തര്‍ജ്ജനി

കഥ

കരണത്തെ അടി

പീടികയുടെ ജനലില്‍ വീണ മഴത്തുള്ളികള്‍ താഴെ തെരുവിനെ ചുംബിച്ചു. വെളുത്ത മേലങ്കിയില്‍ പൊതിഞ്ഞ കറുത്ത പേക്കോലങ്ങള്‍ അതിവേഗം കടന്നു പോയി തെരുവിന്റെ മൂലയില്‍ അപ്രത്യക്ഷമായി. ഞാന്‍ തെരുവിന്‌ നേരെ കണ്ണയച്ചു. അതിവേഗത്തിലോടുന്ന കാറുകളും കുതിരവണ്ടികളും ഇടകലര്‍ന്നിരുന്നു. വണ്ടിക്കാരുടെ തുടര്‍ച്ചയായ ചാട്ടവാറടിയേറ്റ കുതിരകള്‍ ധൃതിപിടിച്ചോടുന്നുണ്ടായിരുന്നു. അവറ്റകളുടെ വായില്‍ നിന്ന്‌ വെളുത്ത നുര പുറത്തേയ്ക്ക്‌ ചാടിയിരുന്നു. ഇപ്പോള്‍ പറയണോ, ഞാന്‍ ചിന്തിച്ചു., അതല്ല നാളെ കാലത്തുവരെ കാത്തിരിക്കണോ? ഞാന്‍ ചുറ്റും നോക്കി. തൊട്ടടുത്ത്‌ കയ്യുള്ള പഴയൊരു കസേരയില്‍ ബാപ്പ ഇരിക്കുന്നുണ്ട്‌. പഴയൊരു കത്രികകൊണ്ട്‌ കാര്‍ഡ്‌ബോര്‍ഡ്‌ വെട്ടുന്നതില്‍ വ്യാപൃതനാണദ്ദേഹം. ഓഫീസ്‌ നോട്ടുബുക്കുകള്‍ക്ക്‌ പുറംചട്ടയുണ്ടാക്കുകയാണ്‌. വായില്‍ പുകയിലയുടെ വലിയൊരു ഉരുള. അതദ്ദേഹം ചവയ്ക്കുകയും നീര്‌ സാവധാനം ഊറ്റിയിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഞാന്‍ തെരുവിലേയ്ക്ക്‌ ഒരിക്കല്‍ കൂടെ കണ്ണയച്ചു. സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല. അനുസരിക്കാത്തവര്‍ക്ക്‌ നല്ല ശിക്ഷതന്നെ കിട്ടും, എന്നാണ്‌ അദ്ദേഹം പറഞ്ഞിട്ടുള്ളത്‌. ബാപ്പ ഉച്ചതിരിഞ്ഞ്‌ തുടങ്ങിയതാണ്‌ പുകയില ചവയ്ക്കാന്‍. അത്‌ തലക്ക്‌ പിടിച്ചിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌. കാര്യം ഇപ്പോള്‍ പറയാതിരിക്കുകയാണ്‌ ഭേദം. ചെള്ള നോക്കി ഒരടി; അല്ലെങ്കില്‍ ചവിട്ട്‌, അതാണുണ്ടാകാന്‍ പോകുന്നത്‌. എങ്ങനെയുണ്ടാവും അത്‌? ഭാവനയില്‍ കാണാന്‍ ഞാന്‍ ശ്രമം നടത്തി. ഞാനാകൈകളിലേക്ക്‌ നോക്കി. കാര്‍ഡ്ബോര്‍ഡ്‌ പെട്ടി കത്രിച്ചുകൂട്ടുകയാണ്‌. അതിന്റെ പൊങ്ങിക്കിടക്കുന്ന ഞരമ്പുകള്‍ കണ്ടാല്‍ ഇപ്പോല്‍ പൊട്ടിപ്പോകുമെന്ന്‌ തോന്നും. നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു. ഇപ്പോള്‍ പറയുന്നത്‌ വെറുതെയാണ്‌. നാളെക്കാലത്ത്‌ പറയുന്നതാണ്‌. നന്നാവുക. കാലത്തെണീയ്ക്കുമ്പോഴേക്ക്‌ ഈ സ്വഭാവമൊക്കെ മാറിയിരിക്കും. നല്ല രസമായിരിക്കും. ദേഷ്യഭാവമൊക്കെ അപ്പോഴേയ്ക്കും മാറിയിരിക്കും.

