തര്‍ജ്ജനി

കഥ

സക്കറിയ രണ്ടാമന്‍

“എളുപ്പത്തില്‍ മുതിരാന്‍ വല്ല ലേഹ്യമോ ലേപനമോ മറ്റോ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് പിന്നെയും പിന്നെയും വിചാരിച്ചുകൊണ്ടും മുതിര്‍ന്നവനാകുന്നതിനെക്കുറിച്ച് കണ്ടമാനം സ്വപ്നങ്ങള്‍ കണ്ടുകൂട്ടിക്കൊണ്ടും ഒരു ചെറിയ കുട്ടി അങ്ങനെ നടന്നു പോകുന്നതാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്.

മുതിരുന്നതുകൊണ്ട് എന്തെങ്കിലും മെച്ചമില്ലെന്നും കുഴപ്പങ്ങള്‍ കൂടുമെന്നല്ലാതെ കുറയില്ലെന്നും അറിയാവുന്നവരായ നമ്മള്‍ കുട്ടിയെ സഹതാപത്തോടും സങ്കടത്തോടെയുമാണ് നോക്കുന്നത്. അങ്ങനെ നോക്കി നോക്കി കുട്ടിയുടെ പിന്നാ‍ലെ നമ്മള്‍ നടപ്പു തുടങ്ങുന്നു”

സക്കറിയ രണ്ടാമന്‍ എന്ന പ്രശസ്തയുവകഥാകൃത്ത് പുതിയൊരു പ്രശസ്തയുവകഥ എഴുതിത്തുടങ്ങുകയാണ്. പത്രപ്രവര്‍ത്തകനും നോവലിസ്റ്റും വേണ്ടിവന്നാല്‍ തിരക്കഥാകൃത്തും കൂടിയായ സക്കറിയ രണ്ടാമന്റെ മാനസഗുരു സക്കറിയ എന്ന എഴുത്തുകാരനാണ്. ഈ യുവകഥാകൃത്തിന്റെ ബൈബിളാണ് തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ തിരഞ്ഞെടുത്ത കഥകള്‍’.

സക്കറിയ രണ്ടാമന്‍ നാളെയുടെ വാഗ്ദാനമാണെന്നാണ് കേസരി മൂന്നാമന്‍ എന്ന നിരൂപകന്‍ പറയുന്നത്. കേസരി മൂന്നാമന്‍ എന്ന ദേഹം സക്കറിയ രണ്ടാമന്റെ സ്വന്തം പിതാവാണെങ്കിലും ഇത്തരം നഗ്നസത്യങ്ങള്‍ ആരുടെ മുഖത്തു നോക്കിയും പറയാന്‍ അദ്ദേഹത്തിനു തെല്ലും മടിയില്ല. അതാണ് നിരൂപണം എന്ന കലയുടെ സത്യസന്ധത..

സക്കറിയ രണ്ടാമന്‍ എഴുത്തു തുടരുന്നു.

“എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും ഒരു പാഠ്യേതരപ്രവര്‍ത്തനം ഉണ്ടായിരിക്കണമെന്ന് സുശീലന്‍ സാറ് കഠിനമായി നിര്‍ദ്ദേശിച്ചതാണ് നേരത്തെ നമ്മളറിഞ്ഞ വിധമൊക്കെ ചിന്തിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നത്. ‘എത്ര ദിവസമായി ഈ നടപ്പു തുടങ്ങിയിട്ട്; ഒരു പ്രയോജനവുമുണ്ടായില്ലല്ലോ!‘ എന്ന് കുട്ടി ആലോചിക്കുന്നതും നമ്മള്‍ ഇതാ അറിയുന്നു. ഇമ്മട്ടില്‍ ചിന്തിച്ച് ഈ കുട്ടി മുമ്പും ഇതു വഴി പോയിരുന്നെന്നും മുതിര്‍ന്നവരായ നമ്മളാരും തന്നെ കാണുകയുണ്ടായില്ലെന്നും കൂടി നമ്മള്‍ അറിയുകയാണ്.

അങ്ങനെ പലതും അറിയേണ്ടിവരുന്നുവെന്നതാണല്ലോ മുതിര്‍ന്നവരാകുന്നതിന്റെ ഏറ്റവും വലിയ സവിശേഷത. അറിഞ്ഞതൊക്കെ അറിയാമെന്നല്ലാതെ വിശേഷിച്ചൊന്നും ചെയ്യാനില്ലെന്നും അഥവാ ചെയ്താല്‍ത്തന്നെ വലിയ വിശേഷമില്ലെന്നും നമുക്ക് വളരെ നന്നായിട്ട് അറിയാം.

illustration story

ഒരു കുന്നുണ്ട് ഓരോ ദിവസവും പഠിക്കാന്‍. ഹോം വര്‍ക്കും മാത്‌സ് ട്യൂഷനും ഇംഗ്ലീഷ് ട്യൂഷനും വേറെ. അതിനിടയിലാണ് ഈ പുതിയ പൊല്ലാപ്പ്. പക്ഷേ, പാഠ്യേതര പ്രവര്‍ത്തനം വേണമെന്ന്‍ സാറ് പറഞ്ഞാല്‍ അതുണ്ടായല്ലെ പറ്റൂ. എല്ലാറ്റിനും കൂടി എവിടെ സമയം! എങ്കിലും പാഠ്യേതരപ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് നാളെ കൊടുക്കാതെ വയ്യ. കുട്ടികളുടെ കാര്യം വലിയ കഷ്ടം തന്നെ. എളുപ്പത്തില്‍ മുതിരാന്‍ വല്ല ലേഹ്യമോ ലേപനമോ ഉണ്ടായിരുന്നെങ്കില്‍!

