തര്‍ജ്ജനി

കവിത

പൊതു ഇടങ്ങളില്‍ സാധാരണ മനുഷ്യര്‍...

പൊതു ഇടങ്ങളില്‍ സാധാരണ മനുഷ്യര്‍ നിര്‍മ്മിക്കുന്നത്

ജീവിതത്തിന്റെ ദൂരപരിധി

എങ്ങോട്ടും പോകാനല്ലെങ്കില്‍
ബസ്‌സ്റ്റാന്റിലെ ബഞ്ച്‌
പാര്‍ക്കിലാണെന്നു തോന്നും.
അത്തരം ഇരിപ്പില്‍ , ഒരിക്കല്‍
ഒരു ചാവാലിക്കവിത
പുറപ്പെടാനൊരുങ്ങി
ഒപ്പംവരട്ടെ എന്നു ചോദിച്ചു
ഈന്തപ്പന പൂക്കും മണം.

തീവ്രതയെക്കുറിച്ചുള്ള
പിടിവാശികള്‍ക്കൊപ്പം
രൂക്ഷമാം മണങ്ങളും
ഒട്ടേറെ ആണ്ടുകള്‍ കൊണ്ട്‌
വിട്ടുപോയതില്‍പ്പിന്നെ
നേര്‍ത്ത ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി
അങ്ങനെ പൂക്കുന്നു ഈന്തപ്പന

മരുഭൂമി ഉള്‍വലിഞ്ഞ ഒരു ബദു

അടഞ്ഞ ലോകങ്ങളില്‍ പൊന്തിയിട്ടുണ്ട്‌
വസൂരി പോലൊരു വ്യാധി
ആര്യവേപ്പിന്റെ വഴിത്തണലില്‍
ആരോ വലിച്ചെറിഞ്ഞ പരവതാനി.

ദൂരദിക്കിലേക്ക്‌ ആളെക്ഷണിക്കും
അല്‍ഗസലില്‍ കലമാന്‍ ശിരസ്‌
നഗരമധ്യത്തിലെക്കാട്‌,ജലധാര
ചായമിട്ടുവെച്ചിരിക്കു ബോട്ട്‌,
ആയമാരുന്തുന്ന ട്രോളികളിലിരുന്ന്‌
അറബിയുടെ തേന്‍കട നോക്കി
ചിരിച്ച കുഞ്ഞുങ്ങള്‍
പുല്‍ത്തകിടികളുടെ ഓരത്ത്‌
പൂക്കൂടകള്‍ വച്ച ജമന്തികള്‍.

തെരുവില്‍ നില്‍ക്കുന്ന പൂവാകയെ
വില്ലകളുടെ വന്മതിലിന്‍മീതെ
എത്തിനോക്കുന്ന മാതളം, മെയിലാഞ്ചി
വെളുത്ത പൂങ്കുലകളുമായ്‌ മുരിങ്ങകള്‍,....
പിറന്ന ഇടങ്ങളുടെ പ്രകൃതി
വന്നു നിറയും വാടകമുറ്റം
പച്ചനിറമുള്ള മുടി അഴിച്ചിട്ട്‌
വെയിലുകായും മരങ്ങളോട്‌ തോന്നുന്നു പ്രണയം.

കൂടില്ലാത്ത വളര്‍ത്തു പക്ഷികള്‍
വീട്ടുമൃഗങ്ങള്‍,വടക്കുപുറത്തെ മനുഷ്യര്‍
പുല്ലുമെത്ര ചിട്ടയില്‍ വളര്‍ന്നുനില്‍ക്കുന്നു
അതിനെയും പുലിയായ്‌ ഗണിക്കുന്ന
നോട്ടവും മേല്‍നോട്ടവും
സീബ്രാവരകളിലൂടെത്തന്നെ നഗരം
വസ്തുതകളുടെ എതിര്‍വശത്തേക്കു പോകുന്നു

