തര്‍ജ്ജനി

കഥ

അത്ഭുതങ്ങളുടെ രഹസ്യവാതില്‍

എണ്‍പതടി വീതിയും ഇരുന്നൂറടി നീളവുമുള്ള പന്തലാണ്‌ പതിനേഴ്‌ ഇടവകകള്‍ ചേര്‍ന്ന്‌ നടത്തുന്ന ഫെറോന കണ്‍വെന്‍ഷനുവേണ്ടി ഒരുക്കുന്നത്‌. കാല്‍നാട്ടിനുമുന്‍പുതന്നെ പന്തല്‍പ്പണിയുടെ വിജയത്തിനായി അറുപത്തിയെട്ട്‌ പ്രത്യേക പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ക്ക്‌ രൂപം നല്‍കിയിരുന്നു. ഒരിടവകയില്‍ നിന്നും നാലെണ്ണമെന്ന കണക്കിന്‌. ആരൊക്കെ എപ്പോഴൊക്കെ പ്രാര്‍ത്ഥിക്കണമെന്നതിന്‌ കൃത്യമായ ടൈംടേബിളും തയ്യാറാക്കി. പന്തല്‍പ്പണിയുടെ വിജയത്തിനായുള്ള പ്രാര്‍ത്ഥനകള്‍ ഇടമുറിയാതെ ഇരുപത്തിനാലുമണിക്കൂറും ദൈവസന്നിധിയില്‍ എത്തിക്കൊണ്ടിരിക്കണം. പൂനായില്‍ നിന്നും പട്ടം കിട്ടി വന്ന തേക്കുംപാടത്തെ കൊച്ചച്ചന്റെ കമ്പ്യുട്ടറാണ്‌ ഏതൊക്കെ ഗ്രൂപ്പുകള്‍ എപ്പോഴൊക്കെ പ്രാര്‍ത്ഥിക്കണമെന്ന്‌ നിശ്ചയിച്ചത്‌. ഗ്രൂപ്പുകള്‍ക്കൊക്കെ പേരുകള്‍ നല്‍കിയതും കമ്പ്യുട്ടര്‍ തന്നെയായിരുന്നു. ഇനിയുള്ള കാലം കമ്പ്യുട്ടറിന്റെ സഹായമില്ലാതെ വിജയകരമായി ഒന്നും ചെയ്യാനാവില്ലെന്നും സകല പള്ളികളിലും ബിഷപ്സ്‌ ഹൌസിലും കമ്പ്യുട്ടര്‍ ഏര്‍പ്പെടുത്താതെ പാലായ്ക്കും കാഞ്ഞിരപ്പള്ളിക്കും ഒപ്പം പിടിച്ചുനില്‍ക്കാനാവില്ലെന്നും സമര്‍ത്ഥിച്ചുകൊണ്ട്‌ കൊച്ചച്ചനെഴുതിയ ലേഖനം കണ്‍വെന്‍ഷന്‍ സുവനീറില്‍ ചേര്‍ത്തിട്ടുമുണ്ട്‌.

