തര്‍ജ്ജനി

കാന്‍വാസുകള്‍ കറുത്തു പോയത്‌. . .

കാന്‍വാസുകള്‍ കറുത്തു പോയത്‌
ചിത്രകാരന്‍ മനസ്സ്‌ വരച്ചതുകൊണ്ടായിരുന്നു

കോടതിവരാന്തയില്‍ പിഴയടക്കാനായി
കാത്തുനില്‍ക്കുന്നത്‌ ദൈവമായിരുന്നത്രേ
പൊതുവഴിയില്‍ ബീഡി വലിച്ച-
തുകണ്ട ഭക്തന്‍ പോലീസിനെ വിളിച്ചത്രേ
ദൈവത്തിനാണെയവര്‍ ന്യായം പറഞ്ഞത്രേ.

ചുരുട്ടിപ്പിടിച്ച രസീതില്‍
ദൈവത്തിന്റെ പേരില്ലായിരുന്നു
പേരിനെച്ചൊല്ലിയിപ്പോഴും
തര്‍ക്കം നടക്കുന്നു വഴിയില്‍

ഉടല്‍ മാറിത്തലകളൊ-
രരുകില്‍ പൊട്ടിമുളച്ച
കൂണുകളായ്‌, പിന്നെ-
യൊലിച്ചിറങ്ങും രക്തകന്മദം

എണ്ണിയെണ്ണിത്തീര്‍ത്തൊരാ-
കണക്കിലെ ശിഷ്ടം ഗ്രഹിക്കാ-
നൊരുച്ചകോടിയും

ഉടലുകള്‍ തല തേടിയലഞ്ഞു
തലകള്‍ ബൌദ്ധികയുദ്ധം നടത്തുകയായിരുന്നു

സുഹൃത്തേ,
ലോകാവസാനം കാണാന്‍
ഒരാളെങ്കിലും ബാക്കിയാകുന്നത്‌
നല്ലതാണ്‌

കുപ്പിയിലടച്ച സന്ദേശം
കടലില്‍ ഒഴുകിനടക്കുമ്പോള്‍
എന്നെങ്കിലും ഒരിക്കല്‍
ഒരു പായ്ക്കപ്പല്‍ വരാതിരിക്കില്ല

അറിയട്ടെ,
ഫോസിലുകള്‍ കണ്ടെത്തുമ്പോള്‍,
പരിചയമുള്ള ഒരു തലയോട്ടി
തന്റെയാരുടേതായിരുന്നെന്ന്‌!

കാന്‍വാസിലെ ചിത്രങ്ങള്‍
ഒരു മൌസ്‌ ക്ലിക്കില്‍
ഡിലീറ്റ്‌ ചെയ്തു കളയാന്‍
ചൂണ്ടുവിരല്‍ മാത്രം മതി.

കാന്‍വാസുകള്‍ കറുത്തു പോയത്‌. . .

ജയേഷ്

Submitted by Sunil Krishnan (not verified) on Tue, 2005-12-06 16:29.

കറുത്ത കാന്‍വാസുകള്‍ ....... നന്നായിരിക്കുന്നു ജയേഷ്‌

Submitted by visalamanaskan (not verified) on Tue, 2005-12-06 19:17.

നൈസ്‌..

Submitted by sumitha (not verified) on Sat, 2005-12-24 17:49.

Jayesh,

This is a terrific poem. Between the lines I can see a number of hidden camera's like in George orwell's novel.

Ambush, it is the word suitable for this poem.