തര്‍ജ്ജനി

മുഖമൊഴി

പനിക്കാലത്തെ ഓണവിചാരങ്ങള്‍

കര്‍ക്കിടകത്തിനു പിറകെ ചിങ്ങമാസം. അങ്ങനെ വീണ്ടും ഒരോണക്കാലം. കാല്പനികന്മാര്‍ക്ക് വസന്തകാലം. അവര്‍ ഗൃഹാതുരതയോടെ പോയ്പായ നല്ലകാലത്തെക്കുറിച്ചു് ആയിരംകുറി പാടിയ പല്ലവികള്‍ തേച്ചുമിനുക്കിപ്പാടുന്നു. കച്ചവടക്കാര്‍ വിപണിയെ നിറച്ചാര്‍ത്തുകള്‍ നല്കി ഉത്സവമാക്കുന്നു. സാധാരണനിലയില്‍ ബോണസ് പ്രശ്നത്തില്‍ ബസ്സ് ജീവനക്കാരുടേയും മറ്റും സമരം ഒരു ഓണക്കാലവിശേഷമാണു്. ഇത്തവണ സമരഭീഷണി ഉണ്ടായെങ്കിലും അതു് സമരമായി ആളിപ്പടര്‍ന്നില്ല. തൊഴിലാളികളല്ല, മുതലാളിമാര്‍ ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കുവേണ്ടിയായിരുന്നു സമരഭീഷണിയുയര്‍ത്തിയതു്. മുതലാളിമാര്‍ സമരം ചെയ്യുന്ന ലോകത്തിലെ അപൂര്‍വ്വം ദേശങ്ങളില്‍ ഒന്നു് എന്ന കേമത്തം നമ്മുക്കുണ്ടു്. സമരം ഉണ്ടായില്ല. അത്രയും ആശ്വാസം. പനിപിടിച്ചു് നടക്കാന്‍ വയ്യാതായവര്‍ക്കു് ബസ്സില്‍ സഞ്ചരിച്ചെങ്കിലും ആശുപത്രിയിലെത്താമല്ലോ.

