തര്‍ജ്ജനി

കഥ

എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍

അവള്‍ കുറേ നേരമായി അവരുടെ പിന്നാലെ നടക്കുകയായിരുന്നു. എപ്പോഴാണ്‌ കൂടെ കൂടിയതെന്നറിയില്ല. ഒരു സാരിക്കടയില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ അവള്‍ അടുത്തു വന്നു കൊണ്ട്‌ പറഞ്ഞു.
'നല്ല സഞ്ചി.'
ഒരു പെണ്‍കുട്ടി. ആറോ ഏഴോ വയസ്സു കാണും, നരച്ച ഫ്രോക്ക്‌, എണ്ണമയമില്ലാത്ത തലമുടി മുകളില്‍ ഒരു ചരടുകൊണ്ട്‌ കെട്ടിവച്ചിരിക്കുന്നു.
എയര്‍ കണ്ടീഷണ്‍ ചെയ്ത കടയില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ ചുടുകാറ്റ്‌ മുഖത്തേയ്ക്കടിച്ചു. അവള്‍ പറഞ്ഞത്‌ ശരിയാണ്‌. സഞ്ചി നല്ല ഭംഗിയുണ്ടായിരുന്നു. ചുവപ്പു നിറത്തില്‍ സാരിക്കടയുടെ പേര്‍ വലുതായി എഴുതിയിട്ടുണ്ട്‌. മറുഭാഗത്ത്‌ സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രവും.
'ഞാനിവളെ കൊറേ നേരായി ശ്രദ്ധിക്കുണു.' രമണി പറഞ്ഞു. 'നമ്മള്‌ കാറീന്ന്‌ പൊറത്തെറങ്ങ്യപ്പൊ തൊട്ട്‌ ഈ പെണ്ണ്‌ പിന്നാലെണ്ടായിരുന്നു.'
അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. കാര്‍ ജോസ്‌ ജങ്ക്ഷനടുത്ത്‌ പാര്‍ക്ക്‌ ചെയ്ത്‌ അവര്‍ നടക്കുകയായിരുന്നു. ആദ്യം രമണിക്ക്‌ ഒരു വള വാങ്ങാനായി ആഭരണക്കടയില്‍ കയറി. ശരിക്കു പറഞ്ഞാല്‍ മൂന്ന്‌ ആഭരണക്കടയില്‍ കയറിയ ശേഷമാണ്‌ അവള്‍ക്ക്‌ ഇഷ്ടപ്പെട്ട വള കിട്ടിയത്‌. അതു കഴിഞ്ഞ്‌ മൂന്ന്‌ സാരിക്കടകളില്‍ കയറിക്കഴിഞ്ഞു.
ഇത്‌ നാലാമത്തെ കടയാണ്‌. കണ്ടപ്പോള്‍ ഇഷ്ടപ്പെട്ട ഒരു സാരിയെടുത്തു എന്നല്ലാതെ നോക്കിക്കൊണ്ടിരുന്ന സാരി ഇപ്പോഴും കിട്ടിയിട്ടില്ല. നാലരയ്ക്കു തുടങ്ങിയ നടത്തമാണ്‌. അപ്പോള്‍ മുതല്‍ ഈ കുട്ടി തങ്ങളെ പിന്‍തുടരുകയായിരുന്നെന്നോ?
കൌതുകമുള്ള മുഖത്ത്‌ അവിടവിടെ ചെളിയുണ്ട്‌. കയ്യില്‍ രണ്ടു കുപ്പിവളകള്‍. കഴുത്ത്‌ നഗ്നമാണ്‌. ചെരിപ്പില്ലാത്ത കാലില്‍ പൊടി പിടിച്ചിരിക്കുന്നു. അയാള്‍ കീശയില്‍ തപ്പി ഒരു രൂപയെടുത്ത്‌ അവള്‍ക്കു നേരെനീട്ടി. അവള്‍ തലയാട്ടിക്കൊണ്ട്‌ പറഞ്ഞു
'ഊം ഉം.'
'വേണ്ടേ?'
'ഊം ഉം.'
