തര്‍ജ്ജനി

ആത്മനൊമ്പരങ്ങള്‍

രാധിക വളരെ സന്തോഷവതിയായി കാണപ്പെട്ടു. എന്തോ ഒരു പ്രകാശം അവളുടെ മുഖത്ത്‌. രാവിലെ എഴുന്നേറ്റ്‌ പള്ളിയില്‍ പോയി. ഇന്ന് ബുധനാഴ്ചയല്ലേ, പള്ളിയില്‍ മാതാവിന്റെ നോവേനയുണ്ട്‌. അവള്‍ക്കിപ്പോള്‍ ഏറ്റവും ഇഷ്ടം പള്ളിയിലെ മാതാവിന്റെ നോവേന കൂടുന്നതാണെന്ന് അവള്‍ ഇന്നലെ അവളുടെ വല്യമ്മച്ചിയോടു പറഞ്ഞിരുന്നു. അത്‌ ചുമ്മാതെ പറഞ്ഞതൊന്നുമല്ല.
"രാവിലെ അവളെവിടെ പോയി?" അപ്പുറത്തു നിന്നുള്ള വല്യപ്പച്ചന്റെ ചോദ്യത്തിനു അമ്മച്ചി മറുപടി പറയുകയായിരുന്നു.
"ഏതായാലും ഇപ്പോഴെങ്കിലും അവള്‍ക്ക്‌ പത്തിലാണു പഠിക്കുന്നതെന്നു ബോധമുദിച്ചല്ലോ" അപ്പച്ചന്‍ ഉച്ചത്തില്‍ പറഞ്ഞു.
അപ്പുറത്ത്‌ രാധികയുടെ മമ്മി വളരെ ധൃതിയിലായിരുന്നു. രാധികയുടേ ഡാഡിയ്ക്ക്‌ ഓഫീസില്‍ പോകണം. രാധികയുടെ അനിയന്‍ തോമസു കുട്ടിയും അനിയത്തി മറിയയും ഇതുവരെ എഴുന്നേറ്റിട്ടില്ല. എന്തു വന്നാലും രാധികയുടെ മമ്മിയ്ക്ക്‌ രാവിലെ ഓട്ടം തന്നെ. അടുക്കളയില്‍ ലീവില്ലല്ലോ.

