തര്‍ജ്ജനി

കഥ

പറയാതെ ബാക്കി വച്ചത്‌

നാട്ടിലേക്കുള്ള യാത്രയുടെ തലേദിവസമാണ്‌ അച്ഛന്‍ ശരവണനെ ഫോണില്‍ വിളിച്ചത്‌. ഒടുവില്‍ നീ വരാന്‍ തന്നെ ഉറപ്പിച്ചുവല്ലേ. ശരവണനെ ലൈനില്‍ കിട്ടിയപാടെ അച്ഛന്‍ അങ്കലാപ്പോടെ ചാദിച്ചു. വയസ്സു കാലത്ത്‌ മക്കള്‍ അടുത്തുണ്ടാകുന്നത്‌ ഒരാശ്വാസമാ.. ഇതിപ്പോ.... അര്‍ദ്ധോക്തിയില്‍ അച്ഛന്‍ സംസാരം മുറിച്ചു.

കെ.കമ്പിനിയിലാണ്‌ താന്‍ ജോലി ചെയ്യുന്നെതന്നും, ഇപ്പോള്‍ സ്ഥലംമാറി നാട്ടിലേക്കെത്തുന്നുവെന്നുമറിഞ്ഞുള്ള അമ്പരന്ന വിളിയായിരുന്നു അച്ഛന്റേത്‌. വൃദ്ധമനസ്സിന്റെ നിരാശയും, നൊമ്പരവും ദീര്‍ഘദൂര ഫോണ്‍ ഒട്ടും ചോര്‍ത്തി കളഞ്ഞിരുന്നില്ല. വാക്കുകള്‍ക്കിടയിലെ ദീര്‍ഘ നിശ്വാസം പോലും ഒരു മുഴക്കമായി ശരവണന്റെ ഹൃദയത്തില്‍ വന്നലച്ചു. അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ താന്‍ സമരം നയിക്കുന്ന ഒരു കമ്പിനിയിലേക്കാണ്‌ മകന്‍ മാനേജരായി വരുന്നെതന്ന യാഥാര്‍ത്ഥ്യം അച്ഛന്‌ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ലെന്ന്‌ അയാളറിഞ്ഞു.

മനസ്സിലൂര്‍ന്നിറങ്ങിയ അച്ഛന്റെ വാക്കുകള്‍ തന്നെ ഭാരം കുറഞ്ഞ ഒരു ഖര പദാര്‍ത്ഥമായി മാറ്റുന്നതായി ശരവണനു തോന്നി. ആ വാക്കുകളിലൊട്ടിയിരിക്കുന്ന സങ്കടവും നിരാശയും കാലങ്ങളോ‍ളം തനിക്ക്‌ വിസ്മരിക്കാന്‍ കഴിയില്ലെന്ന്‌ അയാള്‍ ഭയന്നു.

ആരോടൊ ആയുള്ള വാശിപാലെ മാനം ധൃതിയില്‍ കറുത്തു. ഒരു നേര്‍ത്ത വിലാപം പോലെ കാറ്റു വീശുകയും വ്യാപ്തി കുറഞ്ഞ ജലകണങ്ങള്‍ മുറിയ്ക്കുള്ളിലേക്ക്‌ ചിതറുകയും ചെയ്തു. പന്ത്രണ്ടാം ഫ്ലോറിന്റെ തുറന്നിട്ട ജാലകത്തിലൂടെ പുറം കാഴ്ചകളില്‍ കണ്ണു നട്ടിരിക്കുമ്പാഴും, അച്ഛന്റെ വാക്കുകള്‍ ഉള്ളില്‍ വിരിയിച്ച കൊള്ളിയാന്റെ അലകള്‍ ഒടുങ്ങിയിരുന്നില്ല.

