തര്‍ജ്ജനി

കഥ

അനസ്തേഷ്യ

"ഈ അനസ്തേഷ്യയില്‍ നിന്ന് ഉണരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഡോക്ടര്‍"

ഓപ്പറേഷന്‌ മൂന്നുദിവസം മുന്‍പ്‌ ദേവപ്രഭ എന്നപെണ്‍കുട്ടി എന്നോട്‌ പറയുകയായിരുന്നു. നാലുവര്‍ഷം പഴക്കമുള്ള മാരകമായ ഒരു ടൂമര്‍ നീക്കം ചെയ്യാനാണ്‌ ദേവപ്രഭ എന്നെ വന്നു കണ്ടത്‌.

"കാറ്റടിക്കുമ്പോള്‍ എന്റെ കേള്‍വി അടയുന്നു. തലയിലെന്തോ വലിയ ഭാരം പോലെ മുടിയിഴകള്‍ക്കു കനം കൂടുതല്‍ പോലെ"

ഇങ്ങനെയായിരുന്നു ദേവയുടെ വിവരണങ്ങള്‍.

ട്യൂമര്‍ അപകടകരമായ അവസ്ഥയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ദേവ, നഗരത്തിലെ തിരക്കുള്ള ഒരു ജേര്‍ണലിസ്റ്റായിരുന്നു. സര്‍ജറി വേണമെന്ന് ഉറപ്പാണ്‌ എന്നറിയിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ അവള്‍ പറഞ്ഞു.

" എനിക്ക്‌ ഒരു മാസത്തെ കോണ്‍ട്രാക്ടുകള്‍ എഴുതിക്കൊടുക്കാനുണ്ട്‌. ഒരു രണ്ടാഴ്ച-പതിനാലുദിവസം കഴിഞ്ഞുപോരേ ഡോക്ടര്‍ സര്‍ജറി"
കണ്ടുപിടിക്കപ്പെട്ടതിനുശേഷം എത്രയും വേഗം നീക്കം ചെയ്യുകയെന്നതാണ്‌ നിയമമെങ്കിലും വേദനയില്ലാത്ത ഒരു തരം ട്യൂമറായതിനാല്‍ മുറിച്ചുമാറ്റല്‍ നീളുന്തോറും വളര്‍ച്ച കൂടുന്നുവെന്നും അധികം വൈകിക്കേണ്ടതില്ല എന്നും ഞാനവളോടു പറഞ്ഞു. രോഗവിവരമറിഞ്ഞാല്‍ എന്റെ രോഗികള്‍ക്ക്‌ പരിഭ്രാന്തിയോ, വിയര്‍പ്പോ, ഓപ്പറേഷന്‍ ചെലവുകളെക്കുറിച്ച്‌ ആവലാതികളോ ഒക്കെയാണുണ്ടാവുക. ദേവപ്രഭയാകട്ടെ ഓപ്പറേഷന്റെ ദിവസം കുറിച്ചു വാങ്ങിയതിനുശേഷം പതിനാലുദിവസവും എന്നെ ഫോണില്‍ ബന്ധപ്പെടുകയോ നേരിട്ടുകാണുകയോ ചെയ്തു.

ട്യൂമര്‍ ശസ്ത്രക്രിയക്കുമുമ്പ്‌ രോഗിയുടെ ബന്ധുക്കള്‍ ആരെങ്കിലും സമ്മതപത്രത്തില്‍ ഒപ്പിടണമെന്നതാണ്‌ നിയമം എന്ന് ഞാനവളോട്‌ പറഞ്ഞു.

" അച്ഛനില്ല, സഹോദരങ്ങളുമില്ല, അമ്മമാത്രം അതും ഭൂമിയുമായി സകലബന്ധങ്ങളുമറ്റ ഒരു അമ്മ"
സമ്മതപത്രത്തില്‍ താന്‍ തന്നെ ഒപ്പിട്ടാല്‍ മതിയാകും എന്നവള്‍ ശഠിച്ചു.

"കീറിമുറിക്കുന്നത്‌ എന്റെ ശരീരം, ഫോര്‍ മൈ ഗുഡ്‌നെസ്സ്‌. അതിനിനി ആരുടെ സമ്മതം? ഒരുപക്ഷേ എന്റെ ശരീരത്തിന്‌ അവകാശിയുണ്ടോ എന്ന ചോദ്യമാണെങ്കില്‍ ഡോക്ടര്‍ എനിക്കൊരു കാമുകനില്ല. സ്നേഹിതരുണ്ട്‌. പക്ഷേ തീരുമാനം ഞാനാണെടുക്കുക. ഡോക്ടടര്‍ എന്റെ ട്യൂമര്‍ നീക്കം ചെയ്യുന്നു എന്റെ സമ്മതത്തോടെ"

"അല്ല ഞാനല്ല അതു ചെയ്യുക. മാസങ്ങളായി ഞാന്‍ സര്‍ജറികള്‍ അറ്റന്‍ന്റുചെയ്യാറില്ല. ഞാന്‍ അനസ്തേഷ്യയിലാണ്‌ കോണ്‍സന്‍ട്രേറ്റു ചെയ്യുന്നത്‌"

എന്റെ മറുപടി അവള്‍ക്കു തൃപ്തികരമായിരുന്നില്ലയെന്ന് പിന്നീടെനിക്കു മനസ്സിലായി കാരണം ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടറെ നേരില്‍ കാണണമെന്ന ആവശ്യവുമായി ഏഴാം ദിവസം അവള്‍ ആശുപത്രിയിലെത്തി.

"ഡോക്ടര്‍ വിന്‍സന്‍ ആന്റണിയാണതു ചെയ്യുക"

പെട്ടന്നവള്‍ തിരിച്ചു ചോദിച്ചു.
"ഇതെന്താണ്‌? പലചരക്കുകടയോ? ഇത്രയും ദിവസം എന്നെ കണ്ടതും എന്റെ രോഗം കണ്ടുപിടിച്ചതും എന്നോടു സംസാരിച്ചതും ഡോക്ടര്‍. പിന്നെങ്ങനെ മറ്റൊരാള്‍...? "

"അങ്ങനെയല്ല ഡോ. വിത്സണ്‍ ആന്റണി കുട്ടിയുടെ കേസ്‌ പഠിക്കുന്നുണ്ട്‌"
“എങ്കിലും അപരിചിതത്വമുണ്ടാകും എനിക്കറിയാം അപരിചിതത്വം .."

ദേവ അസ്വസ്ഥയായിരുന്നു. അവളുടെ ടെന്‍ഷന്‍ കൂട്ടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്തെന്നാല്‍ ഓരോനിമിഷവും അവളുടെ രോഗം കൂടിക്കൂടി വരുകയാണെന്നും അവളുടെ മനോനിലയില്‍ വരുന്ന സംഘര്‍ഷങ്ങള്‍ സര്‍ജറിയുടെ സമയമാകുമ്പോള്‍ ബുദ്ധിമുട്ടായേക്കുമെന്നുമെനിക്കറിയാമായിരുന്നു.

"ആരാണ്‌ --ആരാണ്‌ കൂടെ വരിക"

അവളുടെ അസ്വസ്ഥത കുറയ്ക്കാനെന്നവണ്ണം ഞാന്‍ ചോദിച്ചു. ദേവയുടെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. ജനല്‍ കടന്ന് ദൂരേക്ക്‌ നോക്കിയിരിക്കുകയായിരുന്നു അവള്‍.
"അമ്മ-അമ്മ വരുമായിരിക്കും. ഞാന്‍ പറഞ്ഞല്ലോ മനോനിലയില്‍ സാരമായ തകരാറുകളുള്ള സ്ത്ര്Iയാണ്‌ എന്റെ അമ്മ. പാരമ്പര്യമായി അഹിംസയിലും ഗാന്ധിസത്തിലും വിശ്വസിച്ചവരായിരുന്നു എന്റെ അമ്മയുടെ വീട്ടുകാര്‍ . അതുകണ്ടാണ്‌ അമ്മ വളര്‍ന്നത്‌. അവര്‍ക്ക്‌ നിയമം പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ വളരെ ചെറുപ്പത്തിലേ വിവാഹിതയാകേണ്ടിവന്നു അവര്‍ക്ക്‌. അച്ഛന്‌ മാംസഭക്ഷണമായിരുന്നു താല്‍പര്യം എന്റെ ഓര്‍മ്മകള്‍ ഉറച്ചുതുടങ്ങിയ കാലം മുതലേ അമ്മ നിശ്ശബ്ദയായിരുന്നു. പുകയേറ്റ്‌ ചുമക്കുമ്പോള്‍ മാത്രം അടുക്കളച്ചുമരുകള്‍ അമ്മയുടെ സാന്നിദ്ധ്യമറിഞ്ഞു. ചുരുക്കം ദിവസങ്ങളില്‍ മാത്രം അമ്മ ഏറെ ആഹ്ലാദവതിയായി കാണപ്പെട്ടു. ആഗസ്റ്റ്‌ 15 നും ജനുവരി 26 നും വീടിനുമുന്നില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അവരൊരുപാട്‌ ആഗ്രഹിച്ചിരിക്കാം പിന്നെ പിന്നെ പതിയെ ആ പതിവും അമ്മ ഉപേക്ഷിച്ചു. പലപ്പോഴും പതാക ഞാനെടുത്ത്‌ കൈയില്‍ കൊടുത്തിട്ടും അമ്മ അതിലേക്ക്‌ നോക്കിയതേയില്ല. ..ഒന്നും മിണ്ടാതെ.."

ദേവ അമ്മയെക്കുറിച്ച്‌ ഇത്രയേ പറഞ്ഞുള്ളൂ.