story illustration

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മെലിഞ്ഞുണങ്ങിയ ഒരു പതിനൊന്ന്‌ വയസ്സുകാരന്‍ പയ്യനായിരുന്നു ഞാന്‍. തണുത്ത കാറ്റ്‌ വീശുന്നുണ്ടായിരുന്നു. ശൈത്യവും ഭയവും കലര്‍ന്ന വല്ലാത്ത ഒരവ്സ്ഥ. ഞാന്‍ കോച്ചിവിറച്ചു. പ്രിന്‍സിപ്പല്‍ പറഞ്ഞ കാര്യം എങ്ങനെയാണ്‌ ബാപ്പയെ അറിയിക്കുന്നത്‌? അപ്പോള്‍ ബാപ്പയില്‍ നിന്ന്‌ ശിക്ഷ ഉറപ്പ്‌. അറിയിച്ചില്ലെങ്കിലോ, പ്രിന്‍സിപ്പളില്‍നിന്ന്‌ ശിക്ഷ ഉറപ്പ്‌. ഇതിത്ഭേദം ബാപ്പയില്‍നിന്ന്‌ ശിക്ഷ വാങ്ങുന്നതായിരിക്കും. എനിക്കത്‌ ഇടക്കിടെ കിട്ടുന്നതായിരുന്നു. പ്രത്യേകിച്ചും മുഖത്തെ ആ അടി.

ബാപ്പ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടിരിന്നു. ചതുരത്തിലും കോണാകൃതിയിലുമുള്ള കാര്‍ഡ്ബോര്‍ഡ്‌ കഷ്ണങ്ങള്‍ നിലത്തുവീണുകൊണ്ടിരുന്നു. യാതൊരു പിഴവും ആ പ്രവര്‍ത്തിയില്‍ കാണാന്‍ കഴിയുമായിരുന്നില്ല. മഴനിലച്ചുകഴിഞ്ഞിരുന്നു. മറയുന്നതിനുമുമ്പെ സൂര്യന്‍ ചക്രവാളസീമയില്‍ അല്‍പ്പനേരം തിളങ്ങിനിന്നിരുന്നു. തദവസരത്തിലാണ്‌ വെള്ളയുടുപ്പില്‍ പൊതിഞ്ഞ കറുത്തൊരു പേക്കോലം പീടികയിലേക്ക്‌ കടന്നത്‌. അയാളുടെ മുഖം വിളര്‍ത്തിരുന്നു. നല്ല ഉയരമുണ്ടായിരുന്നു. തണുപ്പുകൊണ്ടാവണം മുഖം മരവിച്ചു കാണപ്പെട്ടിരുന്നു. അയാള്‍ എന്നെ നോക്കി ചുമച്ചുകൊണ്ടിരുന്നു, കുറേസമയം. അനന്തരം നോട്ടം പീടികയിലെ സാമാനങ്ങളിലേക്ക്‌ തെന്നി. അയാള്‍ പറഞ്ഞു:'കുറെ നോട്ട്‌ബുക്ക്‌ വേണമായിരുന്നു. വില കുറച്ചു തരണം.'