അയല്‍ സംസ്ഥാന നഗരത്തില്‍ കെ.കമ്പിനിയുടെ സെയിത്സ്‌ ഒാ‍ഫീസറായി അയാള്‍ നിയമിതനായിട്ട്‌ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ശുഷ്കാന്തിയോടേയുള്ള കൃത്യ നിര്‍വ്വഹണമായിരുന്നങ്കിലും ഒരു സ്ഥാനക്കയറ്റം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്‌ മേലധികാരിയില്‍ നിന്ന്‌ അങ്ങനെയാരു സൂചന ലഭിച്ചപ്പോള്‍ അയാള്‍ അമ്പരന്നു.

പിന്നീട്‌, പ്രമോഷനോട്‌ കൂടിയ സ്ഥലം മാറ്റം ജന്‍മനാട്ടിലെ കമ്പിനിയുടെ ശാഖയിലേക്കാണെന്ന്‌ അറിഞ്ഞപ്പോള്‍ അയാള്‍ അസ്വസ്ഥനായി. ഉള്ളില്‍ ഒരു മല, പുകയും ലാവയും തുപ്പാന്‍ തുടങ്ങി. പുതിയ സേവന വേതന വ്യവസ്ഥകള്‍ ദൂരെയല്ലാത്ത ഏതോ കെണിയിലേക്കുള്ള പ്രലോഭനമാണെന്ന്‌ അന്ത:കരണം മന്ത്രിച്ചു.

നിങ്ങള്‍ക്കു വട്ടാണ്‌, ഒരു തരം ചീപ്പ്‌ സെന്റിമന്‍സ്‌. അച്ഛനവിടെ കൊടിപിടിക്കുന്നെങ്കില്‍ നിങ്ങള്‍ക്കെന്താ? അയാളുടെ നിസ്സഹായതയുടെ ഭൂമികയിലക്ക്‌ ശ്യാമ ഗര്‍വ്വിന്റെ പെരുമഴയായി ഇരച്ചു കയറി. പിന്നെപ്പോഴോ ആ സ്വരം അയഞ്ഞ്‌, വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകളെക്കുറിച്ചും, കുട്ടികളുടെ ഭീമമായ ട്യുഷന്‍ ഫീസിനക്കുറിച്ചും, ഭാവിയക്കുറിച്ചുമുള്ള ആശങ്കളും ഓര്‍മ്മപ്പെടുത്തലുകളുമായി നേര്‍ത്തു. മഹാലക്ഷ്മിയെ ആട്ടിപ്പായിക്കുന്ന അയാളെ സഹപ്രവര്‍ത്തകര്‍ ഒരത്ഭുത ജീവിയന്നപോലെ നോക്കി. എട്ടാം ക്ലാസുകാരി ശരണ്യയ്ക്കും, അഞ്ചാം ക്ലാസുകാരന്‍ അരുണിനും, ഉയര്‍ന്ന വിലകൂടിയ കാറും, ചാടി തിമിര്‍ക്കാന്‍ ഏറയിടവുമുള്ള കമ്പിനി വില്ലയും അച്ഛന്‍ വേണ്ടെന്ന്‌ വെയ്ക്കുന്നതിന്റെ പൊരുള്‍ പിടി കിട്ടിയില്ല.

ഒടുവില്‍, തന്റെ ജീവിതത്തിലുള്ള അവകാശം തനിക്കു മാത്രമല്ലെന്ന് തിരിച്ചറിവുണ്ടായപ്പോള്‍ അയാള്‍ കമ്പിനിയുടെ ഉത്തരവ്‌ അനുസരിക്കാന്‍ തീരുമാനിച്ചു.

പിറ്റേന്നു രാവിലെ, തീരെ അടച്ചൊതുക്കമില്ലാത്ത മനസ്സുമായിട്ടാണ്‌ അയാള്‍ നാട്ടിലക്ക്‌ തിരിച്ചത്‌. വേദനിച്ച്‌ വേദനിച്ച്‌, വണ്ടി സ്റ്റേഷനില്‍ നിന്നു പറിഞ്ഞു പോരുമ്പോഴും, താന്‍ ചെയ്യുന്നതിന്റെ ശരിയും തെറ്റും വേര്‍തിരിച്ചടുക്കാന്‍ അയാള്‍ പാടുപെട്ടു കൊണ്ടേയിരുന്നു.