സമ്മത പത്രങ്ങളെക്കുറിച്ച്‌ ആദ്യമായിട്ടായിരുന്നു അന്നു ഞാന്‍ ചിന്തിച്ചത്‌. അതും എന്റെ ശരീരം കീറിമുറിക്കാന്‍ എന്റെ സമ്മതമല്ലേ വലുത്‌ എന്ന ദേവയുടെ ചോദ്യത്തിനു ശേഷം മാത്രം. സ്വയം സമ്മതമില്ലെങ്കില്‍ കൂടി ഓപ്പറേഷനുകള്‍ക്ക്‌ ബന്ധുക്കള്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടുവരുന്നവരെ ധാരാളം ഞാന്‍ കണ്ടിട്ടുണ്ട്‌. ഭാര്യമാരുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക്‌ സര്‍ജറികള്‍ ഗര്‍ഭഛിദ്രങ്ങള്‍....

"എന്റെ അമ്മയ്ക്ക്‌ ഓര്‍മ്മശക്തിയില്ല, എല്ലാം ഞാന്‍ തന്നെ ചെയ്തുകൊടുക്കണം. എനിക്ക്‌ ഓര്‍മ്മയുണ്ട്‌. ചിന്തിക്കാനും തീരുമാനിക്കനുമുള്ള കഴിവുണ്ട്‌. പക്ഷേ എന്റെ ശരീരത്തിന്റെ ഒരുഭാഗം രോഗാണുക്കള്‍ തിന്നൊടുക്കുന്നു. ഒരര്‍ത്ഥത്തില്‍ ഞങ്ങള്‍ രണ്ടാളും ഈ ലോകത്ത്‌ ഒരുഭാരമാണല്ലോ? എന്തൊരു വൈരുദ്ധ്യം? ഡോക്ടര്‍ ശരിക്കും ദയാവധത്തിന്റെ നിയമപരിധിയിലേക്കു വരുമ്പോള്‍ ഞങ്ങളില്‍ ആരുടെ അവസ്ഥയ്ക്കാണ്‌ കൂടുതല്‍ സാദ്ധ്യത? "

ദേവയുടെ ചോദ്യം എന്നെ കുഴക്കി. അതിനകം ഉത്തരങ്ങള്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ കൊണ്ട്‌ തുടരെത്തുടരെ ദേവ എന്നെ പൂട്ടിയിട്ടു കൊണ്ടിരുന്നുവല്ലോ!

സ്വന്തം ശരീരത്തിനുമേല്‍ ആര്‍ക്കാണ്‌ അവകാശം

"ഓര്‍മ്മകള്‍ നഷ്ടമാവുകയാണോ മസ്തിഷ്കമരണം?" അങ്ങനെയെങ്കില്‍ ഓര്‍മ്മകള്‍ സൂക്ഷിക്കനാഗ്രഹിക്കാത്തവളായ ഞാന്‍ മസ്തിഷ്കമരണം സംഭവിച്ചവളാണോ?"
ഇത്തരം കുഴയ്ക്കുന്ന ചോദ്യങ്ങള്‍ തുടക്കം മുതലേ അവളെനിക്ക്‌ എറിഞ്ഞു തരുന്നുണ്ട്‌. മെഡിക്കള്‍ സയന്‍സ്‌ എന്നത്‌ ഒറ്റവിഷയത്തില്‍ എം.ഡി എടുക്കലല്ലേ തുടങ്ങിയ അഭിപ്രായങ്ങള്‍ അവള്‍ പറഞ്ഞു. രോഗങ്ങള്‍ മനസ്സിലാണ്‌ ആദ്യമുണ്ടാവുക. പിന്നീടാണത്‌ ശരീരത്തിലേക്ക്‌ വ്യാപിക്കുക. - എന്നത്‌ അവളുടെ കണ്ടുപിടുത്തങ്ങളില്‍ മറ്റൊന്ന്.

"അങ്ങനെയെങ്കില്‍ കുട്ടിയുടെ തലയില്‍ വളരുന്ന ഈ ട്യൂമര്‍? അതും മനസ്സിന്റെ തോന്നലാണോ? അങ്ങനെയാണോ അതു ജനിച്ചത്‌"? തമാശയായിട്ടാണ്‌ ഞാനത്‌ ചോദിച്ചത്‌. പക്ഷേ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു.

"അതെ ഞാന്‍ ആഗ്രഹിച്ചു വരുത്തിയതാണ്‌ ഈ ട്യുമര്‍. ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല." അതെന്ത്‌ എന്നു ചോദികാനുള്ള മാനസികാവസ്ഥ ഒരു ഡോക്ടറായിട്ടുകൂടി ഞാന്‍ കൈവരിച്ചിരുന്നില്ല എന്നത്‌ ആ നിമിഷം എന്റെ പരാജയമായി ഞാനറിഞ്ഞു ഉടന്‍ തന്നെ എനിക്ക്‌ അവശനിലയില്‍ കിടക്കുന്ന ചിലരോഗികളെ സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നതിനാല്‍ പെട്ടെന്നു മുറിവിട്ടു പോകേണ്ടിവന്നു.

ദേവ നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്നുവെന്ന് ചിലരെന്നെ അറിയിച്ചു. വെയിലത്തുള്ള നടപ്പ്‌,അധികസംഘര്‍ഷങ്ങള്‍ ഏറ്റിയുള്ള ജോലി. ഇവയൊന്നും ദേവയുടെ രോഗത്തെ അനുകൂലിക്കുന്ന ഘടകങ്ങളായിരുന്നില്ല. എന്തിനാണ്‌ ഇത്രയും ദിവസം സര്‍ജറിക്കായി നീട്ടിക്കൊണ്ടുപോകുന്നതെന്ന എന്റെ ചോദ്യത്തിന്‌ ദേവ തൃപ്തികരമായൊരുത്തരം നല്‍കിയുമില്ല.

-----------------x-----------------x-----------------x-----------------

അന്നേ ദിവസം എത്ര രോഗികള്‍ക്ക്‌ അനസ്തേഷ്യ നല്‍കി എന്നതിന്‌ കൃത്യമായ കണക്ക്‌ എനിക്കുണ്ടായിരുന്നില്ല. വിശാലമായ ആശുപത്രിക്കെട്ടിടത്തിന്റെ നടുവിലത്തെ നിലയിലെ വലത്തേയറ്റത്ത്‌ ഓപ്പറേഷന്‍ തിയേറ്റര്‍ നിശ്ശബ്ദമായിട്ടെങ്കിലും ചലിക്കാത്തദിവസങ്ങള്‍ കുറവ്‌. കോരിച്ചൊരിയുന്ന മഴയത്തും ചുട്ടുപോള്ളുന്ന വേനലിലും കോച്ചിവലിക്കുന്ന മഞ്ഞിലും ശരിരത്തിന്റെ ഏതെങ്കിലുമൊരംശം കേടുകൂടിയവര്‍ ആ മുറിയിലെക്ക്‌ ആനയിക്കപ്പെട്ടുകൊണ്ടേയിരുന്നു. ട്രോളിക്ക്‌ വലുപ്പച്ചെറുപ്പങ്ങളില്ല ഒരേ കമ്പനിയിലെ മുതലാളിക്കും തൂപ്പുകാരനും ഒരേ ട്രോളി,ഒരേ റോളിഗ്‌ ബെഡ്‌,തിയേറ്റര്‍,കത്തി, സൂചി,ഓക്സിജന്‍ ട്യൂബ്സ്റ്റാന്റ്‌, ഓക്സിജന്‍ ...ഓക്സിജന്‍ ..അല്ല വായുമാത്രം വ്യത്യാസപ്പെട്ടു. മുതലാളി സ്വീകരിച്ചു ബാക്കിവന്ന ഒക്സിജനല്ല അടിച്ചുതളിക്കാരനു നല്‍കിയത്‌. പുതിയ വായു. വേദനിച്ചു പിടയുമ്പോഴും ഓപ്പറേഷന്‍ തീയേറ്ററിലേക്കു കോണ്ടുപോകാറായപ്പോള്‍ മുതലാളിപറഞ്ഞു പല്ലുകള്‍ കടിച്ച്‌ വേദന സഹിച്ച്‌....

"ഡോക്ടര്‍ ഞാനെന്തു വേണമെങ്കിലും തരാം ഒരുപക്ഷെ ഓപ്പറേഷന്‍ വരെ മാറ്റിവക്കാം വേദന ഞാന്‍ സഹിച്ചോളാം പക്ഷേ തൂപ്പുകാരനെ ഏറ്റിയ ട്രോളി മാറ്റി മറ്റൊന്ന് ...... ജീവിതത്തില്‍ ചില മൂല്യങ്ങള്‍ സൂക്ഷിക്കുന്നുണ്ട്‌ ഞാന്‍ അതു കൊണ്ട്‌....."

