തര്‍ജ്ജനി

കഥ

എച്ചില്‍ മനുഷ്യരുടെ കണ്ണുകള്‍

ബസ്സിറങ്ങിയ ശേഷം അല്പം ഉള്ളിലേയ്ക്കു നടക്കണമായിരുന്നു, നഗരത്തിന്റെ മുഴുവന്‍ ‘മൊറാലിറ്റി‘യെയും പരിരക്ഷിക്കാന്‍ ഉരുവാക്കപ്പെട്ട ‘ഇന്‍ഫന്റ് ജീസസ് ക്ലിനിക്കി‘ലേയ്ക്ക്. പേരിലെ കുട്ടിത്തം എന്നെ വല്ലാതെ രസിപ്പിച്ചെങ്കിലും കുഴിഞ്ഞ മുഖവും പേശികള്‍ ദ്രവിച്ച് കടയറ്റ ദന്തനിരയും കണ്ണിന്റെ കുഴികളില്‍ പീളയുമായി നിന്ന കാവല്‍ക്കാരന്റെ നോട്ടം പോലെ എനിക്കവിടം അസഹനീയമായി തോന്നി. പരിസരവും ഉള്‍വശവും വേണ്ടത്ര പരിചരണം കിട്ടാതെ അലസതയോടെ ചുരുണ്ടു കിടന്ന ആ അന്തരീക്ഷത്തിന് സ്പിരിറ്റിന്റെ ഗന്ധമായിരുന്നു.. ആദ്യം അനുഭവപ്പെട്ട മുലപ്പാലിന്റെ മണം ഒരു പക്ഷേ എന്റെ തോന്നലായിരിക്കാം.

ഭൂതകാലത്തേയ്ക്കോ, അല്ല ഗര്‍ഭപാത്രത്തിലേയ്ക്കു തന്നെ തിരികെ പോകുന്നതുപോലെ ഇരുണ്ട കെട്ടിടത്തിലേയ്ക്കു ഞാനും ശകുന്തളയും കടന്നു. റിസപ്ഷനു മുന്നിലെ ഒഴിഞ്ഞു കിടന്ന കസേരകളിലൊന്നില്‍ ഞാനിരുന്നു. വെറുതെയിരിക്കുമ്പോള്‍ എല്ലായ്പ്പോഴും ചെയ്യാറുള്ളതു പോലെ സിഗററ്റു വലിക്കുകയും കണ്ണട ഊരി തുടയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടെ ചുമരിലെ ചിത്രങ്ങളിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു. അവിടെ കാണപ്പെട്ട നാലു ചിത്രങ്ങളിലും മനുഷ്യരാരുമില്ല; മൃഗങ്ങളും. ചലനമറ്റ, നിശ്ശബ്ദമായ വിജന താഴ്വരകളും മരുഭൂമിയിലെ കാറ്റും മാത്രം വിഷയമായ ‘ചിത്ര’ങ്ങള്‍.

എന്തോ കാര്യം പറഞ്ഞ് ഒപ്പിടാന്‍ വിളിച്ചപ്പോള്‍ മാത്രമാണ്, അത്രനേരവും റിസപ്ഷനില്‍ നിന്ന സുന്ദരിയായ പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്. അവള്‍ക്കെങ്ങനെ എന്റെ പേരു മനസ്സിലായി? ഒരു പക്ഷേ ശകുന്തള പറഞ്ഞിട്ടുണ്ടാവണം. തനിക്ക് എല്ലാമറിയാം എന്ന മട്ടില്‍ തലകുലുക്കി, ചെറിയൊരു ചിരി വരുത്തി അവള്‍ കണ്‍സള്‍ട്ടിംഗ് മുറിയിലേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

പിന്നീട് ഒരു സ്ട്രെച്ചറില്‍ ക്ലിനിക്കിന്റെ തണുത്തു നീണ്ട ഇടനാഴിയിലൂടെ നീങ്ങിക്കടക്കവേ ശകുന്തള എന്നോടെന്തോ പറയാന്‍ തുടങ്ങുകയും പാതിവഴിയ്ക്ക് അത് ഉപേക്ഷിക്കുകയും ചെയ്തത് എന്നെ അമ്പരപ്പിച്ചു. അവളുടെ മുഖം വിളറിയിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്റെ മുഖവും വിളറിയിട്ടായിരുന്നോ എന്തോ? അതിനിബിഡമായ വെളിച്ചത്തിന്റെ അന്ധകാരത്തിലേയ്ക്കാണ് ഇപ്പോള്‍ അവളുടെ യാത്ര.

