തര്‍ജ്ജനി

കഥ

ദൈവവും ഇ. എം. എസ്സും

ദൈവം ഇ എം എസ്സിനോട് പറഞ്ഞു:
“നമ്പൂതിരി, ശ്ശി ദിവസ്സായി എനിക്കസ്സാരം കളിഭ്രാന്ത്. നമുക്കൊന്ന് കലാമണ്ഡലം വരെ പോയാലോ. നളചരിതം നാലാം ദിവസോം കാലകേയ വധോം ഗോപിയെക്കൊണ്ടൊന്നാടിക്കാം. എന്താ പോരുന്നോ?”
ഇ. എം. എസ്സ് ‘ഹെവന്‍ റെവല്യൂഷന്‍’ എന്ന പ്രതിവാര മാസികയ്ക്കു വേണ്ടി പംക്തി എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലേയ്ക്കാണ് ദൈവം കടന്നു വന്നതും ഇങ്ങനെ ചോദിച്ചതും. ഒരു പാരഗ്രാഫിനു ഫുള്‍ സ്റ്റോപ്പിട്ടുകൊണ്ട് ഇ. എം. എസ്സ് മറുപടി പറഞ്ഞു:
“കഥകളി ഒരു ബൂര്‍ഷ്വാ കലാരൂപമാണ്. വരേണ്യ വര്‍ഗത്തിന്റെ ഒരു രസം. എനിക്കതില്‍ ലവലേശം താത്പര്യമില്ല. അതിപ്രതാപ ഗുണവാനും വീര്യവാനുമായിട്ടുള്ള നായകന്മാരെ മാത്രമേ നമുക്കവിടെ കാണാന്‍ സാധിക്കൂ. ചാത്തനും ചിരുതയുമൊന്നുമില്ലാത്ത സവര്‍ണ്ണ ചിഹ്നങ്ങളാണ് കഥകളിയില്‍ നിറയെ. വല്ല വില്ലടിച്ചാന്‍ പാട്ടോ തെരുവു നാടകമോ കെ.പി.എസ്.സി നാടകങ്ങളോ കാണാനാണെങ്കില്‍ ഞാനും വരാം. പിരപ്പന്‍‌കോടു മുരളി രചിച്ച നാടകമാണെങ്കില്‍ ഇല്ല, അതിനും ഞാനില്ല.....”

ദൈവം ഇ. എം. എസ്സിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തില്ല. ദൈവം ദൈവികവും പരിശുദ്ധവുമായ ഒരു നോട്ടം ഇ. എം. എസ്സിനു നേരെ അയച്ചു. സുഗന്ധമുള്ള ഒരു ചിരിയും ചിരിച്ചു.

“ഞാന്‍ നവരസങ്ങള്‍ കാണാം. നമ്പൂതിരി പോയി പാര്‍ട്ടിയാസ്ഥാനവും പത്രമോഫീസുമൊക്കെ കണ്ടിട്ടു വാ.. സഖാക്കള്‍ടെ കായശക്തിയും ബുദ്ധിയും ഒന്നളക്കയും ചെയ്യാമല്ലോ! ”
ദൈവവചനം കേട്ട ഇ. എം. എസ്സ് ചിരിച്ചു കൊണ്ടാണ് എണീറ്റത്.

"എന്നെ പാളയത്തിറക്കി വിട്ടിട്ടേ ദൈവം പോകാവൂ”
ദൈവമത് സമ്മതിച്ചു.
“ദൈവം മിഥ്യയാണെന്നു പറഞ്ഞ് നമ്പൂതിരി എത്ര ലേഖനമെഴുതി. പ്രസംഗിച്ചു. എന്നിട്ടും പാര്‍ട്ടിയംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ആഴി തുള്ളിയും കുമ്പസരിച്ചും നിസ്കരിച്ചും ദൈവത്തെ പ്രീതിപ്പെടുത്തി. അവര്‍ വീടിന്റെ രഹസ്യമുറികളില്‍ മാക്സിനു മീതെ ദൈവത്തെ ഇരുത്തി. അങ്ങനെ എന്റെ അസ്തിത്വം ഭൂമിയില്‍ കൂടുതല്‍ കൂടുതല്‍ ദൃഢപ്പെട്ടു.“

തെല്ലിട നിശ്ശബ്ദനായ ദൈവം ഭൂമിയെക്കുറിച്ച് ചിലതൊക്കെ ഓര്‍ത്തു.