അയാള്‍ നാണയം തിരിച്ച്‌ പോക്കറ്റിലിട്ടു. അവര്‍ അടുത്ത കടയിലേയ്ക്കു നടന്നു. ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ നീനയുടെ കല്യാണത്തിന്‌ പോകുന്ന പ്രശ്നമേയില്ലെന്ന്‌ രമണി പറഞ്ഞിരുന്നു. 'നിന്റെ സ്വന്തം അനുജത്തിയുടെ മകളാണ്‌ നീന.' അയാള്‍ പറയുന്നു. അതു കൊണ്ടൊന്നും കാര്യമില്ല. ഒരു വാശിയുടെ കഥയാണ്‌. എവിടെയും കിട്ടാത്ത ആ നിറം തനിക്കും കിട്ടുമോ എന്നു നോക്കട്ടെ.
അടുത്ത സാരിക്കട കുറച്ചകലെയാണ്‌. തിരിച്ചു പോയി കാറെടുത്താലോ എന്നാലോചിച്ചു. കാറെടുക്കാന്‍ കുറച്ചു പിന്നിലേയ്ക്കു നടക്കണം. അതു കഴിഞ്ഞ്‌ മുക്കാല്‍ കിലോമീറ്റര്‍ ഓടിച്ചശേഷം അവിടെ പാര്‍ക്കു ചെയ്യാന്‍ സ്ഥലം കിട്ടുമോ എന്നൊന്നും അറിയില്ല. നടക്കാന്‍ തന്നെ തീര്‍ച്ചയാക്കി. നടന്നു പോകുമ്പോള്‍ ഏതെങ്കിലും കട കണ്ടാല്‍ കയറി നോക്കുകയും ചെയ്യാം. വലിയ കടകളില്‍ മാത്രമല്ലല്ലൊ നല്ല സാരി കിട്ടുക.
സാരിക്കടയില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ കണ്ടത്‌. ആ പെണ്‍കുട്ടി. അവള്‍ നടപ്പാതയില്‍ കാത്തു നില്‍ക്കുന്നു. അവരെ കണ്ടപ്പോള്‍ അവളുടെ മുഖം വിടര്‍ന്നു. അവള്‍ ചോദിച്ചു.
'വേറെ സാരി വാങ്ങീലേ?'
രമണിയുടെ കയ്യില്‍ നേരത്തെ കണ്ട സഞ്ചി മാത്രമേ ഉള്ളൂ എന്ന്‌ അവള്‍ ശ്രദ്ധിച്ചു.
അയാള്‍ വെറുതെ ചിരിച്ചു. അവള്‍ വീണ്ടും അവരുടെ പിന്നാലെ നടന്നപ്പോള്‍ അയാള്‍ക്ക്‌ ഒരു വല്ലായ്മയുണ്ടായി. എന്തിനാണ്‌ ഒരു തെരുവുതെണ്ടി പെണ്‍കുട്ടി അവരുടെ പിന്നാലെ കൂടിയിരിക്കുന്നത്‌? പക്ഷേ രമണിയെ അതൊന്നും സ്പര്‍ശിച്ചിക്കുന്നില്ല. അവള്‍ കുറച്ചു വിഷമത്തില്‍ ആയിരിക്കയാണ്‌. ഇവിടെ ആ നിറം കിട്ടിയില്ലെങ്കില്‍ നമുക്ക്‌ തൃശ്ശൂരും കൂടി ഒന്ന്‌ അന്വേഷിക്കാം. അവിടെയും കിട്ടിയില്ലെങ്കില്‍ കോയമ്പത്തൂരില്‍, അല്ലെങ്കില്‍ ചെന്നൈയില്‍ത്തന്നെ പോകേണ്ടി വരും. ഒരാഴ്ചയെ ഉള്ളൂ കല്യാണത്തിന്‌.
അതിനിടക്ക്‌ ബ്ലൌസ്‌ തുന്നിക്കണം. ജോസഫിന്റെ അടുത്ത്‌ കൊടുത്താല്‍ സമയത്തിന്‌ കിട്ടില്ല. അയാളുടെ ഫിറ്റിംഗ്‌ നല്ലതാണ്‌. പക്ഷേ നാളെത്തരാം നാളെത്തരാം എന്നു പറഞ്ഞ്‌ ഇട്ടു കളിപ്പിക്കും......