ഇരുളിനെ തുളച്ചുകൊണ്ട് കണ്ണുകള്‍ക്കു നേരെ നീണ്ടു വരുന്നതെന്താണ്? താന്‍ കാണുന്നത് ആരെയാണ്? “എന്റെ അച്ഛാ, എന്റെ അമ്മേ എന്നെ കൊല്ലരുതേ!“ എന്നൊരു നിലവിളി കേട്ടതു പോലെ. പൊടുന്നനെ വിളക്കുകളെല്ലാം അണയുകയും ചുറ്റും പരുങ്ങി നിന്ന ഇരുള്‍ അവിടമാകെ നിറയുകയും ചെയ്തു. ആ ഇരുട്ടില്‍ നിന്നു പേടിച്ചരണ്ട ഒരു കുട്ടിയുടെ കരച്ചിലുയര്‍ന്നു, ഒരു പ്രാര്‍ത്ഥന പോലെ...

മുറിയ്ക്കുള്ളിലെ ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്നു കണ്ണുകളെങ്കിലും അവളെ ആ ഇരുളിലും എനിക്കു തിരിച്ചറിയാം. മുഖമുയര്‍ത്താതെ കരയുന്ന അവളെ എനിക്കു കാണാമായിരുന്നു. എന്തിനായിരിക്കും അവളിപ്പോള്‍ കരയുന്നത്?

story illustration

എനിക്കു പിന്നില്‍ വാതില്‍ വലിച്ചടച്ചു. ചെവിയോര്‍ത്തപ്പോള്‍ അകത്ത് ശകുന്തള കരച്ചിലടക്കാന്‍ പണിപ്പെടുകയാണെന്നു ഞാന്‍ അറിഞ്ഞു. ക്രമേണ ശബ്ദമൊന്നും കേള്‍ക്കാതായി. പുകയും നാറ്റവും നിറഞ്ഞ ആ ഇടനാഴി വിറങ്ങലിച്ച പോലെ നിന്നു. മരവിപ്പ് മാറാന്‍ വാതിലിനു പുറം തിരിഞ്ഞു നിന്ന് ഞാനൊരു പുതിയ സിഗററ്റിനു തീ കൊളുത്തി.

കൂടെവന്ന വേണ്ടപ്പെട്ടവരെക്കാത്ത് വിശ്രമമുറിയില്‍ വേറെയും പലരുമുണ്ടായിരുന്നു. മുഖമുയര്‍ത്തി ഞാന്‍ ചുറ്റും നോക്കി. പലരും നല്ല ഉറക്കത്തില്‍. മറ്റുള്ളവര്‍ വായിക്കുകയോ ഒന്നും ചെയ്യാതെ അലസമായി അങ്ങുമിങ്ങും നോക്കിക്കൊണ്ടിരിക്കുകയോ ആയിരുന്നു. എനിക്കു മുന്നിലൂടെ ആരെല്ലാമോ തിരക്കിട്ട് കടന്നു പൊയ്ക്കൊണ്ടിരുന്നു. ചിലര്‍ വാതില്‍ക്കലോളം വന്നു നോക്കി ഇരിപ്പിടങ്ങളൊന്നും ഒഴിയാത്തതു കൊണ്ട് ഖേദപൂര്‍വം തിരിച്ചു പോയി. അവരൊക്കെ ഒരു പക്ഷേ പതിവുകാരായിരിക്കും. ചിലരെ മുഖപരിചയം തോന്നി, അതെ ചരിത്ര പാഠപുസ്തകങ്ങളില്‍....

