തര്‍ജ്ജനി

കഥ

കണ്ണാടികളുടെ കാലം

ഞാനിപ്പോള്‍ കണ്ണടകളുടെ നഗരത്തിലാണ്. ലോകത്തിത്രമാത്രം നിറങ്ങളുണ്ടെന്ന് ഞാനറിയുന്നതുതന്നെ ഇവിടെ വന്നതിനു ശേഷമാണ്. ചുവപ്പ്, പച്ച, നീല, മഞ്ഞ അങ്ങനെയങ്ങനെ പേരറിയാത്ത നിറങ്ങളിലുള്ള കണ്ണടകള്‍ വരെ ഇവിടെയുണ്ട്.

പഴയ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയപ്പോള്‍ത്തന്നെ കണ്ണടകളുടെ ഈ വര്‍ണ്ണവൈവിധ്യം എന്നെ അമ്പരപ്പിച്ചു. സ്റ്റാന്‍ഡ് നിറയെ കണ്ണടകള്‍ വില്‍ക്കുന്ന കടകളാണ്. അവയുടെ വരാന്തയില്‍ നിന്ന് സുന്ദരികളായ വില്‍പ്പനക്കാരികള്‍ എന്നെ മാറ്റിവിളിക്കുന്നുണ്ടായിരുന്നു. അവരുടെ വശീകരണ തന്ത്രങ്ങളില്‍ കുടുങ്ങാതെ വഴുതിമാറുമ്പോള്‍ കണ്ണടയില്ലാതെ ഈ നഗരത്തില്‍ ജീവിക്കാനാവില്ലെന്ന് പ്രവാചകസ്വരത്തില്‍ എനിക്കവര്‍ മുന്നറിയിപ്പും നല്‍കി.

കണ്ണടയിലൂടെയുള്ള കാഴ്ചകള്‍ എനിക്ക് അപരിചിതമാണ്. ഞാന്‍ കണ്ടു ശീലിച്ച ഒരേയൊരു കണ്ണട അച്ഛന്റേതാണ്. കാലൊടിഞ്ഞ ആ ഗാന്ധിക്കണ്ണട അച്ഛന്‍ ചണനൂലുകൊണ്ടാണ് കെട്ടി വച്ചിരുന്നത്. അച്ഛന്റെ മരണ ശേഷം അനാഥമായ ആ കണ്ണട വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കീറിത്തയ്‌ച്ച ഒരു ഖദര്‍ ജൂബ്ബാ, കല്ലു പോയ കടുക്കന്‍, പിടി തേഞ്ഞ ഊന്നുവടി എന്നിവയ്ക്കൊപ്പം ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന ആ വെള്ളെഴുത്ത് കണ്ണടയിലേക്ക് നോക്കുമ്പോള്‍ അതിന്റെ പിന്നിലിപ്പോഴും അച്ഛന്റെ കണ്ണുകളുണ്ടെന്ന്‍ എനിക്ക് തോന്നാറുണ്ട്.

കണ്ണടയില്ലാത്തതുകൊണ്ട് എനിക്ക് മുറി തരാന്‍ നീലക്കണ്ണട വെച്ച ലോഡ്ജ് മാനേജര്‍ ആദ്യം വിസ്സമ്മതിച്ചെങ്കിലും കൂടുതല്‍ കാശു നല്‍കിയപ്പോള്‍ അയാളുടെ മനസ്സലിഞ്ഞു. വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് ഒരു കണ്ണടയുടെ അനിവാര്യത എനിക്കു ബോദ്ധ്യമായത്. ആ തെരുവിലപ്പോള്‍ കണ്ണട വയ്ക്കാത്ത ഏക മനുഷ്യന്‍ ഞാനായിരുന്നു. വര്‍ണ്ണക്കണ്ണടകള്‍ക്കുള്ളില്‍ നിന്ന് ഒരായിരം കണ്ണുകള്‍ സംശയത്തോടെ എന്നെ പിന്‍‌തുടരുന്നത് ഞാനറിഞ്ഞു. ശത്രുരാജ്യത്തിലകപ്പെട്ടവനെപ്പോലെ ഞാന്‍ അസ്വസ്ഥനായി. എത്രയും പെട്ടെന്ന് അവിടം വിട്ട് ഓടിപ്പോകണമെന്ന് തോന്നിയതാണ്. പക്ഷേ അനുജനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പാദത്തെയും മനസ്സിനെയും മുള്ളുപോലെ പിടിച്ചു നിര്‍ത്തി.