ചെറുപ്പക്കാരികളുടെ പ്രസരിപ്പ്‌, എല്ലാം അയാള്‍ക്കിഷ്ടമായിരുന്നു. അവരുടെ വില്‍പന തന്ത്രങ്ങളും നോക്കി നില്‍ക്കുക രസകരമായിരുന്നു. 'നോക്കു ഈ സാരി ചേച്ചിക്ക്‌ എന്തു മാച്ചാണ്‌, അല്ലെടീ ബീനേ......'
പെട്ടെന്ന്‌ അയാള്‍ക്ക്‌ പുറത്ത്‌ നടപ്പാതയുടെ ഗ്രില്ലില്‍ പിടിച്ച്‌ നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയെ ഓര്‍മ്മ വന്നു. അയാള്‍ എഴുന്നേറ്റു.
'നീ നോക്കിയെടുക്ക്‌.' അയാള്‍ പറഞ്ഞു. 'ഞാനൊന്ന്‌ പുറത്തിറങ്ങി നില്‍ക്കട്ടെ.' കടയില്‍ ചൂടായിരുന്നു. ഉടുത്തിരുന്ന സാരിയുടെ അറ്റമെടുത്ത്‌ വീശിക്കൊണ്ട്‌ രമണി പറഞ്ഞു.
'ശരി, എന്തൊരു ചൂട്‌.'
അയാള്‍ പുറത്തിറങ്ങി. അയാളെ കണ്ടതോടെ ആ പെണ്‍കുട്ടി അനങ്ങി. അവള്‍ ഇനിയും പുറത്തേയ്ക്ക്‌ വരാനിരിക്കുന്ന രമണിയെ അന്വേഷിക്കുകയായിരുന്നു. അയാള്‍ അവളുടെ അടുത്തു ചെന്നു. അവള്‍ അല്‍പം ലജ്ജയോടെ അയാളെ നോക്കി.
'എന്താ നിന്റെ പേര്‌?'
'റാണി.' കടയുടെ വാതില്‍ക്കലേയ്ക്കും അയാളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു.
'നിന്റെ വീട്‌ എവിട്യാണ്‌?'
'എനിക്ക്‌ വീടില്ല്യ.' അവള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. അയാള്‍ വല്ലാതായി. തെണ്ടിനടക്കുന്ന ഒരു കുട്ടിയോടാണ്‌ അവളുടെ വീടിനെപ്പറ്റി ചോദിക്കുന്നത്‌. വീട്‌ എന്ന സങ്കല്‍പത്തില്‍ സ്വയം കെട്ടിയിടപ്പെട്ടതില്‍ അയാള്‍ക്ക്‌ വിഷമമുണ്ടായി. ഒരു പക്ഷേ അവള്‍ ഒരിക്കലും ഒരു വീട്ടില്‍ താമസിച്ചിട്ടുണ്ടാവില്ല. തെരുവായിരിക്കണം അവളുടെ വീട്‌. അവളുടെ അച്ഛന്‍, അമ്മ?
'നിന്റെ അച്ഛനും അമ്മയും എവിട്യാണ്‌?'
'അച്ഛന്‍ ഇല്ല്യ.'
'അമ്മ?'
'മെരിച്ചു, രണ്ടീസം മുമ്പെ.'
മനസ്സില്‍ എവിടെയോ ഒക്കെ മുറിവുകളുണ്ടാവുകയാണ്‌. അച്ഛന്‍ ഇല്ല എന്നാണവള്‍ പറഞ്ഞത്‌. ഒരു പക്ഷേ അവള്‍ അച്ഛനെ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ അച്ഛനാരാണെന്ന്‌ അവളുടെ അമ്മയ്ക്കുപോലും അറിവുണ്ടാവില്ല. അമ്മ മരിച്ചു. രണ്ടു ദിവസം മുമ്പെ.
'അമ്മ എവിടുന്നാണ്‌ മരിച്ചത്‌?'
'ആശുപത്രീന്ന്‌.'
'അപ്പൊ നെന്റെ ചേട്ടനും ചേച്ചീം ഇല്ലെ?'
'ഇല്ല്യ.'
'വേറെ ആരും ഇല്ലെ?'
'ഊം ഉം.'
'അപ്പൊ നീ കഴിഞ്ഞ രണ്ടു ദിവസം എവിട്യാണ്‌ ഒറങ്ങീത്‌?'
'ഒരു കടേടെ മുമ്പില്‌.' എന്താ ഇത്ര ചോദിക്കാനുള്ളത്‌ എന്ന മട്ടില്‍ അവള്‍ പറഞ്ഞു. 'ഞാന്‍ അമ്മേടെ ഒപ്പം അവിട്യാ കെടക്കാറ്‌.'
'ഒറ്റയ്ക്ക്‌ പേടിയാവില്ലെ?'
അവള്‍ ഒന്നും പറഞ്ഞില്ല. എന്തോ ഓര്‍ത്ത്‌ അവളുടെ കണ്ണുകളില്‍ ഭീതി നിറയുന്നത്‌ അയാള്‍ കണ്ടു. അതു ചോദിക്കേണ്ടിയിരുന്നില്ലെന്ന്‌ അയാള്‍ക്കു തോന്നി. രാത്രിയെപ്പറ്റി ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കയാവും അവള്‍. ആരുമില്ലാത്ത ആറു വയസ്സായ ഒരു കുട്ടി, രാത്രി ഒറ്റയ്ക്ക്‌ ഏതെങ്കിലും കടയുടെ ചായ്പില്‍ ചുരുണ്ടു കൂടി ഉറങ്ങുന്നു. അവള്‍ക്ക്‌ ഭക്ഷണം എവിടെനിന്നു കിട്ടുന്നു?
'നീ എന്തിനാണ്‌ ഞങ്ങടെ പിന്നാലെ നടക്കണത്‌? വെശക്ക്ണ്‌ണ്ടോ?'
'ഊം ഉം.'
'പിന്നെ?'
അവള്‍ ഒന്നും പറഞ്ഞില്ല. മനസ്സിലെ മുറിവില്‍ നിന്ന്‌ രക്തം ചിന്തുകയാണ്‌. എന്തിനാണ്‌ ഇങ്ങനെ ഒരു കുട്ടിയെ തന്റെ മുമ്പില്‍ എത്തിച്ചത്‌?
കടയുടെ വാതില്‍ തുറന്ന്‌ രമണി അയാളെ വിളിച്ചു.
'നോക്കു, എനിക്ക്‌ അതേ കളറ്‌ സാരി കിട്ടി കേട്ടോ.'
രമണിയുടെ മുഖത്ത്‌ സന്തോഷം. അയാള്‍ അകത്തേയ്ക്കു പോയി.
രണ്ടായിരത്തി എണ്ണൂറു രൂപ. സാരമില്ല. എവിടെയും കിട്ടാത്ത നിറമാണ്‌.
'ഞാന്‍ പറഞ്ഞില്ലെ, ഇങ്ങനത്തെ ഷാപ്പിലാണ്‌ എപ്പഴും നമുക്കാവശ്യള്ള കളറ്‌ കിട്ട്വാ.' രമണിക്ക്‌ സന്തോഷമായി. 'ഇനി നമുക്ക്‌ തിരിച്ചു പോവാം.'
അവര്‍ പുറത്തു കടന്നു.
'ഈ പെണ്ണിന്‌ വേറെ പണിയൊന്നും ഇല്ലേ. ഇപ്പഴും നമ്മളെ കാത്തു നില്‍ക്ക്വാണോ?'
'അവള്‍ടെ അമ്മ രണ്ടു ദിവസം മുമ്പ്‌ മരിച്ചു. ഇപ്പോ അവള്‍ക്ക്‌ ആരുംല്ല്യ.'
'അയ്യോ പാവം.'
റാണി ചിരിക്കുകയായിരുന്നു. അവര്‍ നടന്നപ്പോള്‍ അവളും പിന്നാലെ നടന്നു.
'നമുക്കെന്തങ്കിലും തണുത്തത്‌ കുടിക്കാം.' രമണി പറഞ്ഞു.