മൂല്യങ്ങള്‍ !
രോഗങ്ങള്‍ക്കെന്ത്‌ മൂല്യങ്ങള്‍ ! ആദര്‍ശങ്ങള്‍ ! സദാജാഗരൂഗരായ പ്രേതങ്ങളെപ്പോലെ അവര്‍ ശരീര ഭാഗങ്ങളെ ആവേശിക്കുകയാണല്ലോ. ക്യാന്‍സര്‍ സെന്ററാണെങ്കിലും കേടുബാധിച്ച അവയവങ്ങളോടൊപ്പം ദ്രവിച്ച മനസ്സുകളും കൂട്ടിക്കൊണ്ടാണ്‌ ചില രോഗികള്‍ വരിക. രോഗങ്ങള്‍ക്ക്‌ വലിപ്പച്ചെറുപ്പങ്ങളറിയില്ല. അറിഞ്ഞാലും അറിഞ്ഞ ഭാവം കാണിക്കില്ല. രോഗം വികാരങ്ങള്‍ക്കപ്പുറം സംഭവിക്കുന്ന ഒന്നാണ്‌. മാനുഷികതയുമായി ബന്ധമില്ലാത്ത ഒന്ന്. രോഗമെന്നത്‌ തടുക്കാനാവാത്ത സത്യമാണ്‌. ഈ ക്യാന്‍സര്‍ ആശുപതിയിലെത്തുന്നവര്‍ ഇത്രയും വര്‍ഷങ്ങളായി എന്നെ അതാണു പഠിപ്പിക്കുന്നത്‌. ക്യാന്‍സര്‍ ബാധിച്ച മരണത്തോടടുത്തവളാണെങ്കിലും അവസാനനിമിഷം വരെ ഭര്‍ത്താവും മക്കളും ആഹാരം കഴിച്ചോ എന്ന് ആരായുന്നവരായിരിക്കും അമ്മമാര്‍. സ്തനാര്‍ബുദം മൂലം കാമുകന്മാരാല്‍ പരിത്യജിക്കപ്പെട്ട പെണ്‍കുട്ടികള്‍, നെഞ്ചിലേക്കും കൈകളിലേക്കും പടരുന്ന വേദന മറന്ന് മയക്കത്തില്‍ വിതുമ്പിയിരുന്നത്‌ രോഗം മൂലമല്ല എന്നെനിക്കറിയാമായിരുന്നു. രോഗമെന്നത്‌ ശരീരത്തെ ബാധിക്കുമ്പോള്‍ അതിനിടയില്‍ മനസുകള്‍ക്ക്‌ സ്ഥാനമില്ല എന്ന് എഴുതിവെയ്ക്കാനെന്നെ പ്രേരിപ്പിച്ചത് അങ്ങനെയാണ്‌. ക്യാന്‍സര്‍ ഓരോ ജീവകോശങ്ങളെയുമായി തിന്നുതീര്‍ക്കുമ്പോഴും സ്നേഹിക്കുന്നവര്‍ നിരന്തരം വന്നും പോയുമിരിക്കുന്നവര്‍,അത്ഭുതകരമായിജീവിതത്തിലേക്ക്‌ തിരിച്ചുവന്നതും ഞാന്‍ കണ്ടിട്ടുണ്ട്‌.

രോഗം ഒരു പുഴയാണ്‌. എത്രതവണ മുങ്ങിയാലും പുതിയതാവുന്ന പുഴ, എന്ന പഴയ കണ്ടുപിടുത്തം പോലെ..... പക്ഷേ, ആ പുഴ ഒഴുകുന്നതെവിടേക്കാവുമെന്ന് ഒരിക്കലും ഒരു ശാസ്ത്രത്തിനും വിധിക്കാനാവില്ല.
"പക്ഷേ ആവും. രോഗിക്കു കഴിയും ഡോക്ടര്‍. രോഗിക്കുമാത്രം കഴിയും ഒരു ഡോക്ടര്‍ എത്രമനസ്സുവെച്ചാലും തന്റെ ശര്‍Iരവുമായി രോഗിനടത്തുന്ന അതിനിഗൂഢമായ ചില സംഭാഷണങ്ങളിലൂടെ രോഗിക്ക്‌ അറിയാനാവും. ജീവിതവുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്ക്‌ ഇനി എത്ര ദൈര്‍ഘ്യമുണ്ടെന്ന് ".
അവളുടെ വാദം എത്രത്തോളം ശരിയാണന്ന് എനിക്കറിയാം രോഗത്തെക്കുറിച്ച്‌ കൂടുതലറിയാന്‍ കഴിയുക രോഗിക്കുതന്നെ എന്നുമെനിക്കറിയാം. പക്ഷേ, അങ്ങനെയല്ലല്ലോ പതിവ്‌. എത്ര ഭീകരമായ വേദനയാണന്ന് ബോദ്ധ്യമുണ്ടെങ്കിലും 'ഓ ഇതത്ര സാരമില്ല എന്ന് ഡോക്ടര്‍ ഒരുവാക്കുപറഞ്ഞാല്‍ നാമൊക്കെ എത്ര അനുഭവിച്ചവരെങ്കിലും സമാധാനപ്പെടുകയാണല്ലോ പതിവ്‌. ശേഷം മാരകമായ വേദനയ്ക്കൊടുവില്‍ രോഗി മരിക്കുന്നത്‌ രോഗി അറിയില്ലല്ലോ! ബന്ധുക്കളാണെങ്കില്‍ 'എല്ലാം വിധിയെന്ന് കരുതുകയും ചെയ്യും' .

ക്യാന്‍സര്‍ വാര്‍ഡിനു പുറത്തെ കസേരകളില്‍ ചിലപ്പോള്‍ ഞാന്‍ ഒറ്റയ്ക്കു പോയിരിക്കാറുണ്ട്‌. അപ്പോഴൊക്കെ എന്തുകൊണ്ട്‌ ഞാന്‍ പുറത്ത്‌ ? അവള്‍ അകത്ത്‌ എന്നൊരു ചോദ്യം എന്റെയുള്ളില്‍ ഉണ്ടാവുന്നു. കോശങ്ങള്‍ അനുനിമിഷം ദ്രവിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ക്കു പുറത്ത്‌ ഒറ്റക്കസേരയില്‍ അവരെ സമധാനിപ്പിച്ച്‌ കബളിപ്പിക്കാനും പരിശോധിച്ച്‌ രോഗനിര്‍ണ്ണയം നടത്താനും ഈ ഒരു ഞാന്‍. രോഗത്തെ ഞാനെത്ര നിര്‍ണ്ണയിച്ചാലും രോഗിക്ക്‌ സ്വയം തിരിച്ചറിയാനാവുമെന്ന വസ്തുത മനഃപൂര്‍വം മറച്ചുവെച്ചുകോണ്ടാണ്‌ ഞാനിതുവരെ ചികിത്സിച്ചിട്ടുള്ളത്‌. പക്ഷേ ദേവയുടെ വാക്കുകള്‍ സര്‍വ്വീസില്‍ ആദ്യമായി എന്റെ നിരാസം കൊണ്ട്‌ ഭേദിച്ച ഒരു നീറലാണെനിക്കു സമ്മാനിച്ചത്‌.

ദേവയുടെ ഓപ്പറേഷന്‍ ഫിക്സ്‌ ചെയ്തതിനുശേഷം ഞാന്‍ പന്ത്രണ്ട്‌ സര്‍ജറികള്‍ക്ക്‌ റെക്കമന്‍ഡ്‌ ചെയ്തു. എല്ലാം ചെയ്തത്‌ വിന്‍സണ്‍ ആന്റണിയായിരുന്നു.

"എന്തുകൊണ്ടാണ്‌ ഡോക്ടര്‍ സര്‍ജറിയില്‍ നിന്ന് അനസ്തേഷ്യയിലേക്ക്‌ കൂടുമാറിയത്‌. ? ഭയം? ഉത്കണ്ഠ? അതുമല്ലെങ്കില്‍ കഴിവിലുള്ള വിശ്വാസക്കുറവ്‌?"
എട്ടാമത്തെ ദിവസം ദേവ എന്റെ ക്യാബിനിലേക്ക്‌ ഇടിച്ചുകയറി വന്ന് ചോദിച്ചു
"എന്താണ്‌ നിന്റെ പ്രശ്നം?" ഞാന്‍ ചോദിച്ചു.
"എന്റെ പ്രശ്നമല്ലല്ലോ വിഷയം"- അവള്‍ ചിരിച്ചു. മാരകമായ ട്യൂമര്‍ തലയിലേറ്റി നടക്കുന്നതിന്റെ ഒരു തരി അസ്വസ്ഥതപോലും ആപെണ്‍കുട്ടി പ്രകടിപ്പിച്ചിരുന്നില്ല. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു.
--"ഒരു കണക്കില്‍ എല്ലാവരും മനസ്സിലൊരു ട്യൂമര്‍ പേറുന്നുണ്ട്‌. അര്‍ബുദമായല്ലെങ്കിലും ഒരളവുവരെ മുറിച്ചുമാറ്റാന്‍ ആവാത്തത്‌-അല്ലേ? ശരീരകോശങ്ങളെ ബാധിക്കുന്നതുമാത്രം നാം കാണുന്നു. അതും നിശ്ശബ്ദമായി ദ്രവിക്കുന്ന കോശങ്ങളെ നാമറിയുന്നില്ല. വേദനിപ്പിക്കുന്നവയെ മാത്രം നാം തെരഞ്ഞു പിടിക്കുന്നു.- കൊല്ലുന്നു. ഒരു പക്ഷേ, കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നു പറയും പോലെ ഒന്ന്--"
എല്ലാവരും ട്യൂമര്‍ ബാധിതരാണെന്ന ദേവയുടെ കണ്ടുപിടുത്തം എന്നെ വീണ്ടും ചിന്തിപ്പിച്ചു.അവള്‍ ഫിലോസഫി പഠിച്ചവളായിരുന്നു. ഞാനോ ശരീര ശാസ്ത്രം പ്രയോഗത്തില്‍ വരുത്തുന്നവനും.
എനിക്കുമേല്‍ സംഭവിച്ചിരിക്കുന്നതെന്ന് അവള്‍ പറയുന്ന വിശ്വാസ നഷ്ടം എന്റെ മനസ്സിന്റെ മാത്രം പ്രശ്നമായിരുന്നില്ല. കുറച്ചു വര്‍ഷങ്ങളായി ഞരമ്പുകളെ ബാധിക്കുന ഒരുതരം തളര്‍ച്ച എന്റെ കൈകളുടെ സ്വാഭാവിക ചലനങ്ങള്‍ക്ക്‌ ലേശം മന്ദത സമ്മാനിച്ചിരുന്നു. എഴുതുമ്പോള്‍വരെ ഈയൊരു വേഗക്കുറവ്‌ അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ്‌ ഞാന്‍ സര്‍ജറികളില്‍ നിന്ന്‌ പിന്‍മാറിയത്‌. പക്ഷെ അനസ്തേഷ്യയുടെ ലോകത്ത്‌ എനിക്ക്‌ താത്പര്യം തോന്നിയത്‌ യാദൃശ്ചികമായിരുന്നു. അതു ഞാന്‍ ദേവയോട്‌ പറഞ്ഞപ്പോള്‍ അവള്‍ തിരിച്ച്‌ ചോദിച്ചു.
"അനസ്തേഷ്യ ഏതുഘടകവുമായാണ്‌ ബന്ധപ്പെടുന്നത്‌?" അവളുടെ ചോദ്യം സത്യത്തിലെനിക്കു വ്യക്തമായില്ല. എന്റെ വിളറിയ മുഖഭാവം കണ്ട്‌ അവള്‍ വിശദീകരിച്ചു.
"അനസ്തേഷ്യ ഉറക്കികിടത്തുന്നത്‌ ബോധത്തെയാണോ ഓര്‍മ്മയെയാണോ ചിന്തയെയാണോ?"
പെട്ടെന്നൊരുത്തരം നല്‍കാന്‍ എനിക്കു കഴിയുമായിരുന്നു. എങ്കിലും അവളാഗ്രഹിക്കുന്നത്‌ അത്തരം ഒറ്റവാക്കല്ല എന്നറിയാവുന്നതിനാല്‍ മൂന്നാം നിലയിലെ എന്റെ ക്യാബിന്റെ ജനല്‍ച്ചില്ലുതുറന്ന്‌ പുറത്തേക്ക്‌ അലസമായി നോക്കി.

