തര്‍ജ്ജനി

കഥ

ഭ്രാന്തന്

‍അവള്‍, മാലോകര്‍ അദ്ദേഹത്തെപ്പറ്റി പറയുന്നത്‌ ധാരാളം കേട്ടിട്ടുണ്ട്‌. ഉസ്താദ്‌ സഈദ്‌, 'അദ്ദേഹം ഒരു മഹാ പണ്ഡിതനാണ്‌', 'ജ്ഞാനി ആണ്‌'.'അദ്ദേഹത്തിന്‌ അറിയാത്ത വിഷയങ്ങളില്ല, സൂര്യന്‌ താഴെ എല്ലാ വിഷയങ്ങളേപ്പറ്റിയും അദ്ദേഹത്തിന്‌ ആധികാരികമായ അറിവുണ്ട്‌'. സൂര്യന്‌ താഴെ എത്ര വിഷയങ്ങളുണ്ടെന്ന്‌ തന്നെ റുഖിയക്ക്‌ അറിയില്ല!

അവള്‍ക്ക്‌ അദ്ദേഹത്തിന്റെ പാണ്ഡിത്യം കലര്‍ന്ന വാചാലത ഇഷ്ടമാണ്‌. അദ്ദേഹം ഒരു മഹാ ജ്ഞാനിയെപ്പോലെ വാക്കുകള്‍ക്കൊത്ത്‌, കൈകളുയര്‍ത്തി ആംഗ്യങ്ങള്‍ കാണിച്ച്‌ പ്രഭാഷണം നടത്തും. അദ്ദേഹം തികച്ചും ശുദ്ധമായ അറബിയിലാണ്‌ സംസാരിക്കുക. പലപ്പോഴും ഖുറാനില്‍നിന്നും ഹദീത്തുകളില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട്‌ നല്ല കവിതകള്‍ ഈണത്തില്‍ചൊല്ലിയാണ്‌ തന്റെ വാദങ്ങള്‍ സമര്‍ത്ഥിയ്ക്കുക.
ഒരു സുന്ദരനായ സാത്വിക സ്വഭാവമുള്ള ആളാണ്‌ ഉസ്താദ്‌ സഈദ്‌. കയ്യില്‍ ഒരു കെട്ടു പുസ്തകങ്ങളോടെ, കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ടുകൈകളുംകൊണ്ട്‌ പുസ്തകങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്തായിരിക്കും പിടിക്കുക, അങ്ങനേയേ അദ്ദേഹത്തിനെ ഗ്രാമത്തിലുള്ളവര്‍ കണ്ടിട്ടുള്ളൂ. സംശയനിവാരണങ്ങള്‍ക്കായി പ്രായഭേദമന്യേ അദ്ദേഹത്തെ പലരും സമീപിക്കാറുണ്ട്‌. അവര്‍ക്കെല്ലാം വളരെ എളിയതായി വിസ്തരിച്ച്‌ അദ്ദേഹം വിശദീകരിച്ചുകൊടുക്കുന്നത്‌ കേട്ടാലറിയാം അദ്ദേഹത്തിന്റെ പാണ്ഡിത്യം.

illustration for story

റുഖിയ പത്തുവയസ്സുകാരിയായ ഒരു പിഞ്ചു ബാലികയാണ്‌. മലയുടെ താഴ്വാരത്തിലാണ്‌ അവളുടെ താമസം. മലമുകളിലുള്ള തന്റെ വസതിയിലേക്ക്‌ അദ്ദേഹം പോകുന്നത്‌ അവള്‍ വീട്ടിലിരുന്ന്‌ നോക്കി രസിക്കാറുണ്ട്‌. പലപ്പോഴും അവള്‍ കളി നിര്‍ത്തി അദ്ദേഹത്തിന്റെ താളാത്മകമായ നടത്തവും ആളുകള്‍ അദ്ദേഹത്തോടുകാണിക്കുന്ന ബഹുമാനവുമുക്കെ നോക്കിക്കാണാറുണ്ട്‌. ഗ്രാമത്തില്‍ അദ്ദേഹത്തെ മാത്രമേ 'ഉസ്താദ്‌' -പണ്ഡിതന്‍, എന്ന്‌ ആളുകള്‍ വിളിക്കാറുള്ളൂ.

