തര്‍ജ്ജനി

മൈല്‍ക്കുറ്റി

തനിച്ചാണ്‌!
ആ ധാരണയില്ലായിരുന്നു
അനുഭവങ്ങള്‍!
അതൊരു പര്‍വ്വതം പോലെ മുന്നിലുയര്‍ന്നു നിന്നു. എത്രയെത്ര തല്ലുകള്‍ വഴക്കുകള്‍ തീവെപ്പുകള്‍ പോലീസ്‌ സ്റ്റേഷനാക്രമണങ്ങള്‍ സമരങ്ങള്‍ ഒക്കെ ചെയ്തു നീതിക്കു വേണ്ടി നാടിനുവേണ്ടി. സര്‍വോപരി നേതാവിന്റെ രക്ഷക്കു വേണ്ടി വളര്‍ച്ചക്കു വേണ്ടി.
നിരന്തരം കോടതികള്‍ കയറിയിറങ്ങി. പോലീസ്‌ സ്റ്റേഷനുകളില്‍ തോക്കിന്റെ പാത്തികൊണ്ടുള്ള ഇടി വാങ്ങി തളര്‍ന്നു മയങ്ങി മൂത്രം കുടിച്ചു, മലം തിന്നു, ഒറ്റക്കല്ല സഹപ്രവര്‍ത്തകര്‍ക്കൊപ്പം അരുമ സഹോദരി ശ്യാമളയും!
അച്ഛനും, അമ്മയും നേരത്തെ ജീവിതത്തോട്‌ വിട പറഞ്ഞു പോയി. ഹൃദയം കടലുപോലെ ഇരമ്പി.ഉള്ളിലുറഞ്ഞു കൂടിയ വേദന കടിച്ചമര്‍ത്തി ശ്യാമളക്കു വേണ്ടി ജീവിച്ചു. ശ്യാമളക്കൊരു സഹായിയെ കണ്ടെത്തണം അവള്‍ക്കൊരു ജീവിതം വേണം അധികം കഷ്ടപ്പെട്ടില്ല.ഒരാള്‍മുന്നോട്ടുവന്നു. ശശിധരന്‍
നേതാവിന്റെ നിര്‍ദ്ദേശം "നാട്ടുകാരന്‍ തന്റേടക്കരാന്‍. സര്‍വ്വോപരി സമരവീരന്‍" എതിര്‍ത്തില്ല സമ്മതിച്ചു. ശ്യാമളയും.
വിവാഹം നിശ്ച്ചയിക്കുംമുന്‍പ്‌ ബ്ലോക്കിലേക്ക്‌ ഇലക്ഷന്‍ പ്രഖ്യാപിച്ചു. വനിതാ സംവരണസീറ്റ്‌. ചൂടേറിയ ചര്‍ച്ചകളായി.
"ശ്യാമള നില്‍ക്കട്ടെ" നേതാവ്‌ പ്രഖ്യാപിച്ചു.
എതിര്‍പ്പായി.
നേതാവിന്റെ യുവജന മഹിളാവിഭാഗം രഹസ്യമായും പരസ്യമായും രംഗത്തു വന്നു. പ്രത്യേകം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.
നേരിയവ്യത്യാസത്തില്‍ ശ്യാമള തോറ്റു. അടിച്ചമര്‍ത്തപ്പെട്ടവരുടെ കോട്ടയിലെ ആദ്യതോല്‍വി.
അധികം താമസിയാതെ ഇലക്ഷന്‍ എതിര്‍പ്പുമായി രംഗത്തു നിലയുറപ്പിച്ച മുരളീധരക്കുറുപ്പും സ്മാര്‍ട്ട്‌` ലേഖാമണിയും നേതൃനിരയിലേക്ക്‌ ഉയര്‍ന്നു; നേതാവിന്റെ അനുവാദത്തോടെ, നിര്‍ദ്ദേശത്തോടെ ആശിവാര്‍ദത്തോടെ. നേതാവ്‌ സന്തോഷിച്ചു.