...ചാഞ്ഞിരുന്ന് ഉറങ്ങുകയായിരുന്ന ഒരാളെ ഞാന്‍ കുലുക്കി വിളിച്ചു. അയാളുടെ രൂക്ഷമായ നോട്ടത്തില്‍ ഞാന്‍ ഭയന്നു. കാണ്ടാമൃഗത്തിന്റെ കൊമ്പു പോലെ എന്തോ ഒന്ന് അയാള്‍ക്ക് നെറ്റിയില്‍ മുളച്ചിരിക്കുന്നു. അത്ഭുതം. വിശ്രമമുറിയിലിരിക്കുന്ന സകലര്‍ക്കും കൊമ്പൂ മുളച്ചിരിക്കുന്നു. ഈയിടെ എന്റെ നെറ്റിയില്‍ രൂപപ്പെട്ട മുഴയില്‍ ഞാന്‍ അമ്പരപ്പോടെ, എന്നാല്‍ ശങ്കയോടെ മെല്ലെ വിരലോടിച്ചു. തലയില്‍ ഒരു മേഘക്കട്ട വന്നിടിച്ചതു പോലെ.
കുറ്റിത്താടി തലോടി നെറ്റിയില്‍ ഞാന്‍ അമര്‍ത്തി തടവിക്കോണ്ടിരുന്നു. തലയിലെ ഭാരം കുറയ്ക്കാനായിരുന്നു അത്. ഓര്‍മ്മകളുടെ സമ്മര്‍ദ്ദം പതിവിലധികമായി ഇത്തവണയെന്ന് എന്റെ മിളിച്ച കണ്ണുകള്‍ പറഞ്ഞു. കുറേ നേരം കണ്ണടച്ച് ഇരുട്ടാക്കി തല കുമ്പിട്ടിരുന്നു. കുമ്പസാര കൂടിനു മുന്നില്‍ മുട്ടു മടക്കുന്നതു പോലെ.

അല്പം കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ മുറി നിറയെ മൂടല്‍ മഞ്ഞായിരുന്നു; ഓര്‍മ്മകളുടെ മൂടല്‍ മഞ്ഞ്. സ്നേഹത്തിന്റെ നാളുകള്‍ രണ്ടു പേര്‍ക്കുമുണ്ടായിരുന്നു. അവ കഴിഞ്ഞു പോയി. ഇപ്പോള്‍ അത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ ഓര്‍ക്കാറേയില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒരു വലിയ നുണ ലോകത്തെ വിശ്വസിപ്പിക്കുന്നു. അത്, നിറഞ്ഞിട്ടും നിറയാത്തതു പോലെ ഒളിപ്പിക്കുന്ന ശകുന്തളയുടെ വയറാണ്. ഹൊ! ഞാന്‍ ഒരു പാടു തവണ അലിവോടെ അതിന്മേല്‍ തൊട്ടിട്ടുണ്ട്. ഒരു കുഞ്ഞിന്റെ കവിളില്‍ തൊടുന്നതു പോലെ തോന്നും. കൈത്തലത്തിനടിയില്‍ ഒരു ജീവന്റെ സ്പന്ദനം. ഒരു പൊക്കിള്‍ക്കൊടിയുടെ മാര്‍ദ്ദവം. ഇളം ചുണ്ടുകളുടെ വിറയല്‍. ആ നിമിഷത്തെ അതിജീവിക്കാന്‍ മുഖം കുനിച്ച് ഞാന്‍ ശകുന്തളയെ ‌ചുംബിക്കുകയായിരുന്നു പതിവ്.

മനസ്സിനെപ്പോലെ തന്നെ ചുണ്ടുകള്‍ക്കും ആര്‍ദ്രത നഷ്ടമായെന്നു തോന്നുന്നു. തുറന്ന ജാലകത്തിലൂടെ കണ്ട ചാര നിറമാര്‍ന്ന ആകാശത്തിനു കീഴെ അനേകം തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു. ഒരു പക്ഷേ അത് ഈയാം പാറ്റകള്‍ ഇണചേരുന്നതായിരിക്കണം. എങ്കില്‍ ഇനിയും മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ഒരുകൂട്ടം ഇലക്ട്രിക് ബള്‍ബുകളുടെ സൌമ്യമായ പ്രകാശത്തിലേയ്ക്ക് ഇപ്പോള്‍ ശകുന്തളയുടെ രഹസ്യക്കണ്ണ് തുറന്നിരിക്കണം. വിശ്രമമുര്രിയിലായിരുന്ന ചിലര്‍ക്കൊക്കെ ഡോക്ടര്‍ക്കൊപ്പം ചായകുടിയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായി. കൂട്ടത്തില്‍ ഞാനും വിളിക്കപ്പെട്ടു.