എന്തിനാ, അവള്‍ അത്ഭുതം കൂറി, അദ്ദേഹം എപ്പോഴും പുസ്തകങ്ങള്‍ കൊണ്ടുനടക്കുന്നത്‌? എന്തിനാ അദ്ദേഹം വായിക്കുന്നത്‌? വേറെ ആരും ഇത്രയും, പുസ്തകങ്ങളുടെ കൂട്ട്‌ ഇഷ്ടപ്പെടുന്നതായി കണ്ടിട്ടില്ല.പലതരത്തിലുള്ള ചോദ്യങ്ങള്‍ അവളുടെ കുഞ്ഞു മനസ്സില്‍ രൂപം കൊണ്ടു.
"ഉസ്താദ്‌ സഈദ്‌!" അവള്‍ വിളിച്ചു.
അവളുടെ നേരെ ശൂന്യമായ ഒരു നോട്ടമയച്ചു അദ്ദേഹം. അജ്ഞാതമായ ഒരു ദുഃഖത്തിന്റെ ലാഞ്ഛന ആ നോട്ടത്തിലുണ്ടായിരുന്നതായി അവള്‍ക്ക്‌ തോന്നി. എന്തായിരിക്കും അതിന്‌ കാരണം? അറിയില്ല. ചിലപ്പോള്‍ പുസ്തകങ്ങളായിരിക്കുമോ അദ്ദേഹത്തിന്റെ ദുഃഖകാരണം? ഓ! അറിയില്ല. അവള്‍ സ്വയം പറഞ്ഞു.

എന്തിനാ അദ്ദേഹം പുസ്തകങ്ങള്‍ കൊണ്ടുനടക്കുന്നത്‌? സ്വന്തം കുടുംബത്തേക്കാള്‍ അദ്ദേഹം പുസ്തകങ്ങളെ സ്നേഹിക്കുന്നതായി ജനങ്ങള്‍ പറയുന്നു. പുസ്തകങ്ങള്‍ക്ക്‌ ഒരു ചെറിയ കേടുപറ്റുന്നതുകൂടി അദ്ദേഹത്തിന്‌ സഹിക്കില്ല. ഖമീസമ്മാമന്റെ പീടികയിലിരുന്ന്‌ യാതൊരു ക്ഷീണമോ ബോറടിയോ കൂടാതെ മണിക്കൂറുകളോളം അദ്ദേഹം വായിക്കുന്നു. ഷേയ്ഖ്‌ ഖിദിരിന്റെ ഒപ്പമിരുന്ന്‌ ഗ്രാമസഭയില്‍ പങ്കുചേരുമ്പോഴും, കുറച്ചുകഴിഞ്ഞാല്‍ അദ്ദേഹം തന്റെ പുസ്തകപാരായണം തുടരുന്നത്‌ കാണാം. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഉറക്കെ പത്രപാരായണം നടത്തും.

"എന്താ റുഖിയാമോളേ?" അദ്ദേഹം ചോദിച്ചു.
"എന്താ അങ്ങയെ ഉസ്താദ്‌ സഈദ്‌ എന്ന്‌ വിളിക്കുന്നത്‌?"അവള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നോക്കി ചോദിച്ചു."ഈ ഗ്രാമത്തില്‍ അങ്ങാണോ ഒരു ഉസ്താദ്‌ ആയി ഉള്ളൂ? ഈ ഗ്രന്ഥങ്ങളാണോ അങ്ങയെ ഉസ്താദാക്കിയത്‌? ഇവ വായിക്കുന്നതുകൊണ്ടാണോ അങ്ങ്‌ പണ്ഡിതനായത്‌?"അവള്‍ തന്റെ സംശയങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു.