എല്ലാവരും നോക്കിയിരിക്കുകയാണ്‌ ഈ കണ്‍വെന്‍ഷന്‍. ആദ്യാവസാനം കമ്പ്യുട്ടറിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ആദ്യത്തെ കണ്‍വെന്‍ഷനാണ്‌. ഇത്‌ വിജയിച്ചാല്‍ കമ്പ്യുട്ടര്‍ കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക കമ്മീഷനെ ബിഷപ്പ്‌ നിയമിക്കുമെന്നും അതിന്റെ തലപ്പത്ത്‌ തേക്കുംപാടത്തച്ചനായിരിക്കുമെന്നും ബലമായ ശ്രുതിയുണ്ട്‌. ജീസസ്‌ യൂത്തിലെ പിള്ളാര്‍ കൊച്ചച്ചനെ വിളിക്കുന്നത്‌ ഫാദര്‍ ബില്‍ ഗെയ്റ്റ്സ്‌ എന്നാണ്‌. ലാപ്‌ടോപ് കമ്പ്യുട്ടറുമായി തേക്കുംപാടത്തെ കൊച്ചച്ചന്‍ പ്രീസ്റ്റ്സ്‌ കൌണ്‍സിലിനെത്തിയപ്പോള്‍ തന്നെ ബിഷപ്പ്‌ ശ്രദ്ധിച്ചു. പണ്ടൊക്കെ ബൈക്കായിരുന്നു കൊച്ചച്ചന്മാരുടെ സ്റ്റാറ്റസ്‌ സിംബല്‍. പിന്നെയത്‌ മാരുതിയായി. ലാപ്‌ടോപ് എല്ലാത്തിനെയും കടത്തി വെട്ടിയിരിക്കുന്നു. അടുത്ത വര്‍ഷം അഖി‍ലേന്ത്യാ കോണ്‍ഫറന്‍സിന്‌ പോകുമ്പോള്‍ കൂടെച്ചെല്ലാന്‍ ബിഷപ്പ്‌ ഇപ്പോഴേ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഇങ്ങിനെ പോയാല്‍ സഹായമെത്രാന്‍ സ്ഥാനവും കൊച്ചച്ചന്‍ അടിച്ചെടുക്കുമോ എന്ന പരിഭ്രാന്തിയിലാണ്‌ സീനിയര്‍മാര്‍.

story illustration

പക്ഷേ ഈ പിപ്പിടിയൊന്നും കണ്ട്‌ ഇളകുന്നയാളല്ല കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ കാഞ്ഞിരംകാട്ടിലച്ചന്‍. ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസറിനുള്ളത്‌ സീസറിനും. കമ്പ്യുട്ടറിനെ നമ്പി ഒടുവില്‍ സംഗതി കുളമായാല്‍ എല്ലാവരും കൈ കഴുകും. അത്ര തന്നെ. നസ്രത്തുപുരം കണ്‍വെന്‍ഷന്‌ മാങ്ങാശ്ശേറി ദേവസ്സിക്കായിരുന്നു പന്തലിന്റെ കോണ്‍ട്രാക്റ്റ്‌. നാട്ടുകാരനല്ലേ, സ്വജാതിയല്ലേ എന്നുകരുതിയാണ്‌ പണികൊടുത്തത്‌. മണിമാളികയുടെ ഇല്യുമിനേഷന്‍ പണിക്കിടയില്‍ ഒരുത്തന്‍ താഴെ വീണ്‌ കാറ്റ്‌ പോയി. പ്രത്യേക സ്ത്രോത്രകാഴ്ചയെടുത്ത്‌ കൊടുത്തതോടെ പ്രശ്നം തീരുമെന്നാണ്‌ എല്ലാവരും കരുതിയത്‌. എവിടെ തീരാന്‍? ഇപ്പോള്‍ സംഗതി കോടതിയിലാണ്‌. നസ്രത്തുപുരം കണ്‍വെന്‍ഷന്റെ കണക്ക്‌ ക്ലോസ്‌ ചെയ്യണമെങ്കില്‍ കോടതിയുടെ തീരുമാനം വരണം.

കാഞ്ഞിരംകാട്ടിലച്ചന്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ടു. അതുകൊണ്ടാണ്‌ പുറജാതിക്കാരനെങ്കിലും സമര്‍ത്ഥനായ ഒരു കരാറുകാരനെ എറണാകുളത്തുനിന്നും തേടിപ്പിടിച്ചത്‌. ഇന്‍ഷ്വറന്‍സുള്ള പാര്‍ട്ടി. ആര്‌ ചത്താലും നടുവൊടിഞ്ഞാലും കണ്‍വെന്‍ഷന്‍ കമ്മറ്റിക്ക്‌ അതില്‍ യാതൊരുത്തരവാദവും ഇല്ലെന്ന്‌ നിയമപരമായിത്തന്നെ എഴുതി വാങ്ങി. പിന്നീട്‌ പൊല്ലാപ്പ്‌ വേണ്ടല്ലോ. കരാര്‍ കമ്പ്യുട്ടറില്‍ തയ്യാറാക്കാം എന്ന്‌ തേക്കുംപാടത്തച്ചന്‍ പറഞ്ഞതിനെ ജോര്‍ജ്‌ ബുഷിന്റെ കമ്പ്യുട്ടറിനകത്തുവരെ അലവലാതികള്‍ കടന്നുകയറി നിരങ്ങുന്ന കാലമെണെന്നുപറഞ്ഞ്‌ ഖണ്ഡിച്ചു. ആധാരമെഴുത്തുകാരന്‍ ബാലന്‍ നായരെയാ ഈ കാര്യത്തില്‍ എനിക്ക്‌ വിശ്വാസമെന്ന്‌ ഒന്നിരുത്തി പറയുകയും ചെയ്തു.