ക്ലിനിക്കിന്റെ പിന്‍ വശത്തെ വരാന്തയില്‍ നിന്നു നോക്കിയാല്‍ വ്യത്യസ്തമായ ഒരു ലോകമായിരിക്കും കാണുക. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോളിഫ്ലവറുകള്‍. അവയ്ക്കിടയില്‍ തന്നെ അസാധാരണ വലിപ്പമുള്ള കാബേജുകള്‍ഉം. കാബേജ് - കോളിഫ്ലവര്‍ തോട്ടത്തില്‍ നിറയെ ചിതറിയ ചോരത്തുള്ളികള്‍ പോലെ ചുവന്ന പൂക്കള്‍. കള പറിക്കുന്ന ലാഘവത്തോടെ ഡോക്ടര്‍ അവയെ നുള്ളി നീക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ഒരു ചെറു പുഞ്ചിരിയിലൂടെ അയാളെന്നെ അവിടേയ്ക്ക് ക്ഷണിച്ചു. എന്റെ താത്പര്യം ഉണര്‍ന്നു.
“ വരൂ, വരൂ പ്രിയ സുഹൃത്തേ, ‘ഞെളിയന്‍ പറമ്പി’ലേക്ക് സ്വാഗതം!”.

ഓമനിച്ചു വളര്‍ത്തുന്ന കോളിഫ്ലവറിനെക്കുറിച്ചു ഡോക്ടര്‍ വാചാലനായി. മറ്റൊരിടത്തും കിട്ടാനിടയില്ലാത്തത്ര മുന്തിയ രുചിയാണെന്നു പറഞ്ഞ് എന്റെ കൊതിയെ അയാള്‍ പ്രലോഭിപ്പിച്ചു. പക്ഷേ ‘ ഞെളിയന്‍ പറമ്പെന്ന’ ആ നിശ്ശബ്ദ ലോകത്തിന്റെ പേരായിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

ആദ്യം വായില്‍ തിരുകിയ ചപ്പാത്തിയോടൊപ്പം ആര്‍ത്തിയോടെ അകത്താക്കിയ കോളിഫ്ലവര്‍ എനിക്ക് പുതിയ അനുഭവമായിരുന്നു. എങ്കിലും കൂടുതല്‍ കറി എന്റെ പാത്രത്തിലേയ്ക്ക് പകര്‍ന്നപ്പോള്‍ മാത്രമാണ് ശരിക്കും ഞാന്‍ അമ്പരന്നത്. ഇളം കോഴിക്കുഞ്ഞുങ്ങളുടേതു പോലുള്ള - ഒറ്റനോട്ടത്തില്‍ ‘ചിക്കന്‍ സിക്സ്റ്റിഫൈവ്’ ആണെന്നു തോന്നും - സ്നിഗ്ധമായ കാലുകളിലൊന്ന് എന്റെ കണ്ണില്‍പ്പെട്ടു. പിന്നെ പിടി തരാതെ അത് പാത്രത്തിന്റെ അഗാധതയിലേയ്ക്കു മുങ്ങിപ്പോയി. ... അതൊരു പക്ഷേ, ഇനിയും പഴുത്തു പാകമാകാത്ത ഒരു കുഞ്ഞിക്കാലാണെങ്കിലോ..? കോളിഫ്ലവറിന്റെ ഇതളുകള്‍ക്ക് എങ്ങനെ ഇത്രയും സാമ്യമുണ്ടായി..? മനസ്സില്‍ ഒരു വിങ്ങല്‍. നട്ടെല്ലിന് തിണര്‍പ്പ് ഏറിയതു പോലെ. എന്റെ മനോനില മനസ്സിലാക്കിയിട്ടെന്ന പോലെ ഡോക്ടര്‍ പറഞ്ഞു :
“അറിയാമല്ലോ... ഇവിടത്തെ എച്ചിലുകള്‍ക്ക് വന്‍ ഡിമാന്റാണ്. സൌന്ദര്യ വര്‍ദ്ധക കമ്പനികളുടെ ഏജന്റുമാര്‍ ഇവിടെ കയറി ഇറങ്ങി നടപ്പാണ്. പക്ഷേ ഞാനവരെ പ്രോത്സാഹിപ്പിക്കാറില്ല. പകരം ഞാന്‍ അവയെ ഞെളിയന്‍ പറമ്പിലെ കൃഷിയ്ക്ക് വളമായി ഉപയോഗിക്കുന്നു. വല്ലപ്പോഴുമൊക്കെ നിങ്ങളുമൊത്ത് ഒരു ചായകുടിയ്ക്ക് തരപ്പെടുമല്ലോ..?

