തര്‍ജ്ജനി

നീ മാത്രം

poem illustration

ദിയാബ്‌ എല്‍ ആമ്‌രി 1947-ല്‍ ഒമാനിലെ മത്ര എന്ന സ്ഥലത്ത്‌, സാഹിത്യാദി കലകളോട്‌ ആഭിമുഖ്യം പുലര്‍ത്തിവന്ന ഒരു കുടുംബത്തില്‍ ജനിച്ചു. ഒമാനിലും യമെനിലും ജോര്‍ദാനിലും ലണ്ടനിലും ജപ്പാനിലുമായി വിദ്യാഭ്യാസവും തൊഴില്‍ പരിശീലനങ്ങളും നേടി. ആദ്യകാല ഒമാന്‍ റേഡിയോ സര്‍വീസിലും ഒമാന്‍ ടി വിയിലും പ്രധാന ഉദ്യോഗങ്ങള്‍ വഹിച്ചു. ഇസ്ലാമിനു മുന്‍പുള്ള കാലം മുതല്‍ ആധുനിക കാലഘട്ടം വരെയുള്ള ഒമാനിലെ കാവ്യപാരമ്പര്യത്തെപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുണ്ട്‌. 1981 ല്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി 'അകലെയുള്ള കാലത്തില്‍ നിന്ന്‌'. 1989 ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സമാഹാരം "പ്രണയത്തിന്റെ തുറമുഖം' പ്രസിദ്ധീകരിച്ചു. അറബ്‌ പത്രങ്ങളിലും ആനുകാലികങ്ങളിലും സാഹിത്യത്തെയും കാലിക രാഷ്ട്രീയത്തെപ്പറ്റിയും ധാരാളം എഴുതാറുണ്ട്‌. "ജീവിതവഴിത്താരയിലെ പ്രകാശരേണുക്കള്‍" (ലേഖനസമാഹാരം) 'നീയും ഞാനും ചന്ദ്രനും' (കവിതാസമാഹാരം) എന്നിവ മറ്റു പുസ്തകങ്ങള്‍.

വീണ്ടും സന്ധിക്കുന്നത്‌
താലോലിക്കേണ്ട ഒരു പ്രതീക്ഷയാണെന്നു
നീ മാത്രമാണ്‌ എന്നെ പഠിപ്പിച്ചത്‌.
പ്രണയികളുടെ സമാഗമം ആനന്ദകരമാണെന്നും.
പ്രശാന്തതയിലും നിര്‍വൃതിയിലും മുഴുകാത്ത രണ്ടു ഹൃദയങ്ങളില്‍
പ്രണയപ്രതിജ്ഞകള്‍ ഒരിക്കലും പൂവിടുകയില്ലെന്നും.
നീ മാത്രമാണെന്നെ പഠിപ്പിച്ചത്‌.

സായന്തനത്തിന്റെ ഇരുള്‍വെളിച്ചം കൊതിക്കുന്ന
രണ്ടു പക്ഷികളെപ്പോലെയാണു നാം.
കനത്ത ആഗ്രഹങ്ങളുടെ അതിരറ്റ കടലുകള്‍ ഇല്ലാതെ
നീല മഴയൊഴുക്കുന്നവര്‍.
ഇടമില്ലാതെ ചിതറിയ നക്ഷത്രങ്ങള്‍.

അനുരാഗത്തിന്റെ മരുപ്പച്ച സുഗന്ധം തൂവിക്കൊണ്ടിരിക്കുന്നിടത്ത്‌,
പുല്‍ത്തകിടികള്‍ പാടിക്കൊണ്ടിരിക്കുന്നിടത്ത്‌,
തുടുത്ത ഒരു റോസപ്പൂവു വിരിയുന്നു.

ദൂരെ, തീവ്രാഭിലാഷം പോലെ,
നിലനില്‍പ്പ്‌ ശൂന്യതയെന്നറിയുന്ന
സാര്‍ത്ഥവാഹകസംഘനേതാവിന്റെ ഗാനം....
"നീണ്ടു പരന്ന ഈ മരുഭൂവില്‍ പ്രണയത്തെ രക്ഷിക്കുക"

വൃഷ്ടിയിലും വരള്‍ച്ചയിലും വെള്ളം നുണയാത്ത
യാത്രക്കാരന്റെ ദാഹമാണത്‌.
വിധിയാല്‍ നിയോഗിതനെങ്കിലും
ആരെയും ശപിക്കാതെ, അവന്‍ പ്രണയത്തിന്റെ വേദന സഹിക്കുന്നു.

കണ്ണീരിലെ മോഹങ്ങളും
സ്വപ്നങ്ങളുടെ പ്രതിദ്ധ്വനികളുമാണ്‌ അവന്റെ വഴികാട്ടി..
പ്രണയം അവന്റെ ഹൃദയത്തെ ഭരിക്കുന്നു.
അവന്‍, പകലിലും രാവിലും നിഴലിലും അവന്റേതു മാത്രമായ
പ്രണയത്തിന്റെ തടവുകാരന്‍.

ഞാനും നിന്റെ സ്നേഹത്തിന്റെ അടിമയായി കഴിഞ്ഞുകൂടും.
പ്രണയോന്മാദത്തിന്‌ മരുന്നില്ലല്ലോ.

നീമാത്രമാണ്‌..

നീയില്ലാതെ
പ്രതിഭയും പ്രചോദനവുമില്ല.
ഹൃദയത്തിനു കവിത കണ്ടെടുക്കാന്‍ കഴിയില്ല.
നിനക്കു വേണ്ടിയല്ലായിരുന്നു എങ്കില്‍,
ഞാനെന്റെ വരികള്‍ എഴുതുമായിരുന്നില്ല,
കണ്ണീരൊഴുക്കുമായിരുന്നില്ല,
ആ വിടര്‍ന്ന കണ്ണുകളില്‍ നിന്നുള്ള നോട്ടങ്ങളാല്‍
എരിപൊരി കൊള്ളുമായിരുന്നില്ല.

എനിക്കു ആനന്ദമൂര്‍ച്ഛ നല്‍കുന്ന വീഞ്ഞാണു നീ.
നിന്റെ ചുണ്ടുകള്‍, എനിക്കു പ്രിയതമമായ ചുവപ്പന്‍ മുന്തിരിച്ചാറ്‌,
നീ സ്വയം പ്രണയാഭിലാഷമാണ്‌.
എനിക്കുള്ള മധുരമായ അഭിനിവേശം.

മറ്റു സ്ത്രീകളുടെ സ്നേഹമെല്ലാം വെറുതെയാണ്‌!

( 'പ്രണയത്തിന്റെ തുറമുഖം' എന്ന പുസ്തകത്തില്‍ നിന്ന്‌ )
ദിയാബ്‌ എല്‍ ആമ്‌രി
മൊഴിമാറ്റം: ആര്‍. പി. ശിവകുമാര്‍