തര്‍ജ്ജനി

കവിത

രക്തമഴ

വിഷുവാണമ്മേ,
നെഞ്ചില്‍ മേടമണല്‍ക്കാടുലയെ
നീലപ്പനയുടെ നീളന്‍ മുടിയില്‍
എന്തേ പുലരിപിറക്കാത്തൂ?
ഓര്‍മ്മക്കന്നിനിലാവിന്നക്കരെ
ഒരു പൊന്നുരുളിയൊരുക്കാനായ്‌
കാണാപ്പൂവിന്‍ കണികള്‍ നിറയ്ക്കാന്‍
വന്നത്‌ രക്തസ്സംക്രാന്തി.

അമ്മയ്ക്കറിയാമല്ലോ
പൂക്കള്‍ കുടന്ന തുറക്കാതെന്നും
മടിയാല്‍ മൂടിയുറങ്ങും തണുവില്‍
നമ്മളുണര്‍ന്ന പുലര്‍ച്ചകളെവിടെ?
നന്മനിറഞ്ഞ മനസ്സുകളെവിടെ?
അച്ഛന്‍ വീണൊരു കുന്നിന്‍ ചെരിവില്‍
അര്‍ക്കവിഷാദം കുങ്കുമമായ്‌
ചിന്നിയ സീമന്തക്കുറിപോലെ..
പോയി മറഞ്ഞു തൂവെട്ടം
നിലച്ചത്‌ ജീവിത ഘടികാരം

അറിയുക അമ്മേ,
ഏകാന്തതയെന്‍ കാവ്യരസങ്ങളി-
ലെങ്ങും മുള്‍മുടിചാര്‍ത്തി,
ജീവന്‍ കെട്ട മണല്‍ച്ചാരത്തില്‍
അസ്ഥികള്‍ രാത്രി വിളക്കായി.
കൊന്നയണിഞ്ഞൊരു മഞ്ഞത്തുകിലില്‍
വെള്ളം കിട്ടാതാര്‍ത്തുമരിച്ച കിനാക്കള്‍
കുഞ്ഞു ജഢത്തിന്‍ കവിള്‍പോല്‍
മിന്നും വാല്‍ക്കണ്ണാടിച്ചേല്‌
ബോംബ്‌ തകര്‍ത്ത ശിരസ്സായ്‌
കണ്ണുകള്‍ പൊട്ടിയടര്‍ന്ന നാളികേരം
കത്തിയെരിഞ്ഞ കൈത്തണ്ടയിലേതോ
കാഴ്ചയില്‍ വെള്ളരിപോലെ?
കോടിത്തുണി, ഞൊറിവെയ്ക്കാനല്ല--
ശവത്തിനു നാണം മറയാന്‍
പട്ടിണിയുടെ പറുദീസകളില്‍
അരിമണികള്‍ വായ്ക്കരിയേകാം
സിന്ദൂരം, കണ്മഷിയും പിന്നെ
പുണ്യം പേശും ഗീതയുമെല്ലാം
ചത്തതിനൊപ്പം ജീവിപ്പവരുടെ
നശ്വരമാം കുലചിഹ്നങ്ങള്‍

ബാഗ്ദാദ്‌,
എന്നില്‍ പൂരിതനിദ്ര കുലച്ച മിഴിക്കേളി.
സമ്മാനിതമാം മധുരക്കേക്കിനെ
ഇരുവാള്‍ മുനയാല്‍ നെടുകെ മുറിച്ചാല്‍
യുഫ്രട്ടീസും ടൈഗ്രീസും

illustration
ജലമേഖലയുടെ വളവുകളില്‍
കാറ്റുപായ ചുരുട്ടിയ വഞ്ചികള്‍,
കരയില്‍ നിസ്വതകായ്ക്കും തണലില്‍
പത്തിചുരുക്കിയ ജനബോധം
ഈന്തകളില്‍ സ്വര്‍ഗ്ഗത്തേനുറയും
മൂവന്തിച്ചോപ്പാര്‍ന്നഫലങ്ങള്‍

ബാഗ്ദാദ്‌,
എന്നില്‍ പാടേ നിദ്രയൊഴിഞ്ഞ മിഴിപ്പൊത്ത്‌
കാറ്റ്‌ വിരക്തം, കരളില്‍ വ്യര്‍ത്ഥത
കാല്‍പ്പദങ്ങളില്‍ മിഴിനീര്‍ച്ചാലുകള്‍
ഏറും ജഢമൌനങ്ങളിലെല്ലാം
തേങ്ങലൊളിച്ച ശിലാഖണ്ഡങ്ങള്‍
കാളും തീയാല്‍ വ്യഥിതം നഗരം
പാളും മാനവ ധ്വനിസൌഹാര്‍ദ്ദം
സ്നേഹം തിരിയില്‍ ജ്വലിക്കാതേതോ
സ്വാര്‍ത്ഥം തേടി നടപ്പൂലോകം
പടയോട്ടത്തിന്‍ പകിടയെറിഞ്ഞു ചിരിപ്പൂ
സാത്താന്‍ തിരുമൊഴിയോടെ
ആസക്തികളുടെ ശരശിഖരത്തില്‍
മയങ്ങുകയാണോ ദൈവത്താര്‍?

എന്റെ വിഷുക്കണിയുടെ ഓട്ടുരുളി
ക്ലാവു പതിഞ്ഞു കറുക്കുമ്പോള്‍
രക്തമഴക്കോളാല്‍ കവിയുമ്പോള്‍
അമ്മയറിയുന്നോ- -?
മനസിന്റെ തന്ത്രികളെല്ലാം
പൊട്ടിപോയിരിക്കുന്നു.

പി. ശിവപ്രസാദ്‌, ദമാം

സമര്‍പ്പണം: ഇറാഖ്‌ ജനതയ്ക്ക്‌
സൂചന: വിഷു മലയാളിയുടെ ആഘോഷം, യുദ്ധം അധികാരപ്രമത്തതയുടെ ആഘോഷം

Subscribe Tharjani |
Submitted by സുനില്‍ (not verified) on Mon, 2006-01-09 15:46.

ഇതിനിനിയും കൂടുതല്‍ സൂചനകള്‍ ആവശ്യമാണ്. എഴുത്തുകാരാ താങ്കള്‍ക്ക്‌ പോകാന്‍ ഒരു പാട്‌ ദൂരമുണ്ട്‌.