ശൂന്യമായ ആ നോട്ടത്തില്‍നിന്നറിയാം അദ്ദേഹം തന്റെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന്‌. അവള്‍ മിണ്ടാതെ നോക്കി. ഇദ്ദേഹം തന്റെ കൊച്ചുസംശയങ്ങള്‍ക്ക്‌ ഉത്തരം നല്‍കുമോ?അതോ തന്നോട്‌ ദേഷ്യപ്പെടുമോ? എന്താ ഇദ്ദേഹം ചിന്തിക്കുന്നത്‌?അവള്‍ അനങ്ങാതെ നിന്നു.വിളക്കുകാലില്‍ തൂക്കിയിട്ട റാന്തലില്‍ കണ്ണുംനട്ട്‌ അദ്ദേഹത്തിന്റെ ഇരിപ്പ്‌ കണ്ടാല്‍ തോന്നും ഈ റാന്തലിന്‌ മറ്റുള്ളവയുമായി വളരെ വ്യത്യാസമുണ്ടെന്ന്‌.അല്ലെങ്കിലദ്ദേഹത്തിന്റെ കണ്ണ്‌ കഴുതയുമായി വരുന്ന കച്ചറ പെറുക്കുന്ന തൂപ്പുകാരനിലായിരിക്കും! തൂപ്പുകാരന്‌ സ്വന്തമായി ഈണത്തിലുള്ള ഒരു വിളിയുണ്ട്‌. അതുകേട്ടാല്‍ ഉസ്താദ്‌ സഈദ്‌ തൂപ്പുകാരനെ മുഖമുയര്‍ത്തി ഒന്ന്‌ നോക്കും അത്രമാത്രം പിന്നീട്‌ കണ്ണുകള്‍ തിരിച്ച്‌ പുസ്തകത്താളിലേക്ക്‌ തന്നെ.
"റുഖിയാ, കേള്‍ക്ക്‌.."
ഉസ്താദ്‌ സഈദിന്റെ വിളി, താന്‍ മനസ്സില്‍ കാണുന്ന ഉസ്താദ്‌ സഈദിന്റെ ഭാവനാചിത്രങ്ങളില്‍ നിന്നും അവളുടെ ശ്രദ്ധയെ തിരിച്ചുകൊണ്ടുവന്നു."റുഖിയാ, ഈ ഗ്രന്ഥങ്ങള്‍ വളരെ വിലപ്പെട്ടതാണ്‌. ഇവ പ്രപഞ്ചത്തിന്റെ രഹസ്യം എനിക്ക്‌ പറഞ്ഞുതരുന്നു. സ്വന്തമായി കണ്ടെത്താന്‍ പറ്റാത്തവ എനിക്കീ പുസ്തകങ്ങള്‍ കാണിച്ചുതരുന്നു. അവ വിജ്ഞാനം പകരുന്നു. നിനക്ക്‌ മനസ്സിലാകുന്നുണ്ടോ ഞാന്‍ പറയുന്നത്‌? എനിക്കറിയാം നീയൊരു ബുദ്ധിമതിയാണ്‌. ഈ ഗ്രന്ഥങ്ങള്‍ നിന്റേയും സുഹൃത്തുക്കളാകട്ടെ. നീ ഇവയെല്ലാം വളരെ ശ്രദ്ധയോടെ പഠിക്കൂ. ഇന്‍ഷാ അള്ളാഹ്‌, ഒരു ദിവസം നീയും വളരെ വലിയ ആളാകും."

