തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

ഞാവകം

തമിഴ്‌മഴ മുറ്റത്ത്‌
തലയറഞ്ഞു കരയുന്നു.
തടസ്സം നില്ക്കാനൊരു
തുളസിയിലപോലുമില്ല..

തലയറയട്ടെ എന്നോര്‍ത്ത്‌
തെരുവ്‌ വാതിലടച്ച്‌
പുറംതിരിഞ്ഞിരുന്നാലോ,
കണ്ണൊപ്പി കതിരില്‍ചിരിക്കും.

പുരയില്‍നിന്നൊളികണ്‍-
തിളക്കങ്ങള്‍ കണ്ടാല്‍
ആഞ്ഞൊന്നുപെയ്യും പിന്നെ
ആരുമല്ലാത്തമട്ടില്‍
ചുറ്റിപ്പറ്റി നില്ക്കും.

വെറുതെയൊരു ബോധിപ്പിക്കല്‍-
വെറുക്കരുതല്ലോ നഗരത്തെയും
നാഗരികനെയും- പെയ്യും മട്ടില്‍
നിറയെ വെറുപ്പും ദ്വേഷവും..!

എങ്കിലും
നന്നായൊന്നു കരയാനും
പണ്ടേ മറന്ന മഴ
ഇടവേളകളില്‍ മൂക്കുപിഴി-
ഞ്ഞെന്നോടാരായുന്നു..
"ഞാവകമിരുക്ക്‌..?
"ഞാവകമിരുക്ക്‌..?"*

* - ഓര്‍മ്മയുണ്ടോ?
ഞാവകം - (ഓര്‍മ്മയുടെ തമിഴ്‌ വാക്ക്‌)

Subscribe Tharjani |