വേനലില്‍ കണ്ണാടികള്‍ വിയര്‍ത്ത്‌ അന്ധരാകും
സൌന്ദര്യത്തിന്‌ നിയമസാധുത കിട്ടും

നാലുപേര്‍ കൂടുന്നിടത്ത്‌ ഒരു കൂട വീതം
പുലര്‍ച്ചയ്ക്കു മുമ്പ്‌ ഒരുക്കിവയ്ക്കുന്നതാര്‌?
ഇരുമ്പില്‍ ഉരുക്കില്‍ മരത്തില്‍
ഉരുവംകൊണ്ട ചവറുകൊട്ടകളുടെ
കൈകാലുകള്‍ മുഴുവനും എണ്ണിമടങ്ങിവന്നിട്ടേ
വിസ്തരിക്കാവൂ നഗരത്തിന്റെ അഴക്‌,
അതൊരായിരം നിര്‍ദ്ദേശങ്ങള്‍ തരും
നിശ്ശബ്ദം, നിരായുധം.

വ്യാഴാഴ്ച സന്ധ്യക്ക്‌ സിറ്റിസെന്ററില്‍
കുട്ടികളുടെ കരടിയായ്‌ വേഷമിട്ട വിസിറ്റ്‌വിസയ്ക്ക്‌
ഏറെമിനുത്ത നിലങ്ങളില്‍ ഉറയ്ക്കുന്നി‍ല്ല കാല്‍.
ഗ്ലാസിന്റെ ചുമരിലൂടെ
നടന്നുപോകാനൊരുമ്പെട്ടതിന്റെ
ജളതയില്ലാത്ത ജീവിതങ്ങളില്ല
പിന്നിട്ട ഓരോ വാതിലിനു മുന്നിലും
'ഉന്തണോ' 'വലിക്കണോ' എന്ന്‌
കുഴങ്ങിയിട്ടുണ്ട്‌ കവിതയും

പിന്നെയാണ്‌ അറബിക്കഥയിലെ
താനേതുറക്കുന്ന വാതിലുകള്‍ വന്നത്‌.

ബിംബമാക്കാമെങ്കില്‍ ഞങ്ങളും കൂടാമെന്ന്-
കോവണിക്കീഴിലെ നനഞ്ഞ മോപ്പ്‌
'നിലം വഴുക്കും സൂക്ഷിക്കണേ'എന്ന മഞ്ഞ ബോര്‍ഡ്‌
പത്തു ദിര്‍ഹം ദിവസക്കൂലിയുടെ വേലക്കുപ്പായം.

ഏത്‌ പെയിന്റിനും പരസ്യമായി
നൂറായിരം നിറങ്ങളിലെ യൂണിഫോമുകള്‍ കണ്ട്‌
ലജ്ജയാല്‍ ഒളിച്ചുനടക്കുന്ന മഴവില്ല്‌.

illustration image

വന്നൊട്ടി‍കള്‍

ഒഴിഞ്ഞകോണില്‍ മരച്ചോട്ടി‍ലിരുന്ന്‌
പെഷവാറിലേക്കുള്ള കത്ത്‌
കാസറ്റിലാക്കുന്ന പഠാണിയെ
അവനറിയാതെ നോക്കിനില്‍ക്കുന്നു
എന്റെ കവിതയുടെ ഏകാഗ്രത.

മയ്ക്കാട്‌ പണിക്ക്‌
മെയ്ക്കരുത്തില്ലാത്തതിനാല്‍
നോക്കിനില്‍ക്കുക മാത്രം ചെയ്യുന്നു.

സ്വകാര്യത ഒരടഞ്ഞ ലോകമല്ലെന്ന്‌
അതിനെപ്പോഴും നാലു ചുമരുകള്‍ വേണ്ടെന്ന്‌
പൊതു ഇടങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക്‌
അതിവേഗമത്‌ നിര്‍മ്മിക്കാനാവുമെന്ന്
തിരിച്ചറിയാതെ എന്റെ കവിതയുടെ ഏകാഗ്രത
മുന്നേ‍ നടക്കുന്ന ഫിലിപ്പിനോഹിജഡ
തിരിഞ്ഞുനോക്കുമ്പോള്‍ പതറുന്നു.