അത്ഭുതത്തോടെ അവള്‍ എല്ലാം തലയാട്ടികേട്ടു. ചിലതെല്ലാം അവള്‍ക്കുമനസ്സിലായതായി തോന്നി. അത്ഭുതം മാറി നോക്കിയപ്പോള്‍ അദ്ദേഹം തന്റെ താളാത്മകമായ ചുവടുകളോടെ നടന്നു പോകുന്നതാണ്‌ കണ്ടത്‌.

പിന്നീടവള്‍ അദ്ദേഹത്തെ പറ്റി ജനങ്ങള്‍ പറയുന്നത്‌ കേട്ടു:"ഉസ്താദ്‌ സഈദ്‌ ഒരു ഭ്രാന്തനാണ്‌""എകാന്തതയിലും അദ്ദേഹം സംസാരിക്കുന്നു" "പുക പോലെ കട്ടികുറഞ്ഞ, മനസ്സിലാകാത്ത വാക്കുകള്‍ ആണ്‌ അദ്ദേഹം പറയുന്നത്‌" "ബുദ്ധികൂടിയാലും ഭ്രാന്ത്‌ പിടിക്കും" "പുസ്തകങ്ങളാണ്‌ അദ്ദേഹത്തെ വട്ടുപിടിപ്പിച്ചത്‌" ജനങ്ങള്‍ അദ്ദേഹത്തിന്റെ കൂട്ടുകെട്ട്‌ ഒഴിവാക്കിത്തുടങ്ങി. പലപ്പോഴും അദ്ദേഹത്തിന്റെ കണ്‍വെട്ടത്തുകൂടി ആരും പോകാതെയായി.

ഒരുദിവസം "ഉസ്താദ്‌ സഈദ്‌"എന്ന്‌ ഉറക്കെ വിളിച്ചപ്പോള്‍ റുഖിയായെ കൂട്ടികാരികള്‍ കൂടി തള്ളിമാറ്റി ചോദിച്ചു:"നീയെന്താ റുഖിയാ, ഭ്രാന്തിയായോ? ഒരു കിറുക്കനോട്‌ നിനക്ക്‌ സംസാരിക്കാന്‍ ഇഷ്ടമാണോ?അയാള്‍ നിന്നെ ഉപദ്രവിച്ചാലോ?"
"ഇല്ല!അദ്ദേഹം അങ്ങനെ ഒരിക്കലും ചെയ്യില്ല. അദ്ദേഹം ഒരു ഭ്രാന്തനല്ല, അദ്ദേഹത്തിന്‌ ഭ്രാന്തുമില്ല.ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ കൂട്ടുകാരാണ്‌. അവ അദ്ദേഹത്തെ ഭ്രാന്തനാക്കില്ല.മറ്റുള്ളവര്‍ക്ക്‌ അദ്ദേഹത്തിനോട്‌ അസൂയയാണ്‌. കാരണം അദ്ദേഹം മാത്രമല്ലെ ഇവിടെ പണ്ഡിതനായുള്ളൂ.അദ്ദേഹം മാത്രമല്ലെ ഇവിടെ ഒരു മഹാന്‍ ഉള്ളൂ."

എങ്കിലും ഉസ്താദ്‌ സഈദ്‌ അവളുടെ വിളിക്ക്‌ മറുപടി തന്നില്ല. ഒരു ശൂന്യമായ നോട്ടം മാത്രം അവളുടെ നേര്‍ക്കയച്ചു. "ഇല്ല. ഇത്‌ സാധ്യമല്ല. ഇങ്ങനെ ഒരിക്കലും ഉണ്ടാകില്ല. ഉസ്താദ്‌ സഈദിന്‌ ഭ്രാന്ത്‌ പിടിക്കില്ല!"

