തര്‍ജ്ജനി

കഥ

അലിബൈ

ഇരുട്ട് ചേക്കേറുന്നു, അല്ല കാല്പനികതയുടെ മരച്ചില്ലകളില്ലല്ല. ശ്യൂനതയിലേക്ക് ദ്രവ്യം വന്നു് നിറയുന്നതു് പോലെ, താഴ്വാരങ്ങളില്‍ നിഴല്‍ വിരിക്കുന്ന ശ്യാമമേഘം പോലെ മനസ്സിനകത്തെവിടെയോ ഇരുട്ട് ചേക്കേറുന്നു.

കണ്ണുകള്‍ കടയുന്നത് പോലെ തോന്നിയിരുന്നു. കുനിഞ്ഞുപോയിരുന്ന തല പ്രയാസപ്പെട്ട് ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കി. നിഴല്‍ വീണ കണ്‍‌തടങ്ങള്‍; കണ്ണുകള്‍ ചുവന്നിരിക്കുന്നു. കണ്ണുനീര്‍ കവിള്‍ത്തടം കടന്നൊഴുകിയിരിക്കുന്നു. മുഖം ആയാസമൊട്ടുംകൂടാതെ തന്നെ ദയാന്വീതമാക്കാം. കരയാം! സ്വയം പരിഹാസിതനായപ്പോള്‍ വാഷ്ബെയ്സിന്റെ അരികു് പിടിച്ച് നിവര്‍ന്നുനിന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീരിനു് അര്‍ഥങ്ങളില്ല. കലര്‍പ്പില്ലാതെ കരയുന്നതുപോലും വ്യര്‍ഥമോഹം. എങ്കിലും ആശ്വാസം, മുഖമൊന്നു് ഭാവം മാറ്റിയാല്‍, നെറ്റിയൊന്ന് ചുളിച്ചാല്‍, അഭിനയിക്കുന്നത് എളുപ്പമാണ്. കഷ്ടം ഹാഹന്ത കഷ്ടം! ഞാന്‍, എന്റെ കഷ്ടരാത്രികള്‍ - സ്വയം സഹതിപിച്ചുകൊണ്ട് ഞാനെന്റെ ഭാഗം കൃത്യമായും അഭിനയിച്ചു തീര്‍ക്കുന്നു.

നിവര്‍ത്തിയിട്ടിരിക്കുന്ന സോഫയിലേക്ക് മലര്‍ന്ന് വീഴുമ്പോള്‍, അങ്ങിനെ കരുതുവാതിരിക്കുവാന്‍ കഴിഞ്ഞില്ല; എന്നും മനസ്സില്‍ കരുതുന്നു, ഇനിയൊരിക്കലും ഇല്ലെന്ന്, എന്നിട്ടും - കുളിമുറിയ്ക്കകത്ത് അഴുക്കു് ചര്‍ദ്ദിച്ചു കളയുന്നു - മനസ്സിലേതെങ്കില്‍ എത്ര നന്നായിരുന്നു.

കണ്ണടച്ചു കിടന്നു. ഉറങ്ങണം - അതിനുവേണ്ടിയുള്ള പരിശ്രമങ്ങളെല്ലാം ഉറക്കമില്ലായ്മയില്‍ കൊണ്ടുവന്നെത്തിക്കുന്നു. വയറിന്റെ അടിത്തട്ടില്‍ നിന്നെന്തോ തികട്ടിവന്ന് കയ്പായി തൊണ്ടയില്‍ നിറഞ്ഞു. വീണ്ടും ബാത്ത്റൂമില്‍ - ഇത്തവണ കണ്ണാടിയെ അഭിമുഖീകരിക്കുവാന്‍ ധൈര്യം വന്നില്ല. ഞാനൊരു പാപം ചെയ്തിരിക്കുന്നു - എന്റെ പ്രതിരൂപത്തിനു് മുമ്പില്‍ പോലും അഭിനയിക്കുന്നു - എന്റെ കണ്ണുനീര്‍ തുള്ളികള്‍ അവനില്‍ കാരുണ്യം ജനിപ്പിക്കുമെന്ന് മോഹിക്കുന്നു - ചതിയില്‍ കളവുപാടില്ല, ഞാനത് മറന്നിരിക്കുന്നു; കണ്ണാടിയെന്നെയത് ഓര്‍മ്മിപ്പിക്കാതിരിക്കില്ല. ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.