ഒടുവില്‍ കരാറുകാരന്റെ സാമര്‍ത്ഥ്യം കൊണ്ടോ, മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടോ, അതോ രണ്ടിന്റെയും ബലം കൊണ്ടോ പന്തല്‍പ്പണി നിശ്ചയിച്ചിരുന്നതിന്‌ രണ്ടുദിവസം മുന്‍പേ ഒരനര്‍ത്ഥവും കൂടാതെ തീര്‍ന്നുകിട്ടി.

അഞ്ചുദിവസത്തെ കണ്‍വെന്‍ഷനാണ്‌. അത്‌ ഓരോദിവസവും നയിക്കാന്‍ എണ്ണം പറഞ്ഞ അഞ്ച്‌ ടീമുകളും വരുന്നുണ്ട്‌. ഉല്‍ഘാടനദിവസം പോട്ടയില്‍ നിന്നുള്ള സീനിയര്‍ ടീമാണ്‌. പിന്നീടുള്ള മൂന്നു ദിവസം ലത്തീന്‍, സുറിയാനി, മലങ്കര ടീമുകളും. റീത്തിന്റെ പേരില്‍ അടി വേണ്ടല്ലോ. ആരെയും അവഗണിച്ചെന്നും പറയില്ല. അവസാന ദിവസത്തെ കമ്പക്കെട്ടിന്‌ തമ്പാന്നൂരച്ചന്റെ ടീം. മുഴുവന്‍ കോളേജ്‌ പിള്ളാര്‌. മെഡിക്കല്‍ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നുമുള്ള ചുണക്കുട്ടികള്‍. നൂറുപേരുടെ ഗായകസംഘത്തില്‍ സാക്സഫോണും ഗിറ്റാറും അക്കോഡിയനുമൊക്കെ കൈകാര്യം ചെയ്യുന്നത്‌ ശരിക്കുള്ള ആഗ്ലോഇന്ത്യന്‍ തകര്‍പ്പന്മാര്‍. തമ്പാന്നൂരച്ചന്‍ ഫുള്‍ സ്പിരിറ്റിലെത്തിയാല്‍ പിന്നെ അത്ഭുതങ്ങളുടെ തൃശൂര്‍ പൂരമായിരിക്കും. മുടന്തര്‍ നിവര്‍ന്ന്‌ നടക്കും. ഊമ സംസാരിക്കും. ചെകിടര്‍ കേള്‍ക്കും. തളര്‍വാതക്കാരന്‍ തുള്ളിയാര്‍ക്കും. അത്‌ മനസ്സില്‍ കണ്ടുകൊണ്ടാണ്‌ രോഗശാന്തി ശുശ്രൂഷ അവസാന ദിവസത്തെ അവസാന ഇനമാക്കി നിശ്ചയിരിക്കുന്നത്‌.