കുറ്റം പറയരുതല്ലോ, സുശീലന്‍ സാറിനുമുണ്ട് ഒരു പാഠ്യേതരപ്രവര്‍ത്തനം; പക്ഷി നിരീക്ഷണം. പാടത്തും പറമ്പിലും പുഴക്കരയിലുമൊക്കെ സാറ് പക്ഷികളെ നോക്കി നടക്കും. നല്ല രസമാണത്രേ. അതുകൊണ്ടാണ്, സാറിന്റെ പോലെ ആ നിരീക്ഷണം തന്നെ ഹോബിയാക്കാമെന്നു കുട്ടി തീരുമാനിച്ചത്. ഇല്ലാത്ത സമയം ഉണ്ടാക്കി ചെയ്യുന്നതല്ലേ; നല്ല രസമുള്ള കാര്യങ്ങള്‍ അല്ലെങ്കില്‍ വേഗം മടുക്കുമെന്ന് കുട്ടിക്ക് അറിയാം. അതെ, കുട്ടികളും ചില സത്യങ്ങള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.

പക്ഷേ, ഇക്കാര്യം സാറിനോടു പറയാന്‍ ഇതേവരെ ധൈര്യം വന്നിട്ടില്ല. കൊള്ളാവുന്നൊരു പക്ഷിയെ കണ്ടുപിടിച്ച് നോട്ട് തയ്യാറാക്കാതെ പക്ഷിനിരീക്ഷണമാണ് പാഠ്യേതരപ്രവര്‍ത്തനമെന്നു പറഞ്ഞു ചെന്നാല്‍ സാറ് പറപ്പിക്കും. ഗ്രെ ഹെറോണ്‍ എന്ന പക്ഷിയെയാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നതെന്നാണ് സാറ് പറഞ്ഞത്. കുട്ടിയും അതിനെത്തന്നെ നിരീക്ഷിക്കാമെന്നു വച്ചു. സ്കൂളിലെ ലൈബ്രറിയില്‍ ‘കേരളത്തിലെ പക്ഷികള്‍’ എന്നൊരു പുസ്തകമുണ്ട്. അതില്‍നിന്നും ഹെറോണിന്റെ പ്രത്യേകതകളെല്ലാം ഒരു ബുക്കില്‍ കുട്ടി പകര്‍ത്തിയെടുത്തു. നിരീക്ഷിച്ചു നടക്കുമ്പോള്‍ എവിടെയെങ്കിലും വച്ചു കണ്ടാല്‍ മനസ്സിലാകണമല്ലോ.

പുഴക്കരയിലാണ് മൂപ്പരുടെ വാസം. ‘... പുറം ചാരനിറം. വയറും മാറിടവും കഴുത്തും അടിവശവും തൂവെള്ള. കഴുത്തിനു നടുവിലൂടെ മുകളില്‍ നിന്ന് മാറിടം വരെ ഒരു വര വരച്ചതുപോലെ കുറേ കറുത്ത പുള്ളികളുണ്ട്...’

പക്ഷി നിരീക്ഷണത്തിനു ഒരു കുഴപ്പമുണ്ട്. പക്ഷികള്‍ അടുത്തേക്കെങ്ങും വരില്ല. അതുകൊണ്ട് വെറുതെയങ്ങ് നിരീക്ഷിച്ചാല്‍ ഒന്നും ശരിക്കു കാണില്ല. അതിനൊരു കുഴല്‍ വേണം. എന്താണത്.. ശ്ശൊ.. ശ്ശൊ! പാവം കുട്ടി അതിന്റെ പേര് മറന്നു പോയി. പേരു മറന്നുപോയ കുഴല്‍ കണ്ണില്‍ വച്ചു നോക്കിയാല്‍ അകലെയുള്ളതൊക്കെ അടുത്തു കാണാമത്രെ! അപ്പോള്‍ അടുത്തുള്ളതൊക്കെ അകലെയായിരിക്കുമോ കാണുന്നത്? അത് കുട്ടിക്കറിയില്ല. ഒരു കണക്കിന് ഭാഗ്യമായി. അല്ലെങ്കിലതും ഓര്‍ത്തിരിക്കേണ്ടി വന്നേനെ. അറിവുകള്‍ എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നന്ന്.

എന്തെല്ലാം കാര്യങ്ങളാണ് ഒരു ചെറിയ കുട്ടി ഓര്‍ത്തിരിക്കേണ്ടി വരുന്നതെന്ന് നമ്മള്‍ ഇപ്പോഴല്ലേ അറിയുന്നത്. നമ്മള്‍ ഒരു കാലത്ത് കുട്ടികളായിപ്പോയാല്‍ വെള്ളം കുടിച്ചതു തന്നെ. ഈ പിള്ളേരെ സമ്മതിക്കണം.”

