തര്‍ജ്ജനി

സംഗീതം

ഓണക്കവിതകളുടെ ഒരു ആല്‍ബം

ഓണവിപണിയിലെ വിഭവങ്ങളില്‍ പ്രധാനമാണ് സംഗീതം. ഓണപ്പാട്ടുകളെ പിന്തള്ളി ഇടക്കാലത്തു് പാരഡിഗാനങ്ങള്‍ രംഗം കയ്യടക്കിയിരുന്നു. ഈ മേഖലയില്‍ സാര്‍ത്ഥകമായ മാറ്റത്തിനു് തുടക്കമിട്ടുകൊണ്ടു് മഞ്ജുഭാഷ, ഓണക്കിനാവുകള്‍ എന്ന പേരില്‍, ഗായകനും സംഗീതസംവിധായകനുമായ വി.ടി.മുരളി സംവിധാനം ചെയ്ത, ഓണത്തെക്കുറിച്ചുള്ള കവിതകളുടെ ആല്‍ബം പുറത്തിറക്കിയിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരികജീവിതത്തില്‍ ഓണത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്കു് കാലാനുസൃതമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരുന്നു. മാവേലിക്കാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ സങ്കല്പങ്ങളില്‍ നിന്നും മാറി യാഥാര്‍ത്ഥ്യത്തിലേക്കുണരുന്ന കവിഭാവനകളാണു് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നതു്.
കവി ഡി.വിനയചന്ദ്രനാണു് ഈ കവിതകള്‍ അവതരിപ്പിക്കുന്നതു്. പി.കുഞ്ഞിരാമന്‍നായരുടെ ഓണപ്പൂവ്, വി.ടി.കുമാരന്റെ ഓണക്കിനാവുകള്‍, സുഗതകുമാരിയുടെ ഓണം, ചങ്ങമ്പുഴയുടെ ഓണപ്പുക്കള്‍, വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍, എന്‍.വി.കൃഷ്ണവാര്യരുടെ ഓണം 1987, കടത്തനാട്ട് മാധവിയമ്മയുടെ മലനാടിന്റെ പൊന്നോണം, ബാലാമണിയമ്മയുടെ ഓണം, എന്‍.എന്‍.കക്കാടിന്റെ നന്ദി,തിരുവോണമേ നന്ദി എന്നിങ്ങനെ ഒമ്പത് കവിതകളാണു് ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു്. ജി.വേണുഗോപാല്‍, കാവാലം ശ്രീകുമാര്‍, കല്ലറ ഗോപന്‍, ഭാനുപ്രകാശ്, അജയന്‍, റോഷ്നി മേനോന്‍, രവിശങ്കര്‍ എന്നിവരോടൊപ്പം സംവിധായകനായ വി.ടി.മുരളിയുമാണു് കവിതകള്‍ ആലപിച്ചിരിക്കുന്നതു്.
അമിതമായ സംഗീതത്തില്‍ മുങ്ങിപ്പോകുന്ന കവിതകളുടെ ദുരനുഭവം ഈ ആല്‍ബത്തിലില്ല. ഭാവാനുസൃതവും ലളിതവുമായ സംഗീതത്തിലൂടെ കവിതയുടെ ചാരുത പൂര്‍ണ്ണമായും വെളിവാക്കുന്ന വിധത്തിലാണു് ഈ ആല്‍ബത്തിലെ കവിതകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു്.
പ്രകാശനം :
മഞ്ജുഭാഷ, 2/M, KWA Quarters, Malapparamba, Kozhikode-9
വില : 60 രൂപ

Subscribe Tharjani |