എനിക്കും ഭാര്യക്കും വി.ഐ.പി. ബ്ലോക്കില്‍ സീറ്റുണ്ട്‌. ഇടവകയിലെ കണ്‍വെന്‍ഷന്‍ പിരിവ്‌ അയ്യായിരത്തിഒന്ന്‌ രൂപ കൊടുത്ത്‌ ഉല്‍ഘാടനംചെയ്തതിന്റെ ഫലം. വനജയുടെ നിര്‍ബന്ധമായിരുന്നു അതിനുപിന്നില്‍. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച്‌ മടങ്ങിയതിനുശേഷം സംഭാവനയുടെ തോതൊക്കെ കര്‍ശനമായി വെട്ടിച്ചിരുക്കിയിരുന്നെങ്കിലും ഈ കാര്യത്തില്‍ അവള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അവിടെയുമിവിടെയുമായുള്ള ജീവിതം മടുത്താണ്‌ ഞാന്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയത്‌. അല്ലാതെ സമ്പാദ്യം മുഴുത്തതുകൊണ്ടൊന്നും ആയിരുന്നില്ല. മക്കളും വലുതായി വരുന്നു. ആണ്‍കുട്ടികള്‍ അവളുടെ വരുതിയില്‍ നിന്നും കുതറാന്‍ തുടങ്ങുന്നു. ഒക്കെ ആലോചിച്ചപ്പോള്‍ മടങ്ങുന്നതാണ്‌ നന്നെന്ന്‌ തോന്നി. തിരിച്ചെത്തിയിട്ട്‌ ഇപ്പോള്‍ ഒരു വര്‍ഷം കഴിയുന്നു. ബിസിനസ്സില്‍ റിസ്ക്‌ എടുക്കാനുള്ള തന്റേടമില്ല. നാല്‍പ്പതാം വയസ്സില്‍ ഉദ്യോഗമൊന്നും തരപ്പെടുന്ന ലക്ഷണവും കാണുന്നില്ല. ഗല്‍ഫിലേക്ക്‌ കടക്കുന്നതിന്‌ മുന്‍പുണ്ടായിരുന്ന പാരലല്‍ കോളേജ്‌ ബിസിനസ്സ്‌ വീണ്ടും തുടങ്ങിയാലോ എന്നതാണ്‌ ഇപ്പോഴത്തെ ആലോചന.

കാര്യങ്ങള്‍ ഇങ്ങിനെ വഴിമുട്ടി നില്‍ക്കുമ്പോള്‍ കണ്‍വെന്‍ഷന്റെ പ്രാര്‍ത്ഥനാസഹായവും ഒത്താല്‍ ഒരത്ഭുതവും ഞങ്ങള്‍ക്കും വേണമെന്ന്‌ വനജ തീരുമാനിച്ചു. അങ്ങിനെയാണ്‌ സംഭാവന അയ്യായിരത്തിഒന്നായി ഉയര്‍ന്നത്‌. പതിനായിരം തൊട്ട്‌ മുകളിലോട്ടുള്ളവര്‍ക്ക്‌ മതി വി.ഐ.പി സീറ്റ്‌ എന്ന അഭിപ്രായം കമ്മറ്റിയില്‍ വന്നതാ, അന്തോനിച്ചനെയും കൂടി ഉള്‍പ്പെടുത്തണമെന്നല്ലോ എന്നുകരുതി ഞാനാ അയ്യായിരത്തിലേക്ക്‌ വലിച്ചിറക്കിയത്‌ എന്ന്‌ വികാരിയച്ചന്‍ പറയുകയും ചെയ്തു. അതും നന്നായി. മക്കളുടെ ക്ലാസ്‌ മുടക്കേണ്ട. നമ്മള്‍ മാത്രം പോയാല്‍ മതി. ട്യൂഷന്‍ കഴിഞ്ഞ്‌ മക്കള്‍ എത്തും മുന്‍പ്‌ നമുക്ക്‌ തിരിച്ചെത്താം. വനജയുടെ അഭിപ്രായത്തിന്‌ ഞാന്‍ വഴങ്ങി. കുട്ടികളുടെ ക്ലാസും ട്യൂഷനും മുടങ്ങാന്‍ അവളൊരിക്കലും സമ്മതിച്ചിരുന്നില്ല.