ഇത്രയും എഴുതിയപ്പോഴാണ് കേസരി നാലാമന്‍ എന്ന യുവനിരൂപകന്റെ കാര്യം സക്കറിയ രണ്ടാമന്‍ ഓര്‍ത്തത്. യുവനിരൂപകനും യുവ യു.ജി.സി അധ്യാപകനുമാണെങ്കിലും ഈ നാലാമന്‍ പച്ച പിടിച്ചുവരുന്നതേയുള്ളൂ. എവിടെയാണ് രക്ഷ എന്നു തീരുമാനമാകാത്തതുകൊണ്ട് സച്ചിദാനന്ദന്‍ രണ്ടാമന്‍ എന്ന തൂലികാനാമത്തില്‍ ഇദ്ദേഹം യുവകവിതകളും എഴുതാറുണ്ട്.

സക്കറിയ രണ്ടാമനെ സന്ദര്‍ശിക്കാനായി ഇന്നു വരുന്നുണ്ടെന്ന് കേസരി നാലാമന്‍ അറിയിച്ചിരുന്നു. ആഗമനോദ്ദേശ്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ലെങ്കിലും സക്കറിയ രണ്ടാമന് അതെക്കുറിച്ച് ഏറെക്കുറെ ധാരണയുണ്ടായിരുന്നു. കേസരി മൂന്നാമന്റെ കാലു പിടിച്ച് ഒരു യുവനിരൂപക അവാര്‍ഡ് സംഘടിപ്പിച്ചിരുന്നു നാലാമന്‍. അതിനു പ്രത്യുപകാരമായി സക്കറിയ രണ്ടാമന്റെ യുവകഥകളെക്കുറിച്ച് നൂറു പുറത്തില്‍ കുറയാത്ത പുസ്തകമെഴുതാമെന്നാണ് കരാറ്. അതും കൊണ്ട് വരുന്നതായിരിക്കും.

കേസരി നാലാമന്‍ എപ്പോള്‍ വരും, എവിടെയെത്തി എന്നൊക്കെ അറിയാമെന്നു കരുതി ആ യുവനിരൂപകന്റെ മൊബൈല്‍ ഫോണിലേക്ക് സക്കറിയ രണ്ടാമന്‍ ഡയല്‍ ചെയ്തു. നിരാശാജനകമെന്നു പറയട്ടെ, ‘നിങ്ങള്‍ വിളിച്ച യുവസബ്സ്ക്രൈബര്‍ പരിധിക്കു പുറത്താണ്’ എന്ന സന്ദേശമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.

സക്കറിയ രണ്ടാമന്‍ വീണ്ടും എഴുത്തിലേക്കു മടങ്ങി;

“ഓരോന്നാലോചിച്ച് നടന്നു നടന്ന് പുഴയ്ക്കടുത്തെത്തിയത് കുട്ടിയറിഞ്ഞിരുന്നില്ല; നമ്മളും. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കുട്ടി കാണുന്നത്. അതാ പുഴക്കരയില്‍ സുശീലന്‍ സാര്‍! പുറം തിരിഞ്ഞാണ് സാറിന്റെ നില്പ്. കൈയില്‍ മറ്റേ കുഴല്‍ പിടിച്ച് ചുറ്റും നോക്കുന്നുണ്ട് സാറ്; ഹെറോണിനെ നിരീക്ഷിക്കുകയാവും. ആ കുഴലൊന്ന് കിട്ടിയിരുന്നെങ്കില്‍ എന്തു നന്നായിരുന്നു എന്നാശിച്ചുപോയി കുട്ടി ഒരു നിമിഷം. ഹെറോണിനെ അടുത്തു കാണാന്‍ അതിലും നല്ല മാര്‍ഗ്ഗമുണ്ടോ! ‘എന്തു വന്നാലും ശരി, സാറിനോട് കുഴല്‍ ചോദിക്കും’ എന്നുറപ്പിച്ച് കുട്ടി പുഴക്കരയിലേക്ക് നടക്കാന്‍ തുടങ്ങി. കണ്ണടച്ച് ഒറ്റയോട്ടം എന്നും പറയാം. ഇന്ന് പക്ഷി നിരീക്ഷണം നടന്നില്ലെങ്കില്‍ ഉടനെയൊന്നും സാധിച്ചെന്നു വരില്ല എന്നും അങ്ങനെയായാല്‍ സംഗതി കുഴപ്പത്തിലാകുമെന്നും വിവശനായിക്കൊണ്ടാണ് കുട്ടി പറക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

പുസ്തകത്തില്‍ നിന്നും പകര്‍ത്തിയെടുത്ത ഹെറോണിന്റെ ലക്ഷണങ്ങള്‍ കുട്ടിക്ക് മനഃപാഠമാണ്.. പുറം ചാര നിറം. വയറും മാറിടവും കഴുത്തും അടിവശവും തൂവെള്ള. കഴുത്തിന്റെ നടുവിലൂടെ...

അങ്ങനെ ഒരു ആവര്‍ത്തനപഠനം നടത്തി പുഴക്കരയില്‍ എത്തിയപ്പോള്‍ കുട്ടി ഞെട്ടിത്തകര്ന്നു പോയി; സുശീലന്‍ സാറിനെ കാണാനില്ല! അല്ല, അപ്പോഴേക്കും സാറ് എവിടേയ്ക്കാണ് പോയിക്കളഞ്ഞത്? കുട്ടി കണ്ണടച്ച് പറക്കുകയായിരുന്നതുകൊണ്ട് അവനതു കണ്ടില്ല. മുതിര്‍ന്നവരായ നമ്മളും കണ്ടില്ല. കുട്ടികള്‍ കാണാതെ പോകുന്നതും മറ്റും കാണുകയും അവര്‍ക്ക് നേരാം വിധം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടവരുമായ നമ്മള്‍...ഛെ മോശമായിപ്പോയി; വളരെ വളരെ മോശമായിപ്പോയി”

