തര്‍ജ്ജനി

രഘുനാഥന്‍

മെയില്‍ : raghu.nadhan.ar@gmail.com
ബ്ഗ്ലോഗ് : http://orunimishamtharoo.blogspot.com

Visit Home Page ...

ഓര്‍മ്മ

ഒരു കൊലപാതകത്തിന്റെ നേര്‍ക്കാഴ്ച

ഗോവയിലെ ഒരു ട്രെയിനിംഗ് ക്യാമ്പിനു ശേഷം എന്റെ ജോലിസ്ഥലമായ ജബല്‍പ്പൂരിലെയ്ക്ക് പോകാനായി മദ്ധ്യപ്രദേശിലെ ഇട്ടാര്‍സി എന്ന റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്നു ഞാന്‍.

പ്ലാറ്റ്‌ഫോമില്‍ തിരക്ക് വളരെ കൂടുതലായിരുന്നു. അടുത്തുള്ള പ്ലാറ്റ്‌ഫോമുകളില്‍ വണ്ടികള്‍ വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഉരുളുന്ന വണ്ടിയില്‍ കച്ചവടം നടത്തുന്നവരും ചായ വില്പനക്കാരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് തലങ്ങും വിലങ്ങും പോയിക്കൊണ്ടിരുന്നു. നേരെ മുമ്പിലുള്ള പ്ലാറ്റ്‌ഫോമില്‍ ഒരു യാചകകുടുംബം എവിടുന്നോ കിട്ടിയ ഭക്ഷണപ്പൊതി അഴിച്ചു വീതം വയ്ക്കുന്നു.

വായിച്ചു കൊണ്ടിരുന്ന വീക്കിലി മടക്കി വച്ച് ഞാന്‍ വാച്ചില്‍ നോക്കി. വണ്ടി വരാന്‍ ഇനിയും ഒരു മണിക്കൂറോളം ബാക്കിയുണ്ട്. ഞാന്‍ കാലുകള്‍ നീട്ടി വച്ച് കണ്ണടച്ച് ചാരിയിരുന്നു. പ്ലാറ്റ്‌ഫോമിലെ ബഹളങ്ങള്‍ കാരണം ഒന്നുറങ്ങാനുള്ള ശ്രമം പാഴാകുന്നതില്‍ അസ്വസ്ഥനായ ഞാന്‍ കുറച്ചകലെ കൂട്ടം കൂടിയിരുന്നു സൊറ പറഞ്ഞു ചിരിക്കുന്ന തെരുവ് കുട്ടികളെ വെറുതെ ശ്രദ്ധിച്ചു.

കാഴ്ചയില്‍ ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു യുവാവാണ് അവരുടെ നേതാവെന്നു തോന്നുന്നു. മുഷിഞ്ഞ പാന്റും ഷര്‍ട്ടും വേഷം. എണ്ണമയമില്ലാത്ത പാറിപ്പറന്നു കിടക്കുന്ന ചെമ്പിച്ച തലമുടി ഇടയ്ക്കിടയ്ക്ക് സ്റ്റൈലില്‍ മാടിയൊതുക്കുന്നു. ഹിന്ദി സിനിമാനടന്മാരെപ്പോലെ, മുന്‍വശത്തെ ബട്ടന്‍സുകള്‍ പാതിയും തുറന്നിട്ടിട്ടുള്ള ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിനു മുകള്‍ വരെ തെറുത്തു കയറ്റിവച്ചിരിക്കുന്നു. കഴുത്തില്‍ ഒരു ലോഹമാല. അവന്‍ പോക്കറ്റില്‍ നിന്നും ഒരു പൊതിയെടുത്ത് തുറന്നു. അതില്‍ നിന്നും എന്തോ കുറച്ചെടുത്തു കൈ വെള്ളയിലിട്ടു തിരുമ്മി. എന്നിട്ടത് നാക്കിനടിയില്‍ തിരുകി.