story illustration

ഒടുവില്‍ എപ്പോഴോ ഉറങ്ങുന്നു. അതും പതിവു് ശീലം. കണ്പീലികള്ക്ക് തൊട്ടടുത്തെന്ന പോലെ ചില ആള്രൂപങ്ങള്‍ ക്രമമില്ലാതെ കടന്നുപോകുന്നു. അതിലൊരു ദൃശ്യം മാത്രം ഒട്ടുനേരം നിശ്ചലമായിരുന്നു. ഗര്‍ഭകാലാലസ്യങ്ങളോടെ, അടഞ്ഞുപോകുന്ന കണ്ണുകള്‍ ശ്രമപ്പെട്ടു് തുറന്നു്പിടിച്ചു് അവള്‍ എന്നെ ആര്‍ദ്രതയോടെ നോക്കിയിരിക്കുന്നു. അവള്‍ മുറുകെപ്പിടിച്ചിരിക്കുന്ന എന്റെ കൈകള്‍ ഒരു പ്രതിസന്ധി നേരിടുന്നു. ഏതുനിമിഷവും അവളുടെ അടിവയറ്റില്‍ ഊറിക്കൂടിയ നനുത്ത ചൂടിലേക്ക് അവള്‍ അവയെ വലിച്ചെടുക്കുമോ എന്ന ഭീതി എന്നെ അസ്വസ്ഥനാക്കുന്നു. മനഃപൂര്‍‌വമല്ലെന്നു് വരുത്തി തീര്ക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഞാനന്റെ കൈകള്‍ തിരികേയെടുക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം അവളുടെ കൈകള്‍ മുറുകുന്നു, കണ്ണുകള്‍ സജലമാകുന്നു.

വരേണ്ടിയിരുന്നില്ല, കര്ത്ത്യവങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നടക്കുന്നൊരുവന്റെ ലജ്ജയോടെ അവളുടെ മുറിയ്ക്കകത്തേക്ക് കടന്നുവന്നതു് ഏതു് ശപിക്കപ്പെട്ട നിമിഷത്തിലാണാവോ? അവളുടെ വീര്‍ത്ത വയറിലേക്ക് നോക്കാതിരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഞാനാ മുറിയില്‍ അലസം കണ്ണോടിച്ചിരുന്നു; എന്റെ കൈപ്പടങ്ങള്‍ സ്വന്തമാക്കി അവള്‍ ശ്രദ്ധയാകര്ഷിക്കുന്ന സമയം വരേയ്ക്കും. അവളുടെ ഉദരത്തോടു് എന്റെ കൈപ്പത്തികള്‍ അവള്‍ ചേര്‍ത്തുവയ്ക്കുന്നു - ഇപ്പോള്‍ അവളുടെ കണ്ണുകളില്‍ സ്പഷ്ടമായൊരു ചോദ്യമുണ്ട്. ചോദ്യം ഞാന്‍ എടുത്തെഴുതുന്നില്ല. അതൊരാവര്‍ത്തമാണു്, എന്റെ ഉത്തരവും. എങ്കിലും എനിക്ക് പ്രസക്തമായൊന്നാണു്. തുറന്നു പറയുവാന്‍ കഴിയാത്ത ഉത്തരങ്ങളെല്ലാം തന്നെ പ്രസക്തമാണു്.