ഞാനൊരു കെട്ട്‌ നോട്ട്‌ബുക്കുകളുമായി വരുമ്പോള്‍ കണ്ടു, ബാപ്പ പണി നിര്‍ത്തിയിരിക്കുന്നു. ബപ്പ പുരികമുയര്‍ത്തി എന്റെ മുമ്പില്‍ നില്‍ക്കുന്ന അയാളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ആ മനുഷ്യന്‍ നോട്ട്‌ബുക്ക്‌ തിരയുന്ന തിരക്കിലായിരുന്നു. വില്‍പ്പനയിലുള്ള എന്റെ വൈദഗ്‌ദ്ധ്യം ബാപ്പയെ കാണിക്കുവാനുള്ള തിടുക്കമായിരുന്നു എനിക്ക്‌. ഞാന്‍ അയാളോട്‌ നോട്ട്‌ബുക്കുകളെ കുറിച്ച്‌ മേന്മ പറയുകയും കൂടുതലെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അയാള്‍ പുഞ്ചിരിച്ചു, കുറേയേറെ ചുമച്ചു.

അയാള്‍ ചുമയ്ക്കുമ്പോള്‍ ബാപ്പ മുറുമുറുത്തിരുന്നുകൊണ്ടിരുന്നു. അദ്ദേഹം ആ മനുഷ്യന്റെ ഒട്ടിയ കവിളുകളും വിളര്‍ത്ത മുഖവും ശ്രദ്ധിച്ചുകൊണ്ട്‌ എന്നോട്‌ അറബിയില്‍ പറഞ്ഞു:'സഈദ്‌, അയാളുടെ അടുത്തേയ്ക്ക്‌ പോകരുത്‌, ക്ഷയമാണ്‌' ആ വാക്കുകള്‍ എന്നെ സ്തംഭിപ്പിച്ചുകളഞ്ഞു. അയാളെ നോക്കിയ ഞാന്‍ ഭയചകിതനായി:ഇയാള്‍ മരണം പേറുന്നുണ്ടോ? സഹായത്തിനെന്നോണം ഞാന്‍ ബാപ്പയുടെ നേരേ നോക്കി. ബാപ്പ പണിയില്‍ മുഴുകിക്കഴിഞ്ഞിരുന്നു. ഞരമ്പുകള്‍ക്ക്‌ തുടുപ്പ്‌ കൂടിക്കാണപ്പെട്ടു. ചതുരത്തിലും കോണാകൃതിയിലുമുള്ള പുതിയ കര്‍ഡ്ബോര്‍ഡ്‌ കഷ്ണങ്ങള്‍ തറയില്‍ വീണുകൊണ്ടിരുന്നു.

ഞാന്‍ ആ മനുഷ്യനെ വീണ്ടും നോക്കി. അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അതിനുശേഷം ആവശ്യമുള്ളതെടുത്ത്‌ എന്റെ നേരെ നീട്ടി. ഞാനയാളോട്‌ വില പറഞ്ഞു. ശബ്ദം എന്റെ വായ്ക്കകത്തുകിടന്ന്‌ ഉരുണ്ടുമറിഞ്ഞു. എത്രയും വേഗം അയാളെ പറഞ്ഞയക്കണമെന്നുണ്ടായിരുന്നു, എനിക്ക്‌.അയാള്‍ പണം തന്നപ്പോള്‍ ആശ്വാസം തോന്നി. തിടുക്കത്തില്‍ ബാക്കി കൊടുത്ത ശേഷം ഞാന്‍ ചാരിയിരുന്നു. പക്ഷെ അയാള്‍ പോവുകയുണ്ടായില്ല. അയാള്‍ ഞാന്‍ കൊടുത്ത ചില്ലറയിലേക്ക്‌ കണ്ണയച്ചു, പിന്നെ എന്റെ നേരെ നോക്കി.

സൌമ്യമായി പറഞ്ഞു:'മോനെ, തെറ്റുപറ്റി കെട്ടോ. ഇത്രയും ചില്ലറ തരേണ്ടതില്ല.'