ഞാനൊരു നിലവിളിയോടെ പുറത്തേയ്ക്ക് തെറിച്ചു പോയി. പിന്നില്‍ കൂട്ടച്ചിരി കേള്‍ക്കാമായിരുന്നു. ശകുന്തളയെ ഓപ്പറേഷനു ശേഷം കൊണ്ടു വരുന്ന മുറിയെ ലക്ഷ്യമാക്കി ഇടനാഴിയിലൂടെ പായുന്നതിനിടയില്‍ ഞളിയന്‍ പറമ്പിലേയ്ക്ക് നോട്ടം പാളി വീണു. കൂട്ടമായി തറയില്‍ പതുങ്ങിക്കിടക്കുന്ന കാബേജിന്റെ വിടര്‍ന്നു തുറിച്ച കണ്ണൂകള്‍ എന്നെ തിരിച്ചറിഞ്ഞി. അതിന് പകയുടെ ചെമപ്പുനിറം കലര്‍ന്നിരുന്നു. കീറിമുറിച്ച് വികൃതമാക്കപ്പെട്ടതു പോലെയായിരുന്നു ഓരോ കണ്ണുകളും. ഇലകള്‍ മാറിമാറി കൂടുതല്‍ ആഴമുള്ള കണ്ണുകളെ കണ്ടു. അവയ്ക്ക് പൂക്കളുടേതല്ലാത്ത എന്തോ മാന്ത്രികത വശമുണ്ടെന്ന് ഞാന്‍ പൊടുന്നനെ തിരിച്ചറിഞ്ഞു. ‘പിറവി നിഷേധിക്കപ്പെടുന്ന ഓരോ കുഞ്ഞും ഈ പിന്നാമ്പുറത്ത് കോളിഫ്ലവറായി വിരിയുന്നു.’ ഇളക്കിമാറ്റിയ തലയോടിന്റെ ഉള്‍ഭാഗം പോലെ തോന്നിക്കുന്ന കോളിഫ്ലവറുകള്‍. ചിറകു വിരിയാത്ത മാലാഖക്കുഞ്ഞുങ്ങളുടെ ശരീരാവയവങ്ങള്‍ പോലെയാണ് ഞാന്‍ അല്പം മുന്‍പു കഴിച്ച കറി എന്നു തോന്നി. ഓരോ ഭ്രൂണഹത്യയിലും ഓരോ കോളിഫ്ലവര്‍. ദൈവമേ! ഇനി എന്റേതായി ഒരു പൂവു കൂടി വിരിയും.

എത്രയും വേഗം ശകുന്തളയെ കാണണം. തീര്‍ത്തും ആളൊഴിഞ്ഞ ഇടനാഴിയിലെ ഇരുവശത്തും കാണുന്ന വാതിലുകളില്‍ ‘ശല്യപ്പെടുത്തരുത്” എന്ന ബോര്‍ഡ് വിറങ്ങലിച്ചു കിടക്കുന്നു. അവയിലൊന്നു മാത്രം ‘തുറക്കരുത്‘ എന്ന താക്കീതു നല്‍കി.

ശകുന്തളയെ മുറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. അവളിപ്പോള്‍ നല്ല മയക്കത്തിലാണ്. ശുഭ്ര വിരിപ്പുകളില്‍ വിശ്രമിക്കുന്ന നനുത്ത വെളുത്തക്കുപ്പായങ്ങളണിഞ്ഞ, അസംഖ്യം നവജാത ശിശുക്കളെ ഞാനവിടെ കണ്ടു. ജീവന്‍ തുളുമ്പുന്ന കുഞ്ഞു മക്കള്‍. ചിലര്‍ ഉറങ്ങുന്നു. ചിലര്‍ ഉറക്കത്തില്‍ ചിരിക്കുന്നു. ‘ ചില ജൈവ ബിന്ദുക്കളെ താങ്ങാന്‍ ഒരു ഗര്‍ഭപാത്രത്തിനും കഴിയില്ല. അതുകൊണ്ട് വിശുദ്ധ ചുംബനത്താല്‍ പൊതിഞ്ഞു അവരെ പുണ്യവാന്മാരായി വാഴ്ത്തുക. ഈ ലോകത്ത് പിറക്കാനുള്ള നിയോഗം അവര്‍ക്കില്ലായിരിക്കും. അവര്‍ മറ്റേതോ ലോകത്തിലേയ്ക്ക് നീക്കി വയ്ക്കപ്പെട്ടവരായിക്കും‘.....മുറിഞ്ഞ ചിന്തകള്‍ക്കൊപ്പം ഊഹങ്ങളും ദുരൂഹതകളോടുമൊപ്പം, ബോധം സഞ്ചരിക്കുന്നു. കണ്ണുകള്‍ അടയുന്നു..... തല മേശയ്ക്കു മേല്‍ അമരുന്നു.

