തര്‍ജ്ജനി

ഡോ. തോമസ് വര്‍ഗീസ്

Visit Home Page ...

പരിസ്ഥിതി

കീടനാശിനികളും ബഹുരാഷ്ട്രക്കുത്തകകളും

ഓരോ നാല്പത്തിയഞ്ച് മിനിട്ടിലും ഒരാളെന്ന നിരക്കില്‍ മനുഷ്യര്‍ കീടനാശിനിയുടെ വിഷബാധയേറ്റ് മരിക്കുകയും ഒരു മിനിട്ടില്‍ ഒരാളെന്ന നിരക്കില്‍ കീടനാശിനിയുടെ ദുരന്തത്തിനിരയാകുകയും ചെയ്യുന്ന ചുറ്റുപാടിലാണ് നാമിന്ന് ജീവിക്കുന്നത്. 1700 കോടിയിലേറെ ഡോളര്‍ പ്രതിവര്‍ഷം വ്യാപാരം നടക്കുന്ന കീടനാശിനി മാര്‍ക്കറ്റിന്റെ പരിപൂര്‍ണ നിയന്ത്രണം അമേരിക്കയിലും യൂറോപ്പിലുമുള്ള വിരലിലെണ്ണാവുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ കൈകളിലാണ്. മൂന്നാംലോകരാഷ്ട്രങ്ങളിലെ പാവപ്പെട്ട കൃഷിക്കാരേയും ബഹുജനങ്ങളേയും ചൂഷണം ചെയ്യുകയും കൊല്ലാക്കൊല നടത്തുകയും ചെയ്യുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ നീചവൃത്തികളുടെ കഥ ഭോപ്പാല്‍ ദുരന്തത്തിലൂടെ ബോദ്ധ്യപ്പെട്ടത് അനാവരണം ചെയ്യുകയാണ് ഈ മേഖലയില്‍ ഗവേഷണവും പഠനവും നടത്തുന്ന ലേഖകന്‍.

1984 ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദാരുണമായ കൂട്ടക്കൊല ഭോപ്പാലില്‍ നടന്നു! 2500 ലേറെ നിരപരാധികളുടെ ജീവനപഹരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് തീരാവ്യധികള്‍ വരുത്തിവെക്കുകയും ചെയ്ത പ്രസ്തുത സംഭവത്തെ 'ഭോപ്പാല്‍ ദുരന്ത' മെന്നാണ് പ്രമുഖപത്രങ്ങളും ഭരണാധികാരികളും വിശേഷിപ്പിച്ചുകണ്ടത്. അപ്രതീക്ഷിതമായി വന്നെത്തുന്ന ചുഴലിക്കാറ്റോ ഉരുള്‍പൊട്ടലോ ഭൂകമ്പമോ പോലെ ഇതുമൊരു ഒഴിവാക്കാനാവാത്ത ദുരന്തമെന്ന മട്ടിലാണ് പലരും അന്ന് പരാമര്‍ശിച്ചത്. എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. വളരെയധികം ജനബാഹുല്യമുള്ള നഗരത്തില്‍, വേണ്ടത്ര മുന്‍കതരുതലുകളില്ലാതെ തികച്ചും നിരുത്തരവാദപരമായി നടത്തിവന്ന കീടനാശിനി ഫാക്ടറിയിലുണ്ടായ വിഷവാതകച്ചോര്‍ച്ച മൂലം ആളുകള്‍ ഈയാംപോറ്റകള്‍ മാതിരി ചത്തൊടുങ്ങാനുണ്ടായ സാഹചര്യം വളരെ ഗൌരവമായ അന്വേഷണത്തിനും പഠനത്തിനും വിഷയമാക്കേണ്ടതുണ്ട്.

അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്രക്കമ്പനി അവരുടെ നാടിന് വെളിയില്‍ നടത്തുന്ന ഇത്തരമൊരു കീടനാശിനിഫാക്ടറി ഭോപ്പാലില്‍ മാത്രമാണുണ്ടായിരുന്നത്. സെവിന്‍ എന്ന ട്രേഡ്നാമമുള്ള കാര്‍ബറിലും, ടെമിക്ക് 10 – ജി എന്ന പേരിലുള്ള ആല്‍ഡിയകാര്‍ബും ആണ് ഈ ഫാക്ടറിയില്‍ ഉല്പാദിപ്പിച്ചുവന്ന മുഖ്യ കീടനാശിനികള്‍. ഇവയുടെ ഉല്പാദനത്തിനാവശ്യമുള്ള അടിസ്ഥാനവസ്തുക്കളില്‍ പ്രധാനമായ ഒരു രാസയൗഗികമാണ് മീതൈല്‍ ഐസോസൈനേറ്റ്. ദ്രാവകരൂപത്തിലും വാതകരൂപത്തിലും ഈ രാസയൗഗികം സംഭരണികളില്‍ സൂക്ഷിക്കപ്പെടാറുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും ഞൊടിയിടയില്‍ ജീവഹാനി വരുത്തുവാന്‍ കഴിവുള്ള സൈനൈഡ് വര്‍ഗവുമായി ബന്ധമുള്ള ഈ രാസപദാര്‍ത്ഥം വളരെയേറെ ശ്രദ്ധയോടും മുന്‍കലരുതലുകളോടുമാണ് സാധാരണ ലബോറട്ടറികളില്‍ പോലും കൈകാര്യം ചെയ്യപ്പെടാറുള്ളത്. അപ്പോള്‍ വളരെയേറെ തൊഴിലാളികള്‍ പണിയെടുത്തിരുന്നതും ജനബാഹുല്യവുള്ള ഒരു പ്രദേശത്ത് സ്ഥാപിച്ചിരുന്നതുമായ ഒരു കീടനാശിനിഫാക്ടറിയില്‍ പ്രസ്തുത രാസയൗഗികം കൈകാര്യം ചെയ്യുമ്പോള്‍ എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകളുടെ ആക്കം എത്ര വലുതായിരിക്കണമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഇതേ കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാനടപടികള്‍ ഭോപ്പാലിലും എടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇമ്മാതിരി ഒരു കൂട്ടക്കൊലയ്ക്ക് നമ്മുടെ നാട് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നില്ല.

