തര്‍ജ്ജനി

ജാഗ്രത...എന്തും സംഭവിക്കാം

ജാഗ്രത...എന്തും സംഭവിക്കാം
അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരില്‍നിന്നും, അമേരിക്കയിലെ തന്നെ രാഷ്ട്രീയ വിദഗ്ധരില്‍നിന്നും, മാധ്യമങ്ങളില്‍നിന്നും അതുപോലെ പ്രധാനങ്ങളായ ബ്ലോഗുകളില്‍ നിന്നും തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളേയും അമര്‍ഷങ്ങളേയും നേരിടാനും ഭരണപ്രതിസന്ധിക്ക്‌ മറപിടിച്ച്‌ ജനശ്രദ്ധ തിരിച്ചുവിടാനും ബുഷ്‌ ഗവണ്‍മന്റ്‌ രാജ്യത്തിനകത്തോ പുറത്തോ നിഗൂഢപ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യുന്നതായുള്ള ഊഹാപോഹങ്ങള്‍ അടുത്തകാലത്ത്‌ വ്യാപകമായി ശക്തിപ്രാപിച്ചുവരുന്നുണ്ട്‌. ബുഷ്‌ ഗവണ്മെന്റിനെ നിശിതമായി വിമര്‍ശിക്കുന്നവരുടെ ഇടയില്‍ പ്രത്യേകിച്ചും ഈ ഊഹത്തിന്‌ ശകതികൂടിയിട്ടുണ്ട്‌. ഇവരുടെ അഭിപ്രായത്തില്‍ ബുഷ്‌ ഗവണ്‍മന്റ്‌ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി, വളരെ ഗൌരവതരവും വാട്ടര്‍ഗേറ്റ്‌ അപകീര്‍ത്തി സംഭവത്തില്‍ അന്നത്തെ പ്രസിഡണ്ട്‌ റിച്ചാര്‍ഡ്‌ നിക്സണ്‍ നേരിട്ട പ്രതിസന്ധിയേക്കാള്‍ ആഴമുള്ളതുമാണ്‌.

എന്നാല്‍ വൈസ്‌ പ്രസിഡണ്ട്‌ റിച്ചാര്‍ഡ്‌ ചെനെ,സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ കോണ്ടലീസ റൈസ്‌,ഡിഫന്‍സ്‌ സെക്രട്ടറി ഡൊണാള്‍ഡ്‌ റംസ്ഫീല്‍ഡ്‌ തുടങ്ങി പ്രസിഡണ്ട്‌ ബുഷ്‌ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള വിമര്‍ശകരുടെ മുന്നില്‍ ധൈര്യം അവലംബിച്ച്‌ സ്വന്തം പ്രവര്‍ത്തനങ്ങളെ ന്യായീകരിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്‌. പക്ഷെ വൈറ്റ്‌
ഹൌസ്‌,പെന്റഗണ്‍, സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ തുടങ്ങിയവരുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്‌, സ്റ്റേറ്റ്‌ അഡ്മിനിസ്റ്റ്രേഷന്‍ ഒരു വലിയ പ്രതിസന്ധിയെ നേരിടുകതന്നെ ചെയ്യുന്നു എന്നതാണ്‌.

അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ കാണിയ്ക്കുന്നത്‌, ബുഷിനുചുറ്റും ഒരു ഉപജാപകാകവൃന്ദം ഉണ്ടെന്നും അവരെ അവഗണിച്ച്‌ ബുഷിന്‌ ഒന്നുംതന്നെ ചെയ്യാന്‍ സാദ്ധ്യമല്ലെന്നും ആണ്‌.വൈറ്റ്‌ ഹൌസിലെ യോഗങ്ങള്‍ പലപ്പോഴും തീരുമാനങ്ങളെടുക്കാതെ പിരിയുന്നു, ബുഷിന്റെ തന്നെ അനവസരത്തിലുള്ള കോപാദികളും സ്വയം മാളത്തിലേക്ക്‌ ഉള്‍വലിയലും കാണിയ്ക്കുന്നതിതാണ്‌. അതുമൂലം ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ആന്‍ഡ്ര്യൂ കാര്‍ഡ്‌ ബുഷിനുവേണ്ടി സംസാരിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതാനവുകയും തന്മൂലം ജോലി തന്നെ രാജിവെയ്ക്കാന്‍ കൂടി സാധ്യതയുണ്ടെന്നുമാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌. ഇതെല്ലാം രാഷ്ട്രീയ ഊഹാപോഹങ്ങളായിരിക്കാം. അതിനാല്‍ വിശ്വസിക്കാനും പ്രയാസം. പക്ഷെ..