തൊട്ടടുത്തു തന്നെ ഒരു ഐസ്ക്രീം പാര്‍ലറുണ്ടായിരുന്നു.
'നമുക്ക്‌ ഇവിടെ കയറാം.'
അവര്‍ പാര്‍ലറിലേയ്ക്കു തിരിഞ്ഞു. പെട്ടെന്ന്‌ ആ കുട്ടിയെ ഓര്‍ത്തപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി. അവള്‍ അവരേയും നോക്കി നില്‍ക്കുകയാണ്‌. അയാള്‍ ചോദിച്ചു.
'നീ വരുന്നോ? ഐസ്ക്രീം തിന്നാം.'
അവള്‍ നരച്ചു മുഷിഞ്ഞ സ്വന്തം ഉടുപ്പിലേയ്ക്കു നോക്കി. മുമ്പിലുള്ള കറുത്ത ചില്ലു വാതിലിലെ സ്വര്‍ണ്ണ നിറത്തിലുള്ള ചിത്രപ്പണികളിലേയ്ക്കും. പിന്നെ വേണ്ടെന്നു തലയാട്ടി. താന്‍ നില്‍ക്കേണ്ടത്‌ എവിടെയാണെന്നറിയുന്ന പോലെ.
'അതിനെയൊന്നും വിളിക്കണ്ട.' രമണി പറഞ്ഞു. 'നമ്മളേംകൂടി കേറ്റില്ല. നമുക്ക്‌ വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാം.' ഉദ്ദേശിച്ച നിറത്തിലുള്ള സാരി കിട്ടിയപ്പോള്‍ രമണി കുറച്ച്‌ ഉദാരമനസ്കയായിരിക്കുന്നു. രമണിയുടെ പിന്നാലെ പാര്‍ലറിലേയ്ക്കു കയറി. അവള്‍ക്ക്‌ വേണ്ടി എന്തെങ്കിലും വാങ്ങുമെന്ന്‌ റാണിയോട്‌ പറയാമായിരുന്നു. ഇനി അവള്‍ കാത്തു നില്‍ക്കാതെ പോയാലോ? കോക്ടെയില്‍ ഫ്രൂട്ട്ജൂസ്‌ ഐസ്ക്രീം ഇട്ട്‌ കുടിക്കുന്നതിന്നിടയില്‍ അയാള്‍ എഴുന്നേറ്റു ചില്ലുഭിത്തിയിലൂടെ പുറത്തേയ്ക്കു നോക്കി. അവള്‍ അവിടെത്തന്നെ നില്‍ക്കുകയാണ്‌. അവള്‍ തല തിരിക്കുമ്പോള്‍ തലയില്‍ കെട്ടിയ മുടി ആടി.
മരിക്കുന്നതിനു മുമ്പ്‌ അമ്മ കെട്ടിക്കൊടുത്തതായിരിക്കും. ആ കുട്ടിക്ക്‌ അങ്ങിനെയൊരു കെട്ട്‌ കെട്ടാന്‍ എന്തായാലും സാധ്യമല്ല. അവസാനത്തെ തവണയാണ്‌ മകളുടെ മുടി കെട്ടുന്നതെന്ന്‌ ആ അമ്മ അറിഞ്ഞിട്ടുണ്ടാവുമോ? മനസ്സിലെ മുറിവുകള്‍ വീണ്ടും തുറക്കുകയാണ്‌. എന്തിനാണ്‌ ഈ കുട്ടി പിന്നാലെ നടക്കുന്നത്‌?
കോണ്‍ ഐസ്ക്രീം കിട്ടിയപ്പോള്‍ അവള്‍ക്ക്‌ സന്തോഷമായി. പൊതിഞ്ഞ ഗില്‍ട്ടു കടലാസ്‌ പൊളിച്ച്‌ ഐസ്ക്രീം തിന്നുകൊണ്ട്‌ അവള്‍ അവരുടെ പിന്നാലെ നടന്നു. അയാള്‍ പറഞ്ഞു.
'മോള്‍ ഇനി പൊയ്ക്കോ, എന്തിനാണ്‌ ഞങ്ങളുടെ പിന്നാലെ വരണത്‌?'
അവള്‍ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞ്‌ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ പിന്നില്‍ത്തന്നെയുണ്ട്‌. ഐസ്ക്രീം തീരാറായിരിക്കുന്നു. തെരുവില്‍ വെളിച്ചം കുറഞ്ഞു വന്നു. നിരത്തിന്റെ നടുവിലുള്ള സോഡിയം വേപ്പര്‍ ലാമ്പുകള്‍ മടിച്ചുകൊണ്ട്‌ കണ്ണു തുറന്നു. ഇരുവശത്തുമുള്ള കടകളില്‍ വിളക്കുകള്‍ തെളിഞ്ഞു. അലങ്കരിച്ച ചില്ലു ഷോകേസുകള്‍ ശക്തിയുള്ള വിളക്കുകളാല്‍ പ്രകാശിച്ചു. രാത്രി വരികയാണ്‌. രാത്രി, നിരവധി അലങ്കാര വിളക്കുകളുടെ വര്‍ണ്ണപ്പകിട്ടോടെ എഴുന്നള്ളി വരുമ്പോള്‍ ഇവിടെഒരു ആറു വയസ്സുകാരി, ഏകയായി അതിനെ നേരിടാന്‍ പോകുകയാണ്‌. ഒരു രാത്രി കൂടി. ഇരുണ്ട ജീവിതത്തില്‍ആശയുടെ മങ്ങിയ വിളക്കുകള്‍ മാത്രമുള്ള ഒരു രാത്രി കൂടി.
അയാള്‍ കാറിന്റെ വാതില്‍ തുറന്ന്‌ കയറി മറുവശത്ത്‌ രമണിക്ക്‌ കയറാന്‍ തുറന്നു കൊടുത്തു. തുറന്നിട്ടവാതിലിന്നരികെ റാണി നിന്നു. അയാള്‍ പറഞ്ഞു:
'മോളിനി പൊയ്ക്കോ.'
അവള്‍ ചോദിച്ചു. 'എന്നേം കൊണ്ടുപോവ്വോ?
"എങ്ങോട്ട്‌?"
നിങ്ങടെ വീട്ടീക്ക്‌?
"ഞങ്ങടെ വീട്ടിലേയ്ക്കോ?'
അവള്‍ തലയാട്ടി. അയാള്‍ ഭാര്യയുടെ മുഖത്തു നോക്കി.
'നോക്കു, അവളെ എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞയക്കു. പിന്നെ ശല്ല്യാവും.' രമണി പറഞ്ഞു.
'അവള്‍ക്കാരുംല്ല്യ.' അയാള്‍ പറഞ്ഞു.
'അതിന്‌ നമ്മളെന്താ ചെയ്യ്യാ?'
അയാള്‍ റാണിയെ നോക്കി. അവള്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ്‌. അയാള്‍ പറഞ്ഞു.
'അതൊന്നും പറ്റില്ല മോളെ. മോള്‌ മാറി നില്‍ക്ക്‌.'
അവള്‍ മാറി നിന്നു. അയാള്‍ വാതിലടച്ച്‌ കാര്‍ സ്റ്റാര്‍ട്ടാക്കി. അവളുടെ മുഖം വാടിയിരുന്നു. അയാള്‍ പഴ്സ്‌ തുറന്ന്‌ ഒരു പത്തുരൂപ നോട്ടെടുത്ത്‌ അവള്‍ക്കുനേരെ നീട്ടി. അവള്‍ വേണ്ടെന്ന്‌ തലയാട്ടി. കാറെടുക്കാന്‍ സൌകര്യപ്പെടുമാറ്‌ കുറച്ചുകൂടി മാറി നിന്നുകൊണ്ട്‌ അവള്‍ അയാളെ നോക്കി. അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
കാറോടിച്ചു കൊണ്ടിരിക്കേ അയാള്‍ പറഞ്ഞു.
'നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നു."
‘ഇനി അതും കൂടിയേ വേണ്ടൂ. ബാക്കിയൊക്കെയായി.' അവള്‍ കുറച്ചു കാര്‍ക്കശ്യത്തോടെ പറഞ്ഞു.