സക്കറിയ രണ്ടാമന്‍ പേന താഴ്ത്തി വച്ച് കൈകള്‍ രണ്ടും വലിച്ചു കുടഞ്ഞു. ഇനിയാണ് ഈ യുവകഥ തികച്ചും നവീനവും നിസ്തുലവുമായ ഒരു മാനം കൈവരിക്കേണ്ടത്. പക്ഷേ, അതെങ്ങനെയാണെന്ന കാര്യം സക്കറിയ രണ്ടാമന് ഒരു രൂപവുമില്ല. മംഗളം വാരികയില്‍ കണ്ട ഒരു ഫലിതബിന്ദുവില്‍ നിന്നാണ് ഇത്രയും ഒപ്പിച്ചത്.

‘പാഠ്യേതരപ്രവര്‍ത്തനത്തിന്റെ പീരീഡില്‍ വെറുതെ പുറത്തേക്കു നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍: എന്താടാ ഒന്നും ചെയ്യാതെ കണ്ണും മിഴിച്ചിരിക്കുന്നത്?
അപ്പോള്‍ വിദ്യാര്‍ത്ഥി: ഞാന്‍ പക്ഷി നിരീക്ഷണം നടത്തുകയാണ് സാ‍ര്‍’
കണ്ടോ ഒരു യുവകഥയുടെ പിറവി. സക്കറിയ രണ്ടാമന്‍ ആള് ചില്ലറക്കാരനല്ല എന്നു മനസ്സിലായില്ലേ? മാസം തോറും നാലു യുവകഥ എന്നതാണ് സക്കറിയ രണ്ടാമന്റെ കണക്ക്. അടുത്തമാസം ഈ നാലിനെക്കുറിച്ചുമുള്ള പഠനവും പുറത്തിറങ്ങും. അത് പിതാമഹനായ കേസരി മൂന്നാമന്റെ ജോലിയാണ്. അതിന് ചില കക്ഷികളെയൊക്കെ മൂപ്പര് കണ്ടുപിടിച്ചു വച്ചിട്ടുണ്ട്. അങ്ങനെ സക്കറിയ രണ്ടാമന്റെ യുവകഥ പഠിച്ചു പഠിച്ചാണ് കേസരി നാലാമന്‍ എന്ന യുവനിരൂപകന്റെ ജനനം തന്നെ.

ഈ യുവകഥയിനി എങ്ങോട്ടു വിടും. സക്കറിയ രണ്ടാമന്‍ മംഗളം വാരികയുടെ പുതിയ ലക്കം നിവര്‍ത്തി ഫലിതബിന്ദുക്കള്‍ പരതാന്‍ തുടങ്ങി.

അപ്പോഴാണ് പുറത്തുനിന്ന് ഒരു വിളി കേട്ടത്:
“ഷിബൂ, എടാ‍ ഷിബൂ...”
സക്കറിയ രണ്ടാമന്‍ ഞെട്ടിപ്പോയി. ഏതു ദ്രോഹിയാണ് പൂര്‍വ്വാശ്രമത്തിലെ പേര്‍ വിളിക്കുന്നത്?
“എടാ ഷിബുമോനേ...”
അത്രയുമായതോടെ സക്കറിയ രണ്ടാമന്റെ സമനില തെറ്റി.
“ഏതു .... മോനാടാ വിളിക്കുന്നത്?”(വിട്ടുകളഞ്ഞ ഭാഗം ഭയങ്കര തെറിയാണ്.)
ഓടിക്കിതച്ചുകൊണ്ട് കേസരി നാലാമന്‍ പ്രവേശിച്ചു.
“ഏടാ, നിനക്ക് മികച്ച യുവകഥയ്ക്കുള്ള നാല്പാമര പുരസ്കാരം!“ കേസരി നാലാമന്‍ കിതച്ചുകൊണ്ട് പറഞ്ഞു.
“ഓ, അതു ഞാന്‍ കഴിഞ്ഞ കൊല്ലം തന്നെ ബുക്ക് ചെയ്തിരുന്നു. അനൌണ്‍സ് ചെയ്തോ?”
“ഇല്ല ഞാനൊരു രഹസ്യ സോഴ്സീന്ന് അറിഞ്ഞതാ”
“ങേ! അതേതു സോഴ്സ്?”
“നമ്മുടെ യുവകവയിത്രി പാവക്കുട്ടി പറഞ്ഞതാ”
“പാവക്കുട്ടിയോ? അതാര്?”
“പാവങ്ങളുടെ മാധവിക്കുട്ടി”
“ഓ മനസ്സിലായി. അതിരിക്കട്ടെ അവളെങ്ങനെ അറിഞ്ഞു?”
“ആര്‍ക്കറിയാം. ഏതായാലും നന്നായി. നിന്നെ പുച്ഛിച്ചു നടന്നവന്മാരുടെ സൂക്കേടങ്ങു തീരും... ഹ ഹ ഹ!“
സക്കറിയ രണ്ടാമന്‍ ഒന്നും പറഞ്ഞില്ല.
“നീയെന്താടാ ഓഫായിട്ടിരിക്കുന്നത്?”
“ഞാന്‍ കടുത്ത സര്‍ഗപീഢ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസത്തെ ക്വോട്ട തികയ്ക്കാന്‍ ഒരു യുവകഥ കൂടി എഴുതണം. പക്ഷേ, അത് പാതി വഴിയില്‍ മുടങ്ങി നില്‍ക്കുകയാ‍ണ്.”
“അത്രേയുള്ളോ കാര്യം. എവിടെ പുതിയ യുവകഥ?”