അതുകേട്ട ബാപ്പ ഇരിപ്പിടത്തില്‍ നിന്നെണീറ്റു. അയാള്‍ക്ക്‌ നന്ദിപറഞ്ഞശേഷം ചില്ലറ പണപ്പെട്ടിയില്‍ തിരികെയിട്ടു. ക്ഷീണിച്ചു വിളറിയ ആ രൂപം ഇറങ്ങിപ്പോകുന്നത്‌ ഞാന്‍ കണ്ടു. അയാള്‍ക്ക്‌ പിറകെ പ്രതിധ്വനിച്ചുകൊണ്ട്‌ ചുമയും. എന്നിട്ട്‌ അയാള്‍ തിരിഞ്ഞുനിന്ന്‌ തുപ്പുന്നതുകണ്ടു. ചുവന്ന കഫം. ചോരച്ച കഫം ഒലിച്ചുപോയ മഴവെള്ളത്തില്‍ അപ്രത്യക്ഷമായി. ബാപ്പ അവിടെ തന്നെ തങ്ങി. പകരം ആ നീണ്ടുബത്ഷ്ഠമായി ആ ആകാരം എന്റെ മുന്നില്‍ത്തനെ നിന്നു. എന്നിട്ട്‌ വായുവിലേക്ക്‌ കയ്യുയര്‍ത്തി എന്നെ അടിച്ചു. ഞാന്‍ തറയില്‍ വീണു. കരണത്തേറ്റ ആ ആഘാതം എന്റെ ഇരു ചെവികളിലും കിടന്നു മുഴങ്ങി. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ കിടന്നു വിറച്ചു. അതിലൊന്നുപോലും എനിക്ക്‌ മനസ്സിലായില്ല. ഞാന്‍ നിലവിളിച്ചില്ല. ഇതിനു മുന്‍പും അദ്ദേഹം ഇങ്ങനെ കരണത്ത്‌ അടിച്ചിട്ടുണ്ട്‌. എന്നെ അപ്പോഴും ആകുലപ്പെടുത്തിയത്‌ പ്രിന്‍സിപ്പലിന്റെ മുന്നറിയിപ്പായിരുന്നു. എങ്ങനെ ആണ്‌ ഞാന്‍ അത്‌ ബാപ്പയോട്‌ പറയുക?

ക്രമേണ ചെകിട്ടത്തെ മുഴക്കം മാറവെ ബാപ്പ പറയുന്നത്‌ കേള്‍ക്കാമെന്നായി:"ഹറാംപെറന്നോനെ! പീടിക മുടിക്കാനിറങ്ങിയതാ നീ? മറ്റുള്ളോരെപ്പോലെ കണക്കു കൂട്ടാന്‍ കഴിയൂലെങ്കീ പറ. എന്തിനാ എങ്ങനെ എന്നും സ്കൂളിലയച്ച്‌ ഞാന്‍ ബുദ്ധിമുട്ടണത്‌? തോന്ന്യമാതിരി കളിച്ചു നടക്കണോ, അതല്ല മന്‌ഷ്യമ്മാരെപോലെ നന്നാവണോ?"

