തര്‍ജ്ജനി

അഷ്റഫ് കടന്നപ്പള്ളി

മെയില്‍ : ashrafpulukool@yahoo.com

Visit Home Page ...

കഥ

പുഴയെ സ്നേഹിച്ച പെണ്‍കുട്ടി

ചിരിയുടെ അലകള്‍ ഭവാനിയില്‍ പൊട്ടിവിടര്‍ന്നത് ഇരുപത്തിയഞ്ചാം വയസ്സിലാണ്. ഇന്ന്‍ അറുപതാം വയസ്സിലും ഭവാനി പൊട്ടിച്ചിരിക്കുന്നു. ജീവിതത്തെ ഒരു ചിരിയുത്സവമാക്കി കാലത്തിന്റെ അനന്തപ്രയാണത്തില്‍ വ്യാകുലതകളറിയാതെ ഭവാനി ചിരിക്കുന്നു.... നഷ്ടപ്പെട്ട ഓര്‍മ്മകളുടെ നൊമ്പരമറിയാതെ കാലത്തോടും ഭൂമിയോടും സംവദിച്ച് ചിരിച്ചുല്ലസിച്ച് ഭവാനിയൊഴുകുന്നു.

****

കാണിച്ചാല്‍ കുന്നുകളുടെ താഴ്വാരത്തിലെ കണിയൂര്‍ ഗ്രാമത്തെ കുളിരണിയിച്ചൊരു പുഴയൊഴുകുന്നുണ്ട്. പുഴയില്‍ ഓളങ്ങളുണ്ട്. നീന്തിത്തുടിക്കുന്ന ചെറുമീനുകളുണ്ട്. പുഴയിലേക്ക് ചേര്‍ന്നുനില്‍ക്കുന്ന കണ്ടലുകളുടെ കവരത്തില്‍ കൊതിയൂറും കൊക്കുകളുമായി മീന്‍പിടിയന്‍ പക്ഷികളുണ്ട്. ചിലപ്പോള്‍ അവ ഒരു മിന്നായം പോലെ പുഴയിലേക്കൂളിയിട്ട് കൊക്കില്‍ പിടയുന്ന ചെറുമീനുകളുമായി ഉയര്‍ന്നു വരും. കാണിച്ചാല്‍ കുന്നിനു മുകളിലാണ് സൂര്യനുദിക്കുക. കുന്നിന്‍ചെരുവിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യകിരണങ്ങള്‍ പുഴയില്‍ വന്നു നിറയും. അതു കാണാന്‍ പുഴക്കടവിലാദ്യമെത്തുന്നത് ഭവാനിയാണ്. മുടിയിഴകളില്‍ കാച്ചിയ എണ്ണയുംതേച്ച് കൈത്തണ്ടയിലൊരു തോര്‍ത്തും ചുറ്റി വാഴയിലയില്‍ പൊതിഞ്ഞ വാസനാസോപ്പും കൈയിലേന്തി ഭവാനി പുഴക്കരയിലെത്തും. ഏറെ നേരം അവിടെയിരുന്നു പുഴയെ നോക്കും. അതില്‍ സൂര്യന്‍ നിറയുന്നത് നോക്കും. പിന്നെയവള്‍ പുഴയിലിറങ്ങി നനയും. ചെറുമീനുകളോടൊപ്പം നീന്തിത്തുടിക്കും. അപ്പോഴവള്‍ക്ക് പുഴയുടെ നിറമാണ്. പുഴയുടെ മണമാണ്.