മൂന്നാം ലോകരാഷ്ട്രങ്ങളെന്ന കുപ്പത്തൊട്ടികള്‍

ലാഭക്കൊതിമൂത്ത ബഹുരാഷ്ട്രകുത്തകകളെ സംബന്ധിച്ചിടത്തോളം മൂന്നാം ലോകരാജ്യങ്ങള്‍ അവരുടെ കുപ്പത്തൊട്ടികളും, അവിടത്തെ ജനങ്ങള്‍ ഗിനിപ്പന്നികളുമാണ്. അമേരിക്കന്‍ ഗവണ്മെന്റിന്റെ ഫെഡറല്‍ നിയമങ്ങള്‍, വികസ്വരരാജ്യങ്ങളുടെ ഇറക്കുമതിനയങ്ങള്‍, അന്തര്‍ദ്ദേശീയബാങ്കുകള്‍, ചില യു.എന്‍ ഏജന്‍സികള്‍, വിലയ്ക്കെടുക്കപ്പെടുന്ന നാടന്‍ ശാസ്ത്രജ്ഞന്മാര്‍, സര്‍വ്വോപരി ഇത്തരം ദരിദ്രരാജ്യങ്ങളിലെ ജനങ്ങളുടെ അജ്ഞത ഇവയൊക്കെ പ്രസ്തുത കുത്തകകളുടെ പ്രവര്‍ത്തനത്തിന് വേണ്ടുന്ന വഴിയൊരുക്കുവാന്‍ സഹായിക്കുന്നു. ഈ വമ്പന്മാരുടെ കള്ളി വെളിച്ചത്താക്കുന്ന ഗ്രന്ഥങ്ങളും റിപ്പോര്‍ട്ടുകളും വളരെയേറെ കോളിളക്കം സൃഷ്ടിച്ചിട്ടുള്ളതാണ്. ഡേവിഡ് വിയര്‍, മാര്‍ക്ക് ഷാപ്പിറോ എന്നീ രണ്ട് ലേഖകന്മാര്‍ ചേര്‍ന്നെഴുതിയ 'വിഷവൃത്തം' എന്ന ഗ്രന്ഥം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. കീടനാശിനികളുടെ ഉല്പാദനം, വിപണനം, വിനിയോഗം എന്നീ രംഗങ്ങളില്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ബഹുരാഷ്ട്രക്കുത്തകകള്‍ നടത്തുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ പ്രസ്തുത ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാംലോക രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കപ്പെടുന്ന കീടനാശിനികളില്‍ ഇരുപത്തിയഞ്ച് ശതമാനത്തിലേറെയും അമേരിക്കയില്‍ പാടെ നിരോധിക്കപ്പെട്ടവയോ, കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവയോ ആണ്. അതിന് പുറമേ അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികള്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ മൂന്നാം ലോകരാജ്യങ്ങളില്‍ സ്ഥാപിക്കപ്പെടുന്നു. ഇന്ത്യയില്‍ തന്നെ യൂണിയന്‍ കാര്‍ബൈഡ്, ഐ.സി.ഐ, ബേയര്‍, ഹോയസ്റ്റ് എന്നീ കമ്പനികള്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉണ്ടാക്കുന്ന ഫാക്ടറികള്‍ നടത്തിവരുന്നു. എന്‍ഡോസള്‍ഫാന്‍, ബി.എച്ച്.സി, ആല്‍ഡ്രിന്‍, ഡൈആല്‍ഡ്രിന്‍, എന്‍ഡ്രിന്‍, മിറെക്സ്, ഡി.ബി.സി.ഡി ഹെപ്റ്റാക്ലോര്‍, ലിന്‍ഡേന്‍, ഫോസ്വെല്‍, സില്വെക്സ്, 2,4,5-റ്റി, ഇ.ഡി.ബി എന്നീ കീടനാശിനികള്‍ അമേരിക്കയിലൊട്ടാകെ പരിപൂര്‍ണമായി നിരോധിക്കപ്പെട്ടവയോ, കര്‍ശനനിയന്ത്രണവിധേയമായി മാത്രം ഉപയോഗിക്കുന്നവയോ ആണ്. അമേരിക്കയില്‍ മാത്രമല്ല മിക്ക വിദേശരാജ്യങ്ങളിലും മേല്പറഞ്ഞ കീടനാശിനികള്‍ നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഈച്ചപ്പൊടിയെന്നും മൂട്ടപ്പൊടിയെന്നും ചാഴിപ്പൊടിയെന്നും അറിയപ്പെടുന്ന ബി.എച്ച്.സി, 1971 ല്‍ തന്നെ ജപ്പാനിലൊട്ടാകെ നിരോധിച്ചുകഴിഞ്ഞതാണ്. ബി.എച്ച്.സി തളിച്ച നെല്പാടങ്ങളില്‍ നിന്നുമുള്ള വയ്ക്കോല്‍ കഴിച്ച പശുക്കളുടെ പാലില്‍ ഗുരുതരമായ തോതില്‍ പ്രസ്തുത വിഷാംശം കലര്‍ന്നിരുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് ബി.എച്ച്.സി നിരോധിക്കപ്പെട്ടത്. ജപ്പാനില്‍ നിന്നുമുള്ള മറ്റൊരു റിപ്പോര്‍ട്ടും ഇവിടെ പ്രസക്തമാണ്. ബി.എച്ച്.സി അവിടെ പ്രയോഗത്തിലാകുന്നതിന് മുമ്പ് തീരെ ശല്യമില്ലാതിരുന്ന 'മുഞ്ഞ'യെന്ന കീടത്തിന്റെ ഉപദ്രവം കാലക്രമേണ അസഹനീയമായിത്തിര്‍ന്നു. വയലേലകളില്‍ ഉപയോഗിച്ച ബി.എച്ച്.സി കാരണം അവിടത്തെ ചിലന്തികള്‍ക്കുണ്ടായ വംശനാശമാണ് മുഞ്ഞയുടെ അധികരിച്ച വര്‍ദ്ധനവിന് ഇടയാക്കിയതെന്ന് പിന്നാലെ വ്യക്തമാവുകയുണ്ടായി.