ആ തീവണ്ടി യാത്രയില്‍, നിശ്ശബ്ദ പോരാട്ടങ്ങളുടെ കനല്‍ പാറുന്ന നിരവധി ഏടുകള്‍ കാലം അയാളുടെ മുന്നിലക്ക്‌ ഊക്കോടെ വലിച്ചെറിഞ്ഞു. എറെ നിയന്ത്രിച്ചിട്ടും അവയൊന്നും കാണാതിരിക്കാന്‍ അയാള്‍ക്കായില്ല. ചരിത്രം ഒരു കുരുക്കായി അയാളുടെ കഴുത്തില്‍ തലോടി.

story illustration

പുഞ്ചപ്പാടത്തിന്റെ മാറില്‍ ആദ്യ ഗഡു ഇളകിയ മണ്ണ്‌ ശവപ്പെട്ടി നീളത്തില്‍ വീണ ദിവസത്തെ അയാളോര്‍ത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരവധിക്കാലമായിരുന്നു അത്‌. വല്ലാത്തൊരൊച്ചയും ലോഹത്തിന്റെ ഉലച്ചിലുമായി അന്തരീക്ഷം കലുഷിതം.

പുറം മണ്ണിന്റെ ഗന്ധമുള്ള കാറ്റു വീശി കൊണ്ടിരുന്ന വെയില്‍ ചാഞ്ഞ നേരം. ബലം കുറയുന്ന പാട വരമ്പിലക്ക്‌ കണ്ണയച്ച്‌ അച്ഛന്‍ അയാളോട്‌ പറഞ്ഞു. 'ശരവണാ. പുഞ്ചപ്പാടം നാടിന്റെ സമൃദ്ധിയുടെ അടയാളമാ. കാലങ്ങളായി നമ്മെ നിലനിര്‍ത്തി പോരുന്ന ഒരടയാളം. അതിനൊരു താളമുണ്ട്‌. സംസ്കാരവും. ഇതാക്കെ തുടച്ച്‌ നീക്കാന്‍ കൂട്ട്‌ നില്‍ക്കുന്നത്‌ മണ്ണിനോട്‌ ചയ്യുന്ന കൊലച്ചതിയാ'.

അതൊരു നീണ്ട പോരാട്ടത്തിന്റെ പ്രഖ്യാപനമായിരുന്നു. കെ.കമ്പിനി പാടം വിലക്കെടുത്ത നാള്‍.

പാടത്തിന്റെ അവകാശം അച്ഛന്റേയൊ, എന്നങ്കിലുമാരിക്കല്‍ പൂര്‍വ്വികരുടേതൊ ആയിരുന്നിട്ടില്ല. പാടവും കരയും തമ്മിലുള്ള വിഭജന രേഖ പോലുള്ള കൈത്തോടിനരികിലെ അന്‍പതു സെന്റ്‌ പുരയിടം മാത്രമെ അച്ഛന്റെ പേരിലുള്ളു. എന്നിട്ടും, പാടം നികത്തുന്നുവെന്നറിഞ്ഞതു മുതല്‍ അച്ഛന്‍ അേരോടെന്നില്ലാതെ ദേഷ്യപ്പട്ടു. വിഷണ്ണനായി.