തര്‍ക്കം ഇ. എം. എസ്സിനു പ്രിയപ്പെട്ട വിനോദമായിരുന്നു. ദൈവത്തിനു താര്‍ക്കികരും. യാത്രയിലുടനീളം ഇ. എം. എസ്സ് ദൈവത്തിനോടു തര്‍ക്കിച്ചു. ദൈവം പുതിയ പുതിയ വിഷയങ്ങള്‍ നല്‍കി ഇ. എം. എസ്സിനെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. പ്രകോപനമുള്ള ചോദ്യങ്ങളുടെ ഉത്തരം തേടലിനിടയില്‍ ഇ. എം. എസ്സ് വിക്കി. ഈ നേരത്ത് നമ്പൂതിരിയുടെ മസ്തിസ്കം കാന്തിക ശക്തിയുള്ളതായി മാറുന്നതും ദൈവം കണ്ടു. പാര്‍ട്ടി കരുണാകരനെ വേളി കഴിച്ചതിനെക്കുറിച്ചും സോണിയയുടെ മെതിയടി വച്ച് ഭരതപ്രതിജ്ഞയെടുത്തതിനെ ക്കുറിച്ചും പറഞ്ഞ് ദൈവം ഉറക്കെ ചിരിച്ചു. പക്ഷേ ആ ദുര്യോഗമോര്‍ത്താവണം ഏറെ നേരം ഇ. എം. എസ്സ് ഒരക്ഷര മുരിയാടാതെ ഇരുന്നു. ദൈവത്തെക്കൊണ്ടുപോലും പാര്‍ട്ടിയെ പറയിപ്പിക്കുന്നവരുടെ ചന്തിക്കിട്ട് നല്ല ചൂരല്‍ പ്രയോഗം നടത്താതെ പറ്റില്ല എന്നും ഇ. എം ഉറച്ചു.

“സൂക്ഷിച്ചു പോണം.”
ഇ. എം. എസ്സിനെ പാളയത്തിറക്കി വിട്ടിട്ട് ദൈവം പറഞ്ഞു.
ദൈവത്തെയും തന്നെയും ഒന്നിച്ചാരും കാണണ്ട എന്നു കരുതി ഇ. എം ഒരു ചെറു പുഞ്ചിരി എന്ന അടവു നയം ഇവിടെ പ്രയോഗിച്ചു.

യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുന്നില്‍ ഒരു നിമിഷം ഇ. എം. എസ്സ് നിന്നു. ആശാന്‍ സ്ക്വയറിലേയ്ക്കു നോക്കി. ‘മാറ്റുവിന്‍ ചട്ടങ്ങളെ‘ എന്ന കാവ്യശകലം മൂന്നു വട്ടം മൂളി. കേരള സര്‍വകലാശാല ഓഫീസില്‍ നിന്നും എന്‍.ജി.ഒ നേതാക്കന്മാര്‍ ഇറങ്ങിവരാന്‍ സാദ്ധ്യതയുണ്ട്.

അതിന്നുമുന്നേ ഇ. എം, എ കെ ജി സെന്ററിലേയ്ക്കു നടന്നു. പഴയ പതിവു വഴിയിലെ ഓരോ വൃക്ഷങ്ങളും ഇ. എം-ന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഒരാല്‍മരം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നതായി ഇ. എം. എസ്സിനു തോന്നി. വല്ല ബൈക്ക് പത്രപ്രവര്‍ത്തകരും കണ്ടുമുട്ടാതിരിക്കുന്നതിനായി ഇ. എം. എസ്സ് ആസ്ഥാന മന്ദിരത്തിലേയ്ക്കു നടന്നു.

ഒരു മാറ്റവുമില്ല. പഴയ പെയിന്റ്. പഴയ റിസപ്‌ഷന്‍. പഴയ പത്രങ്ങള്‍. പിന്നെവിടെയാണ് ദൈവം പറയാറുള്ള ഈ മാറ്റങ്ങള്‍?
ഇ. എം ചുറ്റും നോക്കി.

“ആരാ, ആരെ കാണാനാ?” റിസപ്‌ഷന്‍ സഖാവ് ചോദിച്ചു.
“ഞാന്‍ പട്ടാമ്പീന്നാ. ശങ്കരന്‍ നമ്പൂതിരിപ്പാട് !”
“എന്തു വേണം ?” -റിസപ്‌ഷന്‍ സഖാവ്.
“പാര്‍ട്ടി സെക്രട്ടറിയെ ഒന്നു കാണണം. പറഞ്ഞാലറിയാം.” -ഇ. എം. എസ്സ്.
“സഖാവ് കമ്മറ്റീലാ...സ്റ്റേറ്റ് സെക്രട്ടറിയേറ്റ്.”
“എന്താ വിഷയം. വൃദ്ധന്റെ അനുചിതമായ ചോദ്യം കേട്ട് വരാന്ത സഖാവ് ക്ഷുഭിതനായി. “ എന്താഹേ അതൊക്കെ പുറത്തു പറയാന്‍ പറ്റുന്ന കാര്യാണോ?”

