തര്‍ജ്ജനി

സുജീഷ് നെല്ലിക്കാട്ടില്‍

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

പ്രതിമയുടെ നിലവിളി

നാടുകളൊരുപാടു കണ്ട
നിന്റെ നിലവിളിയിന്നു
തെരുവില്‍ കേള്‍ക്കാം.

മിഠായിത്തെരുവിലലയുമ്പോള്‍
ഞാനും കേട്ടിരിക്കുന്നു,
ഞാന്‍ മാത്രം.
നിന്റെ കല്‍പ്രതിമയ്ക്ക്
മുന്നിലെത്തുമ്പോള്‍
കാഠിന്യമേറുകയും ചെയ്തിരിന്നു-
വെങ്കിലും നിലവിളിയുടെ
പൊരുളെനിക്കറിയാനായില്ല
ഇതുവരെ.

വഴിയോര വാണിഭക്കാരുടെയും
വേശ്യകളുടെയും
തെണ്ടികളുടെയും
ഇടയിലെവിടെയോ നിലവിളി
ഒടുങ്ങുന്നു.

കാപ്പിരികളെ കണ്ട ,
കറുത്ത തെരുവിലെ
കറുത്ത
കല്‍പ്രതിമയ്ക്ക് മുകളില്‍
കാക്കകള്‍
കാഷ്ടിക്കുമ്പോഴും
(വെള്ളപൂശുന്നതാവാം)
നിന്റെ നിലവിളി അവ്യക്തമായി
എന്റെ സ്വൈര്യം കെടുത്തുന്നു.

പ്രതിമയ്ക്ക് ചുറ്റുമുള്ള
മതില്‍ കാണുമ്പോള്‍
സ്വാതന്ത്ര്യത്തിനായുള്ള
മുറവിളിയായി നിലവിളി
മാറുന്നെന്റെ മനസ്സില്‍.

തെരുവില്‍ നിന്നെ
തെണ്ടികള്‍ക്കിടയില്‍ ,
താഴ്ത്തിയിരുത്തിയതിനാലാണ്
നിലവിളിക്കുന്നതെന്ന
തോന്നലെനിക്കില്ല.
നിന്റെ തലയുയര്‍ത്തിയപ്പോഴും
നിലവിളി കേട്ടിരുന്നു.

പച്ചയും മിനുക്കും
ആടിക്കൊഴിഞ്ഞ തെരുവില്‍
കരിയും കത്തിയും
അരങ്ങു വാഴുന്നു.
വരുന്നു
പ്ലാസ്റ്റിക്‍ പുഞ്ചിരിയുമായി
ചിലര്‍ അവര്‍ക്കൊന്നും
നിലവിളിയുടെ അര്‍ത്ഥം അറിയേണ്ടാ.

പിച്ചതെണ്ടാന്‍ വിധിക്കപ്പെട്ട
പാഴ്ജന്മങ്ങളുടെ നിലവിളി
പ്രതിമയുടെ നിലവിളിയേക്കാള്‍
പഴക്കമുള്ളതാണ്.
പ്രതിമയുടെ നിലവിളിക്ക്‌
കാതോര്‍ക്കുന്ന ഞാനോ
പഴയ നിലവിളി
കേള്‍ക്കാത്തവന്‍.

ഇനി നിന്റെ നിലവിളിയുടെ
അര്‍ത്ഥം അറിയണമെങ്കില്‍
ഞാനുമൊരു
പ്രതിമയോ,
പ്രദര്‍ശനവസ്തുവോ
ആകേണ്ടിയിരിക്കുന്നു

Subscribe Tharjani |