അവളുടെ കുളി കഴിയാറാകുമ്പോഴേക്ക് മാത്രമേ മറ്റ് പെണ്ണുങ്ങള്‍ പുഴക്കടവിലെത്തുകയുള്ളൂ.
"ഈ പുഴകലക്കിപ്പെണ്ണ് ഇന്നും നേരത്തേയാണല്ലോ.." അവര്‍ പറയും.
അപ്പോള്‍ അവള്‍ ഉള്ളാലെ പറയും.." ഈ പുഴ എന്റേതാ..എന്റേതു മാത്രം...ഇതു ഞാന്‍ കലക്കും... ഇതില്‍ നീന്തിത്തിമര്‍ക്കും.. അതിന് ഈ കുശുമ്പുകാരിപ്പെണ്ണുങ്ങള്‍ക്കെന്താ.."
ആ പെണ്ണുങ്ങളോട് അധികം വര്‍ത്തമാനം പറയാന്‍ നില്ക്കാതെ ഭവാനി കുളിച്ച് കയറും. തല തുവര്‍ത്തി ഈറന്‍ മാറി പുലര്‍കാറ്റില്‍ ഒരു രാപ്പൂവിന്റെ സുഗന്ധം പോലെ ഭവാനി വീട്ടിലേക്കൊഴുകും. കുളി കഴിഞ്ഞ് വീട്ടിലെത്തിയ അവളെ ഒരു പാട് വീട്ടുപണികള്‍ കാത്തു കിടപ്പുണ്ട്.

****

എന്നു മുതലാണ് ഭവാനി പുഴയെ സ്നേഹിച്ച് തുടങ്ങിയത്. ഒരു സ്വപ്നത്തിലൂടെയായിരുന്നു തുടക്കം. സ്വപ്നദൃശ്യത്തില്‍ ആദ്യം തെളിഞ്ഞതൊരു പുഴയാണ്. പിന്നെ പച്ച പിടിച്ച് കിടക്കുന്ന വിജനമായൊരു പുഴക്കര. തീര്‍ത്തും ആകസ്മികമായാണ് അവള്‍ ആ പുഴക്കരയിലെത്തിപ്പെട്ടത്. അവളുടെ ഒതുക്കിക്കെട്ടാത്ത മുടിയിഴകളെ ഒരു ഇളം കാറ്റ് തഴുകിക്കൊണ്ടിരുന്നു.
അവള്‍ പുഴയിലേക്ക് നോക്കിയിരിക്കുകയാണ്.

പുഴയുടെ മറുകരയില്‍നിന്നൊരു ചങ്ങാടം പുഴയിലേക്കിറങ്ങി. ചങ്ങാടം മെല്ലെ ഇക്കരേക്ക് നീന്തുകയാണ്. ചങ്ങാടത്തിലൊരു കറുത്ത ചെക്കന്‍ പങ്കായം പിടിച്ച് നില്പുണ്ട്. ഓളങ്ങള്‍ക്കൊപ്പം ചാഞ്ചാടി ചങ്ങാടം അടുത്തടുത്ത് വന്നു. താനിവിടെ തനിച്ചാണല്ലോ എന്ന സുഖകരമായ ഭയം അവളെ പുണര്‍ന്നു. ചങ്ങാടം ഒഴുകിയെത്തി കരയ്ക്ക് വളരെ അടുത്തായി നിന്നു. അതില്‍നിന്നു കറുത്ത ചെക്കന്‍ അവളെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവന്‍ പുഴയിലേക്കിറങ്ങി അവളുടെ നേര്‍ക്ക് കൈ നീട്ടി. ആരാണ് തന്നെ എഴുന്നേല്പിച്ച് ആ ചങ്ങാടക്കാരന്റെയടുത്തേക്ക് നടത്തുന്നത്. തന്റെ കാലുകള്‍ക്ക് വേഗം നല്കുന്നതാരാണ്. അവള്‍ തന്റെ കൈകള്‍ അയാളിലേക്ക് നീട്ടി. അയാള്‍ ആ കൈകള്‍ കോരിയെടുത്ത് അവളെ അയാളിലേക്ക് വലിച്ചു ചേര്‍ത്തു. അവരുടെ കാലുകളുടെ ബലത്തെ പുഴവെള്ളം തട്ടിയെടുത്തു. അവര്‍ പുഴയിലേക്ക് വീണു. പുഴവെള്ളത്തില്‍ കെട്ടി മറിഞ്ഞു.