ഉല്‍ഘാടനം കെങ്കേമമായിരുന്നു. ബിഷപ്പിന്റെ പ്രസംഗം പോലും ജോറായി. പന്തല്‍ നിറഞ്ഞുകവിഞ്ഞായിരുന്നു ജനം. മൂന്ന്‌ സായാഹ്നപ്പത്രങ്ങളിലും ഒരു കോട്ടയം പത്രത്തിലും പരസ്യം കൊടുത്തത്‌ ഏറ്റുവെന്ന്‌ കാഞ്ഞിരംകാട്ടിലച്ചന്‍ സ്വകാര്യമായി പറയുന്നത്‌ ഞാന്‍ കേട്ടു. പോട്ട ടീമിന്റെ പാട്ടാണോ പ്രസംഗമാണോ മെച്ചമെന്ന്‌ പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. രണ്ടും ഒന്നിനൊന്ന്‌ മെച്ചം. രണ്ടാം ദിവസം മലങ്കര ടീമിന്റേതായിരുന്നു. അവരും കലക്കി. മൂന്നാം ദിവസം സുറിയാനിക്കാര്‍ എല്ലാവരെയും കടത്തി വെട്ടണമെന്ന വാശിയിലായിരുന്നു. അവരതിന്‌ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്തു. പ്രെയ്സ്‌ ആന്‍ഡ്‌ വര്‍ഷിപ്പ്‌ സമയത്ത്‌ ജനങ്ങള്‍ ശരിക്കും മറുലോകത്തായിരുന്നു. എന്നിട്ടും ചില കൊടിയ ലത്തീന്‍കാര്‍ കുറ്റം പറയാനുണ്ടായിരുന്നു. നാലാം ദിവസം ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള പ്രസംഗത്തിന്റെ സമയത്ത്‌ ഞാന്‍ വനജയോട്‌ ഇത്തിരിയധികം മുട്ടിയുരുമ്മി ഇരുന്നത്‌ അവള്‍ക്കത്ര പിടിച്ചില്ല. അന്തോനിച്ചനിപ്പം ഇത്തിരി ഏച്ചിന്ത കൂടുതലാണെന്ന അവളുടെ കുറ്റപ്പെടുത്തല്‍ മാറിക്കിട്ടാന്‍ ഞാന്‍ കടുപ്പത്തില്‍ പ്രാര്‍ത്ഥിച്ചു.

അവസാനത്തെ ദിവസമായിരുന്നു ശരിക്കും കമ്പക്കെട്ട്‌. രാവിലെ മുതല്‍ നാനാദേശങ്ങളില്‍ നിന്നും നാനാതരം രോഗികളുമായി ആളുകള്‍ ഒഴുകുകയായിരുന്നു. ഇത്രയും രോഗികള്‍ നമുക്കിടയില്‍ കഴിഞ്ഞുകൂടുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക്‌ അത്ഭുതമായി. പന്തലിന്റെ ഒരു വശം രോഗികള്‍ക്കായി ഒഴിഞ്ഞുകൊടുത്തു. കട്ടിലിലും കസേരയിലുമൊക്കെയായി അവിടം അവരെക്കൊണ്ട്‌ നിറഞ്ഞുകവിഞ്ഞു. തമ്പാന്നൂരച്ചന്റെ കീര്‍ത്തി അത്രയ്ക്ക്‌ ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയങ്ങിനെ നീണ്ടുനീണ്ടുപോയി. കരച്ചിലും പിഴിച്ചിലും ദീര്‍ഘനിശ്വാസങ്ങളുമെല്ലാം കൂടി വലിഞ്ഞുമുറുകി വന്നപ്പോള്‍ അതിനിടയില്‍ക്കൂടി തമ്പാന്നൂരച്ചന്‍ ഉറക്കെ വിളിച്ചുപറഞ്ഞു രോഗശാന്തി ആഗ്രഹിക്കുന്നവരെല്ലാം ഒരു ചുവട്‌ മുന്നോട്ട്‌ വയ്ക്കണമെന്ന്‌. ജനം ഒന്നടങ്കം ഒരു ചുവട്‌ മുന്നോട്ട്‌ വച്ചു. ഇത്ര പെരുത്ത്‌ രോഗികളോ! ഞാന്‍ അവിടെത്തന്നെ നിന്നു. കാര്യമായ രോഗങ്ങളൊന്നും ഇല്ലാത്തതിന്‌ ദൈവത്തിന്‌ മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വനജ കൈമുട്ടു കൊണ്ട്‌ എന്നെ ഇടിച്ചു. അവള്‍ ഒരു ചുവട്‌ മുന്നോട്ടുകയറി നില്‍ക്കുകയാണ്‌.

