തര്‍ജ്ജനി

ഭവിന്‍.ബി.എസ്

മൂന്നാം വര്‍ഷം ബി.ടെക്,
പോണ്ടിച്ചേരി എഞ്ചിനിയറിംഗ് കോളേജ്,
കാലാപെട്ട്, പുതുച്ചേരി.

Visit Home Page ...

കഥ

ഒരു സി പ്ലസ് പ്ലസ് ക്ലാസ്സിന്റെ ഓര്‍മ്മയ്ക്കായ്

ഇതൊരു കഥയോ കവിതയോ ലേഖനമോ ആല്ല. ട്രിപ്ള്‍ ഇ ഡിപ്പാര്‍ട്ടുമെന്റിലെ ഒന്നാം നിലയിലെ റോഡിനഭിമുഖമായുള്ള ക്ലാസ്സിലിരുന്നു് ഞാനിതെഴുതുമ്പോള്‍ മുന്നില്‍ സി പ്ലസ് പ്ലസ് ക്ലാസ്സ് തകൃതിയായി നടക്കയാണു്. തൊട്ടടുത്തിരിക്കുന്ന രണ്‍ദീപ് ടീച്ചറുടെ മൊഴിമുത്തുകളിലെ അവിഭാജ്യഡയലോഗ് എണ്ണിത്തിട്ടപ്പെടുത്തുകയാണു്. എനിക്കു ചുറ്റുമുള്ളവരില്‍ പകുതിയിലധികം പേര്‍ പാതിമയക്കത്തിലും മറ്റുള്ളവര്‍ നല്ലൊരുറക്കം സിദ്ധിച്ചചിന്റെ ചാരിതാര്‍ത്ഥ്യത്തിലുമാണു്. കൂട്ടത്തില്‍ ഒന്നാം കോളത്തിലെ അവസാനബെഞ്ചില്‍ അഭിനിത് രണ്‍ജി പതിവുപോലെ ജനലഴികളിലൂടെ ചക്രവാളത്തിലേക്കു് കണ്ണുംനട്ടിരിക്കുന്നു. അവന്റെ ഉത്തരേന്ത്യന്‍ സ്വപ്‌നങ്ങള്‍ക്കു് നിറം നല്കാന്‍ കോളേജിനു് കഴിയുമോ എന്നു് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടു്.

ക്ലാസ്സിലെ തലതെറിച്ച പെണ്‍പട ഡസ്കിനടിയില്‍ ഒളിപ്പിച്ച മൊബൈലൊളിപ്പിച്ചു് തങ്ങളുടെ വാലന്റൈന്മാരുമായി ഹംസവും ദമയന്തിയും കളിക്കുന്നു. കൂട്ടത്തില്‍, മൂട്ടയെന്നു് ഞങ്ങള്‍ വിളിക്കുന്ന ഭുവനേശ്വരി തന്റെ തൂലികകൊണ്ടു് ഇസി നോട്ടിന്റെ ബായ്ക്ക് പേജില്‍ മിക്കിമൗസിനെ സൃഷ്ടിക്കാനുള്ള കഠിനപ്രയത്നം നടത്തുന്നു. എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിനിയാണെങ്കിലും വലുപ്പത്തിന്റെ കാര്യത്തില്‍ ആറാം ക്ലാസ്സുകാരിയേക്കാള്‍ പിന്നില്‍ നില്ക്കുന്ന അവളെക്കുറിച്ചോര്‍ത്തപ്പോള്‍ സങ്കടം തോന്നി.

ഇവര്‍ക്കെല്ലാം ഇടയില്‍ തെലുഗുദേശം പാര്‍ട്ടി അംഗങ്ങള്‍ വേറിട്ടവരായി നിന്നു. അവര്‍ക്കിടയില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ വൈ.എസ്.രാജശേഖരറെഡ്ഡി തീരാനഷ്ടമായി കാണപ്പെട്ടു. മരണപ്പെട്ടതു് പ്രസിഡന്റോ പ്രധാനമന്ത്രിയോ അല്ല. ഒരു സംസ്ഥാനതലവന്‍. എല്ലാ സംസ്ഥാനതലവന്മാര്‍ക്കും ഒരു ദിവസം പബ്ലി ഹോളിഡേയില്‍ പൊതിഞ്ഞൊരു അന്ത്യോപചാരം. രക്തസാക്ഷിദിനത്തില്‍ ടിവിയില്‍ കേട്ടു പരിചയിച്ച ഷഹനായ്വാദ്യം തെലുഗുദേശം പാര്‍ട്ടിയുടെ ദു:ഖാചരണത്തിനു് ബാഗ്രൗണ്ട് മ്യൂസിക്കായി ഇട്ടിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