അമേരിക്കയിലാകെ പരിഭ്രാന്തി സൃഷ്ടിച്ച ഒരു കീടനാശിനിയാണ് എത്തിലീന്‍ ഡൈബ്രോമൈഡ് അഥവാ ഇ.ഡി.ബി. കലവറ കീടങ്ങളെ നശിപ്പിക്കുവാന്‍ വളരെ സുരക്ഷിതമെന്ന് കരുതിയിരുന്ന രാസവസ്തു കടുത്ത അര്‍ബ്ബുദകാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അത് പ്രയോഗിച്ച ധാന്യത്തിലുണ്ടാക്കിയ റൊട്ടിയും ബിസ്കറ്റുമെല്ലാം പീടികകളില്‍ നിന്ന് പിടിച്ചെടുത്തതായി ടൈം വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. പ്രസ്തുത റിപ്പോര്‍ട്ടില്‍ തന്നെ ഭോപ്പാല്‍ ഫാക്ടറിയിലെ മുഖ്യ ഉല്പന്നമായ ആല്‍ഡികാര്‍ബും കടുത്ത അര്‍ബ്ബുദകാരിയാണെന്ന് കണ്ടതിനെത്തുടര്‍ന്ന് നിരോധിച്ചതായും പറഞ്ഞിരുന്നു.
നിരോധിക്കപ്പെട്ട കീടനാശിനികളുടെ കൂട്ടത്തില്‍ ചേര്‍ത്തിരുന്ന 2,4,5 – റ്റി എന്ന രാസവസ്തു പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ്. 'ഏജന്റ് ഓറഞ്ച് 'എന്ന കുപ്രസിദ്ധി നേടിയ രാസവസ്തുവിന്റെ അടിസ്ഥാനഘടകമാണ് കളനാശിനി ആയി ഉപയോഗിച്ചുവരുന്ന ഈ വില്ലന്‍. വിയറ്റ്നാമിലെ ഗറില്ലാ പോരാളികളെ കണ്ടെത്താന്‍ അവിടത്തെ വനങ്ങളില്‍ വിമാനത്തില്‍ കൊണ്ടുപോയി തളിച്ച ഈ രാസവസ്തു വരുത്തിയ ജനിതകവൈകല്യങ്ങള്‍ അവിടെ ജനിച്ച കുട്ടികള്‍ അനുഭവിച്ച് തീര്‍ത്തേ പറ്റൂ. 'ഡയോക്സിന്‍' എന്ന യൗഗികമാണ് ഇതില്‍ നിന്നും ഉരുത്തിരിയുന്ന വിഷവസ്തു. ഇന്നോളം ഉണ്ടാക്കിയിട്ടുള്ളതില്‍ ഏറ്റവും മാരകമായ വിഷങ്ങളിലൊന്നാണിത്. നമ്മുടെ റബ്ബര്‍ തോട്ടങ്ങളില്‍ കളനാശിനി ആയി ഉപയോഗിക്കുന്ന 'റൗണ്ടപ് ' എന്ന രാസപദാര്‍ത്ഥത്തിലെയും അടിസ്ഥാന വസ്തുക്കളിലൊന്ന് ഈ ഘടകമാണ്.

