തര്‍ജ്ജനി

പെയ്തൊഴിയാതെ നീ....

നിന്നെപ്പറ്റി ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നേയില്ല. പക്ഷേ.. വീണ്ടും... ഞാന്‍ നിന്നെപ്പറ്റി ഓര്‍ത്തു പോയി. മനഃപൂര്‍വം മറക്കുകയായിരുന്നു നിന്നെ. അതെനിക്കു കഴിയില്ലെന്നു മനസ്സിലായി. ഇന്നലെ പെയ്ത മഴയാണ്‌ എന്നെ നിന്റെ അരികില്‍ എത്തിച്ചത്‌. നീ അറിഞ്ഞിരുന്നോ മഴ പെയ്തത്‌? നീ പോയതിനു ശേഷം ഞാന്‍ ഒന്നും ശ്രദ്ധിക്കാറില്ലായിരുന്നു. മഴ പോലും. ഇന്നലത്തെ മഴയ്ക്ക്‌ നിന്റെ സുഗന്ധമായിരുന്നു.

നമുക്കിടയില്‍ എന്നും മഴയില്ലായിരുന്നോ? എന്നും നമുക്ക്‌ ആഹ്ലാദം തന്നിരുന്ന മഴ. നീയും ഞാനും അറിയാതെ നമുക്കിടയില്‍ മഴയും വളര്‍ന്നു. നീ പോയതില്‍ പിന്നെ ഞാന്‍ മഴ കണ്ടിരുന്നില്ല.... എന്നെ മഴയും..മഴയില്‍ മുങ്ങിയ നമ്മുടെ ദിവസങ്ങള്‍... നീ കേള്‍ക്കുന്നുണ്ടോ? നീ എന്തിനാണ്‌ എന്നെ ഉപേക്ഷിച്ചു പോയത്‌.. മണ്ണിനുള്ളില്‍ നിനക്കു വിയര്‍ക്കില്ലേ? നീ എങ്ങനെയാണ്‌ എന്നെ കാണാതെ.... നിനക്കൊന്നു വിളിക്കാമായിരുന്നില്ലേ..?

story illustration

നിറം മങ്ങിയ എന്റെ ജീവിതം മുഴുവന്‍ നീയായിരുന്നു. നീ മാത്രം... മഴയ്ക്ക്‌ അനേകം ഭാവങ്ങളുണ്ടെന്ന് , ഈണങ്ങളുണ്ടെന്ന് നീയല്ലേ എന്നോട്‌ പറഞ്ഞത്‌? നീ എനിക്കാരായിരുന്നു? അമ്മയോ... ചേച്ചിയോ....മകളോ... സുഹൃത്തോ.. ആരായിരുന്നു നീ.... നീയാരുമല്ലായിരുന്നു.. നീ.. നീയായിരുന്നു... എന്നേക്കാള്‍ എന്നെപ്പറ്റി അറിയാവുന്നത്‌ നിനക്കല്ലേ.. അന്ന്...
ആമ്പല്‍പ്പൂക്കള്‍ പറിച്ചിട്ട്‌ കുളപ്പടവുകള്‍ കയറിയപ്പോള്‍ നമുക്കിടയില്‍ മഴയുണ്ടായിരുന്നു. എനിക്കിതെല്ലാം ഓര്‍ക്കാന്‍ ഭയമാണ്‌. നീയെന്താ എന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്‌....... ഇന്നലെ ഞാന്‍ മഴ നനഞ്ഞപ്പോള്‍ എന്റെ തല തുവര്‍ത്താന്‍ ആരുമില്ലായിരുന്നു. ... എങ്കിലും ആ മഴയ്ക്കു നിന്റെ ഗന്ധമായിരുന്നു. ഇപ്പോല്‍ ഇവിടെ നീയും ഞാനും മാത്രമേയുള്ളൂ. ബന്ധങ്ങളെല്ലാം ശിഥിലമാവുമെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു തള്ളി. നീ വെറുതേ പറഞ്ഞതല്ലല്ലോ.. തൊട്ടരികില്‍ കൊച്ചുമോള്‍ നിന്നിട്ടും കാണാതെ...അറിയാതെ പോയ മുത്തച്ഛനാണോ.....അച്ഛനാണോ നിന്നെക്കൊണ്ടങ്ങനെ പറയിപ്പിച്ചത്‌? എല്ലാം അവസാനിപ്പിക്കാന്‍ അഗ്നിയെ പ്രാപിച്ച അമ്മയോ.......

വളപ്പൊട്ടുകള്‍ ശേഖരിക്കുമ്പോള്‍ നീ പറഞ്ഞില്ലേ ഇതു പോലെയാകും ബന്ധങ്ങളുമെന്ന്. വലിയൊരു വളയില്‍ നിന്നു പൊട്ടി.. പൊട്ടി ഒടുവില്‍ തീര്‍ത്തും ഇല്ലാതെയാകും എന്ന്.. ഇവിടെ ഈ വലിയ ലോകത്തില്‍ ഞാന്‍ തനിച്ചാണ്‌.. നീയും തനിച്ചാണെന്ന് എനിക്കറിയാം. നിന്റെ ലോകം എങ്ങനെയുണ്ട്‌... ഒരിക്കല്‍ എവിടെയോ യ്പോയി തിരിച്ചു വന്നപ്പോള്‍ നീ പറഞ്ഞു ഇതുപോലെയാണ്‌ ജീവിതവും എന്ന്.. നീ വന്നിടത്തേയ്ക്കു തന്നെ തിരിച്ചു പോയി.. ഞാനോ.....