ഉണര്‍ന്നപ്പോഴും മുറിയില്‍ നിശ്ശബ്ദത മാത്രമായിരുന്നു. ഞങ്ങളുടെ മുറി ഈ ക്ലിനിക്കിന്റെ ഒരു ഭാഗമെന്നോ, എന്തിന് ഈ ലോകത്തിന്റെ തന്നെ ഭാഗമെന്നോ കരുതാന്‍ കഴിയുന്നില്ല. സകല ബന്ധങ്ങളില്‍ നിന്നും വേര്‍പെട്ടതു പോലെ. ആകാശത്തിന്റെ ശൂന്യതയിലെവിടെയോ തൂങ്ങിക്കിടക്കുന്ന ദ്വീപാണിത്. ഞാനിവിടെ നിശ്ശബ്ദതയ്ക്കും ശൂന്യതയ്ക്കും കാവലിരിക്കുന്നു. ഈ മുറിയ്ക്ക് രണ്ടു വാതിലുകളുണ്ട് ; പ്രണയവും മരണവും. ഒന്നു തുറന്നാല്‍ അടുത്തത് മറക്കും.

ശകുന്തള ഇനിയും ഉണര്‍ന്നിട്ടില്ല. അവളിട്ടിരിക്കുന്ന നീണ്ട ഗൌണ്‍ കൂടുതല്‍ അയഞ്ഞുപോയിരിക്കുന്നു. കവിളുകള്‍ രക്തപ്രസാദമില്ലാതെ പെട്ടെന്ന് മെലിഞ്ഞതു പോലെ. എനിക്ക് ഒരു വല്ലായ്മ തോന്നി. ഛര്‍ദ്ദിച്ചേക്കുമോ എന്നു ഭയന്നു. സംസാരിക്കാന്‍ നാവു വഴങ്ങുന്നില്ല, മരവിച്ചിരിക്കുന്നു. സങ്കടം കൊണ്ട് ചുണ്ടു കോടി വികൃതരൂപമായി. കണ്ണീരുവീണ് അവളുടെ വയറു നനഞ്ഞു. എന്നിട്ടും ശകുന്തള അനക്കമില്ലാതെ കിടക്കുന്നതു കണ്ട് കുലുക്കിവിളിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. കവിളുകള്‍ നീലിച്ച്, മറ്റേതോ ഒരു ലോകത്തിന്റെ മുദ്ര അവള്‍ക്കുമേല്‍ തറഞ്ഞിരിക്കുന്നു. അവളുടെ വിരലുകളില്‍ തൊട്ടു, കൈവെള്ളയില്‍ കൈ ചേര്‍ത്തു പിടിച്ചു. എല്ലാം തണുത്തു വിറങ്ങളിച്ചിരിക്കുന്നു. നിലയ്ക്കാത്ത രക്തം കട്ടില്‍ക്കാലുകളും പിന്നിട്ടിരിക്കുന്നു. എല്ലാം കഴിഞ്ഞിരിക്കണം. ‘ പിയത്തെ’ ചിത്രത്തിലെ കന്യാമറിയത്തിന്റെ വിളറിയ മുഖഛായ തോന്നി, അവള്‍ക്ക്. ഉണ്ണിയോടൊപ്പം അവളും ഇന്നു ക്രൂശിതയായിരിക്കുന്നു.

