തര്‍ജ്ജനി

ഭാഷാന്തരം: ബാബുരാജ്‌.റ്റി.വി

House No: 1113,
Maruti Vihar,
Chakkarpur,
Gurgaon,
Haryana.

ഫോണ്‍: 09871014697
വെബ്ബ്: http://reiyo.wordpress.com/

Visit Home Page ...

കഥ

കറുത്ത ചെമ്മരിയാട്

ഇറ്റാലോ കാല്‍വിനോവിന്റെ കഥയുടെ പരിഭാഷ

എല്ലാവരും കള്ളന്മാരായ ഒരു ദേശമുണ്ടായിരുന്നു. രാത്രിയായാല്‍ ഒരു കൂട്ടം കള്ളത്താക്കോലും മറ പിടിപ്പിച്ച റാന്തലുകളുമേന്തി അയല്ക്കാരന്റെ വീടു കൊള്ളയടിക്കാന്‍ എല്ലാവരും സ്വന്തം വീടുവിട്ടിറങ്ങും. ഭാരകെട്ടുകളുമായി വെളുപ്പാന്കാലത്ത് തിരിച്ചെത്തുന്ന അവര്‍ സ്വന്തം വീടും കൊള്ളയടിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

അതുകൊണ്ട് സന്തോഷത്താല്‍ എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞുകൂടി. കാരണം ഒരാള്‍ മറ്റൊരാളെയും, അയാള്‍ വേറൊരാളെയും, ഒടുവില്‍ അവസാനത്തെ ആള്‍ ആദ്യത്തെ ആളെയും കൊള്ളയടിക്കുന്നതുവരേക്കും കാര്യങ്ങള്‍ പോകുന്നതിനാല്‍ ആര്ക്കും നഷ്ടമുണ്ടായിരുന്നില്ല. രാജ്യത്തിലെ വാണിജ്യം, വില്ക്കുന്നവന്റേയും വാങ്ങുന്നവന്റേയും ഭാഗത്ത് അനിവാര്യമായും ചതി നിറഞ്ഞതായിരുന്നു. അക്രമികളുടെ ഒരു സംഘടനയായ സര്ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു, ജനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നു സര്ക്കാരിനെ പറ്റിക്കുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചു. അതിനാല്‍ ആരും പാവപ്പെട്ടവരോ പണക്കാരോ ആകാതെ ജീവിതം സുഗമമായി മുന്നോട്ടു പോയി.

ഒരു ദിവസം, എങ്ങനെയാണെന്ന് നമുക്കറിയില്ല, സത്യസന്ധനായ ഒരു മനുഷ്യന്‍ ആ സ്ഥലത്ത് താമസിക്കാനെത്തി. രാത്രിയില്‍ തന്റെ ചാക്കും വിളക്കുമായി പുറത്തു പോകുന്നതിനു പകരം പുകവലിക്കുന്നതിനും നോവല്‍ വായിക്കുന്നതിനുമായി അയാള്‍ വസതിക്കുള്ളില്‍ തന്നെ കഴിഞ്ഞുകൂടി.

കള്ളന്മാര്‍ വന്നു, വെളിച്ചം കണ്ടതിനാല്‍ അകത്തു കയറിയില്ല.

ഇതു കുറച്ചു നാള്‍ തുടര്ന്നു: ഒന്നും ചെയ്യാതെ ജീവിക്കാന്‍ അയാള്ക്ക് ഉദ്ദേശമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പണിയെടുക്കുന്നതു തടയുന്നത് അടിസ്ഥാനരഹിതമാണെന്നു ഒടുവില്‍ അവര്‍ അയാളോടു വിശദീകരിക്കാന്‍ ബാദ്ധ്യസ്ഥരായി. എല്ലാ രാത്രിയും അയാള്‍ വീട്ടില്‍ കഴിച്ചുകൂട്ടുക എന്നതുകൊണ്ടു് അര്ത്ഥമാക്കുന്നത്, ഒരു കുടുംബത്തിന് പിറ്റേ ദിവസത്തേയ്ക്ക് തിന്നാന്‍ ഒന്നുമില്ല എന്നതാണ്.

