തര്‍ജ്ജനി

പ്രേംകുമാര്‍

തികച്ചും ഗഹനവും കാര്യമാത്രപ്രസക്തവുമായിരുന്നു പ്രേംകുമാറിന്റെ പ്രസംഗം. പ്രോഗ്രസ്സീവ്‌ ട്യൂട്ടോറിയല്‍ കോളേജിന്റെ ഇടുങ്ങിയെ ഹാളിനുള്ളിലെ ആറുപേര്‍ മാത്രമുള്ള സദസ്സ്‌ പ്രേംകുമാറിന്റെ വചനഘോഷത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ സ്വാംശീകരിക്കുകയും ചെയ്തു.

എക്സൈസ്‌ റാങ്ക്‌ ഹോള്‍ഡേഴ്സ്‌ അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രോഗ്രസ്സീവ്‌ കോളേജിന്റെ പലക അടുക്കിയ ചുവരുകള്‍ക്കുള്ളില്‍ കൂടുന്നത്‌ നാലാമത്തേയോ അഞ്ചാമത്തേയോ തവണയാണ്‌. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി തീരാന്‍ നാലുമാസം കൂടിയേ ഉള്ളൂ. ഒഴിവുകള്‍ ധാരാളമുണ്ടെങ്കിലും നിയമനം നടാത്ത ക്രൂരതയെക്കുറിച്ചാണ്‌ പ്രേംകുമാര്‍ ഒച്ചകൂട്ടുന്നത്‌.

അസോസിയേഷന്റെ ജില്ലാ പ്രസിഡെന്റ്‌ എന്ന നിലയില്‍ പരിഹാരം കണ്ടെത്തേണ്ടത്‌ പ്രേംകുമാറിന്റെ ചുമതലയാണ്‌.

"ഞാന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു"
പ്രേംകുമാര്‍ ഉപസംഹരിക്കാന്‍ തുടങ്ങുകയാണ്‌. "അഥവാ ഞാന്‍ മാത്രമേ ഇതേറ്റെടുക്കാനുള്ളൂ. ലിസ്റ്റില്‍ നൂറോളം പേരുണ്ടെങ്കിലും അസ്സോസിയേഷന്റെ യോഗത്തിനു വരുന്നവര്‍ എത്രപേരുണ്ട്‌? കഷ്ടം തന്നെ കാര്യങ്ങള്‍. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയുടെ സുഭിക്ഷത വേണം. പ്രതികരിക്കാനോ പരാതിപ്പെടാനോ ആര്‍ക്കും വയ്യ".

story illustration

അവസാനവാചകത്തിനോപ്പം പ്രേംകുമാര്‍ തനിക്കു മുന്നിലെ ഒറ്റപ്പലക ഡെസ്കില്‍ ആഞ്ഞടിച്ചു. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും പുസ്തകനിതംബഭാരത്താല്‍ നടുവളഞ്ഞ ഡെസ്ക്‌ താഡനമേറ്റ്‌ ഒന്നേങ്ങി. പ്രേംകുമാറിന്റെ പരാമര്‍ശത്തില്‍ സദസ്സ്‌ കുറ്റബോധത്തോടെ തലകുനിച്ചു. "ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തതെന്തെന്ന്‌ നാളെത്തന്നെ ജില്ലാ എക്സൈസ്‌ ഓഫീസിലെത്തി അന്വേഷിക്കാമെന്ന്‌ നിങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കി ഞാനെന്റെ വാക്കുകള്‍ ചുരുക്കുന്നു". പ്രേംകുമാര്‍ പ്രസംഗം ഉപസംഹരിച്ചു. പിന്നെ ഒരു നിമിഷം ആലോചിച്ചശേഷം'ജയ്ഹിന്ദ്‌' കൂടി ഉരുവിട്ട്‌ തന്റെ പൌരധര്‍മ്മം പൂര്‍ത്തിയാക്കി.