ഇതെല്ലാം നടന്നിട്ട് കുറച്ചു് കാലമായിക്കാണും. അവിടെ നിന്നു് പോന്നിട്ടും അത്ര തന്നെ കാലം. പട്ടണത്തില്‍ എല്ലായ്‌പ്പോഴും ജോലിത്തിരക്കുകളാണു്. നിനക്ക് അറിവുള്ളതായിരിക്കുമല്ലോ? എഴുതുവാന്‍ തന്നെ സമയം കിട്ടുന്നില്ല. അടിയില്‍ ഏതാനും ചില വാക്കുകള്‍ കൂടി. ഒരു സന്ദേശം അവിടെ പൂര്‍ണ്ണവിരാമം സ്വീകരിക്കുന്നു. സസ്നേഹം എന്നെഴുതിയതിന്റെ താഴെ അര്‍ത്ഥശ്യൂനമായ ഒരു വര അഭംഗിയോടെ തെളിഞ്ഞു് കാണുന്നതു് മാത്രമാണു് ആ വരികളെ ചൊല്ലി എനിക്ക് ആകെയുള്ള ഗൃഹാതുരത്വം. എഴുത്തു് ഉപജീവനമാക്കിയവര്‍ക്ക് ബന്ധങ്ങളുടെ കണക്കില്‍ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതാന്‍‍ ഇത്ര പ്രയാസമോ? ആ കത്താകട്ടെ അയച്ചതുമില്ല.

മറ്റേതോ രാത്രിയില്‍, അസംതൃപ്തമായ മറ്റേതോ നിദ്രയുടെ ഇടവേളയില്‍ ഞാന്‍ ഒരു ശിശുവിന്റെ കൈകള്‍ സ്വപ്നം കാണുകയുണ്ടായി. ഇളം വിരലുകള്‍; വിരല്‍ തുമ്പിന്റെ ഇളം ചുവപ്പു് നിറം. ഒരു കൌതുകത്തില്‍ ഞാന്‍ അവയൊന്നു തൊടുവാന്‍ മോഹിച്ചു. ശിശുക്കളുടെ വിരലുകളെ കുറിച്ച് വേറെന്തോ ചിലതോര്ത്തു - തെല്ല് മടക്കി പിടിച്ചിരിക്കുന്ന കൈപ്പത്തിയില്‍ വിരലുകള്‍ അന്യോനം തൊടാതെ നില്ക്കുന്നു. ആരെങ്കിലും വിരലൊന്നു് ഇടയില്‍ വയ്ക്കുകയേ വേണ്ടൂ അവനതു് മുറുകേ പിടിക്കുമെന്നു് തോന്നും. ഞാന്‍ ആ വിരലുകളെ തൊടുവാന്‍ തുടങ്ങി. തീരെ ചെറുതായ ഒരു ചെറുവിരല്‍. മദ്ധ്യേ സ്വല്പം ചേര്ച്ചയോടു് കൂടെ നില്ക്കുന്ന രണ്ടു് വിരലുകള് കൂടി. ഒരല്പം നഖം വളര്ന്നു നില്ക്കുന്ന ചൂണ്ടുവിരല്‍. ഉമിനീര്‍ ചുരത്തുവാന്‍ അവനെ പഠിപ്പിക്കുന്ന തള്ളവിരല്‍; വസ്തുക്കളേയും വ്യവസ്ഥിതികളേയും തിരിച്ചറിയുന്നതില്‍‍‍ പിഴവു് വരുത്തിയ ഒരാളെപ്പോലെ ഞാന്‍ അസ്വസ്ഥനാകുന്നു. അവസാനം തൊട്ട ഇളം വിരലിനു് തള്ളവിരലിന്റെ വളഞ്ഞു് സുന്ദരമായ ആകൃതിയില്ല. വീതി കുറഞ്ഞു് പുറത്തേക്ക് തെറ്റി നില്ക്കുന്നതുപോലൊരു വിരല്‍. അതിനുമപ്പുറം വഴിപിരിഞ്ഞൊഴുകി ശോഷിച്ച നദി കണക്കേ അവന്റെ പെരുവിരല്‍ അപ്പോഴാണു് ശ്രദ്ധിക്കുന്നതു്. അറപ്പാണു് ആദ്യവും അവസാനവും തോന്നിയതു്. ഒരു ആറാം വിരല്‍ - എനിക്കത് കാണേണ്ടാ. ഞാന്‍ കണ്ണുകള്‍ ഇറുകേയടച്ചു.