അത്തരം ന്യായീകരണത്തെ സത്യസന്ധന് എതിര്ക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരം അയാള്‍ പുറത്തുപോകുകയും, അവര്‍ ചെയ്തിരുന്നതുപോലെ പിറ്റേ ദിവസം രാവിലെ തിരിച്ചെത്തുകയും ചെയ്തു, എന്നാല്‍ അയാള്‍ മോഷ്ടിച്ചില്ല. അയാള്‍ സത്യസന്ധനായിരുന്നു, അക്കാര്യത്തില്‍ നിങ്ങള്ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.. അയാള്‍ പാലം വരെ പോയി, താഴെ വെള്ളം ഒഴുകുന്നതു നിരീക്ഷിച്ചു നിന്നു. അയാള്‍ വീട്ടിലെത്തിയപ്പോള്‍ താന്‍ കൊള്ളയടിക്കപ്പെട്ടതായി അയാള്‍ കണ്ടു.

ഒരാഴ്ചയ്ക്കകം തന്നെ തന്റെ കയ്യില്‍ ഒരു ചില്ലിപോലും അവശേഷിച്ചിട്ടില്ലായെന്നും, തിന്നാന്‍ യാതൊന്നുമില്ലെന്നും, അയാളുടെ
വീട് ശൂന്യമാണെന്നും സത്യസന്ധനായ അയാള്‍ സ്വയം തിരിച്ചറിഞ്ഞു . എന്നാല്‍ അത് അയാളുടെ തന്നെ കുറ്റം കൊണ്ടായിരുന്നതിനാല്‍, അതൊരു പ്രശ്നമേ ആയിരുന്നില്ല; അല്ല, പ്രശ്നമെന്താണെന്നാല്‍ അയാളുടെ സ്വഭാവമാണ് എല്ലാത്തിനേയും തകിടം മറിച്ചിരുന്നത്. കാരണം ആരില്‍ നിന്നും യാതൊന്നും മോഷ്ടിക്കാതെ, അയാള്ക്കുണ്ടായിരുന്നതെല്ലാം മറ്റുള്ളവര്‍ക്കു മോഷ്ടിക്കാന്‍ അനുവദിച്ചുകൊടുത്തു; അതുകൊണ്ട് വെളുപ്പാന്‍ കാലത്ത് വീട്ടിലെത്തുമ്പോള്‍ സ്വന്തം വീട് കൊള്ളയടിക്കപ്പെടാത്ത ആരെങ്കിലും എപ്പോഴുമുണ്ടാകും.

ഇത്തരം സംഭവങ്ങള്‍ കൊണ്ട്, കുറച്ചു കാലങ്ങള്ക്കുശേഷം, സ്വന്തം വീടു കൊള്ളയടിക്കപ്പെടാത്തവര്‍ മറ്റുള്ളവരേക്കാള്‍ ധനവാന്മാരാകുകയും, കൂടതലായി മോഷ്ടിക്കേണ്ടതിന്റെ ആവശ്യം അവര്ക്ക് ഇല്ലാതാവുകയുമുണ്ടായി. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുമാറ്, സത്യസന്ധന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ വരുന്നവര്‍ അതെപ്പോഴും ശൂന്യമായി കിടക്കുന്നതാണ് കാണാറ്; അതുകൊണ്ട് അവര്‍ ദരിദ്രരായി തീര്ന്നു.