ബാപ്പ വീണ്ടും വിരലും കാര്‍ഡ്ബോര്‍ഡുമായി സമരം തുടങ്ങി. എന്റെ കവിളില്‍ വീഴ്ത്തിയ ചുവന്ന വിരല്‍പ്പാട്‌ തിണര്‍ത്തു കിടന്നു.വായില്‍ പുകയിലയുരുള ഉള്ള ലക്സ്ന്‍ണമില്ല. വിഴുങ്ങിയിരിക്കണം. ബാപ്പ തുടര്‍ന്നു: "ഞങ്ങളെയൊക്കെ നോക്കാന്‍ ബാപ്പയുണ്ടായിരുന്നെങ്കില്‌ ഞങ്ങള്‌ ഇങ്ങനാവൂലായിരുന്നു. നീയൊക്കെ അല്ലാഹുവിനെ ശുക്ര ചെയ്യണം. എന്നും സ്കൂളിപ്പോണ്‌, തിന്നാന്‍ തരാന്‍ ആള്‌ണ്ട്‌. കുടിക്കാന്‍ തരാനാള്‌ണ്ട്‌,സ്കൂള്‍ഫീസ്‌ കൊട്ക്കാനാള്‌ണ്ട്‌. നെന്റെ വയസ്സില്‌ ഞാനൊക്കെ അധ്വാനിച്ച്‌ ബാപ്പാനേം, ഉമ്മാനേം, പോറ്റീരുന്നു. നാട്‌ വിടാനാണെങ്കില്‌ അതിനും തയ്യാറായിരുന്നു. അതോണ്ട്‌ നിങ്ങക്കൊക്കെ ഇപ്പം നന്നായി..."

ആ പഴയ മുഴക്കം വീണ്ടും; ബാപ്പ പറയുന്നതൊന്നും ചെവിയില്‍ പതിയാത്തതുപോലെ . പ്രിന്‍സിപ്പലിനെക്കുറിച്ചുള്ള ഭയം ഇരട്ടിക്കുന്നത്‌ ഞാനറിഞ്ഞു.സന്ധ്യ, സൂര്യന്‍ പൂര്‍ണ്ണമായും മറഞ്ഞു കഴിഞ്ഞിരുന്നു.അങ്ങകലെ അഡീസ്‌ അബാബയെ ചുറ്റിപോകുന്ന മലനിരകള്‍ക്കപ്പുറം മാത്രം ശോണിമ പരന്നു കിടന്നു .മറ്റ്‌ എല്ലായിടവും അന്ധകാരം വ്യാപിച്ചു കിടന്നു. ശൈത്യം എന്നില്‍ വിറയലുണ്ടാക്കി. അടിയേറ്റ കവിള്‍ അപ്പോഴും നീറി വേദനിക്കുന്നുണ്ടായിരുന്നു. പീടിക വീണ്ടും നിശ്ശബ്ദതയിലാണ്ടു. ചതുരങ്ങളും, കോണുകളും വെട്ടിയിടുന്ന കത്രികയുടെ ഒച്ചമാത്രം. പ്രിന്‍സിപ്പലിന്റെ സുഡാനിച്ചുവയും ചുവന്ന കണ്ണുകളും ഞാന്‍ മനസ്സില്‍ കണ്ടു. യൂനിഫോറം ധരിക്കാതെ വരുന്ന കുട്ടികളോട്‌ മുഴക്കുന്ന ഭീഷണികളും, കാണിക്കുന്ന പരാക്രമങ്ങളും.ചക്രവര്‍ത്തിയുടെ ജന്മദിനാഘോഷം അടുക്കും തോറും അവ കൂടിക്കൊണ്ടിരുന്നു. അന്ന് ഞങ്ങള്‍ എല്ലാവരും വളരെ നന്നായി യൂനിഫോം ധരിച്ചു വരണമെന്ന് മുന്നറിയിപ്പും ഭീഷണിയും അനുദിനം കൂടി കൂടി വന്നു. അനുസരിക്കാത്തവര്‍ക്ക്‌ ഭയാനകമായ ശിക്ഷയായിരിക്കും അവരെ ഇട്ടടക്കാന്‍ സ്കൂളിന്റെ തറക്കടിയില്‍ ഒരു കാരാഗ്രഹം തന്നെ പണിതിട്ടുണ്ട്‌. അവിടെ വിശന്നു പൊരിയുന്ന പാമ്പുകളും, തേളുകളും കാത്തിരിക്കുന്നുണ്ടാകും. ഞങ്ങള്‍ക്ക്‌ പ്രിന്‍സിപ്പലിനെ നന്നായറിയാമായിരുന്നു. അദ്ദേഹം കള്ളം പറയില്ല. പറഞ്ഞത്‌ പറഞ്ഞതുപോളെ ചെയ്യുന്നയാളാണ്‌. ഇപ്പോള്‍ മുഴക്കം അത്ര കേള്‍ക്കാനില്ല. അത്‌ നിശ്ശേഷം നിന്നെന്നു തോന്നുന്നു. ഇപ്പോള്‍ കാര്‍ഡ്‌ ബോര്‍ഡിലോടുന്ന കത്രികയുടെ ചെറുതായ ഒച്ചയൊക്കെ കേള്‍ക്കാം. അത്‌ കടലാസ്സു തുണ്ടുകള്‍ തുപ്പികൊണ്ടിരുന്നു. ബാപ്പ എന്തെടുക്കുകയാണിപ്പോള്‍? ഞാനൊന്ന് ദൃഷ്ടിയയച്ചു. ആ മുഖം വല്ലാത്ത ഗൌരവം വന്ന് തുടുത്തിരിക്കുന്നു. സൌമ്യമായ ആ പുഞ്ചിരി എവിടെ പോയി?