പാടം നികത്തി ഫാക്ടറി വരാന്‍ പോകുന്ന വാര്‍ത്ത മാസങ്ങള്‍ക്കു മുന്‍പ്‌ വീശിയ കാറ്റില്‍ അേരോ പതിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച്‌ നടന്ന പൊതു സമ്മേളനത്തില്‍ കെ കമ്പനിയുടെ ഫാക്ടറി വരുന്ന കാര്യം ആഹ്ലാദത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും, രാവിലെയുള്ള പതിവു സവാരിക്കിടയില്‍, പുഞ്ചപ്പാടം നികത്താനെത്തിയ പണിക്കാരെ കണ്ടപ്പോള്‍ ഭീതിജനകമായ ഒരു കാഴ്ച കണ്ടപോലെ അച്ഛന്‍ സ്തംഭിച്ചു നിന്നു. ആരാണ്‌ അവരെ അതിനു നിയോഗിച്ചതെന്ന്‌ വിശദമായി ചോദിച്ചറിഞ്ഞു. ഉത്തരവാദിത്വപെട്ടവരെ ആ ശ്രമത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ തനിക്ക്‌ കഴിയുമോയെന്നോര്‍ത്തോര്‍ത്ത്‌ വല്ലാതെ ഉത്‌കണ്ഠപ്പെട്ടു.

പുഞ്ചപ്പാടത്തിനഭിമുഖമായുള്ള വയല്‍ വീടിന്റെ ചാണകം മെഴുകിയ ഉമ്മറത്തിണ്ണയില്‍, അച്ഛന്‍ വേവുകളോ‍ടെ ഇരുന്നു. നാടു നീങ്ങുന്ന ഒരു താളത്തേക്കുറിച്ചുള്ള ആശങ്ക ആ മുഖത്തു തൂങ്ങി. അച്ഛന്‍ എന്നും പ്രിയപ്പെട്ട ആ താളത്തിനായി കാതോര്‍ക്കുന്നതായി തോന്നി.

തെയ്യനം തിത്തനം തെയ്യനം താരോ
തെയ്യനം തിത്തനം തെയ്യനം താരോ

പാടങ്ങളുടെ ദേശമായിരുന്നില്ലത്‌. പുഞ്ചപ്പാടം വിസ്‌തൃതമായ ഒരു പാടവുമായിരുന്നില്ല. എന്നിട്ടും എല്ലാവിധ ആലങ്കാരികതകളോ‍ടും, അനുഷ്ഠാനങ്ങളോ‍ടും കൂടി ആര്‍ക്കോ വേണ്ടി അവിടെ പരന്നു നിന്നു.

പുഞ്ചപ്പാടത്തിനഭിമുഖമായിരുന്നു വീട്‌. വയല്‍ വീടായിരുന്നതു കൊണ്ട്‌ ഒരിളം കാറ്റ്‌ രാവിലും പകലിലും വീട്ടുകാരനെ പോലെ മുറിയില്‍ കയറിയിറങ്ങി. ഉഷ്‌ണം കുറ്റബോധത്തോടെ എന്നും പടിക്ക്‌ പുറത്തു മാത്രം നിന്നു. വിതകാലങ്ങളില്‍ ചേറിന്റെ ഗന്ധവും, മഴക്കാലങ്ങളില്‍ തവള രോദനവും അലസോരപ്പടുത്തിയങ്കിലും, വിളഞ്ഞ നെല്ലിന്റെ മണം എല്ലാറ്റിനും മീതെ ഹൃദ്യമായി.