-----------------x-----------------x-----------------x-----------------

പിന്നീട്‌ ഞാന്‍ അതേക്കുറിച്ച്‌ ഏറെ ചിന്തിച്ചു. അനസ്തേഷ്യ നല്‍കുമ്പോള്‍ എന്താണ്‌ നിലയ്ക്കുന്നത്‌? ബോധമോ, ചിന്തയോ, ഓര്‍മ്മയോ?
ഞാന്‍ ഒരു ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റായി ഈ നഗരത്തിലെത്തിയിട്ട്‌ മുപ്പതുവര്‍ഷങ്ങള്‍ കഴിഞ്ഞു. അഞ്ചുവര്‍ഷം മുന്‍പ്‌ അനസ്തേഷ്യയിലേക്ക്‌ മാറുകയും ചെയ്തു. മുപ്പതുവര്‍ഷങ്ങളില്‍ എത്രയേറെ ശരീരങ്ങള്‍ കീറിമുറിച്ചു! അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട്‌ എത്രപേരുടെ ബോധം,ചിന്ത,ഓര്‍മ്മ കെടുത്തി!
കണക്കുകള്‍ എന്റെമുന്നില്‍ കുഴഞ്ഞു മറിഞ്ഞു. ഓര്‍മ്മ ബോധത്തിന്റെ ഭാഗമല്ലേ? ബോധം ശരിയായിരിക്കുമ്പോഴല്ലേ ഓര്‍മ്മകളിലേക്ക്‌ ചലിക്കുക? ചിന്തയെന്നത്‌ ബുദ്ധിയുമായി ബന്ധപ്പെട്ടതല്ലേ? കൃത്യമായ ബോധധാരകള്‍ സൂക്ഷിക്കുന്ന ആരോഗ്യമുള്ള ഒരു മനസ്സിനല്ലേ? ബുദ്ധിപരമായി ചിന്തിക്കാനാവൂ? ചിന്ത ബോദ്ധത്തില്‍ നിന്നല്ലേ? അതേ..അതേ..
മണിക്കൂറുകളോളം ആലോചിച്ചുറപ്പിച്ചതിനുശേഷം ദേവയെ ഞാന്‍ ഫോണില്‍ വിളിച്ചു.
"ചിന്തകള്‍ ബോധത്തെ ബാധിക്കുന്നു., അല്ലേ ഡോക്ടര്‍?"
ഫോണിലൂടെയാണെങ്കിലും ഞാന്‍ ചിരിച്ചു. അവളുടെ നിഗമനം തെറ്റായിരുന്നില്ലല്ലൊ!
"അതേ. അനസ്തേഷ്യ ബോധത്തെയാണ്‌ ബാധിക്കുക" ഞാന്‍ മറുപടി പറഞ്ഞു.
"ഡോക്ടര്‍,ബോധമെന്നത്‌ ശരിയായ ഓര്‍മ്മകളുടെയും ശരിയായ ചിന്തകളുടെയും സങ്കലനമല്ലേ? അപ്പോള്‍ അനസ്തേഷ്യ ആദ്യം ബാധിക്കുക ഓര്‍മകളേയും ചിന്തകളേയും തന്നെയാണ്‌.""നീ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ ശരി.
പക്ഷെ ഒരു മനുഷ്യന്റെ ശരീരത്തിന്റെ ചലങ്ങളെയും ആഗിരണ പ്രകിരണങ്ങളേയും പ്രതികരണങ്ങളെയും നിശ്ചലമാക്കുന്ന ഒരു ബിന്ദുവിനെയാണ്‌ അനസ്തേഷ്യയിലൂടെ ഉറക്കികിടത്തുക"
"അങ്ങനെയെങ്കില്‍ ആ ബിന്ദു ഏതെന്നാണ്‌ എന്റെ സംശയം"
അവള്‍ എന്നെ വിടാനുള്ള ഉദ്ദേശമില്ലെന്നുതോന്നി.
"മനുഷ്യന്റെ ചലനങ്ങള്‍ രണ്ടുവിധത്തിലുണ്ട്‌. ആന്തരികചലനവും, ബാഹ്യചലനവും. അനസ്തേഷ്യ ഒരു കണക്കിന്‌ ചെയ്യുന്നത്‌ ബാഹ്യചലനങ്ങളെ നിയന്ത്രിക്കുന്ന കോഡുകള്‍ പുറപ്പെടുവിക്കുന്ന ബിന്ദുവിനെ മയക്കുകയെന്നതാണ്‌. മനസ്സ്‌ എന്ന സങ്കല്‍പ്പത്തെ മയക്കാന്‍ പ്രയാസമാണ്‌. പക്ഷെ അനസ്തേഷ്യാവേളയില്‍ ദുര്‍ബ്ബലമാക്കുകയാണ്‌. കൈപൊക്കണമെന്നുവിചാരിച്ചാല്‍പോലും പൊക്കാന്‍ പറ്റാത്ത ഒരവസ്ഥ. പതിയെ പതിയെ ഉറക്കതിലേക്ക്‌. അവിടെ ഓര്‍മ്മകള്‍ക്കു സ്ഥാനമില്ല. ചിന്തക്കോ,തൃഷ്ണക്കോ സ്ഥനമില്ല. ദുര്‍ബ്ബലമായിരിക്കാനും ഉറങ്ങുവാനും അഞ്ജാതമായ ഒരു ശബ്ദം സമ്മര്‍ദ്ദം ചെലുത്തുന്നു. അത്രമാത്രം."ഇത്രയും പറഞ്ഞ്‌ ഞാന്‍ ഫോണ്‍ വച്ചു. അതിനെത്തുടര്‍ന്നുള്ള ആറാമത്തെ ദിവസമായിരുന്നു ദേവയുടെ സര്‍ജറി. തലച്ചോറിന്റെ വലതുവശത്ത്‌ വളര്‍ന്നിരിക്കുന്ന നെല്ലിക്കയോളം പോന്ന ഒരു പാട്‌ ട്യൂമറുകളെ സ്വപ്നത്തില്‍ കണ്ട്‌ ഉറക്കം മുറിഞ്ഞ്‌ ഞാന്‍ ഉണര്‍ന്നു. ദേവ എന്ന പെണ്‍കുട്ടി എത്രയേറെ ചിന്തിക്കുന്നുവെന്ന്‌ ഞാന്‍ അത്ഭുതപ്പെട്ടു. അവള്‍ക്ക്‌
അനസ്തേഷ്യകൊടുക്കുമ്പോള്‍ അവളിലെ ഏതുഭാഗമാണ്‌ മയങ്ങുക?
ഈമാതിരി ചിന്തകളെ തടഞ്ഞുനിര്‍ത്താന്‍ അനസ്തേഷ്യക്കാവുമോ എന്നു ഞാന്‍ അകാരണമായി ഭയന്നു. ഓപ്പറേഷന്‌ കൃത്യം നാലു ദിവസം മുന്‍പ്‌, ശരിക്കു പറഞ്ഞാല്‍ ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടതിന്റെ തലേദിവസം ദേവ ക്യാബിനില്‍ വന്നു.
ഏറെ നേരം മിണ്ടാതിരുന്നതിനുശേഷം അവള്‍ പറഞ്ഞു. "ഡോക്ടര്‍, ഈ അനസ്തേഷ്യയില്‍ നിന്ന്‌ ഉണരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍?"
എന്തുമറുപടി പറയണമെന്നെനിക്കറിയില്ലായിരുന്നു. ദേവ തുടര്‍ന്നു.
"ഡോക്ടര്‍ എനിക്ക്‌ ഈ അനസ്തേഷ്യയില്‍നിന്ന്‌ തിരിച്ചുണരമെന്നില്ല. ഡോക്ടര്‍ക്കറിയുമോ ഈ ദിവസങ്ങളില്‍ മുഴുവന്‍ ഞാനൊരാളെതിരഞ്ഞു നടക്കുകയായിരുന്നു. നഗരം മുഴുവന്‍, നിരത്തുകളില്‍, കടല്‍ക്കരയില്‍.... പരിചയമുള്ള ഫോണ്‍ നമ്പരുകള്‍ മുഴുവന്‍ വിളിച്ച്‌ ഞാന്‍ നിലവിളിച്ചു. കണ്ണുകളില്‍ ഇരുട്ടു കയറിയപ്പോള്‍ വഴിവക്കില്‍ തളര്‍ന്നിരുന്നു. പക്ഷെ..."
ഞാന്‍ പെട്ടെന്ന്‌ കസേരയില്‍ നിന്നെണീറ്റു. മേശപ്പുറത്തിരുന്ന വെള്ളം ഞാന്‍ ദേവക്കു നീട്ടി. അവള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. പ്രായമേറിയ ട്യൂമറിന്റെ ലക്ഷണം. ഞാന്‍ ഫാന്‍ സ്പീഡുകൂട്ടിയിട്ടു. "ഒരിക്കല്‍പോലും എനിക്ക്‌ അസുഖമില്ല എന്ന്‌ ഡോക്ക്ടര്‍ സംശയിച്ചിട്ടില്ലേ? ഞാന്‍ ഈ നാലുവര്‍ഷവും എന്റെ തലച്ചോറിനെ പങ്കുവെയ്ക്കുന്ന ട്യൂമറിനെ അറിഞ്ഞിരുന്നില്ല. എങ്കിലും അശുഭകരമായ എന്തോ എന്നെ മൂടാന്‍ പോകുന്നെവെന്ന്‌ ഞാനറിഞ്ഞിരുന്നു. പക്ഷെ കാരണങ്ങളില്ലാതെ ഉപേക്ഷിക്കപെടുകയെന്നത്‌ ഏതു ട്യൂമറിനെക്കാളുമേറെ മനസ്സിനെ നീറ്റുന്ന മുറിവാണ്‌."
ദേവ ആരെയാണീ തിരയുന്നതെന്ന്‌ അറിയാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.
"എനിക്കിപ്പോള്‍ ഇരുട്ടാണ്‌. കൈവിട്ടുപോയ പട്ടത്തിന്റെ ചരട്‌ തേടിയിറങ്ങാന്‍ എനിക്കിനി സമയമില്ല എന്ന തോന്നല്‍. അവനെവിടെയെന്ന്‌ എനിക്കറിയില്ല. ഒരു പക്ഷെ ഉണ്ടാവും. എന്റെ പിന്നിലോ, തൊട്ടു മുന്‍പിലോ.. ഞാനവനെ തിരയുന്നത്‌ ഒളിച്ചുനിന്ന്‌ കാണുന്നുണ്ടാവും. ചിലപ്പോള്‍ കളിപ്പിക്കുകയാവും. അല്ലെങ്കില്‍ ചതിക്കുകയാവും. പക്ഷെ ഒരു ചോയ്സിന്‌ എനി എനിക്കു സമയമില്ലല്ലോ, അല്ലേ ഡോക്ടര്‍?"
അവളോടെന്ത്‌ പറയണമെന്ന്‌ എനിക്കറിയില്ലായിരുന്നു. അവനാര്‌? അവന്റെ പേരെന്ത്‌? വിലാസമെന്ത്‌? എന്നൊക്കെ ചോദിച്ചെങ്കിലും ദേവ ഒന്നിനും മറുപടി പറഞ്ഞില്ല.
"സസ്കാരമുള്ള ജീവിതങ്ങള്‍ക്കിടയില്‍ വാക്കുകള്‍ക്കുമാത്രമേ സ്ഥാനമുള്ളൂ എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്നു. സത്യസന്ധതയും ആത്മാര്‍ഥതയുമെന്നത്‌ സ്നേഹത്തിനുനിരത്തിവെക്കാനവുന്ന രണ്ടുവാക്കുകളാണെന്നും!
വിശ്വാസങ്ങള്‍! ഹും.....
വിശ്വാസങ്ങള്‍ തകരുമ്പോള്‍ ആ വിശ്വാസങ്ങള്‍ ചീഞ്ഞളിഞ്ഞാണ് ഡോക്‌ടര്‍ നമ്മുടെയൊക്കെ ശരീരങ്ങളില്‍ ട്യൂമറുകള്‍..."
വിശ്വാസങ്ങളെക്കുറിച്ച്‌ അവള്‍ പറഞ്ഞത്‌ എന്നെ വേദനപ്പിച്ചു. വിന്‍സന്‍ ആന്റണിയെ വിശ്വാസമില്ല എന്നവള്‍ മുന്‍പ്‌ പറഞ്ഞിട്ടുണ്ടല്ലോ! ഉണങ്ങിയ വൈക്കോല്‍ പോലെയായിരുന്നു ദേവ.

"കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഞങ്ങള്‍ കണ്ടത്‌. ജീവിതത്തിനെ വെളിച്ചവും ഇരുട്ടും ഒറ്റക്കു പങ്കിട്ടുനടന്ന എനിക്ക്‌ നിറങ്ങള്യുടെ വെളിച്ചവും ആഘോഷവും നിഴല്‍വെട്ടവും അവന്‍ കാണിച്ചു തന്നു. ജീവിതത്തിന്റെ രണ്ടാം ബാല്യം. വിശ്വാസങ്ങളില്‍ ഞാന്‍ വിശ്വസിച്ചുതുടങ്ങി. എന്റെ ജീവിതത്തിന്റെ ഒറ്റ മരത്തിലേക്ക്‌ ഞാനവനെകൂടിച്ചേര്‍ത്തു നിര്‍ത്തി. പക്ഷെ..."
ഏറെ വിശദീകരങ്ങളിലേക്ക്‌ ഞാന്‍ ദേവയെ നയിച്ചില്ല. പക്ഷെ അവള്‍ തുടര്‍ന്നു.
"വളരെ പെട്ടെന്ന്‌ എനിക്ക്‌ ഊഹിക്കാനാവാത്ത കാരണങ്ങള്‍കൊണ്ട്‌ ഞാന്‍ ഉപേക്ഷിക്കപെടുകയാണോ എന്നു തോന്നി. എനിക്കറിയില്ല അതൊന്നും വിശദീകരിക്കാന്‍. ഡോക്‌ടര്‍ രോഗികളെ ആരും ചേര്‍ത്തു പിടിക്കില്ല. അതാണ്‌ സത്യം.." ഇതു പറഞ്ഞ്‌ ദേവ തേങ്ങിക്കരയാന്‍ തുടങ്ങി. മുറിയിലെ എ.സിയുടെ തണുപ്പില്‍ പോലും അവള്‍ വിയര്‍ക്കുകയായിരുന്നു. അവളുടേത്‌ ഒരു പ്രത്യേകകേസാണല്ലൊയെന്ന്‌ ഞാന്‍ അറിഞ്ഞു. രോഗത്തിന്റെ തീവ്രതക്കപ്പുറം പ്രണയത്തിന്റെ നഷ്ടപ്പെട്ട വഴികള്‍ തിരഞ്ഞലയുന്ന അവളുടെ കഥയോടെ എനിക്ക്‌ സഹതാപം തോന്നിത്തുടങ്ങി. ദേവയുടെ തലയില്‍ ഞാന്‍ പതുക്കെ തലോടി. അവളുടെ തലയിലെതൊലിപ്പുറത്ത്‌ വരള്‍ച്ചയുണ്ടായിരുന്നു. തണുത്ത തൊലിക്കിടയില്‍ ട്യൂമറിന്റെ തുടുപ്പ്‌ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയിരുന്നു. പക്ഷെ, ദേവ അതറിഞ്ഞിരുന്നില്ല. അതിനുമപ്പുറം അവളുടെ മനസ്സിനെബാധിച്ച വേദന, അവളെ നീറ്റുന്നുവെന്ന്‌ ഞാനറിഞ്ഞു.
"അവന്റെ പീഡകളും വ്യഥകളും ഒരര്‍ബുദമായി എന്നില്‍ വളരട്ടെ. അങ്ങനെയവന്‍ സ്വതന്ത്രനാകട്ടെ എന്ന്‌ ഞാനെന്റെ ഡയറിയിലെഴിതിയിട്ടുണ്ടൊരിക്കല്‍."

"നട്ടുച്ചക്ക്‌ പൊള്ളുന്ന വെയിലില്‍ ഞാന്‍ വിയര്‍ത്തു പുളഞ്ഞു. എന്റെ തിരച്ചില്‍ എന്റെ ഉള്ളില്‍ പ്രളയക്കാറ്റുപോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ അന്വേഷണങ്ങള്‍ക്ക്‌ അറുതിയുണ്ടാവുമോയെന്ന്‌ എനിക്കറിയില്ലായിരുന്നു. ഉയരം കൊണ്ട്‌` കാഴ്ച്ചകള്‍ മറക്കുന്ന ഒരു കൂറ്റന്‍ മലയിലേക്ക്‌ ആയാസപ്പെട്ട്‌ വലിഞ്ഞു കയറാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. എന്റെ തൊണ്ട വരണ്ടുണങ്ങി. തൊലി വിണ്ടുകീറി. ആരേയും ഞാന്‍ കണ്ടില്ല. ഞാന്‍ തിരയുന്നവനേയും."