എന്റെ അനുജനെത്തേടിയാണ് ഞാനീ നഗരത്തിലെത്തിയത്.
ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തിലെ കോളേജിലേക്ക് വിദ്യാഭ്യാസത്തിനായി എത്തിയതാണ് അവന്‍. ആദ്യമൊക്കെ മാസത്തില്‍ ഒരിക്കല്‍ അവന്‍ വീട്ടിലെത്തുമായിരുന്നു. പിന്നീട് ആ സന്ദര്‍ശനത്തിന്റെ ഇടവേളകള്‍ നീണ്ടു. എങ്കിലും കത്തുകളിലൂടെ അവന്‍ ഞങ്ങളെ ഓര്‍ത്തു. ഒടുവില്‍ അതും നിലച്ചു. കഴിഞ്ഞ പത്തു മാസമായി അവനെക്കുറിച്ചുള്ള യാതൊരു വിവരവുമില്ല. അമ്മയുടെയും പെങ്ങളുടെയും കണ്ണുനീരാണ് എന്നെ ഇവിടെ എത്തിച്ചത്.

കുറെ ദിവസങ്ങളിലെ അലച്ചിലുകള്‍ക്കു ശേഷമാണ് അവന്‍ പഠിക്കുന്ന കോളേജ് കണ്ടെത്താനായത്. ഒരുച്ച നേരത്താണ് ഞാനവിടെ എത്തിയത്. അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും ഏറെ വിചിത്രമായിരുന്നു. കോളേജിന്റെ മുറ്റം നിറയെ പല നിറത്തിലുള്ള കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. എല്ലാം കണ്ടും കേട്ടും വിസ്മയപ്പെട്ട് ഞാന്‍ പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്നിലെത്തി. അനുവാദം വാങ്ങി ഞാന്‍ അകത്തേക്കു ചെല്ലുമ്പോള്‍ അദ്ദേഹം കുനിഞ്ഞിരുന്ന് എന്തോ വായിക്കുകയായിരുന്നു. മുഖമുയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണട എന്നെ അതിശയിപ്പിച്ചു. അനുനിമിഷം നിറം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേകതരം കണ്ണടയായിരുന്നു അത്. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദമായിത്തന്നെ സംസാരിച്ചു. എല്ലാം കേട്ടതിനു ശേഷം അദ്ദേഹം കുറെ നേരം ധ്യാനത്തിലെന്നപോലെ കണ്ണടച്ചിരുന്നു. കണ്ണടയുടെ നിറം മാറുന്നതും നോക്കി ഞാനും. കണ്ണുകള്‍ തുറന്ന് അദ്ദേഹം മന്ത്രിച്ചു: “എത്ര ഓര്‍മ്മിച്ചാലും അങ്ങനെ ഒരാളെ എനിക്ക് ഓര്‍ത്തെടുക്കാനാവുന്നില്ലല്ലോ”

ഞാനൊന്നും മിണ്ടിയില്ല.

പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അദ്ദേഹം ചോദിച്ചു: “ഒരു കാര്യം ഞാന്‍ ചോദിക്കാന്‍ മറന്നു പോയി. നിങ്ങളുടെ അനുജന്‍ ഏതു നിറത്തിലുള്ള കണ്ണടയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞില്ലല്ലോ.”

എനിക്ക് ഉത്തരം കിട്ടിയില്ല. അവനേതു നിറത്തിലുള്ള കണ്ണടയാണ് ധരിക്കുന്നത്?
കുട്ടിക്കാലത്ത് ഓലക്കാലു കൊണ്ടുള്ള കണ്ണട അവനുണ്ടാക്കിക്കൊടുത്തിരുന്നത് ഞാന്‍ ഓര്‍ത്തു. സത്യത്തില്‍ കണ്ണട വച്ച അവന്റെ മുഖം എനിക്ക് സങ്കല്പിക്കുവാന്‍ പോലും കഴിയുന്നില്ല. കളിയായിട്ടു പോലും അച്ഛന്റെ കണ്ണട അവനെടുത്തു വെയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. അതിനോട് അവനെന്നു വെറുപ്പായിരുന്നു. അവന്റെ കണ്ണടയെപ്പറ്റിയോ, കണ്ണടയുടെ നിറത്തെപ്പറ്റിയോ എനിക്കൊന്നും അറിയില്ലെന്ന് ഞാനദ്ദേഹത്തോട് തുറന്നു സമ്മതിച്ചു.