സക്കറിയ രണ്ടാമന്‍ എഴുതിയ കടലാസുകള്‍ കേസരി നാലാമനെ ഏല്‍പ്പിച്ചു. നാലാമന്‍ ശാന്തനായി വായന തുടങ്ങി. പേജുകള്‍ മറിയുന്നതിനനുസരിച്ച് നാലാമന്റെ മുഖത്ത് അഞ്ചോ ആറോ രസങ്ങള്‍ മാറി മാറി വിരിയാന്‍ തുടങ്ങി. ഒടുവില്‍ അവസാനത്തെ പേജ് കഴിഞ്ഞപ്പോള്‍ ‘എന്തദ്ഭുതം, എന്തദ്ഭുതം’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നാലാമന്‍ അഞ്ചാറു തവണ മേലോട്ട് ചാടി.

“എന്താണിത്ര അദ്ഭുതപ്പെടാന്‍?” സക്കറിയ രണ്ടാമന്‍ മൌനം ഭഞ്ജിച്ചു.
“ഇതാ, പാവക്കുട്ടി നിനക്കു തരാനായി എന്നെ ഏല്‍പ്പിച്ചതാണ്. ഒന്നു വായിച്ചു നോക്കൂ”
കേസരി നാലാമന്‍ കുറെ കടലാസ്സുകള്‍ നീട്ടി. സക്കറിയ രണ്ടാമന്‍ വലിയ താല്പര്യമൊന്നുമില്ലാത്ത മട്ടില്‍ അതു വാങ്ങി വായന തുടങ്ങി.

‘പ്രിയപ്പെട്ട ചേട്ടന്,
കഴിഞ്ഞയാഴ്ചത്തെ സംഭവങ്ങളെല്ലാം ചേട്ടന്‍ മറക്കണം. അന്ന് പുഴക്കരയില്‍ വച്ചു കണ്ടപ്പോള്‍ കുളിക്കടവില്‍ എത്തിനോക്കാന്‍ വന്ന ഒരു അസന്മാര്‍ഗ്ഗിയാണ് ചേട്ടന്‍ എന്നാണു ഞാന്‍ കരുതിയത്. എഴുതാനുള്ള ഇന്‍സ്പിരേഷനു വേണ്ടി പുഴക്കരയില്‍ വന്നിരിക്കുന്നത് ചേട്ടന്റെ ഒരു ഹോബിയാണെന്ന് ഇന്ന് പത്രത്തില്‍ വായിച്ചപ്പോഴാണ് അറിഞ്ഞത്. (വര്‍ത്തമാനപ്പത്രങ്ങളില്ലായിരുന്നെങ്കില്‍ ഇതു പോലുള്ള വലിയ സത്യങ്ങളും നമള്‍ അറിയാതെ പോകുമായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി ചേട്ടാ.) അന്ന് ചേട്ടനെ തല്ലിയതില്‍ എന്റെ ആങ്ങളയ്ക്കും എനിക്കും വലിയ മനസ്താപമുണ്ട്. ഞങ്ങളോട് ക്ഷമിക്കൂ.

മനസ്താപമകറ്റാന്‍ ഞാനൊരു യുവകവിത എഴുതിയിട്ടുണ്ട്. അത് നമ്മുടെ അന്നത്തെ സമാഗമത്തിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുകയാണ്. സ്വീകരിക്കണം. എന്നാലേ എന്റെ മനസ്സിന് അല്പമെങ്കിലും ആശ്വാസം കിട്ടൂ. ഒരുഫോട്ടോയും ഇതിനോടൊപ്പം വയ്ക്കുന്നു.
എന്ന് സ്വന്തം
പാവക്കുട്ടി.’

അടുത്ത പേജിലാണ് യുവകവിത തുടങ്ങുന്നത്. സക്കറിയ രണ്ടാമന്‍ നിറകണ്ണുകളോടെ പേജ് മറിച്ചു. യുവകവിതയുടെ മുകളില്‍ ഒരു ഫോട്ടോ. നല്ല ഭംഗി! രണ്ടു യുവനക്ഷത്രങ്ങള്‍ ഇതാ കണ്ടുമുട്ടുന്നുവെന്ന് രണ്ടാമന് തോന്നി. ഇനി യുവകവിത.