പാടം നികത്തി ഫാക്ടറി സ്ഥാപിച്ചാലുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങളും കാര്‍ഷിക പ്രതിസന്ധിയുമാക്കെക്കാണിച്ച്‌ ജില്ലാ കളക്ടര്‍ക്കും, മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കുകായിരുന്നു അച്ഛന്‍ ആദ്യം ചെയ്തത്‌. പത്രങ്ങളില്‍ 'ഇത്‌ ക്രൂരതയാണ്‌'എന്ന തലക്കെട്ടിലും 'ഫാക്ടറി വരട്ടെ, പക്ഷേ' എന്ന തലക്കെട്ടുകളിലും മറ്റും അച്ഛനെഴുതിയ കത്തുകള്‍ മുറയ്ക്കു വന്നു. എങ്കിലും, ദൃഢമായൊരു പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ അച്ഛന്‍ പരാജയപ്പെട്ടു. മറിച്ച്‌ ആരൊക്കേയാ ചര്‍ന്നു വേഗം അച്ഛനെയൊരു വികസന വിരോധിയാക്കി. ശിവശങ്കരന്‍ നായര്‍ മൂരാച്ചി, പുരാവസ്തു തുടങ്ങിയ പദങ്ങള്‍ ചുവരുകളില്‍ നിന്ന്‌ തല നീട്ടി. ഫാക്ടറി വന്നാല്‍ ലഭിക്കാവുന്ന സ്ഥിരവരുമാന ജോലി കൊതിച്ചവര്‍ അച്ഛന്റെ ജീവനുനേരെ കഠാരയായ ദിനങ്ങള്‍.

അച്ഛനെന്തിനിങ്ങനെ കലങ്ങുന്നുവെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. അച്ഛന്റെ മാനസിക വ്യാപാരങ്ങള്‍ നന്നായി അറിയാമെന്നു അവകാശപ്പെടുന്ന അമ്മപോലും, മാനത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി കൈ മലര്‍ത്തി..

ഓരോരോ പ്രാന്ത്‌..അല്ലാതെന്തു പറയാനാ... അമ്മ മന്ത്രിച്ചു.

ആരെന്തു പറയുന്നുവെന്നത്‌ അച്ഛനെ അലട്ടിയിരുന്നില്ല. തനിക്കു ബോധ്യമുള്ളത്‌ ചെയ്യാന്‍ കല്ലും മുള്ളും കലര്‍ന്ന വഴികളിലൂടെ അച്ഛന്‍ ഏകനായി നടന്നു.

പുഞ്ചപ്പാടത്തിന്റെ കാര്യത്തിലും അച്ഛന്‍ ഉത്കണ്ഠപ്പെട്ടത്‌ തന്നെയാണ്‌ ക്രമേണ സംഭവിച്ചത്‌. കെ ഫാക്ടറിയില്‍ നിന്നു പുറന്തള്ളുന്ന ഖരമാലിന്യങ്ങള്‍ ചുറ്റുപാടിലെ ജനജീവിതം അസഹ്യമാക്കി. കണ്ണീരു പോലുള്ള ജലം കടുപ്പമുള്ളതായി തീര്‍ന്നതോടെ ജലജീവികള്‍ ചത്തുപൊങ്ങി. മനുഷ്യ ശരീരം പേരറിയാത്ത ത്വക്‌ രോഗങ്ങളുടെ വിളഭൂമിയായി.

ആ നാളുകളിലൊന്നിലാണ്‌ അച്ഛന്‍ ഫാക്ടറി നടയില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങിയത്‌.

തീവണ്ടി ഒരു ചുരം താണ്ടുകയായിരുന്നു. അനാദിയായ ഇരുട്ട്‌ കമ്പാര്‍ട്ട്മെന്റുകളെ ആവാഹിച്ചു. ആത്മാവുകളുടെ നിലവിളി പാലെ ചൂളം വിളി. ആരുടേയും മുഖം കാണാതെ, ആരോടും കലഹിക്കാനവസരമില്ലാത്ത ആ ചുര യാത്ര ജീവിതാന്ത്യത്തോളം തുടര്‍ന്നെങ്കിലെന്നു അയാള്‍ ആഗ്രഹിച്ചു. അടുത്ത സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്ന കമ്പിനി പ്രതിനിധികളില്‍ നിന്നും, കിലോമീറ്ററുകള്‍ അകലെ തനിക്കായി ഒരുക്കിയിരിക്കുന്ന റീജിയണല്‍ മാനേജരുടെ കസേരയില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ലന്ന്‌ അയാള്‍ക്ക്‌ തോന്നി.

