തര്‍ജ്ജനി

സഞ്ചാരിയുടെ സന്ദേഹം

പിതാമഹന്‍മാരിറങ്ങിപ്പോയ
കല്‍പ്പടവുകളുടെ പ്രാചീനതയില്‍
കുന്തിരിക്കം മണക്കുന്ന കാല്‍പ്പാടുകളും
ഓര്‍മ്മകളുടെ വിളക്കും തെളിയുന്നു.
പടവുകളില്‍, മുത്തച്ഛന്റെ അറിവ്‌
രഹസ്യലിപികളുടെയും ചിത്രഭാഷയുടെയും
ദുരൂഹതകളില്‍ സ്വസ്ഥമായുറങ്ങുന്നു

പടവുകളിറങ്ങുമ്പോള്‍
സംഗീതത്തിന്റെ താഴ്‌വര,
കിളിപ്പാട്ടിന്‍ മധുരിമ,
തംബുരു മിഴി തുറക്കുന്നു.

പിന്നെ മഴക്കാടുകളുടെ ഹരിതസംഋദ്ധി
പച്ചകൊണ്ടൊരു കൊട്ടാരം
ഇലകളില്‍
മുത്തച്ഛന്‍ കോറിയ രഹസ്യചിത്രം,
നഖക്ഷതങ്ങളുടെ ഗോത്രനൃത്തം

അതിനുമപ്പുറം
ഓറഞ്ചുതോട്ടങ്ങളുടെ ഗര്‍ഭപാത്രം
കാവല്‍ക്കാരനായ കുട്ടി
ഒരു ഓറഞ്ചു നീട്ടുന്നു.
മനസ്സില്‍ ബാല്യസ്മൃതികളുടെ സ്വച്ഛത

ഭൂമിയില്‍ വാക്കുകളുടെ അക്ഷയഖനി,
പാമ്പിന്‍ പുറ്റുകളുടെ സമാധി.
പാഞ്ഞു പോകുന്ന കുതിരകള്‍
യാത്രയുടെ പ്രാക്തനസ്മൃതികളുമായി
ശിലാതലങ്ങളുടെ പരുപരുപ്പ്‌.

മുത്തച്ഛാ,
എനിക്ക്‌ പാദുകങ്ങള്‍ തരിക.

മകനേ,
പാദുകങ്ങള്‍ വിഷസര്‍പ്പങ്ങളുടെ മാളങ്ങളാണ്‌,
നീ നഗ്നപാദനായിരിക്കുക.