അവന്‍ കണ്ണട ഉപയോഗിച്ചിരുന്നില്ലയെന്ന സത്യം ഞാന്‍ തുറന്നു പറയവേ അദ്ദേഹം ഉറക്കെ ചിരിച്ചു. “അങ്ങനെയാകാന്‍ യാതൊരു സാധ്യതയുമില്ല. അയാള്‍ ഏതെങ്കിലും നിറത്തിലുള്ള കണ്ണട തീര്‍ച്ചയായും ഉപയോഗിച്ചിരുന്നിരിക്കണം. അതറിയാതെയുള്ള അന്വേഷണങ്ങള്‍ വിഫലമാകും.”

എന്റെ മുഖത്തെ നിരാശ കണ്ടിട്ടാകാം അദ്ദേഹം തുടര്‍ന്നു: “നിങ്ങള്‍ ധൈര്യമായിരിക്കൂ. ഞാന്‍ ഒന്നു കൂടി അന്വേഷിക്കാം. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.” അതൊരു ആശ്വാസവാക്കായേ എനിക്കു തോന്നിയുള്ളൂ. രണ്ടുമൂന്നു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കാണാമെന്ന വിശ്വാസത്തോടെ ഞാന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങി.

അവന്റെ സുഹൃത്തുക്കളെ കണ്ടെത്താനായിരുന്നു എന്റെ അടുത്ത ശ്രമം. അവിടെ കണ്ടുമുട്ടിയ പല വിദ്യാര്‍ത്ഥികളോടും അവനെപ്പറ്റി അന്വേഷിച്ചു. അവര്‍ക്കെല്ലാം അറിയേണ്ടത് ഒരൊറ്റ കാര്യം മാത്രം. അവന്‍ ഏതു നിറത്തിലുള്ള കണ്ണടയാണ് ധരിച്ചിരുന്നതെന്ന്. അതറിയാതെ അവനെ തിരിച്ചറിയാന്‍ പോലും അവര്‍ക്ക് ആവുകയില്ലത്രേ. ഞാനാകെ തളര്‍ന്നു പോയി.

ഒരേ നിറത്തിലുള്ള കണ്ണട ധരിച്ച് കൂട്ടം കൂടി നടക്കുന്നവരോട് തിരക്കിയാല്‍ എന്തെങ്കിലും വിവരം കിട്ടിയേക്കാമെന്ന് നല്ലവനായ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു തന്നു. അങ്ങനെയാണ് താടിയും മുടിയും നീട്ടി വളര്‍ത്തി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് നടക്കുന്ന ആ കൂട്ടരെ ഞാന്‍ കണ്ടെത്തിയത്. എന്റെ വാക്കുകളില്‍ നിന്ന്, അടയാളങ്ങളില്‍ നിന്ന് അവര്‍ക്കവനെ ഓര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ സന്തോഷിപ്പിച്ചു. പക്ഷേ എന്റെ ആധി നിറഞ്ഞ ചോദ്യങ്ങള്‍ക്കൊക്കെ അലസമായ മറുപടിയാണ് അവര്‍ തന്നത്. “ഒരിക്കല്‍ അവന്‍ ഞങ്ങള്‍ കൊടുത്ത കണ്ണട ധരിച്ചിരുന്നു. അവന്‍ ഞങ്ങള്‍ക്കൊപ്പം നടന്നിരുന്നു. പിന്നീടാണ് അവനു വഴി തെറ്റിയത്. കണ്ണട തകരുന്ന ഒരു കാലത്തെ അവന്‍ സ്വപ്നം കാണാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അവനെ കൂട്ടത്തില്‍ നിന്നും പുറത്താക്കി.അതിനു ശേഷം അവനെപ്പറ്റി ഞങ്ങള്‍ തിരക്കാറേയില്ല.”

കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് അവര്‍ നടന്നു മറഞ്ഞു.

എന്റെ അന്വേഷണങ്ങള്‍ വഴിമുട്ടുകയാണ്. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. തീര്‍ത്തും നിരാശനായാണ് ഞാന്‍ അവിടം വിട്ടത്.

