുടെ വിയര്‍പ്പിന്‍റെ ഉപ്പ് ചുളു വിലക്ക് ആരും കടത്തിക്കൊണ്ടുപോകില്ലായിരുന്നു.

എല്ലാറ്റിനുമുപരി വിശുദ്ധപശുക്കള്‍ക്ക് കന്നുകാലി ക്ലാസ്സില്‍ സഞ്ചരിച്ച് വീര്‍പ്പുമുട്ടേണ്ടിയും വരില്ലായിരുന്നു.

പൂമ്പാറ്റയുടെ ചിറകടി സിദ്ധാന്തത്തെ കവച്ച് വെക്കുന്നു രണ്ട് ഉളിപ്പല്ലുകള്‍ നഷ്ടപ്പെട്ടതിന്‍റെ പക.

Submitted by Sureshkumar Punjhayil (not verified) on Sat, 2009-10-10 10:30.

Nice post...!
Best wishes....!

Submitted by വേദ വ്യാസന്‍ (not verified) on Mon, 2009-10-12 12:08.

കേവലം വാക്കുകളെ കീറിമുറിച്ച്, ഒരു തമാശയെ വിശകലനം ചെയ്യുന്ന, ഇന്ത്യാക്കാര്‍... ലജ്ജിക്കണം നാം :(

Submitted by O.K. Sudesh (not verified) on Wed, 2009-10-14 00:35.

well said., തര്‍ജ്ജനീ ....

വാസ്തവത്തില്‍, "cattle-class" എന്നു Twitter-ല്‍ ശശി തരൂര്‍ എഴുതിയത്‌, ഒരു ചോദ്യത്തിനുത്തരമായാണ്‌. ചോദ്യകര്‍ത്താവിന്റെ പ്രയോഗമായിരുന്നു "cattle-class" എന്നത്‌. അതെടുത്ത്‌ നമ്മുടെ മാധ്യമ/രാഷ്ട്രീയ കഴപ്പന്മാര്‍ തരൂരിനെ വീഴ്ത്താന്‍ വടിയാക്കി. അപ്പോഴേയ്ക്കും ഒരുപറ്റം പാളത്താറന്മാര്‍ 'മ്യൂസിക്കല്‍ ചെയര്‍' കളിയ്ക്കാനും തുടങ്ങി!

പക്ഷെ ആ "Holy Cow" പ്രയോഗമായിരുന്നു അവരെല്ലാം തൊട്ടുകളിച്ചിരുന്നതെങ്കില്‍ കളി കൈവിട്ടുപോയേനെ, ചങ്ങായ്‌!

ശരിയ്ക്കും പറഞ്ഞാല്‍ 'Sacred Cow' ആയിരുന്നു തരൂര്‍ പ്രയോഗിക്കേണ്ടിയിരുന്നത്‌. "Holy Cow!" (അത്ഭുതചിഹ്നത്തോടു കൂടിയാണത്‌ പ്രയോഗിച്ചു കാണുക) എന്നത്‌ ഒരു അമേരിക്കന്‍ പ്രയോഗം. അപ്രതീക്ഷിതമായി വലിയ നേട്ടമുണ്ടാവുമ്പോള്‍ അത്ഭുതം കൂറി പറഞ്ഞുപ്പോകുന്നത്‌. പക്ഷെ എന്തുചെയ്യാം, ഈ രണ്ട്‌ ഇംഗ്ലീഷ്‌ പ്രയോഗങ്ങളും മലയാളത്തില്‍ 'വിശുദ്ധപ്പശു'-വിനെ മാത്രമെ കൊണ്ടുതരൂ. അതാവട്ടെ അതിഹൈന്ദവന്റെ പശുവിനെ വാലുപിരിച്ചു വിരട്ടി, ഗതികെട്ട ജാതിരാഷ്ട്രീയ മഹാകാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച്‌, എവിടേയും ഒരിക്കലുമെത്തിക്കാതെ നമ്മെ വട്ടം കറക്കിയേനെ!

അതുകൊണ്ടുതന്നെ, നമ്മുടെ മാധ്യമ-philistines-നും രാഷ്ട്രീയ-വിശകലന കിഴങ്ങന്മാര്‍ക്കും 'വിശുദ്ധപ്പശു'വിനെ തൊട്ടുകളിക്കാന്‍ വയ്യ; അവരെ ചൂടാക്കുക 'കന്നാലി ക്ലാസ്‌' മാത്രം.

Submitted by Anil PS (not verified) on Sat, 2009-10-31 12:01.

As my dad taught me "Critisizing needs no qualification, But to be a judge one is required to be qualified" .
I don't find any reason to critisize an individual with such capability and his ability is accepted by the whole word. It is the ego of some of our people to accept the ability of others. I would say that we should neither give any importance to the r noise they make nor publish their comemnts anywhere. So their comments will have the natural death

Submitted by O.K. Sudesh (not verified) on Tue, 2009-11-03 23:06.

"ഞാനോടിച്ചെന്ന് അവനെനിക്കിട്ട്‌ രണ്ട്‌ ..." എന്നു പറഞ്ഞതു പോലെയായി, അനില്‍ പി.എസ്‌.

can't you be a little more specific?