അവള്‍ സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നത് അനുഭൂതിയുടെ പുതിയൊരു തലത്തിലേക്കായിരുന്നു.... ഒരു നനവിന്റെ സുഖം..അന്നു മുതലാണ് പുഴയോടവള്‍ക്ക് പ്രണയമായത്...കള്ളന്‍ ഒരു ചങ്ങാടക്കാരനെയും കൊണ്ടുവന്നിരിക്കുന്നു..

തന്നെ ആനന്ദത്തിലാറാടിച്ച പുഴ..സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന പുഴ..പുഴ കടന്നു വന്ന ആ കറുത്ത ചങ്ങാടക്കാരന്‍ ...പുഴയിലൊരു തുള്ളിയായ് അലിയാന്‍ അവള്‍ കൊതിച്ചു..പുഴക്കാറ്റിന്റെ മാസ്മരികതയില്‍ ഓളങ്ങളുടെ താളത്തില്‍ നൃത്തമാടാന്‍ അവള്‍ മോഹിച്ചു..

****

ഭവാനിക്ക് കല്ല്യാണമായി..നാടും വീടും പുഴയും വിട്ട് അവള്‍ യാത്രയായി..മറ്റൊരു നാട്ടിലേക്ക്..എങ്കിലു പുഴ ഒരുനൊമ്പരമായ് അവളെ പിന്തുടര്‍ന്നു..ചെറിയൊരു പട്ടണത്തിനരികിലെ വീടുകള്‍ തിങ്ങി നിറഞ്ഞ് നില്ക്കുന്ന ചേരിയില്‍ അവളുടെ ദാമ്പത്യ ജീവിതം തുടങ്ങി.

പുഴപോയിട്ട് ചെറിയൊരു നീര്‍ച്ചാല്‍ പോലുമില്ലാത്ത സ്ഥലം. ഇടയ്ക്കിടെ മുടങ്ങുന്ന പൈപ്പ് വെള്ളത്തില്‍ തള്ളി നീങ്ങുന്ന ജീവിതങ്ങള്‍..അവിടം ഒരു വീര്‍പ്പുമുട്ടലാണ്. പുഴയില്ലാതെ, പുഴക്കാറ്റിലാതെ..ഓളങ്ങളുടെ സംഗീതമില്ലാതെ..

വെയില്‍ നിറഞ്ഞ പുഴയെ..നിലാവ് നിറഞ്ഞ പുഴയെ..മഴ നിറഞ്ഞ പുഴയെ..മഞ്ഞ് നിറഞ്ഞ പുഴയെ..അവള്‍ സ്വപ്നം കണ്ടു..ഇവിടം ജീവിതത്തിനെന്ത് തിരക്കാണ്..എന്തൊരു വേഗമാണ്..

****

ഭവാനി ആദ്യമായ് ചിരിച്ചത് പൂക്കളോടായിരുന്നു..പൂച്ചട്ടിയില്‍ വിരിഞ്ഞു നിന്ന പൂക്കളിലേക്ക് ഇമയനക്കാതെ നോക്കി ഭവാനി ചിരിച്ചു..പൂക്കള്‍ തന്റെ കണ്ണുകളിലേക്ക് പറന്നു വരുന്നതായി അവള്‍ക്ക് തോന്നി..പിന്നെയവള്‍ ചിരിച്ചത് കാക്കകളോടായിരുന്നു..മുറ്റത്തെ മാവിന്‍ കൊമ്പിലിരുന്ന്‍ കലപില കൂട്ടുന്ന ഒരുകൂട്ടം കാക്കകള്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ അലറി വിളിച്ച് കൊണ്ടിരുന്നു..ഒന്നിനു പിറകെ മറ്റൊന്നായി തിരിച്ചറിയാനാകാത്ത വിധം അവ ശിഖരങ്ങള്‍ മാറിക്കൊണ്ടിരുന്നു..അവയുടെ കടും കറുപ്പില്‍നിന്ന്‍ അവളുടെ കണ്ണുകളിലേക്ക് ഇരച്ചുവരുന്ന ഇരുട്ട്. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഉള്ളില്‍നിന്ന്‍ ചിരി ഒരു കടലിരമ്പം കണക്കെ പുറത്തേക്ക് ആര്‍ത്തലച്ച് പാഞ്ഞു. നിയന്ത്രണത്തിനതീതമായ് സര്‍വ്വനാഡികളില്‍ നിന്നും ചിരി പൊട്ടിയൊഴുകി...