ബാക്കിയൊക്കെ എന്നു പറയുന്നത്‌ എന്തൊക്കെയാണെന്നയാള്‍ക്കു മനസ്സിലായില്ല. അയാള്‍ ഈഅറുപതാം വയസ്സിലും മാസം പന്തീരായിരം രൂപയുണ്ടാക്കുന്നുണ്ട്‌. ബോംബെയിലുള്ള മകന്റെ ശമ്പളംഎത്രയാണെന്ന്‌ അയാള്‍ക്കറിയില്ല. അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആണെന്നയാള്‍ഊഹിച്ചിരുന്നു. ഒരു കൊച്ചുകുട്ടിയുടെ ചിലവ്‌ എന്തു വരും? വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ അവളെഏതെങ്കിലും അനാഥാലയത്തില്‍ ചേര്‍ക്കാമായിരുന്നു. ചെലവു കൊടുത്താല്‍ മതിയല്ലോ. താന്‍ ഒന്നുംചെയ്തില്ല. കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ആ പാവത്തിന്‌. ഒരു പക്ഷേ കഴിഞ്ഞ രണ്ടുദിവസങ്ങളായി അവള്‍ ഓരോരുത്തരുടെ പിന്നാലെ നടന്നിട്ടുണ്ടാവും, ഒപ്പം കൊണ്ടു പോകുമെന്ന പ്രതീക്ഷയില്‍.ആരും കൊണ്ടു പോകാതിരുന്നപ്പോള്‍ രാത്രിയില്‍ അവള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും, നാളെ ആരെങ്കിലും കൊണ്ടുപോണേ. വീണ്ടും ഒറ്റയ്ക്ക്‌ ഒരു രാത്രി. ഇന്ന്‌ താനും അവളുടെ പ്രതീക്ഷകളെ തട്ടിമാറ്റി. ഇപ്പോള്‍ ഇരുട്ടില്‍ പരുക്കന്‍ തെരുവിന്റെ ക്രൂരതയില്‍ അവള്‍ വീണ്ടും ഒറ്റപ്പെട്ടിരിക്കയാണ്‌.
അയാള്‍ അവളുടെ അമ്മയെ ഓര്‍ത്തു. ആശുപത്രിയില്‍ വച്ച്‌ മരിച്ചു എന്നാണ്‌ റാണി പറഞ്ഞത്‌. എന്തായിരിക്കും അസുഖം. ഇനി വല്ല അപകടവുമാണോ? മരിക്കുന്നതിനു മുമ്പ്‌ മകളെ ആരെയും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ആരെ ഏല്‍പിക്കാനാണ്‌? അമ്മ ഇനി ഉണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം
മനസ്സിലായപ്പോള്‍ അവള്‍ ഒറ്റയ്ക്ക്‌ ആശുപത്രയില്‍ നിന്ന്‌ പുറത്തിറങ്ങിയതായിരിക്കണം.
ഗെയ്റ്റിനു മുമ്പില്‍ അയാള്‍ കാര്‍ നിര്‍ത്തി. രമണി ഇറങ്ങി ഗെയ്റ്റ്‌ തുറന്നു. കാര്‍ അകത്തു കടന്നശേഷം അവള്‍ ഗെയ്റ്റടച്ചു കുറ്റിയിട്ടു. അവള്‍ കൈസഞ്ചിയില്‍ നിന്ന്‌ താക്കോല്‍ എടുത്ത്‌ വാതില്‍ തുറക്കുന്നത്‌ അയാള്‍ കാറില്‍ ഇരുന്നുകൊണ്ട്‌ നോക്കി. അയാള്‍ക്ക്‌ ഇറങ്ങാന്‍ തോന്നിയില്ല. അയാള്‍ ആലോചിക്കുകയായിരുന്നു.
