തര്‍ജ്ജനി

കഥ

പുതുവര്‍ഷസമ്മാനം

അവധി ദിനം. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രാതല്‍ കഴിഞ്ഞ്‌ പേപ്പര്‍ വായനയില്‍ എത്തി നില്‍ക്കുന്ന സമയം. മനസ്സെന്തോ ഓടിക്കളിയില്‍ ആണു്. നല്ലതിന്റേയോ ചീത്തയുടേയോ വിരുന്നിന്റെ മുന്നോടി. ഇന്നത്തേക്ക്‌ എന്താണു് വിധിച്ചിരിക്കുന്നത്‌? ഓഫീസിലെ ഫയലു പോലെ ഹോട്ടലിലെ മെനു പോലെ, നമ്മള്‍ക്കിഷ്ടം ഉള്ളത്‌ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍. ഇല്ല. ഓരോ നിമിഷവും കൂടെയുണ്ട്‌. വിധി. അതു നിയന്ത്രിക്കും നമ്മളെ. ശരീരത്തിനെ, മനസ്സിനെ...

ഇന്ന് ദൈവം ഏതു കളത്തില്‍ ആണ്‌ പകിട ഇടാന്‍ തീരുമാനിച്ചിരിക്കുന്നത്‌? ഓരോ ആള്‍ക്കാരുടെ പേരിലും ഓരോ പകിട നിശ്ചയിച്ചിട്ടുണ്ടാവുമോ? മനുഷ്യന്‍ മനുഷ്യന്റെ ഹൃദയത്തില്‍ ഓരോ മനുഷ്യനും സ്ഥാനം തീരുമാനിക്കുന്നു. ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം ദൈവം നിര്‍ണയിക്കുന്നു. ദൈവം പകിട എറിഞ്ഞ്‌ കരു നീക്കുകയാണോ. ഏതെങ്കിലും കളത്തില്‍ നിര്‍ത്തുമോ അതോ വെട്ടി മാറ്റി താഴെ ഇടുമോ? ജീവിതമെന്ന വല്യ പരീക്ഷയിലെ ഒരിക്കലും എളുപ്പമല്ലാത്ത ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. കാലമെന്ന ഗുരുവിനു മാത്രം തെളിയിക്കാന്‍ കഴിയുന്ന കണക്കുകള്‍. ശരാശരി നോക്കുകയാണെങ്കില്‍ ജീവിതത്തിന്റെ ഒരു പാതി പിന്നിട്ടു കഴിഞ്ഞു. ഇനിയും ഉണ്ട്‌ യാത്ര. ഒടുങ്ങുന്ന സമയം അറിയാത്ത യാത്ര. ഓഫീസിലെ ഫയല്‍ പോലെ ഹോട്ടലിലെ മെനു കാര്‍ഡ്‌ പോലെ നമുക്കു നിശ്ചയിക്കാന്‍ കഴിഞ്ഞെങ്കില്‍. എത്ര കണക്കു കൂട്ടല്‍ നടത്തിയാലും അവസാന തീരുമാനം വിധിയുടെത്‌. ഒഴുകുക, നീന്തുക, വെള്ളം കുടിയ്ക്കാതെ മുങ്ങി മരിക്കലിനു കീഴടങ്ങാതെ നീന്തുക. ദൈവം കെട്ടിയ തട എത്തുന്നതുവരെ.

ഭാമ വന്നു മുന്നിലെ കസേരയില്‍ ഇരുന്നു.