ശ്യാമള മനം നൊന്ത്‌ ആത്മഹത്യചെയ്തു.
വേദനിച്ചില്ല, ആരോടും വിരോധിച്ചില്ല.
നേതാവിനെ ധിക്കരിച്ചില്ല. മൌനമായി നീങ്ങി.
അധികം താമസിച്ചില്ല. പട്ടണത്തില്‍ പന്തുകളിയുടെ അരങ്ങേറ്റമായി. ടൌണ്‍ ടീമിന്റെ ക്യാപ്റ്റനായി തന്നെ തിരഞ്ഞെടുത്തു.
ജീവന്മരണപ്പോരാട്ടം. അതിനിടയില്‍ എതിര്‍ കക്ഷിയിലൊരാളിന്റെ കാലില്‍ അടികൊണ്ടു. പ്രശ്നമായി. ഉന്തുംതള്ളുമായി. പിറ്റേദിവസം കളിക്കാന്‍ ചെന്നാല്‍ കൊല്ലുമെന്നായി.
നേതാവ്‌ പൊട്ടിത്തെറിച്ചു.
"പോകണം കരുതലോടെ" നേതാവ്‌ പ്രഖ്യാപിച്ചു.
കളിക്കാനുള്ള ആവേശത്തില്‍ പിറ്റേന്ന്‌ ടൌണിലേക്കു തിരിച്ചു. നേതാവിന്റെ പ്രഖ്യാപനത്തിലുള്ള അഭിമാനത്തില്‍ ടൌണിന്റെ മധ്യഭാഗത്തെ റോഡിലെത്തിയപ്പോള്‍ ആരോ ഒറ്റി. ക്ഷണം കൊണ്ട്‌ പോലീസ്‌ ചുറ്റും വളഞ്ഞു. വാനില്‍ പോലീസ്‌ സ്‌റ്റേഷനില്‍ കൊണ്ടുപോയി. നേരം വെളുക്കും വരെ ക്രൂരമായി മര്‍ദ്ദിച്ചു. നേതാവ്‌ കയ്യുംകെട്ടി നിന്നു. ഒക്കെ ചിന്തിച്ചു കിടന്നപ്പോള്‍ തല പൊട്ടിത്തെറിക്കുമെന്ന്‌ തോന്നി. ചുറ്റും നോക്കി. പിന്നീട്‌ കണ്ണടഞ്ഞത്‌ എപ്പോഴെന്നറിയില്ല.കോഴി കൂവിയപ്പോള്‍ ഉണര്‍ന്നു കിളികള്‍ ചിലച്ചു. പ്രഭാതത്തിന്റെ തുടക്കം. സിമന്റ്‌ തറയില്‍ കിടന്നുകൊണ്ട്‌ ചുറ്റും നോക്കി. ശ്വാസം മുട്ടും വിധം ചുറ്റും ഉയര്‍ന്ന വന്‍ മതിലുകള്‍. ഇരുള്‍ നിറഞ്ഞ മതിലുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിട്ടിട്ട്‌ പതിനഞ്ചു ദിവസമായി.
യുഗങ്ങളുടെ പ്രതീതി തോന്നി. മനസ്സു മരവിച്ചു. രണ്ടാം ദിവസം പന്തു കളിക്കു പോകരുതെന്ന് ലത ഉപദേശിച്ചിരുന്നതാണ്‌.
കേട്ടില്ല, ചെറുപ്പത്തിന്റെ തിളപ്പ്‌ നേതാവിന്റെ കല്‍പന. മണി പതിനൊന്നു കഴിഞ്ഞു. ജയിലിന്റെ കവാടം തുറന്നു.
ഒരു സുഹൃത്തിന്റെ ദയയില്‍ പുറത്തിറങ്ങി. മനസ്സില്‍ കുത്തികൊള്ളുന്ന വേദന.
നേതാവ്‌ ജയിലില്‍ കാണാന്‍ വന്നില്ല!!
എങ്കിലും സന്തോഷം.