നാട്ടില്‍ ഇപ്പോള്‍ പനി പലതരമാണു്. പരമ്പരാഗതവും പ്രാചീനവുമായ ജലദോഷപ്പനിയില്‍ നിന്നു തുടങ്ങി, ഒട്ടും ആധുനികമല്ലാതായിക്കഴിഞ്ഞ വൈറല്‍ ഫീവറും പിന്നിട്ടു് നാം പുത്തന്‍ പനിപ്പുറങ്ങളിലേക്കു് കടന്നെത്തിയിരിക്കുന്നു. എലിപ്പനി, ചിക്കുന്‍ ഗുനിയ, തക്കാളിപ്പനി എന്നിവയും കടന്നു് അന്തര്‍ദേശീയനിലവാരത്തില്‍ തന്നെ എത്തിയിരിക്കുന്നു. എന്‍1 എഎച്ച്1 എന്ന പേരില്‍ അറിയപ്പെടുന്ന പന്നിപ്പനിയാണു് ഇപ്പോഴത്തെ ഏറ്റവും പുതിയ ജ്വരം. ലോകമെങ്ങും പ്രതിവിധികളില്ലാത്ത ഈ പനി പടര്‍ന്നു പിടിക്കുന്നതിനെതിരെ കടുത്ത ജാഗ്രത പുലര്‍ത്തുന്നു. വിമാനത്താവളങ്ങളില്‍ ജ്വരബാധിതര്‍ പരിശോധനയ്ക്കു് വിധേയരാവുന്നു. ശരീരോഷ്മാവു് പരിശോധിച്ചു് രോഗാവസ്ഥയിലാണെന്നു് സംശയിക്കപ്പെടുന്ന യാത്രികരെ മറ്റുള്ളവരില്‍ നിന്നും സുരക്ഷിതമായ നിലയില്‍ മാറ്റി പാര്‍പ്പിക്കുകയും നിരന്തര നിരീക്ഷണത്തിനു് വിധേയമാക്കുകയും ചെയ്യുന്നു. ലോകമെങ്ങും പന്നിപ്പനിയെ ഗൗരവപൂര്‍ണ്ണമായ സാംക്രമികവ്യാധിയായി കണക്കാക്കി കരുതലോടെയുള്ള പ്രവര്‍ത്തനം നടക്കുന്നു. ഇക്കൂട്ടത്തില്‍ പ്രബുദ്ധകേരളം ഒട്ടും പിന്നിലാവാന്‍ പാടില്ലല്ലോ. നമ്മുടെ ആരോഗ്യവകുപ്പും രംഗത്തിറങ്ങി. പന്നിപ്പനിക്കെതിരെ ആരോഗ്യവകുപ്പു് മന്ത്രി പി.കെ.ശ്രീമതിയുടെ ചിത്രത്തോടെ ഒരു പരസ്യമാണു് അവര്‍ പുറത്തിറക്കിയതു്. അമ്മുവെന്ന ഒരു കൊച്ചുബാലികയുടെ കഥ പറയുന്ന ഹിതോപദേശകഥ എന്നു് അതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ദേവസ്വം മന്ത്രിയും വനം വകുപ്പു മന്ത്രിയും അവരുടെ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി ജീവല്‍സാഹിത്യ - പുരോഗമനസാഹിത്യകവിതകള്‍ എഴുതുന്ന ഒരു മന്ത്രിസഭയില്‍ ആരോഗ്യവകുപ്പു മന്ത്രിക്കു് കവിതാരചനയ്ക്കു് സാവകാശം കിട്ടിയിരിക്കാനിടയില്ല. അല്ലെങ്കില്‍ ഈ കണക്കിലും ഒരു കവിത നമ്മുക്കു് കിട്ടിയേനെ.

അമ്മുവിനു് പനി വന്നതു കാരണം ഒരൊറ്റ സങ്കടമേയുള്ളൂ. ഒരാഴ്ച സ്കൂളില്‍ പോകാന്‍ സാധിച്ചില്ല. അത്രമാത്രം ലഘുവാണു് പന്നിപ്പനി എന്നു് ഈ പരസ്യം നമ്മെ അറിയിക്കുന്നു. കൂട്ടത്തില്‍ ഒരിടത്തു് ഇതിനു് മരുന്നില്ലെന്നും ചികിത്സയുണ്ടെന്നുമെല്ലാം പറയുന്നുണ്ടു്. വായിച്ചു കഴിഞ്ഞാല്‍ ഏതൊരു വായനക്കാരനും ഉണ്ടാകാവുന്ന സംശയം ഇതാണു്: ഇത്രയും നിസ്സാരമായ പ്രശ്നമാണെങ്കില്‍ ലോകമെമ്പാടും ഇതിനെതിരെ അതീവജാഗ്രത പുലര്‍ത്തുന്നതു് എന്തു കൊണ്ടാണു് ? കഥയില്‍ ചോദ്യമില്ല എന്നതു് പഴയ ചൊല്ലാണു്. ലോകത്തിനു മുമ്പില്‍ മാതൃകയായിരുന്ന കേരളമോഡലിന്റെ ഏറ്റവും പ്രധാനവശം കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളാണു്. ആ നേട്ടങ്ങളെല്ലാം പൊള്ളയാണു് എന്നു കാണിക്കുന്ന തരത്തില്‍ ജ്വരബാധിതമായ ഒരു സമൂഹമായി കേരളം മാറിയിരിക്കുകയാണു്. പത്രസമ്മേളനത്തിനിടെ അന്തരിച്ച എം. എന്‍. വിജയന്‍ എന്ന കേരളത്തിലെ പ്രമുഖ ചിന്തകന്‍ ചിക്കുന്‍ ഗുനിയബാധയ്ക്കുശേഷമുള്ള പ്രശ്നങ്ങളോടെയാണു് പത്രക്കാരെ അഭിമുഖീകരിച്ചതെന്നു് അക്കാലത്തെ പത്രവാര്‍ത്തകളിലുണ്ടായിരുന്നു. ആബാലവൃദ്ധം ജനങ്ങളും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും പനിപിടിച്ചു് മുടന്തിയും ക്ഷീണിച്ചും കഴിയുന്ന നിലയിലേക്കുള്ള വളര്‍ച്ചയാണു് ആരോഗ്യരംഗത്തു് ഇക്കഴിഞ്ഞ കാലത്തു് കേരളത്തിലുണ്ടായതു്. തന്റെ വകുപ്പിന്റെ പ്രവര്‍ത്തനം പരാജയമാണെന്നു് വകുപ്പുമന്ത്രി ശ്രീമതി ശ്രീമതി പ്രസ്താവിച്ചതായും കണ്ടു. സ്വന്തം വകുപ്പിനെ നയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു് സ്വയം സമ്മതിക്കുകയാണെങ്കില്‍ അതു് സ്വന്തം പരാജയം തന്നെയാണു് എന്നു് തിരിച്ചറിഞ്ഞു് മന്ത്രിക്കസേരയില്‍ നിന്നും സ്വയം ഒഴിഞ്ഞു പോവുകയാണു് വേണ്ടത്. അല്ലാതെ വനം - സഹകരണവകുപ്പു മന്ത്രിമാരെപ്പോലെ കവിത എന്ന പേരില്‍ അസംബന്ധം എഴുതുകയല്ല.

