തര്‍ജ്ജനി

കവിത

ആട്‌ അങ്ങാടിയറിയുമ്പോള്‍

നട്ടുച്ച തിളക്കും
നിരത്തില്‍
ചുവപ്പ്‌
ചിതറിക്കിടന്നു

പകുതിയറ്റ കൈകളുമായ്‌
കൈവണ്ടികള്‍
ആകാശത്തിലേക്ക്‌
തുറിച്ചുകിടന്നു
ചിതറിയ കാബേജ്‌ തുണ്ടുകള്‍
പീലികരിഞ്ഞ
കണ്‍പോള പോലെ
മലര്‍ന്നുകിടന്നു
ചതഞ്ഞു തൂറിയ
തക്കാളിക്കുടര്‍മാലകള്‍
ചാര്‍ത്തിയൊരൊറ്റക്കണ്ണട-
യുടഞ്ഞുകിടന്നു
വാററ്റ ചെരുപ്പുകള്‍
പല്ലുകള്‍
എല്ലിന്തരിപ്പുകള്‍
കാളക്കുറവുകള്‍
കത്തികള്‍
കശാപ്പുമണങ്ങള്‍
മാടിക്കെട്ടിയ
തൊലിക്കെട്ടുകള്‍
തകര്‍ന്ന മുക്കാലിയില്‍
തുടലറ്റതുലാസ്സിന്തട്ടുകള്‍
തുറകണ്ണുരുട്ടും
ആട്ടിന്‍ തലകള്‍
ഉരുകിയ ടാറിലങ്ങനെ
ചില്ലുകാഴ്ചകള്‍
തറഞ്ഞുകിടന്നു

illustration
ചോരവാലുന്ന
ചാലുകളിലാകാശം
പിഞ്ഞിക്കിടന്നു

നിശ്ശബ്ദത വീണുപൊള്ളിയ
നടപ്പാതയില്‍
ചുവപ്പു രേഖവീഴ്തിക്കൊണ്ട്‌
ഒരു കുട്ടി
അരയില്‍നിന്നൂര്‍ന്നു പോയ നിക്കര്‍
ഇടംങ്കൈകൊണ്ടുതാങ്ങി
വലങ്കൈകൊണ്ട്‌
പട്ടയുരുട്ടിനീങ്ങുന്നു.

Jayan KC

ജയന്‍ കെ.സി
പുസ്തകം: ആയോധനത്തിന്റെ അച്ചുതണ്ട്, അയനം, വചനരേഖയില്‍, പോളിമോര്‍ഫിസം

Subscribe Tharjani |