പിരീഡിന്റെ ദിവസങ്ങളിലെ വയറുവേദനയാണ്‌ അവളുടെ പ്രശ്നമെന്ന്‌ ഞാനോര്‍ത്തു. എനിക്ക്‌ അങ്ങിനെയും ഒരു പ്രശ്നമില്ലല്ലോ എന്നോര്‍ത്ത്‌ ചെറുതായൊന്ന്‌ മന്ദഹസിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ 'നിങ്ങളുടെ ജലദോഷവും തുമ്മലും' എന്ന്‌ വനജ ഓര്‍മ്മിപ്പിച്ചത്‌. ഞാനും ഒരു ചുവട്‌ മുന്നോട്ട്‌ വച്ചു. മാലോകര്‍ മുഴുവനും രോഗികളാകാന്‍ കൊതിച്ചാല്‍ ഞാനെന്തു ചെയ്യും?

പിന്നെ കാര്യങ്ങളെല്ലാം തമ്പാന്നൂരച്ചന്റെ വിരല്‍ത്തുമ്പുകളിലായിരുന്നു. അച്ചന്‍ പഴയ ദ്രാവിഡമലയാളത്തില്‍ വിശ്വാസപ്രമാണം ചൊല്ലി. ഓരോ നിര്‍ത്തിനും ഞങ്ങള്‍ വിശ്വസിക്കുന്നേന്‍ എന്ന്‌ ആളുകള്‍ ആര്‍ത്ത്‌ ചൊല്ലി. പിന്നെ പന്ത്രണ്ട്‌ ഭാഷകളില്‍ സ്വര്‍ഗസ്ഥനായ ജപം. മലയാളവും ഇംഗ്ലീഷും ഒഴിച്ചുള്ളതെല്ലാം മന്ത്രങ്ങളായി തോന്നി. അതിനുശേഷം പിശാചിനെ ഒഴിപ്പിക്കല്‍. ഒട്ടുമുക്കാലും രോഗങ്ങള്‍ക്ക്‌ കാരണം അവനൊരുത്തനാണല്ലോ. വെട്ടിയിട്ട വാഴത്തണ്ടുകള്‍ പോലെ പിശാചുബാധിതര്‍ ഒന്നൊന്നായി വീഴാന്‍ തുടങ്ങി. പല്ലുകടിയും അമറലും കുറുങ്ങലുമെല്ലാം കേള്‍ക്കാം. വനജ ഒന്നും ശ്രദ്ധിക്കാതെ കണ്ണുമടച്ച്‌ നില്‍ക്കുകയാണ്‌. വല്ലാത്തൊരസ്വസ്ഥത എന്നെ വട്ടമിടുന്നുണ്ടായിരുന്നു. വീഴുന്നവര്‍ വീഴട്ടെ, എല്ലാവരും കണ്ണടച്ച്‌ പ്രാര്‍ത്ഥിക്കുക എന്നൊക്കെ തമ്പാന്നൂരച്ചന്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. വനജയുടെ പ്രാര്‍ത്ഥന ഒരു പിറുപിറുപ്പുപോലെ എനിക്ക്‌ തോന്നി. അവള്‍ മെല്ലെ ആടുന്നുമുണ്ട്‌. ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു. എനിക്കും വേണം രോഗശാന്തിയും അത്ഭുതവും.