illustration

"എന്താ രാധികേ, ഒത്തിരി കാലമായല്ലോ രാവിലെ പള്ളിയില്‍ കണ്ടിട്ട്‌.... പഠനം എങ്ങനെ പോകുന്നു?" വികാരിയച്ചന്റെ ചോദ്യത്തിനു മുന്നില്‍ അവളൊന്നു പകച്ചു. പത്തില്‍ കയറിയപ്പോള്‍ മുതല്‍ സ്വസ്ഥതയില്ല. എവിടെ ചെന്നാലും ഈ ചോദ്യം തന്നെ. ഈ ചോദ്യം തന്നെയാണ്‌ രണ്ടു മാസമായി താന്‍ തന്നോട്‌ ചോദിക്കുന്നത്‌. ഇതു ഡിസംബര്‍ മാസമായി. S S L C പരീക്ഷയ്ക്ക്‌ ഇനി വെറും മൂന്നു മാസം കൂടിയേ ബാക്കിയുള്ളൂ. ഓണപ്പരീക്ഷയേക്കാള്‍ മാര്‍ക്കു കുറവായിരുന്നു ക്രിസ്‌മസ്സ്‌ പരീക്ഷയ്ക്ക്‌.
അടുത്ത്‌ നിന്നിരുന്ന ആര്യയുടെ ചിരി കേട്ടാണ്‌ രാധികയ്ക്ക്‌ പരിസര ബോധം വീണ്ടു കിട്ടിയത്‌.
"ആ... നന്നായി പഠിക്കുന്നുണ്ടച്ചോ..." അവള്‍ തിടുക്കത്തില്‍ മറുപടി കൊടുത്തു.
ആര്യ അവളുടെ ഒരു ബാല്യകാല സുഹൃത്താണ്‌. അവളും പത്തിലാണ്‌. പക്ഷേ അവര്‍ രണ്ടു സ്കൂളിലാണ്‌. ആര്യയ്ക്ക്‌ ക്രിസ്‌മസ്സ്‌ പരീക്ഷയില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്കുണ്ടെന്ന് അവള്‍ പറഞ്ഞു. പ്രൈമറി ക്ലാസില്‍ താനായിരുന്നു അവളേക്കാള്‍ മുന്നില്‍. ഇപ്പോഴും തനിക്കതിനു കഴിയും. 'അതു സാധിക്കാനല്ലേ ഇന്നിങ്ങു പോന്നത്‌' അവള്‍ മനസിനു ധൈര്യം നല്‍കി. അതെ, ഈ പ്രത്യാശയാണ്‌ അവളെ നയിക്കുന്നത്‌.. രാധികയുടെ മുഖത്ത്‌ ഒരു പുഞ്ചിരി നിറഞ്ഞു.
"ആര്യേ, നിന്റെ പപ്പ ടൂറ്‌ കഴിഞ്ഞു വന്നോ?" രാധിക ചോദിച്ചു.
"പപ്പ ഇന്നലെ വിളിച്ചിരുന്നു. കോളേജില്‍ നിന്നും പോയതല്ലേടീ,... ഡിപ്പാര്‍ട്ട്‌ മെന്റ്‌ ഹെഡ്ഡായതു കൊണ്ട്‌ പിള്ളാര്‍ക്കെല്ലാം പപ്പയെ വലിയ പേടിയാ.." ആര്യ പറഞ്ഞു.
'നിന്നോടാരാ ഈ ചരിത്രമെല്ലാം ചോദിച്ചത്‌ ' എന്ന മട്ടില്‍ കൂടെ നടന്ന ജിനു രാധികയെ നോക്കിയൊന്നു ചിരിച്ചു.
"രാധികേ നിനക്കെത്രയുണ്ടെടീ ടോട്ടല്‍?" ആര്യ ചോദിച്ചു.
"എനിക്കീ പ്രാവശ്യം വളരെ കുറവാടീ... ഫസ്റ്റ്ക്ലാസ്‌ തന്നെ കഷ്ടിച്ചാ" രാധികയുടെ മറുപടിയില്‍ പലതും കടന്നു വന്നു. ' എന്റെ പോക്കെങ്ങോട്ടാണു ദൈവമേ..." അവള്‍ മനസ്സില്‍ പരിഭവിച്ചു.
"ഞാന്‍ പോട്ടെ' വീടിന്റെ ഗേറ്റിനടുത്തെത്തിയപ്പോള്‍ അവള്‍ കൂട്ടുകാരോടു യാത്ര പറഞ്ഞു.
"ഡാഡിയെന്താ ഇതുവരെ യാത്രയാവാത്തത്‌?" രാധിക ചെന്നപാടെ ആരാഞ്ഞു.
"അതെങ്ങനെയാ.. ഇവിടെ ഒരു സാധനം വച്ചാല്‍ കാണിയേലാ.. എന്റെ ബാഗ്‌ നീ കണ്ടോടീ?"
ഡാഡി ചോദിച്ചു.
"ആ.. ഞാനിപ്പം തന്നെ എടുക്കാം.." അവളത്‌ എടുത്തുകൊണ്ടു വന്നു ഡാഡിയ്ക്കു കൊടുത്തു.
"കാപ്പി കുടി കഴിഞ്ഞിതിലേ മേളിച്ചു നടക്കാതെ ഇരുന്നു പഠിച്ചോണം."
"ഊം.." ഡാഡിയുടെ ഉപദേശത്തിനവള്‍ ഉത്തരം നല്‍കി.
ഡാഡിയെ യാത്രയാക്കി തന്റെ മുറിയുടെ വാതിലിനരികിലൂടെ നടന്നു പോകുന്നതിനിടയില്‍ അവള്‍ ആ കാഴ്ച കണ്ടു. തലേന്ന് താന്‍ വലിച്ചെറിഞ്ഞ ഡയറി. അവളതെടുത്ത്‌ മറിച്ചു നോക്കി.
എങ്കിലും മേലില്‍ ഡയറി എഴുതില്ല, അതിനെ തൊടുകപോലും ചെയ്യില്ല എന്നു മനസ്സില്‍ ശപഥം ചെയ്തതിനാല്‍.. അതെടുത്തപ്പോള്‍ ഒരു പ്രയാസം..
രാധികയുടെ പഠനത്തിന്റെ പോക്കത്ര ശരിയല്ല എന്നു കണ്ട്‌ മമ്മിയാണ്‌ ചെറിയൊരു നിരീക്ഷണത്തിനിറങ്ങിയത്‌. അങ്ങനെയൊടുവില്‍ മമ്മിയതു കണ്ടെത്തി. ഒരു ഡയറി. അതിനെയവള്‍ നന്ദിയോടെ നോക്കി.
രാധിക പത്തിലായതിനാല്‍ എന്നും രാവിലെ അവള്‍ നേരത്തെ പോകണം. അവള്‍ പഠനത്തിലും കലയിലും മിടുക്കിയാണെന്നു നാട്ടിലെല്ലാവര്‍ക്കും അറിയാം. അവള്‍ കോതമംഗലത്തെ കോണ്‍വെന്റ്‌ സ്കൂളിലാണു പഠിക്കുന്നത്‌. ബസ്സിനു വേണ്ടി ഒരു കിലോമീറ്റര്‍ ദൂരം നടക്കണം. അവള്‍ തനിയേ ഉള്ളൂ രാവിലെ പോകാന്‍. പക്ഷേ അവള്‍ക്ക്‌ വളരെ ഇഷ്ടമാണ്‌ കല്ലിനോടും പുല്ലിനോടുമെല്ലാം സംസാരിച്ചു നടക്കാന്‍.
"മമ്മീ.. എട്ട്‌ പത്തായി.. ചോറെട്‌.... " സ്ഥിരം പല്ലവിയാണ്‌.
അങ്ങനെയിരിക്കെയാണ്‌ മമ്മി ഒരിക്കല്‍ അവളോടു പറഞ്ഞത്‌.
"ആ പുന്നപുരത്തെ മനു രാവിലെയും വൈകുന്നേരവും ഇതിലേയാണ്‌ പോകുന്നത്‌. അവന്‍ നല്ല കുട്ടിയാണ്‌ എന്തെങ്കിലും സഹായം വേണമെങ്കില്‍ നീ അവനോട്‌ ചോദിച്ചാല്‍ മതി".
മനു പ്ലസ്‌ ടൂ വിലാണ്‌ പഠിക്കുന്നത്‌. മിടുക്കനാണ്‌. നല്ല സ്വഭാവവും. അവള്‍ക്ക്‌ ചെറിയൊരു ചായ്‌വ് തോന്നാതിരുന്നില്ല. എങ്കിലും അതെല്ലാം ചീത്തയാണ്‌. അവള്‍ കടിഞ്ഞാണിട്ടു. ഒന്നു ചിരിച്ചിട്ടു പോലുമില്ല. തനിക്ക്‌ അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നു അവള്‍ക്കറിയാം.
അതുകൊണ്ട്‌ ഡയറിയില്‍ അവള്‍ എഴുതി God! Please help me...