-----------------x-----------------x-----------------x-----------------

എവിടെയാണ്‌ നിശ്ചലമാകുന്നതെന്ന് എനിക്കു മനസ്സിലായില്ല. തലച്ചോറിന്റെ ഇരുപത്തിയഞ്ചു ശതമാനത്തോളവും വളര്‍ന്നു കഴിഞ്ഞ ടൂമര്‍ നീക്കുകയെന്ന അപകടം പിടിച്ച സര്‍ജറിയെ നേരിടാനായി വിന്‍സണ്‍ ആന്റണി പതിവിലധികം മന:സ്സാന്നിദ്ധ്യം വേണ്ടി വരുമെന്ന് പറയുന്നു. ട്യൂമറിന്റേതായ യാതൊരസ്വാസ്ഥ്യങ്ങളും പ്രകടമാക്കാത്ത രോഗി എന്ന നിലയില്‍ ദേവ ഞങ്ങളുടെ ഇടയില്‍ ഒരു സംസാര വിഷയമായിരുന്നു. എന്തുതന്നെ ചെയ്താലും, സംഭവിക്കാന്‍പോകുന്ന അപകടത്തിന്റെ ഭവിഷ്യത്ത്‌ ഒരേ അളവിലാകുമെന്നതായിരുന്നു സത്യം.

എന്നിട്ടും ഈ പെണ്‍കുട്ടി മറ്റേതൊക്കെയോ കാരണങ്ങളുടെ പിന്നാലെ പായുന്നതെന്ത്‌ എന്ന് ഞാനും, വിന്‍സനും ചര്‍ച്ച ചെയ്യാതിരുന്നില്ല.ജീവനെ പടര്‍ന്നുപിടിക്കുന്ന ഒരേ രോഗത്തിന്റെ പിടിയില്‍ പെട്ടിരിക്കുന്ന പെണ്‍കുട്ടി..., വരാന്‍ പോകുന്ന ഓരോ സെക്കന്റും ജീവിതത്തില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ അടയാളങ്ങളാണ്‌ അവള്‍ക്ക്‌. പക്ഷെ അതെങ്ങനെ അവളോട്‌ പറയും എന്ന ധര്‍മ്മസങ്കടത്തിലായിരുന്നു ഞാന്‍.അതിലേക്കാണ്‌ മാനസികമായി ദേവ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ പെരുക്കപ്പെട്ടിക കൂടി കൂടിച്ചേര്‍ന്നത്‌.

"ആ മനുഷ്യന്‍ ഇവിടെ ഒരു പ്രശ്നമേയല്ല. നമ്മെ സംബന്ധിച്ച്‌ രോഗിയുമായി ബന്ധപ്പെടുന്ന ഒരു പ്രധാന കണ്ണിമാത്രമാണയാള്‍. ദേവ ഇപ്പോള്‍ രോഗത്തിനകത്തല്ല. എന്തെല്ലാമോ സന്ദേശങ്ങള്‍ അവളുടെ മനസ്സില്‍ നിന്നോ ബോധത്തില്‍ നിന്നോ അവള്‍ക്ക്‌ കിട്ടുന്നുണ്ട്‌. അത്‌ ഒരു പക്ഷേ ഓപ്പറേഷനു മുന്‍പ്‌ അയാളെ കാണണമെന്ന് അത്യുല്‍ക്കടമായ ആഗ്രഹമായിരിക്കാം"
വിന്‍സന്‍ ഇങ്ങനെ പറഞ്ഞു. തുടര്‍ന്ന് ദേവയുടെ ബ്രയിനിന്റെ സ്കാനിംഗ്‌ ഷീറ്റും, റിപ്പോര്‍ട്ടുകളും എനിക്കു നീട്ടി. കേടു ബാധിച്ച തലച്ചോറിന്റെ ചിത്രം എന്റെ കൈയ്യിലിരുന്ന് എന്നെ നോക്കി. ഞാന്‍ ഒന്നും പറഞ്ഞില്ല. വിന്‍സന്‍ ആന്റണിയും ഒന്നും പറഞ്ഞില്ല.

ക്യാന്‍സര്‍ വാര്‍ഡിന്റെ ഒരറ്റത്തെ സന്ദര്‍ശനമുറിയും, വരാന്തയിലെ പച്ചിലച്ചെടികളും വെയില്‍ മൂടിയിരിക്കുന്നു. ഇടനാഴിയുടെ അങ്ങേയറ്റത്ത്‌ I C U വിലേക്ക്‌ ജനലിലൂടെ പാളിനോക്കുന്നു ആരോ-അന്നുരാത്രി ദേവയുടെ അമ്മ മരിച്ചു.

-----------------x-----------------x-----------------x-----------------

പിറ്റേന്നു വൈകുന്നേരം ഒരു ബാഗും തൂക്കി ദേവ ഹോസ്പിറ്റലിലേക്കു കയറിവന്നു.
"ഇലക്ടോണിക്‌ ക്രിമറ്റേറിയത്തില്‍ ദഹിപ്പിച്ചു. അഹിംസ വിജയിക്കട്ടെ എന്നയിരുന്നു അമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നത്‌. നമുക്കൂഹിക്കാവുന്നതിലധികം ആഴത്തില്‍ അവര്‍ സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ ശരീരത്തിനുമപ്പുറം ഉള്ള സ്വാതന്ത്ര്യം."
എന്റെ കൈച്ചുമലുകളിലെ വേദന ഏറിവന്ന സമയമായിരുന്നു അത്‌. മുകളിലത്തെ വാര്‍ഡിലെ ഒന്‍പതാം നമ്പര്‍ മുറിയായിരുന്നു ദേവയുടേത്‌. അതവള്‍ തന്നത്താന്‍ തെരെഞ്ഞെടുത്തതായിരുന്നു. എന്റെ മുറിയിലേക്ക്‌ ഏറെ സ്വാതന്ത്ര്യത്തോടെ കയറി വന്ന് അവള്‍ തന്റെ സ്കാനിംഗ്‌ ഷീറ്റുകള്‍ തെരഞ്ഞെടുത്തു.
"അമ്മയുടെ മനസ്സിലായിരുന്നു ദ്വാരങ്ങള്‍. മനസ്സിനെ നമുക്കാര്‍ക്കും സ്കാന്‍ ചെയ്യാനാവില്ല ഡോക്ടര്‍!" അവള്‍ ആരെയാണ്‌ ഉദ്ദേശിച്ചത്‌ എന്നെനിക്കു മനസ്സിലായിരുന്നു.ഒരു പക്ഷേ, ഒരേസമയം കൊല്ലി പ്രണയത്തിലകപ്പെട്ട്‌ വിഡ്‌ഢിയാക്കപ്പെട്ട പെണ്‍കുട്ടിയെന്ന രീതിയില്‍ എനിക്കവളോട്‌ സംസാരിക്കാമായിരുന്നു. നഷ്ടങ്ങള്‍ക്കപ്പുറം ജീവിതം എന്നെങ്കിലുമൊക്കെ തിരിച്ചുതരാന്‍ തയ്യാറാവുന്ന സ്നേഹങ്ങളെക്കുറിച്ച്‌ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്താമായിരുന്നു.ഒരു പ്രണയം നഷ്ടപ്പെട്ടാലെന്ത്‌- ഇനി മറ്റൊന്ന് അതിലും തീവ്രമായി സമ്മാനിക്കുന്നത്‌ എന്തൊക്കെയാവുമെന്ന് സ്വപ്നം കാണൂ എന്ന് ഉപദേശിക്കാമായിരുന്നു.

പക്ഷേ,
എന്റെ നാവിന്‍ തുമ്പില്‍ ഒരൊറ്റ വാക്കുപോലും വന്നില്ല. എന്തു പറഞ്ഞാണ്‌ ഞാനവളെ സമാധാനിപ്പിക്കേണ്ടത്‌? എവിടേക്കു ബാക്കി കിടക്കുന്ന ജീവിതത്തെക്കുറിച്ചാണ്‌ ഞാനവളോട്‌ പറയേണ്ടത്‌? എനിക്കൊരുത്തരമുണ്ടായിരുന്നില്ല. വാക്കുകളുടെ നിരര്‍ത്ഥകതയെക്കുറിച്ച്‌ ഞാന്‍ ആദ്യമായി ചിന്തിച്ചു. സ്കാനിംഗ്‌ ഷീറ്റുകളും റിപ്പോര്‍ട്ടുകളും ഫയലുമെല്ലാം മാറ്റി ഞാന്‍ ദേവയുടെ കൈകളില്‍ വെറുതെ പിടിച്ചുകൊണ്ടിരുന്നു.

