തര്‍ജ്ജനി

കവിത

മൂന്നു കവിതകള്‍

poem illustration പ്രണയം പോലെ , പ്രവാഹം പോലെ

കാലമേ.........
എന്നിലെ ഊര്‍ജ്ജപ്രവാഹത്തിലൂടെ
ഒഴുക്കിവിട്ട കടലാസുവഞ്ചികളാല്‍
എന്നെ നീ ക്ഷമിക്കാന്‍ പഠിപ്പിക്കൂ
കുതിച്ചുപായുന്ന വാഹനത്തിലെ
സ്ഫടികപാളിയുടെ ഇടയിലൂടെ
നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കൂ
ജനലഴിക്കുള്ളിലെ മിഴിവെട്ടിച്ച നോട്ടമായി,
വിടര്‍ന്നനെറ്റിപ്പൂവുമായി......
സൂചിമുനപെയ്യുന്ന മഴയായി
ഉപേക്ഷിക്കപ്പെട്ട തോടിനുള്ളിലേക്ക്‌
ഒരു കടല്‍ ജീവിയെപ്പോലെ പ്രണയം
ഒളിച്ചുകടക്കുകയാണ്‌.
ഒരു വക്രതിയില്ലാത്ത മൌനം അതിനു കൂട്ടായി
പിന്നെ ഓര്‍മ്മകളെ വില്‍പനയ്ക്കു തയ്യാറാക്കുന്ന
കോഴികളെപ്പോലെ അനങ്ങാന്‍ വിടാതെ...
മരണം ജീവിതത്തെക്കാള്‍ കലാപരമെന്ന്
എനിക്കു പറഞ്ഞു തന്നവളേ
എന്നോട്‌ ക്ഷമിക്കുക
പിന്തുടരാനാവാത്ത സമസ്യയായി
അതിപ്പോഴും അകലെ തന്നെയാണല്ലോ.

മരങ്ങളുടെ പാട്ട്‌

താണുപറക്കുന്ന പക്ഷികള്‍ക്കേ
ഭൂമിയുടെ ഘടനയറിയാവൂ
വേരു പിഴുതുപോവുന്ന
മരങ്ങളുടെ രോദനവും
വളരുന്ന കണ്ണീരരുവിയുടെ
ഗദ്‌ഗദവും അവ കേള്‍ക്കുന്നു
കാറ്റ്‌ അവയോട്‌ സംവദിക്കുന്നു.
മരം പറഞ്ഞു
മരിക്കുമ്പോള്‍ എന്റെ അസ്ഥികള്‍
കാറ്റിനഭിമുഖമായി കെട്ടിവെയ്ക്കുക
അവ പാടുന്നത്‌ നിനക്ക്‌ കേള്‍ക്കാം
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെന്ന്

poem illustration
poem illustration ഫാസ്‌റ്റന്‍ യുവര്‍ സീറ്റ്‌ ബല്‍ട്‌

ഒളിച്ചുകളിക്കാന്‍ താവളം തേടുന്ന
ഹൃദയമൊരു വിമാനമാണ്‌
നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
അല്ലെങ്കില്‍ അത്‌ നിലച്ചുപോകും
മാരകമായതൊന്നും പ്രവേശിപ്പിക്കരുത്‌
ആവശ്യത്തിനുള്ളത്‌ അകത്തു തന്നെയുണ്ട്‌
ദത്തശ്രദ്ധനായിരിക്കണം,
ആരുമത്‌ റാഞ്ചിയെടുക്കാം
ആത്മനിയന്ത്രണം വേണം
അല്ലെങ്കിലതുകുതിച്ചുപായും
'ഫാസ്‌റ്റന്‍ യുവര്‍ സീറ്റ്‌ ബെല്‍ട്‌ '
അല്ലെങ്കില്‍ തെറിച്ചു പോകും
പുറത്തെ താപമാനം 38 ഡി.സെല്‍ഷ്യസ്‌
അകത്തെ താപമാനം ആരറിയുന്നു?
പുറത്തെ മര്‍ദ്ദമളക്കാം
അകത്തുള്ളത്‌ പറ്റുന്നില്ല
(മറന്നുവച്ച വാച്ചുപോലെ
എവിടെയാണത്‌ സ്പന്ദിക്കുന്നത്‌?)
ചിലപ്പോള്‍ അറിയിപ്പുണ്ടാവാം
യന്ത്രതകരാറുമൂലം യാത്രമുടങ്ങിയിരിക്കുന്നു

സുബൈര്‍, തുഖുബ

Subscribe Tharjani |
Submitted by സുനില്‍ (not verified) on Mon, 2006-01-09 15:30.

കവിതകള്‍ കൊള്ളാം, പ്രത്യേകിച്ചും രണ്ടാമത്തേത്‌. “ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെന്ന്“ ഈ ലൈന്‍ ഒരു അധികപ്പറ്റുപോലെ. എങ്കിലും നല്ല കവിതകള്‍.