സ്വന്തം വകുപ്പിന്റെ ദൈനംദിനകാര്യങ്ങളുടെ നടത്തിപ്പിലുണ്ടായ പരാജയത്തിലോ പാളിച്ചയിലോ ഒതുങ്ങുന്നതാണു് ഇന്നു് ആരോഗ്യകുപ്പിലുള്ള പ്രശ്നമെന്നു് ധരിച്ചുവെങ്കില്‍ തെറ്റി. ആരോഗ്യനയത്തിന്റെ അടിസ്ഥാനസങ്കല്പം തന്നെ തിരുത്തുന്ന നയപരമായ പരിഷ്കരണങ്ങളാണു് ഇപ്പാള്‍ നടപ്പിലാക്കപ്പെടുന്നതു്. ഏതാനും ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിറുത്തിയും പുകമറ സൃഷ്ടിച്ചും രാഷ്ട്രീയനേതൃത്വം കളിക്കുമ്പോള്‍ സംഭവിക്കുന്നത് കേരളത്തിലെ പൊതുജനാരോഗ്യരംഗം അപ്പാടെ താറുമാറാവുകയാണു് ചെയ്യുന്നതു്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാരുടെ സമരം നടക്കുന്ന കാലത്തു് രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാടെ താറുമാറായ അവസ്ഥയെക്കുറിച്ചു് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനോ പ്രശ്നങ്ങള്‍ക്കു് പരിഹാരം കണ്ടെത്തുവാനോ ആരോഗ്യവകുപ്പു് ശ്രദ്ധിക്കുകയുണ്ടായില്ല. പരമ്പരാഗതചികിത്സകന്മാര്‍ക്കു് റജിസ്ട്രേഷന്‍ നല്കാനുള്ള ഒരു സര്‍ക്കാര്‍ ഉത്തരവു് ആരോഗ്യവകുപ്പു് പുറത്തിറക്കി. ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ അണിനിരന്നെങ്കിലും സമരം അടിച്ചമര്‍ത്തപ്പെട്ടു. കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ഉത്തരവു് നിയമവിരുദ്ധമാണു് എന്നു് പറയുകയും അതു് റദ്ദു ചെയ്യണമെന്നു് നിര്‍ദ്ദേശം ഉണ്ടായതിനെത്തുടര്‍ന്നു് ഉത്തരവു് പിന്‍വലിക്കാന്‍ മന്ത്രിയും കൂട്ടാളികളും നിര്‍ബ്ബന്ധിതരായി. ഇക്കൂട്ടത്തില്‍ വന്ന നടപടികളിലൊന്നു് സര്‍ക്കാര്‍ ആശുപത്രിയിലെ സൗജന്യചികിത്സ എന്നെന്നേക്കുമായി ഇല്ലതാകുന്ന പരിഷ്കരണമാണു്.