പത്രത്തിലൊരു പരസ്യം കൊടുത്താല്‍ എന്തെങ്കിലും ഒരു വിവരം കിട്ടിയേക്കാമെന്ന് നഗരത്തില്‍ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്തു പറഞ്ഞു തന്നു. അതിനായാണ് ഞാന്‍ പത്രമോഫീസില്‍ എത്തിയത്. അവനെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ വിശദമായിത്തന്നെ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു. നിസ്സംഗതയോടെ എല്ലാം കേട്ടതിനു ശേഷം അവര്‍ ചോദിച്ചു:
“അയാളുടെ കണ്ണടയുടെ നിറം എന്തായിരുന്നു?”
അവന്‍ കണ്ണടയേ ഉപയോഗിച്ചിരുന്നില്ലായെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പത്രമോഫീസ് കുലുങ്ങിച്ചിരിക്കുവാന്‍ തുടങ്ങി.
എല്ലാ പത്രമോഫീസിലും ഇതുതന്നെയായിരുന്നു എന്റെ അനുഭവം. എനിക്കെന്നോടു തന്നെ പുച്ഛം തോന്നി. അപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. ഓരോ പത്രമോഫീസിലെയും ജീവനക്കാര്‍ ഒരേ നിറത്തിലുള്ള കണ്ണട ധരിച്ചവരായിരുന്നു.

തിരച്ചിലുകള്‍ വിഫലമാകുന്നതിന്റെ ദുഃഖം എന്നെ തളര്‍ത്തി. കണ്ണടയില്ലാത്തതുകൊണ്ട് പലകാര്യങ്ങളും എനിക്ക് മനസ്സിലാകാതെയും പോകുന്നു. സംശയത്തോടെ എന്നെ വീക്ഷിക്കുന്നവരുടെ എണ്ണം കണ്ണടകളുടെ നഗരത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.

അങ്ങനെ ഭയത്തോടും നിരാശയോടും കൂടി ആ നഗരത്തില്‍ ജീവിക്കവെയാണ് ആ സംഭവം ഉണ്ടായത്. ഞാന്‍ പ്രിന്‍സിപ്പാളിനെ ഒന്നു കൂടി കാണാന്‍ ഇറങ്ങിയതായിരുന്നു ആ ദിവസം.

എന്റെ കണ്‍‌മുമ്പില്‍ വച്ചാണ് ഒരുമനുഷ്യന്‍ ആക്രമിക്കപ്പെട്ടത്. അയാള്‍ കുത്തുകൊണ്ട് ഒരു നിലവിളിയോടെ താഴേക്കു വീഴുന്നത് ഞാന്‍ കണ്ടു. ഞാന്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറഞ്ഞു. എന്നെ അമ്പരപ്പിച്ചത് അതല്ല, അയാള്‍ കിടന്നു പിടയുന്നതു നോക്കി കണ്ണട വച്ച കാഴ്ച്ചക്കാര്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചയാണ്. ചിലര്‍ അലസമായി നോക്കി കടന്നു പോകുന്നുണ്ട്.

രക്തമെല്ലാമൊഴുകി അവശനായ അയാളെയും കോരിയെടുത്തു കൊണ്ട് ഞാനാശുപത്രിയിലേക്ക് പാഞ്ഞു. അതൊരു സര്‍ക്കാര്‍ ആശുപത്രിയായിരുന്നു. എന്റെ പരിഭ്രമം കണ്ടിട്ടാകാം പരിചരിക്കാനെത്തിയ ഡോക്ടര്‍ ചോദിച്ചു: “ഇയാള്‍ നിങ്ങളുടെ ആരാണ് ?”

ഞാന്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഡോക്ടറുടെ മുഖത്ത് ചിരി പടര്‍ന്നു.

“കണ്ണടയില്ലാത്തതാണ് നിങ്ങളുടെ കുഴപ്പം. ഇയാളുടെ സ്ഥിതി ഗുരുതരമാണ്. ഓടിപ്പോയി ഈ മരുന്നുകള്‍ വാങ്ങിക്കൊണ്ട് വേഗം വാ.”

മരുന്നുമായി ഓടിക്കിതച്ച് ഞാനെത്തിയപ്പോഴേക്കും അപരിചിതനായ ആ മനുഷ്യന്‍ മരിച്ചു കഴിഞ്ഞിരുന്നു. ആശുപത്രി വരാന്തയില്‍ നിറമുള്ള കണ്ണടക്കാര്‍ പല സംഘങ്ങളായി നിരക്കുന്നത് ഞാന്‍ കണ്ടു. ചിലര്‍ എന്നെ പാളിനോക്കുന്നുണ്ട്. മറ്റു ചിലര്‍ എന്നെ ചൂണ്ടി എന്തോ പറയുന്നുണ്ട്.