കുട്ടിക്കാലത്ത്‌, നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ ഒരു ദിവസം സ്കൂളില്‍ നിന്നു വരുമ്പോള്‍ ഒരു പൂച്ചക്കുട്ടി പിന്നാലെ കൂടി. വെള്ളയില്‍ കറുപ്പു പാണ്ടുകളുള്ള കൌതുകമുള്ള ഒരു പൂച്ചക്കുട്ടി. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികള്‍ വിളിച്ചെങ്കിലും അത്‌ തന്റെ പിന്നില്‍ നിന്ന്‌ ഒഴിഞ്ഞില്ല. പക്ഷേ വീട്ടില്‍ എത്തിയപ്പോള്‍ പൂച്ചയെ എവിടെയോ കൊണ്ടുപോയി വിട്ടു. പിന്നെ അവന്‍ അതിനെ കാണുന്നത്‌ ഏതോ വാഹനത്തിന്നടിയില്‍ പെട്ട്‌ചതഞ്ഞ മട്ടിലാണ്‌.
അയാള്‍ക്ക്‌ വീട്ടിന്നുള്ളില്‍ കയറാന്‍ തോന്നിയില്ല. അയാള്‍ കാറില്‍ നിന്നിറങ്ങി ഗെയ്റ്റ്‌ തുറന്നു. രമണി പുറത്തേയ്ക്കു വന്നു.
'എന്തേ?'
'ഞാന്‍ കുറച്ചു പെട്രോളടിച്ചിട്ടു വരാം.'
അയാള്‍ കാര്‍ പുറത്തേയ്ക്കെടുത്തു.
നേരത്തെ പാര്‍ക്ക്‌ ചെയ്ത സ്ഥലത്ത്‌ കാറുകളൊന്നുമുണ്ടായിരുന്നില്ല. കാറിനുള്ളില്‍ ഇരുന്നുകൊണ്ട്‌ അയാള്‍ ചുറ്റും നോക്കി. നഗരം നേരത്തെ ഉറങ്ങുന്നു. നടപ്പാത ഒരു മാതിരി ഒഴിഞ്ഞു കിടക്കുകയാണ്‌. നരച്ച ഫ്രോക്കും ഉച്ചിയില്‍ ചരടുകൊണ്ട്‌ കെട്ടിവച്ച തലമുടിയും ചെളി പിടിച്ചതെങ്കിലും ചൈതന്യമുള്ള മുഖത്ത്‌
തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു കുട്ടിക്കുവേണ്ടി അയാള്‍ ചുറ്റും നോക്കി. കുറച്ചകലെ ഷട്ടര്‍ താഴ്ത്തിയ ഒരു കടയുടെ ഒതുക്കുകല്ലില്‍ അവള്‍ ചുരുണ്ടു കിടക്കുന്നു. ഉറക്കമാണ്‌. അയാള്‍ പുറത്തേയ്ക്ക്‌ ഇറങ്ങാനായി വാതില്‍ തുറന്നു. അപ്പോഴാണയാള്‍ കണ്ടത്‌. ഒരച്ഛനും അമ്മയും മകനും കൂടി നടന്നു വരുന്നു. പാവപ്പെട്ടവര്‍. കൂലി വേല ചെയ്തു ജീവിക്കുന്നവരായിരിക്കണം. തൊട്ടുമുമ്പ്‌ അവര്‍, കച്ചവടം മതിയാക്കി പോകാനായി ഒരുങ്ങുന്ന ഒരു വഴിവാണിഭക്കാരന്റെ കയ്യില്‍ നിന്ന്‌ മകന്നുള്ള ഒരു ഷര്‍ട്ട്‌ പിശകി വാങ്ങുന്നത്‌ അയാള്‍ കണ്ടിരുന്നു. അമ്മയുടെ കൈ പിടിച്ചു നടക്കുന്ന മകന്‌ ഏഴെട്ടു വയസ്സായിട്ടുണ്ടാവും. അവര്‍ റാണി കിടക്കുന്നിടത്തെത്തിയപ്പോള്‍ പെട്ടെന്നു നിന്നു. രണ്ടുപേരും കൂടി അടുത്തു ചെന്ന്‌ അവളെ നോക്കി എന്തോ സംസാരിക്കുകയാണ്‌. പുരുഷന്‍ അവള്‍ കിടക്കുന്നിടത്ത്‌ മുട്ടുകുത്തി ഇരുന്ന്‌ അവളെ വിളിച്ചുണര്‍ത്തി. അവള്‍ ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്ന്‌ അവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞു. പിന്നെ എഴുന്നേറ്റ്‌ അയാളുടെ കൈ പിടിച്ച്‌ ഒപ്പം നടന്നു പോയി. തെരുവിന്റെ ഒരറ്റത്തെത്തിയപ്പോള്‍ അയാള്‍ അവളെ എടുത്തു നടക്കുകയായിരുന്നു. അവള്‍ അവളുടെ കൊച്ചു കൈ അയാളുടെ കഴുത്തിലൂടെ ഇട്ടിരുന്നു.