പിന്നീട്‌ കുട്ടികള്‍ അദ്ദേഹത്തെ കൂക്കിവിളിക്കാന്‍ തുടങ്ങി."ഭ്രാന്തന്‍! ഭ്രാന്തന്‍!" ഒരു ദിവസം സഹിക്കവയ്യാതെ അദ്ദേഹം അവരുടെ നേരെ കല്ലെറിയുന്നത്‌ അവള്‍ കണ്ടു. കുട്ടികള്‍ തിരിച്ച്‌ കല്ലുകളും കാലിക്കോപ്പകളും കൊണ്ടദ്ദേഹത്തെ തുരത്തി. "ഭ്രാന്തന്‍! ഭ്രാന്തന്‍!" ഭയചകിതയായി അവള്‍ അറിയാതെ പറഞ്ഞുപോയി.

അവരുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.അവള്‍ തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും കാലുതട്ടിവീണു. അപ്പോള്‍ അവളുടെ നേര്‍ക്കും അയാള്‍ കല്ലെറിഞ്ഞു. വീട്ടില്‍ വാതിലിന്‌ പിന്നില്‍ അഭയം പ്രാപിക്കുന്നതുവരെ അവള്‍ ഓടി. തലയില്‍ വച്ച കൈ മാറ്റിയപ്പോള്‍, ചോര!അവള്‍ പേടിച്ചുപോയി.
"എന്താ ഇത്‌?" ചോര കണ്ട്‌ പരവശയായി ഉമ്മ ചോദിച്ചു.
"ഓ! ഒന്നുമില്ല. ഓടിയപ്പോള്‍ കല്ലില്‍ത്തട്ടി ഒന്ന്‌ വീണു"അവള്‍ കള്ളം പറഞ്ഞു.
മഴയുടെ വരവായി. മഴയുടെ നിശ്ശബ്ദതാളത്തില്‍ ഭൂമിയാകെ മയങ്ങി. കടകളും വീടുകളും അടഞ്ഞു തന്നെ കിടന്നു. പുകക്കുഴലുകളിലൂടെ വരുന്ന പുകമാത്രം ചലിച്ചു.

മഴയുടെ മണം ശ്വസിച്ച്‌ അതിന്റെ നിശ്ശബ്ദതയിലും ദുഃഖത്തിലും പങ്കാളിയായി, മലയിറങ്ങി വരുന്ന അദ്ദേഹത്തെ അവള്‍ കണ്ടു. അവളുടെ പാദങ്ങള്‍ അവളെ പുറത്തേയ്ക്ക്‌ നയിച്ചു. ആകാശം, പകലിന്റെ അവസാന ശ്വാസത്തിനോട്‌ വിടപറയുകയായിരുന്നു. ഇരുട്ടിന്റെ ഇഴകള്‍മഴവില്ലിന്റെ വര്‍ണ്ണത്തോട്‌ ലയിച്ചുകൊണ്ടിരുന്നു. മഴയുടെ ഗന്ധം കാറ്റിനോടലിഞ്ഞുചേരുന്നു.
തണുപ്പ്‌ പാദങ്ങളിലൂടെ അരിച്ചുകയറുന്നതായി അവള്‍ മനസ്സിലാക്കി. കോട്ടണിഞ്ഞിട്ടില്ല അവള്‍; അദ്ദേഹം അപ്രത്യക്ഷമാകുമോ എന്നവള്‍ ഭയന്നു. ഒലിക്കുന്ന തലയോടെ,വേദനയടക്കി,തള്ളിവരുന്ന കരച്ചിലടക്കി... അവള്‍ വേഗം നടന്നു.
ശക്തമായ കൈകള്‍ തോളില്‍പിടിച്ചതായി അവളറിഞ്ഞു.
"നീ.. നീ കൂടി എന്നെ ഭ്രാന്തനെന്നു വിളിച്ചു അല്ലേ, റുഖിയാ? ഞാനൊരു ഭ്രാന്തനാണോ? പറയ്‌.. പറയ്‌.. റുഖിയാ"
അവള്‍ പരിഭ്രമിച്ചു. തിളക്കമാര്‍ന്ന ഈ കണ്‍കളില്‍ ഭ്രാന്തിന്റെ ലക്ഷണമുണ്ടോ? അതോ,മുറിവേറ്റ ഒരു മനുഷ്യന്റെ പ്രതികാരാര്‍ത്തിയുടെ സൂചനയാണോ ഈ നോട്ടത്തില്‍?അവളദ്ദേഹത്തെ തുറിച്ചുനോക്കി.അവള്‍ക്ക്‌ ശ്വാസം വിടാന്‍ കൂടിപറ്റിയില്ല.
"ഇല്ല, ഒരിക്കലുമില്ല.."അവള്‍ മന്ത്രിച്ചു. അവള്‍ക്കോടണമെന്നുണ്ടായിരുന്നു. പക്ഷെ അവളുടെ പാദങ്ങള്‍ മണ്ണില്‍ ഒട്ടിയിരുന്നു.

