തര്‍ജ്ജനി

യാത്രകളുടെ പൊരുള്‍

തീവണ്ടിയിലെ യാത്രയ്ക്കിടയിലാണ്‌ ഏറ്റവും അധികം ശബ്ദങ്ങളും ഏകാന്തതയും. ഒരു പെട്ടിയ്ക്കുള്ളില്‍, ചുറ്റുപാടുകളില്‍ നിന്ന്‌ വേര്‍പെട്ട്‌... തീവണ്ടിയുടെ വേഗതയും കാഴ്ച്ചയില്‍ തങ്ങി നില്‍ക്കാത്ത പ്രകൃതിയും കൂടിയാണെന്നു തോന്നുന്നു യാത്രയിലേയ്ക്ക്‌ അത്രയധികം ഏകാന്തത നിറയ്ക്കുന്നത്‌. തരിശുകള്‍ക്കിടയിലൂടെ ഒത്തിരി നേരം പോയിക്കഴിഞ്ഞാല്‍, ഒരു ധ്യാനത്തിലെന്ന പോലെ മനസ്സ്‌ പതിയെ സ്വസ്ഥമായിത്തുടങ്ങും.

ബസ്സിനുള്ളിലിരിക്കുമ്പോല്‍ അത്രയും ഏകാന്തത അനുഭവപ്പെടാറില്ല. ഇടയ്കിടെയുള്ള നിര്‍ത്തലുകള്‍, തിരക്കിനിടയിലൂടെ ഊളിയിട്ടു നടക്കുന്ന കണ്ടക്ടര്‍, റോഡിനു കുറുകെ വന്നു ചാടുന്ന ആപല്‍ക്കരമായ നിമിഷങ്ങള്‍...ബസ്സ്‌ യാത്രയ്ക്ക്‌ നിയതമായൊരു താളമില്ല.

ഓര്‍മ്മയില്‍ തെളിയുന്ന നീണ്ട യാത്രകള്‍, അപരിചിതമായ ഇടങ്ങള്‍, സംശയം നിറഞ്ഞ നോട്ടങ്ങള്‍, ചോദ്യങ്ങള്‍... മധുരയിലെ കല്‍പ്പാതകളിലെ തണുപ്പിപ്പൊഴും കാല്‍ക്കലുണ്ട്‌. കൊടൈക്കനാലിലെ തണുപ്പിനെ കീഴടക്കിയ ലഹരിയുടെ ഓര്‍മ്മകളും. ഫുക്കട്ടിലെ കടലിന്റെ മരതകപ്പച്ച, ചിയാങ്മയിയിലെ പുരാതന ബുദ്ധക്ഷേത്രങ്ങള്‍, ലംഫുനിലെ വൃദ്ധവൃക്ഷങ്ങളുടെ തണല്‍ വീണ വിജനമായ വഴികള്‍...

കുറ്റബോധങ്ങളില്‍ നിന്നാണ്‌ ഏകാന്തമായ യാത്രകള്‍ തുടങ്ങുന്നതെന്ന്‌ എവിടെയോ വായിച്ചിരുന്നു. ഒരു നീണ്ട യാത്രയ്ക്ക്‌ മനസ്സ്‌ ഒരുങ്ങുന്നു. കംബോഡിയയിലെ അങ്കോര്‍, ആയുത്തയ, ബോര്‍ണിയോയിലെ കാടിന്റെ ഹൃദയം...എവിടേയ്ക്കാണിനി അടുത്ത യാത്രയ്ക്ക്‌ നിയോഗം?