ചന്ദനമണമുള്ള നിന്നെ ഓര്‍ക്കാന്‍ എനിക്കു മടിയാണ്‌.. അതു കൊണ്ടു ചന്ദനവും ഞാന്‍ ഉപേക്ഷിച്ചു. വഴിവക്കിലെ കരിയിലകളെല്ലാം
കാറ്റടിച്ച്‌ പിറകോട്ടോടി മറയുമ്പോള്‍.. ഞാന്‍ മാത്രം....
ചിലപ്പോഴെങ്കിലും എല്ലാവരും ബാല്യത്തിലെ പഞ്ചാരമണലിലേയ്ക്ക്‌ കാല്‍ വഴുതി വീഴാറുണ്ട്‌. മധുരാനുഭവങ്ങളുടെ അനുഭൂതികള്‍ അയവിറക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. മധുരസ്മരണകളുടെ സൌന്ദര്യം വേറൊന്നിനുമില്ല. നിന്നെയല്ലാതെ വേറെ ആരെപ്പറ്റിയാണ്‌ എനിക്ക്‌ ഓര്‍ക്കാനുള്ളത്‌.... നീയും ഞാനും മഴയുമല്ലാതെ എന്റെ ജീവിതത്തില്‍ വേറെ എന്തെങ്കിലുമുണ്ടോ?
നീയില്ലാതെ എനിക്കും ഞാനില്ലാതെ നിനക്കും ജീവിക്കാന്‍ പറ്റില്ലെന്ന് നമ്മള്‍ വിശ്വസിച്ചു. പക്ഷേ നീയില്ലാതെ ഞാനും ഞാനില്ലാതെ നീയും ജീവിച്ചു കൊണ്ടിരിക്കുന്നു. അവസാനം നീ എന്നോട്‌ പറഞ്ഞത്‌ നീ ഉറങ്ങാന്‍ പോവുകയാണ്‌ ഉണര്‍ത്തരുത്‌ എന്നാണ്‌.ഈ പെയ്യുന്ന മഴയൊന്നും നിന്നെ അലോസരപ്പെടുത്തുന്നില്ലേ?
ഞാനെന്താ ചെയ്യേണ്ടത്‌.....
മലമടക്കുകളില്‍ വീണ്ടും മഴയുടെ തുടക്കം. നീ പറഞ്ഞില്ലേ നമുക്കിടയില്‍ മാത്രമേ മഴ ഇത്ര ലാഘവത്തോടെ പെയ്യൂ എന്ന്.. നിനക്ക്‌ ചിലപ്പോള്‍ ശാഠ്യം വളരെ കൂടുതലാണ്‌.. നീ പോയ വഴി എനിക്കൊന്ന് പറഞ്ഞു തന്നൂടേ....കുളത്തിലെ ഞാവല്‍ മഴകളിലൂടെ... സന്ധ്യയിലൂടെ....... എനിക്കറിയാം നീ എന്നില്‍ നിന്ന് നീര്‍മരുതിന്റെ പൂക്കള്‍ മഴയത്തൊലിച്ചു പോകും പോലെയാണ്‌ പോയത്‌.
ഇവിടെല്ലാം നിന്റെ ഓര്‍മ്മകളാണ്‌. എല്ലാ ദുഃഖവും ഞാന്‍ നിനക്കു തരട്ടേ...
നമുക്കൊരുമിച്ച്‌ മഴ ആസ്വദിക്കേണ്ടേ? കുളത്തിലിറങ്ങി ആമ്പല്‍പ്പൂ......
നീയില്ലാതെ ഇവിടെ ഒരുപാട്‌ ഞാന്‍ വട്ടം കറങ്ങി. എല്ലാവരും പറഞ്ഞു നീ മരിച്ചെന്ന്.. പക്ഷേ നീ അക്ഷരമല്ലേ? അക്ഷരം അക്ഷയമല്ലേ.... നീ എങ്ങിനെയാണ്‌ മരിക്കുന്നത്‌....ഇവിടം നിറം കെട്ടതാണ്‌. കെട്ടികിടക്കുന്ന ചെളിവെള്ളം തെന്നിത്തെറിപ്പിച്ചു നീങ്ങുന്ന കുട്ടികള്‍. പൂക്കളില്‍ വന്നിരിക്കുന്ന ശലഭങ്ങള്‍. ഒന്നിനും നിറമില്ല.
നിനക്കു മാത്രമേയുള്ളൂ നിറവും ഭംഗിയും. നീ സ്നേഹമാണ്‌...... അല്ല മഴയാണ്‌... വല്യ മഴ.. ആര്‍ക്കും കാണാന്‍ പറ്റാത്ത... എന്റെ മഴ. അതോ മഴവില്ലോ....
ഒരു മഴയ്ക്കും കൂടിയുള്ള ആരംഭമാണ്‌.. ഇതെങ്കിലും ഒന്നിച്ച്‌ ആസ്വദിക്കണ്ടേ.... തനിയെ ഇരിക്കാന്‍ എനിക്കു പേടിയാണ്‌. മഴയെത്തും മുന്‍പേ എന്റെ അരികിലെത്തുമോ... നിന്നെ ഉറക്കെ വിളിച്ചാല്‍... എന്റെ......... എന്റെ മാത്രം ഭാവനേ എന്ന്.....

മീരാകൃഷ്ണന്‍, ക്ലാസ്സ്‌ 12, പാല.