തമ്പാന്നൂരച്ചന്‍ രോഗശാന്തിയിലേക്ക്‌ കടക്കുകയാണ്‌. ലത്തീന്‍ ഭാഷയില്‍ പാട്ട്‌ തുടങ്ങി. ഗ്രിഗാറിയന്‍ സംഗീതത്തിന്റെ സാന്ത്വനസ്വരം ഗായകസംഘം ഏറ്റുപിടിക്കുന്നു. വയലിനും ഓര്‍ഗനും ഒഴികെയുള്ള സംഗീതോപകരണങ്ങളെല്ലാം നിശബ്ദം. പെട്ടെന്നാരോ വിളിച്ച്‌ കൂവുന്നു. എന്റെ മുട്ടുവേദന പോയി, മുട്ടുവേദന പോയി. പ്രാര്‍ത്ഥനപ്പന്തലില്‍ അത്ഭുതങ്ങള്‍ കുമിയാന്‍ തുടങ്ങുകയാണ്‌. ഇനിയാണ്‌ കമ്പക്കെട്ട്‌. ഞാന്‍ കണ്ണുതുറന്നു. വാച്ചില്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. മക്കള്‍ ട്യൂഷന്‍ കഴിഞ്ഞെത്താന്‍ സമയമായിരിക്കുന്നു. വിശന്ന്‌ തളര്‍ന്ന്‌ വരുന്ന മക്കള്‍. അടഞ്ഞുകിടക്കുന്ന വീട്‌. ഞാന്‍ വനജയെ പിടിച്ചുകുലുക്കി. അവള്‍ ധ്യാനത്തിന്റെ മറുലോകത്തുനിന്നും ഈര്‍ഷ്യയോടെ എന്നെ തുറിച്ചുനോക്കി. ഞാനവള്‍ക്ക്‌ വാച്ചിലെ സൂചികള്‍ കാണിച്ചുകൊടുത്തു. അതോടെ അവള്‍ പ്രാര്‍ത്ഥനപ്പന്തലുപേക്ഷിച്ചു. കൈകോര്‍ത്തുപിടിച്ചുകൊണ്ട്‌ ഞെങ്ങിഞ്ഞെരുങ്ങി ഞങ്ങള്‍ പുറത്തിറങ്ങി. ചില പിശാചുബാധിതര്‍ അപ്പോഴും വീണയിടത്തുതന്നെ കിടക്കുകയാണ്‌. ആദ്യം കിട്ടിയ ഓട്ടോയില്‍ കയറി ഞങ്ങള്‍ വീട്ടിലേക്ക്‌ കുതിച്ചു. പ്രാര്‍ത്ഥനപ്പന്തലില്‍ സമയബോധമില്ലാതെ കണ്ണുമടച്ചുനിന്നതിന്‌ വനജ എന്നെ കുറ്റപ്പെടുത്തി. വീടിന്‌ മുന്നിലെത്തിയപ്പോള്‍ ഭാഗ്യത്തിന്‌ മക്കള്‍ ബസ്സിറങ്ങുന്നതേയുള്ളായിരുന്നു. അല്ലെങ്കില്‍ വനജ കൊല്ലങ്ങളോളം എന്നെ കുറ്റപ്പെടുത്തുമായിരുന്നു.

ബാക്കി വാര്‍ത്തകളൊക്കെ ഞങ്ങള്‍ പത്രങ്ങളില്‍നിന്നും ടെലിവിഷനില്‍ നിന്നുമൊക്കെയാണ്‌ അറിഞ്ഞത്‌. കണ്‍വെന്‍ഷന്‍ ഗംഭീര വിജയം. ചിലവെല്ലാം കഴിച്ച്‌ നാലുലക്ഷത്തിനുമേല്‍ വരുമാനം. കാഞ്ഞിരംകാട്ടിലച്ചന്‌ ഫെറോനാ വികാരിയായി സ്ഥാനക്കയറ്റം കിട്ടി. തേക്കുംപാടത്തച്ചന്‍ പുതുതായി നിലവില്‍ വന്ന കമ്പ്യുട്ടര്‍ കമ്മീഷന്റെ ചെയര്‍മാനായി. അഖി‍ലേന്ത്യാ കോണ്‍ഫറന്‍സിന്‌ ബിഷപ്പിനോടൊപ്പം ദല്‍ഹിക്ക്‌ പറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അദ്ദേഹമിപ്പോള്‍.

pjj

പി.ജെ.ജെ.ആന്റണി

Subscribe Tharjani |
Submitted by കുമാര്‍ (not verified) on Tue, 2006-01-17 14:58.

കഥയോടടുത്തുനില്‍ക്കുന്ന എഴുത്ത്‌. സംഭവചിത്രീകരണമാകാതെ നോക്കുക.