പ്ലാറ്റ്‌ഫോമിലെ സിമന്റ് തൂണിനു ചുറ്റും കെട്ടിയുയര്‍ത്തിയ തറയില്‍ കാലുകള്‍ ആട്ടിയിരുന്നു കൊണ്ട് എന്തോ ഉച്ചത്തില്‍ പറഞ്ഞു ചിരിക്കുയാണ് ആ ചെറുപ്പക്കാരന്‍. അവന്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ട് മൂന്ന് നാല് പേര്‍ താഴെ നിലത്തിരിക്കുന്നു. എല്ലാം പതിനഞ്ചില്‍ താഴെ മാത്രം പ്രായമുള്ളവര്‍. ഉദ്ദേശം പത്തു വയസ്സ് തോന്നിക്കുന്ന വേറൊരു കുട്ടി അല്പം മാറിയിരുന്നു പ്ലാറ്റ്‌ ഫോമില്‍ കിടക്കുന്ന സിഗരട്ട് കൂടുകളും മറ്റും എടുത്ത്‌ അലക്ഷ്യമായി പാളത്തിലേക്ക് വലിച്ചെറിയുകയാണ്‌. ഇടയ്ക്കിടയ്ക്ക് ക്രുദ്ധനായി കൂട്ടുകാരെ നോക്കുന്നുമുണ്ട്.

പിണങ്ങി ദൂരെ മാറിയിരിക്കുന്ന കുട്ടിയെപ്പറ്റിയാണ് നേതാവിന്റെ സംസാരം എന്ന് തോന്നുന്നു. അവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മറ്റുള്ളവന്‍ ദൂരെ മാറിയിരിക്കുന്നവനെ നോക്കുകയും കളിയാക്കുന്ന രീതിയില്‍ ചിരിക്കുന്നതും കാണാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ പത്തു വയസ്സുകാരന്‍ അവിടെ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റു പോയി..

ഞാന്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും അല്പം വെള്ളമെടുത്തു കുടിച്ചിട്ട് വീണ്ടും കണ്ണടച്ചു ചാരിക്കിടന്നു. കൂകിപ്പാഞ്ഞു വന്ന ഒരു ചരക്കു വണ്ടി അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ കൂടി പാഞ്ഞു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ മയക്കത്തിലേയ്ക്കു ഞാന്‍ മെല്ലെ വഴുതി വീണു..

ഒരു ബഹളം കേട്ടാണ്‌ ഞാന്‍ ഞെട്ടിയുണര്‍ന്നത്.... ആരോ ഹിന്ദിയില്‍ ഉറക്കെ ചീത്ത പറയുന്നത് ഞാന്‍ കേട്ടു. നോക്കുമ്പോള്‍ നേരത്തെ കണ്ടു തെരുവുകുട്ടികളുടെ സംഘമാണ്. ചെറുപ്പക്കാരനായ സംഘനേതാവ് പ്രായമായ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചിരിക്കുന്നു. എന്നിട്ട് അയാള്‍ക്ക്‌ സിനിമാസ്റ്റൈലില്‍ മൂന്ന് നാല് ഇടി കൊടുക്കുന്നതും കണ്ടു. യാത്രക്കാര്‍ ഈ ലഹള കണ്ടു പേടിച്ചു വശങ്ങളിലേയ്ക്ക് ഒതുങ്ങി. പ്ലാറ്റ്‌ഫോം കച്ചവടക്കാര്‍ ഇതെല്ലാം നിത്യസംഭവമെന്ന മട്ടില്‍ ശ്രദ്ധിക്കാതെ തങ്ങളുടെ ജോലി തുടര്‍ന്നു. അല്പം അകലെ നിന്ന ഒരു പോലീസുകാരന്‍ സംഭവം കാണാത്ത മട്ടില്‍ മറ്റെവിടെയോ നോക്കി നിന്നു.

ഇടി കൊണ്ടയാള്‍ ചെറുപ്പക്കാരന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതും ഓടിപ്പോകുന്നതും കണ്ടു. കൂടെ ആ പത്തു വയസ്സുകാരനും ഓടിപ്പോയി. പത്തു വയസ്സുകാരന്റെ പിതാവായിരിക്കാം അയാളെന്ന് ഞാന്‍ കരുതി. വഴക്ക് തീര്‍ക്കാനോ പകരം ചോദിക്കാനോ വിളിച്ചു കൊണ്ട് വന്നതായിരിക്കാം. യുവാവും പരിവാരങ്ങളും വീണ്ടും കൂടിയിരുന്നു സൊറ പറയാന്‍ തുടങ്ങി. യുവാവിന്റെ മുഖത്ത്‌ ഒരു ജേതാവിന്റെ ഭാവം ഞാന്‍ കണ്ടു. അവന്‍ ഷര്‍ട്ടിന്റെ കൈകള്‍ അല്പം കൂടെ ചുരുട്ടി കയറ്റി. എന്നിട്ട് പ്ലാറ്റ്‌ഫോമില്‍ നില്ക്കുന്നവരെ ഗര്‍വ്വോടെ നോക്കി.