അദ്ദേഹം കണ്ണുകളടച്ച്‌,അവളുടെ തോളില്‍ നിന്നും കൈകള്‍ മാറ്റി. കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകുന്നുണ്ടായിരുന്നു മുഖത്ത്‌. കണ്ണുകള്‍ തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ ആ ശൂന്യമായ, ഭ്രാന്തമായ നോട്ടം അപ്രത്യക്ഷമായിരുന്നു. അപരിചിതമായ ഒരു തരം വിഷാദമായിരുന്നു അവിടെ.

"ഇല്ല, ഉസ്താദ്‌ സഈദ്‌," അവള്‍ തുടങ്ങി. "അല്ലാഹുവിനെ ആണയിട്ടുകൊണ്ട്‌ ഞാന്‍ പറയുന്നു, നിങ്ങള്‍ ഭ്രാന്തനല്ല. നിങ്ങള്‍ക്ക്‌ ഭ്രാന്തില്ല. നിങ്ങളെ ഭ്രാന്തനെന്നു വിളിക്കുന്നവരാണ്‌ യഥാര്‍ഥത്തില്‍ ഭ്രാന്തന്മാര്‍"
"നീയിതുപറയുന്നത്‌ എന്നെ പേടിച്ചല്ലേ?"
"അല്ല, അള്ളായാണേ സത്യം, എനിക്കങ്ങയെ പേടിയില്ല. അങ്ങനെയെങ്കില്‍ എന്തിനാ ഞാന്‍ ഒറ്റയ്ക്ക്‌ ഇവിടെ അങ്ങയെ കാണാന്‍ വന്നത്‌? അങ്ങയോട്‌ മാപ്പുചോദിക്കാനാണ്‌ വാസ്തവമായും ഞാന്‍ വന്നത്‌. ദയവായി എനിക്ക്‌ മാപ്പു തരൂ."
"എന്നെ എന്തിനിങ്ങനെ ജനങ്ങള്‍ ഉപദ്രവിക്കുന്നു? അവരെ സ്നേഹിക്കുക എന്നതില്‍കൂടുതല്‍ ഞാന്‍ എന്തു തെറ്റാണ്‌ ചെയ്തത്‌? ഞാനാരേയും ഉപദ്രവിച്ചിട്ടില്ല. പിന്നെയെന്തിന്‌ അവരെന്നെ ഭ്രാന്തനെന്ന്‌ വിളിക്കുന്നു?"
"അവര്‍ക്ക്‌ അങ്ങയോട്‌ അസൂയയാണ്‌. അങ്ങ്‌ മഹാനാണ്‌. അവര്‍ക്ക്‌ അങ്ങയെപ്പോലെ ചിന്തിക്കാനോ സംസാരിക്കാനോ കഴിയില്ല!"
അദ്ദേഹം തലയാട്ടി."ഇക്കാര്യം നിനക്കെന്റെ ഭാര്യയോട്‌ പറയാമോ? ഗ്രാമത്തിലെ മറ്റു ജനങ്ങളോട്‌ പറയാമോ?"അദ്ദേഹത്തിന്റെ കണ്ണുനീര്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു."നീയായിരിക്കും റുഖിയാ, ലോകത്തില്‍ ഞാന്‍ ഭ്രാന്തനല്ലെന്ന്‌ വിശ്വസിക്കുന്ന ഒരേയൊരു വ്യക്തി. പക്ഷേ അവര്‍ നിന്നെയും ശ്രദ്ധിക്കില്ല, വിശ്വസിക്കില്ല. നീ വലുതാകുമ്പോള്‍, റുഖിയാ നീയെന്റെ കഥ എഴുതുമോ? ദയവായി മറക്കരുത്‌, റുഖിയാ. ഞാനത്‌ വായിക്കും, ഇന്‍ഷാ അള്ളാഹ്‌, അനന്തതയിലെ, അജ്ഞാതമായൊരു സ്ഥലത്തിരുന്ന്‌."
നിശ്ശബ്ദത അദ്ദേഹത്തിന്റെ അവസാനവാക്കുകളെ വിഴുങ്ങി.അവളുടെ മുടിയില്‍ തലോടിക്കൊണ്ടദ്ദേഹം പറഞ്ഞു "വിട". ഇരുട്ട്‌ അദ്ദേഹത്തിന്റെ കാലടികളെയെന്നപോലെ അദ്ദേഹത്തേയും ആലിംഗനംചെയ്തു.