-----------------x-----------------x-----------------x-----------------

എല്ലാവരും ചിലസമയങ്ങളില്‍ നിസ്സഹായരാകുന്നുവെന്ന് എനിക്കു തോന്നി. വിന്‍സണ്‍ ആന്റണിയോട്‌ ഞാനത്‌ പറയുകയും ചെയ്തു. കൃത്യം മൂന്നു ദിവസങ്ങള്‍ക്കുശേഷം ദേവയുടെ തലച്ചോര്‍ പിളര്‍ക്കപ്പെടും. അവള്‍ക്ക്‌ അനസ്തേഷ്യ നല്‍കേണ്ടത്‌ ഞാനാണ്‌. ദേവയെ ഈ മൂന്നു ദിവസങ്ങളിലൂം ഞാന്‍ വളരെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. അവള്‍ നിശ്ശബ്ദയായിരുന്നുവെന്നത്‌ എന്തോ എന്നെ വേദനിപ്പിച്ചു.
രോഗബാധിതമായ അവളുടെ തലച്ചോറിനെ പൊതിയുന്ന തൊലിപ്പുറത്തെ രോമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ അവളെന്നെ കണ്ണുകളടക്കാതെ നോക്കി. ഞാനെന്റെ നരച്ചു തുടങ്ങിയ മുടിയിലൂടെ വെറുതെ കൈവിരലോടിച്ചു.അനസ്തേഷ്യ കൊടുക്കും മുമ്പ്‌ ഞാനവളുടെ ഹൃദയമിടിപ്പുകള്‍ എണ്ണിനോക്കി. തന്റെ ശരീരത്തെക്കുറിച്ചോ വടിച്ചുകളഞ്ഞ മുടിയെക്കുറിച്ചോ മുറിച്ചുമാറ്റാന്‍പോകുന്ന മാംസ പിണ്ഡത്തെക്കുറിച്ചോ ആ ഹൃദയമിടിപ്പുകള്‍ വേവലാതിപ്പെടുന്നതായി ഞാന്‍ കണ്ടില്ല. അവളുടെ മനസ്സ്‌ അശാന്തമായ ഒരു തിരച്ചിലില്‍ നിന്ന് ഇനിയും തിരിച്ചു വന്നിരുന്നില്ല. അസ്വസ്ഥമായ അവളുടെ മനസ്സ്‌ ഈ സര്‍ജറിയെ പ്രതികൂലമായി ബാധിക്കുമോയെന്ന് ഞാന്‍ വിന്‍സന്‍ ആന്റണിയോട്‌ മൌനമായി ആരാഞ്ഞു. എന്റെയത്രക്കു പരിഭ്രാന്തിയും അസ്വസ്ഥതയും വിന്‍സനുണ്ടായതായി കണ്ടുമില്ല.
ഓപ്പറേഷന്‍ ടേബിള്‍ ലൈറ്റ്‌ യഥാസ്ഥാനത്തേക്ക്‌ നീക്കുമ്പോള്‍ ദേവ തളര്‍ച്ചയോടെ പറഞ്ഞു.
"ഞാന്‍ അനസ്തേഷ്യയില്‍ നിന്ന് ഉണരാന്‍ ആഗ്രഹിക്കുന്നില്ല."
ആ വാക്കുകളുടെ ഒടുവില്‍ ഞാന്‍ കൊടുത്ത അനസ്തേഷ്യയുടെ അളവ്‌ അവളെ ഉറക്കി. അവള്‍ ഒരു പക്ഷേ അബോധാവസ്ഥയിലും തന്റെ സംശയങ്ങളുടെ കടലില്‍ മുങ്ങിത്താഴുകയണോ എന്നു തോന്നും വിധം അവളുടെ മുഖം അസ്വസ്ഥമായിരുന്നു.
ഡോക്ടര്‍ വിന്‍സന്‍ ആന്റണി മണിക്കൂറുകളെടുത്ത്‌ ദേവയുടെ തലയിലെ ട്യൂമര്‍ നീക്കം ചെയ്തു.
മൂന്നു ദിവസത്തെ I C U വാസത്തിനുശേഷം ദേവയെ തിരിച്ച്‌ മുറിയിലേക്ക്‌ കൊണ്ടുവന്നു. തിരിയുന്ന പങ്കയിലേക്ക്‌ നോക്കികിടക്കുകയായിരുന്നു അവള്‍.മൂന്നാം നിലയിലെ ഈ ഒന്‍പതാം നമ്പര്‍ മുറിയിലെത്തുന്ന ഒരോ തവണയും ഇതേ റൂമില്‍ രോഗം ബാധിച്ച്‌ കിടന്ന് മരിച്ച എന്റെ അമ്മയെ ഞാനോര്‍ക്കുകയായിരുന്നു. ബാല്‍ക്കണിയിലേക്ക്‌ തുറക്കുന്ന ചില്ലുവാതിലിനരികില്‍ ഒരു മൂലയില്‍ പരന്ന ഇലകളുള്ള ചെടിച്ചെട്ടി വച്ചിരുന്നത്‌ അമ്മക്ക്‌ അക്കാലത്ത്‌ ആനന്ദം പകര്‍ന്നിരുന്നു. മാസങ്ങളോളം ഈ മുറിയില്‍ രോഗത്തോട്‌ മല്ലിട്ടുകൊണ്ട്‌ അമ്മ കിടന്നു. രോഗത്തിന്റെ അവസാനകാലത്താണ്‌ കണ്ടുപിടിച്ചതെന്നറിഞ്ഞ്‌ വേദനയോടെ യുദ്ധം ചെയ്ത്‌ അമ്മ കിടന്നു.
അമ്മ കിടന്നിരുന്നതുകൊണ്ട്‌ ഈ മുറിയോട്‌ വൈകാരികമായ ഒരടുപ്പം എനിക്കു വന്നുചേര്‍ന്നു. രോഗികള്‍ ഒഴിയുമ്പോള്‍ ഒറ്റക്കീ മുറിയിലേക്കു വന്ന് ഏറെ നേരം ഞാന്‍ നിശ്ശബ്ദമായി വെളുത്ത ചുവരിലേക്ക്‌ നോക്കിയിരിക്കാറുണ്ട്‌.

കറങ്ങുന്ന പങ്കയിലേക്ക് തളര്‍ന്ന കണ്ണുകളോടെ, ദേവ നോക്കിക്കൊണ്ടേയിരുന്നു. ഇരുണ്ട ഗുഹക്കുള്ളില്‍ നിന്നെന്നവണ്ണം അവളുടെ ചിതറിയ ഒച്ചകള്‍ എന്റെ ചെവിയില്‍ ലോഹക്കഷണങ്ങളായി വന്നു വീണു.

“ബോധമാണോ ചിന്തയാണോ ബുദ്ധിയാണോ തളര്‍ന്നത്? ഉറക്കത്തിന്റെ അണുക്കളെ കരിച്ചു കളഞ്ഞ് ഞാനുണര്‍ന്നത് ഓര്‍മ്മയിലേക്കായിരുന്നു. ബോധത്തിലേക്കായിരുന്നില്ല. ബോധമാണ് ഉണര്‍ന്നിരുന്നതെങ്കില്‍, കിടക്കുന്നത് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ ഉള്‍മുറിയിലാണെന്ന് എനിക്കു തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ചിന്തയിലേക്കായിരുന്നെങ്കില്‍, ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് അനസ്തേഷ്യയിലേക്കുള്ള യാത്ര തുടങ്ങിയ നിമിഷം ചികഞ്ഞെടുക്കാമായിരുന്നു. ബുദ്ധിയ്ണ് തിരിച്ചു വന്നിരുന്നതെങ്കില്‍, സ്ഥലകാലങ്ങള്‍, സമയം, വേദന ഇവയൊക്കെ എന്നില്‍ത്തീര്‍ത്ത മുറിപ്പാടിനെക്കുറിച്ച് ഞാന്‍ ആഴത്തില്‍ ആലോചിച്ചേനെ. പക്ഷേ--“

ദേവയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

“അബോധത്തില്‍ നിന്ന് തിരിച്ചു വന്നത് ഓര്‍മ്മയിലേക്കായിരുന്നു. ‘ആഗസ്റ്റ് എന്ന മാസത്തിന്റെ കലണ്ടര്‍ കാറ്റത്തു മറിയുന്ന, അക്കങ്ങള്‍ വേദനിക്കുന്ന ഒരു ഓര്‍മ്മയിലേക്ക്. അക്കങ്ങള്‍ മറന്നു പോകുന്ന ഒരു ഫോണ്‍ നമ്പര്‍ പോലും അസ്വസ്ഥമാക്കാറുള്ള എന്റെ മനസ്സിലേക്ക് പ്രളയക്കുത്തൊലിച്ചില്‍ പോലെ ഇരമ്പിവന്നത് ഓര്‍മ്മ തന്നെയായിരുന്നു.”

അജ്ഞാതമായ ഒന്നിനെ അനുഭവിച്ചറിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു ദേവയ്ക്ക്.

“അതെ ഡോക്ടര്‍, അനസ്തേഷ്യ ഉറക്കുന്നത് ഓര്‍മ്മകളെയാണ്. ഉണര്‍ത്തുന്നത് ഓര്‍മ്മകളിലേക്കും. ഏതു ശാസ്ത്രത്തിനും ശാസ്ത്രതത്വങ്ങള്‍ക്കും എന്റെയീ അനുഭവത്തെ മുറിച്ചു മാറ്റാനാവില്ല.”
ദേവ കൈയുയര്‍ത്തി എന്റെ വിരലുകളില്‍ പിടിച്ചു.
“ശരീരം മുറിച്ചു കളയുകയെന്നത് എത്രയെളുപ്പമാണ്‌! പക്ഷേ, മനസ് മുറിച്ചു കളയാനെളുപ്പമല്ലെന്നു മാത്രമല്ല, ഒട്ടിച്ചേര്‍ന്ന് മഴയില്‍ രണ്ട് കുതിരകളെന്ന പോലെ ശരീരത്തോട് കുതിര്‍ന്നു നില്‍ക്കും. മുറിച്ചു കളഞ്ഞാലും മുറിപ്പാടവശേഷിപ്പിച്ച് മനസ്സങ്ങനെ ചുറ്റിപ്പറ്റി നില്‍ക്കും. ആഗസ്റ്റ്... ഞാനവനെ കണ്ടുമുട്ടിയത് ആഗസ്റ്റിലായിരുന്നു. അതെന്റെ ഓര്‍മ്മയാണ് ഡോക്ടര്‍. അനസ്തേഷ്യയില്‍ നിന്ന് ഞാനുണര്‍ന്നത്, അത് കെടുത്തിക്കളഞ്ഞ ഓര്‍മ്മയിലേക്കാണ്.”

എല്ലാ നഷ്ടങ്ങള്‍ക്കുമിപ്പുറം ദേവ അനുഭവത്തിന്റെ അറിവില്‍ ആഹ്ലാദിക്കുന്നു. പക്ഷേ അതവള്‍ക്കു പകര്‍ന്നു കൊടുത്ത ഞാന്‍ അനുഭവത്തിന്റെ അഭാവത്തില്‍ വെറുമൊരു കേള്‍വിക്കാരനായി നില്‍ക്കുന്നു. എതിര്‍ത്തു പറയാന്‍ വാദങ്ങളോ സമ്മതിക്കാന്‍ തെളിവുകളോ ഇല്ലാതെ!