വൃദ്ധന്‍ പത്രങ്ങള്‍ അയച്ച ചാരനല്ലെന്നു മനസ്സിലാക്കിയ മറ്റൊരു സഖാവ് പറഞ്ഞു.
“കെ കരുണാകരന്‍ സഖാവും മുരളിസഖാവും അകത്തുണ്ട്. ഇലക്ഷന്‍ സമവാക്യം ഉണ്ടാക്കുവാ”.
“പിന്നിയാള്‍ സെക്രട്ടറിയേറ്റാണെന്നു പറഞ്ഞതോ?”
ഇ. എം -ന്റെ കണ്ണുകള്‍ തിളങ്ങി. ഇ. എം തുടര്‍ന്നു.
“ ആ ഈച്ചരവാര്യരുടെ മകന്‍ രാജനെ കക്കയം ക്യാമ്പിലിട്ട് കൊല്ലിച്ചത് ആ കരുണാകരനാ. അയാളുമായിട്ടാ പാര്‍ട്ടിയുടെ പുതിയ കൂട്ടുകെട്ട്. എന്ത് ഭ്രാന്താടോ ഈ കാട്ടിക്കൂട്ടുന്നേ. ഭരണം വേണ്ടന്നല്ല; വേണം. പക്ഷേ ചരിത്രബോധമില്ലാതെ ഭരണം സ്വന്തമാക്കിയിട്ടെന്തിനാ? സ്റ്റാലിന്റെ ഗതി വരുമെന്ന് കുട്ട്യോളോട് പറഞ്ഞേക്ക്. കേരളം ബംഗാളാക്കാന്‍ ശ്രമിച്ച് ഒറ്റാലില്‍ കിടന്നതുമില്ല എന്ന മട്ടിലാകരുത് കാര്യങ്ങള്‍.”
ഇ. എം. എസ്സ് ക്ഷുഭിതനായി.
പാര്‍ട്ടിയ്ക്കെതിരായ വൃദ്ധവിമര്‍ശനം കേട്ടു നിന്ന മറ്റൊരു സഖാവ് . ആള്‍ ചില്ലറക്കാരനല്ല. പാളയം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണ്. കൂടെ മസിലുരുട്ടി ദേഹത്തൊട്ടിച്ച മറ്റു മൂന്നു പേരും. അവര്‍ പാര്‍ട്ടിയ്ക്കെതിരായ വിമര്‍ശനം സഹിക്കാനാവാതെ മുന്നോട്ടാഞ്ഞു. പെട്ടെന്ന് കഥകളി കണ്ടു മടങ്ങിയ ദൈവം അവിടെ അവതരിച്ചു. ദൈവം ഇ.എം എസ്സിനെ പുഷ്പക വിമാനത്തില്‍ കയറ്റി. വിമാനം ഉയര്‍ന്നു പറന്നു.

അതിദീര്‍ഘമായ മൌനത്തില്‍ നിന്ന് ഇ. എം എസ്സ് ഉണര്‍ന്നത് ദൈവത്തിന്റെ സ്വരം കേട്ടാണ്.

“....എങ്ങനെയുണ്ട് തിരുമേനി താങ്കളുടെ പാര്‍ട്ടിയും ആപ്പീസുമൊക്കെ. കേരളത്തെ അവര്‍ വംഗനാടു പോലാക്കുമോ ? അതോ....?”
ദൈവം ചില കഥകള്‍ വായിക്കും പോലെയാണു സംസാരിക്കുന്നതെന്ന് ഇ. എം-നു തോന്നി.
ആത്മഗതമെന്നോണം ഇ. എം പറഞ്ഞു.
“കഥകളിയാ കേമം. വേഷം ഗോപീടെയാണെങ്കില്‍ ബഹുകേമം.”
ദൈവം ചന്ദ്രനിലേയ്ക്കു പോകുന്ന രണ്ടു മലയാളികളെ നോക്കി ചിരിച്ചു.
പതുക്കെ ദൈവത്തിന്റെ പുഷ്പക വിമാനം സ്വര്‍ഗ്ഗത്തിലേയ്ക്കു മാത്രമുള്ള റണ്‍‌വേയിലേയ്ക്കു പ്രവേശിച്ചു.
ആകാശം മേഘാവൃതമായി.

Anoop

സി. അനൂപ്
പുസ്തകം: പ്രണയത്തിന്റെ അപനിര്‍മ്മാണം, പരകായപ്രവേശം,
ചിലര്‍ ചിലനേരങ്ങളില്‍ (അച്ചടിയില്‍)
വിലാസം: MF4-201, പ്രശാന്ത് നഗര്‍, ഫോര്‍ട്ട് പി. ഒ, തിരുവനന്തപുരം
ഫോണ്‍: 9447750151

Subscribe Tharjani |