സിഗ്നല്‍ ലഭിക്കാതെ ഇരുപുറവും വയലേലകള്‍ മാത്രമുള്ളയിടത്ത്‌ ട്രെയിനിന്റെ താളം ക്രമമായി നിലച്ചു. സൂര്യ കാന്തി പൂക്കള്‍ വിരിയുന്ന പുലര്‍കാല മാനം. വിദൂരതയിലെ പാടത്തിനു നടുവില്‍, രേഖാചിത്രം പോലെ ഒരു മനുഷ്യന്‍. സാന്ദ്രമായ നിരവധി ഒാ‍ര്‍മ്മകളുടെ നിറവില്‍ ശരവണന്‍ കണ്ണുകള്‍ പൂട്ടി.

കല്ലും മണ്ണും ഉയരത്തില്‍ നിന്ന്‌ പതിക്കുന്നതിന്റെ ആഴമുള്ള മുഴക്കത്തില്‍ ചകിതനായി അയാള്‍ കാതുകള്‍ പൊത്തി.

കുളിച്ചു ശുദ്ധനായി, ശുഭ്ര വസ്ത്രം ധരിച്ച്‌, ഫാക്ടറിയുടെ മുന്‍പില്‍ കെട്ടിയുണ്ടാക്കിയ സമര പന്തലിലക്ക്‌ നടന്നു പോകുന്ന ഒരു മെല്ലിച്ച വൃദ്ധനെ അയാള്‍ അപ്പോള്‍ കണ്ടു. അനുഗമിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വൃദ്ധന്‍ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ ഒച്ചയുണ്ടാക്കാതെ ചൊല്ലുന്ന പിന്‍ഗാമികള്‍..

നിരാഹാര സമരം തുടങ്ങുന്നതിനു തലേ ദിവസം. അമ്മയെ അടുത്ത ജില്ലയിലുള്ള ഏട്ടന്റെ വീട്ടില്‍ അച്ഛന്‍ കൊണ്ടു ചെന്നാക്കുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ ഒന്നും വെളിപ്പെടുത്തിയില്ല. ഒഴിച്ചു കൂടാനാവാത്ത ഒരു യാത്രയുണ്ട്‌. കുറെ ദിവസങ്ങള്‍ കഴിഞ്ഞേ വരൂ. ബോധപൂര്‍വ്വം വരുത്തിയ അലക്ഷ്യതയോടെ അച്ഛന്‍ പറഞ്ഞു.

വേദനയുടെയും, അപമാനത്തിന്റേയും നീണ്ട റെയില്‍ പാളത്തിനുമേല്‍ ഒരു ഉണങ്ങിയ വിറകു കഷ്ണം പോലെ അച്ഛന്‍ കിടന്നു. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും, നിരാഹാരം അവസാനിപ്പിക്കാന്‍ അച്ഛന്‍ തയ്യാറായില്ല. പത്രങ്ങളിലും, ചാനലുകളിലും ആ ഒറ്റയാള്‍ പോരാട്ടത്തിന്റെ വാര്‍ത്ത വന്നു. ചന്ത മുക്കില്‍ ബസ്സിറങ്ങിയ അമ്മ അലമുറയിട്ടു കരഞ്ഞു കൊണ്ടാണ്‌ സമര പന്തലിലേക്ക്‌ ഒാ‍ടിയത്‌.

അമ്മയുടെ കണ്ണീരിന്റെ മുന്‍പിലും അച്ഛന്‍ സമ നില വിടാതെ പിടിച്ചു നിന്നു. ആരൊക്കേയോ ഏറെ പണിപ്പെട്ടാണ്‌ അമ്മയെ നിശ്ചലതയുടെ ശവ ഗന്ധം വീശൂന്ന ആ സമര പന്തലില്‍ നിന്നു പിടിച്ചു മാറ്റിയത്‌.