ട്രിം........ ക്ലാസ്സിനേയും ടീച്ചറേയും നിശ്ശബ്ദയാക്കി ഒരു ലഞ്ച്‌ബോക്‌സ് സിമന്റ് തറയില്‍ ആഞ്ഞടിച്ചു് തന്റെ പ്രതിഷേധം രേഖപ്പെടുത്തി. കമ്പനി സ്റ്റിക്കര്‍ പോതി പറഞ്ഞിരുന്നെങ്കിലും വെള്ള പേപ്പറില്‍ സെല്ലോ ടേപ്പു കൊണ്ടു് ലാമിനേറ്റ് ചെയ്തു് ചുവന്നമഷികൊണ്ടു് എഴുതിയതിനാല്‍ ഉടമയുടെ പേരു് വ്യക്തമായി വായിച്ചെടുക്കാം..... സതീഷ്.... തുടര്‍ന്നു് ഇംഗ്ലീഷില്‍ പൊതിഞ്ഞ ചീത്തവിളികള്‍ രണ്ടുമിനുട്ട് നേരം അവന്റെ കാതുകളില്‍ കൂരമ്പുകളായി തറച്ചുകൊണ്ടിരുന്നു. ടീച്ചറുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രതികരണം ക്ലാസ്സിനെ ഹരം പിടിപ്പിച്ചു. എസ്.എം.എസ് കളിച്ചിരുന്നവര്‍ മൊബൈലിനു് രണ്ടു്മിനുട്ടു് വിശ്രമം അനുവദിച്ചു. രണ്‍ജി തന്റെ നിഷ്കളങ്കമായ ചിരിയുമായി ലോകചിന്തയ്ക്കിടയിലും ഇതില്‍ പങ്കാളിയായി. മൂട്ട തന്റെ തൂലിക കുറച്ചു സമയത്തേക്കു് താഴെ വെച്ചു. സതീഷ് മാത്രം ടിഫിന്‍ബോക്‌സിനേയും ശപിച്ചുകൊണ്ടു് നിശ്ചലമായി നിന്നു.

ഞാന്‍ അടുത്ത ബഞ്ചിലിരിക്കുന്ന സേതുവിന്റെ നോട്ടിലേക്കു് വെറുതേ കണ്ണോടിച്ചു. ഊപ്‌സിന്റെ രണ്ടു് പേജുള്ള പ്രോഗ്രാം മനോഹരമായ കൈപ്പടയില്‍ അവന്‍ നോട്ടില്‍ പകര്‍ത്തിയിരുന്നു. കൊള്ളാം...... അവനു നല്ലതു വരട്ടെ. പെണ്‍കുട്ടികളില്‍ മുന്‍ബെഞ്ചിലിരുന്ന അപര്‍ണ്ണയെ ശ്രദ്ധിച്ചപ്പോഴാണു് അടുത്താഴ്ച ഇസി മിഡ് സെം ഉള്ള കാര്യം ഓര്‍മ്മ വന്നതു്. അവള്‍ തകൃതിയായി റെക്കോര്‍ഡ് എഴുതുകയാണു്. മുന്നിലെ ബെഞ്ചിലിരുന്നുകൊണ്ടുള്ള അവളുടെ ഈ ചെയ്ത്തു് കണ്ടപ്പോള്‍ എനിക്കവളെ അഭിനന്ദിക്കാന്‍ തോന്നി. കൂടെ ഇത്തിരി ധൈര്യം കടം ചോദിക്കാനും. വിജയ്‌യുടെ അടുത്തിരുന്ന ശക്തിവേല്‍ ഇടയ്ക്കിടെ ഓരോ കമന്റടിച്ചു് ക്ലാസ്സിന്റെ ശ്രദ്ധ അവനിലേക്കു് ആകര്‍ഷിച്ചു. കൂടെ എന്റേയും. അവരുടെ ബെഞ്ചില്‍ മൂന്നു പേര്‍ ലാറ്ററല്‍ എന്‍ട്രീസ് ആണു്. മൂന്നു പേരും ഒന്നിനൊന്നു് മല്ലന്മാര്‍. പക്ഷെ പാവങ്ങളാണു്. തങ്ങളുടെ കാര്യങ്ങളും നോക്കി അവര്‍ ഒരിടത്തു് ഇരുന്നുകൊള്ളും.