story illustration

മറ്റന്നാള്‍ ഒരു പുതുവര്‍ഷം കൂടെ, വരുന്നു. രണ്ടാളും ഒരുമിച്ചുള്ള മുപ്പത്തി മൂന്നാമത്തെ പുതുവര്‍ഷം. ആദ്യവര്‍ഷം, രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം, അങ്ങനെ 24 വര്‍ഷങ്ങള്‍ സംതൃപ്തിയുടേയും, ആഘോഷങ്ങളുടെയും പൌര്‍ണമിയില്‍ കടന്നുപോയി. അതിനു ശേഷം ആണു അഭിമന്യു ജോലി കിട്ടി പോയത്‌. വിദേശത്തേയ്ക്ക്‌. കത്തുകള്‍ ഡ്രാഫ്റ്റുകള്‍, ഫോണ്‍ വിളികള്‍. നാലു വര്‍ഷത്തിനു ശേഷം അവന്‍ പറന്നെത്തി ഒരു ദിനം. ഓണപ്പൂക്കളിട്ട മുറ്റത്തേയ്ക്ക്‌. കൂടെ വധുവും. മലയാളി തന്നെ. എല്ലാം കൊണ്ടും ചേര്‍ന്ന ബന്ധം. എതിര്‍ക്കാന്‍ ഒന്നും ഇല്ല. ഒറ്റ മോന്‍ അവന്റെ ജീവിതം. പോയിക്കഴിഞ്ഞപ്പോള്‍ എന്തോ ശൂന്യത. അതു ഇന്നും നികത്താന്‍ ആയിട്ടില്ല. നാലു വര്‍ഷത്തിനു മേലെയാകുന്നു പോയിട്ട്‌. ഇടയ്ക്കുള്ള ഫോണ്‍ വിളി മാത്രം. പേരക്കുട്ടിയുടെ സ്വരം കേട്ട്‌, ഫോട്ടോ കണ്ട്‌ കണ്‍കുളിര്‍ന്ന് ഇരിക്കല്‍. തന്റെ അക്കാലത്തെ ജീവിതമായിരിക്കുമോ അവന്റേത്‌? ആവില്ല. വൈകീട്ട്‌ ഓഫീസില്‍ നിന്ന് വന്ന് അവനോടൊപ്പം കളിച്ച്‌ ഗൃഹപാഠങ്ങള്‍ ചെയ്യിച്ച്‌, സന്ധ്യക്ക്‌ നാമം മൂന്നുപേരും ഒപ്പമിരുന്ന് നാമം ജപിച്ചു...

ഒരു തരം നിര്‍വൃതിയില്‍ ജീവിതം. ഇതാണു ജീവിതം എന്ന തോന്നലില്‍. ഓരോ ആഘോഷത്തിനും പുതുവസ്ത്രങ്ങള്‍ എടുക്കാന്‍ പോകല്‍. അവന്റെ കൊച്ചുകൊച്ചു പിണക്കങ്ങള്‍, നിസ്സാര പിടിവാശികള്‍. അവന്‍ ഒരു ശല്യക്കാരന്‍ കുട്ടി ആയിരുന്നില്ല ഒരിക്കലും. രണ്ടാള്‍ക്കും അസൂയ വരുത്താന്‍ അവന്റെ വക ചില സമയം ഒരു ഭാഗത്തു നില്‍ക്കലുണ്ട്‌. തന്റെ ഭാഗത്ത്‌ നില്‍ക്കുമ്പോള്‍ അവളുടെ ഒരു അരിശം കാണേണ്ടതു തന്നെ ആയിരുന്നു. ഭാമയെ നോക്കി. പുഞ്ചിരിച്ചു.

"ഉം?"
"എന്താ?"
"നീ ആലോചിക്കുന്നത്‌ തന്നെ."
"മോനെപ്പറ്റിയോ?"
"അതേ."
"അതിനു ഞാന്‍ അവനെപ്പറ്റിയാണു ആലോചിക്കുന്നത്‌ എന്നാരു പറഞ്ഞു."
"പിന്നെ..."
"ഞാന്‍ പ്രണവിനെപ്പറ്റിയാ ആലോചിക്കുന്നത്‌...
നമ്മുടെ അച്ഛനമ്മമാര്‍ അഭിയ്ക്കു കൊടുത്തിരുന്ന സ്നേഹം നമുക്ക്‌ പ്രണവിനു കൊടുക്കാന്‍ പറ്റുമോന്ന്..."