‘ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു.
ഈ കുട്ടിക്ക് പക്ഷികളെ വലിയ ഇഷ്ടമായിരുന്നു.
പക്ഷികളെ കാണാനായി
കുട്ടി ഒരിക്കല്‍ പുഴക്കരയിലെത്തി.
കൊക്ക്, പൊന്മാന്‍, നീര്‍ക്കാക്ക, കുളക്കോഴി...
അങ്ങനെ ഒരുപാട് പക്ഷികളുണ്ടായിരുന്നു അവിടെ.
കുട്ടി എല്ലാറ്റിനെയും കണ്ടു.
ഹായ്, നല്ല രസം!
അപ്പോഴാണ് കുട്ടിയുടെ സാര്‍ അതുവഴി വന്നത്.
കുട്ടിയെ പുഴക്കരയില്‍ കണ്ടപ്പോള്‍
സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
പെണ്ണുങ്ങളുടെ കുളിക്കടവില്‍ നിനക്കെന്താടാ കാര്യം
എന്നലറിക്കൊണ്ട് സാര്‍ കുട്ടിയെ തല്ലി.
പാവം കുട്ടി!
അവന്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി.
കുട്ടി പോയെന്ന് ഉറപ്പായപ്പോള്‍
സാര്‍ പതുക്കെ ഒരു പൊന്തക്കാട്ടില്‍ കയറി
കുളിക്കടവിലേക്ക് തുറിച്ചുനോക്കി ഇരിപ്പായി.
എന്‍.ബി: ചേട്ടാ, ‘നോട്ടം’ എന്നാണ് ഈ യുവകവിതയുടെ പേര്. കുളിക്കടവിലെ സ്ത്രീകളെ വര്‍ണ്ണിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അവയവങ്ങളുടെ പേരുകളൊക്കെ എഴുതിവച്ചാല്‍ വായനക്കാര്‍ ഞെട്ടില്ലേ? ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറയണം.

“യൂറേക്കാ! യൂറേക്കാ!“ സക്കറിയ രണ്ടാമന്‍ അലറി വിളിച്ചു.
“എടാ ഷിബു, നിനക്കെന്തു പറ്റി?” കേസരി നാലാമന്‍ അങ്കലാപ്പോടെ ചോദിച്ചു.
“നീ വേഗം പോയി നാലു പേജ് പഠനം എഴുത്. എന്റെ പുതിയ യുവകഥ ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയാകും... ഹ ഹ ഹ!“
ഇത്രയും പറഞ്ഞ് കേസരി നാലാമനെ തള്ളി പുറത്താക്കി കതകടച്ച് സക്കറിയ രണ്ടാമന്‍ എഴുതാന്‍ തുടങ്ങി.

“കുട്ടി കുറേ നേരം സുശീലന്‍ സാറിനെ നോക്കി അവിടെയും ഇവിടെയുമൊക്കെ നടന്നു. ആളുടെ പൊടിപോലുമില്ല. പെട്ടെന്നാണ് ഒരുകാര്യം കുട്ടി ശ്രദ്ധിച്ചത്. അതാ ഇരിക്കുന്നു സുശീലന്‍ സാറിന്റെ നിരീക്ഷണക്കുഴല്‍! ഹാവൂ, ആശ്വാസമായി. സാറ് വരുമ്പോഴേക്കും കുറച്ചു പക്ഷികളെ നിരീക്ഷിച്ചു വയ്ക്കാമല്ലോ.

കുട്ടി കുഴലെടുത്ത് കണ്ണില്‍ ചേര്‍ക്കുന്നത് നമുക്ക് കാണാം. അങ്ങേക്കരയിലെ മൂവാണ്ടന്‍ മാവ്. അതിന്റെ ചുവട്ടില്‍ കെട്ടിയിരിക്കുന്ന പശുക്കുട്ടി. അതിനെ വലം വയ്ക്കുന്ന പൂച്ചക്കുഞ്ഞ്... ഇതൊക്കെയാവും കുട്ടികാണുന്നത്. പക്ഷേ കുട്ടിയുടെ ശ്രദ്ധ അതിലൊന്നുമല്ലെന്ന് നമുക്കറിയാം. പുഴക്കരയില്‍ ഹെറോണിന്റെ അനക്കമുണ്ടോ?... പുറം ചാര നിറം, വയറും കഴുത്തും മാറിടവും...

അങ്ങനെയങ്ങനെ നോക്കി വരുമ്പോള്‍ കുട്ടി കാണുന്നതെന്താണ്? ഒരു പെണ്ണ് കുളിക്കടവില്‍ നിന്ന് ബ്ലൌസഴിക്കുന്നു. അപ്പുറത്തൊരു പെണ്ണ് പാവാട മാറത്തേക്കുയര്‍ത്തിക്കെട്ടി നിന്ന് തുണി നനയ്ക്കുന്നു. പക്ഷേ, അതിലൊന്നും കുട്ടിയുടെ ശ്രദ്ധ വീഴുന്നില്ല. കിട്ടി നിരാശനായിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ഗ്രെ ഹെറോണ്‍ പോലും അവിടെയില്ല എന്നല്ല, ഒരു കാക്ക പോലുമില്ല. പക്ഷികളെ കാണാനില്ലല്ലോയെന്ന് ഖേദിച്ചും പെണ്ണുങ്ങളെ കണ്ട് ഹെറോണ്‍ നാണിച്ചു പോയതാണൊയെന്ന് ശങ്കിച്ചും കുട്ടി മടങ്ങിപ്പോകാനൊരുങ്ങുകയാണ്. ഈ പക്ഷികളൊക്കെ എവിടെപ്പോയി?

ഇതിനിടെ നമ്മുടെ ശ്രദ്ധ കുളിക്കടവില്‍ ഉടക്കിപ്പോകുന്നു. പെണ്ണുങ്ങള്‍ രണ്ടും കുളിയും നനയും തുടരുന്നുണ്ട്. മൂന്നാമതൊരാള്‍ കടവിലേക്കിറങ്ങാന്‍ തയ്യാറെടുക്കുന്നു. കുട്ടിയുടെ സങ്കടവും ഹെറോണിന്റെ ദുരൂഹമായ അസാന്നിദ്ധ്യവും നമ്മള്‍ മറക്കുന്നു. കുട്ടിയുടെ പിന്നാലെ തിരിക്കാന്‍ തോന്നിയ നിമിഷത്തെ നമ്മള്‍ സ്തുതിക്കുന്നു. വിശേഷിച്ചൊന്നും ചെയ്യാനില്ലാതെ വെറുതെ നിലത്തേക്കു നോക്കിയിരിക്കുകയായിരുന്നല്ലോ നമ്മള്‍.

