തര്‍ജ്ജനി

പുസ്തകം

പരദേശിയും ബഷീറും പിന്നെ നാടകവും

പരദേശി : സിനിമയും രാഷ്ട്രീയവും

പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി എന്ന സിനിമയെ മുന്‍നിര്‍ത്തി എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരം.

കെ.എന്‍.പണിക്കര്‍, വി.കെ.ശ്രീരാമന്‍, എസ്.ജയചന്ദ്രന്‍നായര്‍, ബാബു ഭരദ്വാജ്, രൂപേഷ് പോള്‍, വി.കെ.ജോസഫ്, പി.കെ.പോക്കര്‍, പ്രഭാവര്‍മ്മ, ജി.പി.രാമചന്ദ്രന്‍, എം.സി.രാജനാരായണന്‍, റഫീക്ക് അഹമ്മദ്, ഐ.ഗോപിനാഥ്, എ.വി. അനില്‍കുമാര്‍, ജി.ഉഷാകുമാരി,ബാബുരാജ്, ഷാജഹാന്‍ ഒരുമനയൂര്‍, പി.കെ.ശ്രീകുമാര്‍ എന്നിവരാണ് ലേഖകര്‍.

ഡോ. ഉമര്‍ തറമേല്‍ എഡിറ്റു ചെയ്ത ഈ സമാഹാരത്തിന് സ്വദേശി/പരദേശി എന്നീ സംവര്‍ഗ്ഗങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹം ആമുഖക്കുറിപ്പും എഴുതിയിട്ടുണ്ട്.

എഡിറ്റര്‍ : ഡോ. ഉമര്‍ തറമേല്‍
പ്രസാധനം : അദര്‍ ബുക്സ്,ന്യൂ വേ ബില്‍ഡിംഗ്, റെയില്‍‌വേ ലിങ്ക് റോഡ്, കോഴിക്കോട് 2.
118 പേജ്
വില ; 100 രൂപ

ബഷീര്‍ : ഭൂമിയുടെ കാവല്ക്കാരന്‍

ബഷീര്‍ ശതാബ്ദി വര്‍ഷത്തില്‍ പുറത്തിറക്കിയ ഈ പുസ്തകം ഒരു കഥാകാരന്റെ ആദരസമര്‍പ്പണമാണു്. ലേറ്റസ്റ്റ് എന്ന പത്രത്തില്‍ എഴുതിയ കുറിപ്പുകളുടെ പരിഷ്കൃതരൂപമാണു് ഈ പുസ്കത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നതു്.

കാസര്‍ഗോട്ടെ പ്രസാധനസ്ഥാപനമായിരുന്ന കലാക്ഷേത്ര പ്രസിദ്ധീകരിച്ച ബഷീര്‍പഠനം, മരുഭൂമികള്‍ പൂക്കുമ്പോള്‍, വൈക്കം മുഹമ്മദ് ബഷീറിനു് സമര്‍പ്പിക്കാനായി നടത്തിയ യാത്രയില്‍ നിന്നാണു് പുസ്തകം ആരംഭിക്കുന്നതു്. എം.എന്‍. വിജയന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയസംഘമായിരുന്നു ബഷീറിനെ കാണാന്‍ പോയതു്. ബഷീറിന്റെ സംഭാഷണങ്ങളും അപ്പോഴത്തെ അവസ്ഥയും വിവരിച്ചുകൊണ്ടു് തുടങ്ങുന്ന ഈ പുസ്തകം ബഷീര്‍സാഹിത്യത്തെക്കുറിച്ചുള്ള ആത്മനിഷ്ഠമായ വിവരണമായി വളരുന്നു. പൂര്‍വ്വഗാമിയായ മഹാനായ എഴുത്തുകാരനു് അനന്തരഗാമിയുടെ ആദരസമര്‍പ്പണം.

അംബികാസുതന്‍ മാങ്ങാട്
പ്രസാധനം : സമയം പബ്ലിക്കേഷന്‍സ്, സിറ്റി സെന്റര്‍, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍.
64 പേജ്
വില ; 35 രൂപ

ശത്രു ശാന്തസമുദ്രം

ആകാശവാണി നാടകോത്സവത്തില്‍ പ്രക്ഷേപണം ചെയ്ത തന്റെ നാടകങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടെണ്ണമാണു് കെ. വി. ശരത്ചന്ദ്രന്‍ സമാഹരിച്ചിരിക്കുന്നതു്. മരണവുമായി മുഖാമുഖം നില്ക്കുന്ന മനുഷ്യരാണു് ഈ രണ്ടു് നാടകങ്ങളിലും ശരത്ചന്ദ്രന്റെ കഥാപാത്രങ്ങളാവുന്നതു്. അതിര്‍ത്തികടന്നു് തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ ശത്രുവിലും എച്ച് ഐ വി പോസിറ്റീവായി മരണത്തെ അഭിമുഖീകരിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജ് ശാന്തസമുദ്രത്തിലും. സ്നേഹവും പ്രണയവും ജീവിതോല്ലാസവും പ്രതികാരവും തികഞ്ഞ സ്വാഭാവികയോടെ ചേര്‍ത്തിണക്കിയ നാടകീയവികാസമാണു് ഈ നാടകങ്ങളെ വ്യത്യസ്തമാക്കുന്നതു്. പ്രക്ഷേപണത്തിനു മാത്രമല്ല രംഗപ്രയോഗത്തിനും ഉചിതമായ രചന. കൃതഹസ്തനായ ഒരു നാടകകൃത്തിനെ ഈ നാടകങ്ങളില്‍ ദര്‍ശിക്കാം.

കെ.വി.ശരത്ചന്ദ്രന്‍
പ്രസാധനം : കറന്റ് ബുക്സ്, കോട്ടയം..
75 പേജ്
വില ; 45 രൂപ

Subscribe Tharjani |