ആളുകളുപേക്ഷിച്ച ഫോണ്‍ബൂത്തുകളില്‍
നിരക്കിളവിന്റെ ദിവസം
ചിരിച്ചും ക്ഷോഭിച്ചും
കരച്ചിലിന്റെ വക്കോളമെത്തിയും
വീട്ടു‍വേലക്കാരികള്‍ സംസാരിക്കുന്ന
ഭാഷയറിയാതെ,
അവര്‍ വിട്ടു‍പോന്ന ദൂരത്തിന്റെ രാഷ്ട്രീയത്തെ
മനിലയിലേക്ക്‌, ലങ്കയിലേക്ക്‌ മടക്കിയയക്കുന്നു.

ഒരു ബക്കറ്റ്‌ വെള്ളത്തില്‍
ഒളിച്ച്‌, പതിവായ്‌
കാറുകഴുകുന്നവരുണ്ട്‌
ഇതിലും വെടുപ്പില്‍,കരുതലോടെ
കവിത എന്താണ്‌ ഒതുക്കിപ്പറഞ്ഞത്‌?

ഒന്നും അത്ര യാന്ത്രികമല്ല -
കടക്കരുതെന്നു വിലക്കും
കടുംചുവപ്പിന്‍ നടുക്ക്‌ വെണ്‍കുറിതൊട്ട്‌.

ക്രെയിനുകളാണ്‌
കവിതയെക്കാള്‍ ഉയരെ
അവ ആകാശത്തെ അളക്കും
ഒഴിഞ്ഞ ഇടങ്ങളെ ലോഹഹസ്തങ്ങളാല്‍
ആശീര്‍വദിച്ച്‌
എടുപ്പുകളുടെ പൊക്കം ഭാവനചെയ്യും
അപൂര്‍ണ്ണമായതില്‍ അനന്തമായി കയറിയിറങ്ങും
കെട്ടി‍ടം പണിക്കാര്‍ തളര്‍ന്നുറങ്ങുന്ന രാത്രിയെ
പ്രകാശിപ്പിക്കും.

ഗാര്‍ബേജിലേക്ക്‌ ചവര്‍ എറിഞ്ഞ ഒച്ച
ഉള്ളിലൂടെ കടന്നുപോകെ
ബദുക്കളുയര്‍ത്തിയ ശാമിയാനയായ്‌ ഉലഞ്ഞു വാനം.

പ്രേമത്തിന്റെ ശിരസ്‌
ഒറ്റബിയറില്‍ കുതിരുന്ന രാത്രി
നഗരത്തിന്റെ കല്യാണഷഹ്‌നായി
കാറുകളുടെ ഹോണുകള്‍ കൊണ്ട്‌.

വിരഹികള്‍ ബാല്‍ക്കണിയിലേയ്ക്കെത്തി നോക്കുന്ന
കോമാളിനേരം,പഴയനിലാവില്‍
അലങ്കാരവിളക്കുകളണിഞ്ഞ വീട്‌.

നോ എന്‍ട്രിയുടെ ലോഹത്തൂണില്‍
കെട്ടി‍ ഇട്ടതിനെ
ഇളിച്ചങ്ങലയോടൊപ്പം അറുത്തുകൊണ്ടുപോയി.
ഒരു ട്രക്ക്‌ നിറയെ
വിലക്കപ്പെട്ടവഴിയേ
ചവിട്ടി‍പ്പോയ സൈക്കിളുകള്‍.

സര്‍ജു
പുസ്തകം: ദൈവം കൈ കഴുകുന്ന കടല്‍
വിലാസം: വടക്കതില്‍ വീട്, കാരംകോട് പി. ഒ, കൊല്ലം
Subscribe Tharjani |