അതേസമയം, ഒരിക്കല്‍ ധനവാന്മാരായിത്തീര്ന്നവര്‍ പാലത്തില്‍ പോയിനിന്ന് താഴെ വെള്ളമൊഴുകുന്നത് നോക്കിനില്ക്കുന്ന സത്യസന്ധന്റെ‍ ശീലക്കാരായി. ഇത് കുഴപ്പങ്ങള്‍ വര്ദ്ധിപ്പിച്ചു, കാരണം അതര്ത്ഥമാക്കുന്നത് മറ്റുള്ള ധാരാളം പേര്‍ ധനവാന്മാരാകുകയും, ബാക്കി അനവധി പേര്‍ ദരിദ്രരാവുകയുമുണ്ടായി എന്നതു തന്നെ.

എല്ലാ ദിവസവും രാത്രി പാലത്തില്‍ പോയി നിന്നാല്‍ പെട്ടന്നു തന്നെ തങ്ങള്‍ ദാരിദ്രരായിത്തീരുമെന്ന് ഇപ്പോള്‍ ധനവാന്മാര്‍ കണ്ടെത്തി. അവര്‍ ചിന്തിച്ചു: 'നമ്മള്ക്കു് വേണ്ടി മോഷ്ടിക്കാന്‍ കുറച്ചു പാവപ്പെട്ടവര്ക്കു ശമ്പളം നല്കാം.' അവര്‍ കരാറുകള്‍ ഉണ്ടാക്കി, വിഹിതവും, ശമ്പളവും നിശ്ചയിച്ചു: അപ്പോഴും പരസ്പരം ചതിക്കാന്‍ ശ്രമിച്ചിരുന്ന അവര്‍ തീര്ച്ചയായും കള്ളന്മാര്‍ തന്നെയായിരുന്നു. എന്നാല്‍ സംഭവിക്കാനുള്ളതുപോലെ പണക്കാര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരാവുകയും, ദരിദ്രര്‍ വീണ്ടും വീണ്ടും അങ്ങേയറ്റം ദരിദ്രരാവുകയുമുണ്ടായി.

ധനവാന്മാരായിരിക്കാന്‍ മറ്റുള്ളവര്‍ അവര്ക്കു ണ്ടി മോഷ്ടിക്കേണ്ടതിന്റെയോ അല്ലെങ്കില്‍ അവര്‍ സ്വയം മോഷ്ടിക്കേണ്ടതിന്റേയോ ആവശ്യം ഇല്ലാത്ത വിധം ചില ധനികര്‍ അത്രമാത്രം സമ്പന്നരായി.

എന്നാല്‍ മോഷണം നിര്ത്തിയാല്‍ അവര്‍ ദരിദ്രരാകും, കാരണം ദരിദ്രര്‍ അവരെ കൊള്ളയടിക്കും. അതുകൊണ്ട് മറ്റു ദരിദ്രരില്‍ നിന്ന് അവരുടെ സ്വത്തു സംരക്ഷിക്കാന്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്ക്ക് അവര്‍ ശമ്പളം നല്കിയതു കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് ഒരു പോലീസ് സൈന്യവും ജയിലുകളും പടുത്തുയര്ത്തുക എന്നതു തന്നെയായിരുന്നു.

അതുകൊണ്ടു മാത്രമാണ് സത്യസന്ധന്റെ ആഗമനത്തിനു കുറച്ചു വര്ഷങ്ങള്ക്കു് ശേഷം,പണക്കാരെക്കുറിച്ചും പാവപ്പെട്ടവരെക്കുറിച്ചും മാത്രമല്ലാതെ, മോഷ്ടിക്കുന്നതിനെക്കുറിച്ചോ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചോ ആരും സംസാരിക്കാതെയായത്: എന്നാല്‍ അവരെല്ലാവരും കള്ളന്മാരായിരുന്നു അപ്പോഴും.

ചുരുങ്ങിയ കാലയളവിനുള്ളില്‍ വിശപ്പിനാല്‍ കാലഗതി പൂണ്ടത് തുടക്കത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു സത്യസന്ധന്‍ മാത്രം.

Subscribe Tharjani |