ചെനെയുടെ പഴയകാല സഹപ്രവര്‍ത്തകന്‍ ലീവിസ്‌ ലിബ്ബി (Lewis Libby) തന്റെ മേല്‍ ആരോപിക്കപ്പെട്ട പകല്‍ പോലെയുള്ള സത്യങ്ങളെ പരസ്യമായി നിഷേധിക്കുന്നതിന്‌ വിമര്‍ശിക്കപ്പെടുകയാണ്‌. ഇത്‌ തീര്‍ച്ചയായും ഗവണ്മെന്റിന്റെ പ്രതിഛായയ്ക്ക്‌ സാരമായ മങ്ങലേല്‍പ്പിക്കും. മാത്രമല്ല ഇത്‌ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും കാരണമായേക്കാം. ഇറാക്ക്‌ യുദ്ധത്തിനടിസ്ഥനമായ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌ വളച്ചൊടിക്കപ്പെട്ടതാണ്‌ എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ്‌ ഉടന്‍ തന്നെ ഒരു വിശദീകരണക്കുറിപ്പ്‌ ഇറക്കാന്‍ സാധ്യതയുണ്ട്‌. റിപ്പബ്ലിക്കന്‍ മേധാവിത്വമുള്ള കോണ്‍ഗ്രസ്സില്‍ ഒരു റിപ്പബ്ലിക്കനായ ബുഷിനെതിരായി ഒരു ചെറിയ ചൂണ്ടുവിരല്‍പോലും ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും, ഈ വിശദീകരണക്കുറിപ്പ്‌ ഉണ്ടാക്കുന്നവര്‍ക്ക്‌ വിമര്‍ശകരുടെ ആരോപണങ്ങളെ പരിശോധിക്കാതെ തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ "പുതുയാഥാസ്ഥിതിക"ന്മാരുടെ ഉപജാപകവൃന്ദം ചീട്ടുകൊട്ടാരം പോലെ ഛിന്നഭിന്നമാകാനും വഴിയുണ്ട്‌. ഇതു കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചേയ്ക്കാം. ഗവണ്‍മെന്റിന്റെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥവൃന്ദത്തെ ബലിയാടുകള്‍ ആക്കിയേക്കാം. അപ്പോള്‍ ഈ ഉദ്യോഗസ്ഥവൃന്ദം ഇറാക്ക്‌ യുദ്ധത്തിനടിസ്ഥനമായ കൂടുതല്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തിയേക്കാം. മേലധികാരികളെ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലാത്ത ഈ ഉദ്യോഗസ്ഥവൃന്ദത്തിനുമുന്‍പില്‍ "വാര്‍ത്താമോഷണം" അല്ലാതെ വേറെ വഴിയില്ല മുഖം രക്ഷിയ്ക്കാന്‍.

തീര്‍ച്ചയായും കഴുകന്‍ കണ്ണുകളുള്ള പുതുയാഥാസ്ഥികര്‍ കാര്യങ്ങള്‍ വളരെ അടുത്ത്‌ നിരീക്ഷിക്കുന്നുണ്ടായിരിക്കാം. പ്രതിസന്ധിയുടെ നിജസ്ഥിതി മനസ്സിലാക്കാതിരിക്കാന്‍ അവര്‍ വിഡ്ഢികളായിരിക്കണം! അടുത്തകൊല്ലത്തെ തെരഞ്ഞെടുപ്പിന്‌ മുന്‍പായി നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബുഷിന്റെ പാര്‍ട്ടിയ്ക്കുള്ളിലും സമ്മര്‍ദ്ദമേറിവരുന്നുണ്ട്‌. വിമര്‍ശകര്‍ക്ക്‌ വലിയൊരു ജനപിന്തുണയുണ്ടെന്ന് ബുഷിന്റെ പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നു. ഇറാക്ക്‌ യുദ്ധത്തിന്റെ അടിസ്ഥനകാരണങ്ങള്‍ എല്ലാം ഊതിവീര്‍പ്പിച്ച നുണകളാണോ, സിറിയയ്ക്കും ഇറാനുമെതിരായും, ഇറാക്കിനുസമമായ നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നത്‌ അമേരിക്കയിലെ സാധാരണജനങ്ങളാണ്‌ എന്ന്‌ റിപ്പബ്ലിക്കന്‍ പക്ഷക്കാര്‍ വിലയിരുത്തുന്നു.

ആഗോളതലത്തില്‍ അമേരിക്കയുടെ മേല്‍ക്കോയ്മ ഉറപ്പുവരുത്തേണ്ടത്‌ അവരുടെകൂടി താല്‍പ്പര്യമാണ്‌ അതിനായി ബുഷിന്റെ തെരഞ്ഞെടുപ്പില്‍കൂടി കൃത്രിമം കാണിച്ചതായി ബുഷിന്റെ ചുറ്റുമുള്ള അഭിചാരകവൃന്ദത്തിനെതിരായി ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ വാഷിങ്ങ്ടണ്‍ നേരിടുന്ന പ്രതിസന്ധിയില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഈ പുതുയാഥാസ്ഥിതികര്‍ എന്തും ചെയ്യാന്‍ മടിക്കില്ല.
അതുചിലപ്പോള്‍ സിറിയക്കും ഇറാനുമെതിരായി, ഇറാക്കിനേക്കാള്‍ ഭീകരതയുള്ള നടപടികളാകാം. അല്ലെങ്കില്‍ വേറെതരത്തില്‍ വേറൊരു സ്ഥലത്ത്‌... ഏതായാലും അവരുടെ ഒരേയൊരു ലക്ഷ്യം പെട്ടെന്ന് ഒരു ആഭ്യന്തരാടിയന്തരവസ്ഥയ്ക്കനുകൂലമായ ഒരു പ്രവൃത്തി -ആഗോളതലത്തിലായാലും- ചെയ്ത്‌ ബുഷിന്റെ ഭരണകൂടത്തിന്‌ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുനല്‍കുക എന്നതുമാത്രമാണ്‌. ഇത്തരത്തിലാണ്‌ രാഷ്ട്രീയനിരീക്ഷകര്‍ ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്തുന്നത്‌.