ദൂരെ ദിക്കില്‍ പണിക്കു പോയിരുന്ന ഏട്ടനെത്തി ഹോസ്പ്പിറ്റലിലേക്ക്‌ കൊണ്ടു പോകുമ്പാള്‍ ബോധാബോധങ്ങള്‍ക്കിടയിലായിരുന്നു അച്ഛന്‍. ജീവിതത്തത്തിനപ്പുറത്തുള്ള ഒരിടവഴിയില്‍ നിന്നു തന്നെ കൂട്ടിക്കൊണ്ടു വരുകയായിരുന്നു എന്നാണ്‌ നാട്ടിലെത്തിയ അയാളോ‍ട്‌ അച്ഛന്‍ പറഞ്ഞത്‌.

അപ്പോഴെല്ലാം കെ. കമ്പിനിയിലാണ്‌ തന്റെ ജോലിയെന്ന സത്യം മറച്ചു പിടിക്കുകയായിരുന്നുവെന്ന്‌ അയാള്‍ ആത്മ നിന്ദേയാടെ ഓര്‍ത്തു. തളര്‍ത്തുന്ന ഒരമ്പരപ്പോടെ അച്ഛന്‍ എല്ലാം ഇപ്പാള്‍ തിരിച്ചറിയുന്നുണ്ടാവണം.

ജാഗരത്തിലേക്കുള്ള വഴികാട്ടിയായി അപ്പോള്‍ മൊബൈല്‍ ചിലച്ചു. ശ്യാമ. റീജിയണല്‍ മാനേജരുടെ ഭാര്യയായി ഉടുത്തൊരുങ്ങാന്‍ ഇനിയെത്ര നിമിഷങ്ങള്‍ എന്ന ചിന്തയായിരിക്കും അവളെ ഇപ്പോള്‍ ഭരിക്കുന്നതെന്നോര്‍ത്തേപ്പാള്‍ ശരവണന്‍ റീസീവിങ്ങ്‌ ബട്ടണില്‍ വിരല്‍ അമര്‍ത്തിയതേയില്ല.

റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഫാക്ടറിയിലേക്കുള്ള യാത്രയില്‍ കമ്പനി ഡ്രൈവര്‍ ചോദിച്ചു.

സാര്‍ ഇന്നാട്ടിലേക്ക്‌ ആദ്യായിട്ടാവൂല്ലെ?

അയാള്‍ ആണെന്നോ അല്ലെന്നോ വ്യക്തമാക്കാത്ത വിധം മൂളി. ഫാക്ടറിയില്‍ ഉണ്ടാകാനിടയുള്ള പഴയകാല സുഹൃത്തുക്കള്‍, ഗൂഢാര്‍ത്ഥങ്ങളോടു കൂടിയ അവരുടെ ചിരി. എല്ലാമോര്‍ത്തോര്‍ത്ത്‌ അയാള്‍ അസ്വസ്ഥനായി.

യുണിഫോമണിഞ്ഞ ഗേറ്റ്‌ കീപ്പര്‍ ഭവ്യതയോടെ ഉയരമുള്ള ഗേറ്റ്‌ തുറക്കുന്നു. ശരവണന്‍ ചുറ്റുമുള്ള നിരവധി കെട്ടിടങ്ങളിലൂടെ കണ്ണോടിച്ചു. ഫാക്ടറി നിന്നിടം ഒരു കാലത്ത്‌ പുഞ്ചപ്പാടത്തിന്റെ ഭാഗമെണന്നു വിശ്വസിക്കാന്‍ പ്രയാസം. കാലം എല്ലാ രേഖകളും അതിസൂഷ്മമായി മായ്ച്ചിരിക്കുന്നു. ഓഫീസ്‌ സമുച്ചയങ്ങള്‍ക്കും, ഭീമാകാരന്‍മാരായ ജലസംഭരണികള്‍ക്കുമപ്പുറം ഒരു വയലുണ്ടെന്നും, അതിന്റെ കരയിലാരു കൂരയുണ്ടെന്നും, അവിടെ സന്തുഷ്‌ടമായ ഒരു കുടുംബമുണ്ടെന്നും വെറുതെ സങ്കല്‍പിച്ചയാള്‍.