ആശുപത്രികള്‍ എന്നാല്‍ ഇരുട്ടുപടര്‍ന്ന നീണ്ട ഇടനാഴികളും നരച്ച ചുമരുകളുമെന്നാണു് ഈ ഇടക്കാലം വരേയ്ക്കും ഞാന്‍ ധരിച്ചു് പോന്നിരുന്നതു്. ഇടനാഴികളുടെ വ്യക്തിത്വം മാറിയിട്ടില്ല. ഇരുട്ടിനു് പകരം നിശബ്ദതയാണു് മുറ്റി നില്‍ക്കുന്നതെന്നു് മാത്രം. അനുഭവത്തില്‍ ഈ രണ്ടും വ്യത്യസ്ഥത പുലര്‍ത്തിയിരുന്നില്ല. എനിക്ക് അസഹിഷ്ണുത അനുഭവപ്പെടുവാന്‍ തുടങ്ങിയിരുന്നു. രോഗി വരാന്തയുടെ അറ്റത്തുള്ള ഏതോ മുറിയ്ക്കകത്തു് വേദന തിന്നുന്നു, കണ്ണുനീര്‍ കുടിക്കുന്നു. ഇങ്ങേയറ്റത്തു് മടുപ്പോടെ ഞാന്‍ കാത്തിരിക്കുന്നു. ഇനി ഞാനും രോഗിയുമായുള്ള ബന്ധം പറയട്ടെ - അവളെന്റെ ഭാര്യയാണു്.

മിക്കവാറും എന്റെ എല്ലാ ചെയ്തികളും അപ്രതീക്ഷിതമാണു്, ആത്മബലം കുറവുള്ളവയാണു്. പ്രത്യേക കാരണങ്ങളോ ആവശ്യങ്ങളോ അവയ്ക്ക് ന്യായീകരണം കൊടുക്കുവാന്‍ ഉണ്ടാവില്ലതാനും. കൈയില്‍ അപരിചിതത്വം തോന്നിപ്പിക്കാത്ത ഒരു മാസികയിരുന്നിരുന്നു - അതു് വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നുവോ? എന്റെ നിര്‍ണയനം അവ്യക്തമായ ചില കാരണങ്ങളാല്‍ എനിക്കു് തന്നെ അപരിചിതമാണു്. എന്റെ ചുറ്റും ചിലതെല്ലാം എന്റെ അറിവോടു് കൂടെയല്ലാതെ സംഭവിച്ചുപോകുന്നതുപോലെ, ചില്ലറ കൊടുതു് ഞാനതു് വാങ്ങിയെന്നു് മാത്രം അറിയാം. ഈ മാസിക എന്നില്‍ അപരിചിതത്വം തോന്നിപ്പിക്കാത്തതു് പ്രസ്തുതപ്രസാധകരുടെ പേരെഴുതിയ കവറില്‍ നിന്നു് ഞാന്‍ പല തവണ പണം കൈപറ്റിയിരിക്കുന്നതിനാലാവണം. അകത്തു് ഏതാനും ചില താളുകള്‍ക്കിടയില്‍ എനിക്ക് ഊഹിക്കുവാന്‍ കഴിയാതിരിക്കുന്ന ഒരു തലക്കെട്ടില്‍ മരിച്ചുകിടക്കുന്ന വാക്കുകളുടെ ഒരു സമാഹാരമുണ്ട്. ആ‍ തലക്കെട്ടിനു് നേരെ സൂചിപ്പിച്ചിരിക്കുന്നതു് എന്റെ പേരാണെന്നു് കൂടി മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ടെനിക്ക്.