മിണ്ടിയില്ല. വീണ്ടും ചോദ്യങ്ങള്‍. മനസ്സില്‍ നിന്നല്ല, മുഖത്ത്‌ നിന്ന്.

പ്രണവിനു ഭാഗ്യമുണ്ടെങ്കില്‍...

നമുക്കും.

വീണ്ടും നിനവുകളിലേക്ക്‌ മടങ്ങി.

ഇനി എന്നാണാവോ കാണാന്‍ സാധിക്കുക? വരുന്നതിനെപ്പറ്റി ഒന്നും പറയാറില്ല. ഒന്നു വന്ന് പോയിരുന്നെങ്കില്‍ എന്ന് ആലോചിക്കാത്ത ദിവസം ഇല്ല.

"ജോലിയൊക്കെ തീര്‍ന്നോ?"

"ഇല്ല ഇനി വല്ല തോരനും കൂടെ വയ്ക്കണം. എന്തോ ഒരു വയ്യായ്ക പോലെ."

"നിങ്ങള്‍ അങ്ങാടിയ്ക്ക്‌ പോകുന്നില്ലേ ഇന്ന്. കൂട്ടുകാരെയൊക്കെ കണ്ടു മിണ്ടിവരാമെന്നു ചായ കുടിക്കുമ്പോള്‍ പറഞ്ഞല്ലോ."

"വൈകീട്ടു നോക്കാം. ഇപ്പോ വയ്യ. പോരാത്തതിനു വെയിലും വന്നു."

"ഉം." പത്രം വീണ്ടും എടുത്തു.

ഫോണ്‍ ശബ്ദിച്ചു. ഭാമ പതിവുപോലെ നോക്കാന്‍ പോയി.

നോക്കൂ.
എന്താ.
മുഖം നിറയെ ചിരിയുമായി ഭാമ മുന്നില്‍.

"അവര്‍ വരുന്നൂന്നു."
“ആരു്?"
“അഭിയൊക്കെ..“

അറിയാതെ എഴുന്നേറ്റു. “എപ്പോ?“
“മറ്റന്നാള്‍ എത്തും.“

അടുത്ത ദിവസം പുതുവര്‍ഷം തുടങ്ങുന്നു. ദൈവത്തിന്റെ സമ്മാനം ആണോ? ആവും.

“എന്നാ ഞാനൊന്ന് ടൌണില്‍ പോയി വരാം. കണ്ണടയും നേരെയാക്കാന്‍ കൊടുക്കണം.“

“ഞാന്‍ അടുക്കളയിലേക്ക്‌ ചെല്ലട്ടെ. കുറച്ച്‌ മുറുക്കും ഹലുവയും ഉണ്ടാക്കണം.“

നിങ്ങള്‍ അല്ലേ വെയിലാന്നു പറഞ്ഞത്‌ എന്ന് അയാളും നീയല്ലേ വയ്യാന്നു പറഞ്ഞത്‌ എന്ന് അയാളും ചോദിച്ചില്ല. സന്തോഷത്തിന്റെ മൌനം.

ഒരുങ്ങി പുറത്തിറങ്ങിയപ്പോള്‍...

'ലിസ്റ്റ്‌ നാളെ കൊടുത്തയക്കാം, ഒക്കെ വൈകുന്നേരത്തിനു മുന്‍പു അയക്കണം എന്ന് കടയില്‍ ഒന്നേല്‍പ്പിച്ചേക്കൂട്ടോ' എന്ന് കേട്ടു.

സ്നേഹം, അതിന്റെ സ്വരം....
വര്‍ണ്ണനാതീതം.

സൂര്യഗായത്രി

Subscribe Tharjani |
Submitted by കലേഷ് (not verified) on Sun, 2006-01-08 11:25.

നന്നായിട്ടുണ്ട്!

Submitted by Dilip kecheri (not verified) on Tue, 2006-01-10 00:09.

munpu othiriketta katha. alley? puthuvarshaththil oru puthukathayalle vendiyirunnathu.!