തര്‍ജ്ജനി

ശീര്‍ഷകമില്ലാതെ...

malayalam poem illustration

മാനസാന്തരമേകാന്ത വീഥിയില്‍
മൌനം പകുക്കുന്നു നാം,
മൌനം മരണമായ്‌ പെയ്ത രാവി-
ന്നുറക്കമൊഴിഞ്ഞ മിഴികള്‍
കോര്‍ത്തെടുക്കുന്നു നാം....

മൊഴിയാത്ത വാക്കിനുള്ളി-
ലനാഥം യൌവ്വനമുടല്‍പ്പാടുകള്‍;
രക്തമിഴഞ്ഞു ഫണം നിവര്‍ത്തിയ
പകലിന്‍ പ്രണയ വിഭ്രാന്തികള്‍....

ചുംബിക്കുവാനിന്നു ശേഷിപ്പതീ ശോകം
വെയിലുണക്കത്തിന്‍ വഴിയോരക്കാഴ്ച്ചകള്‍!

താതവസുദേവമൊരു
ശത്രുസങ്കീര്‍ത്തനമായകം നീറ്റി
മാതൃപാദത്തിലീറന്‍ ചൂടി
യാത്രാമൊഴിയേകി
പടിയിറങ്ങിയ കാലവ്യസനങ്ങള്‍
കഥകളായിന്നുടല്‍ മൂടി
ഉയിരിന്നുയിര്‍പ്പിലുപ്പായ്‌
വീണ്ടുമീ പാതയില്‍ നാം....

മാപ്പുസാക്ഷി നീ
മാനസാന്തരം,മനസ്സു-
കൈകുമ്പിളില്‍ നീട്ടുന്നു;
ലഹരിയറ്റു വിറയാര്‍ന്ന കരങ്ങളില്‍
കടലിരമ്പങ്ങള്‍...
കനലനക്കങ്ങള്‍....

നിഴല്‍ നിവരുമീ ഖേദസന്ധ്യയില്‍
പകലൊരു സൂര്യസ്‌മൃതിയായ്‌
അകമഴിക്കുന്നു.
അറിയാത്ത ജാതകം നിവരും കാലം
രാത്രിക്കു കണ്ണായ്‌
മനം കത്തി, കാവലിരിക്കുന്നു നീ...

അറിയുന്നു ഞാനുമെന്‍-
നിഴലനക്കങ്ങളില്‍
നിന്റെ ജാതകപ്പൊരുള്‍
ജന്മജന്മാന്തരം നീളു-
മമ്മയുടെ മിഴിനാരുമാശിസ്സും....

പിതൃയോഗമിപ്പൊഴും
ശൂന്യവിസ്താരം!

(ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‌)
നസീര്‍

Submitted by narayanan (not verified) on Thu, 2005-12-08 14:23.

good..................keep it up

Submitted by dido (not verified) on Sat, 2009-12-26 16:39.

Very good post, thanks a lot.

Submitted by കിച്ചു (not verified) on Sun, 2009-12-27 10:31.

വളരെ നല്ല കവിത