പിറ്റേദിവസം രാവിലെ ജനങ്ങള്‍ രഹസ്യമായി മന്ത്രിക്കുന്നുണ്ടായിരുന്നു "ഭ്രാന്തന്‍, ഓടിപ്പോയി. കിറുക്കന്‍ ഇന്നലെ രാത്രി വീട്ടില്‍ വന്നിട്ടില്ല. വട്ടന്‍, ഗ്രന്ഥങ്ങളും കൊണ്ടാണ്‌ പോയിരിക്കുന്നത്‌"
ഒരു കൊച്ചുകുറിപ്പ്‌ അദ്ദേഹം തന്റെ ഭാര്യക്ക്‌ എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഗ്രാമത്തിലെ മറ്റൊരു അക്ഷരാഭ്യാസി അതിങ്ങനെ വായിച്ചു: "ചിന്തകളെ ഉള്‍കൊള്ളാനാകുന്ന, സ്നേഹം നിറഞ്ഞ ഒരു ഹൃദയത്തിനെ അന്വേഷിക്കാനായി ഞാന്‍ വിട വാങ്ങുന്നു."

അദ്ദേഹത്തിന്റെ ഭാര്യ വായുംപിളര്‍ന്ന്‌ ഇരുന്നുപോയി. പിന്നീട്‌ അവരും മറ്റുള്ളവരും പറഞ്ഞു "ഓ! അയാള്‍ ഒരു ഭ്രാന്തനാണ്‌."

ജമീലാ ഫതാനി
മൊഴിമാറ്റം: സുനില്‍കുമാര്‍

(റിയാദിലെ എഡ്യൂക്കേഷന്‍ ട്രെയ്‌നിംഗ്‌ ഇന്‍സ്റ്റിട്യൂട്ടില്‍ ജോലി ചെയ്യുന്നു. അറബി ഭാഷയില്‍ ബിരുദധാരി. "അല്‍-റിയാദ്‌"ന്റെ എഡിറ്ററായി ജോലിനോക്കിയിരുന്നു. കവയത്രിയും പത്രപ്രവര്‍ത്തകയുമായ ജമീല സാഹിത്യബന്ധമുള്ളതും സാമൂഹ്യപ്രധാനമുള്ളതുമായ രചനകള്‍ നടത്തുന്നു. "അല്‍ ഇന്തിസാര്‍-അലാ അല്‍-മുസ്തഹില്‍" (Victory Over the Impossible) എന്ന പേരിലുള്ള ഒരു ചെറുകഥാസമാഹാരം 1990ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.)
Subscribe Tharjani |