കുട്ടി കുഴല്‍ താഴെ വച്ചിരുന്നെങ്കില്‍ അതൊന്നെടുത്ത് പ്രയോജനപ്പെടുത്താമല്ലോ എന്ന അശ്ലീലവിചാരത്തോടെ, അല്പം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ എന്താണ് കാണുന്നത്? കുട്ടി കരഞ്ഞുകൊണ്ട് ഓടുന്നു. എന്താണ് കാര്യം? ‘പെണ്ണുങ്ങള്‍ കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കുന്നോ കൊരങ്ങാ’ എന്നു കോപിച്ച് സുശീലന്‍ സാര്‍ നില്‍ക്കുന്നു. കുഴല്‍ മൂപ്പരുടെ കഴുത്തില്‍ തൂങ്ങുന്നുണ്ട് ഇപ്പോള്‍.

എന്റെ സുശീലന്‍സാറെ, അവന്‍ കുളി കാണാനൊന്നുമല്ല, ഒരു നല്ല കാര്യത്തിനു വന്നതാണെന്ന് പറഞ്ഞാലോയെന്ന് വിചാരിക്കുമ്പോഴാണ് നമ്മള്‍ ഒരു കാര്യമോര്‍ത്തത്. കുളിക്കടവിനു നേരെയുള്ള പൊന്തക്കാട്ടിലാണ് നമ്മള്‍. ഇവിടുന്ന് ഇറങ്ങിച്ചെല്ലുന്നത് സുശീലന്‍സാര്‍ കണ്ടാല്‍.. അയ്യേ, പിന്നെങ്ങനെ അങ്ങേരുടെ മുഖത്ത് നോക്കും? നാട്ടുകാരുടെ മുഖത്ത് നോക്കും? അനങ്ങാതെ ഇവിടെത്തന്നെ കൂടുന്നതാണ് തല്‍ക്കാലം ബുദ്ധി.

പക്ഷേ, നമ്മുടെ സ്വസ്ഥത നഷ്ടപ്പെട്ടുകഴിഞ്ഞു. കഴിയുന്നത്ര കുളികള്‍ കാണുന്നതു മുതല്‍ പൊന്തക്കാട്ടില്‍ നിന്ന് ആരും കാണാതെ പുറത്തിറങ്ങുന്നതു വരെയുള്ള ഒരുപാട് പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ ഒറ്റയടിക്ക് ഒരു ഞെട്ടലോടെ ആലോചിച്ചു പോയി.

സ്വസ്ഥത വീണ്ടുകിട്ടണമെങ്കില്‍ എന്തു ചെയ്യണം? ഒരു ബീഡി വലിച്ചാല്‍ മതി. അങ്ങനെ ഒരു ബീഡിയെടുത്ത് ചുണ്ടോടു ചേര്‍ത്ത് തീ പിടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നുമൊരു ചോദ്യം നമ്മള്‍ കേള്‍ക്കുന്നു.
“ബീഡിയുണ്ടോ സഖാവേ, തീപ്പെട്ടിയെടുക്കാന്‍?”
ആരാണത്? ങേ, സുശീലന്‍സാറ്‌! നമുക്ക് എല്ലാം മനസ്സിലാകുന്നു. ‘എന്നാലും സാറേ, ആ കൊച്ചിനോടിത് വേണ്ടായിരുന്നു. എന്ന് നമ്മള്‍ പറയുന്നു. എന്നിട്ട് ബീഡി കൊടുക്കുന്നു.
“അവനിവിടെ നിന്നാല്‍ നമുക്ക് നില്‍ക്കാന്‍ പറ്റുമോ’ എന്ന് ബീഡി കത്തിക്കുന്നതിനിടയില്‍ സാറ് ചോദിച്ചതു കേട്ട് നമ്മള്‍ ആഹ്ലാദിക്കുന്നു. ഈ നമ്മള്‍ എന്നു പറയുമ്പോള്‍ സുശീലന്‍സാറിനെപ്പോലെയുള്ള വലിയ സാറന്മാരും അതില്‍ പെടുമെന്നത് ആരെയാണ് ആഹ്ലാദിപ്പിക്കാത്തത്.

അപ്പോള്‍ അങ്ങേക്കരയില്‍ കുളിക്കടവില്‍ മൂന്നാമത്തവള്‍ ബ്ലൌസഴിക്കാന്‍ തുടങ്ങി.

