തര്‍ജ്ജനി

കഥ

മഹാത്മാ ഗ്രന്ഥശാല

പറഞ്ഞു വരുന്നത് മഹാത്മാ ഗ്രന്ഥശാലയെക്കുറിച്ചാണ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള, ഞങ്ങളുടെ നാട്ടിലെ മഹത്തായ ആ സാംസ്കാരിക കേന്ദ്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഓര്‍മ്മിക്കാന്‍ ഒരുപാടുണ്ട്.

ഞാന്‍ പള്ളിക്കൂടം വിദ്യാര്‍ത്ഥിയായിരിക്കെ ജി. ശങ്കരപ്പിള്ളയും എസ്. കെ പൊറ്റക്കാടുമൊക്കെ അവിടെ നടത്തിയ പ്രസംഗങ്ങള്‍ എനിക്ക് മനഃപാഠമാണ്.

പിന്നെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തില്‍ ഗ്രന്ഥശാലാസെക്രട്ടറി രാഘവന്‍‌നായര്‍ സാറ് പുലയിയായ മാധവിയെ കല്യാണം കഴിച്ച് കോളിളക്കമുണ്ടാക്കിയത് ഓര്‍ത്ത് ഞാനിപ്പോഴും ആവേശം കൊള്ളാറുണ്ട്.

ശ്രീ മുരുകാ അത്തച്ചിട്ടി ഫണ്ടിന്റെ തലയാളും കൈരളി ക്ലബ്ബിന്റെ സജീവപ്രവര്‍ത്തകനുമായിരുന്ന കെ. പി. എസ് എഴുതിയ “കാലമേ മാപ്പ്” എന്ന നാടകം പഠിച്ച്, ടിക്കറ്റു വച്ച് അവതരിപ്പിച്ചു കിട്ടിയ പണം കൊണ്ടാണ് ഞങ്ങള്‍ ചെറുപ്പക്കാര്‍ ഗ്രന്ഥശാലക്ക് സ്വന്തമായി ഒരു കെട്ടിടം പണിതത്. നാടകത്തിലെ നായിക രാജേശ്വരിയുടെ വേഷം ഞാനാണ് ചെയ്തതെന്ന് ലജ്ജാപൂര്‍വ്വം ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുമുണ്ട്.

ഗ്രന്ഥശാലയില്‍ രാത്രി വൈകിയും മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളിലൊന്നില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പെണ്‍കോന്തനെന്ന് വിളിച്ചതിന് എന്നെ തല്ലാന്‍ വന്ന കാര്യം ചെത്തുകാരന്‍ ദാമോദരന്‍ മരണക്കിടക്കയിലും പറയാറുണ്ടായിരുന്നു.

കൂട്ടത്തില്‍ പറയട്ടെ, ദാമോദരനെക്കാള്‍ നന്നായി രമണന്‍ കാണാതെ ചൊല്ലാനുള്ള കഴിവ് എനിക്കു തന്നെയായിരുന്നു. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ ഗ്രന്ഥശാലയില്‍ വാങ്ങിയതിന് തോപ്പില്‍ വര്‍ഗീസ് മുതലാളി കമ്മറ്റിയില്‍ നിന്നു രാജിവച്ചതും ഞങ്ങള്‍ കൂവിവിളിച്ചതും ഇന്നലത്തെപ്പോലെ ഓര്‍മ്മയുണ്ട്.

പിന്നീടെപ്പൊഴോ അടഞ്ഞു പോയ ഗ്രന്ഥശാലയില്‍ നിന്നാണ് ഒരു ദിവസം രാത്രി വര്‍ഗ്ഗീസ് മുതലാളിയുടെ മകനെയും സുന്ദരി മറിയയെയും അനാശാസ്യത്തിന് പോലീസ് പിടികൂടിയത്. ചെത്തുകാരന്‍ ദിവാകരന്റെ മകന്‍ സുഗുണന്‍ ഗ്രന്ഥശാലാ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന കോട എക്സൈസുകാര്‍ കണ്ടെടുത്ത സംഭവം അടുത്തകാലത്തായിരുന്നു.

പറഞ്ഞു വന്നത് മഹാത്മാ ഗ്രന്ഥശാലയെക്കുറിച്ചാണ്. ഇന്നലത്തെ കാറ്റിലും മഴയിലും ഗ്രന്ഥശാലാ കെട്ടിടം നിലം പൊത്തി. ചെളിയില്‍ കുഴഞ്ഞ വെട്ടുകല്ലുകളുടെയും പൊട്ടിപ്പൊളിഞ്ഞ ഓടുകളുടെയും പലകക്കഷണങ്ങളുടെയും കൂമ്പാരത്തിനിടയില്‍ മഴയില്‍ അലിഞ്ഞു കൊണ്ടിരിക്കുന്ന ചിതലരിച്ച പുസ്തകങ്ങള്‍ അവ്യക്തമായി കാണാം.

രമണനും ഒളിവിലെ ഓര്‍മ്മകളും അതിലുണ്ടോയെന്ന് നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കാറിന്റെ സൈഡ് ഗ്ലാസ്സുകള്‍ താഴ്ത്തി വയ്ക്കുന്നത് എന്റെ മകന് ഇഷ്ടമല്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രം കറുത്ത ഗ്ലാസ്സുകള്‍ അതിരിട്ട പിന്‍‌സീറ്റിലേക്ക് ചാഞ്ഞ് കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ കിടന്നു.

വിനോദ് ഇളകൊള്ളൂര്‍

Subscribe Tharjani |
Submitted by സുനില്‍ (not verified) on Tue, 2006-01-17 15:04.

കൊള്ളാം. തീവ്രത കമ്മി. ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്‌: ഇ.ഹരികുമാറിന്റേയും ഇന്ദുഗോപന്റേയും കഥകളും ഇക്കഥയും എല്ലാം താരതംയേന അടുത്തുനില്‍ക്കുന്ന വികാരങളെ ചിത്രീകരിക്കുന്നു!. തര്‍ജനിയുടെ ഒരേ ലക്കത്തില്‍!