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം നടന്നു കഴിഞ്ഞു. ഈ പദ്ധതി നടപ്പിലാവുന്നതോടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത സാധാരണക്കാരനു് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യചികിത്സ നിഷേധിക്കപ്പെടും. ദാരിദ്ര്യരേഖയ്ക്കു മീതെയും കീഴെയും ഉള്ളവര്‍ക്കു് വ്യത്യസ്തമായ ഇന്‍ഷ്വറന്‍സ് പദ്ധതികളാണുള്ളതു്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിനു് പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സയാണു് ഈ പദ്ധതിയനുസരിച്ചു് ലഭിക്കുക. എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. ഹൃദ്രോഗം, ക്യാന്‍സര്‍, തലച്ചോറു സംബന്ധമായ രോഗങ്ങള്‍, മാനസികരോഗങ്ങള്‍, പ്രസവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. രോഗനിര്‍ണ്ണയത്തിന്റെ ഭാഗമായി ആശുപത്രിക്കു പുറത്തു നിന്നും ചെയ്യേണ്ടിവരുന്ന പരിശോധനയുടെ ചെലവും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാവില്ല. സ്വകാര്യ ആശുപത്രികളില്‍ ഇത്തരം പരിശോധനകള്‍ നടത്തുവാനുള്ള സംവിധാനം ഉണ്ടു് എന്നതിനാല്‍ അവിടെ നടക്കുന്ന ചികിത്സയിലെ ഇത്തരം ചെലവുകള്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍ക്കൊള്ളിക്കാനാകും. മുപ്പതിനായിരം രൂപ വരെയുള്ള ചികിത്സാചെലവാണു് ഇന്‍ഷ്വറന്‍സ് പരിധിയില്‍ വരുന്നതു് എന്നതിനാല്‍ എല്ലാ ചികിത്സയുടെയും ചെലവു് കണക്കാക്കേണ്ടതുണ്ടു്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ബില്ലിംഗ് ആരംഭിക്കുകയാണു്. ഓരോ രോഗിയുടെയും ചികിത്സാചെലവിനു് ബില്ലിടുകയാണു്. അങ്ങനെ വര്‍ഷത്തില്‍ മുപ്പതിനായിരത്തില്‍ കൂടുതലുള്ള ചികിത്സയ്ക്കും ഇന്‍ഷ്വറന്‍സ് പരിധിയില്‍ വന്നിട്ടില്ലാത്ത രോഗചികിത്സയ്ക്കും പണം നല്കിയാലേ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനി ചികിത്സ ലഭിക്കൂ. ഇപ്പോഴത്തെ ഭരണാധികാരികള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്തു സമരം ചെയ്തു പരാജയപ്പെടുത്തിയ പദ്ധതിയാണു് ഇങ്ങനെ നടപ്പിലാക്കപ്പെടുന്നതു്. ഭരണരംഗത്തെ നയപരമായ മാറ്റങ്ങള്‍ പൊതുചര്‍ച്ചയ്ക്കും അഭിപ്രായസമന്വയത്തിനും ശേഷം നടപ്പിലാക്കുകയെന്നതാണു് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ രീതി. നമ്മുടെ ജനാധിപത്യം ആരോഗ്യകരമായ ഒന്നാണെന്നു് ഈ പനിക്കാലത്തു് ഉറപ്പിച്ചു വിശ്വസിക്കാനാകുമോ?

Subscribe Tharjani |