ഇത്രയും എഴുതിയിട്ട് അടിയില്‍ രണ്ടു വരയുമിട്ട് സക്കറിയ രണ്ടാമന്‍ ഒന്നു ശ്വാസം വലിച്ചുവിട്ടു. ഇനി ഒരു പേരു വേണം. “നമ്മള്‍” എന്നായാലോ? വേണ്ട, അതിനു തീരെ നിഗൂഡതയില്ല. മാത്രമല്ല, മൂന്നക്ഷരമുള്ള പേര്‍ ഗുണമില്ല; ചീത്ത നമ്പറാണ്. “ബീഡിയുണ്ടോ സഖാവേ, തീപ്പെട്ടിയെടുക്കാന്‍” എന്നിട്ടാലോ? അത് കലക്കും. ആകെക്കൂടിയൊരു ചന്തമുണ്ട്. മാത്രമല്ല, കഥയ്ക്കൊരു തേര്‍ഡ് ഡൈമെന്‍ഷന്‍ കൊടുക്കാന്‍ ഇത്തരം പേരുകള്‍ക്ക് കഴിയും. അപ്പോള്‍ അങ്ങനെ തന്നെ. കമ്യൂണിസത്തെ വിചാരണ ചെയ്യുന്ന കഥ എന്നൊക്കെ കേസരി നാലാമന് എഴുതിപ്പിടിപ്പിക്കാന്‍ സ്കോപ്പ് കിട്ടും. ചില്ലറ വിവാദമോ മറ്റോ ഉണ്ടായിക്കിട്ടിയാല്‍ രക്ഷപ്പെട്ടു... ഹ.. ഹ... ഹ!

അപ്പോഴാണ് സക്കറിയ രണ്ടാമന്റെ കണ്ണില്‍ ആ കത്ത് വീണ്ടും പെട്ടത്. ഒന്നാന്തരം ഫോട്ടോ! അതിന്റെ ചുവട്ടിലുള്ള യുവകവിതയ്ക്ക് കേസരി നാലാമനെക്കൊണ്ട് ഒരു യുവനിരൂപണം എഴുതിക്കണം. ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം സക്കറിയ രണ്ടാമന്‍ അവളുടെ യുവമൊബൈല്‍ ഡയല്‍ ചെയ്തു.

ആദ്യറിങ്ങില്‍ത്തന്നെ കേട്ടു അങ്ങേത്തലയ്ക്കല്‍ യുവകവിത പോലൊരു വിളി.
“ചേട്ടാ...”
“ഐ ലവ് യൂ.!“ സക്കറിയ രണ്ടാമന്‍ പറഞ്ഞു. പിന്നീടൊന്നും പറയാനും കേള്‍ക്കാനും നില്‍ക്കാതെ ഫോണ്‍ സ്വിച്ചോഫ് ചെയ്തു.

കാലമേറെ കഴിഞ്ഞില്ല. അവര്‍ മാതാപിതാക്കളുടെ അനുവാദത്തോടെയും ആശീര്‍വാദത്തോടെയും വിവാഹിതരായി സസുഖം ചിരകാലം ജീവിച്ചു. ഇരുവരും കണ്ടമാനം യുവകഥകളും യുവകവിതകളും യുവ ആത്മകഥകളും എഴുതുകയും അഭിമുഖങ്ങള്‍ അച്ചടിപ്പിക്കുകയും പുസ്തകങ്ങളിറക്കുകയും സ്വയം വാങ്ങി വിതരണം ചെയ്യുകയും അവാര്‍ഡുകളും പൊന്നാടകളും സ്വീകരണങ്ങളും ഏറ്റുവാങ്ങുകയും ചെയ്തു. എന്നിട്ടും മലയാളസാഹിത്യത്തിന് വലിയ അപകടമൊന്നും സംഭവിച്ചില്ല എന്നതും പ്രസ്താവ്യമാണ്.

ശുഭം!

Tom J Mangadu

ടോം ജെ. മങ്ങാട്ട്
പുസ്തകം: ഒറ്റയ്ക്കൊരു ശകുന്തള, മഴക്കാലം
വിലാസം: മങ്ങാട്ട്, ശ്രേയസ് വില്ല റോഡ്, ദേവലോകം തപാല്‍, കോട്ടയം, 686038.

Subscribe Tharjani |
Submitted by അരവിന്ദ് (not verified) on Tue, 2006-01-10 13:42.

ടോമിന്റെ കഥകള്‍ വായിച്ചാലൊരു പ്രത്യേക ലോകത്ത് എത്തിയ പ്രതീതി പലപ്പോഴും തോന്നാറുണ്ട്. വളരെ അപ്രതീക്ഷിതമായ ചില വിഷയങ്ങളാവും ടോമിന്റെ കഥകളില്‍. അതിലും അപ്രതീക്ഷിതമാവും അവ നടക്കുന്ന ഇടങ്ങളും അതിലെ കഥാപാത്രങ്ങളും. ഇനിയും ടോമിന്റെ കഥകള്‍ തര്‍ജ്ജനിയില്‍ വായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കട്ടെ...

Submitted by tom mangatt (not verified) on Sat, 2006-01-14 23:59.

thanks aravind. i'm honoured!
love
tom

Submitted by jayesh (not verified) on Tue, 2006-01-17 18:25.

iruttati pole oru katha...apakatamonnum sambhavikkilla

Submitted by Rajani N.A. (not verified) on Wed, 2006-02-01 16:16.

Iruttatiyalla, parasyavichaaranayaanu. Valare nannayi Tom. Prasidheekarichathinu 'Tharjani'kku abhinandanangal!

Submitted by Anil Rajendran (not verified) on Wed, 2006-04-05 08:06.

interesting story. tominte ottakkoru sakunthala, chathurangathampuran, avanivazhvu kinavu enni kathakalum enikkishtamanu. kathakaranu abhinandanagal.
(tominte e-mail tharamo?)

Submitted by Sunil (not verified) on Wed, 2006-04-05 13:14.

Anil, Please see indulekha.com and his blog http://tomjm.blogspot.com/