ഇതില്‍ ഒരു കാര്യം അനിശ്ചിതമായി കിടക്കുന്നത്‌ സി.ഐ.എ പോലുള്ള അമേരിക്കന്‍ ഏജന്‍സികള്‍, അല്‍ക്ക്വൈദ പോലുള്ള തീവ്രവാദികള്‍, അല്ലെങ്കില്‍ ഇസ്രായേല്‍ തുടങ്ങി ആരൊക്കെ ഈ വരാന്‍ പോകുന്ന സംഭവത്തില്‍ പങ്കാളികളാകും എന്നതാണ്‌.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പതിവുപോലെ ലെബനോണിലെ ഹിസ്ബുള്ളയ്ക്കെതിരായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. മാത്രമല്ല സിറിയയുടെ പിന്‍ബലം ഹിസ്ബുള്ളയ്ക്കുണ്ടെന്ന്‌ വീണ്ടും വീണ്ടും പറയുന്നു. ഇതിന്‌ ഉപോല്‍ബലകമായി അടുത്തകാലത്ത്‌ ഹിസ്ബുള്ള ഇസ്രായേലിന്റെ ഭാഗത്ത്‌ കനത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കുകയുണ്ടായി. ലെബനോണിന്റെ സ്വാതന്ത്രദിനാഘോഷങ്ങളോടനുഭന്ദിച്ച്‌ നടന്ന ഈ ആക്രമണങ്ങള്‍ തുടര്‍ന്നും കൂടുതല്‍ ശക്തിപ്രാപിയ്ക്കുമോ? എങ്കില്‍ ഇസ്രായേലിന്‌ കനത്ത പ്രത്യാക്രമണം നടത്താന്‍ കാരണം കിട്ടുകയും ഈ അവസരം പുതുയാഥാസ്ഥിതര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യാന്‍ സാധ്യതതയുണ്ട്‌. സിറിയയാണ്‌ ഹിസ്ബുള്ളയെ പിന്താങ്ങുന്നത്‌ എന്നവര്‍ക്ക്‌ പറയുകയും ആകാമല്ലോ.

സിറിയയാകട്ടെ റഫീഖ്‌ ഹരീരി മരിക്കാനിടയായ ബോംബ്‌ സ്ഫോടനത്തിലും മറ്റും ഉള്‍പ്പെട്ട്‌ അതിശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ഇറാക്കിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും സിറിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്‌. സിറിയയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍, ഇറാക്കിലെ തീവ്രവാദികള്‍ക്ക്‌ അഭയം നല്‍കുന്നു എന്നപേരില്‍ അതിശക്തമായ ബോംബിംഗ്‌ നടത്താന്‍ അമേരിക്ക പ്ലാനിട്ടിരുന്നതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അത്‌ കോണ്ടലീസ റൈസ്‌ ഇടപെട്ട്‌ തല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. സിറിയയ്ക്കെതിരായി നടപടികളെടുക്കാന്‍ കുറച്ചുകൂടി സാവകാശം വേണമെന്ന പക്ഷക്കാരിയാണ്‌ റൈസ്‌. എന്നിരുന്നാലും ഇപ്പോല്‍ ഈ നിര്‍ദ്ദേശം വീണ്ടും പരിഗണിയ്ക്കപ്പെട്ടു കൂടായ്കയില്ല. പ്രത്യേകിച്ച്‌ വാഷിങ്ങ്ടണ്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍.

ആണവനിലയങ്ങള്‍ക്കെതിരായി ഇറാനുമേലും നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്‌. മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങള്‍ ന്യൂക്ലിയര്‍ വിദ്യ കൈവശം വെയ്ക്കാന്‍ ഇസ്രായേലിന്‌ താല്‍പ്പര്യമില്ല -അത്‌ സമാധാനത്തിന്റെ പേരിലായാല്‍പ്പോലും. ഇറാനെതിരെ ശക്തമായ നടപടികള്‍ എടുത്താലെ അവരുടെ നിലവിലുള്ള ആണവനിലയങ്ങള്‍ തകര്‍ക്കാനാകൂ. അങ്ങനെ വന്നാല്‍ മറ്റുരാജ്യങ്ങള്‍ പ്രതികരിക്കാതിരിക്കില്ല.

വാഷിങ്ങ്ടണിലെ പ്രതിസന്ധി തീര്‍ക്കുന്നതിന്റെ ഭാഗമായി എന്തും സംഭവിക്കാം....

പി.വി വിവേകാനന്ദന്‍