നവഭൂജാതരുടെ രൂപസൌകുമാര്യത്തില്‍ എനിക്കു് നല്ലതായിട്ടൊരു അഭിപ്രായമില്ല. ജനനവും മരണവും സൌന്ദര്യത്തിന്റെ പ്രതീകങ്ങളല്ലല്ലോ. പരുത്തിത്തുണികൊണ്ടുള്ളതും, അവനെ മറച്ചിരിക്കുന്നതുമായ നേര്‍ത്ത പുതപ്പ് എന്റെ കാഴ്ചകള്‍ക്ക് തടസ്സമാവാതിരിക്കുവാന്‍ ആരോ അല്പം മാറ്റിയിട്ടു. പൂര്‍ണ്ണതയില്‍ അപൂര്‍ണ്ണതയും ഭംഗിയില്‍ അഭംഗിയും ദര്‍ശനത്തില്‍ പ്രത്യക്ഷമത്രെ. വിരൂപിയായൊരു പെരുവിരല്‍, എന്നില്‍ അന്യതാബോധം ഉളവാക്കുന്ന ഒരു ആറാം വിരല്‍. എനിക്ക് കണ്ണുകള്‍ കടയുന്നു. ഭാഗ്യമാണത്രെ. അങ്ങിനെ ആരോ പറഞ്ഞുവോ? വയറൊഴിഞ്ഞു് കിടക്കുന്നതാരു്? ഞാന്‍ സഹതപിച്ചുകൊള്ളാം - നിനക്കു് വേണ്ടി - നിനക്കു് വേണ്ടി മാത്രം. ഇളം നീല നിറമുള്ള, വായുസഞ്ചാരത്തിനു് സുഷിരങ്ങള്‍ കുറവുള്ള തുണികൊണ്ടു് നവജാതനെ അഭിവസനം ചെയ്തു് ഞാന്‍ നീണ്ടു കിടക്കുന്ന ഇടനാഴികളിലൂടെ സ്വസ്ഥമായിരിക്കാവുന്ന ഒരു മറുപുറം തേടി നടന്നു.

ദൃഷ്ടിയില്‍ നിന്നു് അക്ഷരങ്ങള്‍ അവ്യക്തമായി തുടങ്ങിയപ്പോള്‍ ഞാന്‍ വായന നിറുത്തി. ദിനങ്ങള്‍ക്ക് മുമ്പ് ഞാനുറങ്ങാതിരുന്ന ഒരു രാത്രിയെ കുറിച്ചോര്‍ത്തു. വാടിക്കൊഴിഞ്ഞു് വീണ ഒരു പാരിജാതത്തിന്റെ ഗന്ധം എന്റെ ചുറ്റിലും നിറയുന്നതു് പോലെ തോന്നി. വാക്കുകളെ ത്യജിക്കുവാനും, അക്ഷരങ്ങള്‍ എന്റെ സ്മൃതിയില്‍ നിന്നു് മായ്ക്കുവാനും ഞാന്‍ കൊതിച്ചിരുന്നു. എന്റെ കണ്ണുകളില്‍ കൃഷ്ണപക്ഷത്തിലെ രാത്രിയിലെന്നപോലെ ഇരുട്ടു് ഉപവസിച്ചിരുന്നു.

പിതാവേ നിങ്ങള്‍ക്ക് മംഗളം‍! ഭവാനു് ആശംസകള്‍... ആശംസകള്‍. താങ്കള്‍ക്ക് സുഭഗനായൊരു ഉണ്ണി പിറന്നിരിക്കുന്നു. ആരോ ചിലര്‍ കടന്നു് വന്നു് ഇപ്രകാരമെല്ലാം പറയുകയുണ്ടായി. ജനനവും മരണവും ഒരേ പോലെ നാടകീയമാണെന്നു് സാധാരണഗതിയില്‍ ഓര്‍ക്കേണ്ടിയിരുന്നതു് ഞാനെന്തോ അപ്പോള്‍ ഓര്‍ത്തിരുന്നില്ല. അവര്‍ കാണിച്ചു തന്ന വഴിയിലൂടെ, ഫ്ലൂറസന്റ് ലാമ്പുകളുടെ പ്രകാശധാരയില്‍ വിളര്‍ത്തു് നില്‍ക്കുന്ന ചുമരുകള്‍ക്കിടയിലൂടെ, എന്റെ കാലടികള്‍ വ്യക്തമായും കേള്‍ക്കാവുന്ന, അവ പ്രതിധ്വനിച്ചു് ശബ്ദായമാനമായ ഇടനാഴിയിലൂടെ ഞാന്‍ നടക്കുന്നു... അപ്പുറത്തെങ്ങോയുള്ള അടഞ്ഞു് കിടക്കുന്ന ഏതോ വാതില്‍ മുട്ടിത്തുറക്കുവാന്‍, പിതൃത്വത്തിന്റെ അധികാരഭാവത്തോടെ കയറിച്ചെല്ലുവാന്‍. പിന്നിട്ട നാളുകളിലെപ്പോഴോ ചലം കണക്കേ ഊറിക്കൂടിയ അക്ഷരങ്ങള്‍, ഒരു വ്രണത്തിനു് ചുറ്റുമെന്നപോലെ ഉണങ്ങിക്കിടക്കുന്ന വരികള്‍. എന്റെ കൈകളില്‍ ഉപേക്ഷിച്ചു് പോരുവാന്‍ മറന്നുപോയ കടലാസിന്റെ വ്യക്തിത്വം. എന്റെ മതിഭ്രംശങ്ങള്‍. എന്റെ പാപഭാരം.