പിറ്റേന്ന് രാവിലെ ഞാന്‍ കണ്ടു, ബാപ്പ എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്താട നിന്റെ കവിളത്ത്‌? അദ്ദേഹം ചോദിച്ചു. ഞാന്‍ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട്‌ തലേന്നുണ്ടായ സംഭവം അദ്ദേഹത്തെ ധരിപ്പിച്ചു.അദ്ദേഹം എന്റെ തലയില്‍ സൌമ്യമായി വിരലോട്ടി:തോളില്‍ ചെറുതായൊന്ന് തട്ടവെ പറഞ്ഞു: "മോനേ, നന്നായി പഠിക്കണംട്ടോ". ഇതുതന്നെ ചോദിക്കാന്‍ പറ്റിയ അവസരം, ഞാന്‍ ചിന്തിച്ചു. അറിയാതെതന്നെ ഞാന്‍ ഇത്രയും പറഞ്ഞു പോയി:" ബാപ്പാ.... എല്ലാ കുട്ട്യോള്‍ക്കും സ്കൂളിപ്പോവുമ്പിടാന്‍ പുത്തനുടുപ്പുണ്ട്‌. എനിക്ക്‌ മാത്രം ഇല്ല. അവരൊക്കെ എന്നെ പരിഹസിക്കൂലെ?" കുറെ കഴിഞ്ഞ്‌ ഞങ്ങളൊന്നായി പുറപ്പെട്ടു. പുത്തന്‍ ഉടുപ്പ്‌ മേടിക്കാന്‍.

image

മുഹമ്മദ്‌ അബ്ദുല്‍ വലീ (യമന്‍)
1940-1973. നോവലിസ്റ്റും ചെറുകഥാകൃത്തും. 'സല്‍മാനിന്റെ മണ്ണ്‌'(1966), ഇഷ്ടം എന്നു പെറുള്ള ഒന്ന്‌(1972), സാലിഹ്‌ അമ്മാമന്‍ (ചെറുകഥാ സമാഹാരങ്ങള്‍); ഒരു തുറന്ന നഗരം (നോവല്‍) എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്‌.
മൊഴിമാറ്റം: എസ്‌. എ ഖുദ്‌സി
പുസ്തകം: കുരുടന്‍ കൂമന്‍, ജിന്ന്, അറബി നാടോടിക്കഥകള്‍, ഇതാ ഒരു സാഹിത്യ ശില്പശാല

Subscribe Tharjani |
Submitted by കുമാര്‍ (not verified) on Tue, 2006-01-17 14:57.

നല്ലൊരു മലബാര്‍ ഗ്രാമീണഭാഷയുണ്ട് പരിഭാഷകന്റെ കയ്യില്‍. ചെറുവികാരങളെ നല്ലതായി അവതരിപ്പിച്ച ഒരു കഥയും.