malayalam story illustration

ലതയെ മനസ്സ്‌ നിറയെ കാണണം. കല്യാണം നിശ്ചയിച്ചതാണ്‌. ഇനിയും കുറച്ചു ദിവസങ്ങളേ ബക്കിയുള്ളൂ. അവളോട്‌ മനസ്സു നൊന്ത്‌ മാപ്പ്‌ ചോദിക്കണം. മഴയൊന്നു കെട്ടടങ്ങി. സന്ധ്യാ മൂകത അരങ്ങേറി. ആവേശത്തില്‍ നടന്നു. നേതാവിന്റെ വീട്ടിലെത്തി ആവേശത്തില്‍ വീട്ടിനുള്ളിലേക്ക്‌ നോക്കി. ലതയെ കാണുന്നില്ല.
"ജാമ്യത്തില്‍ ഇറങ്ങി?!" നേതാവിന്റെ പരുക്കന്‍ ചോദ്യം.
"ഇറങ്ങി; ഒന്നു കാണാന്‍ വന്നില്ലല്ലോ". നേതാവിന്റെ മൌനം!!!
"ഇനിയെന്താ പരിപാടി?" നേതാവ്‌ വീണ്ടും തിരക്കി.
"എല്ലാം....അങ്ങു നിശ്ചയിയിക്കുന്നതുപോലെ"
"ഞാന്‍ പറഞ്ഞില്ല കുഴപ്പത്തില്‍ ചെന്നു ചാടാന്‍"
"സ്വന്തമായി കേസ്‌ തുടര്‍ന്ന്‌ നടത്തിക്കോളൂ. എന്റെ മകള്‍ ലതയെ ഇനിയും കാത്തിരിക്കേണ്ട്‌"
നേതാവ്‌ ക്രൂരമായി പ്രഖ്യാപിച്ചു.
മനസ്സില്‍ ഉരുള്‍പ്പൊട്ടി.
കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഉരുണ്ടുകൂടിയ നിശ്വാസം നിയന്ത്രണം വിട്ട്‌ പുറത്തു വന്നു.
തളര്‍ന്ന്‌ മുറ്റത്തിറങ്ങി.
നടന്നു എങ്ങോട്ടെന്നില്ലാതെ!!
ഹൃദയം കടലുപോലെ ഇളകി മറിഞ്ഞു.
കുറേ നേരം പിന്നിട്ടപ്പോള്‍ റോഡ്‌സൈഡിലെ കള്ളുഷാപ്പ്‌ കണ്ണില്‍പ്പെട്ടു.
ധൈര്യം സംഭരിച്ച്‌ ഷാപ്പിനുള്ളില്‍ കടന്നു. കുടിച്ചു; നിയന്ത്രണമില്ലാതെ.
തെന്നിത്തെറിച്ച്‌ പുറത്തിറങ്ങി.
തല നേരെ നില്‍ക്കുന്നില്ല. കണ്ണില്‍ ഇരുട്ട്‌ വ്യാപിച്ചതുപോലെ പരിസരമാകെ കറങ്ങി മറിയുന്നതു പോലെ.
വേച്ച്‌ വേച്ച്‌ മുന്നോട്ടുനീങ്ങി. അബോധാവസ്ഥയില്‍ എന്തോകാലില്‍ തട്ടി. നിന്നു നോക്കി.
'മൈല്‍ക്കുറ്റി'
മൈല്‍ക്കുറ്റിയില്‍ സൂക്ഷിച്ചുനോക്കി.
മെല്ലെ ചിരിച്ചു
"പിന്നീട്‌ ഉച്ചത്തില്‍"
തുടര്‍ന്ന്‌ പൊട്ടിച്ചിരിയായി
"നീ വഴികാട്ടിയല്ല"
അലര്‍ച്ചയില്‍ മൈല്‍ക്കുറ്റിയില്‍ ചുറ്റിപ്പിടിച്ചു.
"ബാലേട്ടാ"
മൈല്‍ക്കുറ്റിയിലെ പിടിവിടാതെ തിരിഞ്ഞു നോക്കി.
ലത!!
കണ്ണുകള്‍ പരസ്പരം നിറഞ്ഞു തുളുമ്പി.
മനസ്സില്‍ പ്രതികാരത്തിന്റെ തീ ജ്വാല ആളിക്കത്തി. ആവുന്നത്ര കരുത്തില്‍ മൈല്‍ക്കുറ്റിയില്‍ തിരിഞ്ഞു അടക്കം പിടിച്ചു. വീണ്ടും വീണ്ടും.

കേശവന്‍ കണ്ണനാകുഴി