ഓപ്പറേഷനു ശേഷം അവള്‍ കാത്തിരിക്കുന്നവന്‍ വരുമെന്നവള്‍ പ്രതീക്ഷിച്ചിരുന്നോ എന്തോ? പ്രതീക്ഷിച്ചിരിക്കില്ല. കാരണം ജീവിതത്തിലേക്കു തുറക്കുന്ന ഒരു ചെറിയ വാതിലനക്കങ്ങളുടെയെങ്കിലും ഓര്‍മ്മയോ വെളിച്ചമോ ബാക്കിയുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ, ദേവപ്രഭയെന്ന പെണ്‍കുട്ടി ഏഴാം ദിവസം മരണത്തിനു കീഴടങ്ങാതെ ജിവിതത്തിലേക്ക് തിരിച്ചു നടന്നേനെ എന്ന് എനിക്കുറപ്പായിരുന്നു.

ഈ ആശുപത്രിയില്‍ വരുന്ന കാന്‍സര്‍ രോഗികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല ദേവ എന്ന് പിന്നീടെനിക്ക് മനസ്സിലായി. അബോധത്തില്‍ നിന്ന് അവളുടെ ഓര്‍മ്മയിലേക്കു തുറന്ന ‘ആഗസ്റ്റ്’ എന്റെ അമ്മയുടെ മരണമാസം കൂടിയായിരുന്നല്ലോ!

-----------------x-----------------x-----------------x-----------------

ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേന്നും പകല്‍ പിറന്നു. ദിനചര്യകള്‍, രോഗികള്‍, എന്റെ സ്ഥിരം കൈകഴപ്പ്, വാര്‍ദ്ധക്യം കയറിവരുന്നതിന്റെ ചില അസ്വസ്ഥതകള്‍... ഇവയെല്ലാം പതിവുപോലെ...

എന്റെ കാറിന്റെ നിറം വെളുപ്പായി തുടര്‍ന്നു. ഒന്‍പതാം നമ്പര്‍ റൂമില്‍ ക്യാന്‍സര്‍ രോഗികള്‍ വന്നും പോയുമിരുന്നു. ഇതിനിടെ ആപേക്ഷികമായ ശസ്ത്രക്രിയകളും മരണങ്ങളും നടന്നു. ആറേഴുമാസത്തിനിടെ ഒട്ടനേകം പേര്‍ക്ക് ഞാന്‍ അനസ്തേഷ്യ നല്‍കി. ഓരോ തവണയും ദേവയുടെ ചോദ്യങ്ങളും അതിനവള്‍ അനുഭവിച്ചറിഞ്ഞ ഉത്തരങ്ങളുടെ അടയാളങ്ങളും എന്നെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു. ഞാന്‍ നല്‍കുന്ന അനസ്തേഷ്യയെക്കുറിച്ച് പിന്നീടാരും വേവലാതിപ്പെട്ടില്ല. ഉണരുന്നത് എവിടേയ്ക്കെന്ന് വേവലാതിപ്പെട്ടില്ല.

ദേവയും അവളുടെ അമ്മയും ഗാന്ധിസവും അഹിംസയും ദേവയുടെ നഷ്ടപ്പെട്ട പ്രണയവുമൊക്കെ മറവിയിലേക്ക് പൊയ്ക്കൊള്ളുമെന്ന എന്റെ കണക്കു കൂട്ടല്‍ തെറ്റി. അവളുടെ മരണത്തിന് അവകാശികളായി അവള്‍ ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിലെ ആളുകള്‍ ബന്ധപ്പെട്ടു. ശരീരാവയവങ്ങള്‍ ദാനം ചെയ്യണമെന്ന് വളരെ മുമ്പു തന്നെ അവള്‍ കരാറുകളിലേര്‍പ്പെട്ടിരുന്നു. അവളുടെ ശവശരീരം വഹിച്ച വണ്ടി പോയതിനു ശേഷം എന്നെക്കാണാന്‍ വരുന്നവരില്‍ ആരെങ്കിലുമൊരാള്‍, ജീവനെ കരിക്കുന്ന രോഗത്തിനിടയിലാണെങ്കിലും ദേവ തിരഞ്ഞു നടന്നവനായിരുന്നെങ്കില്‍ എന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു.

എങ്കിലും മൂന്നാം നിലയിലെ അങ്ങേയറ്റത്തെ ഓപ്പറേഷന്‍ തീയ്യേറ്ററിലേക്ക്‌ നടന്നു പോകുമ്പോള്‍ ഒക്കെ ഞാന്‍ ഉറക്കി കിടത്തിയ ഓര്‍മ്മയുടെ അറ്റം പിടിച്ച്‌ അല്‍പ്പ ദിവസങ്ങള്‍ മാത്രം ജീവിതത്തിലേക്കു തിരിച്ചു വന്ന് എനിക്ക്‌ ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത അനസ്തേഷ്യയുടെ നൂല്‍ത്തണ്ടുകള്‍ എവിടെയാണ്‌ ചുറ്റിവരിയുന്നതെന്ന് പറയാന്‍ മാത്രം സന്മനസ്സു കാണിച്ച ദേവയുടെ ഓര്‍മ്മ എന്നെ സ്വല്‍പനേരം 9-ാ‍ം നമ്പര്‍ റൂമിനു മുന്നില്‍ പിടിച്ചു നിര്‍ത്തും. ചിലപ്പോള്‍ ആ വാതില്‍ മെല്ലെയൊന്നു തുറന്ന് ഞാന്‍ അകത്തേക്ക്‌ നോക്കും. രോഗികളുണ്ടെങ്കില്‍ ചിലപ്പോള്‍ അസമയത്ത്‌ ഡോകടറെ കണ്ട്‌ ബന്ധുക്കള്‍ ചാടിയെണീക്കും. ഒഴിഞ്ഞു കിടക്കുന്ന മുറിയാണെങ്കില്‍ നിശ്ശബ്ദത എന്നെ നോക്കി നില്‍ക്കും.

ദേവ പറഞ്ഞത്‌ ശരിയോ തെറ്റോ എന്നറിയില്ല. അതറിയണമെങ്കില്‍ അവളുടെ അനുഭവം എന്റെ ജീവിതത്തിലും പകരണമല്ലോ! നഗരത്തിലെ പ്രശസ്തമായ ക്യാന്‍സര്‍ സെന്റര്‍.
ആറുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലെ എന്റെ ക്യാബിന്‍. ഇടനാഴിയുടെ ഇടത്തേയറ്റത്തെ ഓപ്പറേഷന്‍ തീയ്യേറ്റര്‍.അനസ്തേഷ്യക്കു കാത്തു കിടക്കുന്ന രോഗികള്‍. അവള്‍ പറഞ്ഞത്‌ അറിയണമെങ്കില്‍ എന്നെ സംബന്ധിച്ച്‌ പ്രയാസമുള്ള കാര്യമല്ല. ഓരോ തവണയും തീയ്യേറ്ററില്‍ രോഗിക്ക്‌ അനസ്തേഷ്യ നല്‍കാന്‍ ഒരുങ്ങുമ്പോള്‍ എന്റെ മനസ്സ്‌ എന്റെ കൈകളെ എന്റെ നേരെ തന്നെ നീങ്ങാന്‍ പ്രേരിപ്പിക്കാറുണ്ട്‌ .അപ്പോഴൊക്കെ രോഗ ബാധിതമായ അവയവങ്ങളുമായി നിസ്സഹായരായി കിടക്കുന്ന രോഗികളുടെ മുഖത്തോടൊപ്പം ആരെയോ തേടി ദേവ അലഞ്ഞതും ചുട്ടുപഴുത്ത അവളുടെ തലയോടിന്റെ സ്പര്‍ശവും എന്നെ പൊള്ളിക്കും.അവളുടെ മരണം തേടി എന്നെങ്കിലും വരാനുള്ള ഒരാളെ ഞാനറിയാതെ തന്നെ പ്രതീക്ഷിക്കുന്നു. രോഗികള്‍ക്ക്‌ അനസ്തേഷ്യ കൊടുത്ത്‌ ഓപ്പറേഷനുശേഷം ഞാന്‍ എന്റെ ക്യാബിനില്‍ ക്കയറി പുറത്തേക്കു നോക്കും.കണ്ണെത്താത്ത ദൂരത്തേക്ക്‌ നഗരം വ്യാപിച്ചുകിടക്കുന്നു.
ഈ തിരക്കില്‍ എനിക്കും ഒരൂഴമുണ്ടാവില്ലേ?തീര്‍ച്ചയായും. ഓരോരുത്തരും അവരവരുടെ ഊഴങ്ങള്‍ക്കു വേണ്ടി ആണല്ലോ കാത്തിരിക്കുന്നത്‌. ഞാനുമതെ.

Roshni

രോഷ്‌നി സ്വപ്ന
സാരംഗ്‌, നട
ഇരിങ്ങാലക്കുട - 680121
ഫോണ്‍:0480-2831367, 9447254006

Subscribe Tharjani |
Submitted by ഡ്രിസില്‍ മൊട്ടാമ്പ് (not verified) on Mon, 2006-01-09 16:45.

രോശ്നിയുടെ രണ്ടാമത്തെ കഥയാണു ഞാന്‍ വായിക്കുന്നത്‌. ആദ്യത്തേത്‌ ഈ 2006-ലെ മാധ്യമം വാര്‍ഷികപതിപ്പില്‍ വായിച്ചിരുന്നു. എല്ല്ലാ ഭാവുകങ്ങളും നേരുന്നു.

Submitted by Roy (not verified) on Sat, 2006-06-10 11:33.

Hi
kadaha vayichu. valare nannayittundu. valare nannayi kadha paranju poyirikkunnu.
iniyum kadhakal practheeckshikkunnu.

Roy