പെട്ടെന്നു്, ടീച്ചര്‍ സുദര്‍ശനയോടു് എഴുന്നേറ്റു നില്ക്കാന്‍ പറഞ്ഞു. ക്ലാസ്സിലിരുന്നു് ച്യൂയിംഗ് ഗം ആസ്വദിക്കുകയായിരുന്നു കോളേജിന്റെ വിമന്‍സ് വോളിബോള്‍ ക്യാപ്റ്റന്‍. ച്യൂയിംഗ് ഗം പുറത്തുകളഞ്ഞു് അവള്‍ തലതാഴ്ത്തി നിന്നു. ഇതു് കണ്ടു് സതീഷിനുണ്ടായ സന്തോഷം ഞാന്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. എനിക്കും തോന്നി ..... ഇപ്പോഴാണു് സമത്വമുണ്ടായതു്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഭാഗത്തു നിന്നും ഓരോ പ്രതിനിധികള്‍. കൊള്ളാം. സതീഷ് അവനിട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ഒന്നാമത്തെ ബട്ടണ്‍ അഴിച്ചു് നെഞ്ച് കാട്ടി ഞെളിഞ്ഞു നിന്നു. അപ്പോഴാണു് ക്ലാസ്സിലെ പുതിയ അതിഥി ഏഴില്‍കുമാരനെ ഞാന്‍ ശ്രദ്ധിച്ചതു്. കെമിക്കലില്‍ നിന്നും ഇ ആന്റ് ഐയിലേക്കു് സ്ലൈഡ് ചെയ്ത ഏഴില്‍ രണ്ടാം ബെഞ്ചിലിരുന്നു് മനോരമ ഇയര്‍ബുക്ക് വായിക്കുന്നു. അവനും എന്റെ അഭിനന്ദനങ്ങള്‍. അവന്‍ വായിച്ചുവായിച്ചു് വലിയവനാകട്ടെ.

രണ്ടേ പതിനഞ്ചായതോടെ അറ്റന്റന്‍സുമെടുത്തു് അഖിലമാം ക്ലാസ്സിനു് വെളിയിലേക്കു് നടന്നു. തന്റെ കുട്ടികള്‍ക്കു് കപറേയധികം അറിവു് പകര്‍ന്നതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ....... അടുത്ത പിര്യഡ് മാത്ത്‌സാണു്. ജെജെസാറിനായി കാത്തിരിക്കുമ്പോള്‍ ക്ലാസ്സനെതിര്‍വശത്തെ ലൈബ്രറിയിലേക്കു് വെറുതേ ഒന്നു കണ്ണോടിച്ചു. ലൈബ്രറിക്കു മുന്നില്‍ പെട്ടിയും കിടക്കയുമായി രണ്ടുപേര്‍. അവരെക്കണ്ടപ്പോള്‍ എനിക്കു് സന്തോഷം അടക്കാനായില്ല. ജൂനിയറാണു്. അതും മലയാളി. കൂടെയുണ്ടായിരുന്ന അച്ഛനെ കണ്ടാണു് മലയാളിയാണെന്നു് ഞാന്‍ ഊഹിച്ചതു്. മുണ്ടും ഷര്‍ട്ടും പിന്നെ നെറ്റിയില്‍ ചന്ദനക്കുറിയും. കോളേജില്‍ ചന്ദനം നെറ്റിയുടെ നടുവിലായി തൊടുന്നവരായി മലയാളികളില്‍ ഒരാള്‍ മാത്രമേയുള്ളൂ. അവര്‍ ഹോസ്റ്റലിലാണെന്നു് തോന്നുന്നു. അച്ഛന്റെ കയ്യില്‍ ട്രോളി ബാഗും സ്യൂട്ട്‌കേസും ഉണ്ടു്. മകന്‍ കിടക്കയും ബക്കറ്റുമായി പിറകെ നടക്കുന്നു. കാന്റീനിന്റെ ഭാഗത്താണു് അവര്‍ പോയതു്.

അവരെ കണ്ടപ്പോള്‍ ഞാനോര്‍ത്തു .......

കഴിഞ്ഞ വര്‍ഷം ഇതുപോലെ ഞങ്ങളും .......... എനിക്കവരില്‍ ഞങ്ങളില്‍ കഴിഞ്ഞ പലരേയും കാണാന്‍ കഴിഞ്ഞു. ജീവിതത്തിന്റെ പുതിയ വഴിത്താരയില്‍ പുത്തന്‍പ്രതീക്ഷകളുമായി വരുന്നവര്‍ ......... കണ്ട സ്വപ്‌നങ്ങള്‍ക്കു് നിറംപകരാന്‍ .......... പുതിയ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ ............ അവ സ്വന്തമാക്കാന്‍ ........ അവരെ നമ്മുക്കു് വരവേല്ക്കണം. സന്തോഷത്തോടെ.

അടുത്ത വര്‍ഷം ഇതേ ക്ലാസ്സില്‍ ടീച്ചര്‍ എടുക്കുന്ന പാഠങ്ങള്‍ തങ്ങള്‍ക്കു് പറ്റിയല്ല എന്നു തോന്നുമ്പോള്‍ ക്ലാസ്സിലെ അവസാനബെഞ്ചിലിരുന്നു് അവരില്‍ ഒരാള്‍ ഇതുപോലെ വല്ലതും കുത്തിക്കുറിക്കും. നമ്മുക്കു് അതുവരെ ക്ഷമയോടെ കാത്തിരിക്കാം .........

Subscribe Tharjani |