അയാള്‍ കാറിന്റെ വാതിലടച്ചു. കുറേ നേരം സ്റ്റീയറിംഗ്‌ വീലിന്മേല്‍ കൈ വച്ച്‌ അനങ്ങാനാവാതെ ഇരുന്നു. അയാള്‍ക്ക്‌ എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു.

E Harikumar

ഇ. ഹരികുമാര്‍
പുസ്തകം: ശ്രീപാര്‍വ്വതിയുടെ പാദം, ദിനോസറിന്റെ കുട്ടി, ആസക്തിയുടെ അഗ്നിനാളങ്ങള്‍ തുടങ്ങിയവ. പുതിയ നോവല്‍ കൊച്ചമ്പ്രാട്ടി മലയാളം വാരികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു വരുന്നു.
വിലാസം: 404, ഗോവിന്ദ് അപ്പാര്‍ട്ട്മെന്റ്സ്, കൊച്ചി.

Subscribe Tharjani |
Submitted by Sunil (not verified) on Mon, 2006-01-09 15:11.

നല്ലകഥ. ശരിയാണ്, അങനെ എന്തൊക്കേയോ നഷ്ടപ്പെട്ട ഒരു പാട്‌ ആളുകളുണ്ട്‌. മനസ്സില്‍ കൊള്ളുന്നു. ഞാന്‍ കണ്ണടച്ചെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കട്ടെ!