മൂന്ന്‍ മാസത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഭര്‍തൃവീട്ടില്‍ നിന്ന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു കൊണ്ടാക്കുമ്പോഴും ഭവാനി ചിരിച്ച് കൊണ്ടിരുന്നു.

****

ഇതു പാരമ്പര്യമായി കിട്ടിയതാ..മാറില്ല...ശാപം വിടാതെ പിന്തുടരുന്നുണ്ട്..തറവാട്ടില്‍ മുമ്പ് പലര്‍ക്കുമുണ്ടായിരുന്നു. ശാപങ്ങള്‍ വരും തലമുറയിലേക്ക് പടരാതിരിക്കാന്‍ കര്‍മങ്ങള്‍ ചെയ്യുക. അതേയുള്ളൂ വഴി... കൃഷ്ണന്‍ കണിയാന്‍ കവടി നിരത്തി വിധിച്ചു.
വീട്ട് മുറ്റത്ത് തെയ്യക്കോലങ്ങള്‍ തുള്ളിയാടി..തീയില്‍ തുള്ളി പൊട്ടന്‍ തെയ്യം ശാപങ്ങളെ ആട്ടിയകറ്റി..വീടിനു നാലുചുറ്റും ആര്‍ത്ത് വിളിച്ചോണ്ട് തെയ്യങ്ങള്‍ പരക്കം പാഞ്ഞു.. ഐശ്വര്യം തിരിച്ചു വരാന്‍ മുത്തപ്പന്‍ വെള്ളാട്ടം കൊട്ടിയാടി...

എല്ലാറ്റിനും സാക്ഷിയായ് ഭവാനി ചിരിച്ചു കൊണ്ടിരുന്നു..

"നീയെന്തിനാ ഭവാനീ ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കുന്നേ.."
അയല്‍പക്കത്തെ അയ്സുമ്മയാണ് ഭവാനിയോട് ഒരിക്കലങ്ങിനെ ചോദിച്ചത്.
"എങ്ങിനെയാ ചിരിക്കാണ്ടിരിക്കാ അയ്സുമ്മാത്താ..എല്ലാരും എന്നോട് ചിരിക്കുമ്പോ ഞാനെങ്ങിനെയാ ചിരിക്കാണ്ടിരിക്കുന്നേ..."
ഭവാനി ചിരിച്ചോണ്ട് തന്നെ പറഞ്ഞു.
"അതിന് നിന്നോട് ആരും ചിരിക്കുന്നില്ലല്ലോ.." അയ്സുമ്മ വീണ്ടും ചോദിച്ചു.
"അത് അയ്സുമ്മാത്ത കാണാഞ്ഞിട്ടാ...നക്ഷത്രങ്ങള്‍..പൂക്കള്‍...മരങ്ങള്‍..പക്ഷികള്‍..തുടങ്ങി എല്ലാവരും എന്നോടെപ്പോഴും ചിരിച്ചോണ്ടിരിക്കും.."
"പടച്ചോന്‍ ദുനിയാവില് ഓരോര്‍ത്തര്‍ക്ക് ഓരോന്ന്‍ കൊടുത്ത് പരീക്ഷിക്ക്ന്ന്‍..എന്നാലുമെന്റെ റബ്ബേ ഇങ്ങനത്തെ ബെര്ത്തം കൊടുത്ത് നീ ഒരാളേം പരീക്ഷിക്കല്ലേ.." അയ്സുമ്മ ഉള്ളില്‍ പ്രാര്‍ത്ഥിച്ച് നടന്നു നീങ്ങി.