അവളുടെ ഹൃദയപുസ്തകം കട്ടെടുത്തു വായിച്ച മമ്മിക്കിത്‌ താങ്ങാനായില്ല. സ്കൂള്‍ വിട്ടുവന്ന ഉടനേ മമ്മി ഇതേപ്പറ്റി ചോദിച്ചു. രാധിക തന്റെ നിരപരാധിത്വം വ്യക്തമാക്കി. എങ്കിലും അതൊരു കണ്ണുനീരിലാണ്‌ കലാശിച്ചത്‌. ഇതിനു തുടക്കമിട്ടത്‌ താനാണല്ലോ എന്നു മമ്മി പറഞ്ഞത്‌ അവളുടെ മനസ്സിനെ വല്ലാതെ നോവിച്ചു.
ഇനിയൊരിക്കലും താന്‍ ഒരു നിസ്സാര കാര്യം പറഞ്ഞു പോലും തന്റെ മാതാപിതാക്കളെ വേദനിപ്പിക്കില്ലെന്നു അവള്‍ നിശ്ചയിച്ചു. ആരുടെയും സഹായമില്ലാതെ തന്നെ പഠിക്കണം. നല്ല മാര്‍ക്കു കിട്ടിയാല്‍ മമ്മിയുടെ വെറുപ്പു മാറിക്കോളും. അപ്പോള്‍ തന്നെ നോക്കി ചിരിക്കുന്ന മമ്മിയെ 'അമ്മേ.. എന്നു നീട്ടിവിളിച്ച്‌ കെട്ടിപ്പിടിക്കണം.
തന്നെ അലട്ടിയിരുന്ന പ്രശ്നത്തില്‍ നിന്നു മോചനം കിട്ടിയ സുവര്‍ണ്ണ നിമിഷത്തെ ഒരു സ്മാരകമാക്കി മനസ്സില്‍ പണിഞ്ഞു.
അനാഥമായി കിടന്ന ഡയറി അവള്‍ കയ്യിലെടുത്തു. ഒരു നീല മഷിപ്പേനകൊണ്ട്‌ പേരുകളെല്ലാം വെട്ടി. ഇനിയൊരിക്കലും മറിച്ചു നോക്കുകയില്ലെന്നുറപ്പിച്ചു കൊണ്ട്‌ അവള്‍ തന്റെ പൂട്ടുള്ള അലമാരിയില്‍ ഭംഗിയായി എടുത്തുവച്ചു.
തന്റെ കാലില്‍ വന്നു തട്ടിയ പൂച്ചക്കുഞ്ഞിനെ സ്നേഹത്തോടെ കയ്യിലെടുത്തോമനിച്ചുകൊണ്ടവള്‍ അമ്മയുടെ അരികിലേയ്ക്കു നടന്നു.

അച്ചു സിറിയക്‌, ക്ലാസ്സ് 11, പാല.