Submitted by slooby (not verified) on Sun, 2006-01-29 06:57.

dear hari,

i cried reading your story. the last time i cried was six months back, while leaving my 5 months old daughter in kerala with my parents. situations made us do that.

she is coming back on day-after-tomorrow. may be that is the catalyst behind it.

by the way, i edit a web-weekly for chicago malayalees. keralachicago.com

the ending of the story, could have been improved. or u didnt even need a specific ending. you already managed to create wounds in the reader's mind before the ending.

well, i think i opened my mind little too much.

again, good job.

regards,

Submitted by E. Harikumar (not verified) on Tue, 2006-03-07 05:41.

Dear Sunil:

I only happened to see your comments to my story 'Enthokkeyo Nashtappetta Oral', now. I feel bad not checking the page earlier.

Thank you very much for the comments. I feel good when I get comments about my stories from readers.

Thanks once again,

E. Harikumar

Submitted by E. Harikumar (not verified) on Tue, 2006-03-07 05:56.

Dear Stooby:

Thanks for your comments on my story "Enthokkeyo Nashtappetta Oral". I am sorry I took time to read your response. It is comforting that my story could stir some feelings in a reader, a similar feeling that I had. Hope your daughter has rejoined you by now.

About your comments on the ending of the story, true, some other readers also share your views. But it is something which a writer does to express himself more clearly - I mean his feelings. True the story can stand without it.

Thanks once again,

E. Harikumar

Submitted by SLOOBY (not verified) on Sun, 2006-03-19 06:06.

Dear Hari,

Thank you for the reply. Now I visited your webpage and read your stories. Good to know that you have a rich literatary/cultural background.

time and again we read the story 'enthokkeyo nashtappetta oral, i still feel that my feeling was REALLY TRUE TO THE INSTINCT. I really appreciate the story and the spirit behind it.

We finally decided to keep our daughter here in Chicago. She is with us now.

Would appreciate if you could add a contact your contact number. in your website, to reach you.

Warm Regards

Submitted by Sunil (not verified) on Sun, 2006-03-19 11:11.

പ്രിയപ്പെട്ട കഥാകാരാ, ഒരായിരം നന്ദി. സാധാരണ വായനക്കാര്‍ക്ക്‌ അവരുടെ പ്രതികരണങള്‍ എഴുത്തുകാരനോട്‌ സംവേദിക്കാന്‍ വളരെ വിഷമമാണ് മറ്റു പ്രസിദ്ധീകരണങളില്‍. ചിന്ത അതൊരുക്കിതന്നതിലും കഥാകാരന്‍ അവ നോക്കി വായനക്കാരനോട്‌ നേരിട്ട്‌ സംവേദിക്കുന്നുണ്ടെന്ന് അറിഞതിലും വളരെ സന്തോഷമുണ്ട്‌. അങയുടെ കഥകള്‍ പലതും എനിക്ക്‌ പ്രിയപ്പെട്ടവയാണ്. താങ്കള്‍ എന്റെ മനസ്സുമായി എനിക്കുകൂടെ അറിയാത്ത ഭാഷകളില്‍ സംവേദിക്കുന്നു.! മനുഷ്യത്വം ഞാന്‍ മറന്നിട്ടില്ല എന്നത്‌ താങ്കളുടെ കഥകള്‍ വായിച്ച്‌ രസിക്കുമ്പോഴാണ് സ്വയം തന്നെ ഓര്‍മ്മിക്കുന്നത്‌.
തീര്‍ച്ചയായും അങയെ ഒന്ന്‌ നേരിട്ട്‌ കാണണമെന്നുമോഹമുണ്ട്‌. സാധിക്കുമെന്ന്‌ വിചാരിക്കുന്നു. സ്നേഹപൂര്‍വ്വം,

Submitted by Roy (not verified) on Fri, 2006-06-09 17:45.

nalla kadha.manasil evideyo oru vedana
thOnnunnu.nashTangngaLillaaththa oru
jiivitham sankalpikkaan patumO ?

iniyum kathhakaL prathikshikkunnu.

Submitted by ജേക്കബ് on Mon, 2006-07-10 07:26.

ശ്രീ ഹരികുമാര്‍,
താങ്കളുടെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുനേരത്തേക്കു മുറിയുടെ കതകടച്ചിട്ടു. കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കണ്ണുനിറഞ്ഞിരിക്കുന്നതു സായിപ്പു കാണരുതല്ലൊ. അഭിനന്ദനങ്ങള്‍.

Submitted by Rora (not verified) on Fri, 2015-03-20 20:13.

Dear sir,
I am not even sure if you are going to read this comment but thank you for posting this online.
I'm a student studying in 10th. We've got to study this story this year. I lost my text and was wondering where i could find this story. Thanks to you and this site.Everyone in our class really liked this story. It is really touchy. This really made me feel like doing something for the society. Thanking you for creating rani and once again for publishing this online.