മുട്ടാതെ തുറക്കപ്പെടുന്നവയായിരുന്നു ജില്ലാ എക്സൈസ്‌ ഓഫീസ്‌. പണ്ടെന്നോ ഹാഫ്‌ഡോര്‍ ഉണ്ടായിരുന്നെന്ന്‌ ലജ്ജാപൂര്‍വ്വം നിശ്ശബ്ദം വിളംബരം ചെയ്യുന്ന വിജാഗിരികള്‍ മാത്രം വാതിലിന്‌ ഇരുവശവും കാണപ്പെട്ടു. പ്രേംകുമാര്‍ രാവിലെ എത്തിയതാണ്‌.

പലതവണപരിചയപ്പെടുത്തിയിട്ടും പ്രേംകുമാറിന്‌ പരിഗണന ലഭിച്ചില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തതെന്ത്‌ എന്ന ജനാധിപത്യപരമായ അവകാശച്ചോദ്യം ഉന്നയിക്കാന്‍ പ്രേംകുമാറിലെ പൌരന്‌ ധൈര്യംപോരായിരുന്നു. അത്രമാത്രം ക്രൂരമായാണ്‌ അവന്‍ അവഗണിക്കപ്പെട്ടത്‌. ഫയലുകള്‍ എഴുതിക്കൊണ്ടിരിക്കുന്നവര്‍, രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നവര്‍, ഉറങ്ങിക്കിടക്കുന്നവര്‍, ഇടക്കിടെ വാച്ചിലേക്ക്‌ നോക്കുന്നവര്‍ എന്നിങ്ങനെ വിവിധ കര്‍മ്മികളായ ഉദ്യോഗസ്ഥനിര ഏറെ ഉണ്ടായിട്ടും പ്രേംകുമാറിന്‌ മൂലയില്‍ കാത്തുനില്‍ക്കേണ്ടിവന്നു.

പക്ഷേ ഇതിനിടയില്‍ നൂതനവും ശ്രദ്ധേയവുമായ ഒരു കണ്ടെത്തല്‍ പ്രേംകുമാര്‍ നടത്തി. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരേ മുഖമാണെന്ന ലക്ഷണശാസ്ത്രമാണ്‌ പ്രേംകുമാര്‍ തിരിച്ചറിഞ്ഞത്‌. നിന്ദയും താന്‍ പോരിമയും മടുപ്പും അസഹിഷ്ണുതയും കൂടിക്കുഴഞ്ഞ ഒരു മൊഡ്യൂള്‍ എല്ലാ മുഖങ്ങളും. ഇമയടക്കുന്നതും ശ്വസിക്കുന്നതും ചുണ്ടുകള്‍ ചലിപ്പിക്കുനതുമെല്ലാം ഒരുപോലെത്തന്നെ. അന്യനുനേരെ വെറുപ്പെറിയുന്ന പ്രകാശരഹിതമായ കണ്ണുകള്‍, പഴകിയ ഫയലുകള്‍ മണത്തുനോക്കി ഇടക്കിടെ വികസിച്ചു ചുരുങ്ങുന്ന മൂക്ക്‌. ക്ഷമക്കേടിന്റെ തിരയിളക്കം നെറ്റിയില്‍ വരഞ്ഞ ചുളിവുകള്‍-ലോകത്തോടുമുഴുവന്‍ പുച്ഛം പിറുപിറുക്കുന്ന ചുണ്ടുകള്‍- പ്രേംകുമാര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോര്‍ട്രൈറ്റ്‌ രചിക്കുയാണ്‌.

ഒഴിവാകലിന്റെ ഒരു പടുകുഴിയിലേക്കു കൂടി പ്രേംകുമാറിനെ തള്ളിയിട്ട്‌, ഓഫീസ്‌ സമയം കഴിഞ്ഞു. പ്രേംകുമാര്‍ പുറത്തിറങ്ങി, 6.30നുള്ള സുസ്മിതയെ ലക്ഷ്യമാക്കി നടന്നു. ആഗോള വല്‍ക്കരണത്തിനെതിരെ സിവില്‍ സ്റ്റേഷനുമുന്നില്‍ നടക്കുന്ന സി.പി.ഐ (എം.എല്‍) റെഡ്ഫ്ലാഗിന്റെ (രാമചന്ദ്ര വിഭാഗം) സായാഹ്ന ധര്‍ണ്ണയ്ക്കു മുന്നിലൂടെ അലസം ഗമിക്കുന്ന സുസ്മിത പ്രേംകുമാറിനെ ക്ഷണിച്ചു. "പോം, പോം......"