റീജിയണല്‍ മാനേജരുടെ ക്യാബിന്‍ ആദരേവാടെ തുറക്കുന്ന പ്യൂണ്‍. കറങ്ങുന്ന വിശാലമായ കസേര ഒടുവില്‍ നീ വന്നു എന്നു മന്ത്രിക്കുന്നുവോ ?

കവനകൌമുദിയുടെ സിറ്റി ബ്യൂറോ ചീഫായ സന്തോഷ്‌ കുമാര്‍, കൌതുകമുണര്‍ത്തുന്ന ഒരു ബോക്സ്‌ കോളം വാര്‍ത്തയുടെ സാധ്യതയില്‍ സംതൃപ്തനായി ഇമകള്‍ പൂട്ടി കസേരയില്‍ പിന്നോക്കം ചാഞ്ഞു. തലക്കെട്ട്‌ ഒരു സമര നായകന്റെ മകന്‍ ജനറല്‍ മാനേജരുടെ കസേരയില്‍ എന്നോ, അച്ഛന്‌ അച്ഛന്റെ വഴി, മകന്‌ മകന്റെ വഴി എന്നോ ആകാമെന്ന്‌ ഉറപ്പിച്ചു. റിപ്പോര്‍ട്ടിന്റെ ആദ്യ വരി മനസ്സില്‍ കണ്ട്‌ കെ കമ്പിനിയില്‍ പുതിയതായി ചാര്‍ജ്ജെടുത്ത റീജിയണല്‍ മാനേജരെ ലഭിക്കുന്നതിനായി നേരത്തെ കുറിച്ചു വച്ചിരുന്ന നേരിട്ടുള്ള നമ്പരിലേക്കു ഡയല്‍ ചെയ്തു.

സ്വയം പരിചയെപ്പടുത്തിയതിനുശേഷം, കെ. കമ്പിനിയില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജരായ ശരവണന്‍ തന്നെയല്ലേ ലൈനിലെന്നു ഉറപ്പു വരുത്തുമ്പോള്‍ അനാവശ്യമായൊരു ധൃതിയും ഇര ചൂണ്ടയില്‍ കൊത്തിയതിന്റെ ആഹ്ലാദവും തന്റെ വാക്കുകള്‍ക്കിടയില്‍ ഇടം തേടാതിരിക്കാന്‍ സന്തോഷ്‌ കുമാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

അപ്രതീക്ഷിതമായുണ്ടാകുന്ന ടെലഫോണ്‍ കാള്‍ സൃഷ്ടിച്ചേക്കാവുന്ന മുഴുവന്‍ അമ്പരപ്പിനേയും അലിയിക്കുന്ന സൌഹൃദ ശബ്ദത്തില്‍ തന്റെ ബോക്സ്‌ കോളം വാര്‍ത്തയ്ക്കു കേന്ദ്രബിന്ദുവായ നിര്‍ണ്ണായകമായ അടുത്ത ചോദ്യത്തിനു ലഭിച്ച തീര്‍ത്തും നിഷേധാത്മക മറുപടിയില്‍ സന്തോഷ്‌ കുമാര്‍ തളര്‍ന്നിരുന്നു.

Joseph

ജോസഫ്‌ അതിരുങ്കല്‍
പുസ്തകം: പ്രതീക്ഷകളുടെ പെരുമഴയില്‍
വിലാസം: പ്ലാവിലയില്‍, അതിരുങ്കല്‍, പത്തനംതിട്ട.

Subscribe Tharjani |