തര്‍ജ്ജനി

കുമ്പസാരം

(വഴിപിഴച്ചു പോയ എല്ലാ പുത്രന്മാര്‍ക്കും)

1.
പിതാവേ,
പാപത്തിന്റെ കണ്ണുനീര്‍ വീണെന്റെ
പാനപാത്രങ്ങള്‍ നിറയുന്നു.
മുല്ലമലരും മുന്തിരിച്ചാറും
മഞ്ഞുകാലത്തിന്റെ ഓര്‍മ്മയും കൊണ്ടെന്റെ
ഉഷ്ണരാത്രികള്‍ തിണര്‍ക്കുന്നു.
തിന്നുപോകുന്നു ഞാന്‍
നീ വിലക്കിയ കനിയും കിനാവും.
ഇന്നു നഗരരാത്രി തന്‍ നരകയാതന
നരനെ നഗ്നനാക്കുമ്പോള്‍
ആണ്ടുപോകുന്നെന്റെ പാദങ്ങള്‍, ആഴത്തിലേയ്ക്കു
ഞാനുയരാനുറയ്ക്കുമ്പോള്‍.
പിതാവേ,
പാപത്തിമര്‍പ്പില്‍ തകര്‍ന്നു പോകുന്നെന്റെ-
ജീവനാഡികള്‍ ജാതകലക്ഷ്യങ്ങള്‍.

2.
കാണുക,
എന്റെ ജീവിതം നരകമാക്കിയ
കാടും മരങ്ങളുമില്ലാത്തൊരീ നഗരം
അന്നമില്ലാതെയലറുന്ന നിദ്രയില്‍,
നീലിച്ചുപോയ കടിഞ്ഞൂല്‍ക്കിനാവില്‍,
ഭൂതകാലത്തിന്റെ വാതായനങ്ങള്‍
തുറന്നിട്ടുപോകയാണൊരു ദേവദൂതന്‍...
സൌഹൃദസന്ധ്യകള്‍, നിശാനൃത്തശാലകള്‍,
അന്ത്യമില്ലാത്ത ലഹരിക്കിനാവുകള്‍
എല്ലാം കഴിഞ്ഞുമറഞ്ഞുപോയ്‌ കൂട്ടുകാര്‍
പിന്നെയീവഴിയില്‍ കണ്ടില്ലൊരാളെയും
പിതാവേ,
ഭ്രാന്തനഗരത്തിന്റെ ചങ്ങലക്കൈകളില്‍,
എന്റെ ദുരിതജീവിതം പൊട്ടിത്തെറിക്കുന്നു.

3.
മൊഴിയും വഴിയുമറ്റു ഞാന്‍
ഒരു നാണയത്തിനായ്‌, കൈ നീട്ടിനില്‍ക്കേ
മുന്നിലാരോ നിവര്‍ത്തുന്നു പത്രം
ഏതോ പിതാവിന്റെ ഏകനാം പുത്രനെ
കാണാതെ പോയെന്ന വാര്‍ത്ത കാണുന്നു

malayalam poem illustration
എന്റെ ഓര്‍മ്മയില്‍ നീയുണരുന്നു
പാതി വളര്‍ന്ന പൈന്‍ മരങ്ങള്‍ക്കപ്പുറം
പകലിന്റെയാര്‍ത്തവരക്തം പൊടിക്കുന്ന സായാഹ്നം
പാപിയാം പുത്രന്‍ തിരികെയെത്തുന്നിതാ

4.
ഇഷ്ടജീവിതം ദുഷ്ടതകാട്ടിയ
ധൂര്‍ത്തപുത്രന്‍ തിരിച്ചെത്തിനില്‍ക്കുന്നു
കുറ്റബോധച്ചുമടേറ്റിയ ശിരസ്സുമായ്‌.
പിതാവേ,
കാരമുള്‍ക്കാടും കയങ്ങളും താണ്ടി
തിരികെ ഞാനെത്തുമീ സായന്തനത്തില്‍
ഒരു മെഴുതിരി തെളിച്ചെന്റെ-
ജീവനും ജന്മവും ശുദ്ധമാക്കുക.

ഡി. ദിലീപ്‌, പന്തളം