ഇതിനിടയിലാണ് അത് സംഭവിച്ചത്. കയ്യില്‍ എന്തോ മറച്ചുപിടിച്ചു കൊണ്ട് പുറകിലൂടെ പതുങ്ങി വന്ന പത്തു വയസ്സുകാരന്‍ സൊറ പറഞ്ഞു രസിച്ചിരുന്ന യുവാവിന്റെ തലയില്‍ ആഞ്ഞിടിച്ചു....!!

തലയുടെ പുറകില്‍ അപ്രതീക്ഷിതമായ ഇടിയേറ്റ യുവാവ് തല പൊത്തിപ്പിടിച്ചു കൊണ്ട് പ്ലാറ്റ്‌ഫോമിലെയ്ക്ക് മറിഞ്ഞു വീണു. അയാളുടെ തലയില്‍ നിന്നും ചോര ചീറ്റിയൊഴുകി. പ്ലാറ്റ്‌ഫോമില്‍ നിന്ന യാത്രക്കാര്‍ ഞെട്ടി വിറച്ചു. ചിലര്‍ അലര്‍ച്ചയോടെ ഓടി മാറി. അകലെ നിന്ന പോലീസുകാരന്‍ ഓടിയെത്തി. പക്ഷെ അയാള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.

ഇടിച്ച ശേഷം ഓടിപ്പോയ പത്തു വയസ്സുകാരന്‍ വീണ്ടും മടങ്ങിയെത്തി. ഇത്തവണ അവന്റെ കയ്യിലിരിക്കുന്ന സാധനം കണ്ടു ഞാന്‍ ഞെട്ടി. വലിയൊരു കരിങ്കല്ല്. അത് കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച്‌ വേച്ചു വേച്ചു വരികയാണവന്‍‍. ആളുകള്‍ ശ്വാസമടക്കി നോക്കി നിന്നു. പെട്ടെന്നവന്‍ ആ കല്ല്‌ നിലത്തു ചോരക്കളത്തില്‍ കിടന്നു പിടയുന്ന യുവാവിന്റെ തലയിലേക്കിട്ടു....

ഒരു നിമിഷം.. തല തകര്‍ന്ന യുവാവ് കുതറിപ്പിടഞ്ഞു. അയാളുടെ തലച്ചോര്‍ നാല് പാടും ചിതറി. ഹൃദയം നടുക്കുന്ന ദൃശ്യം കണ്ടു യാത്രക്കാരായ ചില സ്ത്രീകള്‍ ബോധം കേട്ടു വീണു. പ്ലാറ്റ്‌ഫോമില്‍ ചോര ചാലിട്ടൊഴുകി...അത് കണ്ടു പട്ടാളക്കാരനായ ഞാന്‍ പോലും വിറച്ചു പോയി....

ഇതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പത്തു വയസ്സുകാരനെ ചില ആളുകള്‍ ചേര്‍ന്ന് പിടിച്ചു നിര്‍ത്തി. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അവനെ ശരിക്ക് കൈകാര്യം ചെയ്യന്ന കാഴ്ചയും ഞാന്‍ കണ്ടു.

അപ്പോഴേയ്ക്കും തറയില്‍ തല തകര്‍ന്നു കിടന്ന ചെറുപ്പക്കാരന്റെ അവസാന അനക്കവും നിലച്ചിരുന്നു. വര്‍ഷങ്ങള്‍ ഏഴു കഴിഞ്ഞിട്ടും ആ ചെറുപ്പക്കാരന്റെ രൂപം ഇന്നും മനസ്സില്‍ നിന്നു മായുന്നില്ല.

Subscribe Tharjani |