മനസ്സ് വിലപിക്കുന്നു, നീയോ മഹാശയന്‍, നീയോ കഥാപുരുഷന്‍, നിന്റെ അപൂര്‍ണ്ണ വ്യക്തിത്വം നിന്നെ ഇരുട്ടെന്ന പോലെ ദംശിക്കുന്നു, നിന്റെ ബീജത്തില്‍ നിന്റെ അപൂര്‍ണ്ണത മാത്രം സ്ഫുരിക്കുന്നു. ആരോ പരിഹസിച്ചു ചിരിക്കുന്നുണ്ടു്; അത് തീര്‍ച്ച. നിന്റെ അപൂര്‍ണ്ണത... നിന്റെ അപൂര്‍ണ്ണത... നിന്റെ അപൂര്‍ണ്ണത. എന്റെയുള്ളില്‍ നിന്നാരോ വിലപിച്ചു. വിലപിച്ചു കൊണ്ടേയിരുന്നു.

വാതില്‍ കടന്നുവരുന്ന എന്നെ കാണുകയുണ്ടായപ്പോള്‍ അവള്‍ മന്ദഹസിക്കുവാന്‍ ശ്രമിച്ചു. പിന്നെ എനിക്കു് നേരെ കാണുവാനെന്നോണം നവജാതശിശുവിനെ പൊതിഞ്ഞിരുന്ന സാല്‍‌വ നീക്കപ്പെട്ടു. ഉണ്ണിയെ കാണുവാനായി അവളുടെ കട്ടിലിനോടു് ചേര്‍ന്നു നില്‍ക്കവേ ഞാനെന്റെ കൈയിലുള്ള മാസിക മറച്ചുപിടിക്കുവാന്‍ ശ്രമപ്പെട്ടു് എന്റെ കൈകള്‍ പിന്നിലേക്കകറ്റിയിരുന്നു. എന്റെ ഉണ്ണി എനിക്കു് അനാവൃതമായിരിക്കുന്നു - ഞാനെന്റെ പ്രതിബിംബം ദര്‍ശിക്കുന്നു, അതാകട്ടെ എന്റെ അപൂര്‍ണ്ണതയുടെ നേര്‍ക്കാഴ്ചയാകുന്നു.

ഞാന്‍ തികഞ്ഞ സാംഗത്യം നടിക്കുന്നു. ഞാന്‍ പുഞ്ചിരിച്ചുവെന്നു് വരുത്തുന്നു. എന്നിലെ എന്നെ ഞാന്‍ അവിശ്വസിക്കുന്നു. ഞാനെന്റെ നിശബ്ദതയില്‍ നിന്നു് എന്റെ മാത്രം രഹസ്യമായവശേഷിക്കുന്ന അപ്രിയസത്യങ്ങള്‍ ചികഞ്ഞെടുക്കുന്നു. ഈ കഥ എനിക്ക് അലിബെയാകുന്നു.

രാജ് നായര്‍
പി.ബി. നമ്പര്‍: 51138, ദുബായ്
ഫോണ്‍: +971-50-6808919
Subscribe Tharjani |