നമ്മുടെ അജ്ഞത അവര്‍ക്കനുഗ്രഹം

ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമായി തീര്‍ന്നിട്ടുള്ളത് ദരിദ്രരാഷ്ട്രങ്ങളുടെ ജനങ്ങളിലെ അജ്ഞതയാണ്. ബ്രസീല്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്ത്യ, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് മുഖ്യമായും ബഹുരാഷ്ട്രക്കുത്തകകളുടെ കീടനാശിനിഫാക്ടറികള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും, അത്തരം വിഷവസ്തുക്കളൊക്കെ വിറ്റഴിക്കപ്പെടുന്നതും. സീബാ-ഗയ്ജി, ബി.എ.എസ്.എഫ്, ബേയര്‍, സൈനാമിഡ്, ഡൗ കെമിക്കല്‍സ്, ഷെല്‍, യൂണിയന്‍ കാര്‍ബൈഡ്, വെല്‍സിക്കോള്‍, ഹോയിസ്റ്റ്, ഫീസര്‍, ട്രാന്‍സ് വേള്‍ഡ്, വാര്‍ണര്‍, സൂപ്പോണ്ട്, അലൈഡ്, പ്രോഫിക്കോള്‍, മൊണ്‍സാറന്റോ, ഷെറിണ്ട് എന്നീ കമ്പനികളാണ് കീടനാശിനി മേഖലയിലെ വമ്പന്മാര്‍.
കീടനാശിനി വ്യവസായം തന്നെ ഒരു രഹസ്യ ഏര്‍പ്പാടായാണ് നടത്തിവരുന്നത്. ഓരോതരം കീടനാശിനിയും ഉല്പാദിപ്പിക്കുവാനുപയോഗിക്കുന്ന അസംസ്കൃത പദാര്‍ത്ഥങ്ങള്‍, അവയുടെ രാസപ്രക്രിയകള്‍, ഭൗതിക-രാസസ്വഭാവങ്ങള്‍, അവ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും വരുത്തുന്ന ദുരന്തങ്ങള്‍ തുടങ്ങിയവ ഒന്നും തന്നെ ബഹുജനങ്ങള്‍ അറിയാതിരിക്കത്തക്കവണ്ണമുള്ള ഏര്‍പ്പാടുകളാണ് ഇന്ന് നിലവിലുള്ളത്. ഭോപ്പാല്‍ ദുരന്തത്തെ സംബന്ധിച്ച് യൂണിയന്‍ കാര്‍ബൈഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്തുത കമ്പനി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളെപ്പറ്റിയുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ ഇറങ്ങിപ്പോയ സംഭവം ഈ വ്യവസായത്തിന്റെ രഹസ്യസ്വഭാവം വെളിപ്പെടുത്തുന്നു. കീടനാശിനി നിയന്ത്രണനിയമങ്ങള്‍ നിലവിലുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍പോലും മേല്പറഞ്ഞ രഹസ്യസ്വഭാവം നിലനിറുത്തുവാനുള്ള പഴുതുകളോടെയാണ് നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കമനീയമായ പ്ലാസ്റ്റിക്പാത്രങ്ങളില്‍, കണ്ണഞ്ചിപ്പിക്കുന്ന ലേബലുകളുമായി മൂന്നാംലോകരാജ്യങ്ങളിലെ പാവപ്പെട്ട കൃഷിക്കാരന്റെ കൈകളിലെത്തുന്ന ഈ കീടനാശിനികള്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ എല്ലാത്തരം കാര്‍ഷികവിളകളിലും പ്രയോഗിക്കപ്പെടുന്നു. ഇത്തരം കീടനാശിനികളുടെ അപകടസാദ്ധ്യതകളെപ്പറ്റി മരുന്നു തളിക്കുന്ന കര്‍ഷകത്തൊഴിലാളിക്കോ, ഇവയുടെ വിഷാംശം കലര്‍ന്ന കാര്‍ഷികകോല്പന്നങ്ങള്‍ ആഹരിക്കുന്ന പൊതുജനങ്ങള്‍ക്കോ യാതൊരറിവുമില്ല എന്നതാണ് ദുഃഖകരമായ വസ്തുത. അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ പത്ത് വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നതിന്റെ 35 – 50 ശതമാനം കണ്ട് കുറഞ്ഞതോതിലാണ് ഇന്ന് കീടനാശിനികള്‍ പ്രയോഗിച്ചുവരുന്നത്. എന്നാല്‍ പാവപ്പെട്ട മൂന്നാം ലോക രാജ്യങ്ങളിലാകട്ടെ വമ്പിച്ച പ്രചാരണവേലകളും തന്ത്രങ്ങളും ഉപയോഗിച്ചതിന്റെ ഫലമായി നിര്‍ദ്ദിഷ്ട തോതിന്റെ 40 ശതമാനത്തിലേറെ കീടനാശിനികള്‍ ഉപയോഗിച്ചു വരുന്നതായി ചൂണ്ടിക്കണിക്കപ്പെടുന്നു. ഇതുകാരണം ആ നാടുകളിലെ പലേ കീടങ്ങള്‍ക്കും 'പ്രതിരോധ ശക്തി' കൈവന്നതായും, മാരകമായ വിഷങ്ങളുപയോഗിച്ചാല്‍ പോലും നിയന്ത്രിക്കാനാവാത്ത വ്യവസ്ഥയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ തന്നെ പ്രതിവര്‍ഷം 1300 ടണ്ണിലേറെ കീടനാശിനികളാണ് ഉപയോഗിച്ചുവരുന്നത്. അവയില്‍ ഏറ്റവും മുമ്പന്‍ വിദേശരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍, ബി.എച്ച്.സി എന്നിവ തന്നെ. ഇതിനുപുറമേ കാര്‍ബറില്‍, ഫുറഡാന്‍, മാലത്തിയോണ്‍, മീതൈല്‍ പാരത്തയോണ്‍ തുടങ്ങിയ കീടനാശിനികള്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ചു തന്നെ ഏതാണ്ട് അറുപതോളം വ്യത്യസ്ത ഇനങ്ങളിലുള്ള കീടനാശിനികള്‍ കേരളത്തില്‍ ഉപയോഗത്തിലുണ്ട്. ഇവയില്‍ ഇ.ഡി.ബി, ആല്‍ഡി കാര്‍ബ്, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ പലേ കീടനാശിനികളും വിദേശ രാജ്യങ്ങളില്‍ പലയിടത്തും നിരോധിക്കപ്പെട്ടതാണെന്ന സത്യം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അറിഞ്ഞിട്ടില്ല. അറിയിക്കേണ്ടവര്‍ അത് മറച്ച് വെയ്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന കീടനാശിനികളില്‍ മാരകവിഷങ്ങളായ പല ഇനത്തിന്റേയും ലേബലുകളിലെ അപായ സൂചന നല്കിയിരിക്കുന്നത് ആംഗലേയത്തിലാണ്. ആംഗലേയം എഴുതുവാനും വായിക്കുവാനും പോലും അറിയാത്ത 65 ശതമാനത്തിലേറെ ജനങ്ങളുള്ള രാജ്യത്ത് ഇത്തരം അപായ സൂചന ആംഗലേയത്തില്‍ എഴുതി വിടുന്നത് ആരെ ഉദ്ദേശിച്ചാണാവോ? ഇതിനു പുറമേ മേല്പറഞ്ഞ മാരകവിഷങ്ങള്‍ പലതും സൂക്ഷിക്കേണ്ടത് "ഇരുളടഞ്ഞതും, തണുപ്പുള്ളതും, ഈര്‍പ്പം ഏല്‍ക്കാത്തതുമായ" ചുറ്റുപാടിലായിരിക്കണമെന്നും, അവ കൈകാര്യം ചെയ്യുമ്പോള്‍ റബ്ബര്‍ കൈ ഉറകളും, മുഖംമൂടികളും ഉപയോഗിക്കണമെന്നും വരെ കീടനാശിനി പ്രയോഗത്തിലെ നിര്‍ദ്ദേശങ്ങളിലടങ്ങിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് നിലവിലിരിക്കുന്ന സാമൂഹിക - സാമ്പത്തിക സാഹചര്യങ്ങളില്‍ ഈ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ എത്രകണ്ട് പാലിക്കപ്പെടുമെന്ന് അന്വേഷിക്കേണ്ടതുണ്ടോ?

ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കീടനാശിനി?

മൂന്നാംലോകരാജ്യങ്ങളിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഘടകങ്ങളില്‍ പ്രമുഖമായ ഒന്നാണത്രേ കീടനാശിനി ഉപയോഗിച്ചുള്ള ആധുനിക കൃഷിസങ്കേതങ്ങള്‍. 1970 കളില്‍ അരങ്ങേറിയ ഹരിതവിപ്ലവത്തോടൊപ്പം കീടനാശിനികളുടെ ഉപയോഗവും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. കീടനാശികളുടെ ആഗോള ഉപയോഗത്തിന്റെ 30 ശതമാനത്തിലേറെയും, ഉല്പാദനത്തിന്റെ 15 ശതമാനത്തോളവും ഇന്ന് മൂന്നാം ലോകരാജ്യങ്ങളിലാണ് നടക്കുന്നത്. “വിശക്കുന്ന വയറുകള്‍ക്ക് ആഹാരം" എന്ന മുദ്രാവാക്യവുമായി മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നടക്കുന്ന കാര്‍ഷികവികസനപ്രവര്‍ത്തനങ്ങള്‍ സാമൂഹിക - സാമ്പത്തിക മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെന്തെന്ന് വസ്തുനിഷ്ടമായി പഠിക്കേണ്ടിയിരിക്കുന്നു. ഹരിതവിപ്ലവത്തിന്റെ ഈറ്റില്ല​മായ പഞ്ചാബില്‍ തന്നെ കഴിഞ്ഞ ഒരു ദശകത്തില്‍ ഗ്രാമീണ ദാരിദ്ര്യം 18 ശതമാനത്തില്‍ നിന്നും 23 ശതമാനമായി ഉയരുകയാണുണ്ടായതെന്ന് ഇന്ത്യന്‍ ലേബര്‍ സംഘടന നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളോടൊപ്പംതന്നെ അധികരിച്ച രാസവളങ്ങളും, കീടനാശിനികളും, കളനാശിനികളും പ്രയോഗിക്കേണ്ടിവരുന്നു. ഉല്പാദനച്ചെലവ് വര്‍ദ്ധിക്കുന്നതോടുകൂടി ഉല്പന്നത്തിന്റെ വിലയിലും വര്‍ദ്ധനവുണ്ടാകുന്നു. വര്‍ദ്ധിച്ച കൂലിനിരക്കു കാരണം തൊഴിലാളികളുടെ എണ്ണം ചുരുക്കുവാനുള്ള മാര്‍ഗ്ഗങ്ങളാരായാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. കളനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം കാരണം പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുവാനിടയാകുന്നു. എന്നാല്‍ ഈ ദുരിതവലയത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നത് കീടനാശിനികളും കളനാശിനികളും രാസവളങ്ങളുമൊക്കെ വിറ്റഴിക്കുന്ന ബഹുരാഷ്ട്രക്കമ്പനികളാണ് എന്നകാര്യം നാം വിസ്മരിക്കുന്നു. ഈയിടെയായി അത്യുല്പാദനശേഷിയുടെ മേലാണ് ബഹുരാഷ്ട്രക്കുത്തകകളുടെ കണ്ണ് വീണിരിക്കുന്നത്. ഹരിതവിപ്ലവത്തോടെ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ മിക്കവയും പരമ്പരാഗതമായി കൃഷിചെയ്തിരുന്ന സസ്യജനുസ്സുകള്‍ പലതും ഉപേക്ഷിച്ചുവരുന്നതായാണ് കണ്ടുവരുന്നത്. ഇതുമൂലം ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ നിരവധിയാണ്. ആയിരക്കണക്കിന് സസ്യജനുസ്സുകളുണ്ടായിരുന്ന നമ്മുടെ ഭൂമുഖത്തുനിന്നും അവയില്‍ നല്ലൊരു പങ്കും അപ്രത്യക്ഷമാവുകയും, അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളുടെ എണ്ണം പരിമിതപ്പെടുകയും അവയിന്മേലുള്ള കുത്തകാവകാശം ബഹുരാഷ്ട്രക്കമ്പനികള്‍ക്കാവുകയും ചെയ്താലത്തെ കഥ പറയേണ്ടതില്ലല്ലോ. മൂന്നാംലോകരാഷ്ട്രങ്ങളിലെ പാവപ്പെട്ടവന്റെ പട്ടിണി പരിഹരിക്കുന്നതില്‍ ബഹുരാഷ്ട്രക്കുത്തകകളുടെ ആത്മാര്‍ത്ഥത എത്രയുണ്ടെന്ന് വ്യക്തമാക്കുവാനാണ് മുഖ്യമായും ഈ ലേഖനത്തില്‍ ഉദ്ദേശിച്ചത്. കീടനാശിനികളെ മൊത്തത്തില്‍ നിരോധിക്കുകയല്ല വേണ്ടത്. നാട്ടിനുചേര്‍ന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് ഇന്നത്തെ ആവശ്യം.

Subscribe Tharjani |
Submitted by keralafarmer (not verified) on Thu, 2009-09-10 20:09.

ചില ശാസ്ത്രജ്ഞരും മാറിമാറി വരുന്ന ഭരണകൂടങ്ങളും കര്‍ഷകന്റെ ശാപം എന്ന പോസ്റ്റ് 23 ജൂണ്‍ 2008 ല്‍ പ്രസിദ്ധീകരിച്ചത് ഡോ. തോമസ് വര്‍ഗീസിന്റെ പോസ്റ്റിന് കമെന്റായി യോജിക്കും എന്ന് പ്രതീക്ഷിക്കുന്നു.