****

ഭവാനി ആരെയും ഉപദ്രവിക്കാറില്ല..വളരെ അപൂര്‍വമായി മാത്രം ഉച്ചത്തിലുച്ചത്തില്‍ അലറിച്ചിരിച്ച് മുറ്റത്തേക്കോടിയിറങ്ങി ഇരുകാലുകളും മണ്ണിലിട്ട് തേവും. അപ്പോള്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു വരും. പിന്നെ അവിടെയിരുന്നു ഇരു കൈകള്‍ കൊണ്ടും തലയില്‍ മാന്തിപ്പറിക്കും. ക്രമംതെറ്റി വളര്‍ന്ന വിരല്‍നഖങ്ങള്‍ക്കിടയില്‍ കൊഴുത്ത ചോര നിറയും. വീട്ടുകാര്‍ ഓടിവന്ന്‍ അവളുടെ ഇരുകൈകളും ബന്ധിച്ച് കുളിപ്പുരയിലേക്ക് വലിച്ച് കൊണ്ടുപോകും. അപ്പോള്‍ അവള്‍ തല ശക്തമായി കുടയുന്നുണ്ടാകും. കുറേ തണുത്ത വെള്ളം അവളുടെ തലയിലേക്ക് കോരിയൊഴിച്ചാല്‍ അവളുടെ തുള്ളിച്ച ശമിക്കും. പിറ്റേദിവസം അവളുടെ തല മൊട്ടയടിച്ച് വൈദ്യര്‍ തലയില്‍ പച്ച മരുന്നരച്ചിടും.

"എന്തിനാ ഭവാനീ നീ ഇന്നലെ അങ്ങിനെയൊക്കെ കളിച്ചേ..അതുകൊണ്ടല്ലേ നിന്റെ തല മൊട്ടയടിച്ചത്.."
അങ്ങിനെയൊരിക്കല്‍ സംഭവിച്ചതിന്റെ പിറ്റേദിവസം അയ്സുമ്മ ചോദിച്ചു.
"ആയിരക്കണക്കിനു ഉറുമ്പുകള്‍ എന്റെ തലയില്‍ കടിച്ചു പിടിച്ചാല്‍ പിന്നെ ഞാനെന്താ ചെയ്യാ.."
ഭവാനിയുടെ ചോദ്യത്തിനു മുമ്പില്‍ അയ്സുമ്മ മിഴിച്ചുനിന്നു.
"സാരമില്ല നിന്റെ മുടി വേഗം വളരും.." അതും പറഞ്ഞ് അയ്സുമ്മ ദീര്‍ഘമായൊന്ന്‍ നെടുവീര്‍പ്പിട്ടു. അവളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും കുറെ നെടുവീര്‍പ്പുകള്‍ മാത്രം ബാക്കി...

തലച്ചോറിനകത്ത് ഭ്രാന്തന്‍ പുഴുക്കളുടെ പുറ്റ് പെരുകുമ്പോള്‍ തലയോട്ടിക്കു മേല്‍ ആയിരക്കണക്കിനു സൂചിമുനകള്‍ ഒന്നിച്ച് കുത്തിക്കയറുന്നതുപോലെ അവള്‍ക്ക് തോന്നുന്നു. അപ്പോഴാണവളീ പരാക്രമം കാണിക്കുന്നത്.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. അല്ലാത്തപ്പോള്‍ നക്ഷത്രങ്ങളോടും പൂക്കളോടും ചിരിച്ച് ഇന്നും ഭവാനിയാ മുറ്റത്തിരിക്കുന്നുണ്ട്. മഴയിലും വേനലിലും സമൃദ്ധമായൊഴുകിയിരുന്ന പുഴ ഇന്ന്‍ വറ്റി വരണ്ട് മണല്‍ക്കൂനകള്‍ നിറഞ്ഞിരിക്കുന്നു...

Subscribe Tharjani |