അര്‍ശോരോഗിയുടെ പ്രഭാതം പോലെയായിരുന്നു സുസ്മിതയുടെ വൈകുന്നേരം. യാത്രികരുടെ തിരക്കില്‍ ഇഴഞ്ഞു നീങ്ങുന്ന സുസ്മിതയുടെ കാലപ്പഴക്കം ചെന്ന പേടകം കലമ്പല്‍ കൂട്ടി. ശ്വാസം കഴിക്കാനാകാത്ത തിരക്കിനെ നിസ്സാരവല്‍ക്കരിക്കും വിധം കണ്ടക്ടര്‍ സ്ഥിരം ഡയലോഗുകള്‍ ഉറക്കെ പ്രകടിപ്പിക്കാന്‍ തുടങ്ങി. "ബസ്സിനുള്ളില്‍ ഫൂട്‌ബാള്‍ കളിക്കാന്‍ സ്ഥലമുണ്ടല്ലോ. കേറി നില്‍ക്കിനടേ" എന്ന കണ്ടക്ടര്‍ പുരാതന നിര്‍ദേശത്തോട്‌ "ഞാനിവിടെ ഗോളിയാണേ" എന്ന ഫലിതബിന്ദുവിലൂടെ പ്രേംകുമാര്‍ പ്രതികരിച്ചു. സൈഡ്‌ സീറ്റിലിരുന്ന യാത്രക്കാരന്‍ പ്രേംകുമാറിനെ വിരസതയുടെ ദ്വീപു പോലെയുള്ള മുഖം ചെരിച്ചു നോക്കി ലോകത്തോട്‌ മുഴുവനുള്ള പ്രതിഷേധവും പുച്ഛവും പരിഹാസവും തേച്ചുപിടിപ്പിച്ചതുപോലെയുണ്ടായിരുന്നൂ അയാളുടെ മുഖം. ഇതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ, മുഖഫലം മണത്ത്‌ പ്രേംകുമാര്‍ തീര്‍ച്ചപ്പെടുത്തി. വീടെത്തുമ്പോള്‍ അമ്മയുമച്ഛനും പെങ്ങളും കാത്തുനില്‍ക്കുന്നു. അത്‌ഭുതം തന്നെയെന്ന്‌ പ്രേംകുമാര്‍ വിചാരിച്ചു. തൊഴില്‍ രഹിതനോടുള്ള അതൃപ്തിയുടെ ബാഹ്യതെളിവെന്നോണം വീട്ടുകാര്‍ തന്റെ പുറത്തുപോക്കില്‍ കുറേനാളുകളായി ശ്രദ്ധ ചെലുത്തിയിരുന്നില്ലല്ലോ എന്ന്‌ പ്രേംകുമാര്‍ ആശ്ചര്യപ്പെട്ടു.

എന്താണ്‌ ഇപ്പോഴിങ്ങനെ എന്നമ്പരന്നു നില്‍ക്കുന്ന പ്രേംകുമാറിന്റെ കയ്യില്‍ ആഹ്ലാദത്തോടെ പെങ്ങളൊരു കവര്‍ നല്‍കി. പ്രേംകുമാറിന്‌ എക്സൈസ്‌ ഗാര്‍ഡായി നിയമനം നല്‍കിയുള്ള പി.എസ്‌.സിയുടെ ഉത്തരവായിരുന്നു കവറില്‍ മടക്കുകളായി പതുങ്ങി ഇരുന്നത്‌. രണ്ടുമൂന്നാവര്‍ത്തി ഉത്തരവുവായിച്ച്‌ പ്രേംകുമാര്‍ തല ഉയര്‍ത്തി. പിന്നെ പ്രകാശരഹിതമായ കണ്ണുകളോടെ വികസിച്ചു ചുരുങ്ങുന്ന നാസികയോടെ പുച്ഛം പിറുപിറുക്കുന്ന ചുണ്ടുകളോടെ അച്ഛനേയും അമ്മയേയും പെങ്ങളേയും നോക്കിച്ചിരിച്ചു.

വിനോദ്‌ ഇളകൊള്ളൂര്‍