ഞാനാകെ ഭയന്നുപോയി. അവര്‍ സംഘടിതരാണ്. ആശുപത്രിയുടെ പിന്‍ ഗേറ്റിലൂടെ ഞാനോടി. എങ്ങനെയോ മുറിയില്‍ എത്തി. ആരൊക്കെയോ എന്നെ പിന്‍‌തുടരുന്നുണ്ട്. എനിക്ക് അത് തീര്‍ച്ചയാണ്. കതകിന്റെ കുറ്റിയിട്ട് ഞാന്‍ കട്ടിലിലേക്ക് വീണു. കണ്ണുകള്‍ ഇറുക്കിയടച്ച് കിടന്നു.

എത്രനേരം അങ്ങനെ കിടന്നുവെന്ന് അറിയില്ല. തുറന്നിട്ട ജനലിലൂടെ എത്തിയ ശബ്ദങ്ങളാണ് എന്നെ ഉണര്‍ത്തിയത്. ജാലകത്തിലൂടെ തെരുവിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തെരുവില്‍ വലിയ ജനക്കൂട്ടം. വിവിധ നിറത്തിലുള്ള കണ്ണടവച്ചവരുടെ പോര്‍വിളികള്‍ മുഴങ്ങുന്നുണ്ട്. അതിനിടയിലൂടെ മരിച്ചവന്റെ ശവയാത്ര. ശവത്തിനു വേണ്ടിയുള്ള തര്‍ക്കങ്ങള്‍.എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു.

ജാലകം വലിച്ചടച്ച് ഞാന്‍ കിതച്ചിരുന്നു. പുറത്ത് വലിയ ബഹളം നടക്കുന്നുണ്ട്. ഞാന്‍ കട്ടിലിനടിയിലേക്ക് ഒളിച്ചു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

ഉണര്‍ന്ന് ജാലകം പതുക്കെ തുറന്ന് ഞാന്‍ തെരുവിലേക്ക് നോക്കി. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. ഇടയ്ക്കിടെ സയറന്‍ മുഴക്കികടന്നു പോകുന്ന പോലീസ് വാഹനങ്ങളല്ലാതെ തെരുവ് തീര്‍ത്തും വിജനമായിരുന്നു. തകര്‍ന്ന കണ്ണട ചില്ലുകള്‍ക്കുമേല്‍ ചുവന്ന ചോര ഉണങ്ങാതെ കിടപ്പുണ്ട്. എങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ ദൃശ്യം‌പോലെ ആ കാഴ്ച എന്നെ പേടിപ്പിച്ചു. എനിക്കു കരച്ചില്‍ വന്നു. അമ്മയെയും പെങ്ങളെയും കാണണമെന്നു തോന്നി.

ഞാനിപ്പോള്‍ നാട്ടിലേക്കുള്ള അവസാന വണ്ടിയിലാണ്. കണ്ണടകളുടെ നഗരത്തെ ഞാന്‍ ഉപേക്ഷിക്കുന്നു. പക്ഷേ വീട്ടിലെത്തുമ്പോള്‍ അമ്മയും പെങ്ങളും അനുജനെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്തു മറുപടിയാണ് ഞാന്‍ പറയേണ്ടത്? വര്‍ണ്ണക്കണ്ണടകളുള്ള ഈ നഗരത്തിന്റെ സങ്കീര്‍ണ്ണതകള്‍ അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. എന്റെ വെള്ളെഴുത്തു കണ്ണടയുമായി മടങ്ങി വന്നാലോയെന്ന് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ അതിലൂടെ നോക്കിയാല്‍ ചിലപ്പോള്‍ അനുജനെ കാണാന്‍ കഴിഞ്ഞില്ലങ്കിലോ.

ഞാന്‍ ഇപ്പോള്‍ കണ്ണാടകളുടെ നഗരത്തോട് വിടപറഞ്ഞു കഴിഞ്ഞു. എങ്കിലും ഞാന്‍ മടങ്ങി വരും. കണ്ണടകള്‍ തകരുന്ന ഒരു കാലത്ത്...

Unni

ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്
പുസ്തകം: കണ്ണടകളുടെ നഗരം
വിലാസം: കുടശ്ശനാട് പി. ഒ, പന്തളം

Subscribe Tharjani |
Submitted by Juny Sam (not verified) on Mon, 2006-01-09 12:08.

...very beautifully conveyed the message....

Submitted by Roy (not verified) on Sat, 2006-06-10 12:35.

Hi

the story made me thinking about The Persistence of Memory by salvador Dali....
continue writing ..... expect more stories from u.

Roy