വാതിലില്‍ ആരോ തട്ടിവിളിക്കുന്നു. തുറന്നു നോക്കി. നഴ്സാണ്. അടര്‍ത്തിയെടുത്ത നക്ഷത്രക്കുഞ്ഞുങ്ങളുടെ ചിത്രമുള്ള ശകുന്തളയുടെ കുപ്പായം നിറയെ രക്തക്കറയോടെ അവരെന്നെ ഏല്പിച്ചു. മരണത്തിന്റെ വിരളടയാളങ്ങള്‍ പതിഞ്ഞ ഗൌണിലെ നക്ഷത്രങ്ങള്‍ മിക്കാവാറും മാഞ്ഞു പോയിരിക്കുന്നു. വല്ലാത്ത അസ്വസ്ഥതയോടെ ഞാനത് എവിടേയ്ക്കോ വലിച്ചെറിഞ്ഞു. ഒരു പക്ഷേ ശകുന്തളയുടെ മുഖത്തായിരിക്കും അതു വീണത്. മുറിക്കു പുറത്തേയ്ക്ക് ഏതോ ഒരു വാതില്‍ തുറന്ന് ഓടി. എങ്കിലും ശകുന്തളയെ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി. ഇപ്പോള്‍ സഹതാപത്തേക്കാളേറെ അറപ്പോടെ എനിക്ക് നോക്കാന്‍ കഴിയുന്നുണ്ട്. ഇനി എനിക്ക് രക്ഷപ്പെടാം.

ഞെളിയന്‍ പറമ്പിലൂടെയായിരുന്നു പാച്ചിലെങ്കിലും വീണ്ടും ആ കാബേജുകളെയും കോളിഫ്ലവറുകളെയും നോക്കാന്‍ എനിക്കായില്ല. കുത്തിക്കീറിയ മുഴുവന്‍ കണ്ണുകളും എനിക്കു നേരെ രൂക്ഷമാകുന്നു. ആയുധമേന്തി ആര്‍ത്തിരമ്പുന്ന പൂക്കള്‍. ഇടയ്ക്കൊക്കെ വള്ളി നീട്ടിയെറിഞ്ഞ് അവരെന്നെ കുടുക്കി.

ഒരു പനയോളം വലുതായി വിടര്‍ന്നാടി എന്നെ വിഴുങ്ങാനടുക്കുന്നു. ചുറ്റും പൂക്കളുടെ ഇരമ്പല്‍. നിലവിളികളും കൂക്കിവിളികളും വകഞ്ഞുമാറ്റി മുന്നില്‍ക്കണ്ട വഴികളിലൂടെ ഓടി. എത്രനേരമെന്നറിയില്ല.... അതിനിടയില്‍ എറിഞ്ഞുകളഞ്ഞെന്നു കരുതിയ ശകുന്തളയുടെ നക്ഷത്ര ഖചിതമായ വെള്ളക്കുപ്പായം എന്റെ കക്ഷത്തിരിക്കുന്നതു ഞാന്‍ അറിഞ്ഞു. അതിന് രക്തക്കറയുടെ കനച്ച ഗന്ധമായിരുന്നു. പെട്ടെന്നുള്ള പ്രേരണയില്‍ ആ പാപക്കറ ഞാന്‍ എവിടേയ്ക്കോ വലിച്ചെറിഞ്ഞു. എനിക്കു പിന്നില്‍ ഒരു വിതുമ്പല്‍ കേട്ടെന്നു തോന്നുന്നു. ഇരുണ്ടുമൂടിയ ആകാശം താഴ്ന്നിറങ്ങി വരുന്നു. ഭൂമി കാല്‍ച്ചുവട്ടില്‍ നിന്നു തെന്നി മാറുന്നു. ഭീകരനായ ഒരു വ്യാളി എന്നെ വിഴുങ്ങാനൊരുമ്പെടുന്നു. വീണ്ടും ഒരു ഗര്‍ഭപാത്രത്തിന്റെ സ്വകാര്യതയിലേയ്ക്ക്......; സുരക്ഷിതത്വത്തിലേയ്ക്ക്.... സുഷുപ്തിയിലേയ്ക്ക്................

അശോക് ഏ ഡിക്രൂസ്
2005-ല്‍ പൂന്താനം പുരസ്കാരം നേടിയ കഥ.
ഇമെയില്‍: ashokdecruz@india.com
Subscribe Tharjani |